STEM മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിന് കാരണം വിവേചനമോ? – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു


“ഈ ലോകത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം എന്നത് വ്യക്തിയാണ്. ഗ്രൂപ്പുകൾ തമ്മിലുള്ള ശരാശരി വ്യത്യാസങ്ങൾ ഒരിക്കലും വ്യക്തികളുടെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വിരുദ്ധമാവരുത്. എഞ്ചിനീയറിംഗിൽ മേഖലയിൽ ജോലി ചെയ്യാൻ പുരുഷന്മാരെ അപേക്ഷിച്ചു കുറച്ച് സ്ത്രീകൾ മാത്രമേ താത്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്നത് കൊണ്ട് അതിൽ താത്പര്യം ഉള്ള സ്ത്രീകളെ വിലക്കുക എന്നത് വിവേചനമാണ്.” – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

വികസിത രാജ്യങ്ങളിൽ കൂടുതൽ പെൺകുട്ടികളെ സ്റ്റെം (STEM- Science, technology, engineering, mathematics) കരിയർ തിരഞ്ഞെടിപ്പിക്കാനുള്ള ശക്തമായ നീക്കങ്ങൾ നടന്നിട്ടുണ്ട്. അത് ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. On average, ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം 1970 8% നിന്ന് 27% ആയി ഉയർന്നിട്ടുണ്ട്. അപ്പോൾ STEM മേഖലകളിൽ 50:50 സ്ത്രീ-പുരുഷ അനുപാതം സ്വാഭാവികമായി സാധ്യമാണോ എന്ന് ചോദിച്ചാൽ അങ്ങനെ നിർബന്ധമില്ല എന്നാണ് എന്റെ അഭിപ്രായം.

On average, men are more attracted to things, women to people. ലവലേശം വിവേചനം ഇല്ലാതെ സ്ത്രീകൾക്ക് എല്ലാ അർത്ഥത്തിലും പൂർണ്ണമായ അവസരസമത്വം കൊടുത്താലും, STEM മേഖലകൾ സ്വാഭാവികമായി തിരഞ്ഞെടുക്കുന്നത് കൂടുതലും പുരുഷന്മാരായിരിക്കും. സെക്സിസമോ, സാമൂഹിക നിർമ്മിതിയോ കൊണ്ടല്ല, മറിച്ച് ഇരു കൂട്ടരുടെയും മുൻഗണനകളിലെ വ്യത്യാസങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ലിംഗസമത്വം കൂടുതൽ ഉള്ള രാജ്യങ്ങളായ നോർവേയിലും ഫിൻലണ്ടിലും STEM വിഷയങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു. ഉയർന്ന വരുമാനവും ശക്തമായ ക്യാപിറ്റലിസ്റ് ക്ഷേമ പദ്ധതികളുമുള്ള രാജ്യങ്ങളിൽ കഷ്ടപ്പാടുകൾ കുറവായതിനാൽ മറ്റു തൊഴിൽ മേഖലകളെ അപേക്ഷിച്ചു ഉയർന്ന ശമ്പളം നൽകുന്ന STEM മേഖലകളിൽ തൊഴിൽ തേടാനുള്ള ആഗ്രഹവും കുറവായിരിക്കും. അത് കൊണ്ട് സ്ത്രീകൾ അവരുടെ വ്യക്തിപരമായ മുൻഗണനകളുമായി കൂടുതൽ പൊരുത്തപ്പെടുന്ന കോഴ്സുകളും ജോലികളും തിരഞ്ഞെടുക്കാൻ തയ്യാറാവുന്നു. ഇതിനെ കുറിച്ച് ഗവേഷണം ചെയ്യുന്ന David Geary, Gijsbert Stoet എന്നിവർ ഈ അവസ്ഥയെ “gender-equality paradox” എന്നാണ് വിളിക്കുന്നത്.

Armin Falk, Johannes Hermle എന്നീ രണ്ട് ഗവേഷകർ willingness to take risks, patience, altruism, positive and negative reciprocity, trust തുടങ്ങിയ ചില സവിശേഷതകളിലെ സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള ലൈംഗിക വ്യത്യാസങ്ങൾ പഠിച്ചു. ധനവും ലിംഗസമത്വവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ ഈ വ്യത്യാസങ്ങൾ (sex differences) കൂടി നിൽക്കുന്നതായാണ് കണ്ടത്. സാമ്പത്തികമായും സാമൂഹികപരമായും വികസിതമായ രാജ്യങ്ങളിലെ ഭൗതികവും സാമൂഹികവുമായ വിഭവങ്ങളുടെ കൂടുതൽ സമത്വപരമായ വിതരണം സ്ത്രീകളെയും പുരുഷന്മാരെയും സ്വതന്ത്രമായി ലിംഗപരമായ നിർദ്ദിഷ്ട മുൻഗണനകൾ പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുന്നു. Petri Kajonius എന്ന മറ്റൊരു ഗവേഷകനും സമാനമായ കണ്ടെത്തലാണ് നടത്തിയത്. അവിടുങ്ങളിലെ സ്ത്രീകൾ teaching, nursing തുടങ്ങിയ തൊഴിലുകൾ ആണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്.

യു..ഇ. എന്ന രാജ്യം എടുത്താൽ മേല്പറഞ്ഞതിന് വിരുദ്ധമായി STEM മേഖലകളിൽ തദ്ദേശീയരായ ഇമറാത്തി സ്ത്രീകളുടെ അമിതമായ പ്രാധിനിത്യം കാണാം. യു...യിൽ യൂണിവേഴ്സിറ്റി ബിരുദധാരികളിൽ 70% പേരും ഇമാറാത്തി സ്ത്രീകളാണ്. അതിൽ STEM മേഖലയിൽ ഉള്ള ഇമറാത്തി സ്ത്രീകളുടെ അനുപാതം 56% ആണ്. യു..യുടെ സ്പേസ് ഏജൻസി മുന്നോട്ട് കൊണ്ടുപോകുന്ന മാർസ് മിഷന്റെ സാങ്കേതിക ടീമിലെ അംഗങ്ങൾ 80% സ്ത്രീകൾ ആണ്. ഇതിന് ഒരു കാരണം വികസിത രാജ്യങ്ങളിൽ സ്വാഭാവികമായി സ്ത്രീകൾ തിരഞ്ഞെടുക്കാറുള്ള ടീച്ചിങ്, നഴ്സിംഗ്, നടനം, മോഡലിംഗ് പോലുള്ള തൊഴിൽ മേഖലകൾ ഇമറാത്തി സ്ത്രീകൾക്ക് മുന്നിൽ അടഞ്ഞു കിടക്കുന്നു എന്നതാണ്. യു...യിൽ ആ തൊഴിലുകൾ വിദേശ സ്ത്രീകൾ ആണ് ചെയ്തു പോരുന്നത്. അതായത് ഇമറാത്തി സ്ത്രീകളുടേ STEM-ലേ പ്രാധിനിത്യം ഒരു സ്വാഭാവിക തിരഞ്ഞെടുപ്പല്ല മറിച്ചു ഗവണ്മെന്റ് പ്രോത്സാഹനത്തോടെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സാമൂഹിക നിർമ്മിതി ആണ്.

ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടെൽകോയിൽ (Tata Engineering and Locomotive Company- TELCO) സ്ത്രീകളെ ജോലിക്ക് എടുക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. സുധാ മൂർത്തി ഒരിക്കൽ ടെൽകോയിലെ ജോലി ഒഴിവിനുള്ള പരസ്യം കണ്ടു, എന്നാൽ പരസ്യത്തിൽ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്ന് സൂചിപ്പിച്ചിരുന്നു. ഇതൊരു വിവേചനം ആണ് എന്ന് കാണിച്ചു കൊണ്ട് സുധാ മൂർത്തി ജെ.ആർ.ഡി ടാറ്റക്ക് ഒരു പോസ്റ്റ് കാർഡ് അയച്ചു. ‘പുരുഷ ജീവനക്കാർഎന്ന നയം ജെ.ആർ.ഡി ടാറ്റ മാറ്റി, കൂടാതെ സ്ത്രീ അപേക്ഷകർക്ക് അഭിമുഖവും പരീക്ഷയും നടത്താൻ ഉത്തരവിട്ടു. തൽഫലമായി, സുധാ മൂർത്തിക്ക് ഒരു പ്രത്യേക അഭിമുഖം അനുവദിക്കുകയും മെറിറ്റിന്റെ അടിസ്ഥാനത്തിൽ അവരെ ജോലിക്കെടുക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ നിയമിതയായ ആദ്യ വനിതാ എഞ്ചിനീയറായി സുധാ മൂർത്തി.

ഈ ലോകത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം എന്നത് വ്യക്തിയാണ്. ഗ്രൂപ്പുകൾ തമ്മിലുള്ള ശരാശരി വ്യത്യാസങ്ങൾ ഒരിക്കലും വ്യക്തികളുടെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വിരുദ്ധമാവരുത്. എഞ്ചിനീയറിംഗിൽ മേഖലയിൽ ജോലി ചെയ്യാൻ പുരുഷന്മാരെ അപേക്ഷിച്ചു കുറച്ച് സ്ത്രീകൾ മാത്രമേ താത്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്നത് കൊണ്ട് അതിൽ താത്പര്യം ഉള്ള സ്ത്രീകളെ വിലക്കുക എന്നത് വിവേചനമാണ്.

‘Different: Gender Through the Eyes of a Primatologist’ എന്ന Frans de Waal എഴുതിയ പുസ്തകത്തിൽ പറയുന്ന ഒരു പരീക്ഷണം ഒരു ആണും പെണ്ണും റീസസ് കുരങ്ങന്മാർ ഉള്ള കൂട്ടിലേക്ക് അവരുടേതല്ലാത്ത ഒരു റീസസ് കുരങ്ങു കുഞ്ഞിനെ ഇട്ടപ്പോൾ ഈ ആണും പെണ്ണും ആദ്യം ഒന്ന് മടിച്ചു നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഈ പെണ്ണ് കുഞ്ഞിനെ എടുത്തു അതിനെ തൻറെ വയറിൽ വച്ചു താലോലിക്കാൻ തുടങ്ങി. ആൺ കുരങ്ങൻ ആ കുഞ്ഞിനെ ശ്രദ്ധിക്കാതെ മാറി ഇരുന്നു. ഇനി ഇതേ പരീക്ഷണം പെൺ കുരങ്ങു ഇല്ലാതെ ആൺ റീസസ് കുരങ്ങൻ മാത്രം ഉള്ള കൂട്ടിലേക്ക് ഒരു കുഞ്ഞിനെ കേറ്റി വിട്ടപ്പോൾ ആദ്യം ഈ ആണ് കുഞ്ഞിനെ ശ്രദ്ധിക്കാതെ മാറി ഇരുന്നു. പിന്നീട് ഈ ആൺ നേരത്തെ പെണ്ണ് ചെയ്ത പോലെ തന്നെ കുഞ്ഞിനെ എടുത്തു അതിനെ തൻറെ വയറിൽ വച്ചു താലോലിക്കാൻ തുടങ്ങി. ഈ പരീക്ഷണം മറ്റുള്ള റീസസ് കുരങ്ങുകളിൽ ആവർത്തിച്ചപ്പോഴും ഇങ്ങനെ തന്നെ ആണ് കുരങ്ങുകൾ പെരുമാറിയത്. ഒരു ആൺ കുരങ്ങൻ ഒരു ശിശുവിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് അതിന്റെ അമ്മ പോലുമില്ലാത്ത ഒരു പെണ്ണിന്റെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് ആൺ കുരങ്ങന്മാർ ശിശുക്കളെ ശ്രദ്ധിക്കുന്നില്ല എന്നോ അവർ അന്തർലീനമായി ദയയില്ലാത്തവരോ അല്ല, മറിച്ച് ശിശു സംരക്ഷണം പെൺ കുരങ്ങുകളുടെ അന്തർലീനമായ ജോലിയാണ്, അവർ അതിൽ ഇടപെടുന്നില്ല.

“ഇത് നിങ്ങളുടെ കൂടി കൊച്ചാണ്. അതിനെ ഒന്ന് നോക്ക്, എനിക്ക് വേറെ പണിയുണ്ട്” എന്ന് അലസമായി ടിവി കണ്ടുകൊണ്ടിരിക്കുന്ന ഭർത്താക്കന്മാരോട് ഭാര്യമാർ പറയാറുണ്ട്. എന്നാൽ ഒരു 40 വർഷം മുമ്പ് സ്ത്രീകൾ ചാരുകസേരയിൽ കിടക്കുന്ന ഭർത്താക്കന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നോ എന്ന് സംശയമാണ്. സ്ത്രീകൾക്ക് patriarchal സമൂഹം കാലാകാലങ്ങളായി കൽപ്പിക്കപ്പെട്ടു കൊടുത്തിട്ടുള്ള ജൻഡർ റോളുകൾ കാരണം മാത്രമാണ് ആണ് ഭർത്താക്കന്മാർ ഇങ്ങനെ പെരുമാറുന്നത്, അത് മാത്രം ആണ് ഏക കാരണം എന്ന് ചില ഫെമിനിസ്റ്റുകൾ പറയും.

നമ്മുടെ ഏറ്റവും അടുത്ത ബന്ധുവായ ചിമ്പാൻസിയുമായി മനുഷ്യനുള്ള ജനിതക സാമ്യം 99 ശതമാനമാണ്. റീസസ് കുരങ്ങനുമായി മനുഷ്യനുള്ള ജനിതക സാമ്യം 93 ശതമാനമാണ്. ആധുനിക പുരുഷൻ ജനിതകമായി അൽപ്പം അകലത്തിൽ നിൽക്കുന്ന റീസസ് കുരങ്ങൻ പെരുമാറുന്നത് പോലെ പെരുമാറുന്നു. ജനിതകം അങ്ങനെ തൂത്തു കളയാൻ പറ്റുന്ന ഒന്നല്ല. ഈ ഭാഗം വായിക്കുമ്പോൾ ചില മെനിനിസ്റ്റുകൾ പറയും “ഇതൊക്കെ കൊണ്ടാണ് സ്ത്രീകൾ ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കേണ്ടവർ ആണ് എന്ന് പറയുന്നത്.”

പറഞ്ഞു വരുന്നത് സാമൂഹിക നിർമ്മിതി കൊണ്ട് മാത്രം സംഭവിക്കുന്നതെന്ന് ലിബറലുകൾ പറയുന്ന പല കാര്യങ്ങളും പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങളെടുത്തു പരിണമിച്ചു നമ്മുടെ ജനിതകമായി മാറിയവയാണ്. അത് ഒറ്റയടിക്ക് തൂത്തു കളയുക എന്നത് അത്ര എളുപ്പമല്ല. അത് ജനിതകം ആണ് എന്നത് കൊണ്ട് എല്ലാക്കാലവും നിലനിൽക്കേണ്ടതാണ് എന്ന യാഥാസ്ഥികരുടെ വാദവും ശരിയല്ല. ജനിതക ചോദനകൾ പലപ്പോഴും ആധുനികതാ വിരുദ്ധവും ആകാം. പുരോഗമനവാദികൾ ലിംഗവ്യത്യാസങ്ങൾക്ക് ജൈവശാസ്ത്രപരമായ അടിസ്ഥാനം നിഷേധിച്ചു തെറ്റ് വരുത്തുമ്പോൾ, യാഥാസ്ഥിതികർ നിലവിലെ ലിംഗ അസമത്വങ്ങളെ ജനിതകം മാത്രമാണ് എന്ന് മനസ്സിലാക്കി വിപരീത തെറ്റ് ചെയ്യുന്നു.

Nature & nurture വേർപ്പെടുത്താൻ കഴിയാത്ത തരത്തിൽ ഇഴപിരിഞ്ഞു കിടക്കുന്നു. ഒരു കാര്യം nature കൊണ്ട് മാത്രം ആണ് അല്ലെങ്കിൽ nurture കൊണ്ട് മാത്രമാണ് എന്ന് വേർതിരിക്കുന്നത് ശരിയല്ല.. മനുഷ്യൻ പല തരത്തിൽ പരിണാമത്തിന്റെ ദിശ അട്ടിമറിക്കാറുണ്ട്. നാച്ചുറൽ ആയത് കൊണ്ട് എല്ലാം നല്ലതാവുന്നില്ല. മനുഷ്യവംശം പെരുകാൻ തന്നെ കാരണം unnatural ആയിട്ടുള്ള കൃഷിയും മരുന്നും വാക്സിനേഷനും കണ്ടു പിടിച്ചത് കൊണ്ടാണ്. ഈ ആധുനിക സമൂഹത്തിൽ ജൻഡർ റോൾസ് എന്നത് nature ആയാലും സമൂഹത്തിന്റെ സൃഷ്ടി ആയാലും അതിനെ മറികടക്കുന്നതിൽ തെറ്റില്ല.

എല്ലാ അവസരസമത്വങ്ങളും കിട്ടിയ ഒരു സ്ത്രീ ജോലിക്ക് പോകാതെ വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ബാഹ്യ സമ്മർദ്ദങ്ങൾ ഇല്ലാതെ സ്വമനസ്സോടെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ചോയ്‌സ് ആണ്. അതെ സമയം മറ്റൊരു സ്ത്രീ സ്വന്തം കാലിൽ നിൽക്കാനും വിവാഹം കഴിക്കാനോ കുട്ടികളെ വളർത്താനോ ആഗ്രഹിക്കുന്നില്ല എങ്കിൽ അതും അവരുടെ ചോയ്‌സ് ആണ്. വ്യക്തികളുടെ ആഗ്രഹങ്ങൾ പരിഗണിക്കുക എന്നതാണ് ആധുനിക ലോക വീക്ഷണം.


Leave a Reply

Your email address will not be published. Required fields are marked *