അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്; ജിജിന്‍ പാണ്ടികശാല എഴുതുന്നു


‘കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അപേക്ഷയും സര്‍ട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ചേര്‍ത്ത് 2000 രൂപയ്ക്കു താഴെ ചെലവോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകും. ലളിതമായും മതരഹിതമായും വിവാഹം നടത്താനുളള നല്ല സാധ്യതയായാണ് അതിനെ കാണേണ്ടത്. പുരുഷാധിപത്യത്തിലും അന്ധവിശ്വാസത്തിലും കുളിച്ചു നില്‍ക്കുന്ന മത വിവാഹങ്ങളെ തഴഞ്ഞുകൊണ്ട്, മാനവികത മാത്രം വിളിച്ചോതുന്ന വ്യക്തിബന്ധങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്’- ജിജിന്‍ പാണ്ടികശാല എഴുതുന്നു
എന്തുകൊണ്ട് സ്‌പെഷ്യല്‍ മാര്യേജ് പ്രോൽസാഹിപ്പിക്കപ്പെടണം?

മതേതര വിവാഹം അല്ലെങ്കില്‍ ‘മിശ്ര’ വിവാഹം നമ്മുടെ നാട്ടില്‍ എപ്പോഴും കത്തുന്ന വിഷയമാണല്ലോ. അഖില ഹാദിയ ആയപ്പോള്‍ ഉണ്ടായ പുകിലുകള്‍ കേരളം കണ്ടതാണ്. 24 വയസുള്ള അഖില മുസ്ലീം വിഭാഗത്തില്‍ പെട്ട ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തത് തന്റെ അറിവോടും സമ്മതത്തോടും കൂടെയാണെന്ന നിലപാടില്‍ ഉറച്ചു നിന്നിട്ട് പോലും, ഹൈക്കോടതി ആ വിവാഹം റദ്ദ് ചെയ്യുകയാണുണ്ടായത്. എങ്കിലും, സുപ്രീംകോടതിയില്‍ ഈ വിവാഹം അംഗീകരിക്കപ്പെടുകയായിരുന്നു.

അതുപോലെ, ശ്രുതിയുടെ മതേതര വിവാഹം സംബന്ധിച്ചും പിന്നീട് നടന്ന അന്വേഷണങ്ങളില്‍ മത പരിവര്‍ത്തന കേന്ദ്രങ്ങളില്‍ നടക്കുന്ന പീഡനങ്ങളും വെളിവാക്കപ്പെട്ടു. ഏതു മതവും തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ, മതം നോക്കാതെ വിവാഹം കഴിക്കാനോ ഉള്ള വ്യക്തികളുടെ അവകാശത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ യാഥാസ്ഥിതിക സമൂഹം വിലങ്ങു തടിയാണ്. ഈ സംഭവങ്ങളിലൂടെ പ്രബുദ്ധ കേരളത്തിന്റെ അന്തര്‍ലീനമായ മതപ്രാന്ത് മറനീക്കി പുറത്തു വരുന്നു. പൊതു ഇടങ്ങളിലെ ചര്‍ച്ചകളിലും എഴുത്തുകളിലും അതു പ്രകടമായിരുന്നു. എങ്കിലും, ഇത്തരം കേസുകള്‍ക്കൊടുവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കപ്പെടുന്നത് സന്തോഷകരമായ കാര്യം തന്നെ.

മതേരതര വിവാഹം സാധ്യമാണ്

1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് (Special Marriage Act) പ്രകാരം ആണ് വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടത്. മതം അനുശാസിക്കുന്ന ചടങ്ങുകള്‍ വഴിയല്ലാതെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതു തന്നെയാണ് നിയമപരമായി ഏക മാര്‍ഗം. വ്യത്യസ്ത ജാതിയിലും മതത്തിലുമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കുള്ള നിയമം 1872-ലാണ് രൂപം നല്‍കുന്നത്. ആ നിയമം പ്രകാരം, മതേതര വിവാഹം കഴിച്ചവര്‍ക്ക് സ്വന്തം മത വിശ്വാസം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അതു പരിഷ്‌കരിച്ച രൂപമാണ് ഇന്ന് കാണുന്ന സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്. എങ്കിലും നിയമം നിര്‍മ്മിക്കുന്ന കാലഘട്ടത്തെ കാഴ്ചപ്പാടുകള്‍ അനുസരിച്ചാണ് നിബന്ധനകള്‍ എഴുതപ്പെട്ടിട്ടുള്ളത് എന്ന് ഓര്‍ക്കുക. ഈ നിയമ പ്രകാരം, വിവാഹത്തിന് നല്‍കുന്ന അപേക്ഷ, സബ്-രജിസ്ട്രാര്‍ ഓഫീസില്‍ ആര്‍ക്കും എളുപ്പം കാണത്തക്ക രീതിയില്‍ മുപ്പത് ദിവസത്തേക്ക് പ്രദര്‍ശിപ്പിക്കണം എന്നാണ് ഒരു പ്രധാന ചട്ടം (സെക്ഷന്‍ 6). അതില്‍ വിവാഹം കഴിക്കുന്ന വ്യക്തികളുടെ പേരും വിലാസവും ഫോട്ടോയും അടങ്ങുന്ന വ്യക്തിഗത വിവരങ്ങള്‍ കാണും.

എല്ലാം ഡിജിറ്റല്‍ ആയിത്തുടങ്ങിയ മുറയ്ക്ക് കേരളത്തില്‍ ഈ അപേക്ഷ സമര്‍പ്പണവും ഓണ്‍ലൈനായി ചെയ്യാനുള്ള സൗകര്യം 2016 മുതല്‍ ലഭ്യമാണ്. എങ്കിലും, രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ മേല്‍പ്പറഞ്ഞ അപേക്ഷ (നോട്ടീസ്) പ്രദര്‍ശിപ്പിക്കുന്ന രീതിയും നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം, ‘ലൗ ജിഹാദ്’ ആരോപണം ഉന്നയിച്ചു കൊണ്ട് ചില സാമൂഹിക ദ്രോഹികള്‍ അപേക്ഷ നല്‍കിയവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും ശേഖരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുംവിധം പ്രചരിപ്പിക്കുകയുണ്ടായി. അത്തരത്തില്‍ ആരോപണം നേരിട്ട ആതിര-ഷമീം ദമ്പതികളുടെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ മാധ്യമങ്ങളിലെ ക്യാമ്പയിന്‍ മൂലം കേരള സര്‍ക്കാര്‍, അപേക്ഷയുടെ പകര്‍പ്പ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തലാക്കി. വിവാഹ നിയമങ്ങളെ അപേക്ഷിച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ മുപ്പത് ദിവസത്തെ നോട്ടിസ് പിരീഡിന്റെ യുക്തിയും അതോടെ കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പീഡനം

വധുവോ വരനോ താമസിക്കുന്ന പ്രദേശത്തെ സബ്-രജിസ്ട്രാര്‍ ഓഫീസില്‍ തന്നെ വേണം അപേക്ഷ നല്‍കേണ്ടതും പ്രസിദ്ധപ്പെടുത്തേണ്ടതും. മുപ്പത് ദിവസത്തിനുള്ളില്‍ ആര്‍ക്കു വേണമെങ്കിലും നിയമം അനുശാസിക്കുന്ന നിബന്ധനകള്‍ക്ക് വിരുദ്ധമാണ് വിവാഹമെങ്കില്‍ (വിവാഹിതരാകുന്നവര്‍ തമ്മില്‍ രക്തബന്ധം ഉണ്ടായിരിക്കുക, വിവാഹിതരാകുന്നവരില്‍ ഒരാള്‍ക്ക് പൂര്‍ണ മാനസികാരോഗ്യം ഇല്ലാതിരിക്കുക, ഔദ്യോഗികമായി വേര്‍പെടുത്താത്ത വിവാഹബന്ധം ഉണ്ടായിരിക്കുക, വധുവിന് 18-ഉം വരന് 21-ഉം വയസ്സ് തികയാതിരിക്കുക എന്നീ സാഹചര്യത്തില്‍) എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധിക്കും (സെക്ഷന്‍ 7). അങ്ങനെ വന്നാല്‍, പ്രസ്തുത അപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ബന്ധപ്പെട്ട മാര്യേജ് ഓഫീസര്‍ക്ക് ചുമതലയുണ്ട്.

നിരവധി തവണ, വിവിധ സംസ്ഥാനങ്ങളിലെ കോടതികളില്‍ സെക്ഷന്‍ 6 അടക്കം സ്പെഷ്യല്‍ മാര്യേജ് ആക്റ്റിലെ പല വകുപ്പുകള്‍ ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. നോട്ടിസ് പ്രസിദ്ധപ്പെടുത്തലും, വിവാഹത്തിനുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവസരവും ഇനിമേല്‍ നിര്‍ബന്ധമില്ല എന്ന അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ പ്രസ്താവന പ്രതീക്ഷ നല്‍കുന്നതാണ്. 2017-ലെ സുപ്രീംകോടതി വിധിയിലൂടെ സ്വകാര്യത (Privacy) ഒരു മൗലികാവകാശമായി അംഗീകരിച്ചതും പ്രസ്തുത നിയമത്തിനെതിരെ പലരും എടുത്തു കാണിക്കുന്നു. കോടതികള്‍ ഇക്കാര്യത്തില്‍ കാലാനുസൃത മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും വേണ്ട രീതിയില്‍ നടപടികള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരമായ കാര്യം. ആക്ടിലെ നടപടി ക്രമങ്ങള്‍ ന്യായവും യുക്തവുമാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം (സെക്ഷന്‍ 6ഉം 7ഉം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം).

വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തികളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനാണ് ഇങ്ങനെ ഒരു നിബന്ധന എന്നാണ് സര്‍ക്കാരിന്റെ വാദം. പക്ഷെ, ഇത്തരം നിബന്ധനകള്‍ മത വിവാഹങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട വസ്തുത. അല്ലെങ്കിലും വിവാഹത്തിന്റെ കാര്യത്തില്‍ ഇത്തരം വ്യക്തിഗത പരിശോധനകള്‍ വിവാഹം കഴിക്കുന്നവരുടെ സ്വന്തം ഉത്തരവാദിത്വമായിത്തന്നെ കാണേണ്ടതുള്ളൂ. അതിനാല്‍, സ്പെഷ്യല്‍ മാര്യേജ് വഴിയുള്ള വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ മാത്രമേ ആ വകുപ്പുകള്‍ സഹായിക്കൂ.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം തടസ്സങ്ങള്‍ നിറഞ്ഞതാണെന്നു കണ്ട്, മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കേണ്ടതിലേക്ക് പലരെയും നയിക്കുന്നു എന്ന് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വളരെ ശരിയുമാണ്. പൊതു വിവാഹ നടപടികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ നടപടികള്‍ പലര്‍ക്കും വലിയ കടമ്പകള്‍ നിറഞ്ഞതാണ്. കുടുംബവും നാട്ടുകാരും അറിയാതെ വ്യത്യസ്ത മതത്തില്‍ പെട്ട പ്രണയിതാക്കള്‍ വിവാഹത്തിന് മുതിരുമ്പോള്‍, എന്തു കൊണ്ടും സുഖമമായ രീതി, മതം മാറിയതിനു ശേഷം ചടങ്ങുകളോടെയുള്ള വിവാഹമാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകാം.

തലവേദനയായി മറ്റ് നിബന്ധനകളും

സെക്ഷന്‍ 6നും7നും അപ്പുറം, സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ മറ്റു നിബന്ധനകളും പ്രണയിതാക്കള്‍ക്ക് തലവേദനയാണ്. നോട്ടീസ് കൊടുക്കുന്നതിനു മുന്‍പുള്ള 30 ദിവസമെങ്കിലും പ്രസ്തുത ഓഫിസിന്റെ അധികാര പരിധിയില്‍ വരനോ വധുവോ താമസക്കാരായിരിക്കണം എന്നാണ് സെക്ഷന്‍ 5-ല്‍ പറയുന്നത്. ചുരുക്കത്തില്‍, അപേക്ഷകര്‍ താമസിക്കുന്ന പ്രദേശത്ത് വച്ചു മാത്രമേ വിവാഹം നടത്താവൂ എന്നാണ് പ്രായോഗികമായി നിയമം അനുശാസിക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണു വെട്ടിച്ച് സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം നടത്താന്‍ തുനിയുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ വെല്ലുവിളിയാണ്. ഇവയ്‌ക്കെല്ലാം പുറമെ, കേരളത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍, നല്‍കിയ അപേക്ഷയില്‍ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം എന്നും നിബന്ധനയുണ്ട്. പല ഓഫീസര്‍മാരും ഇതിനു മടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകളെല്ലാം അപേക്ഷയുടെ കൂടെ സമര്‍പ്പിക്കുമ്പോഴും ഇത്തരം പുതിയ ചട്ടങ്ങള്‍ എന്തിനാണെന്ന ചോദ്യം ഉയരുകയാണ്. ഇവയെല്ലാം, പ്രതിസന്ധികള്‍ നേരിട്ടും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരെ കൂടുതല്‍ കുഴപ്പത്തില്‍ ആക്കുകയെ ഒള്ളു.

ഭൂരിപക്ഷ സമൂഹത്തിന്റെ അംഗീകാരമുള്ള ചടങ്ങുകളോടെയുള്ള വിവാഹം ഒരു പുരുഷാധിപത്യ നിര്‍മ്മിതിയാണ്. അവിടെ മതവും സമൂഹവും ആണ് ഇടനിലക്കാര്‍. ഈ രീതിയില്‍ നാട്ടുകാരും വീട്ടുകാരും അംഗീകരിച്ച വിവാഹം ആഗ്രഹിക്കുന്നവര്‍ ഒരുപക്ഷേ ഭരണകൂടത്തിന്റെ ഇടപെടല്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. പക്ഷെ, വ്യക്തിഗതമായ ഉടമ്പടി എന്ന നിലയില്‍ ഏറ്റവും മികച്ച രീതി സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹമാണ്. വ്യക്തി സ്വാതന്ത്ര്യം കൂടുതല്‍ സംരക്ഷിക്കപ്പെടാനുള്ള സാധ്യതയും ഇതിലൂടെ തന്നെ. പക്ഷെ, അതിനു തടയിടുന്നത് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്ന ഭരണ വ്യവസ്ഥയാണ്. വിവാഹ പ്രായമായ രണ്ടു വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്നും, മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലെന്നുമുള്ള ഹാദിയ-ഷെഫിന്‍ ജഹാന്‍ കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധി ഇതിനോടാപ്പം കൂട്ടി വായിക്കണം. അത്യന്തം പ്രശംസനീയവും പ്രസക്തവും ആണ് ആ വിധി. മതം തിന്നു ജീവിക്കുന്ന രാജ്യത്തെ മതേതര ഭരണഘടന നല്കുന്ന പ്രതീക്ഷയാണത്. ഒരാള്‍ വിവാഹം കഴിക്കുന്ന വ്യക്തിയുടെ ഗുണദോഷങ്ങള്‍ വിവാഹം കഴിക്കേണ്ടവര്‍ തന്നെയാണ് പരിശോധന വിധേയമാക്കേണ്ടത്. പുറത്തു നിന്നുള്ളവര്‍ക്ക് അതില്‍ പറയത്തക്ക ഉത്തരവാധിത്വം ഇല്ല.

വ്യത്യസ്ത മതസ്ഥരുടെ വിവാഹത്തിന്റെ തടസ്സങ്ങള്‍ ലഘൂകരിക്കുന്നത് പോലെത്തന്നെ പ്രധാനമാണ് സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെടേണ്ട ആവശ്യകതയും. യഥാര്‍ഥത്തില്‍ ജാതി, മത, ലിംഗ ഭേദമന്യേയുള്ള സുഗമമായ വിവാഹങ്ങള്‍ സാധ്യമാകുന്ന രീതിയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. അത്തരത്തില്‍, അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്.

കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അപേക്ഷയും സര്‍ട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ചേര്‍ത്ത് 2000 രൂപയ്ക്കു താഴെ ചെലവോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകും. ലളിതമായും മതരഹിതമായും വിവാഹം നടത്താനുളള നല്ല സാധ്യതയായാണ് അതിനെ കാണേണ്ടത്. പുരുഷാധിപത്യത്തിലും അന്ധവിശ്വാസത്തിലും കുളിച്ചു നില്‍ക്കുന്ന മത വിവാഹങ്ങളെ തഴഞ്ഞുകൊണ്ട്, മാനവികത മാത്രം വിളിച്ചോതുന്ന വ്യക്തിബന്ധങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പ്രണയം സമൂഹ നിര്‍മ്മിതികള്‍ക്കും സാമ്പ്രദായിക കെട്ടുപാടുകള്‍ക്കുമപ്പുറം മാനവികതയിലേക്ക് നിര്‍വിഘ്നം ഒഴുകട്ടെ.


Leave a Reply

Your email address will not be published. Required fields are marked *