തോമസ് മാൽത്തസ് ശരിയായിരുന്നു, മനുഷ്യർ നിയമങ്ങൾ മാറ്റുന്നതുവരെ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു


“പണ്ട് ഒരു പ്രദേശത്തെ മോശം വിളവെടുപ്പ് ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടമരണത്തിനാണ് കാരണമായിരുന്നത്; എന്നാൽ ഇന്ന് ലോകത്തിന്റെ ഒരു ഭാഗത്ത് പട്ടിണി കൊണ്ട് മരണം മുഖാമുഖം കാണുമ്പോഴും, മറ്റൊരു ഭാഗത്ത് ജനങ്ങൾ സുരക്ഷിതരായിരിക്കുന്നത് എങ്ങനെയാണ്?”

മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗം കാലത്തും ഒരു മോശം വിളവെടുപ്പ് എന്നാൽ കർഷകർക്ക് മാത്രമുള്ള ഒരു മോശം വാർത്തയായിരുന്നില്ല. അത് ഒരു സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന ദുരന്തമായിരുന്നു. നീണ്ടുനിൽക്കുന്ന വരൾച്ച, അസാധാരണമായ തണുത്ത കാലാവസ്ഥ, വിളകളെ ബാധിക്കുന്ന രോഗങ്ങൾ, വെള്ളപ്പൊക്കം തുടങ്ങിയവ ഭക്ഷ്യവില കുതിച്ചുയരാനും സാധാരണക്കാർക്ക് ഭക്ഷണം വാങ്ങാൻ നിവർത്തിയില്ലാതാകുകയും ഒടുവിൽ പട്ടിണിയും കൂട്ടമരണവും ഉണ്ടാകാനും കാരണമാകുമായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന മോശം വിളവെടുപ്പിന് സാധാരണയായി അത്തരം പ്രത്യാഘാതങ്ങളുണ്ടാകാറില്ല. ബ്രിട്ടനിലോ ഫ്രാൻസിലോ ഇന്ത്യയിലോ വരൾച്ച അവിടങ്ങളിലെ കർഷകരെ തകർത്തേക്കാം. പക്ഷേ അതുകൊണ്ട് ആ രാജ്യങ്ങളിലെ ജനങ്ങൾ പട്ടിണിയിലാകണമെന്നില്ല. ഭക്ഷണം മറ്റെവിടെ നിന്നെങ്കിലും എത്തിക്കാം. വളരെ ലളിതമായി തോന്നുന്ന ഈ കഴിവാണ് ആധുനിക മനുഷ്യനാഗരികതയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.

ഉദാഹരണത്തിന് യൂറോപ്പിൽ വളരെ ചൂടും വരണ്ടതുമായ ഒരു വേനൽക്കാലം ഗോതമ്പ്, പഴങ്ങൾ തുടങ്ങി പല വിളകളെയും ഗുരുതരമായി ബാധിച്ചേക്കാം. കന്നുകാലികൾക്കായി ശേഖരിച്ചിരുന്ന ശൈത്യകാലത്തെ പുല്ലും മറ്റും പ്രതീക്ഷിച്ചതിനേക്കാൾ വളരെ നേരത്തെ തീർന്നേക്കാം. കർഷകർക്ക് അത് വളരെ മോശപ്പെട്ട ഒരു വർഷമായിരിക്കും. എന്നാൽ സാധാരണ യൂറോപ്പ്യൻ ഉപഭോക്താവിന്റെ ജീവിതത്തിൽ അതിന്റെ പ്രത്യാഘാതം താരതമ്യേന ചെറുതായിരിക്കും. യൂറോപ്പിലെ വിളവെടുപ്പ് മോശമായാൽ വടക്കേ അമേരിക്ക, റഷ്യ, അർജന്റീന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ധാന്യം എത്തിക്കാം. അതുകൊണ്ട് ഒരു പ്രദേശത്തെ കാർഷിക ദുരന്തം ഇന്ന് ഒരു ദേശീയ പട്ടിണിയായി മാറുന്നില്ല.

പണ്ട് ലോകം ഇങ്ങനെയായിരുന്നില്ല. 1693–94 കാലത്ത് ഫ്രാൻസിൽ വലിയ വിളനാശമുണ്ടായി. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 5 മുതൽ 10 ശതമാനം വരെ ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ബ്രിട്ടനിലും ഭക്ഷ്യക്ഷാമവും ഭക്ഷ്യവിലക്കയറ്റവും ഉണ്ടായി. എന്നാൽ ഫ്രാൻസിലേതുപോലുള്ള വ്യാപകമായ പട്ടിണി അവിടെ ഉണ്ടായില്ല. അതിശയകരമായ കാര്യം, ബ്രിട്ടനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നത് വളരെ ചെറിയൊരു കടൽപ്പാത മാത്രമായിരുന്നു എന്നതാണ്. എന്നിട്ടും യുദ്ധം, മോശം ഗതാഗതസംവിധാനം, പരിമിതമായ വ്യാപാരം എന്നിവ ഒരു സ്ഥലത്ത് ലഭ്യമായിരുന്ന ഭക്ഷണം മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിനെ തടഞ്ഞു. ഭക്ഷണം സമീപത്തുണ്ടായിരുന്നാലും അത് പട്ടിണിയിലായിരുന്നവർക്ക് ലഭ്യമാകണമെന്നില്ലായിരുന്നു.

നൂറ്റാണ്ടുകളോളം ഈ ദൗർബല്യം മനുഷ്യജീവിതത്തിന്റെ ഒരു പ്രധാന സവിശേഷതയായിരുന്നു. 1798-ൽ തോമസ് റോബർട്ട് മാൽത്തസ് ഇതിനെക്കുറിച്ച് വിശദമായി എഴുതി. ജനസംഖ്യ ഭക്ഷ്യോൽപ്പാദനത്തേക്കാൾ വേഗത്തിൽ വളരാനുള്ള പ്രവണതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. ജനസംഖ്യ ഗണിതശ്രേണിയേക്കാൾ വേഗത്തിൽ, ജ്യാമിതീയ ശ്രേണിയിൽ വളരുമ്പോൾ ഭക്ഷ്യോൽപ്പാദനം അത്ര വേഗത്തിൽ വളരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിനാൽ ഒരു ഘട്ടത്തിൽ ജനസംഖ്യയെ പോറ്റാനുള്ള ശേഷിയെക്കാൾ ജനസംഖ്യ കൂടുതലാകും. അപ്പോൾ പട്ടിണി, രോഗങ്ങൾ, ദാരിദ്ര്യം തുടങ്ങിയ ദുരന്തങ്ങൾ ജനസംഖ്യയെ വീണ്ടും കുറയ്ക്കും. മാൽത്തസിന്റെ കാലത്തെ ചരിത്രം പരിശോധിക്കുമ്പോൾ ഈ പ്രവചനം അസംബന്ധമായിരുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യജനസംഖ്യ കാർഷിക ഉൽപ്പാദനത്തിന്റെ പരിധിക്കുള്ളിലാണ് ജീവിച്ചിരുന്നത്.

എന്നാൽ മനുഷ്യർക്ക് ആ പരിധികൾ തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് മാൽത്തസിന് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല.

ഹേബർ-ബോഷ് പ്രോസസ്സ്

അത്തരമൊരു മാറ്റത്തിന് വഴിയൊരുക്കിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്ന് ഒരു വയലിലല്ല, മറിച്ചു ഒരു ലബോറട്ടറിയിലാണ് ഉണ്ടായത്. സസ്യങ്ങൾക്ക് വളരാൻ നൈട്രജൻ ആവശ്യമാണ്. നൂറ്റാണ്ടുകളോളം കൃഷി പ്രധാനമായും ചാണകം, ജൈവവളം, പ്രകൃതിദത്ത നൈട്രേറ്റ് നിക്ഷേപങ്ങൾ തുടങ്ങിയ ഉറവിടങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അതിനാൽ മണ്ണിലേക്ക് തിരിച്ചെത്തിക്കാനാകുന്ന നൈട്രജന്റെ അളവിന് പരിധിയുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമൻ രസതന്ത്രജ്ഞനായ ഫ്രിറ്റ്സ് ഹാബർ അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റാനുള്ള ഒരു രീതി വികസിപ്പിച്ചു. പിന്നീട് കാൾ ബോഷ് അത് വ്യാവസായികതലത്തിൽ വലിയ തോതിൽ നടപ്പാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. അങ്ങനെ Haber-Bosch Process വഴി വൻതോതിൽ നൈട്രജൻ വളങ്ങൾ നിർമ്മിക്കാൻ സാധിച്ചു.

ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാൻ പ്രയാസമാണ്. അന്തരീക്ഷത്തിൽ വലിയ അളവിൽ നൈട്രജൻ ഉണ്ടെങ്കിലും സസ്യങ്ങൾക്ക് അത് നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല. ഹാബറും ബോഷും ചേർന്ന് ആ നൈട്രജനെ കൃഷിക്ക് ഉപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റാനുള്ള വഴി കണ്ടെത്തി. ഇതോടെ കൃത്രിമ വളങ്ങളുടെ ഉപയോഗം വൻതോതിൽ വർധിക്കുകയും ഒരേ അളവിലുള്ള ഭൂമിയിൽ കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ കഴിയുകയും ചെയ്തു. നൂറ്റാണ്ടുകളായി കൃഷിയെ നിയന്ത്രിച്ചിരുന്ന ഒരു അടിസ്ഥാന പരിമിതിയെ രസതന്ത്രവും എഞ്ചിനീയറിങ്ങും ചേർന്ന് മറികടന്നു.

ഹരിത വിപ്ലവം

എന്നാൽ വളം മാത്രം ആധുനിക ഭക്ഷ്യവ്യവസ്ഥ സൃഷ്ടിച്ചില്ല. സസ്യശാസ്ത്രത്തിലെ പുരോഗതി, ജലസേചനം, കാർഷിക ഗവേഷണം, മെച്ചപ്പെട്ട കൃഷിരീതികൾ എന്നിവയെല്ലാം ചേർന്നാണ് അടുത്ത വലിയ മാറ്റത്തിന് തിരികൊളുത്തിയത്. ഇതാണ് ഹരിത വിപ്ലവം (Green Revolution). ലോകത്തിലെ പല വികസ്വര രാജ്യങ്ങളിലും വിളകളുടെ ഉൽപ്പാദനക്ഷമത ഇതിലൂടെ പലമടങ്ങു വർധിച്ചു.

ഇന്ത്യ അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ്.

1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഭക്ഷ്യസുരക്ഷ വലിയൊരു പ്രശ്നമായിരുന്നു. ജനസംഖ്യ വളരെ കൂടുതലായിരുന്നു, വ്യാപകമായ ദാരിദ്ര്യമുണ്ടായിരുന്നു, കൃഷി പ്രധാനമായും കാലവർഷത്തെ ആശ്രയിച്ചായിരുന്നു. ജനസംഖ്യ വർധിക്കുന്ന വേഗത്തിന് അനുസരിച്ച് ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവന്നു; വിദേശ സഹായത്തെയും ആശ്രയിക്കേണ്ടിവന്നു. ജനസംഖ്യ അതിവേഗം വളരുമ്പോൾ ഭക്ഷ്യോൽപ്പാദനം അതിനെ പിന്തുടരാൻ കഴിയാത്ത മാൽത്തൂസിയൻ ഭീഷണിയുടെ ഒരു ഉദാഹരണം പോലെയായിരുന്നു ഇന്ത്യയുടെ അവസ്ഥ.

പിന്നീട് ഹരിതവിപ്ലവം ഈ സമവാക്യം തന്നെ മാറ്റി.

അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായ നോർമൻ ബോർലോഗ്, മെക്സിക്കോയിൽ ഉയർന്ന വിളവ് നൽകുന്ന ഗോതമ്പിനങ്ങൾ വികസിപ്പിച്ച് അവയുടെ വലിയ സാധ്യത തെളിയിച്ചു. ആവശ്യമായ വളവും ജലസേചനവും ലഭിക്കുമ്പോൾ ഈ ചെറുകതിരുള്ള ഗോതമ്പിനങ്ങൾ വളരെ ഉയർന്ന വിളവ് നൽകി. 1960-കളിൽ ബോർലോഗ് ഇന്ത്യൻ കാർഷികശാസ്ത്രജ്ഞരുമായി ചേർന്ന് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിത്തിനങ്ങൾ ഇന്ത്യയിലെ കാർഷികമാറ്റത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായി മാറി.

ഇന്ത്യൻ ശാസ്ത്രജ്ഞരിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു എം. എസ്. സ്വാമിനാഥൻ. ഉയർന്ന വിളവ് നൽകുന്ന വിളയിനങ്ങളെ ഇന്ത്യയുടെ സാഹചര്യത്തിന് അനുയോജ്യമാക്കാനും അവ വ്യാപകമായി ഉപയോഗിക്കാനും അദ്ദേഹം സഹായിച്ചു. കർഷകർ, ശാസ്ത്രജ്ഞർ, നയരൂപീകരണം നടത്തുന്നവർ തുടങ്ങിയവരുമായി ചേർന്നാണ് ഈ പുതിയ കാർഷികസാങ്കേതികവിദ്യകൾ വ്യാപകമാക്കിയത്. ഇത് ഒരൊറ്റ വ്യക്തിയുടെ നേട്ടമായിരുന്നില്ല. കാർഷിക ഗവേഷണം, മെച്ചപ്പെട്ട വിത്തുകൾ, വളങ്ങൾ, ജലസേചനം, സർക്കാർ നയങ്ങൾ, കാർഷിക സ്ഥാപനങ്ങൾ, പുതിയ രീതികൾ സ്വീകരിച്ച ദശലക്ഷക്കണക്കിന് കർഷകർ, ഇവയെല്ലാം ചേർന്നാണ് ഈ മാറ്റം സാധ്യമായത്.

ഫലം അതിശയകരമായിരുന്നു. ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപ്പാദനം 1967–68-ൽ ഏകദേശം 74 ദശലക്ഷം ടൺ ആയിരുന്നത് 1985–86-ൽ ഏകദേശം 150 ദശലക്ഷം ടണ്ണായി. പിന്നീട് അത് 300 ദശലക്ഷം ടണ്ണിനും മുകളിലെത്തി. 1950–51-ൽ ഏകദേശം 6.5 ദശലക്ഷം ടൺ മാത്രമായിരുന്ന ഗോതമ്പ് ഉൽപ്പാദനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 100 ദശലക്ഷം ടണ്ണിലധികമായി. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് നിരന്തരം ആശങ്കപ്പെട്ടിരുന്ന ഇന്ത്യ പിന്നീട് വലിയ ഭക്ഷ്യശേഖരം നിലനിർത്താനും കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനും കഴിയുന്ന രാജ്യമായി മാറി.

മാൽത്തസിന്റെ ആശയത്തെ ലളിതമായി വ്യാഖ്യാനിക്കുന്നതിനെ ഏറ്റവും ശക്തമായി ചോദ്യം ചെയ്യുന്ന ഉദാഹരണങ്ങളിലൊന്നാണ് ഈ മാറ്റം. മനുഷ്യർ കൂടുതൽ ഭൂമി കൃഷിയിലേക്ക് കൊണ്ടുവന്നത് മാത്രമല്ല സംഭവിച്ചത്. ഒരേ ഹെക്ടറിൽ നിന്ന് ലഭിക്കുന്ന ഉൽപ്പാദനം തന്നെ പലമടങ്ങ് വർധിപ്പിച്ചു. മെച്ചപ്പെട്ട വിത്തുകൾ, വളങ്ങൾ, ജലസേചനം, കീടനാശിനികൾ, യന്ത്രങ്ങൾ, ശാസ്ത്രീയ ഗവേഷണം, മെച്ചപ്പെട്ട കൃഷിരീതികൾ എന്നിവ ചേർന്ന് മനുഷ്യർക്ക് മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അളവിൽ ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ സാധിച്ചു.

എന്നാൽ കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നത് കഥയുടെ ഒരു ഭാഗം മാത്രമാണ്.

ആഗോള വ്യാപാരം

ഒരു കർഷകന്റെ മുഴുവൻ ഭക്ഷ്യാവശ്യവും ഒരു വയലിനെ മാത്രം ആശ്രയിച്ചാണെന്ന് കരുതുക. വിള നശിച്ചാൽ അയാൾ വലിയ ദുരന്തത്തിലാകും. ഇനി പത്ത് കർഷകരുള്ള ഒരു ഗ്രാമത്തെക്കുറിച്ച് ചിന്തിക്കുക. ഒരാളുടെ വിള നശിച്ചാലും മറ്റുള്ളവരുടെ വിളവെടുപ്പ് സാധാരണ നിലയിൽ തുടരാം. ഇതിനെ ആയിരക്കണക്കിന് കാർഷിക മേഖലകളുള്ള ഒരു രാജ്യത്തിലേക്കും പിന്നീട് മുഴുവൻ ലോകത്തിലേക്കും വ്യാപിപ്പിച്ചാൽ അതിന്റെ പ്രാധാന്യം വളരെ വലുതാണ്.

ഇവിടെയാണ് ആഗോള വ്യാപാരം രംഗപ്രവേശം ചെയ്യുന്നത്.

ബ്രിട്ടനിലെ വരൾച്ച ഗോതമ്പ് ഉൽപ്പാദനം തകർത്തേക്കാം. അതേസമയം കാനഡയിലും അർജന്റീനയിലും നല്ല വിളവുണ്ടാകാം. യൂറോപ്പിലെ മോശം വിളവെടുപ്പ് വടക്കേ അമേരിക്ക, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലെ മികച്ച ഉൽപ്പാദനം കൊണ്ട് ഭാഗികമായി പരിഹരിക്കാം. ഒരു രാജ്യത്തെ നെൽകൃഷി തകർന്നാൽ അതുകൊണ്ട് ലോകമെമ്പാടുമുള്ള നെൽകൃഷി തകർന്നുവെന്നർത്ഥമില്ല. ഒരു രാജ്യത്തെ ക്ഷാമം മറ്റൊരു രാജ്യത്തെ അധിക ഉൽപ്പാദനം കൊണ്ട് പരിഹരിക്കാനാകും.

ഇവിടെയാണ് ലോകത്തിന് ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഇല്ലാത്ത ഒരു വലിയ നേട്ടം ലഭിക്കുന്നത്: വൻതോതിലുള്ള ഭൂമിശാസ്ത്രപരമായ വൈവിധ്യം.

ഒരു രാജ്യത്ത് വലിയ വിളനാശമുണ്ടാകുമ്പോഴും ലോകത്ത് ആവശ്യത്തിന് ഭക്ഷണം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടാകാം. ഈ വ്യത്യാസം വളരെ പ്രധാനമാണ്. സ്വന്തം കൃഷിയെ മാത്രം ആശ്രയിക്കുന്ന ഒരു രാജ്യത്തിന് വിളനാശം ദേശീയ അടിയന്തരാവസ്ഥയായി മാറാം. എന്നാൽ ആഗോള വിപണിയുമായി ബന്ധമുള്ള ഒരു രാജ്യത്തിന് അതേ വിളനാശം പ്രധാനമായും ഉയർന്ന വിലയും കൂടുതൽ ഇറക്കുമതിയും എന്ന പ്രശ്നമായി മാറാം.

ഇന്ത്യ തന്നെ ഇതിന് നല്ലൊരു ഉദാഹരണമാണ്. പഞ്ചാബ് ഉൽപ്പാദിപ്പിക്കുന്ന ഗോതമ്പ് പഞ്ചാബിലെ ജനങ്ങൾ മാത്രം അല്ല ഉപയോഗിക്കുന്നത്. കേരളം അതിന്റെ ജനസംഖ്യയ്ക്ക് ആവശ്യമായ മുഴുവൻ അരിയും കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കേണ്ടതില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള ഉള്ളി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നു; അതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലേക്കും എത്തുന്നു. ഇന്ത്യ ഭക്ഷ്യ എണ്ണ, വളങ്ങൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും ഉൽപ്പാദനത്തിനാവശ്യമായ വസ്തുക്കളും വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. അതേസമയം അരി, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

ഇതേ തത്വമാണ് അന്താരാഷ്ട്ര തലത്തിലും പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കേണ്ടതില്ല. മറ്റൊരു രാജ്യവും അങ്ങനെ ചെയ്യേണ്ടതില്ല. ഓരോ രാജ്യവും തങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരുമായി വ്യാപാരം നടത്തുകയും ചെയ്യുക എന്നതാണ് കൂടുതൽ കാര്യക്ഷമം.

ചിലർ ഇതിനെ ഒരു ദൗർബല്യമായി കാണുന്നു. ഭക്ഷണം, ഇന്ധനം, അസംസ്കൃത വസ്തുക്കൾ എന്നിവ ഇറക്കുമതി ചെയ്യുന്ന രാജ്യം മറ്റുള്ളവരെ ആശ്രയിക്കുന്നുവെന്നാണ് അവരുടെ വാദം. ഒരു വിതരണക്കാരനെ മാത്രം ആശ്രയിക്കുന്നത് തീർച്ചയായും അപകടകരമാണ്. എന്നാൽ പല വിതരണക്കാരിൽ നിന്ന് സാധനങ്ങൾ ലഭ്യമാക്കുന്നത് ഒരു രാജ്യത്തെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കും. ഒരു ഉറവിടത്തെ മാത്രം ആശ്രയിക്കുന്നത് അപകടമാണ്; നിരവധി ഉറവിടങ്ങളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നത് ഒരുതരം ഇൻഷുറൻസാണ്.

ഒരു രാജ്യം എല്ലാം സ്വന്തമായി ഉൽപ്പാദിപ്പിച്ചാൽ അത് സ്വയംപര്യാപ്തമാണെന്ന് തോന്നാം. എന്നാൽ അതേ സമയം എല്ലാ ആഭ്യന്തര കാലാവസ്ഥാ ദുരന്തങ്ങളും ആ രാജ്യത്തെ നേരിട്ട് ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോടിക്കണക്കിന് ഉൽപ്പാദകരുമായി ബന്ധമുള്ള ഒരു രാജ്യത്തിന് അതിനേക്കാൾ വലിയ വിഭവശേഖരത്തിലേക്ക് പ്രവേശനമുണ്ട്.

വ്യാപാരം ഭൂമിശാസ്ത്രപരമായ വൈവിധ്യത്തെ ഒരു ഇൻഷുറൻസാക്കി മാറ്റുന്നു.

El Niño പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നു. El Niño ലോകത്തിന്റെ വലിയൊരു ഭാഗത്തെ കാലാവസ്ഥയെ ബാധിക്കുകയും ചില പ്രദേശങ്ങളിൽ വരൾച്ചയും മറ്റു പ്രദേശങ്ങളിൽ അനുകൂലമായ കാലാവസ്ഥയും സൃഷ്ടിക്കുകയും ചെയ്യുന്നു. 1877–78-ലെ വലിയ El Niño ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ ഉണ്ടാക്കിയ ഭീകര വരൾച്ചയുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകളാണ് പട്ടിണികിടന്ന് മരിച്ചത്.

എന്നാൽ 1877-ലെ ലോകവും ഇന്നത്തെ ലോകവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അന്ന് അന്താരാഷ്ട്ര വ്യാപാരം നന്നേ കുറവായിരുന്നു. ഗതാഗതം മന്ദഗതിയിലായിരുന്നു. ആശയവിനിമയം പരിമിതമായിരുന്നു. ദൂരെയുള്ള ഭക്ഷ്യക്ഷാമങ്ങളോട് പ്രതികരിക്കാനുള്ള സർക്കാരുകളുടെ കഴിവും വളരെ കുറവായിരുന്നു. ഒരു പ്രദേശത്തെ വിളനാശം മറ്റൊരു പ്രദേശത്തെ അധിക ഉൽപ്പാദനത്തിൽ നിന്ന് സഹായം ലഭിക്കാതെ ഒരു പ്രാദേശിക ദുരന്തമായി തുടരുമായിരുന്നു.

ഇന്ന് കാർഷിക ഉൽപ്പാദനം വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കപ്പലുകൾ, ട്രെയിനുകൾ, ട്രക്കുകൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വിപണികൾ എന്നിവയുടെ ഒരു വലിയ ശൃംഖലയിലൂടെയാണ് ഭക്ഷണം സഞ്ചരിക്കുന്നത്. ഒരു പ്രദേശത്ത് വിളനാശമുണ്ടായാൽ മറ്റൊരു പ്രദേശത്ത് നിന്നുള്ള ഉൽപ്പന്നങ്ങൾ അവിടേക്ക് തിരിച്ചുവിടാം. ധാന്യം കൊണ്ടുപോകുന്ന ഒരു കപ്പലിന് ആവശ്യമായ വിപണിയിലേക്ക് അതിന്റെ യാത്ര മാറ്റാം. ഒരു രാജ്യത്ത് കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഉൽപ്പന്നം ക്ഷാമം മൂലം വില ഉയർന്ന മറ്റൊരു രാജ്യത്തേക്ക് അയയ്ക്കാം.

ആഗോള വ്യാപാരത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അത്ഭുതങ്ങളിലൊന്നാണിത്. ഇതെല്ലാം ഒരു കേന്ദ്രത്തിൽ നിന്ന് ആരും ആസൂത്രണം ചെയ്യുന്നില്ല. കർഷകർ, വ്യാപാരികൾ, കപ്പൽ കമ്പനികൾ, സർക്കാരുകൾ, ഉപഭോക്താക്കൾ തുടങ്ങിയ കോടിക്കണക്കിന് ആളുകളുടെ തീരുമാനങ്ങളാണ് വിഭവങ്ങളെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് സ്വാഭാവികമായി തിരിച്ചുവിടുന്നത്.

ഭക്ഷണത്തിന് മാത്രമല്ല ഈ തത്വം ബാധകമാകുന്നത്. ഇന്ധനം, വളം, ലോഹങ്ങൾ, യന്ത്രങ്ങൾ, മരുന്നുകൾ തുടങ്ങി അനവധി വസ്തുക്കളുടെ ക്ഷാമം അന്താരാഷ്ട്ര വ്യാപാരത്തിലൂടെ ഭാഗികമായി പരിഹരിക്കാം. ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന പ്രതിസന്ധി ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ മറ്റൊരു ഉറവിടം കണ്ടെത്താനുള്ള അവസരം വ്യാപാരം നൽകുന്നു.

എന്നാൽ വ്യാപാരം പട്ടിണിയെ പൂർണമായി ഇല്ലാതാക്കിയെന്ന് പറയുന്നത് ശരിയല്ല. ഇന്നും ആളുകൾ പട്ടിണി കിടക്കുന്നുണ്ട്. എന്നാൽ അതിന്റെ കാരണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വ്യാപാരത്തിന്റെ അഭാവവും പട്ടിണിയും

ആധുനിക കാലത്തെ വലിയ പട്ടിണികൾ പലപ്പോഴും ലോകത്ത് ഭക്ഷണം ഇല്ലാത്തതുകൊണ്ടുമാത്രമല്ല ഉണ്ടാകുന്നത്. ഭക്ഷണം ലഭ്യമാണെങ്കിലും അത് ആവശ്യമായ ആളുകളിലേക്ക് എത്താത്തതാണ് പലപ്പോഴും പ്രശ്നം. യുദ്ധം കൃഷിയിടങ്ങളും ഗതാഗതസംവിധാനങ്ങളും നശിപ്പിക്കും. സർക്കാരുകൾ ഭക്ഷണവിതരണം തടയാം. സാമ്പത്തിക തകർച്ച ഭക്ഷണം വാങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. സംഘർഷങ്ങൾ ദുരിതബാധിതരിലേക്ക് സഹായം എത്തിക്കുന്നതിനെ തടയും. രാഷ്ട്രീയമായി ഒറ്റപ്പെട്ട രാജ്യങ്ങൾക്ക് തങ്ങൾക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഭക്ഷണം ഇറക്കുമതി ചെയ്യാനുള്ള സാധ്യത കുറയും.

ഇവിടെയാണ് ഉത്തരകൊറിയ പോലുള്ള രാജ്യങ്ങൾ ശ്രദ്ധേയമായ ഉദാഹരണങ്ങളാകുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് താരതമ്യേന ഒറ്റപ്പെട്ടുനിൽക്കുന്നതിനാൽ ആഭ്യന്തര കാർഷികപ്രശ്നങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്ര വിപണിയെ ഉപയോഗിക്കാനുള്ള അതിന്റെ കഴിവ് പരിമിതമാണ്. സാമ്പത്തിക നയങ്ങൾ, കാർഷിക പരിമിതികൾ, പ്രകൃതിദുരന്തങ്ങൾ, അന്താരാഷ്ട്ര ഒറ്റപ്പെടൽ തുടങ്ങിയ പല ഘടകങ്ങളും അവിടുത്തെ ഭക്ഷ്യസുരക്ഷയെ പല കാലങ്ങളിലും ബാധിച്ചിട്ടുണ്ട്.

ഇതിൽ നിന്നുള്ള പാഠം വ്യാപാരം മാത്രം പട്ടിണി തടയുന്നു എന്നല്ല. മറിച്ച്, വ്യാപാരത്തിന്റെ അഭാവം പ്രാദേശിക ഭക്ഷ്യക്ഷാമം കൂട്ടപ്പട്ടിണിയായി മാറുന്നത് തടയാനുള്ള മനുഷ്യരാശിയുടെ ഏറ്റവും ശക്തമായ ഒരു ഉപാധിയെ ഇല്ലാതാക്കുന്നു എന്നതാണ്.

ചരിത്രത്തിലെ പട്ടിണികളെക്കുറിച്ചും ഇതേ വ്യത്യാസം ഓർക്കണം. 1943-ലെ ബംഗാൾ ക്ഷാമത്തെ “ഭക്ഷണം മതിയായിരുന്നില്ല” എന്ന ഒറ്റ വാചകത്തിൽ വിശദീകരിക്കാൻ കഴിയില്ല. യുദ്ധകാലത്തെ തടസ്സങ്ങൾ, വിലക്കയറ്റം, വിതരണത്തിലെ പ്രശ്നങ്ങൾ, ജനങ്ങളുടെ വാങ്ങൽശേഷി നഷ്ടപ്പെടൽ, സർക്കാർ നയങ്ങൾ, ഭക്ഷണത്തിലേക്കുള്ള പ്രവേശനത്തിലെ പരാജയം തുടങ്ങിയ നിരവധി ഘടകങ്ങൾ അതിൽ പങ്കുവഹിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെൻ നടത്തിയ പഠനങ്ങൾ ഭക്ഷണം എത്രമാത്രം ലഭ്യമാണ് എന്നതുപോലെ തന്നെ, ആളുകൾക്ക് അത് വാങ്ങാനും നേടാനും കഴിയുന്നുണ്ടോ എന്നതും പ്രധാനമാണെന്ന് കാണിച്ചു. ഒരു സമ്പദ്‌വ്യവസ്ഥയിൽ ഭക്ഷണം നിലനിൽക്കുമ്പോഴും ചിലർക്ക് പട്ടിണി കിടക്കേണ്ടിവരാം.

അതുകൊണ്ടാണ് റോഡുകളും റെയിൽവേകളും തുറമുഖങ്ങളും വിപണികളും വെറും സൗകര്യങ്ങൾ മാത്രമല്ലാത്തത്. അവ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാന സൗകര്യങ്ങളാണ്.

സ്വയംപര്യാപ്തതയിൽ നിന്ന് പരസ്പരാശ്രിതത്വത്തിലേക്കുള്ള യാത്ര

മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗം കാലത്തും ഓരോ സമൂഹവും തങ്ങൾ ഉപയോഗിക്കുന്നതിന്റെ വലിയൊരു ഭാഗം സ്വന്തം പ്രദേശത്ത് തന്നെ ഉൽപ്പാദിപ്പിക്കേണ്ടിവന്നു. അതുകൊണ്ട് ഒരു വിളനാശം ആ സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിപ്പെടുത്തുമായിരുന്നു.

ആധുനിക നാഗരികത ക്രമേണ ഈ രീതിയെ മാറ്റിമറിച്ചു.

ഒരു രാജ്യം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്നു. മറ്റൊരു രാജ്യം കാപ്പി ഉൽപ്പാദിപ്പിക്കുന്നു. മറ്റൊന്ന് എണ്ണ ഉൽപ്പാദിപ്പിക്കുന്നു. മറ്റൊരു രാജ്യം വളങ്ങൾ നിർമ്മിക്കുന്നു. മറ്റൊന്ന് കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കുന്നു. മറ്റൊന്ന് വാഴപ്പഴം കൃഷി ചെയ്യുന്നു. മറ്റൊന്ന് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നു. വ്യാപാരത്തിലൂടെ രാജ്യങ്ങൾ പരസ്പരം മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.

ഇതുകൊണ്ട് എല്ലാ രാജ്യങ്ങളും ആഭ്യന്തര ഉൽപ്പാദനം ഉപേക്ഷിച്ച് ഇറക്കുമതിയെ മാത്രം ആശ്രയിക്കണം എന്നല്ല അർത്ഥം. തന്ത്രപ്രധാനമായ മേഖലകളിൽ സ്വയംപര്യാപ്തതയും വിതരണശൃംഖലയുടെ സുരക്ഷയും പ്രധാനമാണ്. എന്നാൽ എല്ലാം സ്വന്തം രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കണമെന്ന പൂർണ സ്വയംപര്യാപ്തത യാഥാർഥ്യബോധമുള്ളതോ എല്ലായ്പ്പോഴും അഭികാമ്യമോ അല്ല. ദൂരെയുള്ള പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നത് വ്യാപാരത്തിലൂടെയാണ്.

രണ്ടുനൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ആഡം സ്മിത്ത് ഈ തത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. നല്ല റോഡുകളും കനാലുകളും സഞ്ചാരയോഗ്യമായ നദികളും ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനാൽ ദൂരെയുള്ള പ്രദേശങ്ങളെ വിപണികളോട് കൂടുതൽ അടുപ്പിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ആ റോഡുകൾ ഹൈവേകളായും റെയിൽവേകളായും മാറിയിരിക്കുന്നു. നദികളെയും കനാലുകളെയും കണ്ടെയ്നർ കപ്പലുകൾ വലിയ തോതിൽ മറികടന്നിരിക്കുന്നു. വിവരങ്ങൾ ഏതാണ്ട് തൽക്ഷണം ലോകത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്തുന്നു. ഒരിക്കൽ സമുദ്രങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടിരുന്ന വിപണികൾ ഇന്ന് ഒരു ആഗോള സാമ്പത്തിക ശൃംഖലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഇതിന്റെ ഫലം മനുഷ്യചരിത്രത്തിലെ ഏറ്റവും അസാധാരണമായ മാറ്റങ്ങളിലൊന്നാണ്.

സാങ്കേതികവിദ്യ മനുഷ്യരാശിക്ക് കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ സഹായിച്ചു. വ്യാപാരം ആ ഭക്ഷ്യവിതരണത്തെ ഭൂമിശാസ്ത്രപരമായി കൂടുതൽ സുരക്ഷിതമാക്കി.

ഒരു സൂപ്പർമാർക്കറ്റിലെ ഭക്ഷണസാധനങ്ങൾ, സമുദ്രം കടന്ന് സഞ്ചരിക്കുന്ന ഒരു ധാന്യക്കപ്പൽ, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അരി കൊണ്ടുപോകുന്ന ഒരു ലോറി എന്നിവയെല്ലാം ഒരേ അത്ഭുതകരമായ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. ഒരു സ്ഥലത്തെ സമൃദ്ധി മറ്റൊരു സ്ഥലത്തെ ക്ഷാമം പരിഹരിക്കാൻ കഴിയുന്ന ഒരു ലോകം മനുഷ്യർ സൃഷ്ടിച്ചിരിക്കുന്നു.

അതിനാൽ ആഗോള വ്യാപാരം സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക സംവിധാനം മാത്രമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈവിധ്യത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, കേന്ദ്രനിയന്ത്രണമില്ലാത്ത ഒരു വലിയ ഇൻഷുറൻസ് സംവിധാനമാണ്.

Loading