ഫെമിനിസ്റ്റുകള്‍ക്ക് നല്ലത് ക്യാപിറ്റിലിസം! വിഷ്ണു അജിത്ത് എഴുതുന്നു


“പലതരത്തിലുള്ള സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ക്ക് വളരെ അധികം വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇവിടെ മിക്ക ആളുകള്‍ക്കും ക്യാപിറ്റലിസം എന്നത് അങ്ങേയറ്റം മോശമായ, സ്വാര്‍ഥതയുടെയും മനുഷ്യത്വം ഇല്ലായ്മയുടെയും അടിച്ചമര്‍ത്തലിന്റെയും പര്യായമായ ഒരു പദം ആണ്. ക്യാപിറ്റലിസത്തിന് കീഴില്‍ അസമത്വം ഉണ്ടാവും എന്നത് കൊണ്ട് ഫെമിനിസവും ക്യാപിറ്റലിസവും പൊരുത്തപ്പെടില്ല എന്നതാണ് പല ഫെമിനിസ്റ്റുകളും ഉന്നയിക്കുന്ന വാദം. ഇത് എത്രമാത്രം ശരിയാണ്” – വിഷ്ണു അജിത്ത് എഴുതുന്നു
ഫെമിനിസവും ക്യാപിറ്റലിസവും ഒന്നിച്ചു പോകുമോ?

‘We are against Capitalism, because Capitalism is linked to patriarchy, Capitalism is Oppression’ – ഈജിപ്ഷ്യന്‍ എഴുത്തുകാരിയും ഫെമിനിസ്്റ്റുമായ Nawal El Saadawi യുടെ വാക്കുകള്‍ ആണ് ഇത്. ക്യാപിറ്റലിസം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഫെമിനിസ്റ്റുകളും അല്ലാത്തവരും വളരെക്കാലമായി ചര്‍ച്ച ചെയ്തു തീരുമാനം ആവാത്ത ഒരു വിഷയമാണ്. ലിംഗഭേദം, വംശം,വരുമാനം, നിറം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യതക്കായി പോരാടുക എന്നതാണ് ഫെമിനിസം മുന്നോട്ട് ആശയം. ക്യാപിറ്റലിസത്തിന് കീഴില്‍ അസമത്വം ഉണ്ടാവും എന്നത് കൊണ്ട് ഫെമിനിസവും ക്യാപിറ്റലിസവും പൊരുത്തപ്പെടില്ല എന്നതാണ് പല ഫെമിനിസ്റ്റുകളും ഉന്നയിക്കുന്ന വാദം.

പലതരത്തില്‍ ഉള്ള സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ക്ക് വളരെ അധികം വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇവിടെ മിക്ക ആളുകള്‍ക്കും ക്യാപിറ്റലിസം എന്നത് അങ്ങേയറ്റം മോശമായ, സ്വാര്‍ഥതയുടെയും മനുഷ്യത്വം ഇല്ലായ്മയുടെയും അടിച്ചമര്‍ത്തലിന്റെയും പര്യായമായ ഒരു പദം ആണ്. കുറച്ച് ഭീതി ബോധം വരാനായി ക്യാപിറ്റലിസം അഥവാ മൂലധന വ്യവസ്ഥയെ ‘മുതലാളിത്തം’ എന്ന ചെല്ലപ്പേരിട്ടാണ് നമ്മള്‍ വിളിക്കുന്നത് പോലും. അത് കൊണ്ട് തന്നെ ആണ് പുരുഷാധിപത്യ സമൂഹത്തിന്റെ (Patriarchal Society) അനീതികള്‍ക്കെതിരെ ശബ്ദിക്കുന്ന, സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്ന മിക്ക സ്ത്രീപക്ഷ വാദികളും ഫെമിനിസ്റ്റുകളും ഒരു പക്ഷെ ഇത്തരം വാദങ്ങള്‍ ശരി ആണ് എന്ന് വിശ്വസിക്കുന്നത്.

എന്നാല് ഇത്തരം ആരോപണങ്ങളില്‍ എത്രമാത്രം വസ്തുതയുണ്ട്? എന്താണ് ക്യാപിറ്റലിസത്തിന്റെ അടിസ്ഥാനം? ഈ വ്യവസ്ഥ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് സഹായിക്കുന്നുണ്ടോ? സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങളും അവകാശങ്ങളും വേണം എന്നും വിവേചനം പാടില്ല എന്നും ആഗ്രഹിക്കുന്ന ആളുകള്‍ ക്യാപിറ്റലിസം എന്ന വ്യവസ്ഥയെ ഒരു ശത്രുതാ മനോഭാവത്തോടെ കാണേണ്ടതുണ്ടോ? നമുക്ക് പരിശോധിക്കാം.

ഫ്രീമാര്‍ക്കറ്റില്‍ വിവേചനങ്ങളില്ല

വ്യക്തി സ്വാതന്ത്ര്യവും സ്വമേധയാ ഉള്ള ഇടപാടുകളും (Individual Freedom and Voluntary Transactions) ആണ് ക്യാപിറ്റലിസം മുന്നോട്ട് വെക്കുന്ന അടിസ്ഥാനപരമായ ആശയങ്ങള്‍. ഒരോ വ്യക്തിയും അവരവരുടെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിന്റെ മൊത്തം താല്‍പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെടുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളുകള്‍ പരസ്പരം ഉള്ള സഹകരണത്തിലൂടെയും മത്സരത്തിലൂടെയും (Cooperation and competition) പരിമിതമായ വിഭവങ്ങളെ കാര്യക്ഷമമായി വിനിയോഗിച്ചുകൊണ്ട് സമ്പത്തും മെച്ചപ്പെട്ട ജീവിത സാഹചര്യവും സൃഷ്ടിച്ചു എടുക്കുന്ന സമ്പദ് വ്യവസ്ഥ ആണ് ക്യാപിറ്റിലിസം.

ഇവിടെ ഗവണ്‍മെന്റിന് വളരെ പരിമിതമായ റോള്‍ മാത്രമേ ഉണ്ടാകുള്ളൂ. Fair Competition ഉറപ്പ് വരുത്തുക, ബലപ്രയോഗം (coercion) തടയുക തുടങ്ങിയ ജോലികള്‍ മാത്രമേ ഗവണ്‍മെന്റ് ചെയ്യേണ്ടതുള്ളൂ. അതായത് ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരു വ്യക്തിയുടെ മൂക്കിന്റെ തുമ്പ് എത്തുമ്പോള്‍ പരിമിതപ്പെടുന്നു എന്നും വിനിമയങ്ങള്‍ എല്ലാം സ്വമേധയാ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് എന്നും ഉറപ്പ് വരുത്തുക എന്നത്.

ഇനി തിരിച്ച് ഫെമിനിസത്തിലേക്ക് വരാം. ക്യാപിറ്റലിസം പാട്രിയാര്‍ക്കിയെ അംഗീകരിക്കുന്നുണ്ടോ? ഇവ രണ്ടും പരസ്പര പൂരകങ്ങള്‍ ആണോ? അല്ല എന്നതാണ് ഉത്തരം. നേരെ മറിച്ച് പാട്രിയാര്‍ക്കിയുടെ വിവേചനങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ക്യാപിറ്റലിസം ചെയ്യുന്നത്.

എങ്ങിനെ ആണ് ഇത്തരം വിവേചനങ്ങളെ ക്യാപിറ്റിലിസം ഇല്ലാതാക്കുന്നത്? വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ ക്യാപിറ്റിലിസം ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിവിന് അനുസരിച്ച് വളരാനും ഉള്ള സാധ്യത ആണ് തുറന്ന് കൊടുക്കുന്നത്. അവിടെ ഒരു സ്ത്രീ എന്നോ പുരുഷന്‍ എന്നോ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നോ തുടങ്ങി ഏതൊരു വിവേചനത്തിനും സ്ഥാനം ഇല്ല. എങ്കിലും, നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ കാരണം പല തരത്തില്‍ ഉള്ള മുന്‍വിധികളും ആയി ജീവിക്കുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ട് എന്നതിനാല്‍ ആളുകള്‍ ഇത്തരം വിവേചനങ്ങള്‍ കാണിക്കുന്ന പ്രവണത ഉണ്ടാകുന്നുണ്ട്. എന്നാല് ഒരു free market Capitalistic സമ്പദ് വ്യവസ്ഥ ഇത്തരം വിവേചനങ്ങള്‍ കാണിക്കുന്ന ആളുകള്‍ക്ക് അവര്‍ എടുക്കുന്ന എല്ലാ തരം തെറ്റായ തീരുമാനങ്ങളും ചിലവേറിയതാക്കുകയും വിജയ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

ഒരു വ്യക്തി, സ്ത്രീകളുടെ കഴിവിനെയും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെയും പറ്റി എത്രത്തോളം ഭീകരമായ മുന്‍വിധികള്‍ വെച്ച് പുലര്‍ത്തുന്നുവോ, അത്രത്തോളം ഫീ മാര്‍ക്കറ്റ് മത്സരത്തില്‍ പുറകോട്ടു പോകാനും തകരാനും ഉള്ള സാധ്യത കൂടുകയാണ്. അതുവഴി മോശം തീരുമാനം എടുക്കുന്ന ഒരു വ്യക്തിയെ ആ തീരുമാനം മൂലം നഷ്ടം സംഭവിക്കുന്നു എന്ന് ക്യാപിറ്റലിസം ഉറപ്പ് വരുത്തുന്നു. In a nutshell, Capitalism makes it very costly for the wrong people to exercise any of their biases.

സോഷ്യലിസത്തില്‍ സംഭവിക്കുന്നത്?

അപ്പോള്‍ സോഷ്യലിസമോ? സോഷ്യലിസത്തില്‍ ഗവണ്‍മെന്റ് എന്ന കുത്തകയുടെ നിയന്ത്രണത്തില്‍ ആണ് എല്ലാ വിഭവങ്ങളും. ഇവിടെ സ്ത്രീ ആകട്ടെ, പുരുഷന്‍ ആകട്ടെ, നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, എത്രത്തോളം ആണ് വേണ്ടത് എന്ന് മറ്റൊരാള്‍ ആണ് അവിടെ തീരുമാനിക്കുന്നത്. ഒരു രാജ്യം സോഷ്യലിസത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കും തോറും വ്യക്തി സ്വതന്ത്രവും പരിമിതപ്പെടും. അതോടൊപ്പം ഗവണ്‍മെന്റിന്റെ നിയന്ത്രണം എല്ലായിടത്തും കൂടുതല്‍ ആയിരിക്കും. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ കൂടുതല്‍ ഗവണ്‍മെന്റ് നിയന്ത്രണം ഉണ്ടാകുമ്പോള്‍, സ്വാഭാവികമായും തീരുമാനങ്ങള്‍ എടുക്കാന്‍ നിയോഗിക്കപ്പെടുന്ന ആളുകള്‍ ഭൂരിഭാഗവും സ്ത്രീകളെ കുറിച്ച് മോശം മുന്‍വിധികള്‍ ഉള്ളവര്‍ തന്നെ ആകും.

വിവേചനാധികാരം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ അവസരങ്ങളിലും അറിഞ്ഞോ അറിയാതെയോ അവര്‍ തങ്ങളുടെ മുന്‍വിധികള്‍ അനുസരിച്ച് സ്ത്രീകളോട് വിവേചനം കാണിച്ചുകൊണ്ടിരിക്കും. എന്നാല് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇവിടെ അവര്‍ക്ക് യാതൊരു വിലയും നല്‍കേണ്ടി വരുന്നില്ല. എന്ത് നഷ്ടം ഉണ്ടായാലും അത് പൊതു ഖജനാവില്‍ നിന്ന് തന്നെ നികത്തപ്പെടും. അതായത്, അവരുടെ ഇഷ്ടം അനുസരിച്ച് ആളുകളോട് വിവേചനം കാണിക്കാന്‍ ഉള്ള സൗകര്യം കൂടുകയാണ് ഇവിടെ സംഭവിക്കുന്നത്. Therefor Socialism gives more opportunities for wrong people to continue their discrimination without having to pay anything.

ക്യാപിറ്റിലിസം എങ്ങനെയാണ്, gender based discrimination തടയുന്നത് എന്ന് നമ്മള്‍ കണ്ടു. ഇത് കൂടാതെ മറ്റു പല രീതിയിലൂടെയും മത്സരാധിഷ്ടിതം ആയ ഒരു സ്വതന്ത്ര വിപണി (Competitive Free Market) സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാപിറ്റിലിസം മൂലം ഉണ്ടായ മത്സരത്തിന്റെയും incentives ന്റെയും ഫലം ആണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന മിക്ക ശാസ്ത്ര സാങ്കേതിക വികാസങ്ങളും. പ്രാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ വീട്ടു ജോലിയുടെ ഭാരം മിക്കപ്പോളും സ്ത്രീകളുടെ തലയില്‍ ആണ് വീഴുന്നത്. ഇത്തരം ജോലികള്‍ ചെയ്യാന്‍ വളരെ അധികം സമയം ചിലവാകുന്നതിനാല്‍ തന്നെ അത് സ്ത്രീകളെ കൂടുതല്‍ അറിവും നൈപുണ്യവും നേടുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. എന്നാല്‍, സ്വകാര്യ സംരംഭകര്‍ തമ്മിലുള്ള മത്സരഫലമായി വീട്ടു ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉള്ള ഗൃഹോപകരണങ്ങള്‍ എളുപ്പത്തിലും താങ്ങാവുന്ന വിലയിലും ലഭിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ തങ്ങളുടെ ലാഭത്തിനു വേണ്ടി പരസ്പരം മത്സരിച്ചത് കാരണം ഒരുപാട് സ്ത്രീകള്‍ക്ക് കൂടുതല്‍ അറിവ് നേടാനും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്നു വരുവാനും ഉള്ള സാഹചര്യം ഉണ്ടായി.

ഫെമിനിസ്റ്റുകള്‍ക്ക് കിട്ടിയ സമ്മാനം

ഭൗതിക ജീവിത നിലവാരത്തിന്റെ കാര്യം എടുത്താല്‍, ദാരിദ്ര്യം കുറച്ചു കൊണ്ടും ആരോഗ്യരംഗത്ത് സാങ്കേതിക നൂതനാശയങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ടും ക്യാപിറ്റലിസത്തിന് വലിയ പങ്കുണ്ട്. ശൈശവാവസ്ഥയിലോ പ്രസവത്തിലോ മരണം ഒരു കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ അപൂര്‍വമാണ്. കുട്ടികള്‍ പൊതുവെ പ്രായപൂര്‍ത്തിയാകുന്നതുവരെ അതിജീവിക്കുന്നതിനാല്‍ കുടുംബ വലുപ്പങ്ങള്‍ ചെറുതാണ്. അതിന്റെ ഫലമായി വീട്ടിലെ പണികള്‍ മാത്രം ചെയ്യുക എന്ന രീതി മാറി സ്ത്രീകള്‍ക്ക് വീടിന് പുറത്തു പോയി സമ്പാദിക്കാനുള്ള സാധ്യത കൂടി. ഉദാഹരണത്തിന്, ഫാക്ടറി ജോലി, ദാരിദ്ര്യത്തില്‍ നിന്നും ഗ്രാമീണ മേഖലയിലെ കര്‍ശനമായ ലിംഗപരമായ റോളുകളില്‍ നിന്നും രക്ഷപ്പെടാന്‍ സ്ത്രീകളെ സഹായിച്ചിട്ടുണ്ട്. ക്യാപിറ്റലിസം സ്ത്രീകളെ വയലുകളില്‍ നിന്ന് മോചിപ്പിക്കുക മാത്രമല്ല, അവരെ വ്യക്തികളായി കാണാന്‍ സമൂഹത്തെ സഹായിക്കുകയും ചെയ്തു. ഇത് ഭൗതിക പുരോഗതിയെ മാത്രമല്ല, സാമൂഹിക നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് ലിംഗവിവേചനം പോലുള്ള പഴയ മുന്‍വിധികളെ തകര്‍ക്കാന്‍ സഹായിച്ചു.

ക്യാപിറ്റലിസം സ്ത്രീകളുടെ ജീവിത നിലവാരവും തുല്യതയും ഉയര്‍ത്തുവാന്‍ എത്രത്തോളം സഹായിച്ചു എന്നത് മനസ്സിലാക്കാന്‍ നമുക്ക് ഒരല്പം ഡാറ്റ ഉപയോഗിച്ച് പരിശോധിച്ച് നോക്കാം.അമേരിക്കന്‍ ഇക്കണോമിസ്റ്റുകള്‍ ആയ Robert Jensen, Emily Oster എന്നിവര്‍ നടത്തിയ ‘Power of TV: Cable Television and Women’s Status in India’ എന്ന പഠനത്തില്‍ ടിവിയുടെയും കേബിള്‍ കണക്ഷന്‍ ന്റെയും വരവ് ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരം എങ്ങിനെ മെച്ചപ്പെടുത്തി എന്ന് വിശദീകരിക്കുന്നു. കേബിള്‍ ടിവി യുടെ വരവ് ഇന്ത്യയിലെ സ്ത്രീകളുടെ ആണ്‍ കുട്ടികളോടുള്ള മുന്‍ഗണന കുറച്ചു എന്നും ഗാര്‍ഹിക പീഡനത്തിനെതിരെ അവരെ കൂടുതല്‍ പ്രതികരണശേഷി ഉള്ളവരാക്കി എന്നും, ടിവി കാണുന്ന സ്ത്രീകള്‍ സ്വയം തീരുമാനം എടുക്കാന്‍ കൂടുതല്‍ പ്രാപ്തരായി എന്നും അവര്‍ 2,700 ഓളം വീടുകളിലെ 15 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

സാമ്പത്തിക സ്വാതന്ത്രം അഥവാ Economic Freedom എത്രത്തോളം ഉണ്ട് എന്നതാണ് ഒരു രാജ്യം Capitalistic ആണോ അതോ socialistic ആണോ എന്ന് അറിയാന്‍ ഉള്ള ഒരു മാനദണ്ഡം. Economic Freedom അടിസ്ഥാനപ്പെടുത്തിയും Gender Equality അടിസ്ഥാനപ്പെടുത്തിയും രാജ്യങ്ങളെ Ranking ചെയ്താല്‍ വളരെ വ്യക്തമായ ഒരു പാറ്റേണ്‍ നമുക്ക് കാണാന്‍ കഴിയും. കൂടുതല്‍ Economic freedom ഉള്ള സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ തന്നെ ആണ് സ്ത്രീകള്‍ കൂടുതല്‍ തുല്യത കൈവരിച്ചിട്ടുള്ളത്. നേരെ മറിച്ച് Economic Freedom വളരെ കുറഞ്ഞ India, Algeria തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ വിവേചനം അനുഭവിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും (75% more according to inequality index). ഈ രാജ്യങ്ങള്‍ ഒരുപക്ഷേ സാമ്പത്തികം ആയി ഏറെ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വാദിക്കാം. എന്നാല്‍ ഏറ്റവും ദരിദ്രമായ 25% രാജ്യങ്ങളെ മാത്രം എടുത്ത് പരിശോധിച്ചാലും ഇതേ പാറ്റേണ്‍ ലഭിക്കുന്നതായി കാണാം.

ചുരുക്കി പറഞ്ഞാല് ക്യാപിറ്റിലിസം എന്നത് സ്ത്രീപക്ഷ വാദികള്‍ക്ക് വിലമത്തിക്കാവാത്ത ഒരു സമ്മാനം തന്നെ ആണ്. എന്നാല്‍ പലരും ഇത് മനസ്സിലാക്കുന്നില്ല. Wealth Equality എന്ന ഉട്ടോപ്യന്‍ ആശയം പേറുന്ന സോഷ്യലിസം ആണ് സ്ത്രീകള്‍ക്ക് സമത്വം കൊണ്ട് വരിക എന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല് Wealth inequality യേക്കാള്‍ ഉപരി തുല്യ അവസരങ്ങള്‍ ലഭിക്കാനും സ്വതന്ത്രരായി ജീവിക്കാനും ഉള്ള സാഹചര്യം ആണ് ഉണ്ടാകേണ്ടത് എന്നും അതിനു സഹായകമായ ലോകത്തിലെ ഏക വ്യവസ്ഥ ക്യാപിറ്റിലിസം വിഭാവനം ചെയ്യുന്ന Free Market Economy ആണ് എന്നും മനസ്സിലാക്കാന്‍ മിക്ക ഫെമിനിസ്റ്റുകള്‍ക്കും കഴിയുന്നില്ല.

‘കലിപ്പന്റെ കാന്താരി’ ഭാഷയില്‍ പറയുകയാണെങ്കില്‍ ഫെമിനിസ്റ്റ് കളുടെ സോഷ്യലിസത്തോട് ഉള്ള പ്രണയം എന്നത് കെയറിങ്ങ് ഏട്ടായിയെ പ്രണയിച്ച് ഒരു ടോക്‌സിക്ക് റിലേഷന്‍ഷിപ്പില്‍ അകപ്പെട്ടുപോയ കാന്താരിമാരുടെ അവസ്ഥ പോലെ ആണ്. ക്യാപിറ്റലിസം അടിച്ചമര്‍ത്തല്‍ ആണ് എന്ന് വിശ്വസിക്കുന്ന Nawal El Saadawi യെ പോലെ ഉള്ളവര്‍ക്ക് ഇങ്ങനെ പറയാന്‍ സാധിച്ചത് പോലും ക്യാപിറ്റലിസം അവര്‍ക്ക് നേടിക്കൊടുത്ത ഉന്നമനത്തില്‍ ചവുട്ടി നിന്ന് കൊണ്ടാണ് എന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍?


Leave a Reply

Your email address will not be published. Required fields are marked *