സ്കോട്ട്‌ലണ്ട്‌ സന്ദർശനം ഭാഗം – 5


അങ്ങനെ അവസാന ഭാഗമായി. ഇന്നത്തെ യാത്ര, look out at loch voil എന്ന view point -ലേക്കാണ്. ഈ view point സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരു Balquhidder എന്നാണ്. മലയും തടാകവും ഇടകലർന്നുകിടക്കുന്ന പ്രദേശം. ഇതിനു മുൻപുള്ള ഒരു ഭാഗത്ത്‌ സൂചിപ്പിച്ചിരുന്ന ലോക്ക്‌ ലോമോണ്ട്‌ എന്ന തടാകത്തിന്റെ ഒരു സമീപ പ്രദേശമാണു Balquhidder എന്ന സ്ഥലം. ഇവിടുത്തെ പ്രത്യേകത, ഈ പ്രദേശത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു വലിയ കണ്ണാടിയാണ്. സമീപത്തെ മലകളും തടാകവും എല്ലാം ഈ കണ്ണാടിയിൽ പ്രതിഫലിക്കും. ഒരു ഉഗ്രൻ ഫോട്ടോ ഷൂട്ടിനു പറ്റിയ സ്ഥലം! ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്നും രണ്ട്‌ മണിക്കൂർ ഡ്രൈവ്‌ ഉണ്ട്‌. പതിവു പോലെ കഴിക്കാനുള്ള സാൻഡ്വിച്ചും മറ്റുമൊക്കെ രാവിലെ തന്നെ തയ്യാറാക്കി യാത്ര ആരംഭിച്ചു. നല്ല റോഡ്‌. ഈ സ്ഥലം ജി പി എസ്സിൽ ലഭിക്കാൻ കുറച്ച്‌ കഷ്ടപ്പെട്ടു. പിന്നെ അക്ഷാംശവും രേഖാംശവുമൊക്കെ നൽകി കണ്ടുപിടിച്ചെടുത്തു. ട്രോസാക്സ്‌ നാഷണൽ പാർക്കിന്റെ ഭാഗമാണു ഈ സ്ഥലം. വഴിയരികിലൂടെ ലോക്ക്‌ ലോമൊണ്ടിന്റെ പ്രവാഹം. സഞ്ചാരികൾക്ക്‌ നടക്കാനുള്ള പാതയോരം തടാകത്തിന്റെ കരയിലുണ്ട്‌. ഓട്ടവും നടത്തവും ഹോബിയാക്കിയവരുടെ പറുദീസകളാണു ഈ പാതകൾ..! പ്രധാന പാത പിന്നിട്ട്‌, ഒറ്റയടി പാതയിലേക്ക്‌ വണ്ടി തിരിഞ്ഞു. നല്ല കുത്തനെയുള്ള മല കയറ്റം. ഒരു വാഹനത്തിനു കഷ്ടിച്ചു പോകാം. കാറിനു പറ്റിയ റോഡ്‌ അല്ല എന്നു തോന്നുന്നു. ഫോർ വീൽ ഡ്രൈവ് തന്നെ വേണം. മല കയറ്റമാണു. പതുക്കെ നീങ്ങി. എന്തായാലും സ്ഥലമെത്തി. Beautiful!!. പറയാനോ വർണ്ണിക്കാനോ എനിക്ക്‌ സത്യത്തിൽ വാക്കുകളില്ല. അത്രക്ക്‌ സുന്ദരം. മലകളാൽ ചുറ്റപ്പെട്ട പ്രദേശം. നടുക്ക്‌ തടാകം. പിന്നെ ചെറിയ ഒരു അരുവി. വിസ്തൃതമായ പ്രദേശം. ചെമ്മരിയാടുകൾ മേയുന്നുണ്ട്‌. ശരിക്കും അതൊരു മായിക കാഴ്ച തന്നെയായിരുന്നു, സുന്ദരം!! പക്ഷെ, ഈ കണ്ണാടി കണ്ടില്ല. സ്ഥലത്തിന്റെ അടുത്ത്‌ Michelin star ഉള്ള ഒരു restaurant പ്രവർത്തിക്കുന്നുണ്ട്‌. അവിടെ അന്വഷിക്കാമെന്നു വെച്ചു. പുറത്ത്‌ ,കുറച്ച്‌ പേർ മലയുടെ സൗന്ദര്യം ഒക്കെ ആസ്വദിച്ച്‌ ബിയർ നുണഞ്ഞ്‌ ഇരിപ്പുണ്ട്‌. ബിയർ നുണഞ്ഞ്‌ കൊണ്ട്‌ ആ സൗന്ദര്യം ആസ്വദിക്കാൻ എനിക്കും വല്ലാത്ത ആഗ്രഹം തോന്നി. പക്ഷെ നിയന്ത്രിച്ചു…. ഹ ഹ??പിന്നൊരിക്കലാകട്ടെ! Reception-ൽ തിരക്കിയപ്പോൾ നടക്കാവുന്ന ദൂരം മാത്രമേ ഉള്ളൂ എന്നു പറഞ്ഞു. എന്തായാലും നടന്നു തുടങ്ങി. ഒരു വീടു പോലെ എന്തോ ഒന്നു കണ്ടു. സംഗതി, അതു തന്നെയെന്നു മനസ്സിലാക്കി. ശരിക്കും അടുത്ത്‌ എത്തിയപ്പോഴാണു മനസ്സിലായത്, അതു സ്റ്റെയിൻലെസ്‌ സ്റ്റീൽ നിർമ്മിതമായ ഒരു കാബിനാണെന്ന്. ദൂരെ നിന്നും നോക്കുമ്പോൾ ഇങ്ങനെയൊരു കാബിൻ അവിടെയുണ്ട്‌ എന്ന് പോലും തോന്നില്ല. കാരണം, വെയിലേറുമ്പോൾ ചുറ്റുമുള്ള സ്ഥലം മുഴുവൻ ഈ കാബിൻ പ്രതിഫലിപ്പിക്കുന്നുണ്ട്‌..! അതിനാൽ കാണാൻ കഴിയില്ല..! അതിമനോഹരം..! ഫോട്ടോയെടുക്കുമ്പോഴാണു സംഗതി രസകരമാകുന്നത്‌. ചിത്രത്തിന്റെ background മലയും പുഴയും ഒക്കെ നിറയും. ജോർ.! അങ്ങനെ കാഴ്ചകൾ കണ്ട്‌ സമയം നീങ്ങിയതറിഞ്ഞില്ല. നല്ലൊരു ദൃശ്യവിസ്മയം ഈ സ്ഥലം സമ്മാനിച്ചു. കൊണ്ടു വന്ന സാൻഡ്വിചും മറ്റും കഴിച്ചു. പിന്നെ തിരികെ താമസസ്ഥലത്തേക്ക്‌. പോകുന്ന വഴിയിൽ ഞങ്ങൾ താമസിക്കുന്ന കോട്ടേജിൽ നിന്നും ഏതാണ്ട്‌ 6 മൈൽ ദൂരത്തിൽ ഒരു ബീച്ച്‌ ഉണ്ടെന്ന് ഗൂഗിൾ ആശാൻ പറഞ്ഞു. പിന്നെ അങ്ങോട്ട്‌. Sea cliff beach എന്നാണു അറിയപ്പെടുന്നത്‌. ഒരു സ്വകാര്യ ബീച്ച്‌ ആണ്. Entrance fee ഉണ്ട്‌. മനോഹരം.!, വർണ്ണിക്കാൻ വാക്കുകളില്ല.! അത്ര സുന്ദരം. ഞങ്ങൾ ചെന്നപ്പോഴാകട്ടെ, നല്ല വെയിലും. കുറെ നേരം അവിടെ ചിലവഴിച്ചു. ഇനി നാളെ മടക്കമാണ്.    ദിവസങ്ങൾ നീങ്ങിയതറിഞ്ഞില്ല. ഒരുപാട്‌ ആസ്വദിച്ച ഒരു അവധിക്കാലമായിരുന്നു ഇത്‌. സ്വിറ്റ്സർലണ്ട്‌ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന രാജ്യം. മനം മയക്കുന്ന കാഴ്ചകൾ…!! പുഴകൾ, മലകൾ, കടൽത്തീരങ്ങൾ… ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം. പ്രധാന രാജ്യങ്ങളിൽ നിന്നും എഡിൻബറൊയിലേക്ക്‌ നേരിട്ട്‌ വിമാന സർവീസ്‌ ഉണ്ട്‌, പ്രത്യേകിച്ച്‌ മിഡിൽ ഈസ്റ്റിൽ നിന്നും. പല പ്രമുഖ ട്രാവൽ കമ്പനികളും ഇവിടേക്ക്‌ പാക്കേജ്‌ ടൂർ ഓഫർ ചെയ്യുന്നുണ്ട്‌. വിസയ്ക്ക്‌ വേണ്ടി ബ്രിട്ടീഷ്‌ എംബസ്സിയിലോ കോൺസുലേറ്റിലോ അപേക്ഷിക്കാം. സന്ദർശനത്തിനു അനുയോജ്യം ഏപ്രിൽ, മെയ്‌, ജൂൺ, ജൂലൈ, ആഗസ്റ്റ്‌‌ മാസങ്ങൾ. ആഗസ്റ്റിലെ എഡിൻബറൊ ഫെസ്റ്റിവൽ കാണേണ്ടത് തന്നെ. സ്കോട്ട്‌ലണ്ട്‌, നിന്റെ അഭൗമസൗന്ദര്യത്തിൽ ഞാൻ മയങ്ങിപ്പോയി. നിന്നെ വർണ്ണിക്കാൻ എനിക്ക്‌ വാക്കുകളില്ല. എത്രയോ സാഹിത്യ സൃഷ്ടികൾക്കു നീ പ്രചോദനമേകി. ഇന്നും കെടാതെ കാത്തു വെയ്ക്കുന്നു നീ നിന്റെ വർണ്ണ വിസ്മയങ്ങൾ..!! മിഴികൾക്കു ചാരുതയേകുന്ന മലനിരകൾ, സ്വർണ്ണ നിറത്താൽ നിറഞ്ഞ നിന്റെ കടൽത്തീരങ്ങൾ, ബാർലിയും ഉരുളക്കിഴങ്ങും കാരറ്റും ഓട്സും നിറഞ്ഞ ഫലഭൂയിഷ്ഠമായ നിന്റെ കൃഷിയിടങ്ങൾ, സാൽമൺ മൽസ്യങ്ങൾ നീന്തിത്തുടിക്കുന്ന നിന്റെ നദീഗർഭങ്ങൾ… നന്ദി സ്കോട്ട്‌ലണ്ട്‌… ഈ കാഴ്ചകൾക്ക്‌.!! വീണ്ടും ഞാൻ വരും… നിന്നെ കാണാൻ.. തീർച്ച!

Leave a Reply

Your email address will not be published. Required fields are marked *