‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍


“ഇസ്ളാം ഭയം അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇസ്ലാമിക വര്‍ഗ്ഗീയതയെ കുറിച്ച്‌ വിമര്‍ശനാത്മകമായി ഒരക്ഷരം പറയാനോ എഴുതാനോ തുനിയുന്നവന്‍ പിന്നെ ഇടതല്ല, അവന്‍ പിന്നെ സംഘിയോ സയണിസ്റ്റോ അല്‍-മൈദയോ ആണ്. അതല്ലെങ്കില്‍ നേരത്തോട് നേരം ആകുന്നതിന് മുമ്പ് നിര്‍വ്യാജം തിരുത്തണം, മാപ്പ് പറഞ്ഞ് കുമ്പസരിക്കണം. അറിയപ്പെടുന്ന എല്ലാത്തരം വലതുപക്ഷ-ഫാഷിസ്റ്റ് ആശയങ്ങളുടെയും സൂപ്പര്‍മാര്‍ക്കറ്റായ ഇസ്ലാം എങ്ങനെയാണ് ഇടത് ആയത്?” – സി രവിചന്ദ്രന്റെ ‘തേളരുവി’ എന്ന പ്രഭാഷണത്തിന്റെ പ്രസ്‌കതഭാഗങ്ങള്‍ വായിക്കാം.

ഇടത് ഇസ്‌ലാം!

കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്‌ളാമാണ്. വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍. ഇസ്ലാമിനെ വര്‍ഗ്ഗീയമായും ഇസ്ലാമിക സാമ്രാജ്യത്വവാദത്തെ (ഉമ്മത്ത്, ഖിലാഫത്ത്) രാഷ്ട്രീയമായും പിന്തുണയ്ക്കുന്നവര്‍ മാത്രമാണ് കേരളത്തിലെ ഇടതുപക്ഷം. ലെഫ്റ്റ് തറവാടിത്തം ആഗ്രഹിക്കുന്നവരെല്ലാം ഇസ്ലാമിന് വിധേയപെട്ട് മാത്രം രാഷ്ട്രീയം പറയണം എന്നാണ് അലിഖിത നിയമം. എന്തൊക്കെ പുരോഗമനം പറഞ്ഞ് ചാടിക്കളിച്ചാലും ഇസ്ലാമിന് അടുത്ത് വരുമ്പോള്‍ കുതിര നില്‍ക്കണം, അവിടെ കിടന്ന് മെഴുകണം, എണ്ണ തേക്കണം – അത് ചെയ്തേ പറ്റൂ.

ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കുന്നവരാണെങ്കില്‍ ലോകത്ത് കാല്‍ ശതമാനം പോലുമില്ലാത്ത ജൂതജനതയുടെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ അവര്‍ വിളിക്കില്ലായിരുന്നു. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളോടൊപ്പമാണെങ്കില്‍ ഇസ്ലാം ഒഴികെയുള്ള ക്രൈസ്തവ-ബുദ്ധ-പാഴ്‌സി-ജൈന-ജൂത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അവര്‍ സമാനമായ തോതില്‍ ശബ്ദിക്കുമായിരുന്നു. ഇസ്ലാമാണ് മറുവശത്തെങ്കില്‍ അതി-ന്യൂനപക്ഷമായ പാഴ്‌സികളുടെ മേല്‍ കുതിര കയറാന്‍ പോലും അവര്‍ മടിക്കില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പീഡിതരുടെയും പക്ഷത്താണെങ്കില്‍ നൂറ്റാണ്ടുകളായി ലോകമെമ്പാടും വേട്ടയാടപെട്ട, ഏറ്റവുമധികം വിവേചനത്തിനും നിന്ദയ്ക്കും ഇരകളാകേണ്ടി വന്ന, ഹോളോകോസ്റ്റ് പോലുള്ള ഭീകരകൂട്ടക്കൊലകള്‍ക്ക് വിധേയമായ ജൂതജനതയ്‌ക്കെതിരെ അവര്‍ തിരിയുമായിരുന്നില്ല.

തരംകിട്ടിയാല്‍ അവരെ വിഴുങ്ങിയ ചരിത്രമേ ഇസ്ലാമിനുള്ളൂ. എന്നാല്‍ അവരെ ഒരു തരത്തിലും ദ്രോഹിക്കാത്തവരാണ് ജൂതര്‍. എന്നിട്ടും അവര്‍ ജൂതവിരോധം ഫാഷനായി കൊണ്ടു നടക്കുന്നു! സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണെങ്കില്‍ ഇറാനിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മതഭീകരതയ്ക്ക് എതിരായും അഫ്ഗാന്‍ വിസ്മയത്തില്‍ ഞെരിഞ്ഞമരുന്ന സ്ത്രീകള്‍ക്ക് വേണ്ടിയും അവര്‍ ശബ്ദമുയര്‍ത്തിയേനെ. അവിടെയെല്ലാം അവര്‍ മിണ്ടാത്തത് ഇസ്ലാമിനെ പേടിച്ചാണ്. ഭീകരവാദത്തിനും മനുഷ്യാവകാശലംഘനത്തിനും എതിരായിരുന്നെങ്കില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ നരഹത്യയെക്കുറിച്ച് നേര്‍ച്ചയായിട്ടെങ്കിലും ചെറിയൊരു വിമര്‍ശനം അവര്‍ ഉയര്‍ത്തുമായിരുന്നു. ഭീകരവാദികളില്‍ നിന്ന് നാട്ടുകാരെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകുമായിരുന്നു.

ഇസ്ളാം ഭയം അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇസ്ലാമിക വര്‍ഗ്ഗീയതയെ കുറിച്ച്‌ വിമര്‍ശനാത്മകമായി ഒരക്ഷരം പറയാനോ എഴുതാനോ തുനിയുന്നവന്‍ പിന്നെ ഇടതല്ല, അവന്‍ പിന്നെ സംഘിയോ സയണിസ്റ്റോ അല്‍-മൈദയോ ആണ്. അതല്ലെങ്കില്‍ നേരത്തോട് നേരം ആകുന്നതിന് മുമ്പ് നിര്‍വ്യാജം തിരുത്തണം, മാപ്പ് പറഞ്ഞ് കുമ്പസരിക്കണം. അറിയപ്പെടുന്ന എല്ലാത്തരം വലതുപക്ഷ-ഫാഷിസ്റ്റ് ആശയങ്ങളുടെയും സൂപ്പര്‍മാര്‍ക്കറ്റായ ഇസ്ലാം എങ്ങനെയാണ് ഇടത് ആയത്? ഇസ്ലാം പാശ്ചാത്യ ജനാധിപത്യ ചേരിക്കൊപ്പം കൂടി ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ച ഉറപ്പാക്കിയതാണോ?

അങ്ങനെയാകാനിടയില്ല. അവിടെയാണ് കമ്മ്യൂണല്‍ പൊളിറ്റിക്സിന്റെ ശക്തി മനസ്സിലാക്കേണ്ടത്. കേരളത്തിലെ ഇടതുപക്ഷം ഇസ്ലാമായതിന്റെ മുഖ്യകാരണം കമ്മ്യൂണല്‍ പൊളിറ്റിക്സിന് ഇവിടെ ലഭ്യമായ സമഗ്രാധിപത്യമാണ്.

വീഡിയോ ലിങ്ക്:
https://youtu.be/GobcHiFc-mw
തേളരുവി | When Religion parts with its poison | Ravichandran C | Scientia’23 | Bengaluru