ഓഗസ്റ്റ് 8, 2017. ഇന്നത്തെ യാത്ര ഒരു കൊട്ടാരത്തിലേക്കും ഒരു പഴയ പള്ളിയിലേക്കുമാണ്. കൊട്ടാരത്തിന്റെ പേര് ലിൻലിത്ത്ഗോ പാലസ്. ഈ കൊട്ടാരത്തിലാണു സ്കോട്ടിഷ് ജനതയുടെ പ്രിയങ്കരിയായ രാഞ്ജി, മേരി ജനിച്ചത്. അതു പോലെ ജയിംസ് അഞ്ചാമൻ രാജാവും ജനിച്ചത് ഇവിടെയാണ്. മേരി രാഞ്ജിയുടെ ചരിത്രം സംഭവബഹുലമാണ്. ഒരേ സമയം സ്കോട്ട് ലണ്ടിന്റെയും ഇംഗ്ലണ്ടിന്റെയും രാജാധികാരം അവർക്കുണ്ടായിരുന്നു. കാണാൻ പോകുന്ന പള്ളിയാകട്ടെ, സിനിമയിലൊക്കെ അഭിനയിച്ച് പ്രസിദ്ധിയൊക്കെ കിട്ടിയ പള്ളിയാണ്. പള്ളിയുടെ പേരു റോസ്ലിൻ ചാപ്പൽ (Rosslyn Chapel). സിനിമയാകുന്നതിനു മുൻപേ, പ്രസിദ്ധമായ ഒരു നോവൽ വഴിയാണു ഈ പള്ളി ജന ശ്രദ്ധ ആകർഷിക്കുന്നത്. അതെ, ഡാൻ ബ്രൗണിന്റെ ലോക പ്രശസ്ത നോവലായ ‘ഡാവിഞ്ചി കോഡ്’. നോവലിന്റെ അവസാന ഭാഗങ്ങളിലാണു റോസ്ലിൻ ചാപ്പലിനെ കുറിച്ച് പ്രതിപാദിക്കുന്നത്. പതിവു പോലെ തന്നെ രാവിലെ പത്ത് മണിയോട് കൂടി തന്നെ യാത്ര ആരംഭിച്ചു. ലിൻലിത്ത്ഗോ കൊട്ടാരത്തിലേക്ക് 45 മിനിട്ട് ഡ്രൈവ്. സ്ഥലത്ത് എത്തിച്ചേർന്നപ്പോഴാണു മനസ്സിലായത്, നമ്മുടെ സങ്കൽപ്പങ്ങളിൽ ഉള്ള കൊട്ടാരമല്ല. ഒരു കോട്ട പോലെയാണു എനിക്ക് തോന്നിയത്. പാറയിലാണു നിർമ്മാണം. അവിടെ അടുത്തുള്ള ഒരു സ്കൂളിൽ നിന്നും വന്ന കുട്ടികളിൽ ചിലരാണ് അന്നത്തെ ദിവസം സന്ദർശകരെ കൊട്ടാരത്തിന്റെ ചരിത്രമൊക്കെ വിശദീകരിച്ചു നൽകുന്നത്. അവരുടെ പഠനത്തിന്റെ ഭാഗമാണു അതെല്ലാം. കുട്ടികളിൽ ചിലർ, പഴയ സ്കോട്ടിഷ് വേഷവിധാനങ്ങളും ധരിച്ച് നിൽക്കുന്നുണ്ടായിരുന്നു. കൊട്ടാരത്തിന്റെ പല ഭാഗങ്ങളിലും കല്ലിൽ കൊത്തി വെച്ച അനവധി രൂപങ്ങൾ കാണാം. കൊട്ടാരത്തിന്റെ ഏറ്റവും മുകളിലെ നിലയിലെത്തി. അത്യാവശ്യം കുറച്ച് ചിത്രങ്ങളൊക്കെയെടുത്തു. ഞങ്ങൾ അവിടെ എത്തിച്ചേർന്നതിനു ശേഷമാണ് കൊട്ടാരം ചുറ്റിക്കാണിക്കാൻ കുട്ടികൾ, അടുത്ത ബാച്ചുമായ് നീങ്ങിയത്. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഒരു മണിക്കൂറിൽ കൂടുതൽ സമയം വിവരണമുണ്ട് എന്ന്. സമയ പരിമിതി മൂലം ആ പരിപാടി വേണ്ടെന്ന് വെച്ചു. 15,16 നൂറ്റാണ്ടുകളിൽ സ്കോട്ടിഷ് കിരീടാവകാശികളുടെ വസതിയായിരുന്നു ഈ കൊട്ടാരം. പിന്നീട് രാജാധികാരം ഇംഗ്ലണ്ടിന്റെ അധീനതയിലായിരുന്നപ്പോഴും ഈ കൊട്ടാരത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നില്ല. 1746 ൽ സംഭവിച്ച ഒരു അഗ്നിബാധയിൽ കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങൾ നശിച്ചുപോയി. എങ്കിലും , കൊട്ടാരം ഇന്നും നന്നായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഭക്ഷണമൊക്കെ കഴിച്ചു. ഇനി ഞങ്ങളുടെ യാത്ര റോസ്‌ലിൻ പള്ളിയിലേക്കാണ്. ഉച്ചയോട് കൂടി അവിടെയെത്തിച്ചേർന്നു. പ്രശാന്ത സുന്ദരമായ സ്ഥലം. നല്ല ഒരു വിസിറ്റർ സെന്റർ. അവിടെ കണ്ട ഒരു വിവരണ ഫലകത്തിൽ പള്ളിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ചേർത്തിരുന്നു. 1456 ൽ പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. സ്കോട്ടോ – നോർമ്മൻ സിൻക്ലൈർ കുടുംബത്തിലെ ഒരു പ്രഭുവായിരുന്ന വില്ല്യം സിങ്ക്ലയറാണു ഈ പള്ളിയുടെ നിർമ്മാണം തുടങ്ങി വെച്ചത്. പക്ഷെ, പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. അതിനു മുൻപ് മരണപ്പെട്ടു.സിങ്ക്ലയർ കുടുംബത്തിലെ പലരുടെയും ശവകുടീരങ്ങൾ ഈ പള്ളിയിലുണ്ട്. ഏറ്റവും ശ്രദ്ധേയമായത് ഈ പള്ളിയുടെ ഉള്ളിലെയും പുറത്തെയും കല്ലിൻ മേൽ ചെയ്ത കൊത്തുപണികളാണ്. ധാരാളം carving. നീണ്ട വർഷങ്ങളുടെ അധ്വാനം നമുക്ക് കാണാൻ കഴിയും. ഇവർ പറയുന്നത് പല നിഗൂഡ ഭാഷകളും ചിഹ്നങ്ങളും ഈ കൊത്തു പണികളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് എന്നാണ്. Holy grail മായി ബന്ധപ്പെട്ടു ഒട്ടേറെ കഥകൾ ഈ പള്ളിയുമായുണ്ട്. അതു കൊണ്ടാകണമല്ലോ, ഡാൻ ബ്രൗൺ തന്റെ നോവലിനു പശ്ചാത്തലമായ് ഈ പള്ളി തെരെഞ്ഞെടുത്തത്! ഏതാണ്ട് 1592ൽ പ്രധാന അൾത്താര, യുദ്ധത്തിലോ മറ്റോ നശിപ്പിക്കപ്പെട്ടു. പിന്നീട് പതിയെ പള്ളി നാമാവശേഷമായ് തുടങ്ങി. 1892 ൽ വിക്ടോറിയ രാഞ്ജി ഈ ചാപ്പൽ സന്ദർശിച്ചു. പള്ളി പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യം അവർക്ക് മനസ്സിലായി. പിന്നെ ചില പുനരുദ്ധാരണമൊക്കെ നടന്നുവെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. പിന്നീട്, 1995 ൽ പള്ളി Rosalyn chapel trust ന്റെ കീഴിലായി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ട പണം കണ്ടെത്താൻ ട്രസ്റ്റ് വല്ലാതെ കുഴങ്ങി. അങ്ങനെയിരിക്കവേയാണ് 2003 ൽ ഡാൻ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ്’ എന്ന വിഖ്യാത നോവൽ പുറത്തിറങ്ങുന്നത്. നോവലിൽ ഈ പള്ളിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പിന്നെ 2006 ൽ ഇതേ പേരിൽ സിനിമ കൂടി പുറത്തിറങ്ങിയതോടെ നോവലിന്റെയും സിനിമയുടെയും ആരാധകർ കൂട്ടത്തോടെ ചാപ്പൽ കാണാൻ വന്നു തുടങ്ങി. അന്ന് തൊട്ട് ഇന്നു വരെ നിലയ്ക്കാത്ത സന്ദർശക പ്രവാഹം..! പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ട പണം ട്രസ്റ്റിനു ലഭിച്ചു. ഏതാണ്ട് ഒന്നര ലക്ഷത്തിൽ പരം സന്ദർശകർ പ്രതിവർഷം പള്ളി സന്ദർശിക്കാനായി എത്തുന്നുണ്ടത്രേ..! പക്ഷേ, അവിടെയുള്ള ഗൈഡ് പറഞ്ഞു തന്നത് , നോവലിലും സിനിമയിലും പറഞ്ഞിരിക്കുന്ന കഥാ സന്ദർഭങ്ങളുമായി പള്ളിക്കു യാതൊരു ബന്ധവുമില്ല എന്നാണ്. എന്തായാലും കടുത്ത നിരീശ്വര വാദിയായ ഡാൻ ബ്രൗൺ കാരണം , ഒരു പള്ളി തകർച്ചയിൽ നിന്നും രക്ഷപെട്ടു.!! പള്ളിയിലെ കൊത്തു പണികളിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നത് , ഒരു പ്രധാന തൂണിൽ ചെയ്ത കൊത്തു പണിയാണു. Apprentice pillar എന്നാണു ഈ തൂൺ അറിയപ്പെടുന്നത്. ഈ തൂണിനെ കുറിച്ച് ഒരു കഥയുണ്ട്. തൂണിന്റെ പണി പൂർത്തിയാക്കിയതിനു ശേഷം ഇതിൽ ചെയ്യേണ്ട കൊത്തു പണി എന്തായിരിക്കണം എന്നതിനെ കുറിച്ച് ആലോചിക്കാനും ഒരു motivation ഉം വേണ്ടി പ്രധാന മേസ്തിരി ഒരു യാത്ര പോയി. ആറു മാസമോ ,ഒരു കൊല്ലമോ നീണ്ടു നിൽക്കുന്ന യാത്ര. അങ്ങനെയിരിക്കേ ഈ മേസ്തിരിയുടെ ഒരു ശിഷ്യനു സ്വപ്നത്തിൽ ഈ തൂണിന്റെ കൊത്തുപണിയുടെ ഡിസൈൻ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ഒരു രൂപരേഖ ലഭിക്കുന്നു. പിറ്റേ ദിവസം തന്നെ പള്ളി നിർമ്മിക്കുന്ന സിങ്ക്ലയർ കുടുംബത്തിന്റെ അനുമതിയോടെ നമ്മുടെ ശിഷ്യൻ പണിയാരംഭിച്ചു. പണി തീർന്നപ്പോൾ ഈ തൂണിലെ കൊത്തുപണി, നമ്മുടെ പ്രധാന മേസ്തിരി ചെയ്ത മറ്റു തൂണുകളിലെ കൊത്തുപണിയേക്കാൾ മികച്ചതായ് തീർന്നു. എല്ലാവരും ശിഷ്യനെ അഭിനന്ദിച്ചു. പ്രചോദനം തേടിപ്പോയ മേസ്തിരി മടങ്ങിയെത്തി. ശിഷ്യന്റെ തൂണിലെ കൊത്തുപണി കണ്ടപ്പോൾ അങ്ങേർക്ക് സഹിച്ചില്ല. ഒരു തരം പെരുംതച്ചൻ complex. വഴക്കും വക്കാണവും ഒക്കെയായി. എന്തായാലും തന്റെ പണിയായുധം കൊണ്ട് ശിഷ്യനെ മേസ്തിരി കൊലപ്പെടുത്തി..! സിങ്ക്ലയർ കുടുംബത്തിന്റെ ശിക്ഷാവിധി ഉടനെയെത്തി. മേസ്തിരിയെയും വാളിനിരയാക്കി. അതു കൊണ്ടും തീർന്നില്ല. പിന്നെ ഒന്നു കൂടി ചെയ്തു. പള്ളിയുടെ കൊത്തു പണിയിൽ മേസ്തിരിയുടെയും ശിഷ്യന്റെയും മുഖങ്ങൾ കൂടി carving ചെയ്തു. ഈ മേസ്തിരിയുടെ മുഖം സ്ഥാപിച്ചിരിക്കുന്നതു നമ്മുടെ ശിഷ്യൻ ചെയ്ത തൂണിന്റെ കൊത്തുപണി കൺകുളിർക്കെ കാണാവുന്ന രീതിയിലാണു. ഗൈഡ് ഈ കഥ പറഞ്ഞു തീർന്നതിനു ശേഷം, പള്ളിയുടെ മുകളിലെ ഒരു മുഖ രൂപത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. വാസ്തവം!! ആ മുഖരൂപത്തിന്റെ ദൃഷ്ടി പതിയുന്നത് ശരിക്കും, ഈ തൂണിൻ മേലാണു..! അത്ഭുതം തന്നെ..!! മരണത്തിലും തീരാത്ത ശിക്ഷാവിധി!!! അങ്ങനെ ഇന്നത്തെ ഭാഗം കഴിഞ്ഞു. നാളെ, അവസാന ഭാഗം.