സ്കോട്ട്‌ലണ്ട്‌ സന്ദർശനം ഭാഗം – 3


2017 ഓഗസ്റ്റ്‌ 7 – ഇന്നത്തെ സന്ദർശന പരിപാടിയുടെ പ്രത്യേകത, ജീവിതത്തിൽ ആദ്യമായ്‌ ഒരു വിസ്കി ഡിസ്റ്റിലറി സന്ദർശിക്കാൻ പോകുന്നു എന്നത്‌ തന്നെ. ഞങ്ങൾ എഡിൻബറൊയിൽ താമസിക്കുന്ന ഡ്രം എന്ന വില്ലേജിൽ നിന്നും ഏതാണ്ട്‌ അര മണിക്കൂർ യാത്ര ചെയ്താൽ ഈ ഡിസ്റ്റിലറിയിൽ എത്തിച്ചേരാം. ഗ്ലെൻകെൻഷീ എന്നാണു ഡിസ്റ്റിലറിയുടെ പേര്. ഉൽപാദിപ്പിക്കുന്ന വിസ്കിയുടെ പേരും അതു തന്നെ. ഈ ഡിസ്റ്റിലറിയുടെ ഉടമ ഡിയാജിയൊ എന്ന കമ്പനിയാണ്‌. ഇൻഡ്യയിലെ കിംഗ് ഫിഷർ ബിയറിന്റെ ഇപ്പോഴത്തെ ഉടമ ഡിയാജിയോ ആണു. പഴയ ഉടമ ഒരു ‘പ്രമുഖ’ വ്യവസായി ആണു. അദ്ദേഹം ഇപ്പോൾ ഇംഗ്ലണ്ടിലുണ്ട്‌. ആരാണെന്നു മനസ്സിലായിക്കാണുമല്ലോ? ഹ ഹ… ??     ഡിസ്റ്റിലറി സന്ദർശനത്തിനു ശേഷം ലോക്‌ ലോമോണ്ട്‌ എന്ന ശുദ്ധജല തടാകം കാണാൻ പോകുന്നു. ലോക്‌ എന്നാൽ എന്താണു എന്ന് നിങ്ങൾ സംശയിച്ചേക്കാം. ലേക്‌ എന്നു ഇംഗ്ലീഷിൽ പറയുന്നു. ലോക്‌ എന്ന് സ്കോട്ടിഷ്‌ ഭാഷയിൽ പറയുന്നു. ഇനി വിസ്കി വിശേഷത്തിലേക്ക്‌… ലോകമാകെ വിസ്കിയെ സ്നേഹിക്കുന്നവരുടെ പ്രിയഭാജനമാണു സ്കോച്ച്‌ വിസ്കികൾ . ഇവിടെ വരുന്ന സഞ്ചാരികളിൽ മിക്കവരും ഇവിടെയുള്ള ഏതെങ്കിലും ഒരു വിസ്കി ഡിസ്റ്റിലറി സന്ദർശിച്ചിരിക്കും. സന്ദർശകർക്കുള്ള പ്രവേശന ഫീസും മറ്റുമായി ഡിസ്റ്റിലറികൾ അങ്ങനെയും വരുമാനമുണ്ടാക്കുന്നു. ചില ഡിസ്റ്റിലറികളിൽ ഉൽപ്പാദനം മാത്രമേയുള്ളൂ. ബോട്ട്ലിംഗ്‌ ചിലപ്പോൾ മറ്റ്‌ കമ്പനികൾ നിർവഹിക്കും. ഒരു വിസ്കി, സ്കോച്ച്‌ വിസ്കി എന്ന് അറിയപ്പെടുന്നതിനു മൂന്ന് നിബന്ധനകൾ ഉണ്ട്‌.
  1. നിർബ്ബന്ധമായും സ്കോട്ട്‌ലണ്ട്‌ നിർമ്മിതിയായിരിക്കണം.
  2. ബാർലിയോ , അത് പോലെയുള്ള മറ്റ്‌ ധാന്യങ്ങളാ ഉപയോഗിച്ചിരിക്കണം. കുറഞ്ഞത്‌
  3. മൂന്നു കൊല്ലമെങ്കിലും വിസ്കി, വീപ്പയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കണം.
ഡിസ്റ്റിലറിയിലെത്തി. സന്ദർശനത്തിനായ്‌ കുറച്ചധികം പേരുണ്ടായിരുന്നു. ബാർലി പൊടിക്കുന്നതു മുതൽ മേൽത്തരം വിസ്കി വാറ്റിയെടുക്കുന്നതു വരെയുള്ള ഘട്ടങ്ങൾ ഡിസ്റ്റിലറിയിലെ ഗൈഡ്‌ വിവരിച്ചു തരുകയും , കാണുകയും ചെയ്തു. ജലം, വളരെയധികം വേണ്ട ഒരു വ്യവസായമാണു വിസ്കി ഡിസ്റ്റിലറി. സ്കോട്ട്‌ലണ്ടിൽ ധാരാളം നദികളും റിസർവ്വോയറുകളും ഉള്ളതു കൊണ്ട്‌ ജലത്തിനു ഒട്ടും ക്ഷാമമില്ല തന്നെ. സ്കോട്ട്‌ലണ്ടിന്റെ പ്രതിശീർഷ വരുമാനത്തിൽ ഒരു മുഖ്യ പങ്ക്‌ സ്കോച് വിസ്കി വഹിക്കുന്നുണ്ട്‌. പിന്നെ, വടക്കൻ കടലിലെ എണ്ണനിക്ഷേപവും. പ്രസിദ്ധമായ സാൽമൺ മൽസ്യത്തിന്റെ കയറ്റുമതിയും ഇവിടുന്നു തന്നെ. ടൂറിസവും നല്ല പങ്ക്‌ വഹിക്കുന്നു. ഗ്ലാസ്ഗോയിലാണു പ്രധാനമായും കപ്പൽ നിർമ്മാണം കേന്ദ്രീകരിച്ചിരിക്കുന്നത്‌. വിസ്കി നിർമ്മാണത്തിലേക്ക്‌ തന്നെ വരാം. വിസ്കിക്കു യഥാർഥത്തിൽ നിറമില്ല. വെള്ളം പോലെയാണ്. പിന്നെ, വീര്യം ഏതാണ്ട്‌ 70 ശതമാനം. വെള്ളം ചേർത്ത് നേർപ്പിച്ച്‌ 40 ശതമാനമാക്കും. അങ്ങനെ നമുക്ക്‌ സേവിക്കാൻ പറ്റിയ പരുവമാക്കിയെടുക്കും. നിശ്‌ചിത കാലം , ഓക്ക്‌ മരത്തിൽ തീർത്ത വീപ്പയിൽ സൂക്ഷിക്കുന്നത്‌ വഴിയാണു വിസ്കിയുടെ നിറം മാറി, സ്വർണ്ണ നിറം കൈവരിക്കുന്നത്‌. നാട്ടിലൊക്കെ കൃത്രിമമായ്‌ നിറം ചേർക്കുകയല്ലേ? നമ്മുടെ മദ്യത്തിന്റെ നിലവാരം വളരെ ശോചനീയമാണ്‌. നാട്ടിൽ നല്ല മദ്യം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ഉണ്ടാകണം. ഇതൊക്കെ കണ്ടപ്പോഴാണു നമ്മുടെ നാട്ടിലെ പാവം കള്ളിനെ കുറിച്ച്‌ ചിന്തിച്ചത്‌. കള്ള്‌ ചെത്താൻ പോകുന്നതും, കള്ളിന്റെ ഉൽപ്പാദനവും എല്ലാം നമ്മുടെ നാട്ടിൽ വരുന്ന സഞ്ചാരികളുടെ മുന്നിലേക്ക്‌ ഒരു പാക്കേജ്‌ ടൂർ പോലെ അവതരിപ്പിച്ചാൽ എത്ര നന്നായിരുന്നേനെ?! വിസ്കി നിർമ്മാണം പോലെയല്ല, അൽപ്പം സാഹസികത കൂടെയുണ്ടല്ലോ കള്ളു നിർമ്മാണത്തിൽ..! രസകരമായ ഒരു കാര്യം ഞങ്ങളുടെ ഗൈഡ്‌ പങ്ക്‌ വെച്ചു. ഈ ഡിസ്റ്റിലറിയിൽ ഉപയോഗിക്കുന്ന. ബാർലി പൊടിക്കുന്ന യന്ത്രം ഇംഗ്ലണ്ടിൽ തന്നെയുള്ള ഒരു കമ്പനി 1950 ലോ മറ്റോ നിർമ്മിച്ചതാണു. ഇന്നും ഈ യന്ത്രം ഉപയോഗിച്ചു തന്നെയാണു ബാർലി പൊടിക്കുന്നത്‌. യാതൊരു വിധ കേടുപാടുകളും ഈ യന്ത്രത്തിനു ഉണ്ടായിട്ടില്ല. പക്ഷെ എന്തു ചെയ്യാം, നിർമ്മിച്ച കമ്പനി ഏതാണ്ട്‌ 1970 കളിൽ തന്നെ പൂട്ടിപ്പോയി. കാരണമെന്താ? നിർമ്മിച്ചു നൽകിയ യന്ത്രങ്ങൾക്ക്‌ ഒന്നും തന്നെ വലിയ കേടു പാടുകൾ ഉണ്ടായില്ല എന്നു തന്നെ..! അത്രക്ക്‌ മികച്ചതായിരുന്നു ഉൽപ്പന്നം.നിർമ്മിച്ചു നൽകുന്ന യന്ത്രങ്ങൾക്ക്‌ കേടുപാടുകൾ , ഉണ്ടെങ്കിലല്ലേ കമ്പനിക്ക്‌ പിടിച്ചു നിൽക്കാൻ കഴിയൂ. ഒരു പക്ഷെ മറ്റു കാരണങ്ങളും ഉണ്ടായിരിക്കാം. ഒരു മണിക്കൂർ ഡിസ്റ്റിലറി സന്ദർശനം കഴിഞ്ഞതിനു ശേഷം , ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായ ലോക്‌ ലോമോണ്ടിലേക്ക്‌. ഈ തടാകം , എന്റെ ജില്ലയായ കൊല്ലത്തുള്ള ശാസ്താംകോട്ട ശുദ്ധജല തടാകം പോലെ മറ്റൊരു തടാകമാണു. സ്ഥലം കയ്യേറിയും തടാകം മലിനമാക്കിയും നാം ശാസ്താംകോട്ട തടാകം നശിപ്പിക്കുമ്പോൾ ലോക്ക്‌ ലോമ്മൊണ്ട്‌ സ്കോട്ടിഷ്‌ ജനതയുടെ അഭിമാനമാണ്.     ഉദ്ദേശം ഒന്നര മണിക്കൂർ യാത്ര. പാതയുടെ ഇരു വശവും നല്ല സുന്ദരകാഴ്ചകൾ തന്നെ. എത്ര ഫോട്ടോ എടുത്താലും നമുക്കു ഒട്ടും മതി വരില്ല. ബാർലിയും ഉരുളക്കിഴങ്ങുമൊക്കെ കൃഷി ചെയ്യുന്ന കൃഷിയിടങ്ങൾ, ദൂരെ കാണുന്ന മല നിരകൾ. തികച്ചും വ്യത്യസ്തമായ അനുഭവം. തെളിഞ്ഞ കാലാവസ്ഥ. നല്ല വെയിൽ. അതിമനോഹരം എന്നേ പറയാൻ കഴിയൂ. പറയാൻ വാക്കുകളില്ല..! ഉച്ച കഴിഞ്ഞപ്പോൾ ലോക്‌ ലോമ്മോണ്ട്‌ നന്നായ്‌ കണ്ട്‌ ആസ്വദിക്കാൻ കഴിയുന്ന ബലോക്‌ കോട്ടയുടെ സമീപമെത്തി. കോട്ട നിർമ്മിച്ചതു 1808 ൽ. കോട്ടയെ കുറിച്ച്‌ ചില കാര്യങ്ങൾ… 1238 ൽ നിർമ്മാണം. ഇപ്പോൾ, സംരക്ഷിത സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. നല്ല മഴയെത്തി. ഒട്ടൊന്നു ശമിച്ചപ്പോൾ, കോട്ടയുടെ സമീപവും തടാക തീരവുമൊക്കെ ചുറ്റി നടന്ന് കണ്ടു. തടാകത്തിൽ ജല കായിക കേളികൾക്കുള്ള സൗകര്യമുണ്ട്‌. കാനോയിംഗ്‌, കയാക്കിംഗ്‌, വാട്ടർ സ്കൂട്ടറുകൾ അങ്ങനെ പലതും. മഴയായതു കൊണ്ടാകും ആളുകൾ കുറവായിരുന്നു.ഞങ്ങൾ കുറച്ചധികം ക്ഷീണിതരായ്‌. തിരികെ പോകാനുള്ള തയ്യാറെടുപ്പ്‌. അപ്പോഴാണ് മഴ മാറി വെയിൽ തെളിഞ്ഞത്‌. ആഹാ..! ചേതോഹരം.!! സുന്ദരമായ കാഴ്‌ചകൾ!!! കുറെ ഫോട്ടോകൾ എടുത്തു. ലോക്ക്‌ ലോമോണ്ടിന്റെ ചില വിശേഷങ്ങൾ…     നീളം. – 24 മൈൽ വിസ്തീർണ്ണം – 70 ച. കി.മീ. ശരാശരി ആഴം- 121 അടി. ബ്രിട്ടനിൽ, വിസ്തീർണ്ണത്തിൽ ഒന്നാം സ്ഥാനമുള്ള ഏറ്റവും വലിയ ശുദ്ധ ജലതടാകമാണു ലോക്‌ ലോമോണ്ട്‌. രണ്ട്‌ ദിവസമായി, നല്ല ആസ്വദിച്ചുള്ള ഡ്രൈവ്‌ ആയിരുന്നു. സുന്ദരമായ റോഡുകൾ. റോഡിനിരുവശവും സുന്ദരമായ കാഴ്ചകൾ ഒരുക്കി മലനിരകൾ. പുറമേ നിന്നുള്ള വാഹനമാണെന്നു അറിയുമ്പോൾ തന്നെ നല്ല സഹകരണ മനോഭാവവും, സൗഹൃദത്തോടെയുള്ള പെരുമാറ്റവുമുള്ള ജനങ്ങൾ. ഇവിടെ സഞ്ചാരികളായ്‌ കൂടുതലും വരുന്നത്‌ ചൈനയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമാണെന്ന് തോന്നുന്നു. ഓട്ടവും നടപ്പും ഒക്കെ ശീലമാക്കിയവർക്ക്‌ നല്ല challenge ഒരുക്കുന്നതാണ് ഇവിടുത്തെ മലനിരകളും ബീച്ചുകളും എല്ലാം. അങ്ങനെയുള്ള package tour ൽ ഇവിടെ വരുന്നവരുമുണ്ട്‌. നല്ല ഒരു യാത്രാ അനുഭവം കിട്ടിയതിന്റെ സന്തോഷത്തോടെ തിരികെ താമസസ്ഥലത്തേക്ക്‌..!

Leave a Reply

Your email address will not be published. Required fields are marked *