“വൻകിട നാവികസേനകളില്ലാതെ തന്നെ കടൽ യുദ്ധത്തിന്റെ ഗതി മാറ്റാൻ യുക്രെയ്‌നിന് സാധിക്കുന്നു എന്നത് ലോകത്തെ ഞെട്ടിക്കുന്ന ഒന്നാണ്. ഡ്രോണുകളുടെ കൂട്ടമായ ആക്രമണങ്ങൾ പരമ്പരാഗത കടൽ യുദ്ധ രീതികളെ തന്നെ പാടെ തിരുത്തിയെഴുതുകയാണ്.”
കഴിഞ്ഞ ജൂണിൽ ഡ്രോണുകൾ എങ്ങനെയാണ് ആകാശയുദ്ധത്തിന്റെ ഗതിവിഗതികൾ മാറ്റാൻ പോകുന്നത് എന്ന വിഷയത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ഇനി അത്തരത്തിൽ കടലിൽ എന്താണ് നടക്കുന്നത് എന്ന് നോക്കാം.
രണ്ടാം ലോകമഹായുദ്ധകാലത്ത് മുന്നറിയിപ്പില്ലാതെ യുദ്ധക്കപ്പലുകളെ മുക്കിത്തിാഴ്ത്തിയിരുന്ന അദൃശ്യ വേട്ടക്കാരായിരുന്നു നാസികളുടെ യു-ബോട്ടുകൾ (U-boats). കൂട്ടമായി വന്നു ആക്രമിക്കുന്ന ഈ നിശബ്ദ കൊലയാളികൾ അറ്റ്‌ലാന്റിക് സമുദ്രത്തെ ഒരു ശ്മശാനമാക്കി മാറ്റി. വിദേശത്ത് നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ബ്രിട്ടന്റെ ചരക്ക് നീക്കം തടസ്സപ്പെടുത്തി അവരെ കീഴടങ്ങാ
ൻ നിർബന്ധിക്കുക എന്നതായിരുന്നു ജർമ്മനിയുടെ ലക്ഷ്യം. 1942 ആയപ്പോഴേക്കും മാസം തോറും ഏകദേശം 160 കപ്പലുകളെ യു-ബോട്ടുകൾ മുക്കിക്കൊണ്ടിരുന്നു. വെള്ളത്തിനടിയിലൂടെ സഞ്ചരിച്ചിരുന്നതിനാൽ അന്നത്തെ പഴയ സോണാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്തുക പ്രയാസമായിരുന്നു. യുദ്ധക്കപ്പലുകളെ മാത്രമല്ല, സാധാരണ ചരക്ക് കപ്പലുകളെയും എണ്ണക്കപ്പലുകളെയും ഇവ ലക്ഷ്യം വെച്ചു. 1942-ൽ അമേരിക്കൻ തീരങ്ങളിൽ കാര്യമായ പ്രതിരോധമില്ലാതെ 485 കപ്പലുകളെയാണ് ഇവ തകർത്തത്. ഇത് അമേരിക്കൻ നാവികസേന നേരിട്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. യു-ബോട്ടുകളുടെ ആക്രമണങ്ങളിൽ മുപ്പതിനായിരത്തിലധികം കപ്പൽ ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ജർമ്മൻ നാവികസേന അവരുടെ സന്ദേശങ്ങൾ അയക്കാൻ എനിഗ്മ (Enigma) എന്ന യന്ത്രമാണ് ഉപയോഗിച്ചിരുന്നത്. ഇത് അതീവ രഹസ്യമായ കോഡുകളായിരുന്നു. എന്നാൽ ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങിന്റെ (Alan Turing) നേതൃത്വത്തിൽ ഈ കോഡുകൾ തകർക്കാൻ സാധിച്ചു. ഇതോടെ യു-ബോട്ടുകൾ എവിടെയാണെന്നും അവരുടെ അടുത്ത ലക്ഷ്യം എന്താണെന്നും മുൻകൂട്ടി അറിയാൻ സഖ്യകക്ഷികൾക്ക് കഴിഞ്ഞു. ഇത് ബ്രിട്ടീഷ് സഖ്യകക്ഷികളുടെ വിജയത്തിന് നിർണ്ണായകമായി.
കഴിഞ്ഞ ഡിസംബറിൽ യുക്രെയ്‌നിന്റെ സുരക്ഷാ സേന (SBU) അവരുടെ ‘Sub Sea Baby’ എന്ന വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഡ്രോണുകൾ റഷ്യയുടെ 400 മില്യൺ ഡോളർ വിലയുള്ള ഒരു മുങ്ങിക്കപ്പലിനെ ആക്രമിച്ചു തകർത്തതായി അവകാശപ്പെട്ടു. റഷ്യയിലെ നോവോറോസിസ്ക് തുറമുഖത്ത് വെച്ചായിരുന്നു ഈ ആക്രമണം. സ്വന്തമായി കൊള്ളാവുന്നൊരു നാവികസേന പോലുമില്ലാത്ത യുക്രെയ്ൻ വെറും 20,000 തൊട്ട് 250,000 ഡോളർ വരെ മാത്രം ചിലവുള്ള ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഈ ഡ്രോണുകൾ കൂട്ടമായി എത്തി വൻകിട യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും ആക്രമിക്കുന്നത് കടൽ യുദ്ധത്തിന്റെ രീതികളെ തന്നെ മാറ്റിമറിക്കുന്നതാണ്.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ മെഷീൻ ഓഫാകുന്നത് സങ്കൽപ്പിച്ചു നോക്കൂ. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ വീട്ടുകാരെ വിളിക്കാൻ നോക്കിയാൽ ഫോണിൽ റേഞ്ചുമില്ല. നമ്മുടെ ഇന്റർനെറ്റ് ഡാറ്റയുടെ 95 ശതമാനത്തിലധികം, അതായത് ഇമെയിലുകൾ, ബാങ്ക് ഇടപാടുകൾ, ചാറ്റ് ജിപിടി അന്വേഷണങ്ങൾ എന്നിവയെല്ലാം കടൽത്തട്ടിൽ കിടക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയാണ് സഞ്ചരിക്കുന്നത്. 2023 ഫെബ്രുവരിയിൽ തായ്‌വാനിലെ മത്സു ദ്വീപിലുള്ള 14,000 ആളുകൾക്ക് നേരിടേണ്ടി വന്നത് ഇത്തരമൊരു അവസ്ഥയാണ്. ചൈനീസ് കപ്പലുകൾ കടലിനടിയിലുള്ള ഇൻ്റർനെറ്റ് കേബിളുകൾ തകർത്തതിനെത്തുടർന്ന് ഒരു മാസത്തോളം അവിടെ ഇൻ്റർനെറ്റ് നിലച്ചു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് രണ്ട് വട്ടം പോയി വരാനുള്ള ദൂരത്തിൽ ഇൻ്റർനെറ്റ് കേബിളുകൾ ഇന്ന് കടലിനടിയിലുണ്ട്. എന്നാൽ ഇവ അതീവ സുരക്ഷിതമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ തായ്‌വാനിലെ ഇൻ്റർനെറ്റ് കേബിളുകൾ മുപ്പതോളം തവണയാണ് മുറിക്കപ്പെട്ടത്. ബാൾട്ടിക് കടലിലെ കേബിളുകൾക്കും സമാനമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. പൂർണ്ണമായി തെളിയിക്കാനായില്ലെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ രീതിയിലുള്ള ഒരു അട്ടിമറി നീക്കമായി ഇതിനെക്കാണാം.
അമേരിക്കയിലെ വമ്പൻ ടെക് കമ്പനികളായ മെറ്റ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവരാണ് ഇപ്പോൾ കടലിനടിയിലെ ഡാറ്റാ കേബിളുകളിൽ 70 ശതമാനത്തിലധികം നിയന്ത്രിക്കുന്നത്. ഇതിൽ തന്നെ ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ. Project Waterworth എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് 31,000 മൈൽ നീളമുണ്ടാകും; ഇതിന്റെ നിർമ്മാണ ചിലവ് ഏകദേശം 10 ബില്യൺ ഡോളറാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായി മാറുന്ന ഇത്തരം കേബിളുകൾ നിർമ്മിക്കാൻ കോടിക്കണക്കിന് രൂപ ചിലവാക്കുമ്പോൾ, അവ സംരക്ഷിക്കാനും അതുപോലെ തന്നെ പണം ചിലവാക്കേണ്ടതുണ്ട്.
കടൽ സുരക്ഷയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമ്മിക്കുന്ന ചില കമ്പനികളെ പരിചയപ്പെടാം.
1. SARONIC TECHNOLOGIES
മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന സ്വയംനിയന്ത്രിത (Autonomous) ബോട്ടുകളുടെ ഒരു വലിയ നിര തന്നെ സരോണിക് എന്ന കമ്പനി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. നിരീക്ഷണ ആവശ്യങ്ങൾക്കായി അവർ നിർമ്മിച്ചതാണ് 6 അടി നീളമുള്ള ‘Spyglass’ എന്ന കൊച്ചു ഡ്രോൺ. യുക്രെയ്‌നിന്റെ സബ് സീ ബേബിയെ പോലെ സാറോണിക്കിന്റെ ഡ്രോൺ ബോട്ടുകളും റിമോട്ട് കൺട്രോൾ വഴിയാണ് പ്രവർത്തിക്കുന്നത്. സുരക്ഷിതമായ ഒരു ബങ്കറിൽ ഇരുന്നു കൊണ്ട് ഉപഗ്രഹ സഹായത്തോടെ ഒരു മനുഷ്യനാണ് ഈ ബോട്ട് നിയന്ത്രിക്കുന്നത്.
ഇതിനുപുറമെ, മനുഷ്യരില്ലാതെ 1,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന 24 അടി നീളമുള്ള ‘Corsair’ എന്ന ബോട്ടും അവർക്കുണ്ട്. ഇവയിലേറ്റവും കരുത്തൻ ‘Marauder’ ആണ്. 150 അടി നീളവും 40 ടൺ ഭാരവുമുള്ള, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഭീമൻ കപ്പലിന് ഒരു മാസത്തിലധികം മനുഷ്യന്റെ ഇടപെടലില്ലാതെ കടലിൽ തുടരാൻ സാധിക്കും.
2. ANDURIL INDUSTRIES
ഏകദേശം ഒരു സ്‌കൂൾ ബസ്സിന്റെ വലിപ്പമുള്ള ‘Ghost Shark’ ആൻഡുറിൽ എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഒരു സ്വയംനിയന്ത്രിത മുങ്ങിക്കപ്പലാണ്. ആഴ്ചകളോളം കടലിന്റെ ആഴങ്ങളിൽ തങ്ങാനും, ശത്രുക്കളുടെ മൈനുകൾ കണ്ടെത്താനും മുങ്ങിക്കപ്പലുകളെ വേട്ടയാടാനും ഇതിന് സാധിക്കും.
ഈ സ്വയംനിയന്ത്രിത കപ്പൽ ആകാശത്തേക്ക് ഒരു ഡ്രോൺ അയക്കുന്നു. ആ ഡ്രോൺ ശത്രുവിനെ കണ്ടെത്തുകയും കടലിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന മുങ്ങിക്കപ്പലിന് സന്ദേശം നൽകുകയും ചെയ്യുന്നു. ഉടനെ മുങ്ങിക്കപ്പൽ ഒരു ടോർപിഡോ തൊടുത്തുവിട്ട് ശത്രുവിനെ തകർക്കുന്നു. ഈ ഡ്രോണും മുങ്ങിക്കപ്പലും ടോർപിഡോയും ആൻഡുറിൽ കമ്പനി ഇതിനോടകം തന്നെ നിർമ്മിച്ചു കഴിഞ്ഞു. ‘Lattice’ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ലാപ്ടോപ്പിലൂടെ വിദൂരത്തിരുന്ന് ഇതെല്ലാം നിയന്ത്രിക്കാൻ ഒരു മനുഷ്യന് സാധിക്കും.
നിരീക്ഷണത്തിനും ആക്രമണങ്ങൾക്കുമായി ‘Ghost Shark’ സ്വയംനിയന്ത്രിത അന്തർവാഹിനികൾക്കായി ഓസ്‌ട്രേലിയ 110 കോടി ഡോളർ ചിലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
3. ULYSSES
കൊളംബിയൻ നാവികസേന അടുത്തിടെ മനുഷ്യരില്ലാത്ത ഒരു മയക്കുമരുന്ന് കടത്തുന്ന മുങ്ങിക്കപ്പൽ പിടികൂടി. ഇതിൽ ഒരു സ്റ്റാർലിങ്ക് ഡിഷ് ഘടിപ്പിച്ചിരുന്നു. കൂടാതെ 1.5 ടൺ കൊക്കെയ്ൻ 800 മൈലിലധികം ദൂരം എത്തിക്കാൻ ഇതിന് ശേഷിയുണ്ടായിരുന്നു. പിടിക്കപ്പെടുന്ന ഓരോ ബോട്ടുകൾക്കും പകരമായി പത്തെണ്ണമെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുപോകുന്നുണ്ടാകാം. മനുഷ്യരെ ഉപയോഗിച്ച് ഇത്രയും വിശാലമായ സമുദ്രം നിരീക്ഷിക്കുക അസാധ്യമാണ്. ഇവിടെയാണ് ‘Ulysses എന്ന കമ്പനി കടന്നുവരുന്നത്.
കടലിന്റെ ഉപരിതലത്തിലും ആഴങ്ങളിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന സ്വയംനിയന്ത്രിത വാഹനങ്ങളാണ് യുലിസീസ് വികസിപ്പിക്കാൻ ശ്രമിക്കുന്നത്. എവിടെയും പോകാനും എന്ത് ജോലിയും ചെയ്യാനും കഴിയുന്ന രീതിയിലാണ് ഇവരുടെ അണ്ടർവാട്ടർ ഡ്രോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ‘മദർഷിപ്പ്’ (Mothership) എന്ന പ്രധാന കപ്പൽ നാല് ചെറിയ ‘ഡോട്ടർ’ (Daughter) ഡ്രോണുകളെ വഹിക്കുന്നു. ഈ ചെറിയ ഡ്രോണുകൾ കടലിന്റെ ആഴങ്ങളിലേക്ക് പോയി ജോലി പൂർത്തിയാക്കിയ ശേഷം തിരികെ മദർഷിപ്പിലെത്തി ചാർജ് ചെയ്യും.
പ്രതിരോധ മേഖലയിലെ വമ്പൻ കമ്പനികൾ നിർമ്മിക്കുന്ന സമാനമായ സംവിധാനങ്ങൾക്ക് കോടിക്കണക്കിന് രൂപ ചിലവ് വരുമ്പോൾ, യുലിസീസ് പത്തിരട്ടി കുറഞ്ഞ ചിലവിൽ ഇവ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്നു. ലക്ഷക്കണക്കിന് ഡ്രോണുകൾ കടലിലിറക്കി, ഒരു ആപ്പ് വഴി ആർക്കും ഇവ വാടകയ്ക്ക് എടുക്കാൻ കഴിയുന്ന ഒരു സാഹചര്യം ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
4. POSEIDON AEROSPACE
1960-കളിലെ ശീതയുദ്ധകാലത്ത്, സോവിയറ്റ് യൂണിയൻ കപ്പലിന്റെയും വിമാനത്തിന്റെയും ഒരു സങ്കരരൂപമായ ‘Caspian Sea Monster’ എന്ന ഭീമൻ വാഹനങ്ങൾ നിർമ്മിച്ചിരുന്നു. ‘Ground Effect’ എന്ന പ്രതിഭാസം ഉപയോഗപ്പെടുത്തി, ഇവ കടൽ ഉപരി
തലത്തിന് തൊട്ടുമുകളിലുള്ള വായുപാളിയിലൂടെ തെന്നി നീങ്ങുന്നു. ഉപരിതലത്തോട് ചേർന്ന് പറക്കുന്നത് വായുവിന്റെ തടസ്സം കുറയ്ക്കാനും വേഗത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഇതിന്റെ ഗുണം ഒരു യുദ്ധവിമാനത്തെപ്പോലെ വേഗത്തിൽ സഞ്ചരിക്കാനും സ്പീഡ് ബോട്ടിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നീങ്ങാനും ഇതിന് കഴിയും. കൂടാതെ വളരെ താഴ്ന്നു പറക്കുന്നതിനാൽ റഡാറുകൾക്ക് ഇവയെ കണ്ടെത്തുക പ്രയാസമാണ്. ഈ സാങ്കേതികവിദ്യയെ ‘Ekranoplan’ എന്നാണ് വിളിച്ചിരുന്നത്.
ഇന്ന് Poseidon എന്ന കമ്പനി ഈ പഴയ സാങ്കേതികവിദ്യയെ ‘Seagull’ എന്ന പേരിൽ പുതിയ രൂപത്തിലേക്ക് വികസിപ്പിക്കുകയാണ്. 13 അടി നീളമുള്ള ഈ വാഹനത്തിന് 120 മൈൽ ദൂരം സഞ്ചരിക്കാൻ കഴിയും. കപ്പലിനേക്കാൾ വേഗത്തിലും വിമാനത്തേക്കാൾ കുറഞ്ഞ ചിലവിലും സാധനങ്ങൾ എത്തിക്കാൻ ഇതിന് സാധിക്കും. ഇതിന് പ്രത്യേകം റൺവേകളോ തുറമുഖങ്ങളോ ആവശ്യമില്ല. കടൽത്തീരത്തോ ദ്വീപുകളിലോ നേരിട്ട് ഇറങ്ങാൻ ഇതിന് കഴിയും.
5. AMIDON HEAVY INDUSTRIES
ഇന്ന് കടലിനടിയിലുള്ള പൈപ്പ് ലൈനുകളോ കേബിളുകളോ പരിശോധിക്കണമെങ്കിൽ, മനുഷ്യർ നിയന്ത്രിക്കുന്ന ഒരു വലിയ കപ്പൽ വാടകയ്‌ക്കെടുക്കണം. ഇതിന് ദിവസം ഏകദേശം 2 ലക്ഷം ഡോളർ ചിലവ് വരും. ഈ സാഹചര്യം മാറ്റാനായി Amidon Heavy Industries കടൽത്തട്ടിനായി ഒരു പ്രത്യേക ‘സെക്യൂരിറ്റി ക്യാമറ’ നിർമ്മിക്കുകയാണ്. കടലിനടിയിലെ കേബിളുകൾ, പൈപ്പ് ലൈനുകൾ, എണ്ണക്കിണറുകൾ എന്നിവ പരിശോധിക്കാനാണ് അമിഡോണിന്റെ റോബോട്ട് ബോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവരുടെ ആദ്യത്തെ ബോട്ട് 18 അടി നീളമുള്ള ഒരു സ്വയംനിയന്ത്രിത വാഹനമായിരിക്കും. ഇതിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഡ്രോൺ ഉപയോഗിച്ച് കടലിന്റെ ആഴങ്ങളിൽ പരിശോധന നടത്താം. ഒരാഴ്ചയോളം തുടർച്ചയായി കടലിൽ കഴിയാൻ ശേഷിയുള്ള ഈ ബോട്ടിന്, അട്ടിമറി നീക്കങ്ങൾ നടത്തുന്നവരെ കണ്ടെത്താനും സാധിക്കും.
കടൽയുദ്ധത്തിന്റെ ഭാവി ഇനി വലിയ യുദ്ധക്കപ്പലുകളുടേയും മനുഷ്യസേനയുടേയും മേൽ മാത്രം ആശ്രയിച്ചിരിക്കില്ല. കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന സ്വയംനിയന്ത്രിത ഡ്രോണുകളും അണ്ടർവാട്ടർ റോബോട്ടുകളും ഡാറ്റാ കേബിൾ നിരീക്ഷണ സംവിധാനങ്ങളും സമുദ്രസുരക്ഷയെ പൂർണ്ണമായും മാറ്റിമറിക്കും. ഭാവിയിൽ ഒരു രാജ്യത്തിന് വലിയ നാവികസേന ഇല്ലാതിരുന്നാലും സാങ്കേതിക വിദ്യ ഉപയോഗിച്ച് ശക്തമായ രാജ്യങ്ങളെ പോലും വെല്ലുവിളിക്കാൻ കഴിയും. അതിനാൽ പരമ്പരാഗത “വലിയ കപ്പൽ vs വലിയ കപ്പൽ” എന്ന യുദ്ധരീതി മാറി മനുഷ്യർ പങ്കെടുക്കാത്ത യുദ്ധം എന്ന പുതിയ കാലഘട്ടത്തിലേക്കാണ് ലോകം കടക്കുന്നത്. സാങ്കേതികവിദ്യയെ കൈവശപ്പെടുത്തിയ രാജ്യങ്ങൾക്കാണ് കടൽപോരാട്ടത്തിൽ മേൽക്കൈ ലഭിക്കുക.
ചേർത്ത് വായിക്കാം: അസമമായ ആകാശ യുദ്ധങ്ങളിലെ ഡ്രോൺ ആധിപത്യം- രാകേഷ് ഉണ്ണികൃഷ്ണൻ https://essenseglobal.com/current-affairs/drone-war/
![]()

