അങ്ങനെ 2017 ഓഗസ്റ്റ് 6നു രാവിലെ തന്നെ ഞങ്ങളുടെ സ്കോട്ടിഷ് സന്ദർശനം ആരംഭിച്ചു. സ്കോട്ടിഷ് കാലാവസ്ഥ പ്രവചനാതീതം തന്നെ. മഴ, വെയിൽ അങ്ങനെ മാറി വരും. യാത്ര പോകുമ്പോൾ കുട അല്ലെങ്കിൽ റെയിൻ കോട്ട് തീർച്ചയായും കരുതണം. അന്നും വ്യത്യസ്തമായിരുന്നില്ല. നല്ല മഴ തന്നെ. പത്ത് മണിക്കു തന്നെ ട്രയിൻ സ്റ്റേഷനിലെത്തി. ചെറിയ സ്റ്റേഷൻ. എല്ലാം ഓട്ടോമാറ്റിക് ആയ കാലമാണല്ലോ. ആളില്ലാ ലവൽ ക്രോസ് പോലെ, ആളില്ലാ ട്രയിൻ സ്റ്റേഷനും. വെണ്ടിംഗ്ഗ് മെഷീനിൽ നിന്നും ടിക്കറ്റെടുക്കാം. കൃത്യ സമയത്തു തന്നെ ട്രയിൻ എത്തി. വളരെ കുറച്ചു പേർ മാത്രമേ സ്റ്റേഷനിൽ നിന്നും ട്രയിനിലേറാൻ ഉണ്ടായിരുന്നുള്ളൂ. 20 മിനിറ്റിനുള്ളിൽ എഡിൻബറൊ സ്റ്റേഷനിൽ എത്തിചേർന്നു. ഫെസ്‌റ്റിവൽ സമയമായിരുന്നതു കൊണ്ടാകും നല്ല തിരക്ക് അനുഭവപ്പെട്ടു. ഞങ്ങൾ ട്രയിൻ സ്റ്റേഷനു തൊട്ടടുത്തു തന്നെയുള്ള ട്രാവൽ സെന്ററിലെത്തി. എഡിൻബറൊ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് വളരെ ഉപകാരപ്രദമാണ് ഈ സെന്റർ. എഡിൻബറൊ കോട്ട സന്ദർശിക്കുന്നതിനും മറ്റ് പല ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നതിനുമുള്ള ടിക്കറ്റുകൾ ഭേദപ്പെട്ട വിലക്കുറവിനു ഇവിടെ നിന്നും ലഭിക്കും. പിന്നെ പാക്കേജ് ടൂറുകളെ കുറിച്ചുള്ള വിവരങ്ങൾ, ഗൈഡുകൾ , ബ്രോഷറുകൾ എല്ലാം ഇവിടെ ലഭ്യമാണ്. അത്യാവശ്യം വേണ്ട വിവരങ്ങൾ അവിടെ നിന്നും ശേഖരിച്ചതിനു ശേഷം നേരെ എഡിൻബറൊ കോട്ടയിലേക്കു. നടക്കാനുള്ള ദൂരമേയുള്ളൂ. നേരത്തെ സൂചിപ്പിച്ചതു പോലെ, എഡിൻബറൊ ഫെസ്റ്റിവലിന്റെ സമയമായതു കൊണ്ട്, വഴിയോരങ്ങളിൽ എല്ലാം പല വിധത്തിലുള്ള പരിപാടികൾ അരങ്ങേറുന്നുണ്ടായിരുന്നു. സംഗീത പരിപാടികൾ, മാജിക്, മൈം, ഫ്ലോട്ടുകൾ, തെരുവ് നാടകം, അങ്ങനെ പലതും. ഒടുവിൽ, കോട്ടയിൽ എത്തിച്ചേർന്നു. ഏതാണ്ട് പത്തു ലക്ഷത്തിലധികം സന്ദർശകർ എഡിൻബറൊ കോട്ട സന്ദർശിക്കാൻ പ്രതിവർഷം എത്തുന്നുണ്ട് എന്നാണു കണക്ക്. സ്കോട്ട്‌ലണ്ടിൽ, ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നതും ഈ കോട്ട കാണാനാണ്. ഒരു കാലഘട്ടത്തിൽ സ്കോട്ട്‌ലണ്ടിന്റെ ഭരണ സിരാ കേന്ദ്രം ഈ കോട്ടയായിരുന്നു. പലപ്പോഴായി ഇംഗ്ലീഷുകാരും സ്കോട്ടിഷുകാരും ഈ കോട്ട കീഴടക്കിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്കോട്ടിഷ് രാജാവായിരുന്ന ഡേവിഡ് ഒന്നാമൻ നിർമ്മിച്ചതാണു എഡിൻബറോ കോട്ട. പലപ്പോഴും ഇംഗ്ലീഷുകാരും സ്കോട്ടിഷുകാരും തമ്മിലുള്ള പ്രധാന യുദ്ധങ്ങള്‍ പലതും എഡിന്‍ബറോ കോട്ട കേന്ദ്രീകരിച്ചായിരുന്നു. ആരാണോ, എഡിന്‍ബറോ കോട്ട കൈവശം വെച്ചിരുന്നത്, അവര്‍ സ്വാഭാവികമായും എഡിന്‍ബറോ നഗരത്തിന്‍റെയും , സ്കോട്ട്‌ലണ്ടിന്റെയും ഭരണം കയ്യടക്കി. ഞങ്ങള്‍ അവിടെയുള്ള പല യുദ്ധസ്മാരകങ്ങളും സന്ദര്‍ശിച്ചു. കൂടാതെ , ഇപ്പോള്‍ ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലെ ഒരു സൈന്യ വിഭാഗമായ സ്കോട്ട്ലണ്ട് റോയൽ റെജിമന്റിന്റെപഴയ യുദ്ധ ചരിത്രമെല്ലാം അവിടെയുള്ള ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . അവിടെയും സന്ദര്‍ശിച്ചു. പ്രധാനമായും പല യുദ്ധങ്ങളുടെ ചരിത്രം. ഈ കാലഘട്ടത്തിലും യുദ്ധങ്ങള്‍ക്ക് കുറവൊന്നും ഇല്ലല്ലോ. മഴ അപ്പോഴും തുടരുന്നുണ്ട്. നല്ല വിശപ്പ്. കോട്ടക്കുള്ളില്‍ തന്നെയുള്ള ഒരു കോഫീ ഷോപ്പില്‍ കയറി. ലഘുഭക്ഷണം കഴിച്ചു. പിന്നെ നഗരത്തിരക്കിലേക്ക്. ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം എഡിന്‍ബറോ നാഷണല്‍ മ്യൂസിയമാണ്. സര്‍.ഐസക് ന്യൂട്ടന്‍റെ ചില പഠനങ്ങളും മറ്റും ആ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്ന് മ്യൂസിയം മുന്‍പ് സന്ദര്‍ശിച്ച എന്‍റെ ഒരു സുഹൃത്ത് സൂചിപ്പിച്ചിരുന്നു. അത് കാണുകയാണ് ലക്‌ഷ്യം. പക്ഷെ അവിടെയെത്തി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, അത് 2016-ലെ ഒരു പ്രദര്‍ശന പര്യടനമായിരുന്നു എന്ന്. പിന്നെ അവിടെയൊക്കെ ചുറ്റി നടന്നു കണ്ടു. അഞ്ചു നിലകളിലായ് സ്ഥിതി ചെയ്യുന്ന കെട്ടിടം. 1855-ല്‍ സ്ഥാപിതമായി. ചരിത്രം, സയന്‍സ്, കല, ലോക സംസ്ക്കാരം, രൂപകല്‍പ്പന എന്നീ രംഗങ്ങളിലെല്ലാം മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങള്‍ എല്ലാം മ്യുസിയത്തില്‍ വിവരിച്ചു തരുന്നു. സ്കോട്ടിഷ് ജനതയുടെ പഴയ ജീവിത രീതികള്‍, അവരുടെ വീടുകളുടെ നിര്‍മ്മാണ രീതി, കപ്പല്‍ നിര്‍മ്മാണ രീതികള്‍ , റെയില്‍വെയുടെ ആവിര്‍ഭാവം എല്ലാം വിശദമായി കണ്ടു. സ്കോട്ട്‌ലണ്ട് സന്ദർശിക്കുകയാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ടതാണു മ്യൂസിയം. മകന് ഒട്ടു ബോറടിയായ് തോന്നി. മടങ്ങാന്‍ തീരുമാനിച്ചു. പോകുന്നതിനു മുന്‍പ് മ്യുസിയത്തിന്‍റെ Roof Top -ലേക്ക് പോയി. അവിടെ നിന്നും, എഡിന്‍ബറോ നഗരത്തിന്‍റെ വിശാലമായ കാഴ്‌ച കണ്ടു. കുറേയധികം ചിത്രങ്ങളെടുത്തു. പിന്നെ, താമസ സ്ഥലത്തേക്ക് മടക്കം. നാളെ – കുറച്ചു ‘മദ്യ’ വിശേഷങ്ങള്‍…