ഒരു കഥൈ സൊല്ലട്ടുമാ… അതിനു മുന്‍പ് കഥയെക്കുറിച്ചു ഒരു നൂറു വാക്ക്… നമ്മള്‍ എല്ലാവരും ദിവസവും നടക്കാറുണ്ട്. മിക്കവാറും മനുഷ്യനിര്‍മിതമായ വഴികളിലൂടെ ആണ് നടത്തം. എല്ലാ വഴികളും മനുഷ്യനിര്‍മിതം ആണോ. എന്റെ നാട്ടില്‍ കുന്നിന്‍ പ്രദേശങ്ങളിലെ റബ്ബര്‍ തോട്ടങ്ങളിലൂടെ മനുഷ്യന്റെ നടത്തം മിക്കവാറും വഴിച്ചാലുകളിലൂടെ ആണ് (desire paths (Desire path – Wikipedia)). ആരും വെട്ടിയുണ്ടാക്കാതെ നിരന്തരമായ കാല്‍പാദസ്പര്‍ശം ഏല്‍ക്കാറുള്ള സ്ഥലങ്ങളില്‍ തന്നെത്താനെ തെളിഞ്ഞു വരുന്നതാണ് ഈ വഴികള്‍. മനുഷ്യനടക്കം പ്രകൃതിയില്‍ തന്നെത്താനെ ഉരുത്തിരിഞ്ഞു വരുന്ന എല്ലാത്തിനുമുള്ള പലവിധ ന്യൂനതകള്‍ ഈ വഴിച്ചാലുകള്‍ക്കും കാണും. പൊങ്ങിയും താണും ഉള്ള പ്രതലം, പലയിടത്തു പല വീതി തുടങ്ങി അങ്ങനെ പലതും. കുറേക്കാലം മുന്‍പ് എന്റെ നാട്ടില്‍ പലരോടും ഉള്ള സ്‌നേഹസംഭാഷണത്തില്‍ പ്രകൃതിയില്‍ സ്വാഭാവികം ആയി ഉരുത്തിരിഞ്ഞു വരുന്നതും, കൃത്യമായ ഡിസൈന്‍ ചെയ്തു നിര്‍മിക്കുന്ന കാര്യങ്ങളും തമ്മില്‍ ഉള്ള വ്യത്യാസത്തെക്കുറിച്ച് പറയാന്‍ പെട്ടെന്നുള്ള ഒരു ഉദാഹരണം എന്ന നിലയില്‍ ഞങ്ങടെ പ്രദേശത്തുള്ള വഴിച്ചാലുകളുടെയും പഞ്ചായത്ത് റോഡുകളുടെയും വ്യത്യാസങ്ങള്‍ ഞാന്‍ ഉപയോഗിക്കാറുണ്ടായിരുന്നു. പഞ്ചായത്ത് റോഡുകളും കുണ്ടും കുഴിയും നിറഞ്ഞത് അല്ലെ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്! ആ വിഷയം നമുക്ക് പിന്നീട് സംസാരിക്കാം.
പണ്ടേതോ കാലത്തു ഒരു കൊടും കാട്ടില്‍, ആദ്യമായി ജീവികള്‍ നടന്നു തുടങ്ങുമ്പോള്‍, അവിടത്തെ പ്രതലത്തിലെ ഓരോ ബിന്ദുവിലും പാദസ്പര്‍ശം ഏല്‍ക്കാന്‍ ഉള്ള ആദ്യകാല സാധ്യത വ്യത്യസ്തമായിരിക്കും. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാന്നിധ്യം, മറ്റു പ്രതിബന്ധങ്ങള്‍, മണ്ണിനടിയില്‍ പാറയുടെ സാന്നിധ്യകൊണ്ട് ചിലയിടങ്ങളില്‍ അടിക്കാടിനുള്ള ഉയരക്കുറവ് തുടങ്ങി പലവിധ ഘടകങ്ങള്‍ ഈ ആദ്യകാല സാധ്യതകളെ സ്വാധീനിക്കും. തൊട്ടടുത്ത ബിന്ദുക്കളിലേക്കു പാദസ്പര്‍ശം എത്താനുള്ള സാധ്യതയും സ്വാധീനിക്കും. പലവിധ പ്രേരണയാല്‍ പല ആവശ്യങ്ങള്‍ക്കായി ജീവികള്‍ സഞ്ചരിക്കും. സഞ്ചരിക്കുന്നവര്‍ക്കു തെളിഞ്ഞു വരാന്‍ സാധ്യതയുള്ള വഴിച്ചാലുകളെക്കുറിച്ചു ഒരു ധാരണയും ഉണ്ടാകില്ല. കോടാനുകോടി വര്‍ഷങ്ങളുടെ കാത്തിരിപ്പൊന്നും വേണ്ട, ഏതാനം ആഴ്ച്ചകള്‍ക്കകം പാദസ്പര്‍ശം ഏല്‍ക്കാന്‍ ഏറ്റവും സാധ്യതകൂടിയ ഇടങ്ങളെ കോര്‍ത്തിണക്കികൊണ്ട് വഴിച്ചാലുകള്‍ തെളിഞ്ഞുവരും. തെളിഞ്ഞു വരുന്ന വഴിച്ചാലുകളെക്കുറിച്ചു ചിന്തിച്ചിരുന്നപ്പോള്‍ എന്റെ മനസിലും ഒരു കഥ തെളിഞ്ഞു വന്നു. കുറേക്കാലം കയ്യില്‍ ഇരുന്ന ശേഷം, ഏതാനം വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാകൗമുദിയില്‍ അത് പ്രസിദ്ധീകരിച്ചു വന്നു. 1960 കളില്‍ കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തു ജീവിച്ചിരുന്ന കൊച്ചുകുഞ്ഞ് എന്ന നിരക്ഷരനായ റബ്ബര്‍ വെട്ടുകാരന്റെ ചിന്തകളിലൂടെ കഥ നീങ്ങുന്നു.
* * *
ഗാഗുല്‍ത്തക്കുന്ന്
താബോര്‍ഗിരിക്കാരന്‍ കൊച്ചുകുഞ്ഞിന്റെ മനസ് സദാ ജിജ്ഞാസകള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കും. എന്നും രാവിലെ അവനും ഭാര്യ തെയ്യാമ്മയും കൂടി കരാര്‍ എടുത്തിരിക്കുന്ന തോട്ടങ്ങളിലെ റബ്ബറു വെട്ടാന്‍ പോകും. തെയ്യാമ്മ ചിരട്ടകളിലെയും മരങ്ങളിലെയും വെട്ടുചാലിലെയും ഒട്ടുപാലുകള്‍ പറിച്ചെടുത്തു ചാക്കില്‍ ശേഖരിക്കും. പിന്നാലെ കൊച്ചുകുഞ്ഞ് വെട്ടുചാലിലെ മരത്തൊലികള്‍ ചെത്തി മാറ്റും. മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത യന്ത്രമനുഷ്യന്റെ കരങ്ങളില്‍ എന്നപോലെ കൊച്ചുകുഞ്ഞിന്റെ കയ്യില്‍ ഇരുന്നു കത്തി ചലിക്കും. ഏറ്റവും കൃത്യതയോടെ വെട്ടുചാലിലെ തൊലി ചെത്തി മാറ്റും. എന്നാല്‍ കൊച്ചുകുഞ്ഞിന്റെ മനസ് സദാ ജിജ്ഞാസപെട്ടുകൊണ്ടിരിക്കും. ഭൂമിയെക്കുറിച്ച്, ആകാശത്തെക്കുറിച്ച്, മരങ്ങളെയും ലതകളെയും കുറിച്ച്, പൂക്കളുടെയും കിളികളുടെയും സൗന്ദര്യത്തെക്കുറിച്ച്… അങ്ങനെ അങ്ങനെ പലതും. ഇടതടവില്ലാതെ കത്തിയും കൈകാലുകളും ചലിച്ചുകൊണ്ടിരിക്കുമ്പോഴും കൊച്ചുകുഞ്ഞ് ഒരു മൂന്നാം കണ്ണുകൊണ്ടു എല്ലാം സസൂക്ഷ്മം തീവ്രമായി വീക്ഷിക്കും. റബ്ബര്‍പാല്‍ തുള്ളികള്‍ മരത്തൊലികളില്‍ നിന്നടര്‍ന്നു കൂട്ടംചേര്‍ന്ന് ശക്തരായി വെട്ടുചാലിലൂടെ ഒഴുകി ചിരട്ടകളില്‍ വീഴുന്നത് കണ്ടു അവന്‍ ആശ്ചര്യപ്പെടും. ആ കാഴ്ച് അവനില്‍ കൂടുതല്‍ ശക്തിപ്രാപിച്ച ജിജ്ഞാസയുടെ മസ്തിഷ്‌കതരംഗങ്ങള്‍ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കും.
നിറഞ്ഞ ചിരട്ടകളില്‍ നിന്നും റബ്ബര്‍ പാലെടുത്തു കൊച്ചുകുഞ്ഞും തെയ്യാമ്മയും അലൂമിനിയം ബക്കറ്റില്‍ ശേഖരിച്ചു ആസിഡ് ചേര്‍ത്ത് ഉറകൂട്ടാന്‍ വയ്ക്കും. ഷീറ്റടിക്കാന്‍ നേരം ആകും വരെ അവന്‍ പ്രാതല്‍ കഴിച്ചു വിശ്രമിക്കും. തിണ്ണയില്‍ വിരിച്ച നെയ്തു പായയില്‍ കിടന്നുള്ള മയക്കത്തിനിടയില്‍ പുലര്‍കാലത്തെ ഓട്ട പ്രദക്ഷിണത്തിനിടയില്‍ മൂന്നാം കണ്ണ് ഒപ്പിയെടുത്ത കാഴ്ചകള്‍ ചിന്താമുകുളങ്ങളെ തീവ്രമായി ത്വരിതപ്പെടുത്തുംവിധം കൊച്ചുകുഞ്ഞിന്റെ മനസ് അയവെട്ടും. ആ മനോവ്യാപാരത്തിനിടയില്‍ അവനു ഒരുപാട് ഉള്‍വിളികളും വെളിപാടുകളും ലഭിക്കും. അവയെല്ലാം സീനായ് മാമലയില്‍ വച്ച് മോശാ പ്രവാചകന് ലഭിച്ച വെളിപാടുകള്‍ പോലെ വിശുദ്ധവും മികവുറ്റതും സമ്പൂര്‍ണവും ആണെന്ന് അവന്‍ കരുതിപ്പോന്നു.
കൊച്ചുകുഞ്ഞ് തന്റെ വെളിപാടുകളുടെ ഔന്നത്യത്തെ ഓര്‍ത്തു ചില നേരങ്ങളില്‍ കോരിത്തരിച്ചു നിന്നു. പുണ്യവാളന്മാരുടെയും പ്രവാചകന്മാരുടെയും പട്ടികയിലേക്ക് ഉയര്‍ത്തപ്പെടാന്‍ സാധ്യതയുള്ളവനാണ് അവനെന്നു ദൈവവിളിയാല്‍ ഉന്മാദസാന്ദ്രമായ മസ്തിഷ്‌കം അവനോടു മന്ത്രിച്ചു. പള്ളിയിലെ വികാരിയച്ചനെകണ്ട് തന്റെ വെളിപാടുകള്‍ അവതരിപ്പിച്ച് അദ്ദേഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി ആദിയും അന്തവും ഇല്ലാത്തവിധം ലൗകികസായൂജ്യം അനുഭവിക്കാന്‍ കൊച്ചുകുഞ്ഞു തീരുമാനിച്ചു. വികാരിയച്ചന്‍ തന്റെ ‘ളോഹ’കൂടാരത്തില്‍ പ്രത്യേകം വെഞ്ചരിച്ച ചരടില്‍ കെട്ടിയിട്ടിരുന്ന സഹസ്രം കുഞ്ഞാടുകളോട് കോളാമ്പി മൈക്കിലൂടെ കൊച്ചുകുഞ്ഞിന്റെ ആത്മീയ ഔന്യത്തത്തെ പറ്റി വിളിച്ചു പറയുന്നതായി അവന്‍ പകല്‍ കിനാവ് കണ്ടു. കുഞ്ഞാടുകള്‍ കരങ്ങള്‍ ഉയര്‍ത്തി വലിയ വായില്‍ അമറിക്കൊണ്ട് കൊച്ചുകുഞ്ഞിന്റെ മഹത്വം ഉത്ഘോഷിക്കുകയായിരുന്നു.
വികാരിയച്ചന്‍ ഫാദര്‍ ഗീവറീത് കപ്പളങ്ങാമരകാമ്പില്‍ ഒരു ശാന്തശീലനും വിനീതഹൃദയനും പരസഹായ തല്പരനും സര്‍വോപരി ഒരു പേരുകേട്ട കുടുംബക്കാരനും ആയിരുന്നു. ഇടവക ജനത്തിന്റെ സര്‍വത്ര വയറ്റിപ്പിഴപ്പു പ്രശ്‌നങ്ങളിലും ആത്മീയ ലൗകിക വ്യത്യാസമില്ലാതെ അദ്ദേഹം ഇടപെട്ടു പരിഹാരം ഉണ്ടാക്കിയിരുന്നു. എന്തിനേറെ പറയുന്നു ഇടവകയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ അന്യദൈവങ്ങളെ ആരാധിച്ചു കഴിഞ്ഞിരുന്ന വിജാതീയരായ മനുഷ്യജീവികളോട് ‘പോലും’അദ്ദേഹം കാരുണ്യം കാണിച്ചിരുന്നു..! ഗുട്ടന്‍ബെര്‍ഗിന്റെ അച്ചുനിരത്തി അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുന്‍പ് എഴുതപെട്ട വെറും 1200 പേജുള്ള വേദപുസ്തകത്തില്‍ അദ്ദേഹത്തിന് മൊട്ടകുന്നില്‍ അടിച്ച കുഴല്‍ക്കിണറിന്റെ ആഴത്തില്‍ അവലോസുണ്ടയുടെ കനത്തിന്റത്ര കുറയാത്തവിധം അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. ഗീവരീതച്ചനില്‍ സമ്പുഷ്ടമായിരുന്ന ദൈവത്തിന്റെ പ്രതിപൗരുഷം ഇടവകാതിര്‍ത്തിക്കപ്പുറം മലയിറങ്ങിയാല്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന താഴ്വാരങ്ങളില്‍ പോലും കേള്‍വിപ്പെട്ടിരുന്നു.
കൊച്ചുകുഞ്ഞ് ചെല്ലുമ്പോള്‍ അച്ചന്‍ വൈകുന്നേര പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ഇടവകയിലെ ഇളം കുഞ്ഞാടുകള്‍ ലൗകിക സുഖങ്ങളില്‍ അടിപ്പെട്ട് വേലിചാടി കൂട്ടം തെറ്റിപോകാതിരിക്കുവാന്‍ വേണ്ടി അച്ചന്‍ വടക്കുംചേരിയിലെ സഹനദാസനായ പുണ്യാളച്ചനോട് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയാണെന്നു കപ്യാര് മുരിക്കിന്‍ചോട്ടില്‍ മത്തായി അറിയിച്ചു.കാത്തിരിപ്പിന്റെ മുഷിപ്പ് മാറ്റുവാന്‍ വേണ്ടി കൊച്ചുകുഞ്ഞു പള്ളിമേടക്കൂ ചുറ്റിലുമായി നിലകൊണ്ടിരുന്ന ഏദന്‍ തോട്ടത്തില്‍ ചുറ്റി നടന്നു. ഏദന്‍ തോട്ടം സസ്യലതമൃഗാതികള്‍ കൊണ്ട് സമ്പുഷ്ടം ആയിരുന്നു. ഗിനിക്കോഴികളും നാടന്‍കോഴികളും വിവിധ ജേഴ്‌സികള്‍ ധരിച്ചു കാല്പന്തുകളി മൈതാനത്തു നില്‍ക്കുന്ന കളിക്കാരെപ്പോലെ നിലയുറപ്പിച്ച്, അവര്‍ വിതയ്ക്കാത്ത കൊയ്യാത്ത തെങ്ങിന്‍ ചുവടുകളില്‍ സദാ തീറ്റക്കായി ചിക്കിചികഞ്ഞു വിയര്‍പ്പൊഴുക്കികൊണ്ടിരുന്നു. കോവലും പയറും പടവലവും അല്‍ഫോന്‍സാ മാമ്പഴവും പാഷന്‍ഫ്രൂട്ടും മുട്ടപ്പഴവും എല്ലാം വൃക്ഷലതാകാണ്ഡങ്ങളില്‍ നിന്ന് ഉത്ഭവിച്ചു മിഴിവൊത്ത പള്ളിമണികള്‍ പോലെ തൂങ്ങി നിന്നു. തന്റെ ഇടവകനാഥന് വെഞ്ചരിച്ചു ചവച്ചരച്ചു അകത്താക്കാന്‍ വേണ്ടി കായ്കനികള്‍ വിലക്കപെടാതെ വിളഞ്ഞു നില്‍ക്കുന്നത് കണ്ട് കൊച്ചുകുഞ്ഞിലെ സത്യാവിശ്വാസി വറ്റാത്ത നീരുറവ പോലെ വെള്ളം ഇറക്കി സന്തോഷിച്ചു.
‘എന്നതാടാ കൊച്ചുകുഞ്ഞെ?’
കപ്പളങ്ങാമരക്കാമ്പില്‍ അച്ചന്റെ വിളികേട്ടു കൊച്ചുകുഞ്ഞ് ഞെട്ടിത്തിരിഞ്ഞു നോക്കി.’ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ’. കൊച്ചുകുഞ്ഞ് വിനയായന്വിതനായി ഇടവകനാഥനെ വണങ്ങി.
‘എന്നതാണ് മകനെ നീ പതിവില്ലാതെ പള്ളിമേടയില്‍’. കൊച്ചുകുഞ്ഞ് തെല്ലു സങ്കോചത്തോടെ അച്ഛനെ നോക്കി.
‘നിനക്ക് പ്രത്യേകിച്ച് എന്നോട് എന്തോ പറയാനുണ്ടല്ലേ’, അച്ചന്‍ ആരാഞ്ഞു.
‘ഉണ്ടച്ചോ’ കൊച്ചുകുഞ്ഞ് തെല്ലാശങ്കയോടെ ഗദ്ഗദചിത്തനായി മറുവചിച്ചു.
‘എന്നതാണ് മകനെ’
‘എനിക്ക് ചില വെളിപാടുകള്‍ ഒക്കെ ഉണ്ടച്ചോ’. എവിടെന്നോ കിട്ടിയ ധൈര്യത്തില്‍ കൊച്ചുകുഞ്ഞ് പറഞ്ഞു.
‘വെളിപാടുകളോ? നിനക്കോ?’ അച്ചന്‍ ചിരിച്ചുകൊണ്ട് ആശ്ചര്യപ്പെട്ടു.
‘ഉവ്വച്ചോ’
‘ആട്ടെ എന്നതാ നിന്റെ വെളിപാടുകള്‍?’
‘പ്രപഞ്ചത്തെക്കുറിച്ചും ഒടയതമ്പുരാനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമെല്ലാം ഒരുപാട് ചിന്തകള്‍ എന്റെ മനസ്സില്‍ തെകട്ടി വരുവാണച്ചോ’
‘ഓഹോ. കേള്‍ക്കട്ടെ നിന്റെ ചിന്തകള്‍’
കൊച്ചുകുഞ്ഞ് ആവേശഭരിതനായി. തന്റെ വെളിപാടുകള്‍ കേട്ടശേഷം തനിക്കു അച്ചനില്‍ നിന്ന് ലഭിക്കുവാന്‍ പോകുന്ന പ്രശംസാ വചനങ്ങള്‍ക്കായി അവന്റെ മനസ്സ് ദാഹിച്ചു. അവന്റെ അധരങ്ങള്‍ ക്ഷുരകന്റെ കയ്യിലിരിക്കുന്ന കത്രികയുടെ ഇതളുകളുടെ വേഗതയില്‍ തൊട്ടും വിട്ടും ചലിക്കുവാന്‍ തുടങ്ങി. പറഞ്ഞു മുഴുവിപ്പിക്കാനുള്ള ആവേശത്തില്‍ വാക്യങ്ങള്‍ പലകുറി മുറിഞ്ഞു പോയി. ദീര്‍ഘകാലം കൊണ്ട് തനിക്കു ലഭിച്ച വെളിപാടുകള്‍ എല്ലാം ഒന്നൊഴിയാതെ ഗീവരീതച്ചനെ പറഞ്ഞു കേള്‍പ്പിക്കാന്‍ അവന്‍ പരിശ്രമിച്ചു.അതിലവന്‍ ഒരു പരിധിവരെ വിജയിച്ചതായി പറഞ്ഞു മുഴുവിപ്പിക്കുമ്പോള്‍ കൊച്ചുകുഞ്ഞിനു തോന്നി. കൊച്ചുകുഞ്ഞ് പറഞ്ഞവസാനിക്കുമ്പോള്‍ ഗീവറീത്തച്ചന്റെ മനസ് തെല്ലു അരക്ഷിതമായി. അദ്ദേഹം ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് കൊച്ചുകുഞ്ഞിനെ നോക്കി മന്ദഹസിച്ചു. എന്നിട്ടു ശാന്തനായി പരിപാവനമായ തന്റെ മുന്‍വിധി അരുള്‍ ചെയ്തു.
‘മകനെ, കുടുംബത്തില്‍ പിറക്കാത്ത പുതുക്രിസ്ത്യാനിയായ റബ്ബറുവെട്ടുകാരന് ലഭിക്കുന്നതാണോ ദൈവം തമ്പുരാനെ കുറിച്ചുള്ള വെളിപാടുകള്‍?’ കൊച്ചുകുഞ്ഞിനു തന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ മുഴുവന്‍ മുത്തുമാല പൊട്ടിയത് പോലെ ഒന്നിച്ചടര്‍ന്നു നിലത്തു വീഴുന്നതായി അനുഭവപെട്ടു. അവന്റെ നടുവ് വില്ല് പോലെ വളഞ്ഞു. തൊണ്ണൂറു റബ്ബര്‍ ഷീറ്റ് ഒന്നിച്ചടിച്ചപ്പോള്‍ എന്നപോലെ അവന്റെ മുഖം വിയര്‍ത്തു കുളിച്ചു. നമ്രശിരസ്‌കനായി, വിഷണ്ണചിത്തനായി, അവന്‍ പാതിരിക്കു മുന്‍പില്‍ നിന്നു.
ഗീവരീതച്ചന്‍ അനുതാപത്തോടെ കൊച്ചുകുഞ്ഞിന്റെ തോളത്തു കൈവച്ചു. അപകര്‍ഷതാ ബോധത്താല്‍ നനഞ്ഞ മിഴികളോടെ അവന്‍ അച്ചന്റെ മുഖത്ത് നോക്കി.
‘ഒടയതമ്പുരാനെക്കുറിച്ചു നിനക്ക് അറിയണോ?’അച്ചന്‍ ചോദിച്ചു.’ആ ആ’ ഗദ്ഗദചിത്തനായി, യാന്ത്രികമായി കൊച്ചുകുഞ്ഞു പ്രതിവചിച്ചു.
‘അതിനു നീ ചിന്തിച്ചു തല പുണ്ണാക്കുന്നതു എന്നാത്തിനാ? ദൈവത്തിന്റെ വചനം നിനക്ക് മതിയാവോളം പറഞ്ഞു തരാനല്ലേ ഞാനിവിടെ ഉള്ളത്’. പിതൃ വാത്സല്യത്തോടെ അച്ചന്‍ കൊച്ചുകുഞ്ഞിനെ ഉപദേശിച്ചു.
വേദപുസ്തക പഠനത്തിനായുള്ള സ്ഥലവും സമയവും ഗീവരീതച്ചനുമായി പറഞ്ഞു നിശ്ചയിച്ചശേഷം കൊച്ചുകുഞ്ഞ് പള്ളിമേടയുടെ പടികള്‍ ഇറങ്ങി നടന്നു. തന്നെപ്പോലൊരുവന് വിധിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ ഭ്രാന്തന്‍ ചിന്തകളില്‍ ഏര്‍പെട്ടതിന്റെ മൗഢ്യത്തെ ഓര്‍ത്തു മടക്കനടത്തില്‍ ഉടനീളം അവന്റെ മനസ് നീറിപുകഞ്ഞുകൊണ്ടിരുന്നു. തന്നെപ്പോലെ നിസ്വരായ മനുഷ്യരാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ ആദ്യം പ്രവേശിക്കുക എന്ന് പോരുന്നതിനു മുന്‍പ് അച്ചന്‍ പറഞ്ഞതോര്‍ത്തു അവന്‍ വീണ്ടും വീണ്ടും ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. ദൈവവചന സംബന്ധമായ പഠനങ്ങളും ചിന്തകളും എല്ലാം തീര്‍ത്തും വിജനമായ സ്ഥലത്തു ഏകാഗ്രമായ മനസോടെ വേണമെന്ന് ഗീവരീതച്ചന് നിര്‍ബന്ധം ആയിരുന്നു. ഓരോ കുഞ്ഞാടിനെയും ദൈവവചനത്താല്‍ സമ്പുഷ്ടമാക്കാന്‍ അച്ചന്‍ പുതുമയുള്ള ഇടങ്ങള്‍ തിരഞ്ഞെടുത്തു. ഉടയതമ്പുരാന്റെ തിരുവിഷ്ടം ഗീവരീതച്ചന്റെ മനതൃപ്തിയായി ഭവിച്ചതിന്റെ ഫലം ആയി കൊച്ചുകുഞ്ഞിന്റെ വചനപഠനത്തിനായി ഗാഗുല്‍ത്താകുന്ന് തെരഞ്ഞെടുക്കപ്പെട്ടു.
പള്ളിത്തറയില്‍ വിരിച്ച പച്ചപരവതാനി പോലെ പടര്‍ന്നു കിടന്ന വയലേലകള്‍ക്കു നടുവില്‍ ഒരു ബലിപീഠം പോലെ ഗാഗുല്‍ത്താകുന്ന് നിലകൊണ്ടു. കുറവിലങ്ങാട് മൂന്ന് നൊയമ്പ് കപ്പല്‍പ്രദക്ഷിണത്തിന് എത്തുന്ന പുരുഷാരത്തെ ഓര്‍മ്മപെപടുത്തും വിധം കുറ്റിക്കാടുകളും മുള്‍പടര്‍പ്പുകളും അവിടാകെ തഴച്ചു വളര്‍ന്നിരുന്നു. ശതാവരി, ഞെരിഞ്ഞില്‍ തുടങ്ങിയ മൃദു ചര്‍മധാരികള്‍ മുള്‍പടര്‍പ്പുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നും പടര്‍ന്നു കയറിയും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. പാറക്കെട്ടുകളില്‍ വേരുതട്ടി വളര്‍ച്ച മുരടിച്ച വൃക്ഷങ്ങൾ മലയോരങ്ങളില്‍ വനം കയ്യേറി സ്ഥാപിച്ച കുരിശടികളുടെ ശൗര്യത്തോടെ എഴുന്നു നിന്നു. ഇവയെല്ലാം ചേര്‍ന്ന് അരാജകത്വം തീര്‍ത്ത ഗാഗുല്‍ത്താക്കുന്നിന്റെ ഉള്‍പരപ്പുകളിലും അതിരുകളിലുമായി കാക്കത്തൊള്ളായിരം അനിശ്ചിതത്വങ്ങള്‍ കോടാനുകോടി വരഷങ്ങളായി ആഗ്രഹ പൂര്‍ത്തീകരണത്തിനായുള്ള നിമിഷം കാത്തിരുന്നു.
അന്ന് കൊച്ചുകുഞ്ഞിനു തിരുമുറ്റത്തു ഔതക്കുട്ടിച്ചായന്റെ പറമ്പിലായിരുന്നു വെട്ട്. റബ്ബര്‍ ഷീറ്റടിച്ചു ഉണക്കാന്‍ ഇട്ടതിനു ശേഷം ഔതക്കുട്ടിച്ചായന്റെ വിറകുപുരയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വച്ച് കുളിച്ചു, കയ്യില്‍ കരുതിയ അലക്കി തേച്ച വസ്ത്രങ്ങള്‍ ധരിച്ചു. തിരുമുറ്റത്തു വീടിന്റെ കല്ലുകള്‍ ഇളകി ദുര്‍ബലമായ, എന്നാല്‍ പാരമ്പര്യഗുണം വേണ്ടുവോളം ഉള്ള കല്‍പ്പടവുകള്‍ ഇറങ്ങി വയല്‍ വരമ്പിലൂടെ ഗാഗുല്‍ത്തക്കുന്ന് ലക്ഷ്യം ആക്കി നടന്നു. പടവുകള്‍ ഇറങ്ങുമ്പോള്‍ തെന്നി തെറിച്ചു കിടന്ന കൂര്‍ത്ത കരിങ്കല്‍ ശകലങ്ങളില്‍ തട്ടി കാലില്‍ മുറിവേല്‍ക്കാതിരിക്കാന്‍ അവന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ആത്മീയസംഭാഷണത്തിനായി ഗാഗുല്‍ത്താകുന്നിന്റെ ഉച്ചിയിലെ പാറക്കെട്ടില്‍ എത്താനാണ് ഗീവരീതച്ചന്‍ നിഷ്‌കര്‍ഷിച്ചിരുന്നത്.
വയല്‍ വരമ്പിലൂടെ ഗാഗുല്‍ത്താക്കുന്ന് തീര്‍ത്ത അക്കരപ്പച്ച ലക്ഷ്യമാക്കി നടന്നു കുന്നിന്റെ തെക്കുഭാഗത്തു കൊച്ചുകുഞ്ഞ് എത്തിചേര്‍ന്നു. കുറ്റിക്കാടുകള്‍ നിറഞ്ഞ കുന്നിനു മുകളിലേക്ക് സഞ്ചരിക്കാന്‍ ഒരു വഴിയും കൊച്ചുകുഞ്ഞിന്റെ കണ്ണില്‍ പെട്ടില്ല. എന്നിരുന്നാലും കുന്നിന്റെ അതിര്‍വരമ്പുകളില്‍ നിന്ന് കൊണ്ട് ഒരു കൂട്ടം അനിശ്ചിതത്വങ്ങള്‍ മിഴിവും ശക്തിയും കാട്ടി അവനെ ആകര്‍ഷിക്കാന്‍ മത്സരിച്ചു. കൂട്ടത്തില്‍ ഏറ്റവും ശക്തി പ്രകടിപ്പിച്ച ഒന്നിന്റെ പ്രേരണയാല്‍ കൊച്ചുകുഞ്ഞ് ഗാഗുല്‍ത്താക്കുന്നിലേക്കു ചാടിക്കയറി. അതിനു പിന്നാലെ ഒരായിരം സംഭാവ്യതകള്‍ ഒന്നൊന്നായി പ്രത്യക്ഷപെട്ടു അവനെ മുകളിലേക്ക് നയിച്ചു. കുറ്റിക്കാടുകളെയും മുള്പടര്‍പ്പുകളെയും മരക്കമ്പുകൊണ്ടു അടിച്ചൊതുക്കിയും വള്ളിപ്പടര്‍പ്പുകളെയും പുല്‍ക്കൂട്ടങ്ങളെയും വകഞ്ഞു മാറ്റിയും കൊച്ചുകുഞ്ഞു മുന്നേറി.
കുന്നിന്‍ മുകളില്‍ മേല്‍ത്തരം ഉടയാടകളും ഷൂസും ധരിച്ചെത്തിയ കപ്പളങ്ങാമരകാമ്പില്‍ അച്ചന്‍ പീഠരൂപത്തില്‍ രൂപാന്തരം സംഭവിച്ച ഒരു വലിയ പാറപ്പുറത്ത് അവനെയും കാത്തിരിക്കുകയായിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷനായ പുരോഹിതന്റെ ശരീരം കേടുകൂടാതെ സംരക്ഷിക്കേണ്ടത് ഉടയതമ്പുരാന്റെ നിശ്ചയം ആണെന്ന് കൊച്ചുകുഞ്ഞിനു ചെറുപ്പത്തിലേ മനസ്സില്‍ ഉറച്ചുപോയ പ്രപഞ്ചസത്യം ആയിരുന്നു. ഒരു വലിയ മുള്ളുമുരിക്കിന്റെ കീഴില്‍ മുരടിച്ചു നിന്ന അത്തിമരതൈ പോലെ താഴെ കിടന്ന ഒരു ചെറു കല്ലില്‍ അവന്‍ ഇരുന്നു.
ഗീവരീതച്ചന്‍ വേദപുസ്തകം തുറന്നു. ഉത്പത്തിപുസ്തകം എടുത്തു ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടി എന്ന ഗംഭീരകൃത്യത്തെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി.
‘ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴങ്ങളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവം അരുള്‍ ചെയ്തു. വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചത്തെ ഇരുളില്‍ നിന്ന് വേര്‍തിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിന് രാത്രിയെന്നും പേരിട്ടു.’
കൊച്ചുകുഞ്ഞ് എല്ലാം സശ്രദ്ധം കേട്ടിരുന്നു. അച്ചന്റെ വായില്‍ നിന്നും അടര്‍ന്നു വീണ വാക്യങ്ങള്‍ ഞൊടിയിടയില്‍ ദൃശ്യങ്ങളായി കൊച്ചുകുഞ്ഞിന്റെ മനസ്സില്‍ അരങ്ങേറി. ദൃശ്യങ്ങളെല്ലാം അലിഞ്ഞു ഇടകലര്‍ന്നു ഒരു ചായക്കൂട്ടായി കൊച്ചുകുഞ്ഞിന്റെ ലക്ഷക്കണക്കിന് വരുന്ന നാഡീ കോശങ്ങളിലൂടെ ഒഴുകി. ഉത്തേജിതാവസ്ഥയില്‍ അവന്റെ ചിന്തയില്‍ ഉടലെടുത്ത ഒരു ചോദ്യം, അവനു തടയാന്‍ കഴിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കണ്ഠത്തില്‍ നിന്നടര്‍ന്നു ഗാഗുല്‍ത്താകുന്നിന്റെ അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കപ്പെട്ടു.
‘വെളിച്ചത്തിനു ഒരു ഉറവിടം വേണ്ടേ അച്ചോ?’
വായിച്ച വാക്യങ്ങള്‍ക്കു ഒരുപാട് കാല്പനികമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ വെമ്പി നിന്ന ഗീവരീതച്ചന്‍ ഷോക്ക് വേലിയില്‍ തട്ടിയ കാട്ടുപോത്തിനെ പോലെ തരിച്ചു നിന്നു.
‘നീയാണോ അച്ചന്‍, അതോ ഞാനാണോ അച്ചന്‍. വേദപുസ്തകം പഠിക്കുമ്പോഴാണോ ധിക്കാരം കാണിക്കുന്നത്.’ -അച്ചന്‍ രോഷപ്പെട്ടു. മനസ്സില്‍ ഉദിച്ച ചോദ്യത്തെ തടുക്കാന്‍ കഴിയാത്തതില്‍ കൊച്ചുകുഞ്ഞിനു കടുത്ത കുറ്റബോധം തോന്നി. ഇടനയില കൊണ്ടുണ്ടാക്കിയ കുമ്പിളില്‍ പൊതിഞ്ഞെടുക്കാന്‍ അത്രമാത്രം ഉണ്ടായിരുന്ന ബൈബിള്‍ വാക്യങ്ങള്‍ക്കു ഗീവരീതച്ചന്‍ പൂത്തുലഞ്ഞ ഇടനമരത്തോളം വ്യാഖ്യാനങ്ങള്‍ ചമച്ചു.
ചോദ്യങ്ങള്‍ ഗീവരീതച്ചന് അലോസരം ഉണ്ടാകാതിരിക്കാന്‍ മസ്തിഷ്‌കത്തില്‍ ബാരിക്കേഡുകള്‍ തീര്‍ത്തുകൊണ്ടു കൊച്ചുകുഞ്ഞ് കേട്ടിരുന്നു. അച്ചന്റെ പ്രഭാഷണം നന്നായി പുളിച്ച തെങ്ങിന്‍ കള്ള് മാതിരി കൊച്ചുകുഞ്ഞ് ആസ്വദിച്ചു. ദൈവത്തിന്റെ ആദ്യദിന ചെയ്തികളുടെ വ്യാഖ്യാനം പല സായാഹ്നങ്ങളിലേക്കു നീണ്ടു. ഞെരിഞ്ഞമര്‍ന്ന കുറ്റിക്കാടുകള്‍ക്കു ഇടയില്‍ നിന്നും ഓരോ ദിനവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ശക്തരില്‍ ശക്തരായ അനിശ്ചിതത്വങ്ങള്‍ അവനെ സമ്മേളന സ്ഥലമായ പാറക്കെട്ടിലേക്കു നയിച്ചു. ഒരു ദിനം ഗാഗുല്‍ത്താക്കുന്നിന്റെ മുകളില്‍ അച്ചനേയും കാത്തിരിക്കുമ്പോള്‍ കൊച്ചുകുഞ്ഞ് താന്‍ വന്ന വഴിയിലേക്ക് നോക്കി.
നിരന്തരമായ പാദസ്പര്‍ശത്താല്‍ നിലത്തോടുചേര്‍ന്നുള്ള പുല്‍പ്പടര്‍പ്പുകളില്‍ ഇടതടവില്ലാതെ ദ്വാരങ്ങള്‍ വീണു അടിയിലെ ചെമ്മണ്ണ് ദൃശ്യം ആയിരിക്കുന്നു. താഴെ വയല്‍ മുതല്‍ ഗാഗുല്‍ത്താക്കുന്നിന്റെ ഉച്ചിവരെ നീളുന്ന തന്റെ സഞ്ചാരപഥത്തില്‍ വീണ ദ്വാരങ്ങളുടെ നിര അവന്‍ സസൂക്ഷ്മം ശ്രദ്ധിച്ചു. അത്യപൂര്‍വ്വസുന്ദരമായ ഒരത്ഭുതത്തിന്റെ നേര്‍ക്കാഴ്ച്ച കൊണ്ടെന്നവണ്ണം കൊച്ചുകുഞ്ഞിന്റെ മൂന്നാം കണ്ണ് ഒന്നാമതായി ഇമവെട്ടി. ദ്വാരങ്ങള്‍ ദീര്‍ഘവൃത്ത രൂപികളായ ചെമ്മണ്ണിന്റെ നിറമുള്ള സൂക്ഷ്മ ജീവികളായി രൂപാന്തരം പ്രാപിച്ചു മന്ദം മന്ദം കുന്നിന്‍ മുകളിലേക്ക് ചലിക്കുന്ന കാഴ്ച മൂന്നാംകണ്ണിലൂടെ കണ്ടു അവന്റെ മനസ് ആശ്ചര്യാനുഭൂതികള്‍കൊണ്ട് നിറഞ്ഞുകവിഞ്ഞു.
കൊച്ചുകുഞ്ഞിനായുള്ള ഗീവറീതച്ചന്റെ വേദപുസ്തക പാരായണം അഭംഗുരം തുടര്‍ന്നു. രണ്ടാം ദിനവും മൂന്നാം ദിനവും അരങ്ങേറിയ ദൈവത്തിന്റെ സൃഷ്ടിപരമായ ജാലവിദ്യകളിലേക്കു അത് നീണ്ടു. തന്റെ വ്യാഖ്യനങ്ങള്‍ക്കു മിഴിവും സ്വാധീനശക്തിയും പകരാന്‍ അച്ചന്‍ ചില പള്ളിപ്പാട്ടുകള്‍ പാടി. സംഗീതപ്രേമിയായ കൊച്ചുകുഞ്ഞ് അതെല്ലാം വേണ്ടുവോളം ആസ്വദിച്ചു. കൊച്ചുകുഞ്ഞിന്റെ തല ചോദ്യങ്ങളുടെ അതിസാന്ദ്രത കൊണ്ട് വീര്‍പ്പുമുട്ടി. കുന്നിന്റെ ഉച്ചിയിലേക്കുള്ള യാത്രയില്‍ അവന്റെ ചരണചലനങ്ങളെ നിയന്ത്രിച്ചിരുന്ന അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പകര്‍ന്ന പോഷകത്തികവില്‍ അവന്റെ മനസ്സില്‍ ഉദിച്ചിരുന്ന ചോദ്യങ്ങള്‍ കൂടുതല്‍ ശക്തരായി ബാരിക്കേഡുകള്‍ പൊട്ടിച്ചു സ്വതന്ത്രരാകുവാന്‍ തുടങ്ങി. ചോദ്യങ്ങള്‍ സെബാസ്‌റ്യാന്യൂസ് പുണ്യാളന്റെ മേല്‍ തറച്ച കൂരമ്പുകള്‍ പോലെ ഗീവറീതച്ചന്റെ വികാരത്തില്‍ ചെന്ന് തറച്ചു. അമ്പുതറച്ചുണ്ടായ മുറിവുകളില്‍ നിന്ന് പാതിരിയുടെ ആത്മധൈര്യം ചോരത്തുള്ളികളായി പുറത്തേക്കു ഒഴുകി. ഏകനായി ഇരുന്നിരുന്ന കൊച്ചുകുഞ്ഞിന്റെ മുന്‍പില്‍ പോലും അയാള്‍ക്ക് സഭാകമ്പം അനുഭവപെട്ടു തുടങ്ങി.
അന്നാളുകളില്‍ നടന്ന ഒരു ഞായറാഴ്ച്ച കുര്‍ബാനക്ക് ഇടയ്ക്കു കൊച്ചുകുഞ്ഞ് അള്‍ത്താരയില്‍ നിന്ന് സ്തുതിഗീതങ്ങള്‍ ആലപിച്ചിരുന്ന ഗീവരീതച്ചനെ നോക്കി. നെടുനീളന്‍ ളോഹയാലും കുര്‍ബാന സമയത്തു ധരിക്കുന്ന മിന്നിത്തിളങ്ങുന്ന മേല്‍ക്കുപ്പായത്താലും അയാള്‍ പൊതിഞ്ഞു വച്ചിരുന്ന ചിതലരിച്ചു ദുര്‍ബലം ആയിക്കൊണ്ടിരുന്ന ശരീരം കൊച്ചുകുഞ്ഞിന്റെ മൂന്നാം കണ്ണ് കണ്ടു. അങ്ങനെയിരിക്കെ ഗീവറീതച്ചന്‍ നാലാം ദിനത്തിലെ സൃഷ്ടികര്‍മത്തിലേക്കു കടന്നു.
‘ദൈവം അരുള്‍ ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശ വിതാനത്തില്‍ പ്രകാശം ഉണ്ടാകട്ടെ. ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്. രാത്രിയെ നയിക്കാന്‍ ചെറുത്. നക്ഷത്രങ്ങളെയും സൃഷ്ടിച്ചു.’
അസ്തമയ സമയം ആഗതമായതു വിസ്മരിച്ചുകൊണ്ടു സൂര്യന്‍ കൊച്ചുകുഞ്ഞിന്റെ തലയ്ക്കു മുകളില്‍ കത്തിജ്വലിച്ചു. ഉലപോലെ ചുട്ടുപഴുത്ത അവന്റെ മസ്തിഷ്‌കത്തില്‍ നിന്നും പച്ചിരുമ്പ് അടിച്ചു പരത്തി ഉണ്ടാക്കിയ ഏറുകത്തിയുടെ രൂപത്തില്‍ ആ ചോദ്യം തെറിച്ചു ചാടി.
‘അപ്പോള്‍ ആദ്യദിനമുണ്ടായ വെളിച്ചം എവിടെനിന്നു വന്നച്ചോ???’
തികട്ടി വന്ന അരിശം മറച്ചുകൊണ്ട് ഗീവരീതച്ചന്‍ സ്വല്‍പ്പനേരം ചിന്തിച്ചു. എന്നിട്ടു സ്‌നേഹം നടിച്ചുകൊണ്ടു ശാന്തനായി മൊഴിഞ്ഞു.’വെളിച്ചമെന്ന സങ്കല്‍പമാടാ ആദ്യ ദിനം ഉണ്ടായത്’
ആ മറുപടി കൊച്ചുകുഞ്ഞിന്റെ ജ്വലിച്ചു നിന്ന ചിന്താമണ്ഡലത്തില്‍ കറണ്ടുകമ്പിയില്‍ ചെമ്പോത്തെന്നപോലെ ചെന്ന് തട്ടി കുത്തനെ നിലം പതിച്ചു നിശ്ചലം ആയി. ചത്തുവീണ ചെമ്പോത്തിന്റെ മുകളില്‍ ചവിട്ടി നിന്ന്‌കൊണ്ട് അവന്‍ ചോദിച്ചു.’സങ്കല്‍പം ആരുടെ മനസ്സില്‍ ആണച്ചോ ഉണ്ടായത്. ദൈവത്തിന്റെയോ?’
‘ദൈവത്തിന്റെ…’ ഗീവരീതച്ചന്‍ തപ്പിത്തടയുന്നതിനിടക്ക് കൊച്ചുകുഞ്ഞു അടുത്ത ചോദ്യം തൊടുത്തു.
‘ദൈവത്തിന്റെ മനസ്സില്‍ ആ സങ്കല്‍പം ഉണ്ടായതുകൊണ്ടല്ലേ അച്ചോ അങ്ങേരു വെളിച്ചത്തിന്റെ ആവശ്യത്തെക്കുറിച്ചു ചിന്തിച്ചത്?’
ഇത്തവണ ഗീവരീതച്ചന്‍ പിടിവിട്ടു പൊട്ടിത്തെറിച്ചു. ‘നീ ഈ അല്പജ്ഞാനിയുടെ വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കാതിരിക്കൂ. സൃഷ്ടികര്‍മത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പാതിവഴിയില്‍ എത്തി നില്‍ക്കുമ്പോഴാണ് അവന്റെ ഓരോ ചോദ്യങ്ങള്‍. മുഴുവന്‍ കഴിയുമ്പോള്‍ എല്ലാം മനസിലാകും. ക്ഷമയോടെ കേട്ടിരിക്കാന്‍ ശീലിക്കു ആദ്യം.’
അച്ഛന്റെ വെപ്രാളം കണ്ടപ്പോള്‍ ഉള്ളില്‍ നിന്ന് കുതിച്ചു കയറിവന്ന പൊട്ടിച്ചിരി നന്നേ വിഷമിച്ചു ഒരു ചെറു മന്ദഹാസമായി കൊച്ചുകുഞ്ഞ് പരുവപ്പെടുത്തി. പതിഞ്ഞ സ്വരത്തില്‍ ഗീവരീതച്ചന്‍ തന്റെ വ്യാഖ്യാനങ്ങള്‍ തുടര്‍ന്നു. തീര്‍ത്തും ധൈര്യശാലിയായി മാറിയിരുന്ന കൊച്ചുകുഞ്ഞിന്റെ മുഖത്ത് നോക്കുമ്പോഴെല്ലാം അയാള്‍ക്ക് കണ്ഠം ഇടറി.
അന്നത്തെ ആത്മീയഭാഷണത്തിനു ശേഷം കൊച്ചുകുഞ്ഞ് കുന്നിറങ്ങി. സഞ്ചാരപഥത്തില്‍ അവന്റെ കാല്‍ചവിട്ടേറ്റ് പുല്ലുകള്‍ പതിഞ്ഞുപോയ സ്ഥലങ്ങളില്‍ നിലകൊണ്ടിരുന്ന അനിശ്ചിതത്വങ്ങള്‍ക്കു നിശ്ചിതമായൊരവസ്ഥ കൈ വന്നു. ഭീകരരൂപിണികളായി രൂപമാറ്റം സംഭവിച്ച അവയെ കണ്ടു ഭയന്നതു നിമിത്തം പുതുവഴികളിലൂടെ കൊച്ചുകുഞ്ഞിനെ നയിക്കാന്‍ വെമ്പി നിന്നിരുന്നവ തലപൊക്കാതെ കുറ്റിക്കാടുകളുടെ മറയില്‍ പതുങ്ങിയിരുന്നു. സഞ്ചാരപഥത്തില്‍ വീണ ചെറുദ്വാരങ്ങള്‍ക്കിടയിലെ പുല്‍പ്പടര്‍പ്പിന്റെ വേര്‍തിരിവുകള്‍ പലഭാഗത്തും ഇല്ലാതായത് നിമിത്തം കൂടുതല്‍ വലുപ്പവും നീളവും ഉള്ള ദ്വാരങ്ങള്‍ ഉടലെടുത്തു. കുന്നിറങ്ങിയ കൊച്ചുകുഞ്ഞ് തിരിഞ്ഞു നിന്ന് തന്റെ സഞ്ചാരപഥത്തിലൂടെ കുന്നിന്‍ മുകളിലേക്ക് നോക്കി. മരക്കുരിശും ചുമന്നു മലയാറ്റൂര്‍ മലകയറിയിറങ്ങിയപ്പോള്‍ കണ്ട പെരിയാറിലെ ഓളങ്ങളുടെ ഓര്‍മയില്‍ അവന്റെ മൂന്നാം കണ്ണ് രണ്ടാമതായി ഇമവെട്ടി. ചെമ്മണ്ണ് നിറത്തിലുള്ള നീളത്തിലുള്ള ദ്വാരങ്ങള്‍ ചെമ്പല്ലികളായി രൂപാന്തരം പ്രാപിച്ചു നിരയായി അണിനിരന്നു വയല്‍പ്പരപ്പിലേക്കു നീന്തിവരുന്ന കാഴ്ചകണ്ടു അവന്‍ അത്ഭുതം കൂറി. ജലജീവികളെയും പക്ഷികളെയും സൃഷ്ടിച്ച ദൈവത്തിന്റെ അഞ്ചാം ദിന ചെയ്തികളെക്കുറിച്ചു ഗീവരീതച്ചന്‍ സംസാരിക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു.
തുടര്‍ന്നുള്ള സായാഹ്നങ്ങളില്‍ കൊച്ചുകുഞ്ഞിന്റെ സംശയങ്ങള്‍ തീര്‍ത്ത ഇടിമുഴക്കം ഗാഗുല്‍ത്താകുന്നിനെ പിടിച്ചു കുലുക്കി മണ്ണില്‍ വിള്ളല്‍ വീഴ്ത്തി. തുടര്‍ന്ന് പെയ്ത പേമാരിയില്‍ ശൗര്യത്തോടെ ഉയര്‍ന്നു നിന്നിരുന്ന ചെറുവൃക്ഷങ്ങള്‍ ചിലയിടങ്ങളില്‍ വേരറ്റു നിലത്തു വീണു. തണുത്തു ഘനീഭവിച്ച മഴവെള്ളത്താല്‍ നനഞ്ഞു കുതിര്‍ന്ന ഗീവരീതച്ചന്‍ വിറയാര്‍ന്ന ചുണ്ടുകളോടെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച കഥ പറഞ്ഞു. കഥ അവസാനിക്കുമ്പോള്‍ മനുഷ്യ രൂപത്തിലുള്ള വന്ദ്യ വയോധികനായ ദൈവമെന്ന പുരുഷരൂപത്തെ കൊച്ചുകുഞ്ഞ് കണ്ടു. അദ്ധേഹത്തെ കണ്ടു അത്ഭുതം കൂറിയ കൊച്ചുകുഞ്ഞ് ചോദിയ്ക്കാന്‍ പാടില്ലാത്ത ആ ചോദ്യം ചോദിച്ചു.
‘അപ്പോള്‍ ദൈവത്തെ ആരുണ്ടാക്കി അച്ചോ?’
ഒരു സത്യവിശ്വാസി ഒരിക്കലും ചോദിയ്ക്കാന്‍ പാടില്ലാത്ത ആ ചോദ്യം കേട്ട് പകച്ചുപോയ ഗീവരീതച്ചന്‍ വെറുപ്പുകൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളോടെ കൊച്ചുകുഞ്ഞിനെ നോക്കി. എന്നിട്ടു വേദപുസ്തകം മടക്കി കയ്യില്‍ പിടിച്ചു മടങ്ങി നടന്നു.
‘അച്ചന്‍ പോകുവാണോ?’ കൊച്ചുകുഞ്ഞു ചോദിച്ചു. നടത്തം നിര്‍ത്തിയ ഗീവരീതച്ചന്‍ സ്വല്‍പ്പനേരം ചിന്താമഗ്‌നനായി നിന്നു. എന്നിട്ടു തിരിഞ്ഞു കൊച്ചുകുഞ്ഞിനു നേരെ ഗര്‍ജ്ജിച്ചു.
‘നീയിതിനനുഭവിക്കുമെടാ ധിക്കാരി. ഇഹലോകത്തും പരലോകത്തും’
തെല്ലും സങ്കോചചിത്തനാകാതെ നിസ്സംഗതാ ഭാവത്തില്‍ കൊച്ചുകുഞ്ഞ് അച്ചന്റെ ശാപവാക്കുകള്‍ കേട്ടുനിന്നു. തള്ളക്കോഴിയുടെ കൊത്തു കൊണ്ടു പറന്നകലുന്ന കാക്കയെ പോലെ ഗീവറീതച്ചന്‍ നടന്നകന്നു.
അച്ചന്‍ പോയശേഷം കൊച്ചുകുഞ്ഞ് തന്റെ സഞ്ചാരപഥത്തിനരികില്‍ വന്നു താഴേക്ക് നോക്കി. അവശേഷിച്ച പുല്‍നാമ്പുകള്‍ നിരന്തരമായ പാദസ്പര്ശത്താല്‍ ഞെരിഞ്ഞമര്‍ന്നു ഇല്ലാതായിരിക്കുന്നു. ചെമ്മണ്ണ് കാല്‍ച്ചവിട്ടേറ്റു ഉറച്ചു മിനുസപ്പെട്ടിരിക്കുന്നു. കുറ്റിക്കാടുകള്‍ക്കും മുള്‍പടര്‍പ്പുകള്‍ക്കും ഇടയിലൂടെ തെളിഞ്ഞുവന്ന മഞ്ചട്ടിയുടെ പുറംപോലെ മിനുസപ്പെട്ട മണ്‍പാത അസ്തമയ സൂര്യന്റെ ലോലമായ രശ്മികളുടെ പ്രതിഫലനത്താല്‍ മിന്നിത്തിളങ്ങി. ആ തിളക്കം ആസ്വദിച്ച് ചിന്താമഗ്‌നനായി നില്‍ക്കെ കൊച്ചുകുഞ്ഞിന്റെ മൂന്നാം കണ്ണ് മൂന്നാമതായി ഇമവെട്ടി. രൂപപ്പെട്ട വഴിയുടെ വണ്ണത്തിലും നീളത്തിലും ഉള്ള ഒരു ചുവന്ന പെരുമ്പാമ്പ് കുന്നിന്‍ മുകളിലേക്ക് ഇഴഞ്ഞു കയറുന്നതു അവന്‍ കണ്ടു. പെരുമ്പാമ്പിന്റെ തൊലിപ്പുറത്തുകൂടി നടന്നു മിനുത്ത ചെമ്മണ്ണിന്റെ ചരുവുകളില്‍ വഴുതി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച് കൊച്ചുകുഞ്ഞ് കുന്നിറങ്ങി.
താഴെയിറങ്ങുമ്പോള്‍ കൊച്ചുമകളെയും ഒക്കത്തിരുത്തി വയല്‍ വരമ്പിലൂടെ നടന്നു നീങ്ങുന്ന പെണ്ണമ്മയെ കൊച്ചുകുഞ്ഞു കണ്ടു.
‘ഈ വഴി ആരാ ഉണ്ടാക്കിയത് അമ്മാമ്മേ?’
ഗാഗുല്‍ത്താകുന്നില്‍ രൂപപ്പെട്ട വഴിച്ചാല് നോക്കി ആലിസ്‌പെണ്ണ് പെണ്ണമ്മയോടു ചോദിച്ചു. ഗാഗുല്‍ത്താകുന്നിന്റെ അങ്ങേകരയില്‍ ഔതക്കുട്ടിച്ചായന്റെ വീടിരിക്കുന്ന കുന്നു ചൂണ്ടിക്കൊണ്ട് പെണ്ണമ്മ പറഞ്ഞു.
‘മോളെ ആ കുന്നില്‍ ഒരു അപ്പാപ്പന്‍ ഉണ്ട്. ആ അപ്പാപ്പന്‍ മണ്‍വെട്ടി കൊണ്ട് വെട്ടി ഉണ്ടാക്കിയതാ’
പ്രപഞ്ചോത്പത്തി മുതല്‍ പ്രയോഗത്തില്‍ ഉള്ള, കല്‍പ്പാാന്തകാലത്തോളം പ്രയോഗിക്കപ്പെടാനും പോകുന്ന ആ നിമിഷോക്തി കേട്ട് കൊച്ചുകുഞ്ഞു തരിച്ചുനിന്നു.
‘പൊട്ടത്തി തള്ള! കൊച്ചിനെ പറ്റിക്കുവാ’. കൊച്ചുകുഞ്ഞു കോപാകുലനായി. കോപാഗ്‌നിയില്‍ അവന്റെ മുടിയിഴകള്‍ മരുഭൂമിയുടെ കേന്ദ്രബിന്ദുവിലുള്ള കുടിലിന്റെ വൈക്കോല്‍ മേല്‍ക്കൂര പോലെ ചുട്ടു പഴുത്തു. ഏറ്റം കട്ടിയുള്ള സൂര്യരശ്മികളാല്‍ വൈക്കോലുകള്‍ ഞെരിഞ്ഞമര്‍ന്നു കുടിലിനു തീ പിടിച്ചു. തീയാളിപ്പടര്‍ന്ന കുടിലില്‍ നിന്നും കര്‍ത്താവ് ഈശോ മിശിഹാ പരിശുദ്ധ ത്രിത്വത്തിലെ മറ്റ് അംഗങ്ങളോടൊപ്പം പ്രാണരക്ഷാര്‍ത്ഥം ഇറങ്ങിയോടി. മുക്കുറ്റു മുക്കോടി വിജാതീയ ദൈവങ്ങള്‍ ഉരുകി പിടിക്കാന്‍ തുടങ്ങിയ മിന്നിത്തിളങ്ങുന്ന പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു പുറകെ ഓടി. ബ്രഹ്‌മ പരബ്രഹ്‌മ സിദ്ധാന്തങ്ങളും വൈരുദ്ധ്യാത്മക ഭൗതികവാദവും കൊച്ചുകുഞ്ഞിനോടു അയിത്തം പ്രഖ്യാപിച്ചു അകന്നുമാറി. മരുഭൂമിയിലെ മനുഷ്യപ്രവാചകര്‍ എല്ലാം മനുഷ്യ സഹജമായ ഭയം നിമിത്തം മണ്‍തിട്ടകളുടെ മറയില്‍ നിന്നുകൊണ്ട് രംഗം വീക്ഷിച്ചു.
ആള്‍ഭാരമില്ലാത്ത സ്വതന്ത്രമായ ശിരസോടെ ആശ്വാസമനസ്‌കനായി കൊച്ചുകുഞ്ഞു നടന്നു. സത്യത്തിന്റെ വശ്യതയില്‍ ഉന്മത്തനായ അവന്‍ കൂടുതല്‍ ജിജ്ഞാസുവായി കാഴ്ചകള്‍ കണ്ടു. തന്റെ കാഴ്ചകള്‍ക്ക് തെളിമയും വ്യക്തതയും വരുത്താന്‍ കൊച്ചുകുഞ്ഞു നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.