ജയിക്കുമ്പോള്‍ തോല്‍ക്കുമോ?


മേയ് രണ്ടിന് SKY News (Australia) ചാനലില്‍ നടന്ന Covid 19 സംബന്ധിച്ച ചര്‍ച്ചയില്‍ രോഗപ്രതിരോധരംഗത്ത് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തെ കുറിച്ച് പരാമര്‍ശമുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ രാജ്യങ്ങളെ അഭിനന്ദിച്ചു. അതേസമയം, പാനലിസ്റ്റുകളില്‍ ഒരാളായിരുന്ന സ്വീഡിഷ് എപിഡമിയോളജിസ്റ്റ് യോഹാന്‍ ഗിസെക്കി (Johan Giesecke) ഉന്നയിച്ച ചില പ്രതിചോദ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.(https://www.youtube.com/watch?v=2SdUmsMLW0o).

ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും രോഗനിയന്ത്രണത്തില്‍ വിജയം നേടിയിരിക്കുന്നു,നല്ല കാര്യം. പക്ഷെ നിങ്ങള്‍ എങ്ങനെയാണ് സ്‌കൂളുകളും ജനജീവിതവും വീണ്ടും തുറക്കാന്‍ പോകുന്നത്? നിങ്ങള്‍ Covid 19 സമ്പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്തു എന്നു കരുതുക. വരുന്ന പത്തുമുപ്പത് വര്‍ഷം നിങ്ങള്‍ എങ്ങനെയാണ് പുറംലോകവുമായി ബന്ധപെടുക? അതിര്‍ത്തികള്‍ അടച്ച് സ്വയം ഒറ്റപെട്ട് നില്‍ക്കുമോ? പുറത്തേക്കുള്ള യാത്ര എങ്ങനെ?പുറത്തുനിന്ന് എത്തുന്നവരോടും പുറത്തുപോയി തിരിച്ചെത്തുന്നവരോടും 14 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപെടുമോ?

രോഗം നിയന്ത്രിച്ച് തൊഴിലിടങ്ങളും സ്‌കൂളും ഗതാഗതവും തുറക്കുന്ന സമൂഹങ്ങള്‍ എന്ത് തെളിവിന്റെ, എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്യാന്‍ പോകുന്നത്? രോഗം ഇനി വരില്ലെന്ന ഉറപ്പിലോ? വന്നാല്‍ വീണ്ടും പഴയപടി ലോക്ക്ഡൗണ്‍? സ്ഥിരം അടയ്ക്കലും തുറക്കലുമായി എത്ര കാലം? അപ്പോഴേക്കും വാക്‌സിന്‍ വന്നാല്‍ പ്രശ്‌നമില്ല. ഇല്ലെങ്കില്‍? കുറഞ്ഞത് ഒന്നര-രണ്ട് വര്‍ഷം കോവിഡ് 19 ലോകത്തുണ്ടാകുമെന്നും ഒന്നിനെ പിറകെ മറ്റൊന്നായി രോഗത്തിന്റെ പുതുതരംഗങ്ങള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. രോഗപ്രതിരോധത്തില്‍ ആരംഭവിജയം നേടുന്ന സമൂഹങ്ങള്‍ ഈ സാഹചര്യം എങ്ങനെയാണ് നേരിടാന്‍ പോകുന്നത്?.

നിങ്ങള്‍ മുക്തരായാലും ചുറ്റും വൈറസുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഉത്തരകൊറിയക്ക് പോലും അന്യസമൂഹങ്ങളുമായി സമ്പര്‍ക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല. 2002 ല്‍ സാര്‍സ് പൊട്ടിപുറപ്പെട്ട സമയത്ത് വ്യാപാരതലത്തില്‍ പുറംലോകവുമായി ചൈന ബന്ധപെട്ടു തുടങ്ങുന്നതേയുള്ളൂ. 2019 നവംബറില്‍ വൂഹാനില്‍ കോവിഡ് എത്തുമ്പോള്‍ ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയാണ്. കോവിഡ് കാലം തുടങ്ങുമ്പോള്‍ ചൈനയില്‍നിന്ന് ഇറ്റാലിയന്‍ നഗരമായ മിലാനിലേക്കും ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്കും ദിവസം മൂന്നു ഫ്‌ളൈറ്റുകളാണ് ഉണ്ടായിരുന്നത്. ചൈന കഴിഞ്ഞാല്‍ കോവിഡ് പ്രഹരമേറ്റ ആദ്യത്തെ രണ്ട് രാജ്യങ്ങള്‍ ഇറ്റലിയും ഇറാനുമായിരുന്നു.

ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡും സമ്പൂര്‍ണ്ണ രോഗവിമുക്തി നേടിയെന്നിരിക്കട്ടെ. രോഗാതുരമായ ലോകവുമായി അവരെങ്ങനെ ബന്ധപെടും? ആ രാജ്യങ്ങളിലേക്ക് പോയാല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരുമെങ്കില്‍ എത്ര പേര്‍ അങ്ങോട്ടുപോകും? വര്‍ഷംമുഴുവന്‍ പതിനായിരക്കണക്കിന് ആളുകളെ ക്വാറന്റീന്‍ ചെയ്യാനുള്ള സ്ഥിരം സംവിധാനം എങ്ങനെ? എത്രകാലം? എത്ര പേരെ? ഈ ചോദ്യം കുറെക്കൂടി വിപുലമാക്കിയാല്‍ ഏതെങ്കിലും രാജ്യത്തേക്ക് പോകണമെങ്കില്‍ അവിടെച്ചെന്ന് ക്വാറന്റീന് വിധേയമാകണം എന്നുവന്നാല്‍ അന്താരാഷ്ട്രബന്ധങ്ങളുടെയും വ്യാപരത്തിന്റെയും ഭാവി എന്താവും?

Covid’19 ലോകവ്യാപകമായ പകര്‍ച്ചവ്യാധിയാണ്. 215 രാജ്യങ്ങളില്‍ രോഗമെത്തിയിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനമോ രാജ്യമോ ഒറ്റയ്ക്ക് നേടുന്ന വിജയം മതിയാകില്ല. മനുഷ്യരാശി ഒന്നടങ്കം ഈ ഭീഷണി മറികടക്കണം. ഒന്നുകില്‍ പ്രകൃതിദത്ത വാക്‌സിന്‍, അല്ലെങ്കില്‍ കൃത്രിമ വാക്‌സിന്‍. മൂന്നാമത്തെ പരിഹാരം വൈറസ് സ്വയം നിഷ്‌ക്രമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുക എന്നതാണ്. പക്ഷെ അത് മനുഷ്യനിയന്ത്രണത്തിലുള്ള കാര്യമല്ല. കോവിഡിനെ നിര്‍മ്മാര്‍ജ്ജനം ചെയ്തു, രോഗവ്യാപനം നിയന്ത്രിച്ചു എന്നൊക്കെ പറയുന്ന സമൂഹങ്ങളുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യം പകര്‍ച്ചവ്യാധികളുടെ ചരിത്രവും മര്‍മ്മവും അറിയുന്നവരെ കുഴയ്ക്കുന്ന ഒന്നാണ്. ഒറ്റയ്ക്ക് ജയിക്കാവുന്ന കളിയല്ലിത്.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →