സ്കോട്ട്‌ലണ്ട്‌ സന്ദർശനം ഭാഗം – 1


‘എല്ലാത്തിനും ഒരു സമയമുണ്ട്‌ ദാസാ…’ എന്ന വളരെ പ്രസിദ്ധമായ ശ്രീനിവാസൻ ഡയലോഗ്‌ പോലെയാണ് ഞങ്ങളുടെ സ്കോട്‌ലണ്ട്‌ സന്ദർശനവും. കാര്യം, ഏഴെട്ടു കൊല്ലമായ്‌ യു. കെ. യിൽ എത്തിയിട്ട്‌. ഇപ്പോഴാണ് ഒരു സ്കോട്ട്‌ലണ്ട്‌ വിസിറ്റിനു സാഹചര്യം ഒത്തു വന്നത്. പ്ലാനിംഗ്ഗ്‌ ഏതാണ്ട്‌ 2017 ഫെബ്രുവരി മുതൽ തന്നെ ആരംഭിച്ചിരുന്നു. ഞങ്ങൾ, രണ്ട്‌ പേർക്കും ജോലി സ്ഥലത്ത്‌ നിന്ന് അവധി കിട്ടുന്നതുതന്നെ നല്ലൊരു ചടങ്ങ്‌ തന്നെ. ലക്ഷ്യ സ്ഥാനം സ്കോട്ട്‌ലണ്ട്‌ തലസ്ഥാനമായ എഡിൻബറൊ തന്നെ. അവിടെ ഒരാഴ്‌ചയെങ്കിലും താമസിക്കണം. അതിനു ഒരു കോട്ടേജ്‌ ബുക്ക്‌ ചെയ്തു. ഓഗസ്‌റ്റ്‌ മാസം എഡിൻബറൊ ഫെസ്റ്റിവൽ നടക്കുന്ന സമയമാണ്. കോട്ടേജുകൾക്കെല്ലാം ഉയർന്ന വാടകയും. എന്തായാലും, സംഘടിപ്പിച്ചു.     എഡിൻബറൊ പട്ടണത്തിൽ നിന്നും ഏതാണ്ട്‌ 20 മിനിറ്റ്‌ ഡ്രൈവ്‌ ചെയ്താൽ എത്തുന്ന ഡ്രെം എന്ന ചെറിയ ഒരു വില്ലേജിലാണ് ഞങ്ങളുടെ താമസം. അങ്ങനെ, എല്ലാവിധ തയ്യാറെടുപ്പുകൾക്കും ശേഷം ഓഗസ്റ്റ്‌ 5 നു ഞങ്ങൾ താമസിക്കുന്ന പട്ടണമായ ലീഡ്സിൽ നിന്നും രാവിലെ ഏതാണ്ട്‌ 11 മണിയോടെ ഡ്രൈവ്‌ ആരംഭിച്ചു. മൂന്നര മണിക്കൂർ ആണു യാത്രാ സമയം. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തി. പിന്നെ കുറച്ച്‌ ട്രാഫിക് തിരക്കുകളും ഉണ്ടായിരുന്നു. വൈകുന്നേരം ഏകദേശം 4 മണിയോടെ ഞങ്ങൾ ഡ്രമ്മിലെ ഞങ്ങളുടെ കോട്ടേജിലെത്തി. മെർലീൻ എന്ന സ്ത്രീയാണു കോട്ടേജ്‌ ഉടമ. അവർക്ക്‌ ഇതുപോലെ കുറച്ചധികം കോട്ടേജുകളുണ്ട്‌. കൂടാതെ ബെഡ്‌ , ബ്രെക്ഫാസ്റ്റ്‌ സേവനവും അവർ നടത്തുന്നുണ്ട്‌. ഹൃദ്യമായ സ്വീകരണം. കോട്ടേജിനു അത്യാവശ്യം സൗകര്യങ്ങൾ ഉണ്ട്‌. രണ്ട്‌ ബെഡ്‌ റൂം, കിച്ചൺ, ചെറിയ സ്വീകരണ മുറി. എഡിൻബറൊ ഫെസ്റ്റിവൽ നടക്കുന്ന സമയമായതു കൊണ്ട്‌, ഡ്രൈവുചെയ്ത്‌ സിറ്റിയിലേക്ക്‌ പോയാൽ വലഞ്ഞു പോകും എന്ന് അവർ പറഞ്ഞു. ട്രയിൻ യാത്ര തന്നെയാണു നല്ലത്‌. കോട്ടേജിനു തൊട്ടു മുൻപിൽ തന്നെയാണു ട്രയിൻ സ്റ്റേഷൻ. ട്രയിനിന്റെ യാത്രാസമയമടങ്ങിയ ഗൈഡ്‌ മെർലീൻ തന്നു. നേരെ ഞങ്ങൾ അടുത്തുള്ള ടെസ്കോ സൂപ്പർ മാർക്കറ്റിലേക്ക്‌ പോയി. അത്യാവശ്യം ഭക്ഷണ സാധനങ്ങൾ വാങ്ങി. പിന്നെ വിശ്രമം.
ഇനി സ്കോട്ട്‌ലണ്ടിനെ കുറിച്ച് ചെറിയ ഒരു ചരിത്രം.
എല്ലാവര്‍ക്കും അറിയുന്നത് പോലെ സ്കോട്ട്‌ലണ്ട്‌, വടക്കൻ അയര്‍ലണ്ട്, വെയില്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ചേരുന്നതാണ്. ഇന്നത്തെ ഗ്രേറ്റ് ബ്രിട്ടന്‍ അഥവാ യുണൈറ്റഡ്‌ കിംഗ്‌ഡം. ഈ രാജ്യങ്ങളില്‍ ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ,വലിപ്പത്തില്‍ രണ്ടാം സ്ഥാനം സ്കോട്ട്‌ലണ്ടിനാണ്.     ഏതാണ്ട്, ബി സി 8000 ല്‍ തന്നെ മനുഷ്യരുടെ അധിവാസം സ്കോട്ട്‌ലണ്ടിൽ ഉണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഏറിയ പങ്കും നായാടി ജീവിക്കുന്നവരും മത്സ്യബന്ധനം നടത്തുന്നവരുമായിരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ആധുനിക ചരിത്രം ഒരു പക്ഷെ, റോമന്‍ അധിനിവേശത്തോടെയാണ് തുടങ്ങുന്നത്. സ്കോട്ടിഷ്‌ ചരിത്രത്തിനും വലിയ വ്യത്യാസമില്ല. നീണ്ട യുദ്ധങ്ങളുടെയും, അധികാര തര്‍ക്കങ്ങളുടെയും, ചതിയുടെയും കഥകള്‍ ഒത്തിരിയേറെ ഈ രാജ്യത്തിനു പറയാനുണ്ട്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. എല്ലാവര്‍ക്കും ഒരു പക്ഷെ അറിയാന്‍ കൂടുതല്‍ താല്‍പ്പര്യം, സ്കോട്ട്‌ലണ്ടും ഇംഗ്ളണ്ടും തമ്മില്‍ നടന്ന പഴയ യുദ്ധങ്ങളെ കുറിച്ചു തന്നെയായിരിക്കും. സ്കോട്ടിഷ് പോരാളിയായ വില്ല്യം വാലസ്സിന്റെയും, (അതെ, മെൽ ഗിബ്സണിന്റെ പ്രശസ്ത സിനിമയായ ബ്രേവ്‌ ഹാർട്ടിലെ നായകൻ!!..) യുദ്ധത്തില്‍ തോറ്റോടി, ഒരു ഗുഹയില്‍ ഒളിവിലിരുന്നപ്പോള്‍ ചിലന്തിയുടെ വല നിര്‍മ്മാണ രീതി കണ്ടു പ്രചോദിതനായി യുദ്ധം ജയിച്ച സ്കോട്ടിഷ് രാജാവ് റോബര്‍ട്ട് ബ്രൂസിന്‍റെയും കഥകള്‍ നമുക്ക് സുപരിചിതമാണല്ലോ. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽക്കേ, ഇംഗ്ളണ്ടും സ്കോട്ട്ലണ്ടുമായ്‌ അധികാര തർക്കം നിലവിൽ നിന്നിരുന്നു. ഏതാണ്ട്, ആ കാലഘട്ടം മുതല്‍ തുടങ്ങിയ സ്വാതന്ത്ര്യ പോരാട്ടങ്ങളാണ് 2014 ല്‍ സ്കോട്ടിഷ് റെഫറണ്ടമായ് ജനങ്ങളുടെ മുന്നിലെത്തുന്നത് . എന്നാല്‍ ഫലപ്രഖ്യാപനം വന്നപ്പോൾ ബ്രിട്ടീഷ് യൂണിയന്‍ വിട്ടു പോകുന്നതിനെതിരായി‌ സ്കോട്ടിഷ് ജനത വോട്ടു ചെയ്തു. പക്ഷെ , യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള ബ്രിട്ടന്‍റെ 2016 ലെ ബ്രെക്സിറ്റ് തീരുമാനത്തോടുകൂടി വീണ്ടും ഒരു സ്കോട്ടിഷ് റെഫറണ്ടത്തെ കുറിച്ച് സ്കോട്ടിഷ് രാഷ്ട്രീയക്കാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.    സാഹിത്യം , കല, രാഷ്ട്രീയം, സയൻസ്‌, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ സ്കോട്ടിഷ്‌ ജനത മാനവരാശിക്ക്‌ നൽകിയിട്ടുണ്ട്‌. പെനിസിലിൻ കണ്ടു പിടിക്കുകയും നോബൽ സമ്മാനിതനാകുകയും ചെയ്ത സർ. അലക്സാണ്ടർ ഫ്ലെമിംഗ്, തന്റെ ഉജ്വല സാഹിത്യ കൃതികളാൽ വായനക്കാരെ വിസ്മയിപ്പിച്ച സർ. വാൾട്ടർ സ്കോട്ട്‌, ടെലിഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ആഡം സ്മിത്ത്‌, ടെലിവിഷൻ കണ്ടു പിടിച്ച ജോൺ ലോഗി ബെയ്‌ർഡ്‌, സ്റ്റീം എൻജിൻ കണ്ടു പിടിച്ച ജയിംസ്‌ വാട്ട്‌, ഷെർലക്‌ ഹോംസ്‌ രചിച്ച സർ. ആർതർ കോനൻ ഡോയ്‌ൽ, പ്രശസ്ത കവി റോബർട്ട്‌ ബേൺസ്‌, ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ഷോൺ കോനെറി, മുൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയർ, ഹാരി പോട്ടർ നോവലുകളുടെ രചയിതാവ്‌ ജെ. കെ റൗളിംഗ്‌, ടെന്നീസ്‌ കളിക്കാരനായ ആൻഡി മുറേ, ഇവരൊക്കെ സ്കോട്ടിഷുകാരാണ്. നാളെ, പോകേണ്ടത്‌ എഡിൻബറോ നഗരത്തിലേക്കാണ്. അവിടെയുള്ള എഡിൻബറൊ കോട്ട (Edinburgh castle) സന്ദർശിക്കണം. പിന്നെ, എഡിൻബറൊ നാഷണൽ മ്യൂസിയം കാണണം. അപ്പോൾ ഇനി അടുത്ത ഭാഗം നാളെ…

Loading