ട്രംപ് താരിഫ് നിയമങ്ങൾ സുപ്രീം കോടതിയിൽ അട്ടിമറിച്ചതാര്? – ജോബോയ് തോംസൺ എഴുതുന്നു


“എക്സിക്യൂട്ടീവ് ഓർഡറുകൾക്ക് ഭരണസ്ഥിരതയില്ല; കോൺഗ്രസ്സ് പാസ്സാക്കുന്ന നിയമങ്ങൾക്കേ ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പുള്ളൂ. ട്രംപിന്റെ താരിഫ് രാഷ്ട്രീയവും ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ നിഴലിലാണ്.”

താരിഫ് നിയമങ്ങളും ദേശീയതയും

2025 ഏപ്രിൽ 2-ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച “വിമോചന ദിന” (Liberation Day) താരിഫുകൾ, അമേരിക്കയുടെ വ്യാപാര കമ്മിയെ നേരിടാൻ രൂപകൽപ്പന ചെയ്ത നയമാണെന്നു പറയപ്പെട്ടിരുന്നു. ഇതുപ്രകാരം 2025 ഏപ്രിൽ 5 മുതൽ ഒട്ടുമിക്ക ഇറക്കുമതികൾക്കും 10% അടിസ്ഥാന താരിഫ് ഏർപ്പെടുത്തി. ഇതിനു പുറമേ നിർദ്ദിഷ്ട രാജ്യങ്ങളുടെമേൽ 11% മുതൽ 50% വരെ ഉയർന്ന അധിക താരിഫുകളും ഏർപ്പെടുത്തി. ഇതേ തുടർന്നു പുതിയ പല താരിഫുകളും വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങളുടെ മേൽ ഏർപ്പടുത്തുകയും, ചിലത് പിൻവലിക്കുകയും, ചിലത് കൂട്ടുകയും, മറ്റു ചിലത് കുറയ്ക്കുകയും ഒക്കെ ചെയ്തു. ഇതിനിടയിൽ ചില രാജ്യങ്ങളുമായി ചർച്ച നടത്തി വ്യാപാരകരാർ ഉറപ്പിക്കുകയും ചെയ്യുകയുണ്ടായി.

ട്രംപ് താരിഫ് ഒരു വിലപേശൽ ഉപകരണമായിട്ടും, ട്രഷറിയിലേക്ക് വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമായിട്ടുമാണ് പ്രധാനമായും കാണേണ്ടത്. മറ്റു രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വ്യവസായങ്ങൾ പറിച്ചു നടാൻ ഈ താരിഫ് ഉത്പാദകരെ പ്രോത്സാഹിപ്പിക്കും എന്ന് കരുതാനാവില്ല. അതിന് കാരണങ്ങൾ പലതാണ്.

ഒരു പ്രസിഡൻ്റ് എക്സിക്യൂട്ടീവ് ഓർഡർ വഴി നടപ്പിലാക്കിയ നിയമങ്ങൾ അടുത്ത പ്രഡിഡന്റിന് മറ്റൊരു എക്സിക്യൂട്ടീവ് ഓർഡർ വഴി പിൻവലിക്കുകയോ, പുനർക്രമീകരിക്കുകയോ ചെയ്യാവുന്നതേയുള്ളൂ. ദീർഘകാല അടിസ്ഥാനത്തിൽ മുതൽമുടക്കാൻ ദീർഘകാലം നിലനിൽക്കാൻ സാധ്യതയുള്ള പോളിസികൾ ആവശ്യമാണ്. ഇതും സംരംഭകരെ നിരുത്സാഹപ്പെടുത്തുന്ന സംഗതിയാണ്. കോൺഗ്രസ്സിൽ പാസ്സാക്കിയ നിയമങ്ങൾക്കേ ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരത ഉണ്ടാവാൻ സാധ്യതയുള്ളൂ.

താരിഫ്‌ വ്യവസ്ഥകൾ ഇടയ്ക്കിടയ്ക്ക് മാറ്റുകയും മറിക്കുകയും ചെയ്തുകൊണ്ടിരുന്നാൽ അത് വിപണിയിൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കും. ഇതുമൂലം ഹൃസ്വകാലാടിസ്ഥാനത്തിൽ പോലും മുതൽമുടക്കാൻ സംരംഭകർ മടി കാണിക്കും.

ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ള താരിഫ് മൂലം ഉത്പന്നങ്ങളുടെ വിപണിവില നല്ല തോതിൽ വർധിച്ചിട്ടുണ്ട്. ഈ വർധിച്ച വില സ്വദേശീയമായി നിർമ്മിച്ചാൽ ചിലവാകുന്നതിനേക്കാൾ കുറഞ്ഞു നിൽക്കുന്നതുകൊണ്ട് ഈ താരിഫുകൾ സ്വദേശീയ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കില്ല. വില്പനവില പല മടങ്ങ് വർധിച്ചാലേ സ്വദേശീയ നിർമ്മാണം ലാഭകരമാകൂ എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഉദാഹരണത്തിന്, 700 ഡോളറിന് ഇപ്പോൾ വിൽക്കുന്ന ഒരു സ്മാർട്ട് ഫോൺ അമേരിക്കയിൽ നിർമ്മിച്ചാൽ 1500 മുതൽ 2500 വരെ ഡോളർ ചിലവാകും എന്നതാണ് ഏകദേശ കണക്ക്. പക്ഷെ ഇതെല്ലം ഊഹക്കണക്കുകൾ മാത്രമാണ്. കൃത്യമായ കണക്ക് ലഭിക്കാത്തതിന്റെ ഒരു കാരണം സംരംഭകർ ആരും തന്നെ ആ വഴിക്ക് ചിന്തിക്കുന്നില്ല എന്നതാവാം. അതുകൊണ്ട് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള താരിഫ് സ്വദേശീയ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാനുള്ളതാണ് എന്ന അവകാശവാദം കഴമ്പില്ലാത്തതാണ്.

ഇലക്ട്രിക്ക് കാറുകൾക്ക് 100%, സോളാർ പാനൽ ഉത്പന്നങ്ങൾക്ക് 126% എന്നീ നിരക്കുകളിൽ താരിഫ് ഏർപെടുത്തിയാണ് അവയുടെ സ്വദേശീയമായ ഉത്പാദനം ഇപ്പോൾ സംരക്ഷിച്ചിട്ടുള്ളത്. ഇതുപോലെ ഉയർന്ന നിരക്കിൽ വ്യാപകമായി എല്ലാ ഉത്പന്നങ്ങൾക്കും താരിഫ് ഏർപ്പെടുത്തിയാൽ വിലക്കയറ്റവും, പണപ്പെരുപ്പവും, അതിലൂടെ സാമ്പത്തിക മാന്ദ്യവും ഉണ്ടാകാനാണ് സാധ്യത.

താൻ താരിഫിലൂടെ സ്വദേശീയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും, അതുവഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന പ്രതീതിയാണ് ട്രംപ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. മഗാ (MAGA) സമൂഹത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം ഇത് വെള്ളം തൊടാതെ വിഴുങ്ങുന്നുണ്ടെന്നാണ് അഭിപ്രായസർവ്വേകൾ സൂചിപ്പിക്കുന്നത്. ദേശീയതാവാദം (nationalism) ഇക്കൂട്ടരുടെ ഒരടിസ്ഥാന ആശയമാണ് എന്നതാണ് ഇതിനു കാരണം.

കേസും, സുപ്രീം കോടതി വിധിയും തുടർസംഭവങ്ങളും

2026 ഫെബ്രുവരി 20-ന്, ലേണിംഗ് റിസോഴ്‌സസ് ഇൻ‌കോർപ്പറേറ്റഡ് v. ട്രംപ് (Learning Resources Inc. v. Trump) എന്ന കേസിൽ സുപ്രീം കോടതി 6-3 എന്ന ഭൂരിപക്ഷത്തിൽ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (International Emergency Economic Powers Act-IEEPA) പ്രകാരം വ്യാപകമായ താരിഫുകൾ ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വിധിച്ചു.

സുപ്രീം കോടതി വിധിയുടെ പിന്നാലെ, 1974-ലെ വ്യാപാരനിയമത്തിലെ സെക്ഷൻ 122 പ്രകാരം 15% പുതിയ വ്യാപകമായ താരിഫ് ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പ്രസ്തുത നിയമപ്രകാരം ഈ താരിഫുകൾ 150 ദിവസത്തേക്ക് (ഏകദേശം 5 മാസം) മാത്രമേ നിലനിൽക്കൂ. 5 മാസം തികയുന്നതിനുമുന്നേ ഈ വിഷയം സുപ്രീം കോടതിയിൽ എത്തുകയാണെങ്കിൽ ഇതും കോടതി നിയമവിരുദ്ധമായി കണ്ടെത്തും എന്ന അഭിപ്രായമാണ് ആദ്യത്തെ താരിഫ് കേസ് ജയിച്ച അഭിഭാഷകരുടെ അഭിപ്രായം. നമുക്ക് കാത്തിരിക്കാം…

ആര് എങ്ങിനെ?

ഇത്രയും പശ്ചാത്തലം വിശദീകരിച്ചത് ഈ വിധിക്കു പിന്നിലുള്ള അത്രകണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ കൂടി വേണ്ടിയാണ്.

ഇല്ലിനോയിസിലെ വെർനോൺ ഹിൽസിൽ സ്ഥിതി ചെയ്യുന്ന, കുടുംബ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലേണിംഗ് റിസോഴ്‌സസ് ഇൻ‌കോർപ്പറേറ്റഡ്. കുട്ടികൾക്കുവേണ്ട വിദ്യാഭ്യാസ കളിപ്പാട്ടങ്ങളുടെയും പഠന സാമഗ്രികളുടെയും നിർമ്മാതാക്കളാണ് ഇവർ. 1984-ൽ സ്ഥാപിതമായ ഈ കമ്പനി വീടുകളിലും ക്ലാസ് മുറികളിലും കുട്ടികൾക്ക് വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ചുവരുന്നു. ഇതിൽ STEM (Science, Technology, Engineering and Mathematics) ഉപകരണങ്ങൾ, കോഡിംഗ് റോബോട്ടുകൾ, ബാല്യകാല കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികളിൽ അത്യാവശ്യ കഴിവുകൾ (essential skills) വികസിപ്പിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങളും ഇവർ വിപണിയിൽ എത്തിക്കുന്നുണ്ട്.

ഈ കമ്പനിയുടെ വാർഷിക വരുമാനം ഏകദേശം $34.4 മില്യൺ മുതൽ $45.3 മില്യൺ വരെയാണ്. ബില്യൺ കണക്കിന് വരുമാനവും അതിലേറെ ആസ്തിയുള്ള വമ്പന്മാരായ കമ്പനികൾ പഞ്ചപുച്ഛമടക്കി നിന്നപ്പോൾ ഈ കുഞ്ഞൻ കമ്പനിയാണ് കോടതിയിൽ കേസിനു പോയതും വിജയിച്ചതും. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയ്ക്ക് ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തി എന്ന് കരുതപ്പെടുന്ന ഡൊണാൾഡ് ട്രംപ് എന്ന കൊലകൊമ്പനെയാണ് ഇവർ മുട്ടുകുത്തിച്ചതെന്നത് വളരെ ശ്രദ്ധേയമാണ്. ഇന്ത്യൻ വംശജനായ നീൽ കത്യാൽ (Neal Katyal) ആണ് പരാതിക്കാർക്കുവേണ്ടി വാദിച്ചത് എന്നതും എടുത്ത്‌ പറയേണ്ടതുണ്ട്.

നീൽ കത്യാൽ: ജനനം: മാർച്ച് 12, 1970, പ്രശസ്ത അമേരിക്കൻ അപ്പലേറ്റ് അഭിഭാഷകൻ; US-ലെ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറൽ, ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിയമ പ്രൊഫസർ. ഹൊഗാൻ ലവൽസിലെ ഒരു പങ്കാളിയെന്ന നിലയിൽ, അദ്ദേഹം 50-ലധികം സുപ്രീം കോടതി കേസുകൾ വാദിച്ചിട്ടുണ്ട്. വോട്ടിംഗ് റൈറ്റ്സ് ആക്ടിനെ (Voting Rights Act) പ്രതിരോധിക്കുന്നത് ഉൾപ്പെടെ ഭരണഘടനാ സംബന്ധിയായ പല സുപ്രധാന കേസുകൾ ഇദ്ദേഹം വാദിച്ചിട്ടുണ്ട്.

ട്രംപും കൂട്ടരും ചേർന്ന് അമേരിക്കൻ നിയമവാഴ്ചയുടെയും, ജനാധിപത്യ സംവിധാനങ്ങളുടെയും മേൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസ്യത വലിയതോതിൽ തളർത്തിയിട്ടുണ്ട്. എങ്കിലും, താരതമ്യേന വളരെ ചെറുത് എന്ന് പറയാവുന്ന ഒരു കമ്പനിക്ക്‌ ഇത്ര തന്ത്രപ്രധാനമായ ഒരു വിധി നേടിയെടുക്കാൻ മാത്രം സാധ്യതകൾ ഈ വ്യവസ്ഥിതിയിൽ ഇനിയും ബാക്കിയുണ്ട് എന്ന് കാണുന്നത് വളരെ ആശാവഹമാണ്…!

Loading