ഒടിയുന്ന വടി?


കോവിഡിനൊപ്പം ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പത്തുദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങള്‍ വരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പുരോഗമിക്കവെ ‘ലോക്ക്ഡൗണ്‍ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല’ എന്ന നിലപാടില്‍ നിന്നും പലരും പിറകോട്ടടിക്കുകയാണ്. ലോക്ക്ഡൗണ്‍ രോഗവ്യാപന നിയന്ത്രണത്തിന് സഹായകരമെങ്കിലും അതിലൂടെ രോഗനിര്‍മാര്‍ജ്ജനം സാധ്യമല്ല. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണനിരക്ക് കാണിക്കുന്നവയില്‍ മഹാഭൂരിപക്ഷവും(ബല്‍ജിയം, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, യു.കെ, ന്യൂയോര്‍ക്ക്) ലോക്ക്ഡൗണ്‍ ചെയ്ത സമൂഹങ്ങളാണ്. മികച്ച പ്രകടനം കാഴ്ചവെച്ചവയില്‍ പലതും ലോക്ക്ഡൗണ്‍ ഇല്ലാത്തവയോ ഭാഗികമായി നടപ്പിലാക്കിയവയോ ആണ്. ഉദാ-ദ.കൊറിയ, തയ്‌വാന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്. ലോക്ക്ഡൗണ്‍ നേട്ടം അനാകര്‍ഷകമാകുകയും അതിന്റെ ചെലവ് അസഹനീയമാകുകയും ചെയ്യുമ്പോള്‍ ലോകം ബദല്‍സാധ്യതകള്‍ ആരായുക സ്വാഭാവികമാണ്. ക്രമേണയുള്ള അയവുകള്‍ മുതല്‍ പൂര്‍ണ്ണ അണ്‍ലോക്കിംഗ് വരെ അവിടെ തെളിയുന്നു.

രോഗവ്യാപനത്തിന്റെ ഏതൊരു ഘട്ടത്തിലും ‘ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇതിലും എത്രയോ ഭീകരമായേനെ’ എന്ന ആശ്വാസയുക്തി (consolation logic) സാധ്യമാണ്. ഇതൊരു സാധ്യതയാണ്. എങ്കിലും കൃത്യമായ തെളിവ് ലഭിക്കേണ്ടിയിരുന്നു. ലോക്ക്ഡൗണില്ലാതെ സ്വീഡിഷ് മാതൃക പിന്തുടര്‍ന്ന ബ്രിട്ടണ്‍ പിന്നീട് ലോക്ക്ഡൗണ്‍ നടപ്പിലാക്കി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ വ്യാപനനിരക്കും മരണനിരക്കും കുതിച്ചുയര്‍ന്നു. ഇപ്പോഴും ഈ രണ്ടു കാര്യങ്ങളിലും സ്വീഡനെക്കാള്‍ മുന്നിലാണവര്‍. ബ്രിട്ടണ്‍ നേരത്തെ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു എന്ന മറ്റൊരു ആശ്വാസയുക്തി ബാക്കിയുണ്ട്.

ലോക്ക്ഡൗണ്‍ പ്രാരംഭഘട്ടത്തില്‍ വ്യാപനനിരക്കും മരണനിരക്കും കുറവായിരിക്കും. നീളുന്നതനുസരിച്ച് മിക്കപ്പോഴും രോഗവ്യാപനതോത് ഉയരുന്നത് കാണാം. ഉദാ-ഇന്ത്യ, പാകിസ്ഥാന്‍, യൂറോപന്‍ രാജ്യങ്ങള്‍. ലോക്ക് ഡൗണിന്റെ നേട്ടം യഥാര്‍ത്ഥത്തില്‍ പ്രതിഫലിക്കേണ്ടത് പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ സമൂഹം കൈവരിക്കുന്ന തയ്യാറെടുപ്പ് വിലയിരുത്തിയിട്ടാണ്. സാമൂഹികവ്യാപനം രൂക്ഷമാകുമ്പോഴാവും ലോക്ക്ഡൗണ്‍ കാലത്തെ തയ്യാറെടുപ്പുകള്‍ ശരിക്കും വിലയിരുത്തപെടുക. ടെന്നീസ് ബോളില്‍ കളിക്കുമ്പോള്‍ മാത്രം സെഞ്ച്വറിയടിച്ചിട്ട് കാര്യമില്ല.

മിക്കരാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഉണ്ടായിരുന്ന വ്യാപനനിരക്കിനെക്കാള്‍(rate of spread) വളരെ കൂടുതലാണ് ശേഷം കാണാനാവുന്നത്. ഉദാഹരണമായി ഇന്ത്യയില്‍ ആദ്യ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30 മുതല്‍ ജനതാ കര്‍ഫ്യു ഏര്‍പ്പെടുത്തിയ മാര്‍ച്ച് 22 വരെയുള്ള 51 ദിവസങ്ങളില്‍ 369 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ രാജ്യം സമ്പൂര്‍ണ്ണമായി അടച്ചിട്ട 48 ദിവസങ്ങളില്‍ 59300 കേസുകള്‍ ഉണ്ടായി. ഒരുപക്ഷെ ജനുവരി 30 നും മാര്‍ച്ച് 22 നും ഇടയ്ക്കാണ് രാജ്യം അടിച്ചിട്ടിരുന്നതെങ്കില്‍ അപ്പോഴുണ്ടായിരുന്ന 369 കേസുകളില്‍ കുറച്ചേ ഉണ്ടാകുമായിരുന്നുള്ളൂ എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതുകൊണ്ടെന്ത് നേട്ടം?ലോക്ക്ഡൗണ്‍ കാലത്ത് വ്യാപനവും മരണനിരക്കും കൂടുന്നത് അതിന് മുന്നെയുള്ള ഘട്ടത്തിലെ നിസ്സംഗതയുടെ ഫലമായാണ് എന്നു വാദിക്കാം. അതും ഒരു ആശ്വാസയുക്തിയാണ്.

പുകവലിപോലെ മദ്യപാനംപോലെ എല്ലാ ലോക്ക്ഡൗണും അത്യന്തികമായി അയച്ചുവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും. It is a question of sooner or later. അടച്ചിടുന്നതുപോലെ എളുപ്പമല്ല പുറത്തുവരുന്നത്. സാമൂഹികവ്യാപനം ഉണ്ടാകാത്ത സമൂഹങ്ങളില്‍ കണ്ടെയിന്‍മെന്റ് (containment) തന്ത്രങ്ങളിലൂടെ വ്യാപനം നിയന്ത്രിക്കാനാവും. ഉദാ-ദക്ഷിണകൊറിയ, തയ്‌വാന്‍, വിയറ്റ്‌നാം, കേരളം. അത്തരം സമൂഹങ്ങളില്‍ ലോക്ക്ഡൗണ്‍ വന്നാല്‍ നേട്ടം നിലനിറുത്താനും സാധിക്കും(ഉദാ-കേരളം). പക്ഷെ സാമൂഹികവ്യാപനം ഇല്ലാത്ത അവസ്ഥയില്‍നിന്ന് വ്യാപനത്തിലേക്ക് വഴുതിവീഴാതിരിക്കാന്‍ രോഗപ്രതിരോധരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്(ഉദാ-കേരളം, ഒറീസ്സ). ജാഗ്രത കുറഞ്ഞാല്‍ ലോക്ക്ഡൗണ്‍ അപ്രസക്തമാകും(ഉദാ-മുംബൈ, ഉജ്ജെയിന്‍, അഹമ്മദാബാദ്, ചെന്നൈ). പൗരാവകാശ നിഷേധവും പോലീസ് ബലപ്രയോഗവും മാത്രം ഉപയോഗിച്ച് രോഗപ്രതിരോധം സാധ്യമല്ലെന്ന് സാരം.

ജീവിതംനശിപ്പിച്ചായാലും ജീവന്‍ രക്ഷിക്കുന്നു എന്നാണ് ലോക്ക്ഡൗണിന്റെ നേട്ടമായി പറയപ്പെടുന്ന പ്രധാനകാര്യം. ലോക്ക്ഡൗണ്‍ ജീവനുകള്‍ രക്ഷിക്കുന്നു എന്നത് ശരിയാണോ എന്നറിയാന്‍ കാലംപിടിക്കും. പകര്‍ച്ചവ്യാധികളുടെ ഉള്ളടക്കവും ചരിത്രവും വ്യക്തമാക്കുന്നത് അതാണ്. തുടര്‍തരംഗങ്ങളും പുതുവരവുകളും നാശംവിതച്ച അനുഭവം അപൂര്‍വമല്ല. ലോക്ക്ഡൗണിലൂടെ ഉണ്ടാകുന്ന നഷ്ടം സാങ്കല്‍പ്പികമല്ല. 9 ട്രില്യണ്‍ ഡോളറിന് തുല്യമായ നഷ്ടം ഇതിനകം ഉണ്ടായിട്ടുണ്ടാവും എന്നാണ് IMF ന്റെ അനുമാനം. ജര്‍മ്മനിയുടെയുംജപ്പാന്റെയും മൊത്തം GDP ക്ക് ഏതാണ്ട് തുല്യമായ തുകയാണിതെന്ന് ഓര്‍ക്കുക.

രോഗവ്യാപനനിരക്കും മരണനിരക്കും സമാന്തരസംഭവങ്ങള്‍ (parallel events) ആണെങ്കിലും പ്രധാനമായും രോഗവ്യാപന നിരക്ക് കുറച്ചുകൊണ്ടു വരികയാണ് ലോക്ക്ഡൗണിലൂടെ ഉദ്ദേശിക്കുന്നത്. മരണനിരക്ക് കുറയ്ക്കുന്നതില്‍ ചികിത്സാസൗകര്യങ്ങളും ഔഷധപ്രയോഗവും നിര്‍ണ്ണായകമാകുന്നു. ലോക്ക്ഡൗണ്‍ ചെയ്ത പല രാജ്യങ്ങളിലും വ്യാപനത്തോത് കുതിച്ചുയരുമ്പോഴും മരണനിരക്ക് കുറവാണ്. ഉദാഹരണം-ജര്‍മ്മനി, റഷ്യ, തുര്‍ക്കി. ഇത് ചികിത്സയുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മികവാണ്. ലോക്ക്ഡൗണ്‍ കാലത്തെ ചികിത്സ തുറന്നതും ചലനാത്മകവുമായ സമൂഹത്തിലും സാധ്യമാണ്.

അമേരിക്കയും ബ്രിട്ടണുമൊക്കെ ലോക്ക്ഡൗണ്‍ ചെയ്യാന്‍ വൈകിയതാണ് അവിടങ്ങളില്‍ വന്‍ കെടുതിയുണ്ടാക്കിയത് എന്ന വാദം ഒറ്റ നോട്ടത്തില്‍ സ്വീകാര്യമായി തോന്നുമെങ്കിലും കണക്കുകള്‍ പറയുന്നത് മറ്റൊന്നാണ്. ഈ രണ്ട് രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ വന്നത് സാമൂഹികവ്യാപനം തുടങ്ങുന്നതിന് മുമ്പാണ്. ആദ്യഘട്ടത്തില്‍ വ്യാപനനിരക്കും മരണനിരക്കും കുറവായിരുന്നു. ലോക്കഡൗണിന്റെ മൂന്നാമത്തെ ആഴ്ചയിലെത്തിയപ്പോള്‍ വ്യാപനം വര്‍ദ്ധിച്ചു. ഇതിനകം മൊത്തം 86 ലക്ഷം ടെസ്റ്റുകള്‍ നടത്തിയ അമേരിക്ക ഈ ആഴ്ച ദിനംപ്രതി 2.64 ലക്ഷം ടെസ്റ്റുകള്‍ നടത്തി. പക്ഷെ രോഗവ്യാപനം തടയാനാവുന്നില്ല. 3.40 ലക്ഷംരോഗികളും 26500 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപെട്ട ന്യൂയോര്‍ക്കിന് ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റിംഗ് നിരക്ക് (57693/one million) ആണുള്ളത്. ഇന്ത്യയുടേത് 630/one million ആണെന്ന് ഓര്‍ക്കുക. 2020 മേയ് 15 ന് ന്യൂയോര്‍ക്ക് മെല്ലെ തുറക്കാന്‍ ഗവര്‍ണ്ണര്‍ ആന്‍ഡ്രു കുമോ തീരുമാനിക്കുമ്പോഴും ദിവസവും 300-500 പേര്‍ അവിടെ മരിക്കുന്നു. കൃത്യസമയത്ത് തന്നെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെന്ന് വാദിക്കുന്ന മിക്ക രാജ്യങ്ങളിലും രോഗവ്യാപനനിരക്ക് വര്‍ദ്ധിക്കുകയാണ്(കാനഡ, തുര്‍ക്കി, റഷ്യ…). ഒരുപക്ഷെ എല്ലായിടത്തും ജനുവരിയില്‍ ലോക്ക്ഡൗണ്‍ ചെയ്തിരുന്നെങ്കില്‍ വുഹാനിലെപ്പോലെ മികച്ചഫലം(?) ലഭിച്ചേനെ. പക്ഷെ ആ സമയത്ത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണെന്ന കാര്യത്തില്‍പോലും ലോകസമൂഹത്തിന് തീര്‍ച്ചയുണ്ടായിരുന്നില്ല. വുഹാനിലേതുപൊലൊരു ലോക്കഡൗണ്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അചിന്ത്യവും.

രോഗവ്യാപനം മിക്ക രാജ്യങ്ങളും ന്യൂനീകരിച്ച് കാണിക്കുന്നു(under reporting) എന്ന് പകല്‍പോലെ വ്യക്തമാണ്. അതവരുടെ കുറ്റമല്ല, മറിച്ച് അതേ സാധ്യമാകൂ. രോഗവ്യാപനം വര്‍ദ്ധിക്കുന്നു എന്ന നിഗമനത്തിലെത്തുന്നത് സാമ്പിള്‍ ടെസ്റ്റിംഗ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. Sample testing results well can be the tip of the ice berg. അരി വെന്തോ എന്നറിയാന്‍ ഒന്നോ രണ്ട് വറ്റ് എടുത്തു നോക്കിയാല്‍ മതിയാകും. There, the data is somewhat homogeneous and representative in character. കോവിഡ്‌രോഗം സംബന്ധിച്ച് അത്തരത്തില്‍ ഏക താനതയുള്ള ഡേറ്റ ലഭിക്കാന്‍ സാധ്യതയില്ല. ഇന്ത്യയില്‍ ICMR നിരീക്ഷണം അനുസരിച്ച് രോഗബാധിതരില്‍ 69-80% പേര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ല. ഒരു ദിവസം ആയിരംപേര്‍ക്ക് രോഗം വന്നു പറയുമ്പോള്‍ അതിനര്‍ത്ഥം ചെറിയൊരു സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയ ഫലമാണ്. അതിന്റെ 7 മുതല്‍ നൂറ് ഇരട്ടിവരെ കോവിഡ് രോഗികള്‍ സമൂഹത്തിലുണ്ടാവാം. വന്നുപോയവരും വന്നിട്ടറിയാത്തവരും നിരവധിയുണ്ടാകാം. ‘കോവിഡ് വിമുക്തം’ എന്നൊക്കെ പറയുന്നതിലും ഇത്രയും ആധികാരികത കണ്ടാല്‍ മതിയാകും.

രോഗവ്യാപനത്തോത് ന്യൂനീകരിച്ച് കാണിക്കുമ്പോള്‍ (under reporting) മറുവശത്ത് മരണനിരക്ക് പെരുപ്പിച്ച് കാണിക്കുന്നു (over reporting). ഒരുലക്ഷം രോഗികളില്‍ 5000 പേര്‍ മരിച്ചാല്‍ മരണനിരക്ക് 5% ആണ്. പക്ഷെ രോഗികളുടെ യഥാര്‍ത്ഥ് കണക്ക് ഒരു കോടിയാണെങ്കിലോ? അപ്പോഴും മരണം 5000 മാത്രം! കോവിഡ് മരണങ്ങളില്‍ നല്ലൊരു ശതമാനവും കോവിഡ് രോഗംമൂലം ഉണ്ടായവ അല്ല. മരിച്ചവര്‍ കോവിഡ് പോസിറ്റീവായിരുന്നു എന്നുമാത്രം. കേരളത്തിലെ നാല് മരണങ്ങള്‍തന്നെ ഉദാഹരണം. പലരിലും കോവിഡ് ഒരു പ്രകോപനം(trigger) മാത്രമായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കാത്തവരെയും സംശയത്തിന്റെ പേരില്‍ കോവിഡ് മരണപട്ടികയില്‍ പെടുത്തുകയാണ് മിക്ക യൂറോപ്യന്‍രാജ്യങ്ങളും ചെയ്യുന്നത്. രോഗം രൂക്ഷമായ അമേരിക്കയില്‍പോലും വെന്റിലേറ്ററുകള്‍ അധികപ്പറ്റായി കിടക്കുന്നു. ഏപ്രില്‍ മധ്യംവരെ മൊത്തംകോവിഡ് മരണങ്ങളുടെ 14 ശതമാനത്തിന് മാത്രമാണ് ഇറ്റലിയില്‍ കോവിഡ് മരണമൂലം എന്ന സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് മരണനിരക്ക് കാണിക്കുന്ന ബല്‍ജിയത്തിലാകട്ടെ, കെയര്‍ഹോമുകളിലുണ്ടായ 3500 ‘കോവിഡ് മരണങ്ങള്‍’ പ്രാരംഭ ടെസ്റ്റിംഗുംപോലും നടത്തി സ്ഥിരീകരിച്ചവയല്ല. കേവല അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് അവിടെ മരണനിരക്ക് ഇത്രയുമധികം (16%) ഉയരാന്‍ കാരണം. ഇതിനെതിരെ ബല്‍ജിയത്തിനുള്ളില്‍തന്നെ പ്രതിഷേധമുണ്ട്. ഈ അനാവശ്യ സുതാര്യത അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്നാണ് വാദം.

കൂട്ടപ്രതിരോധം(herd immunity) സംബന്ധിച്ച് നടത്തുന്ന പല പ്രവചനമാതൃകകളിലും നിഗമനങ്ങളിലും ഇത്തരം സാമ്പിള്‍ സര്‍വെ ഫലങ്ങളാണ് ആധാരമാക്കിയിട്ടുള്ളത്. സമൂഹത്തിലെ രോഗവ്യാപനനിരക്ക് വന്‍തോതില്‍ ന്യൂനീകരിക്കുകയും മരണനിരക്ക് പെരുപ്പിക്കുകയും ചെയ്യുമ്പോള്‍ അത്തരം കണക്കുകള്‍ മാനദണ്ഡമാക്കി ഉണ്ടാക്കുന്ന പ്രവചന മാതൃകകള്‍ക്കും ഇതേ സ്വാഭാവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഉദാഹരണമായി 3.5% മരണനിരക്കുമായി 56000 പേര്‍ക്ക് രോഗം ബാധിച്ച ഇന്ത്യയില്‍ 60-70% പേര്‍ക്ക് രോഗബാധയുണ്ടായി കൂട്ടപ്രതിരോധം ലഭിക്കണമെങ്കില്‍ എത്രപേര്‍ മരിക്കും എന്നൊക്കെ കണക്കുകൂട്ടുന്നത് യാഥാര്‍ത്ഥ്യപരമല്ല. മിക്കപ്പോഴും അവ നല്‍കുന്നത് ഒരു ഭീതിവ്യാപാരകണക്ക് (fear mongering figures) ആയിരിക്കും. ഇനിയും നമുക്ക് അറിയാനാവാത്ത പല ഘടകങ്ങളും(unknown factors) ഈ പകര്‍ച്ചവ്യാധിക്കുണ്ട്. നീണ്ടകാലം കാത്തിരുന്ന് വിധി പറയുന്നതാവും ഉചിതം.

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതുമൂലം രോഗം പടര്‍ന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ യുക്തിസഹമല്ല. ഏപ്രില്‍ 24 ന് ഇളവുകള്‍ വന്ന കോട്ടയം ജില്ലയില്‍ തുടര്‍ന്നുള്ള മൂന്നുനാല് ദിവസം കേസുകള്‍ വന്നത് ഇളവുകള്‍ മൂലമാണെന്ന വാദം ഉയര്‍ന്നിരുന്നു. കോവിഡ് രോഗം സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നത് പോലെ സംഭവിക്കുന്ന ഒന്നല്ല. ഇന്‍കുബേഷന്‍ ഘട്ടം 5 മുതല്‍ 14 ദിവസം വരെയാണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ പോസിറ്റീവാകുന്ന കേസുകള്‍ ലോക്ക്ഡൗണ്‍കാലത്തുള്ള രോഗം തന്നെയാണ് എന്ന കരുതുന്നതാണ് കൂടുതല്‍ യുക്തിസഹം. പോസിറ്റീവ് കേസുകളുടെ എണ്ണം ടെസ്റ്റിംഗ് നടത്തുന്നതനുസരിച്ച് വര്‍ദ്ധിക്കും.

കോവിഡ് ജീവന്‍ അപഹരിക്കുമ്പോള്‍ ലോക്ക്ഡൗണിന് കൊടുക്കേണ്ടി വരുന്ന വില ജീവനുകള്‍ മാത്രമല്ല. സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഉപരിവര്‍ഗ്ഗത്തിന് ലോക്ക്ഡൗണ്‍ ഒരു വിഷയമല്ല. ലോക്ക്ഡൗണ്‍മൂലം ജീവിതം വഴിമുട്ടിയ ഭൂരിപക്ഷത്തിന്റെയും വികാരവിചാരങ്ങള്‍ ന്യൂസ് റൂമുകളിലും പത്രത്താളുകളിലും ഭരണത്താവളങ്ങളിലും നിര്‍ദ്ദയം ചവിട്ടിമെതിക്കപെടുകയാണ്. പ്രഖ്യാപിത മനുഷ്യസ്‌നേഹികളും നന്മമരങ്ങളും സംവിധാനംചെയ്യുന്ന ഒളിയുദ്ധവും തെറിവിളിയും വിദ്വേഷപ്രകടനവും ഭയന്ന് മിണ്ടാതിരിക്കാന്‍ മിക്കവരും ശീലിച്ചു തുടങ്ങിയിരിക്കുന്നു. സ്വദേശത്ത് തിരിച്ചെത്താനായി നൂറ് കണക്കിന് കിലോമീറ്ററുകള്‍ നടന്ന് തളര്‍ന്ന് റോഡില്‍ വീണു മരിച്ചവരും വീടെത്താനുള്ള പാച്ചിലില്‍ തീവണ്ടി ചതച്ചരച്ചവരും അടച്ചിട്ട ഫാക്ടറിയില്‍ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ജീവന്‍ വെടിഞ്ഞവരും മാത്രമല്ല ലോക്ക്ഡൗണിന്റെ ഇരകള്‍. ജീവിക്കാനുള്ള അവകാശം നിഷേധിക്കപെട്ട് ഇഞ്ചിഞ്ചായി നിസ്സാരവല്‍ക്കരിക്കപെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷവും അതിന്റെ നേര്‍സാക്ഷ്യപത്രമാണ്. അടി കാര്യമായി നടക്കുന്നുണ്ട്, വടി ഒടിഞ്ഞു തുടങ്ങി, പാമ്പിന് കൊളളുന്നില്ല.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *