സ്വീഡനും കേജ്രിവാളും


കോവിഡ് പ്രതിരോധ കാര്യത്തില്‍ ചൈനയ്ക്കും അയര്‍ലന്‍ഡിനും സിംഗപ്പൂരിനും പുറമെ സ്വീഡനെയും WHO അഭിനന്ദിച്ചിരിക്കുന്നു. ലോക്ക്ഡൗണുകള്‍ ഇല്ലാത്ത സമൂഹങ്ങളിലേക്ക് മടങ്ങണമെങ്കില്‍ സ്വീഡനാണ് മാതൃക എന്നാണ് WHO പ്രതിനിധി മൈക്ക് റയാന്റെ നിരീക്ഷണം. ഇന്നു സ്വീഡന്‍ ചെയ്യുന്നത് തന്നെ നാളെ ലോകമെമ്പാടും സ്വീകരിക്കപ്പെടും എന്ന രീതിയില്‍ പല പാശ്ചാത്യമാധ്യമങ്ങളും അഭിപ്രായം മാറ്റി തുടങ്ങിയിട്ടുണ്ട്. സ്വീഡന്റെ മരണനിരക്ക് തൊട്ടടുത്ത അയല്‍ രാജ്യങ്ങളായ ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് (5254 രോഗികള്‍-230 മരണം) ഡന്മാര്‍ക്ക് (9523-484), നോര്‍വെ (7847-211) എന്നിവയെക്കാള്‍ കൂടുതലാണെങ്കിലും ലോക്ക്ഡൗണുമായി രോഗവ്യാപനത്തെ നേരിട്ട മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും കുറവാണ്. കോവിഡ് വരുന്നതിന് മുമ്പ്‌, 2020 ജനുവരി മുതല്‍ സ്വാഭാവികമായ മരണനിരക്കിലും സ്വീഡന്‍ ഡെന്‍മാര്‍ക്കിനെ ക്കാളും മറ്റും മുന്നിലായിരുന്നു. സ്വീഡനിലെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് 2020 ഫെബ്രുവരിയിലായിരുന്നു.

22317 കേസുകളും 2679 മരണവുമാണ് സ്വീഡനില്‍ ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് 12%. രോഗവ്യാപനവും മരണനിരക്കും വര്‍ദ്ധിച്ചതോടെ സ്വീഡന്‍ ശക്തമായി വിമര്‍ശിക്കപെടാന്‍ തുടങ്ങിയത് ഏപ്രില്‍ അവസാന ആഴ്ചകളിലാണ്. ഏപ്രില്‍ 20 ലെ 392 പുതിയ രോഗബാധിതര്‍-40 മരണം എന്ന നിലയില്‍ നിന്നും ഏപ്രില്‍ 21 ന് 545 പുതിയ രോഗബാധിത കേസുകള്‍-185 മരണം എന്ന നിലയിലേക്ക് നിരക്കുകള്‍ കുതിച്ചുകയറി. ഏപ്രില്‍ 22(682 കേസുകള്‍-172 മരണം), ഏപ്രില്‍ 23(751-84), ഏപ്രില്‍ 24(812-131), ഏപ്രില്‍ 25(610-40), ഏപ്രില്‍ 26(463-2), ഏപ്രില്‍ 27(286-80), ഏപ്രില്‍ 28(695-81), ഏപ്രില്‍ 29(681-107), ഏപ്രില്‍ 30(790-124), മേയ് 1(428-67), മേയ് 2(562-16), മേയ് 3(235-10) എന്നിങ്ങനെയാണ് കണക്കുകള്‍. മേയ് മാസം നിരക്കുകളില്‍ ഉണ്ടായ മാറ്റം ശ്രദ്ധേയമായി. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് അടക്കം പലര്‍ക്കും സ്വീഡിഷ് മാതൃക ഇപ്പോഴും സ്വീകാര്യമല്ല. സ്വീഡനിലെ മരണനിരക്ക് കൂടുതലാണെന്ന നിലപാടിലാണ് അക്കൂട്ടര്. അതേസമയം, ഒരുവര്‍ഷമെങ്കിലും കാത്തിരുന്നിട്ട് കണക്കുകള്‍ വിലയിരുത്തിയാല്‍ മതിയെന്ന നിലപാടിലാണ് സ്വീഡന്‍.

ഒരു ദശലക്ഷത്തില്‍ 11833 എന്ന നിരക്കില്‍ മൊത്തം 1.19 ലക്ഷംപേരെയാണ് സ്വീഡന്‍ ഇതുവരെ ടെസ്റ്റ് ചെയ്തത്. ഇറ്റലി, സ്‌പെയിന്‍, ജര്‍മ്മനി തുടങ്ങിയ പല യൂറോപ്യന്‍രാജ്യങ്ങളും ദശലക്ഷത്തില്‍ 25000-40000 പേരെ വരെ ടെസ്റ്റ് ചെയ്തത് പരിഗണിക്കുമ്പോള്‍ അവിടെയും പിന്നിലാണ്. മേയ് ആദ്യത്തോടെ പ്രഭവകേന്ദ്രമായ സ്റ്റോക്ക്‌ഹോമില്‍ കൂട്ടപ്രതിരോധം (herd immunity) ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആ പ്രസ്താവന പിന്‍വലിക്കപെട്ടു. സ്വീഡനില്‍ സാമൂഹിക അകലംപാലിക്കുക എന്നത് അത്ര വിഷമമുള്ള കാര്യമല്ല. ഏകദേശം പകുതി ജനങ്ങളും ഒറ്റമുറികളില്‍ ഒറ്റയ്ക്ക് ജീവിച്ച് ശീലിച്ചവരാണ്. മൂന്നിലൊന്ന് മരണങ്ങളും ഉണ്ടായത് വൃദ്ധസദനങ്ങളിലായിരുന്നു. അതില്‍തന്നെ മഹാഭൂരിപക്ഷവും 80-90 പ്രായ വിഭാഗത്തില്‍പെട്ടവര്‍. അതേസമയം, കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം താരതമ്യേനെ കൂടുതലാണ്.

അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ ഏറ്റവുമധികം ഭയക്കുന്നത് വൈറസിന്റെ രണ്ടാംവരവും തുടര്‍വ്യാപനവുമാണ്. പുറമെ, തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളും. ഈ രണ്ട് ആശങ്കകളും സ്വീഡനെ കാര്യമായി ബാധിക്കുന്നില്ല. വളരെ കുറഞ്ഞ പരിക്കുകളുമായി സ്വീഡിഷ് സമ്പദ് വ്യവസ്ഥ അതിജീവിക്കും എന്നാണ് വിലയിരുത്തലുകള്‍. ഇത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ കാണും എന്നത്‌ നിര്‍ണ്ണായകമാണ്. കാരണം സ്വീഡന്റെ വ്യാപാരബന്ധങ്ങളില്‍ സിംഹഭാഗവും മറ്റ് യൂറോപ്യന്‍രാജ്യങ്ങളുമായി ബന്ധപെട്ടതാണ്. വ്യാപാരകാര്യങ്ങളില്‍ പരസ്പരവിശ്വാസവും സഹകരണവും പ്രധാനമാണ്. ഒരുപക്ഷെ കോവിഡ് അനന്തരലോകത്ത് ചൈന നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ.

ആരംഭത്തില്‍ സ്വീഡന്റെ നയം പിന്തുടര്‍ന്ന ബ്രിട്ടണ്‍ പിന്നീട് കടുത്ത ലോക്ക്ഡൗണിലേക്ക് പോയതിന്റെ ഫലം മികച്ചതല്ല. എങ്ങനെയും കണ്‍മുമ്പിലെ നാശം ഒഴിവാക്കുക എന്നതല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിരോധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ജനാധിപത്യരാജ്യങ്ങളില്‍ ബുദ്ധിമുട്ടാണ്. അപ്പപ്പോള്‍ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനം മുറവിളി കൂട്ടികൊണ്ടിരിക്കും. ഭരണാധികാരികളുടെ സ്വീകാര്യത മണ്‍സൂണ്‍കാലത്തെ ആകാശംപോലെ മാറിമറിയാം. ഇവിടെയാണ് സ്വീഡന്‍ വ്യത്യസ്തമാകുന്നത്. രാജ്യത്തിനു ജനങ്ങളിലും ജനങ്ങള്‍ക്ക് രാജ്യം അനുവര്‍ത്തിച്ച നയത്തിലും വിശ്വാസം വര്‍ദ്ധിച്ചു വരുന്നതാണവിടെ കണ്ടത്. രോഗപ്രതിരോധ കാര്യത്തില്‍ ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനാണ് സ്വീഡിഷ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.

ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും ബല്‍ജിയത്തിലും ലോക്ക്ഡൗണ്‍ മൂന്നാഴ്ച പിന്നിട്ടപ്പോള്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. ഇപ്പോഴത് ഗണ്യമായി കുറഞ്ഞതാണ് അണ്‍ലോക്കിംഗിന് അനുകൂല സാഹചര്യമുണ്ടാക്കിയത്. അമേരിക്കയുടെ കാര്യം പരിശോധിച്ചാലും കടുത്ത ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഒരു മാസം കഴിയുമ്പോള്‍ മരണനിരക്ക് ഏറ്റവും കൂടിയ നിരക്കിലെത്തിയിരുന്നു. റഷ്യയിലും മെക്‌സിക്കോയിലും ഇക്വഡോറിലുമൊക്കെ ലോക്ക്ഡൗണ്‍ മുമ്പോട്ടുപോകുന്തോറും രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. റഷ്യയില്‍ ഇന്നലെമാത്രം പതിനായിരം പേര്‍ക്ക് രോഗം ബാധിച്ചു.

ശീതരാജ്യമായിട്ടും റഷ്യയില്‍ രോഗം പടരാത്തതെന്തേ എന്നായിരുന്നു ആദ്യഘട്ടത്തിലെ ചോദ്യം. വന്‍തോതില്‍ രോഗവ്യാപനം ഉണ്ടായിട്ടും (1.34 ലക്ഷം) റഷ്യയില്‍ കേവലം 1280 മരണങ്ങള്‍ മാത്രം! മരണനിരക്ക്-0.95%! ടെസ്റ്റിംഗ് നിരക്കും (41 ലക്ഷം ടെസ്റ്റുകള്‍, 28095/1 million) അതിശയകരമാണ്. റഷ്യ വേണ്ടത്ര ടെസ്റ്റുകള്‍ ചെയ്യുന്നില്ലെന്നും മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്നും വിശ്വസിക്കുന്നവര്‍ നിരവധി. ചൈനയെ പോലെ സുതാര്യതയുടെ പ്രശ്‌നം റഷ്യന്‍ കണക്കുകളിലും നിഴല്‍ വീഴ്ത്തുന്നുണ്ട്. രോഗം വുഹാനില്‍ ഒതുക്കിയ ചൈനയുടെ കാര്യത്തില്‍ ഇനിയും പൂര്‍ണ്ണമായി ആശ്വസിക്കാറായോ എന്ന ചോദ്യവും ഒഴിഞ്ഞുപോകുന്നില്ല.

രോഗവ്യാപന തോത് കുറഞ്ഞ ഏഷ്യന്‍രാജ്യങ്ങള്‍ ലോക്ക്ഡൗണിലൂടെ മെച്ചപെട്ട ഫലമുണ്ടാക്കി. അതില്‍തന്നെ ദക്ഷിണകൊറിയയും ജപ്പാനും ലോക്ക്ഡൗണ്‍ ഒഴിവാക്കി കണ്ടെയിന്‍മെന്റ് രീതികളിലൂടെയാണ് രോഗനിയന്ത്രണം സാധ്യമാക്കിയത്. അതേസമയം, സാര്‍ക് രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് മെച്ചപെട്ട രോഗനിയന്ത്രണവും കുറഞ്ഞ മരണനിരക്കും സാധ്യമാക്കി. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും രോഗംനിയന്ത്രിച്ച് രാജ്യം തുറന്നുതുടങ്ങി. ലോക്ക്ഡൗണ്‍ നിലവിലുള്ളപ്പോഴും എയിഡ്‌സും എബോളയും വേട്ടയാടിയ ആഫ്രിക്കന്‍ വന്‍കരയില്‍(ജനസംഖ്യ-121 കോടി) കോവിഡ് രോഗവ്യാപന നിരക്ക് മുകളിലേക്കാണ്. ഇന്ത്യയിലുള്ളതിനേക്കാള്‍ രോഗികളും(44125) മരണവും(1793) ആഫ്രിക്കന്‍ വന്‍കരയിലുണ്ടായി. അവിടുത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ആശങ്കയുണര്‍ത്തുന്ന കണക്കുകളാണിത്.

137 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ കാര്യം (40263 രോഗികള്‍, 1306 മരണം) സവിശേഷമാണ്. യൂറോപ്പിലെ 44 രാജ്യങ്ങളിലുംകൂടി 74 കോടി ജനങ്ങളേയുള്ളൂ; അമേരിക്കയില്‍ 33 കോടിയും. രോഗവ്യാപനം തീരെക്കുറഞ്ഞ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളം, ഗോവ പോലുള്ള സംസ്ഥാനങ്ങളിലും ലോക്ക്ഡൗണിലൂടെ നില മെച്ചപെട്ടു. കേരളത്തില്‍ മരിച്ച നാല് കോവിഡ് രോഗികള്‍ക്കും ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കേരളം കൈവരിച്ച നേട്ടം രാജ്യന്തരതലത്തില്‍ ശ്രദ്ധിക്കപെട്ടപ്പോള്‍ വിദേശീയരുടെ സാന്നിധ്യം ഏറെയുണ്ടായിരുന്ന ഗോവ ഏറെക്കുറെ രോഗമുക്തമാണ്. ഒഡിഷ, ജാര്‍ഖണ്ഡ്, ഉത്തരഖണ്ഡ്, ഛത്തിസ്ഗഡ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും കാര്യമായ രോഗവ്യാപനമില്ല.

പക്ഷെ മൂന്നാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുമ്പോള്‍ മഹാരാഷ്ട്ര(12296 രോഗികള്‍), ഗുജറാത്ത്(5055) ദല്‍ഹി(4200), മധ്യപ്രദേശ(2846), ഉത്തര്‍പ്രദേശ്(2626) രാജസ്ഥാന്‍(2600), തമിഴ്‌നാട് 2757 തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. ലോക്ക്ഡൗണില്ലായിരുന്നുവെങ്കില്‍ ഇതിലും എത്രയോ കൂടുതലാകുമായിരുന്നു എന്ന ആശ്വാസയുക്തി അപ്രസക്തമാക്കുന്ന രീതിയിലാണ് ഈ സംസ്ഥാനങ്ങളുടെ പോക്ക്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സംസ്ഥാനങ്ങളാണിവ എന്നോര്‍ക്കുമ്പോള്‍ ആശങ്ക ചില്ലറയല്ല. അമേരിക്കയുലെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മഹാരാഷ്ട്രയും ഗുജറാത്തും പോകുന്നതെന്ന പ്രവചനങ്ങള്‍ വരുന്നുണ്ടെങ്കിലും ഏഷ്യയിലെങ്ങും അമേരിക്കന്‍-യൂറോപ്യന്‍ നിരക്കില്‍ രോഗവ്യാപനമോ മരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

രോഗത്തിനിരയായ രാജ്യങ്ങളിലെ വീഴ്ചകളും കെടുതികളും ചൂണ്ടിക്കാട്ടി വിമര്‍ശനവും പരിഹാസവും ചൊരിയുന്നതില്‍ രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ പലരും ഉത്സാഹം കാണിക്കുന്നുണ്ട്. കടുത്ത മത-രാഷ്ട്രീയതിമിരമാണ് മിക്കപ്പോഴും ഇത്തരം വിദ്വേഷപ്രകടനങ്ങളുടെ കാതല്‍. ആദ്യം ചൈനയ്‌ക്കെതിരെയായിരുന്നു, പിന്നെ ഇറ്റലിയും സ്‌പെയിനുമായി, ശേഷം അമേരിക്കയും ബ്രിട്ടണും… അടിയേറ്റ ഈ രാജ്യങ്ങള്‍ തിരിച്ചുവരു്‌പോള്‍ പരിഹസിക്കുന്നവരും വിമര്‍ശിക്കുന്നവരും രോഗത്തിന് വ്യാപകമായ തോതില്‍ ഇരയാകുന്നത് കാണേണ്ടിവരുമോ? കോവിഡിന്റെ വഴികള്‍ പ്രവചനീതീതം.

രോഗശമനത്തിന് ശേഷം ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാം എന്ന നയം ഇന്ത്യയുടെ കാര്യത്തില്‍ തീരെ സാധ്യമല്ലെന്നതാണ് അവസ്ഥ. രോഗവുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവന്നേ മതിയാകൂ എന്ന് ആദ്യമായി തുറന്നടിച്ചത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ്. മറ്റുള്ളവര്‍ മനസ്സില്‍ ആഗ്രഹിക്കുന്നത് കേജ്രിവാള്‍ പറഞ്ഞു എന്നതാണ് വാസ്തവം. ദല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണിലാണ്. ലോക്ക്ഡൗണില്‍ നിന്ന് ലഭിക്കുന്ന നേട്ടം അതുണ്ടാക്കുന്ന കെടുതിയുമായി താരതമ്യംചെയ്യുമ്പോള്‍ സഹായകരമല്ലെന്ന നിലപാടിലേക്ക് മറ്റ് സംസ്ഥാനങ്ങളും മാറാന്‍ അധികം വൈകില്ല. പൂച്ചയ്ക്ക് ആരു മണികെട്ടും എന്നതായിരുന്നു വിഷയം. അത് നടന്നിരിക്കുന്നു. പൂച്ചയ്ക്കും തീരെ വയ്യാതെയായി.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *