സാമൂഹികനീതി എന്ന വ്യാജ പ്ലക്കാർഡ് ഉയര്‍ത്തി സംവരാണകൂല്യം കവരുന്നതാര്; സജീവ് ആല എഴുതുന്നു


“സ്വത്വവാദികള്‍ മിക്കതും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയ രണ്ടാം തലമുറയുടെ പ്രതിനിധികളാണ്. തങ്ങള്‍ക്ക് ആനുകൂല്യം തുടര്‍ച്ചയായി നഷ്ടമാകാതെ ലഭിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. മൂന്നുസെന്റ് കോളനിയില്‍ നരകിക്കുന്ന ദളിതര്‍ അവരുടെ സമുദായങ്ങളിലെ പണക്കാര്‍ വീണ്ടും വീണ്ടും റിസര്‍വേഷന്‍ ബെനിഫിറ്റ്‌സ് നേടിയെടുക്കുന്നത് നിസ്സഹായതയോടെ കണ്ടുനില്‍ക്കുന്നു.” – സജീവ ആല എഴുതുന്നു

തുടരുന്ന സംവരണക്കെണി!

ഇന്നലെ ഓഫീസില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായി ഒരാങ്ങളയും പെങ്ങളും വന്നു. ഹിന്ദു-പുലയ സമുദായം. രൂപത്തിലും ഭാവത്തിലും ദാരിദ്ര്യത്തിന്റെ നിഴലാട്ടം. വരുമാനം തിട്ടപ്പെടുത്തുന്നതിനായി എന്റെ പതിവ് ചോദ്യം.
 
അച്ഛനെന്താണ് ജോലി ?

നാടന്‍ പണി

വീട് എങ്ങനെയുള്ളതാണ് ?

കോളനിയില്‍ ഒന്നര സെന്റിലാണ് താമസം സാറേ എന്നു പറഞ്ഞതും പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ഒരുമിച്ചായിരുന്നു.
അനുജന്‍ നിസ്സംഗതയോടെ അടുത്തുതന്നെ ഉണ്ടായിരുന്നു. വീട്ടിലെ ദുരിതങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ അറിയാതെ പെയ്തുപോയ സങ്കടം.
പെണ്‍കുട്ടി ബി എ ഇംഗ്‌ളീഷ് ഒന്നാം വര്‍ഷം. സഹോദരന്‍ പ്‌ളസ്ടുവിന് പഠിക്കുന്നു.

കുട്ടിയെ ആശ്വസിപ്പിക്കാനായി ഞാന്‍ കടന്നുവന്ന ദുരിതങ്ങളേയും ബുദ്ധിമുട്ടുകളേയും പറ്റി പറയാന്‍ ശ്രമിച്ചു. നല്ലവണ്ണം പഠിക്കണമെന്നും പി. എസ്. സിക്ക് പരീക്ഷയ്ക്ക് വേണ്ടി ഇപ്പോഴേ തയ്യാറെടുത്ത് തുടങ്ങണമെന്നും ജോലി ഉറപ്പായും കിട്ടുമെന്നും അന്നെന്നെ വിളിച്ച് അറിയിക്കണമെന്നുമൊക്കെ പറഞ്ഞപ്പോള്‍ കണ്ണീര്‍ച്ചാല്‍ തെളിഞ്ഞ് കിടന്നയാ മുഖത്തൊരു ചെറുപുഞ്ചിരി വിടര്‍ന്നു. ഏഴ് വര്‍ഷം മുന്‍പെഴുതിയ പോസ്റ്റാണ്.

ഒന്നര സെന്റ് കോളനിയില്‍ ദുരിതജീവിതം നയിക്കുന്ന പെണ്‍കുട്ടിയുടെ അതേ വില്ലേജില്‍ മാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ദളിതനായ സര്‍ക്കാര്‍ ജീവനക്കാരനുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരേയൊരു മകനാണുളളത്. ആ കുട്ടിയും സ്വന്തം ജീവിതാവസ്ഥയോര്‍ത്ത് കരഞ്ഞുപോയ പെണ്‍കുട്ടിയും ഒരേ പിഎസ്‌സി പരീക്ഷ എഴുതുമ്പോള്‍ ആരാവും മുന്നിലെത്തുക?

ഉയര്‍ന്ന സൗകര്യത്തില്‍ ജീവിക്കുന്ന മികച്ച കോച്ചിംഗും ട്രെയിനിംഗും എല്ലാം ലഭിക്കുന്ന സമ്പന്നരായ കുട്ടികള്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുമ്പോള്‍ അതിദരിദ്രരായ ദളിതര്‍ തുടര്‍ച്ചയായി പിന്തള്ളപ്പെടുന്നു. സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനമല്ല അധികാരത്തിന്റെ പങ്ക് ലഭിക്കുക എന്നതാണെന്നൊരു ക്ലീഷേ വാദം ദളിത് സ്വത്വവാദികളും അവരെ പിന്തുണയ്ക്കുന്നവരും ഉന്നയിക്കുന്നു.

ഒരു തുറന്ന ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്ക് അപരിമേയമായ ഒരു അധികാരവുമില്ല. അങ്ങനെയുണ്ടാകാനും പാടില്ല. വിവരാവകാശനിയമം സേവനാവകാശനിയമം തുടങ്ങിയവ എല്ലാവിധ സ്‌ക്രൂട്ടണിയും നിലനില്‍ക്കുന്ന ഒരു ഡമോക്രസിയില്‍ ബ്യൂറോക്രസിയില്‍ എന്തോ വലിയ പരമാധികാരം കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്.

ഒരു ദരിദ്രനായ ദളിതന്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ അയ്ക്കുമ്പോള്‍ എന്തൊക്കയോ അധികാരം വെട്ടിപ്പിടിക്കണം എന്നൊന്നും ചിന്തിക്കുന്നേയില്ല. ഒരു ജോലി കിട്ടി സാമ്പത്തികമായി അല്പം മെച്ചപ്പെട്ട് ഇത്തിരി അന്തസ്സോടൊന്ന് ജീവിക്കണം. അതിനായാണ് അവര്‍ പരിശ്രമിക്കുന്നത്. അസാധാരണമായ പ്രതിഭാവിലാസവും ഇച്ഛാശക്തിയുമുള്ള ദരിദ്രര്‍ക്ക് മാത്രമേ അവരുടെ തന്നെ വിഭാഗത്തിലുള്ള സമ്പന്നരുമായി മത്സരിച്ച് സംവരണത്തിന്റെ ആനുകൂല്യം നേടിയെടുക്കാന്‍ കഴിയുകയുള്ളു.

സ്വത്വവാദികള്‍ മിക്കതും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയ രണ്ടാം തലമുറയുടെ പ്രതിനിധികളാണ്. തങ്ങള്‍ക്ക് ആനുകൂല്യം തുടര്‍ച്ചയായി നഷ്ടമാകാതെ ലഭിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. മൂന്നുസെന്റ് കോളനിയില്‍ നരകിക്കുന്ന ദളിതര്‍ അവരുടെ സമുദായങ്ങളിലെ പണക്കാര്‍ വീണ്ടും വീണ്ടും റിസര്‍വേഷന്‍ ബെനിഫിറ്റ്‌സ് നേടിയെടുക്കുന്നത് നിസ്സഹായതയോടെ കണ്ടുനില്‍ക്കുന്നു.

സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ഒരു സമ്പന്നനും സ്വസമുദായത്തിലെ ഇല്ലായ്മക്കാരനുവേണ്ടി സ്വമേധയാ ഒഴിഞ്ഞുകൊടുക്കില്ല, മാറിനില്‍ക്കില്ല. കൊട്ടിഘോഷിക്കുന്ന അധികാരത്തിന്റെ ഏഴയലത്ത് പോലും എത്തുവാനാവാതെ അഷ്ടിക്ക് വകയില്ലാത്ത ദളിതന്‍ നെടുവീര്‍പ്പിടുന്നു. വില്ലകളിലും ഫ്‌ളാറ്റുകളിലും സുഖിക്കുന്നവര്‍ റിസര്‍വേഷന്‍ ആനുകൂല്യങ്ങളുടെ പറുദീസയില്‍ ആറാടിക്കളിക്കുമ്പോള്‍ പെറ്റമ്മയുടെ മൃതദേഹം മറവുചെയ്യാന്‍ ആറടിമണ്ണില്ലാതെ അടുക്കളയില്‍ കുഴികുത്തി, പിന്നെ ആ പച്ചമണ്ണിന്റെ പുറത്ത് ചവിട്ടി നിന്ന് അത്താഴത്തിന് അരി അടുപ്പത്തിടുന്ന പട്ടിണിക്കാരന്‍ ദളിതന്‍ വീണ്ടും വീണ്ടും പുറന്തള്ളപ്പെടുന്നു. വിലപേശല്‍ ശേഷിയുള്ള വോട്ട് ബാങ്ക് കയ്യിലുള്ള സമുദായങ്ങളിലെ പൂത്തപണക്കാര്‍ സാമൂഹികനീതി എന്നൊരു വ്യാജ പ്‌ളക്കാര്‍ഡ് ഉയര്‍ത്തി റിസര്‍വേഷന്‍ ബെനിഫിറ്റ്‌സ് പിടിച്ചെടുക്കുന്നു.

പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കി കുറഞ്ഞത് 15 ശതമാനം ആക്കണം. അതേസമയം ഒബിസി- മുന്നോക്ക സംവരണം പൂര്‍ണമായും എടുത്തുമാറ്റുകയും ചെയ്യണം. പക്ഷെ അതൊന്നും ഒരുകാലത്തും നമ്മുടെ രാജ്യത്ത് നടക്കാന്‍ പോകുന്നില്ല. ഭരണകൂടത്തെ കണ്ണുരുട്ടി മസിലുരുട്ടി വിറപ്പിക്കാന്‍ കഴിവുള്ള ജാതിമത പ്രമാണിമാര്‍ക്ക് ശക്തിപ്രകടനം നടത്താനുള്ള ഒരു സാമൂഹിക അനീതി പ്‌ളാറ്റ്‌ഫോം മാത്രമാണ് ഇന്ത്യയില്‍ ഇന്ന് സംവരണം.


Leave a Reply

Your email address will not be published. Required fields are marked *