ജോസഫ് സ്റ്റാലിനും പ്രതികാര രാഷ്ട്രീയവും: വ്യക്തിവൈരാഗ്യം ഭരണകൂട നയമായപ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു


“പ്രതികാരം എന്നത് മനസ്സിനെ വേട്ടയാടുന്ന, ഒരിക്കലും അവസാനിക്കാത്ത ഒരു “ആത്മഹത്യാപരമായ ലഹരിയാണ്. താൽക്കാലികമായി ലഭിക്കുന്ന ആനന്ദത്തേക്കാൾ വലുതാണ് അത് വ്യക്തിയുടെ മാനസികനിലയ്ക്കും സാമൂഹിക സമാധാനത്തിനും ഏൽപ്പിക്കുന്ന ആഴത്തിലുള്ള ആഘാതങ്ങൾ.”

പ്രതികാരത്തിന്റെ മനഃശാസ്ത്രം

പ്രതികാരം എന്നത് കേവലം ഒരു വൈകാരിക പ്രതികരണമാണെന്ന നമ്മുടെ പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുകയാണ് ജയിംസ് കിമ്മൽ (James Kimmel). അദ്ദേഹത്തിന്റെ “The Science of Revenge” എന്ന പുസ്തകം പ്രതികാരത്തിന്റെ മനഃശാസ്ത്രത്തെയും ശരീരശാസ്ത്രത്തെയും വേറിട്ടൊരു രീതിയിൽ വിശകലനം ചെയ്യുന്നു.

പ്രതികാരം എന്നത് ദേഷ്യത്തിൽ നിന്നുണ്ടാകുന്ന ഒരു പ്രവൃത്തിയല്ല, മറിച്ച് മയക്കുമരുന്നിന് സമാനമായ ഒരു ലഹരിയാണെന്ന് ജയിംസ് കിമ്മൽ വാദിക്കുന്നു. ഒരാൾ തന്നോട് ചെയ്‌ത തെറ്റിന് പകരമായി പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, നമ്മുടെ മസ്തിഷ്കത്തിലെ ഡോപാമിൻ (Dopamine) പാതകൾ സജീവമാകുന്നു. മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അതേ താൽക്കാലിക സംതൃപ്തിയും ആനന്ദവുമാണ് പ്രതികാരം ആസൂത്രണം ചെയ്യുമ്പോഴും ഒരാൾക്ക് ലഭിക്കുന്നത്.

നമ്മുടെ മനസ്സിനുള്ളിൽ തന്നെ നാം നടത്തുന്ന ഒരു ‘രഹസ്യ വിചാരണ’ ഇതിന് ആക്കം കൂട്ടുന്നു. ഇരയായ വ്യക്തി (സ്വയം ഇരയാണെന്ന് തോന്നിയാലും മതി) തന്നെ അവിടെ വാദിയും, സാക്ഷിയും, ജഡ്‌ജിയും, ഒടുവിൽ ശിക്ഷ നടപ്പിലാക്കുന്ന ആരാച്ചാരുമാകുന്നു. ഈ ചിന്തകൾ ആവർത്തിക്കുന്തോറും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന തോന്നൽ ശക്തമാകുകയും പ്രതികാരത്തിനായുള്ള ദാഹം ഒരു ലഹരിയായി മാറുകയും ചെയ്യുന്നു.

വ്യക്തിബന്ധങ്ങളിലെ തകർച്ചകൾ മുതൽ വംശീയ കലാപങ്ങൾക്കും യുദ്ധങ്ങൾക്കും വരെ പിന്നിൽ ഈ ‘പ്രതികാര ലഹരി’ പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്ന് താൽക്കാലികമായി വേദന മറക്കാൻ സഹായിക്കുമെങ്കിലും പിന്നീട് ജീവിതം തകർക്കുന്നത് പോലെ, പ്രതികാര ചിന്തകൾ താൽക്കാലികമായി മനസ്സിന് സുഖം നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തിയുടെ മാനസികനിലയെയും സമൂഹത്തിന്റെ സമാധാനത്തെയും അത് തകർക്കുന്നു. ചുരുക്കത്തിൽ, ഒരിക്കലും അവസാനിക്കാത്ത ഒരു വിഷവലയമായി പ്രതികാരം മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ശാരീരികാപരമായി അക്രമിക്കപ്പെടുന്നതിനേക്കാൾ മനസ്സിനെ ഉലയ്ക്കുന്ന അപമാനം നേരിടുന്നതാണ് മറ്റുള്ളവർക്കെതിരെയുള്ള അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്ന് ബിഹേവിയർ റിസർച്ചുകൾ സൂചിപ്പിക്കുന്നു. 1922 മുതൽ 1945 വരെ ഹിറ്റ്‌ലർ നടത്തിയ പ്രധാന പ്രസംഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, ചില പ്രത്യേക വാക്കുകൾ അയാൾ ആയിരത്തി മുന്നൂറിലധികം തവണ ഉപയോഗിച്ചതായി കണ്ടെത്തി. Betray, treason, traitor, humiliation, conspiracy, plot, manipulate, deception, blackmail, criminals, insult, slander, lies, shame, degradation, disgrace, mutiny, mocking, stabbed, violation, abused, oppressed, enslaved, guilt, ruin, decay, catastrophe, revenge, vengeance, retribution, retaliation എന്നിവയാണവ. ഒരു നല്ല ഭരണാധികാരിയെപ്പോലല്ല, മറിച്ച് പ്രതികാരം ചെയ്യാൻ ദാഹിക്കുന്ന ഒരാളെപ്പോലെയാണ് ഹിറ്റ്ലർ സംസാരിച്ചിരുന്നത്. ഇതേ സ്വഭാവം ഹിറ്റ്ലറും മാവോയും തുടങ്ങി ഇന്നുള്ള പല ലോകനേതാക്കളിലും കാണാമെങ്കിലും ജോസഫ് സ്റ്റാലിന്റെ ചരമവാർഷികം ഇന്നായത് കൊണ്ട് അദ്ദേഹത്തെക്കുറിച്ചു എഴുതുന്നു.

സ്റ്റാലിനും പ്രതികാര രാഷ്ട്രീയവും: വ്യക്തിവൈരാഗ്യം ഭരണകൂട നയമായപ്പോൾ

ചരിത്രം പലപ്പോഴും ജോസഫ് സ്റ്റാലിനെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയോ അധികാര മോഹത്തിന്റെയോ പേരിലാണ്. എന്നാൽ സ്റ്റാലിന്റെ ജീവിതത്തിലെ മറ്റൊരു സ്വഭാവം പ്രതികാരമാണ്. ശത്രുക്കളെ തകർക്കുക എന്നത് സ്റ്റാലിനെ സംബന്ധിച്ചിടത്തോളം കേവലം ഒരു തന്ത്രമായിരുന്നില്ല, മറിച്ച് അതൊരു ലഹരിയായിരുന്നു. ഒരു വലിയ രാജ്യത്തിന്റെ അധികാരം ഇത്തരമൊരു വ്യക്തിയുടെ കയ്യിൽ എത്തിയപ്പോൾ ലോകം കണ്ടത് സമാനതകളില്ലാത്ത ക്രൂരതകളാണ്.

പ്രതികാരം: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം

അധികാരത്തിലേറുന്നതിന് വളരെ മുൻപ് തന്നെ സ്റ്റാലിൻ പ്രതികാരത്തെക്കുറിച്ചു തന്റെ മനസ്സ് തുറന്നിരുന്നു. 1915-ൽ സൈബീരിയയിൽ നാടുകടത്തപ്പെട്ട കാലത്ത് സഖാവ് ലെവ് കമെനേവ് സ്റ്റാലിനോട് ചോദിച്ചു: “എന്താണ് ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നത്?”

സ്റ്റാലിന്റെ മറുപടി ഇങ്ങനെയായിരുന്നു: “നമ്മുടെ ഇരയെ കണ്ടെത്തുക, പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുക, അദമ്യമായ പ്രതികാരം നടപ്പിലാക്കുക, എന്നിട്ട് പോയി സമാധാനമായി ഉറങ്ങുക. ഇതിനേക്കാൾ മധുരമുള്ള മറ്റൊന്നുമില്ല ലോകത്ത്.”

ഇതൊരു വെറും വാക്കല്ലെന്ന് പിൽക്കാലത്ത് ചരിത്രം തെളിയിച്ചു. ചരിത്രകാരനായ റോബർട്ട് സി. ടക്കറുടെ നിരീക്ഷണത്തിൽ, സ്റ്റാലിന്റെ വ്യക്തിത്വത്തിലെ ഏറ്റവും വലിയ പ്രത്യേകത ഈ പ്രതികാര ബുദ്ധിയായിരുന്നു.

ജോർജ്ജിയയിലെ ദരിദ്രമായ ചുറ്റുപാടിലാണ് സ്റ്റാലിൻ വളർന്നത്. മദ്യപാനിയായ പിതാവിൽ നിന്നുള്ള ക്രൂരമായ മർദ്ദനങ്ങളും തെരുവുകളിലെ സംഘർഷങ്ങളും അയാളുടെ ഉള്ളിൽ അക്രമത്തിന്റെ വിത്തുകൾ പാകി. 1907-ൽ ലെനിന്റെ ആവശ്യപ്രകാരം ടിഫ്ലിസിൽ നടന്ന വലിയ ബാങ്ക് കൊള്ള ഉൾപ്പെടെ നിരവധി സായുധ ആക്രമണങ്ങൾക്ക് സ്റ്റാലിൻ നേതൃത്വം നൽകി. സ്റ്റാലിൻ ആ പണം സ്വന്തമായി സൂക്ഷിച്ചില്ല. സാറിസ്റ്റ് രാജവാഴ്ചയുടെ അനധികൃത സ്വത്തുക്കൾ “കൈവശപ്പെടുത്തി” എന്നും, നിരവധി ത്യാഗങ്ങളിലൂടെ കടന്നു പോയ ബോൾഷെവിക്കുകളും കമ്മ്യൂണിസ്റ് വിപ്ലവവും ആ പണം അർഹിക്കുന്നു എന്ന് സ്റ്റാലിൻ വിശ്വസിച്ചു. ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം എന്നതിലുപരി, അക്രമത്തെ നീതിയായി കാണുന്ന രീതിയായിരുന്നു സ്റ്റാലിന്റേത്.

ഭരണകൂട നയമായി മാറിയ ശിക്ഷാവിധികൾ

1929-ൽ അധികാരം പിടിച്ചെടുത്തതോടെ സ്റ്റാലിന്റെ ഈ മാനസികാവസ്ഥ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കാൻ തുടങ്ങി. പുതിയ ഭരണത്തിനുകീഴിൽ എല്ലാ കർഷകരും സ്വകാര്യമായി കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ള ഫാമുകൾക്ക് വിട്ടുകൊടുക്കണം. ഇതിൽ അവരുടെ ധാന്യങ്ങളും മൃഗങ്ങളും വരെ ഉൾപ്പെടുന്നു. കമ്മ്യൂണിസ്റ്റുകൾ അവരുടെ അതിജീവന മാർഗ്ഗങ്ങൾ പിടിച്ചെടുക്കുന്നത് തടയാൻ കർഷകർ ധാന്യങ്ങൾ ഒളിപ്പിച്ചുവച്ചും കന്നുകാലികളെ കൊന്നും ശേഖരണത്തെ ചെറുത്തു. 1928-നും 1933-നും ഇടയിൽ, സോവിയറ്റ് യൂണിയനിലെ കുതിരകൾ, കന്നുകാലികൾ, ആടുകൾ, പന്നികൾ എന്നിവയുടെ എണ്ണം ഏകദേശം 66 ശതമാനം കുറഞ്ഞു. കാർഷിക പരിഷ്കരണങ്ങളെ എതിർത്ത കർഷകരെ അദ്ദേഹം രാജ്യദ്രോഹികളായി മുദ്രകുത്തി. ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തും ജനങ്ങളെ പട്ടിണിക്കിട്ടും അദ്ദേഹം പ്രതികാരം തീർത്തു. ചെറിയ കർഷകരെ “രക്തം കുടിക്കുന്ന കുലാക്കുകൾ” എന്നുവിളിച്ച സ്റ്റാലിൻ കുലാക്കുകളെ ഒരു വർഗ്ഗമായി ഇല്ലാതാക്കുന്ന നയം പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഉള്ള 20 ലക്ഷം മനുഷ്യരെയാണ് സ്റ്റാലിൻ ഗുലാഗ് എന്നറിയപ്പെടുന്ന തടങ്കൽപാളയങ്ങളിലേക്ക് അയച്ചത്. 1932-33 കാലഘട്ടത്തിലെ മഹാക്ഷാമത്തിന് (Holodomor) സ്റ്റാലിന്റെ ഈ നയങ്ങൾ കാരണമായി. ഏതാണ്ട് 70 ലക്ഷം ആളുകൾ ഈ കാലയളവിൽ വിശന്ന് മരിച്ചു.

ശുദ്ധീകരണ പ്രക്രിയ (The Great Purge)

1934-ൽ സെർജി കിറോവിന്റെ കൊലപാതകത്തിന് പിന്നാലെ സ്റ്റാലിൻ ‘ഗ്രേറ്റ് പർജ്’ ആരംഭിച്ചു. തന്നെ എതിർക്കുന്നവരെയെല്ലാം കൊന്നൊടുക്കി. 7 ലക്ഷം മുതൽ 12 ലക്ഷം വരെ ആളുകൾ വധിക്കപ്പെട്ടു. ബോൾഷെവിക് വിപ്ലവം നയിച്ച പാർട്ടി സെൻട്രൽ കമ്മറ്റിയിലെ പകുതിയിലധികം വരുന്ന തന്റെ സഖാക്കളും സ്റ്റാലിന്റെ ആജ്ഞയാൽ വധിക്കപ്പെട്ടു. പതിനായിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും സംശയത്തിന്റെ പേരിൽ വധിച്ചു. കോടതികളെ പോലും തന്റെ പ്രതികാരം നടപ്പിലാക്കാനുള്ള നാടകവേദികളാക്കി അദ്ദേഹം മാറ്റി. ശിക്ഷിക്കപ്പെടുന്നവരുടെ കുടുംബാംഗങ്ങളെപ്പോലും അദ്ദേഹം വെറുതെ വിട്ടില്ല. ചരിത്രകാരനായ സൈമൺ സെബാഗ് മോണ്ടെഫിയോറി നിരീക്ഷിക്കുന്നത് അനുസരിച്ച്, സ്റ്റാലിൻ വധശിക്ഷകളുടെ വിശദമായ വിവരങ്ങൾ ഇടയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു; വധിക്കപ്പെടുന്നവർ നേരിടുന്ന അപമാനത്തെക്കുറിച്ച് വായിച്ചറിയുന്നതിൽ അദ്ദേഹം പ്രത്യേക താല്പര്യം കാണിച്ചിരുന്നു.

യുദ്ധകാലത്തെ ക്രൂരതകൾ

രണ്ടാം ലോകമഹായുദ്ധകാലത്ത് തമ്മിൽ ഉള്ള ഉടമ്പടി തെറ്റിച്ച ഹിറ്റ്‌ലറുടെ ചതി സ്റ്റാലിന് വ്യക്തിപരമായ അപമാനമായി തോന്നി. യുദ്ധക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടിയ ഏകദേശം 1,58,000 സോവിയറ്റ് സൈനികരെ അവർ തന്നെ വെടിവെച്ചു കൊന്നു. ഒടുവിൽ ജർമ്മനി പരാജയപ്പെടുകയും ജർമനിയിലേക്ക് ഇരച്ചുകയറിയ സോവിയറ്റ് റെഡ് ആർമി സ്ത്രീകളെ കൂട്ടമായ ബലാത്സംഗങ്ങൾക്ക് വിധേയമാക്കി. രണ്ടു ലക്ഷം മുതൽ 20 ലക്ഷം ജർമ്മൻ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി പല കണക്കുകളും സൂചിപ്പിക്കുന്നു. ഈ ദുഷ്ടതയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, സ്റ്റാലിൻ ഇനിപ്പറയുന്ന വിശദീകരണം നൽകിയതായി പറയപ്പെടുന്നു.

“Do you see what a complicated thing is man’s soul, man’s psyche? Well, then, imagine a man who has fought from Stalingrad to Belgrade—over thousands of kilometers of his own devastated land, across the dead bodies of his comrades and dearest ones! How can such a man react normally? And what is so awful about his having fun with a woman, after such horrors?”

സ്റ്റാലിന്റെ കൊലപാതകങ്ങൾക്കും ക്രൂരതകൾക്കും ഒരു നിശ്ചിത രീതിയുണ്ടായിരുന്നു. തന്നെ വഞ്ചിച്ചവർ അല്ലെങ്കിൽ വഞ്ചിക്കാൻ സാധ്യതയുള്ളവർ ശിക്ഷിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ഈ ‘പ്രതികാര രാഷ്ട്രീയ’ത്തിന്റെ ഫലം ഭീകരമായിരുന്നു. ഏതാണ്ട് രണ്ട് കോടിയിലധികം ആളുകൾ സ്റ്റാലിന്റെ ഭരണകാലത്ത് നേരിട്ടും അല്ലാതെയും കൊല്ലപ്പെട്ടുവെന്ന് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഈ സംഖ്യയിൽ ചരിത്രകാരന്മാർ തമ്മിൽ അഭിപ്രായവ്യത്യസങ്ങൾ ഉണ്ടായേക്കാമെങ്കിലും ഭാവനയിൽ പോലും കാണാൻ പറ്റാത്തത്ര ഒരു വലിയ സംഖ്യ ജനങ്ങൾ കൊല്ലപ്പെട്ടു എന്നത് തർക്കമില്ലാത്ത കാര്യമാണ്.

സ്വകാര്യമായ പക ഒരു വൻശക്തിയുടെ നയമായി മാറുമ്പോൾ

ഒരു വ്യക്തിയുടെ സ്വകാര്യമായ പക ഒരു വൻശക്തിയുടെ നയമായി മാറുമ്പോൾ അത് ലോകത്തിന് നൽകുന്നത് ദുരന്തങ്ങളുടെ ചരിത്രം മാത്രമാണ്.

നമ്മെ ദ്രോഹിച്ചവരോട് (ദ്രോഹിച്ചെന്ന് തോന്നിയാലും മതി) പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നതിന്റെ ശാസ്ത്രീയ വശം പരിശോധിച്ചാൽ, നമ്മുടെ വേദനയ്ക്ക് പകരമായി മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ മറ്റു ലഹരി ഉപയോഗം പോലെ തന്നെ അത് നമ്മുടെ മനസ്സിന് ഒരു താൽക്കാലിക ആശ്വാസം നൽകുന്നു എന്നതാണ്. നമ്മുടെ മസ്തിഷ്ക്കം എപ്പോഴും സന്തോഷവും വേദനയും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്നു. പണ്ട് കാലത്ത് അതിജീവനത്തിനായി ഈ പ്രതികാരബുദ്ധി മനുഷ്യനെ സഹായിച്ചിട്ടുണ്ടെങ്കിലും, ഇന്നത്തെ കാലത്ത് ഇത് അക്രമങ്ങൾക്കും നാശങ്ങൾക്കുമാണ് കാരണമാകുന്നത്. സ്റ്റാലിനെപ്പോലുള്ളവരുടെ ചരിത്രം പരിശോധിച്ചാൽ നമുക്കിത് വ്യക്തമാകും. ചുരുക്കത്തിൽ, പക തീർക്കാനുള്ള ഈ ചിന്ത ഇന്ന് മനുഷ്യർക്ക് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ഇതിൽ നിന്നുള്ള മോചനം എന്നത് എല്ലാവർക്കും അറിയുന്ന പോലെ ക്ഷമിക്കുക എന്നതാണ്.

പ്രതികാരം പോലെ തന്നെ ക്ഷമിക്കുന്നതും നമ്മുടെ മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വെറുമൊരു തത്വശാസ്ത്രമോ മതപരമായ കാര്യമോ മാത്രമല്ല. വിലപ്പെട്ട ബന്ധങ്ങൾ നിലനിർത്താനും പ്രതികാരത്തിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുമാണ് മനുഷ്യൻ ക്ഷമിക്കാൻ ശീലിച്ചത് എന്നതാണ് ഇവലൂഷനറി സൈക്കോളജിസ്റ്റുകളുടെ അഭിപ്രായം. ക്ഷമിക്കുക എന്നാൽ നമ്മളെ വേദനിപ്പിച്ച വ്യക്തി നമ്മിൽ നിന്ന് എന്തെങ്കിലും നേടിയെടുത്തു എന്നല്ല അതിനെ നോക്കിക്കാണേണ്ടത്. മറിച്ചു, നമ്മുടെ മസ്തിഷ്ക്കത്തിന് വേദനയും പകയും നിയന്ത്രിക്കാനുള്ള ഒരു മാർഗമാണിത്. ക്ഷമിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ക്ഷമിക്കുന്ന വ്യക്തിക്ക് തന്നെയാണ്. മദ്യപാനം പോലുള്ള ലഹരികളിൽ നിന്ന് മുക്തി നേടുന്നത് പോലെ ക്ഷമിക്കുന്നതും പ്രയാസമുള്ള കാര്യമാണ്. എന്നാൽ ക്ഷമിക്കാൻ കഴിയുന്നത് ശാരീരികവും മാനസികവുമായ മികച്ച ആരോഗ്യം നൽകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ക്ഷമിക്കുന്നതിനെക്കുറിച്ചു മുമ്പെഴുതിയ ഒരു ലേഖനം വായിക്കാം.

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

Loading