“കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപേ, മാധ്യമവിചാരണയിലൂടെയും നടപടിക്രമങ്ങളിലൂടെയും അനിശ്ചിതത്വത്തിലൂടെയും വ്യക്തികൾ ശിക്ഷിക്കപ്പെടുന്നു. ശക്തരായ തൽപരകക്ഷികൾ ആരാണോ അവരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ കളിപ്പാവ ആയിത്തീരുന്നു നമ്മുടെ നിയമ വ്യവസ്ഥ.” സുജിത് കെ സുരേന്ദ്രൻ എഴുതുന്നു.
ശിക്ഷ നടപ്പിലാക്കുന്ന സംവിധാനങ്ങൾ
ഒറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിർബന്ധബുദ്ധിയാൽ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും തെറ്റില്ല എന്ന തത്വം ക്രിമിനൽ നീതിന്യായശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വില്യം ബ്ലാക്ക്‌സ്റ്റോണിന്റെ പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തമാണ്, ‘കുറ്റം തെളിയിക്കപ്പെടും വരെ നിരപരാധി’ എന്ന ആശയത്തിനും, അന്വേഷകർക്ക് മുകളിൽ ചുമത്തപ്പെടുന്ന തെളിവുഭാരത്തിനും, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന് മുൻപ് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങൾക്കും അടിത്തറയാവുന്നത്. ഇന്ത്യയിൽ ഈ ധാർമ്മിക പ്രതിബദ്ധതയ്ക്ക് ഭരണഘടനാപരമായ ഒരു ഭാവം നൽകുന്നത് 21-ആം അനുച്ഛേദം ആണ്. കേവലം ശാരീരികമായ സ്വാതന്ത്ര്യം മാത്രമല്ല, വ്യക്തിയുടെ അന്തസ്സും സൽപ്പേരും നടപടിക്രമങ്ങളിലെ നീതിയും ഇതിൽ ഉൾപ്പെടുന്നുവെന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്.
തത്ത്വത്തിൽ, ഇന്ത്യൻ ക്രിമിനൽ നിയമം നിരപരാധിത്വത്തെ സംരക്ഷിക്കുന്ന പക്ഷത്താണ് ഉറച്ചുനിൽക്കുന്നത്. എന്നാൽ, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അനുഭവസാക്ഷ്യങ്ങൾ ഞെട്ടിപ്പിക്കുന്ന ഒരു വൈരുദ്ധ്യത്തെയാണ് വെളിപ്പെടുത്തുന്നത്. വിധി വരും മുൻപുള്ള ശിക്ഷയെ നിയമം തത്വത്തിൽ നിരാകരിക്കുന്നുണ്ടെങ്കിലും, കുറ്റം തെളിയിക്കപ്പെടുന്നതിന് എത്രയോ മുൻപുതന്നെ ശിക്ഷ നടപ്പിലാക്കാൻ അനുവദിക്കുന്ന തരത്തിലാണ് നമ്മുടെ പല സംവിധാനങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ശിക്ഷ ഏറ്റുവാങ്ങേണ്ടുന്ന പ്രതികൾ
ഏതൊരു ക്രിമിനൽ നടപടിയുടെയും തുടക്കത്തിൽ തന്നെ ഈ വിരോധാഭാസം പ്രകടമാകാൻ തുടങ്ങും. നിയമപരമായി നോക്കിയാൽ, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് (FIR) എന്നത് ഒരു ആരോപണത്തിന്റെ രേഖപ്പെടുത്തൽ മാത്രമാണ്. അത് കുറ്റത്തിനുള്ള തെളിവോ, കുറ്റവാളിയാണെന്നുള്ള ജുഡീഷ്യൽ തീരുമാനമോ അല്ല. എന്നാൽ യഥാർത്ഥ ജീവിതത്തിൽ, ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ തന്നെ കുറ്റവാളി എന്ന് ആരോപിക്കപ്പെടുന്ന ആളുടെ ജീവിതത്തിൽ തിരുത്താനാവാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങും. മിക്കവാറും എല്ലായ്പ്പോഴും മാധ്യമങ്ങൾ ആരോപണങ്ങളെ തെളിയിക്കപ്പെട്ട സത്യങ്ങളായി ആഘോഷിക്കാൻ തുടങ്ങും. തൊഴിലുടമകൾ ആരോപണ വിധേയരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ഒക്കെ ചെയ്യും. കുറ്റാരോപിതൻ രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്തുണ ഉടനടി പിൻവലിക്കും.
ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തേക്കാൾ വലിയൊരു ഉദാഹരണം നമുക്ക് ഇതിന് കാണാൻ കഴിയില്ല. തൊണ്ണൂറുകളിൽ ചാരക്കേസ് എന്ന വ്യാജ ആരോപണത്തിന്റെ പേരിൽ, ദേശസുരക്ഷയെ ഒറ്റിക്കൊടുത്തവനായി മുദ്രകുത്തപ്പെട്ട് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുകയും, ചോദ്യം ചെയ്യപ്പെടുകയും, തൊഴിൽപരമായി മാറ്റിനിർത്തപ്പെടുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം, അന്വേഷണ ഏജൻസികളും കോടതികളും ആ കേസ് കെട്ടിച്ചമച്ചതു മാത്രമാണ് എന്ന് കണ്ടെത്തി. അദ്ദേഹത്തിന് നേരിട്ട കൊടുംനീതി നിഷേധത്തെ സുപ്രീം കോടതി അംഗീകരിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു. എന്നാൽ ദശാബ്ദങ്ങൾക്ക് മുൻപേ തന്നെ അദ്ദേഹത്തിന്റെ കരിയറിനും, സൽപ്പേരിനും, വ്യക്തിജീവിതത്തിനും വളരെ വലിയ ആഘാതം സംഭവിച്ചു കഴിഞ്ഞിരുന്നു. പ്രക്രിയ തന്നെ ശിക്ഷയായി മാറുമ്പോൾ, ദേശസുരക്ഷ പോലുള്ള അതീവപ്രാധാന്യമുള്ള മേഖലകൾ പോലും വിധിയില്ലാത്ത ശിക്ഷ നടപ്പിലാക്കാനുള്ള ആയുധങ്ങളായി മാറുന്നുവെന്നതു ഈ കേസ് നമ്മെ ഓർമ്മിപ്പിക്കും.
നീതിവ്യവസ്ഥയിലെ നടപടികൾക്കുള്ള കാലതാമസം
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇന്ത്യൻ നീതിവ്യവസ്ഥയിലെ നടപടികൾക്കുള്ള കാലതാമസം ആണ്. ക്രിമിനൽ നടപടിക്രമങ്ങളെ ശിക്ഷാസംവിധാനമാക്കി മാറ്റുന്നതിൽ ഈ കാലതാമസം വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. നിയമത്തിന്റെ കണ്ണിൽ സമയം നിഷ്പക്ഷമായിരിക്കാം, എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം സമയത്തിന്റെ വില അങ്ങനെയല്ല. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഒരാൾ കുറ്റവിമുക്തനാവുമ്പോൾ അയാളുടെ അതുവരെ സസ്പെൻഡ് ചെയ്യപ്പെട്ട ജീവിതവും നഷ്ടപ്പെട്ട പൊതുവിശ്വാസവും ആ കോടതിവിധികൊണ്ട് തിരിച്ചുപിടിക്കാനാവില്ല എന്ന അവസ്ഥ ആയിരിക്കും. ഫലത്തിൽ നിയമപരമായ സമയവും സാമൂഹികമായ പ്രത്യാഘാതങ്ങളും തമ്മിലുള്ള ഈ അന്തരം കാരണം, വൈകി വരുന്ന നീതി അർത്ഥശൂന്യമായിത്തീരുന്നു.
മാധ്യമപ്രവർത്തകനായ ജെ. ഡേയുടെ കൊലപാതകത്തെത്തുടർന്ന് ജിഗ്ന വോറ എന്ന പത്രപ്രവർത്തക നേരിട്ട അനുഭവം മാധ്യമസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ തന്നെ ഈ പ്രതിഭാസത്തെ വരച്ചുകാട്ടുന്നു. ജാമ്യം ലഭിക്കാൻ അതീവബുദ്ധിമുട്ടുള്ള MCOCA എന്ന നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വോറ, മാസങ്ങളോളം തടവറയിൽ കഴിയുകയും സംഘടിതകുറ്റകൃത്യത്തിലെ പങ്കാളിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾ ആയിട്ട് പോലും മറ്റു മാധ്യമങ്ങൾ അവരെ കുറിച്ച് പൊടിപ്പും തൊങ്ങലും ചേർത്തു കൽപ്പിതകഥകൾ ഉണ്ടാക്കിയെന്നോണം പൊതുമദ്ധ്യത്തിൽ അവരുടെ ജീവിതം ദുസ്സഹം ആക്കി. 2018-ൽ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തിൽ അവരെ കുറ്റവിമുക്തയാക്കിയപ്പോഴേക്കും ഒരു പത്രപ്രവർത്തകയെന്ന നിലയിലുള്ള അവരുടെ ജീവിതം തകർക്കപ്പെട്ടിരുന്നു. കടുത്ത നിയമങ്ങളും മാധ്യമങ്ങളുടെ ആഘോഷങ്ങളും ചേരുമ്പോൾ, അന്തിമവിധി എന്തായാലും ശരി, നടപടിക്രമങ്ങൾ തന്നെ ശിക്ഷയായി മാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്.
മുൻപേ നടപ്പിലാവുന്ന ശിക്ഷകൾ
നിയമവ്യവസ്ഥയിലെ ഈ പ്രശ്നം, ഈയിടെയായി വർദ്ധിച്ചുവരുന്ന വികാരവിക്ഷോഭപരമായ മാധ്യമപ്രവർത്തനം കൊണ്ട് കൂടുതൽ തീവ്രമായി മാറിയിട്ടുണ്ട്. പരമ്പരാഗത റിപ്പോർട്ടിംഗിൽ നിന്ന് മാറി, ഇന്നത്തെ മാധ്യമങ്ങൾ ധാർമ്മികതയുടെ വക്താക്കൾ ആയി സ്വയം നടിച്ചുകൊണ്ട്, ആരോപണങ്ങളെ എല്ലാം അവരവരുടെ നിഗമനങ്ങൾ ആയി അവതരിപ്പിക്കുന്നു. ക്ഷണനേരം കൊണ്ട് പടരുന്ന രോഷത്തിന്റെ ഈ വ്യവസ്ഥയിൽ, ആരോപണവും വിധിനിർണ്ണയവും തമ്മിലുള്ള വേർതിരിവ് ഇത് കൊണ്ട് തന്നെ പെട്ടെന്ന് മാഞ്ഞുപോകുന്നു. ഇത് പൊതുജനാഭിപ്രായത്തെ മാത്രമല്ല, പല സ്ഥാപനങ്ങളുടെ പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. നീതിപൂർവ്വം ചിന്തിക്കുന്നതിന് പകരം പ്രതിരോധപരമായി പ്രതികരിക്കാൻ തൊഴിലുടമകളും അന്വേഷണ ഏജൻസികളും എല്ലാം നിർബന്ധിതരാകുന്നു. ഫലമോ, ക്രിമിനൽ നടപടികൾക്ക് മുൻപേ തന്നെ ശിക്ഷ നടപ്പിലാകുന്നു. മാനുഷിക സംരക്ഷണം ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ ഭരണഘടനാപരമായ ഉറപ്പുകൾ എല്ലാം തന്നെ നിഷ്പ്രഭമായിത്തീരുന്നു.
പലപ്പോഴും ശരി അല്ല എന്ന് തോന്നുമെങ്കിലും രാഷ്ട്രീയജീവിതങ്ങൾ ഈ പ്രശ്നങ്ങൾക്ക് കൂടുതൽ വിധേയമാണ് എന്നത് ചരിത്രം പറയും. തെളിവില്ലെങ്കിൽ പോലും, പരസ്യമാക്കപ്പെടുന്ന ആരോപണങ്ങൾക്ക് ജനാധിപത്യപരമായ സാധുതയെ തകർക്കാൻ കഴിയും എന്നതിന് ഉമ്മൻചാണ്ടിയുടെ അനുഭവം ഒരു തെളിവാണ്. സോളാർ വിവാദകാലത്ത് ഉയർന്ന ലൈംഗികാരോപണങ്ങൾ വർഷങ്ങളോളം പൊതുചർച്ചകളിൽ നിറഞ്ഞുനിന്നു. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണങ്ങളിൽ ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തുകയും കോടതികൾ അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ നിയമപരമായ കുറ്റവിമുക്തിക്കും അപ്പുറം രാഷ്ട്രീയമായും സാമൂഹികമായും ഉള്ള വലിയ ആഘാതം ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ ഇത് മൂലം ഉണ്ടായി. രാഷ്ട്രീയ പോരാട്ടങ്ങളിൽ ക്രിമിനൽ ആരോപണങ്ങൾ ആയുധമാക്കപ്പെടുമ്പോൾ, പിന്നീട് വരുന്ന ഒരു കോടതിവിധിക്കും മായ്ക്കാനാവാത്ത മുറിവുകൾ അവ സൃഷ്ടിക്കുന്നു എന്നതു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.
പ്രധാനമായും ഓർക്കേണ്ട കാര്യം, ഈ പ്രശ്നം പൊതുപ്രവർത്തകർക്കോ ഉന്നതർക്കോ മാത്രമുള്ളതല്ല എന്നതാണ്. സാധാരണ പൗരന്മാരും, പ്രത്യേകിച്ച് ജാമ്യം അപവാദമായ കർക്കശനിയമങ്ങൾക്ക് കീഴിൽ, വിധിയില്ലാത്ത ശിക്ഷയ്ക്ക് ഇരയായി തീരുന്നുണ്ട്. മയക്കുമരുന്ന് കേസിലെ വ്യാജപ്രതിയാക്കപ്പെട്ട ഷീല സണ്ണിയുടെ അനുഭവം കേരളം കണ്ടതാണ്. എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റിലായി മാസങ്ങളോളം അവർ ജയിലിൽ കിടന്നു. ഒടുവിൽ ലാബ് റിപ്പോർട്ട് വന്നപ്പോൾ, പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞു. കോടതിയുടെ ഇടപെടൽ അവരുടെ നിയമപരമായ നിരപരാധിത്വം തിരിച്ചുനൽകിയെങ്കിലും, നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ നാളുകൾ തിരിച്ചുനൽകാനാവില്ല. മതിയായ തെളിവുകളില്ലാതെയുള്ള വിചാരണത്തടവ്, അത് തന്നെ ഒരു ശിക്ഷയാണെന്ന ഭരണഘടനാപരമായ സത്യമാണ് ഇവിടെ വെളിപ്പെടുന്നത്.
രാഷ്ട്രീയത്തിനും മാധ്യമങ്ങൾക്കും അപ്പുറം പല തൊഴിൽമേഖലകളിലേക്കും ഈ കാര്യം വ്യാപിക്കുന്നുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാനായി ക്രിമിനൽ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന കേസുകൾ കോടതികളിൽ കാണുന്നുണ്ട്. ലൈംഗികപീഡന ആരോപണത്തിന് വിധേയനായ ഒരു അധ്യാപകൻ (Anand Viswanathan) സസ്പെൻഡ് ചെയ്യപ്പെടുകയും പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെടുകയും ചെയ്തു. കർക്കശക്കാരനായ അധ്യാപകനോടുള്ള പ്രതികാരമായി കെട്ടിച്ചമച്ചതാണ് പരാതിയെന്ന് പിന്നീട് പരാതിക്കാരിയായ വിദ്യാർത്ഥിനി തന്നെ സമ്മതിച്ചു. കോടതി സത്യം തിരിച്ചറിഞ്ഞെങ്കിലും, വർഷങ്ങളായുള്ള തൊഴിൽപരമായ നഷ്ടം അദ്ദേഹത്തിന് നികത്താനാവില്ല. കുറ്റവിമുക്തനാക്കപ്പെട്ടാലും, നഷ്ടപ്പെട്ട സൽപ്പേര് വീണ്ടെടുക്കാൻ നമ്മുടെ നിയമം കാര്യമായൊന്നും ചെയ്യുന്നുമില്ലല്ലോ.
കള്ളക്കേസുകൾ, സംഘടിതകുറ്റകൃത്യ നിയമങ്ങൾ, രാഷ്ട്രീയ പ്രേരിത ആരോപണങ്ങൾ, സാധാരണക്കാരുടെ ദുരിതങ്ങൾ എന്നിവയിലാകെ ഒരു പൊതുസ്വഭാവം തെളിയുന്നുണ്ട് : കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപേ, നടപടിക്രമങ്ങളിലൂടെയും മാധ്യമവിചാരണയിലൂടെയും അനിശ്ചിതത്വത്തിലൂടെയും വ്യക്തികൾ ശിക്ഷിക്കപ്പെടുന്നു എന്നത്. ശക്തരായ തൽപരകക്ഷികൾ ആരാണോ അവരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ കളിപ്പാവ ആയിത്തീരുന്നു നമ്മുടെ നിയമ വ്യവസ്ഥ.
ഇതിന് നമുക്ക് എങ്ങിനെ മാറ്റം വരുത്താൻ കഴിയും?
കാതലായ ക്രിമിനൽ നിയമങ്ങളെ നേർപ്പിക്കുകയോ ഇരകൾക്കുള്ള സംരക്ഷണം കുറയ്ക്കുകയോ അല്ല ഇതിനുള്ള പരിഹാരം. മറിച്ച്, തിരുത്താനാവാത്ത മുറിവുകൾ ഏൽപ്പിക്കപ്പെടുന്ന ഘട്ടങ്ങളിൽ നടപടിക്രമങ്ങളെ പുനഃക്രമീകരിക്കുക എന്നതാണ് ആവശ്യം. ഒന്നാമതായി, വിചാരണയ്ക്ക് മുൻപുള്ള ഘട്ടത്തിൽ, പ്രത്യേകിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും മുൻപ്, കൂടുതൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാവണം. സൽപ്പേരിന് കോട്ടം വരുത്തുന്ന ആരോപണങ്ങളിൽ – പ്രത്യേകിച്ചും പൊതുപ്രവർത്തകർക്കും പ്രൊഫഷണലുകൾക്കും എതിരെ വരുമ്പോൾ – പ്രാഥമികമായ ഒരു പരിശോധന അനിവാര്യമാണ്. പ്രഥമദൃഷ്ട്യാ കുറ്റകരമായ കാര്യങ്ങളെയും, സ്ഥിരീകരിക്കപ്പെടാത്ത ആരോപണങ്ങളെയും വേർതിരിച്ചറിയാൻ ഇത് സഹായിക്കും. യഥാർത്ഥ പരാതികൾക്ക് ഇത് തടസ്സമാവുകയില്ല.
രണ്ടാമതായി, വിചാരണത്തടവും സൽപ്പേരിന്റെ തകർച്ചയും കേവലം പ്രോസിക്യൂഷന്റെ നിർഭാഗ്യകരമായ പാർശ്വഫലങ്ങളല്ല, മറിച്ച് പ്രായോഗികജീവിതത്തിലെ പ്രശ്നങ്ങൾ ആയി നിയമം തിരിച്ചറിയണം. സ്വാതന്ത്ര്യവും ജീവിതമാർഗ്ഗവും ഉൾപ്പെടുന്ന കേസുകളിൽ സമയബന്ധിതമായ അന്വേഷണവും വിചാരണയും എന്നത് കേവലമൊരു അഭിലാഷമല്ല, ഭരണഘടനാപരമായ അനിവാര്യതയാണ്. തെളിവില്ലാതെയോ കെട്ടിച്ചമച്ചതോ ആയ കേസുകൾ തകരുമ്പോൾ, നഷ്ടപരിഹാരവും പുനരധിവാസവും എന്നത് ജുഡീഷ്യറിയുടെ ഔദാര്യമല്ല, മറിച്ച് തീർത്തും സ്വാഭാവികമായ മാനുഷികനീതിയായി മാറണം.
മൂന്നാമതായി, ജാമ്യം ലഭിക്കാൻ പ്രയാസമുള്ള പ്രത്യേക നിയമങ്ങൾ (ഭീകരവിരുദ്ധ നിയമങ്ങൾ, സംഘടിത കുറ്റകൃത്യ നിയമങ്ങൾ തുടങ്ങിയവ) പ്രയോഗിക്കുമ്പോൾ കർശനമായ ഉത്തരവാദിത്തം ഉണ്ടാവണം. അസാധാരണമായ അധികാരങ്ങൾ അസാധാരണമായ സംയമനം ആവശ്യപ്പെടുന്നുണ്ട് . ജുഡീഷ്യറിയുടെ മേൽനോട്ടം മുൻകാലപ്രാബല്യത്തോടെയുള്ള പോസ്റ്റ്മോർട്ടം ആകാതെ, സമകാലികവും യഥാർത്ഥവുമായിരിക്കണം.
അവസാനമായി, ക്രിമിനൽ നടപടികളും പൊതുചർച്ചകളും തമ്മിലുള്ള ബന്ധം അടിയന്തിരമായ ശ്രദ്ധ അർഹിക്കുന്നു. മാധ്യമങ്ങളുടെ വികാരവിക്ഷോഭങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെങ്കിലും, അതൊരു സമാന്തര നീതിന്യായവ്യവസ്ഥയായി പ്രവർത്തിക്കുമ്പോൾ അതിന് നിയന്ത്രണമില്ലാതെ പോകരുത്. നീതിയുക്തമായ വിചാരണയും അഭിപ്രായസ്വാതന്ത്ര്യവും തമ്മിലുള്ള ഭരണഘടനാപരമായ സന്തുലനം കാത്തുസൂക്ഷിക്കാൻ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിൽ (sub judice) റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്ന അല്ലെങ്കിൽ പരിധി കടന്നു പോകുന്ന മാധ്യമങ്ങളെ മാതൃകാ പരമായ ശിക്ഷണ നടപടികൾക്ക് വിധേയമാക്കേണ്ടതുണ്ട്.
ഒരു ഭരണഘടനാ സംവിധാനത്തിനും കൃത്രിമ പരാതികളെ സമ്പൂർണ്ണമായി ഇല്ലാതെ ആക്കാൻ കഴിയില്ല. എല്ലാവരും സത്യസന്ധരാണെന്ന Universal Good Faith മാത്രം ആശ്രയിച്ചുനിൽക്കുന്ന ഏതൊരു നീതിന്യായ വ്യവസ്ഥയും പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണ്. അതുകൊണ്ട്, തെറ്റുകൾ സംഭവിക്കില്ലെന്ന തെറ്റായ വാഗ്ദാനം ചെയ്യുകയല്ല, മറിച്ച് കൃത്രിമത്വങ്ങൾ സംഭവിക്കുമ്പോൾ അത് സൃഷ്ടിക്കുന്ന തിരുത്താനാവാത്ത ആഘാതങ്ങളെ പരിമിതപ്പെടുത്തുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക എന്നതാണ് ഭരണഘടനാപരമായ ബാധ്യത.
വേണ്ടത്ര തെളിവുകളുടെ സൂക്ഷ്മപരിശോധനയില്ലാതെ ഉണ്ടാവുന്ന ആരോപണങ്ങൾ അറസ്റ്റിലേക്കും, തടവിലേക്കും, പരസ്യവിചാരണയിലേക്കും വഴിമാറുന്നില്ലെന്ന് കോടതികൾ ഉറപ്പാക്കേണ്ടിയിരിക്കുന്നു. പ്രാരംഭഘട്ടത്തിലുണ്ടാകുന്ന പിഴവുകൾ നിയമപരമായും സാമൂഹികമായും തിരുത്താൻ സാധിക്കുന്നവയായിരിക്കണം. എന്നിട്ടും, തെറ്റായ പ്രോസിക്യൂഷനോ സൽപ്പേരിന്റെ തകർച്ചയ്ക്കോ വ്യവസ്ഥിതി വഴിയൊരുക്കുന്നുണ്ടെങ്കിൽ, നീതിന്യായപരമായ ഇടപെടൽ വേഗത്തിലും, പരസ്യമായും, പരിഹാര സ്വഭാവത്തോടു കൂടിയതുമാകണം. വിചാരണയ്ക്ക് മുൻപുള്ള ശിക്ഷയെ ഭരണഘടനാപരമായ പ്രശ്നമായി അംഗീകരിക്കുകയും, നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും കൂടി ചെയ്യണം.
![]()

