അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു


“അദാനിക്കുണ്ടായ തിരിച്ചടിയില്‍ ചിലര്‍ക്ക് ഭയം ബാങ്കുകളുടെ കാര്യം എന്താകും എന്നതാണ്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കെറ്റ് സ്ട്രക്ച്ചര്‍, ഇന്ത്യന്‍ ബാങ്കിങ് വര്‍ക്ക് ചെയ്യുന്ന രീതി, വളരെ സുദൃഢമാണ് സാറന്മാരെ. ഇന്ത്യയില്‍, ആര്‍ബിഐ ബാങ്കില്‍ നിന്ന് സ്റ്റോക്ക് മാര്‍ക്കെറ്റിലേക്കു മണി ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. കാലങ്ങളായി നിരന്തരം നിരീക്ഷിക്കുന്നുണ്ട് . ഏതെങ്കിലും ഒരു അദാനി പൊളിഞ്ഞാലൊന്നും, നിങ്ങളുടെ ബാങ്കിലെ ഡെപോസിറ്റിനെ ബാധിക്കാനൊന്നും പോകുന്നില്ല. കരുവന്നൂര്‍ ബാങ്ക് വാര്‍ത്തകള്‍ നിരന്തരം വായിച്ചു വായിച്ചു പല മലയാളികളുടെ ധാരണ കാര്യങ്ങള്‍ അതുപോലെ ആയിരിക്കും എന്നാണ് ധരിച്ചുവെച്ചിരിക്കുന്നതു എന്ന് തോന്നുന്നു” – പി ബി ഹരിദാസന്‍ എഴുതുന്നു
അദാനി വാര്‍ത്തകളുടെ മറുവശം

”കേരളം സാമ്പത്തിക അന്ധവിശ്വാസങ്ങളുടെ തലസ്ഥാനം” എന്ന് പറഞ്ഞപ്പോള്‍ പോലും ഇത്രയും പ്രതീക്ഷിച്ചില്ല. അദാനി ഗ്രൂപ്പ് ഷെയര്‍ മാര്‍ക്കറ്റ് വിലയിടുവുമായി ബന്ധപ്പെട്ട ചില മലയാളി മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അതിന് സോഷ്യല്‍ മീഡിയകളില്‍ ഓടുന്ന അഭിപ്രായങ്ങള്‍, പരിതാപകരം എന്നേ പറയാനാകൂ. ഈ ലേഖനം ഒരു അദാനി ഗ്രൂപ്പ് സ്റ്റോക്ക്കളുടെ പഠനമൊന്നുമല്ല. അദാനി സ്റ്റോക്ക്കളുടെ വിലയിടുവുമായി ബന്ധപ്പെട്ട് മീഡിയകളില്‍ നടക്കുന്ന മലയാളികളുടെ സ്റ്റോക്ക് മാര്‍ക്കെറ്റ് മായി ബന്ധപ്പെട്ട അബദ്ധധാരണകള്‍ മാത്രമാണ് എഴുതാന്‍ ഉദ്ദേശിക്കുന്നത്. അവിടെ കാണുന്ന സാമ്പത്തിക അന്ധവിശ്വാസങ്ങളെല്ലാം ചര്‍ച്ചചെയ്യാന്‍ പേജുകള്‍ ഒരുപാട് വേണം. ചില കാര്യങ്ങള്‍ മാത്രം ഇവിടെ കുറിക്കാം.

ഈ വിഷയത്തില്‍ ആദ്യം തന്നെ ശ്രദ്ധയില്‍ പെടുന്നത് മലയാളികളുടെ ഒരു ജയാഘോഷമാണ്. ‘ഞാനന്നേ പറഞ്ഞില്ലേ’ എന്ന മോഡലില്‍ വിജയാഘോഷം. അദാനിയുടെ ഷെയര്‍ വില ഇടിഞ്ഞതില്‍ നിങ്ങള്‍ക്കെന്താണ് സാറന്മാരെ ഇത്ര സന്തോഷം. നിങ്ങള്‍ മാര്‍ക്കെറ്റില്‍ ഷോര്‍ട്ട് ചെയ്തിട്ടുണ്ടോ. നിങ്ങള്‍ ഇതില്‍ ലാഭം ഉണ്ടാക്കാന്‍ പോകുന്നുണ്ടോ. ഒരു ഷെയര്‍ മാര്‍ക്കെറ്റ് വിലയിടിവില്‍ ഇത്രയേറെ റിപ്പോര്‍ട്ടേജുകളും അഭിപ്രായങ്ങളും ഒഴുകുന്നതെന്തുകൊണ്ടായിരിക്കും. ഈ ഗൂഢ സന്തോഷത്തിന്റെ കാരണം നിങ്ങള്‍ ഒന്ന് സ്വയം അന്വേഷിക്കുക. സോഷ്യല്‍ മീഡിയകളില്‍ വിദഗ്ദാഭിപ്രായ പ്രകടനമാണ്. പലതും കുപ്പുവച്ചനെ തോല്‍പ്പിക്കുന്നവ. ഒരു പൗരന്‍ എന്ന നിലക്ക് ഈ കേള്‍ക്കുന്നതൊക്കെ ശരിയാണെങ്കില്‍ നിങ്ങള്‍ ആകുലരാകുകയല്ലേ വേണ്ടത്.

ഷെയര്‍ മാര്‍ക്കറ്റ് അങ്ങനെയാണ്

ആദ്യം തന്നെ ഇക്കാര്യത്തില്‍ മനസ്സിലാക്കേണ്ടത് ഷെയര്‍ മാര്‍ക്കെറ്റ് എന്ന സിസ്റ്റത്തില്‍ കള്ളക്കളികളും കുംഭകോണങ്ങളും ഈ മാര്‍ക്കെറ്റ് സിസ്റ്റം ഉണ്ടായിവന്ന കാലം മുതല്‍ക്കുള്ളതാണ് എന്നതാണ്. ഇനിയൊരു വിധത്തില്‍ പറഞ്ഞാല്‍ ആ മാര്‍ക്കെറ്റ് തന്നെ അങ്ങനെയാണ് ( അദാനി ഗ്രൂപ്പ് അങ്ങനെ ചെയ്തിരിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത് ). അതിനകത്തേക്ക് പലതരം മാനിപ്പുലേറ്റര്‍സ് എല്ലാ കാലത്തും കടന്നു വന്നിട്ടുണ്ട്. അവര്‍ പഠന റിപ്പോര്‍ട്ടുകള്‍ എന്ന വ്യംഗ്യേനെ, പല ’88’ ചോദ്യങ്ങളും’ കൊണ്ടുവരും. മാര്‍ക്കെറ്റ് വില വീഴുമ്പോള്‍ അല്ലെങ്കില്‍ ഉയരുമ്പോള്‍ അവര്‍ അവരുടെ ലാഭവും ബുക്ക് ചെയ്ത് വേറെ അവസരങ്ങളും തഞ്ചങ്ങളും അന്വേഷിച്ചു സ്ഥലം വിടും. നമ്മള്‍ മാസങ്ങളോളം പത്രങ്ങളില്‍ ഇത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കും. ഇത് ഷെയര്‍ മാര്‍ക്കെറ്റ് ഉരുത്തിരിഞ്ഞ കാലം മുതല്‍ ഇങ്ങനെയാണ്.

ഇനി ഹിന്‍ഡന്‍ബെര്‍ഗ്കാരന്റെ ’88 ചോദ്യങ്ങളെ’ കുറിച്ചാണെങ്കില്‍ കോടാനുകോടി രൂപയുടെ ബിസിനസ്സ് നടക്കുന്ന പല മേഖലകളായി പരന്നു കിടക്കുന്ന ഒരു ബിസിനസ്സ് എമ്പയറിനോട്‌നോട് 88 അല്ല നൂറോ, നൂറ്റമ്പതോ ചോദ്യങ്ങള്‍ ഏത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് അറിയാവുന്നവര്‍ക്കും ചോദിക്കാന്‍ കഴിയും. അത് ഫേസ്ബുക്ക് എന്ന കമ്പനിയോട് ചോദിക്കാം, ട്വിറ്റര്‍ എന്ന കമ്പനിയോട് ചോദിക്കാം. നമ്മുടെ പല ചാനല്‍ ഉടമകളോടും ചോദിക്കാന്‍ പറ്റിയേക്കും. നിങ്ങളുടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ലും പല ചോദ്യങ്ങള്‍ ചോദിക്കാം. ഇന്‍കം ടാക്‌സ് റിട്ടേണില്‍ എല്ലാം ഡിക്‌ളയര്‍ ചെയ്തിട്ടുണ്ട് എങ്കിലും നിങ്ങള്‍ക്ക് ഒരു ഭയം. അപ്പോള്‍ കോടാനുകോടി രൂപയുടെ ബിസിനസ്സ് പല മേഖലകളിലായി പല കോണ്ടിനെന്റുകളിലായി പല അക്കൗണ്ടന്മാര്‍ ചെയ്തിരിക്കുന്ന ഒരു എമ്പയറിന്റെ കാര്യം ആലോചിച്ചുനോക്കുക. കമ്പനികള്‍ ഇത്തരം അവതാരങ്ങളെ കേട്ട് സഹിച്ചു് ഒന്നും ചെയ്യാന്‍ പറ്റാതിരിക്കുന്നത് തന്നെ ഇത്തരം പേടിയിലാണ്. കമ്പനികളുടെ ഇത്തരം നിസ്സഹായതയെ ആണ് ക്രൂക്‌സ് (crooks) ഉപയോഗിക്കുകയാണ്.

സമയം പ്രധാനം

യഥാര്‍ത്ഥത്തില്‍ മാര്‍ക്കറ്റിലെ ക്രൂക്‌സ് ചോദിക്കുന്ന ചോദ്യങ്ങളേക്കാള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന സമയത്തിനാണ് (timing) പ്രാധാന്യം. ദുരുദ്ദേശമില്ലാത്തവനാണെങ്കില്‍ യഥാര്‍ത്ഥ അന്വേഷകനാണെങ്കില്‍ ഒരു ശനിയാഴ്ചയിലോ ഞായറാഴ്ചയിലോ മാര്‍ക്കെറ്റ് ഇല്ലാത്ത ദിവസമാണ് ചോദിക്കുക. ഇവര്‍ ഇവിടെ ഈ ഹിന്‍ഡന്‍ബെര്‍ഗ്കാരന്‍ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് സെറ്റ്ല്‍മെന്റ് നടക്കുന്ന ഡേറ്റ് കണക്കാക്കി ആണ് ചോദിച്ചിരിക്കുന്നതെന്ന് പ്രത്യേകം അറിയുക. ഇവര്‍ മാര്‍ക്കെറ്റില്‍ ഷോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു ട്രേഡര്‍ ആണ്. അവന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, വിലകള്‍ താഴേക്ക് പോകുന്നു. അവന്റെ മാര്‍ക്കെറ്റ് പൊസിഷന്‍ square up ചെയ്തിരിക്കും. അവന്‍ സ്ഥലം വിട്ടു. പോക്കെറ്റില്‍ നിറയെ ലാഭവുമായി അവന്‍ സ്ഥലം വിട്ടു. നമ്മുടെ ‘വിദഗ്ധന്‍’മാര്‍ ഇവിടെ അദാനിയുടെ വളര്‍ച്ചയില്‍ ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുന്നു.

എന്നുവെച്ചു് ഈ ഹിന്‍ഡന്‍ബെര്‍ഗ് മാര്‍ക്കെറ്റ് ഗുണ്ടകളൊന്നുമല്ല. അവരും വിശാലമായ ഷെയര്‍ മാര്‍ക്കറ്റിലെ സഹകാരികളാണ്. ഇവരും കൂടി ഉള്‍പ്പെടുന്നതാണ് ഷെയര്‍ മാര്‍ക്കെറ്റ്. അതാണ് ഷെയര്‍ മാര്‍ക്കെറ്റുകളുടെ ശക്തി. ഇവിടെ പ്രശ്നം അവരെ പുണ്യാളന്മാരായി വിലയിരുത്തി, അദാനി വിരോധത്തിന് ഒരു തെളിവുകിട്ടി എന്ന വണ്ണമുള്ള കേരളത്തിലെ ഇറേഷണല്‍ ആഘോഷങ്ങളാണ്. ‘കമ്പോള കേന്ദ്രീകൃത ചൂതാട്ട കേന്ദ്രീകൃത’ എന്നൊക്കെ പറഞ്ഞിരുന്നവര്‍ക്ക് പെട്ടെന്ന് മാര്‍ക്കെറ്റിനോട് ഒരു പ്രതിപത്തി. അദാനിയെ തടഞ്ഞല്ലോ…

ഇനി അദാനി ഗ്രൂപ്പ്‌നെ ആണ് നിങ്ങള്‍ക്ക് വിലയിരുത്തേണ്ടതെങ്കില്‍ പ്രാഥമികമായും അവരുടെ ബാലന്‍സ് ഷീറ്റിനെയാണ് നിങ്ങള്‍ പഠിക്കേണ്ടത്. അവരുടെ വിറ്റുവരവെത്ര, കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ വളര്‍ച്ചയാണോ തളര്‍ച്ചയാണോ ലാഭം എത്ര, നഷ്ടത്തിലാണോ. അവര്‍ പ്രവര്‍ത്തിക്കുന്ന മേഖല ഏതൊക്കെ. അവിടെ വന്‍ മത്സരം നടക്കുന്ന മേഖലയാണോ. കമ്പനി മാനേജ്മന്റ് ആരൊക്കെ. ഉത്പാദനമത്രേ. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ ഉല്‍പ്പാദനം എത്ര വര്‍ദ്ധിച്ചിരിക്കുന്നു.കാഷ് ഫ്‌ളോ ആവശ്യത്തിന് നടക്കുന്നുണ്ടോ. കാഷ് ഫ്‌ളോ നടക്കുന്നുണ്ടെങ്കില്‍ അവരുടെ കടബാധ്യതകള്‍ സമയസമയത്തു നടക്കും എന്നര്‍ത്ഥം. അവരുടെ ഷെയര്‍ മാര്‍ക്കറ്റ് വില ഉയര്‍ന്നാല്‍ അതുകൊണ്ട് കടം അടക്കാന്‍ കഴിയില്ല . അതിന് ബിസിനസ്സ് കാഷ് ഫ്‌ളോ തന്നെ വേണം. ഇത്തരം ഘടകങ്ങളാണ് വിലയിരുത്തേണ്ടത്. ഇവയൊക്കെ ശക്തമാണെങ്കില്‍ ഷെയര്‍ മാര്‍ക്കെറ്റ് അതിന്റെ വില കണ്ടെത്തും. അദാനിമാര്‍ക്കും അംബാനിമാര്‍ക്കും ഇതറിയാം . അവര്‍ അതിലാണ് ശ്രദ്ധിക്കുന്നത്. മാര്‍ക്കറ്റ് വില പുറകെ വരുമെന്ന് ഒരു ബിസിനസ്‌കാരനറിയാം. ‘അടിപതറി അദാനി’ എന്നൊക്കെ എഴുതുന്നവര്‍ക്ക് ഇതറിയുന്നില്ല.

പ്രൊജക്റ്റുകളെ വിലയിരുത്തുക

അദാനിയുടെ ബിസിനസ്സ്കളെ കുറിച്ച് പറയുകയാണെങ്കില്‍ (അദാനിയുടെ ബിസിനസ്സില്‍ ഞാന്‍ വിദഗ്ധനോന്നുമല്ല. റിസര്‍ച്ച് ചെയ്യാന്‍ ഉദ്ദേശവുമില്ല.) എങ്കിലും ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളെ നിരീക്ഷിക്കുന്ന വ്യക്തി എന്നനിലക്ക് പറയുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉല്‍പാദകരില്‍ ഒന്നായ അംബുജ സിമെന്റ്, എ.സി.സി സിമന്റ് എന്നിവ അദാനിയുടെ കൈവശമാണ്. ഇന്ത്യ വളരുന്ന ഒരു എക്കണോമിയാണ്. സിമെന്റ് എത്ര ഉത്പാദിപ്പിച്ചാലും കയറ്റുമതിയെ പോലും ആശ്രയിക്കാതെ വിറ്റഴിക്കാവുന്ന രാജ്യം. ഇവ രണ്ടും മാത്രം വിറ്റാല്‍ പോലും അദാനിക്ക് അവരുടെ ഇപ്പോള്‍ പറയപ്പെടുന്ന ബാധ്യതകളില്‍ നിന്ന് ഷോര്‍ട് ട്ടേം അല്ലെങ്കില്‍ ലോങ്ങ് ഏതായാലും അവര്‍ക്കു വെളിയില്‍ വരാവുന്നതേയുള്ളു. അവരുടെ ഏഴു കമ്പനികളും ഉത്പാദനമേഖലയിലെ അടിസ്ഥാന മേഖലകളിലാണ് കോര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറുകളിലാണ് നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത്. ഫ്‌ലൈ ബൈ നൈറ്റ് കമ്പനികളിവിടെ ഉണ്ടാകാറുണ്ട് മാര്‍ക്കെറ്റില്‍ നിന്ന് പണം സ്വരൂപിക്കാറുണ്ട്. അപ്രത്യക്ഷരാകാറുണ്ട്. അതൊക്കെ പക്ഷെ അടിസ്ഥാനമേഖലകളില്‍ നിന്ന് അല്ല. ഒരു സിറ്റിസണ്‍ എന്ന നിലക്ക് നമ്മുടെ റെസ്‌പോണ്‌സിബിലിറ്റി, ഈ നിക്ഷേപങ്ങളെ ഇന്‍ഫ്രാ പ്രൊജെക്ടുകളെ വിലയിരുത്തി വേണം.

ഇവിടെ ഒട്ടുമിക്കവരുടെയും പ്രധാന ആരോപണം കഴിഞ്ഞ വെറും രണ്ടുമൂന്നു വര്‍ഷങ്ങള്‍കൊണ്ട് അദാനി ഗ്രൂപ്പ് ഷെയറുകള്‍ വാണം വിട്ടപോലെ മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതിലെന്തോ ഉണ്ട് ! അദാനിയുടെ ഷെയറുകളുടെ വില ഇങ്ങനെ കുതിച്ചു പൊങ്ങാന്‍ കാരണം അദാനി ഗ്രൂപ്പ് കളുടെ ഫ്ളോട്ടിങ് ഷെയറുകള്‍ വളരെ കുറവാണ് എന്നതാണ്. ആകെ ഷെയറുകളുടെ 73 ശതമാനവും അദാനിയുടെ കൈവശമാണ്. ബാക്കിയുള്ള 27 ശതമാനത്തില്‍ മ്യൂച്വല്‍ ഫണ്ടുകളും എല്‍ഐസി മുതലായ സ്ഥാപനങ്ങളും ഹൈ നെറ്റ് വേര്‍ത്ത് ഇന്‍ഡിവിജ്വല്‍സും കഴിഞ്ഞാല്‍ വളരെ കുറവ് ഫ്ളോട്ടിങ് സ്റ്റോക്കുകള്‍ മാത്രമേ മാര്‍ക്കെറ്റില്‍ എത്തുന്നുള്ളു. എപ്പോഴും ഇത്തരം കമ്പനികളുടെ ഷെയറുകള്‍ പെട്ടന്ന് തന്നെ മുകളിലേക്ക് മുകളിലേക്ക് പോകും. ഓരോ ത്രൈമാസിക റിസള്‍ട്ട് വന്നു കഴിയുമ്പോഴും ഷെയര്‍ വില മുകളിലേക്ക് പോകുന്നു.

ഇവിടെ അദാനിയുടെ പ്രശ്‌നവും ഫ്ളോട്ടിങ് ഷെയറുകള്‍ കുറവാണ് എന്നുള്ളതാണ്. അത്തരം കമ്പനികളെ ഇതുപോലുള്ള ക്രൂക്‌സ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഫ്ളോട്ടിങ് ഷെയറുകള്‍ കുറവാകുമ്പോല്‍ അവര്‍ക്ക് മാര്‍ക്കെറ്റ് മാനിപുലേറ്റ് ചെയ്യല്‍ എളുപ്പമാകുന്നു. സത്യത്തില്‍ എനിക്ക് തോന്നുന്നത് ഈ ഹിന്‍ഡന്‍ബെര്‍ഗ് ഈ വള്‍നെറബിലിറ്റി, ഫ്ളോട്ടിങ് ഷെയറുകള്‍ കുറവാണ് എന്ന വള്‍നെറബിലിറ്റി, ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ’88’ ചോദ്യങ്ങള്‍ എന്നതൊക്കെ ഒരടവ് മാത്രം. മാര്‍ക്കെറ്റ് ദുരുപയോഗം/മാനിപുലേറ്റ് ചെയ്താല്‍ അമേരിക്കയില്‍ ജയിലില്‍ പോകും. അതിനുള്ള ഒരു മുന്‍കൂര്‍ ജാമ്യമാകാം ഈ ചോദ്യങ്ങള്‍. നേരത്തെ പറഞ്ഞതുപോലെ 88 അല്ല ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് വേണമെങ്കില്‍ ഒരു 150 ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും.
 
ഈ ഫ്ളോട്ടിങ് ഷെയര്‍ വളരെ കുറവാണെന്ന അവസ്ഥയും കാലങ്ങളായുള്ള ആരോപണവും കൊണ്ടുകൂടിയാണ് അദാനിക്കാരന്‍ ഇപ്പോഴത്തെ FPO പ്ലാന്‍ ചെയ്തിരിക്കുന്നത്. ഫ്ളോട്ടിങ് ഷെയറുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും കമ്പനിയുടെ എക്‌സ്പോഷര്‍ കുറയുകയും ചെയ്യും. ഇപിഒ പരാജയപ്പെട്ടാലും കുഴപ്പമില്ല. അദാനിയുടെ ലോണുകള്‍ അധികവും വിദേശ ബോണ്ടുകളായാണ്. ഈ ഫണ്ട് കിട്ടിയില്ലെങ്കിലും ഞെരുക്കമൊന്നുമില്ല. അതുകൊണ്ടാണ് ഈ പ്രശ്‌നമൊക്കെ ഉണ്ടായിട്ടും അവര്‍ FPO യില്‍ മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നത്. ഓഫര്‍ പ്രൈസ് മാര്‍ക്കെറ്റ് വിലയേക്കാള്‍ താഴെ ആയിട്ടും അവര്‍ മുന്നോട്ടു തന്നെ പോകുന്നു.

മാധ്യമങ്ങള്‍ പറയുന്നത് ശരിയോ?

ചില മാധ്യമ വീരന്മാര്‍ക്ക് എപ്പോഴും പറയാണിഷ്ടം ലോക അതിസമ്പന്നരുടെ പട്ടിക അദാനിക്ക് നഷ്ടപെട്ടു എന്ന സന്തോഷമാണ്/വേവലാതിയാണ്. ലോക അതി സമ്പന്നരുടെ ലിസ്റ്റ് അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് വലിയ താല്‍പ്പര്യമില്ലാത്ത കാര്യമാണെന്ന് ആദ്യം അറിയുക. അവരതിനെ ഒരു അമ്യൂസ്ഡ് ചിരിയോടെയാണ് കാണുന്നത്. (ഇക്കാര്യം ചര്‍ച്ചയില്‍ വരുമ്പോള്‍ അവരില്‍ ചിലരുടെ ഇന്റര്‍വ്യൂ കാണുക ചിരി കാണുക ). അവര്‍ ആവരുടെ കമ്പനിയുടെ മൂല്യം, വിശ്വാസ്യത, ഗുഡ് വില്‍, ഉല്‍പാദനം എന്നിവ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അവര്‍ക്കറിയാം മാര്‍ക്കെറ്റില്‍ വിശ്വാസ്യതക്കാണ് കാര്യം. ബാക്കിയൊക്കെ തന്നെ വന്നോളും. ഇന്ത്യയിലെ ബിഗ് ഗണ്‍സിലാരും ലോകത്തെ സമ്പന്നരുടെ ലിസ്റ്റില്‍ പേരുവരാനായി ലക്ഷ്യംവെച്ച് ബിസിനസ്സ് ശ്രമിക്കുന്നവരല്ല. കോടികള്‍’ എന്നൊക്കെ വായിച്ച്് അസൂയ പെടുന്നവര്‍ക്കായുള്ള ഒരു സെന്‍സേഷണല്‍ ന്യൂസ് ഐറ്റം മാത്രമാണ് ഈ സമ്പന്നരുടെ ലിസ്റ്റ്.

‘അദാനിയുടെ വളര്‍ച്ചയെക്കുറിച്ച് എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു അന്വേഷണം നടക്കുന്നില്ല’. എന്നൊക്കെപറയുംപോഴും ചില അറിവുകേടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതൊക്കെ പബ്ലിക് ലിസ്റ്റെഡ് കമ്പനികളാണ്. പൊതുജന സ്‌ക്രൂട്ടിനിക്ക് ഇത് നിരന്തരം വിധേയമാക്കപ്പെടുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും റെപ്യൂട്ടെഡ് ‘ദി ബിഗ് സിക്‌സ്’ എന്നൊക്കെ നമ്മുടെ ടെക്കികള്‍ അടക്കം വിളിക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍ഡ് ലോയേഴ്‌സ് ഒക്കെ അടങ്ങുന്ന ലോക പ്രശസ്ഥരായ Grant Thornton ആണ് അദാനി ഗ്രൂപ്പിലെ ഓഡിറ്റേഴസ്‌സ് . സെബി മുതലായ ഏജന്റുകള്‍ മാത്രമല്ല ഇവിടെ ഷെയര്‍ മാര്‍ക്കെറ്റില്‍ നിരന്തരം നിരീക്ഷിക്കുന്ന ഫോറിന്‍ ഇന്‌സ്ടിടുഷണല്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തില്‍ താല്പര്യമുണ്ട്. കുറച്ചുകാലം മുന്‍പ് മുംബൈ എയര്‍ പോര്‍ട്ട് വില്‍പ്പന നടക്കുമ്പോള്‍, GVK ഗ്രൂപ്പ്‌നു വേണ്ടി അദാനി ഗ്രൂപ്പിന് എസ്ബിഐ, ഒരു അണ്ടര്‍ റൈറ്റിങ്ങ് നടത്തിയപ്പോള്‍ ആ കടങ്ങള്‍ എഴുതി തള്ളി എന്ന് പറഞ്ഞു ദുഃഖിച്ച ടീമുകളാണ് കേരളത്തിലെ ചില മാധ്യമ വീരന്മാര്‍. ഇങ്ങനെയൊക്കെ എഴുതിയതില്‍ എന്തത്ഭുതം.

ഷെയര്‍ മാര്‍ക്കറ്റിനെ കുറിച്ചോ അതിലെ കോംപ്ലക്‌സിറ്റിയെ കുറിച്ചോ ഒരു ബോധ്യവുമില്ലാത്തവര്‍ വന്ന് ചിലര്‍ ചപ്പടാച്ചിവിടുകയാണ് ‘അദാനിയുടെ തട്ടിപ്പുകള്‍’ എന്നൊക്കെ. ‘നിങ്ങള്‍ ഒരു ലക്ഷം രൂപക്ക് ഒരു സ്ഥലം വാങ്ങുന്നു. എന്നിട്ട് അവിടെ സ്വര്‍ണം ഉണ്ട് എന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുന്നു ‘ തുടങ്ങിയ ഒരു വാട്‌സാപ്പ് പോസ്റ്റ് നിങ്ങള്‍ കണ്ടിരിക്കും. ശുദ്ധ അസംബന്ധങ്ങള്‍ പറഞ്ഞാലും ഇവിടെ ആളുണ്ട് എന്നര്‍ത്ഥം. അതൊനൊക്കെ വ്യൂവേഴ്‌സസും കന്റും, ലൈക്‌സ്‌സും ധാരാളം. അത്രക്കുണ്ട് കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസങ്ങള്‍. സോഷ്യല്‍ മീഡിയ ചപ്പടാച്ചികള്‍ക്ക് മാത്രമല്ല ഈ അറിവുകേട്. നമ്മുടെ വക്കീലന്മാര്‍ വരെ ബാലിശമായ ദേശാഭിമാനി സ്‌കൂള്‍ അറിവ് ഇക്കാര്യത്തില്‍ നടത്തുന്നു.

ബാങ്കുകള്‍ പൊളിയുമോ?

ആയിരക്കണക്കിന് കമ്പനികള്‍ ഉള്ളതില്‍ എന്തുകൊണ്ടാണ് അദാനി ഗ്രൂപ്പിന്റെ ഷെയര്‍ വാങ്ങാന്‍ തീരുമാനിച്ചത്, ഏത് കമ്പനിയുടെ ഷെയര്‍ എത്ര രൂപയ്ക്കാണ്, എത്രയെണ്ണമാണ് എല്‍ഐസി വാങ്ങുന്നത് – എന്തുകൊണ്ടാണ് അവ ആ നിരക്കില്‍ അപ്പോള്‍ വാങ്ങാന്‍ തെരഞ്ഞെടുത്തത് എന്ന DECISION MAKING പ്രോസസ്സ് LIC സുതാര്യമാക്കേണ്ടതല്ലേ? ഏതൊക്കെ ഘടകങ്ങള്‍ വിലയിരുത്തിയിട്ടാണ് ആ തീരുമാനം കൈക്കൊണ്ടത് എന്നത് ജനങ്ങള്‍ അറിയേണ്ടതല്ലേ? എന്തുകൊണ്ടാണ് ഈ സുതാര്യത നിക്ഷേപങ്ങളില്‍ കാണാത്തത്? എന്നൊക്കെ ആവേശത്തോടെ ചോദിക്കുന്നത് കണ്ടു. ഇതിനൊക്കെ സിസ്റ്റങ്ങളും പ്രോസസ്സ്‌കളും LIC ക്കകത്ത് ഉണ്ട് സാറന്മാരെ. LIC ഇവിടെ പതിറ്റാണ്ടുകളായി ഇത്തരം നിക്ഷേപങ്ങള്‍ നടത്താറുണ്ട്. അതിനു പരിചിതരായ ഒരു ബോര്‍ഡ് ഉം സിസ്റ്റങ്ങളും ഘകഇ യില്‍ നിലവിലുണ്ട്. 18647 കോടിയുടെ ഇടിവ് സംഭവിച്ചു എന്നതൊക്കെ മലയാളി മാധ്യമ വിധ്വാന്‍മാരുടെ അറിവ് പ്രകടനങ്ങളാണ്. LIC എത്ര രൂപയ്ക്കാണ് ഈ ഷെയറുകള്‍ വാങ്ങിച്ചത് എന്നിവര്‍ക്കറിയില്ല. വില ഇടിവ് സംഭവിച്ചപ്പോള്‍ ഘകഇ ഇത് വിറ്റിരുന്നോ. എങ്കിലല്ലേ നഷ്ടം എന്ന് പറയേണ്ടത്. അതും ക്രോസ് ചെക്ക് ചെയ്യാതെ തട്ടിവിടുകയാണ്. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന ഈ ഒരു ദിവസത്തെ നോഷണല്‍ ലോസ് ആണ്ത്. നിങ്ങള്‍ ഘകഇ ഈ ഷെയറുകള്‍ വാങ്ങിയ വിലയുമായി തട്ടിച്ചുനോക്കൂ. എന്നിട്ട് നഷ്ടം പറയൂ.

ചിലര്‍ക്ക് ഭയം ബാങ്കുകളുടെ കാര്യം എന്താകും എന്നതാണ്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കെറ്റ് സ്ട്രക്ച്ചര്‍, ഇന്ത്യന്‍ ബാങ്കിങ് വര്‍ക്ക് ചെയ്യുന്ന രീതി, വളരെ സുദൃഢമാണ് സാറന്മാരെ. ഇന്ത്യയില്‍ ആര്‍ബിഐ, ബാങ്കില്‍ നിന്ന് സ്റ്റോക്ക് മാര്‍ക്കെറ്റിലേക്കു മണി ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. കാലങ്ങളായി നിരന്തരം നിരീക്ഷിക്കുന്നുണ്ട് . ഏതെങ്കിലും ഒരു അദാനി പൊളിഞ്ഞാലൊന്നും, നിങ്ങളുടെ ബാങ്കിലെ ഡെപോസിറ്റിനെ ബാധിക്കാനൊന്നും പോകുന്നില്ല. കരുവന്നൂര്‍ ബാങ്ക് വാര്‍ത്തകള്‍ നിരന്തരം വായിച്ചു വായിച്ചു പല മലയാളികളുടെ ധാരണ കാര്യങ്ങള്‍ അതുപോലെ ആയിരിക്കും എന്നാണ് ധരിച്ചുവെച്ചിരിക്കുന്നതു എന്ന് തോന്നുന്നു. ഇവിടെ ചോദിക്കാനുള്ള ഇനിയൊരു സന്ദേഹം അദാനിയുടെ ഷെയറുകള്‍ക്ക് മുകളില്‍ ബാങ്കുകള്‍ ലോണ്‍ കൊടുത്തിട്ടുണ്ടല്ലോ, അതെന്താകും എന്നായിരിക്കും. ഇവിടെയാണ് അദാനിയുടെ നിക്ഷേപങ്ങളുടെ ശക്തി. അവയൊക്കെ always valuable അല്ലെങ്കില്‍ always in need ഇന്‍ഫ്രാ മേഖലകളിലാണ്. അദാനി ഗ്രൂപ്പിന് ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ തന്നെ, ആ അസ്സറ്റുകളെ ലാഭവും തന്ന് ബാങ്കുകളുടെ കടവും തീര്‍ത്ത് അതൊക്കെ കൊത്തി പെറുക്കി കൊണ്ടുപോകാന്‍ ലോകത്ത് ഒരു പാട് കമ്പനികളുണ്ടാകും. ബാങ്കുകളെ ബാധിക്കാനോനൊന്നും പോകുന്നില്ല. ബാക്കി ഇനിയൊരിക്കല്‍.


One Comment on “അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു”

Leave a Reply

Your email address will not be published. Required fields are marked *