ചെ യെ ഒറ്റിയത് ആരപ്പാ? – രവിചന്ദ്രൻ സി എഴുതുന്നു


ചെ ഗുവേരയെ ഒറ്റിയത് അമേരിക്കൻ സി.ഐ.എ. മാത്രമാണോ? സ്വന്തം കൂട്ടാളികളും, കമ്മ്യൂണിസ്റ്റ് പാർട്ടികളും, ഒപ്പം വിപ്ലവത്തിന്റെ പാതയിലേക്ക് അദ്ദേഹത്തെ അയച്ച ഭരണകൂടവും ആ വഞ്ചനയിൽ പങ്കാളികളായിരുന്നോ?

കമ്മ്യൂണിസ്റ്റ് പാർട്ടികളുമായുള്ള അകൽച്ചയും ക്യൂബ വിടലും

ചെ യെ ഒറ്റിയത് ആരപ്പാ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമില്ല. കൊന്നത് സി.ഐ.എയും (CIA) ബൊളീവിയൻ പട്ടാളവും ചേർന്നാണെങ്കിലും അദ്ദേഹത്തെ ഒറ്റിക്കൊടുത്തവരുടെ സ്ഥാനത്ത് കൂട്ടാളികളും പ്രാദേശിക നിവാസികളും മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വരെയുണ്ട്. മാർക്സിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ഒരു സ്വതന്ത്ര ഗറില്ലാ പോരാളി മാത്രമായിരുന്നുവെങ്കിലും ക്യൂബൻ വിപ്ലവം ജയിക്കുന്നതുവരെ ചെ ഗുവേര ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായിരുന്നില്ല. 1965 ഒക്ടോബറിൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി (PCC) ഔദ്യോഗികമായി നിലവിൽ വരുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ (1965 ഏപ്രിലിൽ) ചെ ഗുവേര ക്യൂബൻ പൗരത്വവും സർക്കാരിലെയും സംഘടനയിലെയും എല്ലാ പദവികളും ഉപേക്ഷിച്ച് കോംഗോയിലേക്ക് പോയിരുന്നു. 1965 ഒക്ടോബർ 3-ന് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണം പ്രഖ്യാപിച്ച അതേ ചരിത്രപ്രസിദ്ധമായ യോഗത്തിലാണ് ചെ ഗുവേരയുടെ വിടവാങ്ങൽ കത്ത് ഫിദൽ കാസ്ട്രോ പരസ്യമായി വായിച്ചത്.

അപ്പോൾ, ചെ പ്രവർത്തിച്ചിരുന്ന സംഘടന ഏതായിരുന്നു? 1953 ജൂലൈ 26-ന് മൊങ്കാഡ ബാരക്സ് ആക്രമണത്തെത്തുടർന്ന് ഫിദൽ കാസ്ട്രോ രൂപീകരിച്ച ‘മൂവ്‌മെന്റ് ഓഫ് 26 ജൂലൈ’ (M-26-7) ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചട്ടക്കൂടിലുള്ള ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നില്ല. മൂവ്‌മെന്റ് ഓഫ് 26 ജൂലൈ പ്രസ്ഥാനത്തെ ഒരു ദേശീയവാദി-സാമ്രാജ്യത്വവിരുദ്ധ സായുധ പോരാട്ട സംഘടന (Nationalist Revolutionary Movement) എന്ന് വിളിക്കാം. ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, 1940-ലെ ക്യൂബൻ ഭരണഘടന പുനഃസ്ഥാപിക്കുക, ഭൂനവീകരണം നടപ്പിലാക്കുക എന്നിവയായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അക്കാലത്ത് ക്യൂബയിൽ നിലവിലുണ്ടായിരുന്ന ഔദ്യോഗിക സോവിയറ്റ് അനുകൂല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേര് പോപ്പുലർ സോഷ്യലിസ്റ്റ് പാർട്ടി (PSP – Partido Socialista Popular) എന്നായിരുന്നു. PSP കമ്മ്യൂണിസ്റ്റുകൾ ഫിദലിനെയും ചെ ഗുവേരയെയും തുടക്കംമുതൽ സംശയത്തോടെയാണ് കണ്ടത്. ‘സാഹസികരായ പെറ്റി ബൂർഷ്വാ തീവ്രവാദികൾ’ (Adventurists / Petit Bourgeois) എന്നവരെ ചാപ്പയടിക്കാനും മറന്നില്ല.

വിപ്ലവത്തിന്റെ അവസാനഘട്ടം വരെ അവർ കാസ്ട്രോയുടെ മൂവ്‌മെന്റിനെ പൂർണ്ണമായി പിന്തുണച്ചിരുന്നില്ല. എന്നാൽ വിപ്ലവാനന്തരം 1961-ൽ ഫിദലിന്റെ ജൂലൈ 26 മൂവ്‌മെന്റ് (M-26-7), ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ (PSP), വിദ്യാർത്ഥി വിപ്ലവസംഘടനയായ ഡയറക്ടോറിയോ റെവല്യൂഷനാരിയോ (DRE) എന്നീ മൂന്ന് സംഘടനകൾ ഒരുമിച്ച് ‘ഇന്റഗ്രേറ്റഡ് റെവല്യൂഷണറി ഓർഗനൈസേഷൻസ്’ (ORI) എന്നൊരു മുന്നണി രൂപീകരിച്ചു. 1962-63 ൽ ORI യെ പുനഃസംഘടിപ്പിച്ച് ‘യുണൈറ്റഡ് പാർട്ടി ഓഫ് ദി ക്യൂബൻ സോഷ്യലിസ്റ്റ് റെവല്യൂഷൻ’ (PURSC) എന്ന പേര് നൽകി. ഈ സംഘടനാ സംവിധാനമാണ് 1965 ഒക്ടോബർ 3-ന് ഫിദൽ കാസ്ട്രോ പാർട്ടി ഫസ്റ്റ് സെക്രട്ടറിയായി ‘കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബ’ (Partido Comunista de Cuba – PCC) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യപ്പെട്ടത്. അതിന് ആറ് മാസം മുമ്പ് (1965 ഏപ്രിൽ) തന്നെ ചെ ഗുവേര ക്യൂബ വിട്ടിരുന്നു.

ആഫ്രിക്കൻ ദൗത്യവും ബൊളീവിയയിലെ പ്രതിസന്ധികളും

ക്യൂബ വിട്ട് ചെ എത്തിയത് ആഫ്രിക്കൻ വൻകരയിലെ കോംഗോയിലാണ്, അതായത് ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ക്യൂബൻ സർക്കാരിന്റെയും ഇന്റലിജൻസിന്റെയും അന്താരാഷ്ട്ര ശൃംഖല ഉപയോഗിച്ച് വ്യാജ പാസ്‌പോർട്ടുകൾ നിർമ്മിച്ച് വിമാനങ്ങളിൽ യൂറോപ്പിലെത്തി. അവിടെ നിന്ന് ആഫ്രിക്കയിലെത്തിയ ശേഷം അതിർത്തികളിൽ ബോട്ടുകൾ ഉപയോഗിച്ചാണ് ചെ ലക്ഷ്യസ്ഥാനത്ത് എത്തിയത്. പാട്രിസ് ലുമുംബയുടെ വധത്തിന് ശേഷം കോംഗോയിൽ നടന്ന സിംബ കലാപത്തെ (Simba Rebellion) സഹായിക്കാനും ആഫ്രിക്കയിൽ ഒരു മാർക്സിസ്റ്റ് വിപ്ലവം തുടങ്ങാനുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ പ്രാദേശിക വിമതനേതാക്കൾ തമ്മിലുള്ള അധികാര തർക്കങ്ങളും അച്ചടക്കമില്ലായ്മയും കാരണം ഈ ദൗത്യം വൻ പരാജയമായി. 1965 നവംബറിൽ കോംഗോയിൽ നിന്ന് യൂറോപ്പിലേക്ക് പിന്മാറിയ ചെയെ ഫിദൽ കാസ്ട്രോയുടെ വിശ്വസ്തർ അനുനയിപ്പിച്ച് 1966 ജൂലൈയിൽ വിമാനമാർഗ്ഗം അതീവ രഹസ്യമായി വീണ്ടും ക്യൂബയിലെത്തിച്ചു. അവിടെ വെച്ച് പരിശീലനവും പുതിയ പ്ലാനും തയ്യാറാക്കി, 1966 നവംബറിൽ അഡോൾഫോ മേന എന്ന വ്യാജ ഉറുഗ്വേൻ ബിസിനസുകാരന്റെ വേഷത്തിൽ സാധാരണ പാസഞ്ചർ വിമാനങ്ങൾ കയറിയിറങ്ങി (സ്പെയിൻ, ബ്രസീൽ വഴി) ചെ ബൊളീവിയൻ തലസ്ഥാനമായ ലാ പാസിൽ എത്തിച്ചേർന്നു.

ബൊളീവിയയിലെ കാടുകളിൽ ചെ ഗുവേരയും സംഘവും എത്തുമ്പോൾ, മോസ്കോ അനുകൂല ബൊളീവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി (Partido Comunista de Bolivia – PCB) അദ്ദേഹത്തിന് നഗരങ്ങളിൽ നിന്നും താഴെത്തട്ടിൽ നിന്നും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി മരിയോ മോൺജെ (Mario Monje) ചെയുമായി കാട്ടിൽ വെച്ച് ഒരു രഹസ്യ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിപ്ലവത്തിന്റെ പൂർണ്ണ സൈനിക-രാഷ്ട്രീയ നേതൃത്വം തനിക്ക് വിട്ടുതരണമെന്ന് മോൺജെ ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം തന്ത്രത്തിൽ ഉറച്ചുനിന്ന ചെ ഗുവേര ഇത് നിരസിച്ചു. ഇതിനെത്തുടർന്ന് ബൊളീവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ചെ ഗുവേരയ്ക്ക് നൽകാമെന്നേറ്റ പിന്തുണ പിൻവലിച്ചു. പാർട്ടി അംഗങ്ങളോടും അനുഭാവികളോടും ചെയുടെ ഗറില്ലാ പോരാട്ടത്തിൽ പങ്കെടുക്കരുതെന്നും യാതൊരു വിധത്തിലും സഹായിക്കരുതെന്നും മോൺജെ ഉത്തരവിട്ടു. നഗരങ്ങളിൽ നിന്ന് ഭക്ഷണവും മരുന്നും ആയുധങ്ങളും വിവരങ്ങളും എത്തിക്കേണ്ട ശൃംഖല ബൊളീവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ബോധപൂർവ്വം വിച്ഛേദിച്ചു. ചെയും സംഘവും ബൊളീവിയൻ മലനിരകളിൽ പൂർണ്ണമായും ഒറ്റപ്പെട്ടു. ഇത് ചെയുടെ ഗറില്ലാ പ്രസ്ഥാനത്തിന്റെ ആത്യന്തികമായ പരാജയത്തിന് മുഖ്യ ഘടകങ്ങളിലൊന്നായി. ചെ അനുകൂലികൾ മരിയോ മോൺജെയെ പരസ്യമായിത്തന്നെ ‘വഞ്ചകൻ’ എന്ന് വിളിച്ചിട്ടുണ്ട്.

ഭരണപരമായ പരാജയങ്ങളും സോവിയറ്റ് യൂണിയനുമായുള്ള ഉരസലുകളും

അക്കാലത്ത് സോവിയറ്റ് യൂണിയൻ അമേരിക്കയുമായി ‘സമാധാനപരമായ സഹവർത്തിത്വം’ (Peaceful Coexistence) എന്ന നയം സ്വീകരിച്ചിരുന്നു. ലാറ്റിനമേരിക്കയിൽ അമേരിക്കയെ പ്രകോപിപ്പിക്കുന്ന സായുധ വിപ്ലവങ്ങൾ ചെ ഗുവേര നടത്തുന്നത് സോവിയറ്റ് യൂണിയന് തലവേദനയായിരുന്നു. ചെ ഗുവേരയാകട്ടെ മോസ്കോയുടെ ബ്യൂറോക്രസിയെയും സാമ്പത്തിക നയങ്ങളെയും പരസ്യമായി കടുത്ത ഭാഷയിൽ വിമർശിച്ചു. 1965-ലെ അൾജിയേഴ്സ് പ്രസംഗത്തിൽ സോവിയറ്റ് യൂണിയൻ ശരിക്കും സാമ്രാജ്യത്വ ശക്തികളെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊക്കെ കൊണ്ടുതന്നെ സോവിയറ്റ് യൂണിയൻ ബൊളീവിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചെ ഗുവേരയെ സഹായിക്കേണ്ടതില്ലെന്ന വ്യക്തമായ സന്ദേശം നൽകി. വഴിപിഴച്ച ഒറ്റയാൻ വിപ്ലവകാരിയായി അവർ ചെ ഗുവേരയെ വിലയിരുത്തി.

ചെ ഗുവേര ക്യൂബ വിട്ടപ്പോൾ ഫിദലിന് നൽകിയ രഹസ്യ വിടവാങ്ങൽ കത്തിൽ, താൻ മരിക്കുകയോ ദൗത്യം അവസാനിക്കുകയോ ചെയ്ത ശേഷം മാത്രമേ കത്ത് പുറത്തുവിടാൻ പാടുള്ളൂ എന്ന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, 1965 ഒക്ടോബർ 3-ന് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപന വേദിയിൽ ഫിദൽ ആ കത്ത് പരസ്യമായി വായിച്ചതോടെ ‘ചെ ഗുവേര ഇനി ക്യൂബയിലേക്ക് മടങ്ങിവരില്ല’ എന്ന കാര്യം ലോകമറിഞ്ഞു. ഇതോടെ സി.ഐ.എ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ കാര്യങ്ങൾ മണത്തറിഞ്ഞു. ഫലത്തിൽ ചെ ഗുവേരയ്ക്ക് ഇനി ക്യൂബൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പരസ്യമായി മടങ്ങിവരാനുള്ള വാതിലുകൾ അടയുകയായിരുന്നു. 1960-കളുടെ പകുതിയിൽ ക്യൂബ പൂർണ്ണമായും സാമ്പത്തിക-സൈനിക നിലനിൽപ്പിനായി സോവിയറ്റ് യൂണിയനെ ആശ്രയിക്കാൻ തുടങ്ങി. ലാറ്റിനമേരിക്കയിൽ അമേരിക്കയെ നേരിട്ട് പ്രകോപിപ്പിക്കുന്ന സായുധ വിപ്ലവങ്ങൾക്ക് സോവിയറ്റ് യൂണിയൻ എതിരായിരുന്നു. ക്യൂബയുടെ നിലനിൽപ്പ് അപകടത്തിലാകാതിരിക്കാൻ മോസ്കോയെ അനുസരിക്കേണ്ട ബാധ്യത ഫിദലിനും ഉണ്ടായിരുന്നു.

ബൊളീവിയൻ കാടുകളിൽ ചെ ഗുവേരയും സംഘവും മാസങ്ങളോളം കുടുങ്ങിപ്പോയപ്പോൾ ഹവാനയിലെ കൺട്രോൾ റൂമുമായുള്ള റേഡിയോ ബന്ധം തകരാറിലായി. ഈ തകരാറുകൾ പരിഹരിക്കാനോ, ഒരു ബാക്കപ്പ് ചാനൽ വഴി ചെയെ രക്ഷപ്പെടുത്താനോ (Exfiltration) ക്യൂബൻ ഇന്റലിജൻസ് വേണ്ടത്ര മുൻകൈ എടുത്തില്ലെന്ന് പല ചരിത്രകാരന്മാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ചെ ഗുവേരയുടെ ബൊളീവിയൻ ഡയറിയിൽ ക്യൂബയിൽ നിന്നുള്ള ആശയവിനിമയ ശൂന്യതയെക്കുറിച്ച് അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ബൊളീവിയയിൽ ചെ തിരഞ്ഞെടുത്ത കാടുകൾ ഭൂമിശാസ്ത്രപരമായി കരയാൽ ചുറ്റപ്പെട്ടതും (Landlocked) പുറത്തുനിന്നുള്ള സൈനിക ഇടപെടൽ ഏറെക്കുറേ അസാധ്യമായതുമായ ഒരു മേഖലയായിരുന്നു. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സും സി.ഐ.എയും ബൊളീവിയൻ സൈന്യത്തെ നേരിട്ട് പരിശീലിപ്പിച്ച് ആ പ്രദേശം വളഞ്ഞിരുന്നതിനാൽ, അവിടെയൊരു രഹസ്യ റെസ്ക്യൂ ഓപ്പറേഷൻ എളുപ്പമായിരുന്നില്ല. അങ്ങനെയൊന്ന് നടത്താൻ ക്യൂബയ്ക്ക് ശേഷിയില്ലായിരുന്നോ എന്നതും സംശയകരമാണ്.

രണ്ടായാലും അവിടുത്തെ പ്രാദേശിക കർഷകർ ചെയുടെ സംഘത്തെക്കുറിച്ച് പട്ടാളത്തിന് കൃത്യമായ വിവരം നൽകിക്കൊണ്ടിരുന്നു. ആർക്കുവേണ്ടിയാണോ ചെ സായുധസമരം നടത്താൻ ശ്രമിച്ചത് ആ ജനവിഭാഗത്തിനോ, അത്തരം പോരാട്ടങ്ങളുടെ പേറ്റന്റ് അവകാശപ്പെടുന്ന പാർട്ടികൾക്കോ, പറഞ്ഞയച്ച ഭരണകൂടത്തിനോ ചെ ഗുവേരയെ ആവശ്യമില്ലാത്ത അവസ്ഥ വന്നു. “കാസ്ട്രോ ചെയെ ബൊളീവിയയിലേക്ക് അയച്ച് പിന്നീട് കൈവിട്ടു” എന്ന വിവരണം പൂർണ്ണമായി സ്ഥാപിക്കാൻ ആവശ്യമായ രേഖകൾ ലഭ്യമല്ല. ഹവാനയിൽ നിന്ന് 1967 ജനുവരി-ഫെബ്രുവരിയിൽ ചെ ഗുവേരയ്ക്ക് സന്ദേശങ്ങൾ അയച്ചതിന്റെ രേഖകൾ പിന്നീട് സി.ഐ.എ കണ്ടെത്തിയിരുന്നു. 1967 ഒക്ടോബർ 8-ന് ചെ പിടിക്കപ്പെടുകയും 9-ന് തന്റെ മുപ്പത്തിയൊമ്പതാം വയസ്സിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് ഏഴെട്ട് മാസം മുമ്പ് വരെ അദ്ദേഹം ക്യൂബൻ ഭരണകൂടവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നു എന്ന് അനുമാനിക്കാം.

ചെ ഗുവേര മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ക്യൂബ വിടാൻ തീരുമാനിച്ചപ്പോൾ, ഫിദൽ കാസ്ട്രോ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താനും തടയാനും ശ്രമിച്ചിരുന്നു എന്നത് വസ്തുതയാണ്. 1955-ൽ മെക്സിക്കോയിൽ വെച്ച് ഫിദൽ കാസ്ട്രോയുടെ വിപ്ലവസംഘത്തിൽ ചേരുമ്പോൾത്തന്നെ ചെ ഗുവേര ഒരു ഉപാധി വെച്ചിരുന്നു: “ക്യൂബയിൽ വിപ്ലവം ജയിച്ചുകഴിഞ്ഞാൽ, ബാക്കി ലാറ്റിനമേരിക്കൻ നാടുകളിലേക്ക് വിപ്ലവം വ്യാപിപ്പിക്കാൻ ഞാൻ പോകും, അന്ന് നിങ്ങൾ എന്നെ തടയരുത്”—എന്നതായിരുന്നു അത്. കാസ്ട്രോ അന്നത് സമ്മതിക്കുകയും ചെയ്തിരുന്നു. വിപ്ലവത്തിന് ശേഷം വ്യവസായ മന്ത്രിയായും നാഷണൽ ബാങ്ക് പ്രസിഡന്റായും ചെ പ്രവർത്തിച്ചെങ്കിലും ബ്യൂറോക്രസിയും ഭരണകാര്യങ്ങളിലെ സോവിയറ്റ് ഇടപെടലുകളും അദ്ദേഹത്തിന് അസഹനീയമായിരുന്നു.

ചെ ഗുവേരയെക്കാൾ (1928–1967) കഷ്ടിച്ച് രണ്ട് വയസ്സ് മാത്രം മുതിർന്ന കാസ്ട്രോ (1926–2016) മന്ത്രിസഭയിലെ ചെയുടെ പ്രകടനത്തിൽ തൃപ്തനായിരുന്നില്ല. ഗറില്ലാ യുദ്ധരംഗത്തും വിപ്ലവ പ്രസ്ഥാനത്തെ നയിക്കുന്നതിലും മികച്ച പ്രകടനം കാഴ്ചവെച്ച ചെ ഗുവേര, ഭരണപരമായ കാര്യങ്ങളിലും സാമ്പത്തിക നയരൂപീകരണത്തിലും വമ്പൻ പരാജയമായിരുന്നു. ക്യൂബൻ നാഷണൽ ബാങ്ക് പ്രസിഡന്റായി (National Bank of Cuba) നിയമിക്കപ്പെട്ട അദ്ദേഹം ബാങ്ക് നോട്ടുകളിൽ വെറും ‘Che’ എന്ന് മാത്രം എഴുതി ഒപ്പിട്ടു. സത്യത്തിൽ പണത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കണമെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു ചെ ഗുവേര. കറൻസിയുടെ വിനിമയമൂല്യം, ബാങ്കിംഗ് വ്യവസ്ഥ, വിദേശനാണ്യ കരുതൽശേഖരം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ അപ്രായോഗിക പരീക്ഷണങ്ങൾ കാരണം ക്യൂബൻ പെസോയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ബാങ്കിംഗ് മേഖല കടുത്ത പ്രതിസന്ധിയിലായി.

1961-ൽ വ്യവസായ മന്ത്രിയായി ചുമതലയേറ്റ ചെ ഗുവേര നടപ്പിലാക്കിയ നയങ്ങൾ ക്യൂബൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ക്യൂബയുടെ പരമ്പരാഗത വരുമാനമാർഗ്ഗമായ കരിമ്പ് കൃഷിയെ അവഗണിച്ച്, രാജ്യം പെട്ടെന്ന് വൻകിട വ്യവസായങ്ങളിലേക്ക് മാറണമെന്ന് ചെ ശഠിച്ചു. അസംസ്കൃത വസ്തുക്കളോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതെ പല ഫാക്ടറികളും തുടങ്ങിയെങ്കിലും ഒടുവിൽ മിക്കവയും വൻ നഷ്ടത്തിലായി പൂട്ടേണ്ടിവന്നു. ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പഞ്ചസാര ഉത്പാദനം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തൊഴിലാളികൾക്ക് അധിക വേതനമോ ബോണസോ നൽകുന്നതിന് പകരം ‘വിപ്ലവ ബോധവും ആദർശവും’ മാത്രം നൽകി കൂടുതൽ ജോലി ചെയ്യിക്കാമെന്ന ചെയുടെ സിദ്ധാന്തം ദുരന്തമായി. തൊഴിലാളികൾക്ക് ഉത്പാദനത്തിൽ താത്പര്യം നഷ്ടപ്പെടുകയും രാജ്യത്ത് ഉത്പാദനക്ഷമത കുത്തനെ കുറയുകയും ചെയ്തു. മാർക്സിസ്റ്റ് സാമ്പത്തിക വിശ്വാസങ്ങൾ ചുമക്കുന്ന ആർക്കും സംഭവിക്കാവുന്ന പരാജയമേ ചെ ഗുവേരയ്ക്കും ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളൂ.

സമ്പദ്‌വ്യവസ്ഥ താറുമാറായതോടെ, 1963-ഓടെ ചെ ഗുവേരയുടെ വ്യാവസായിക പരീക്ഷണങ്ങൾ പൂർണ്ണമായി നിർത്തിവെക്കാൻ ഫിദൽ കാസ്ട്രോ നിർബന്ധിതനായി. വീണ്ടും കരിമ്പ് കൃഷിയിലേക്കും പഞ്ചസാര കയറ്റുമതിയിലേക്കും ക്യൂബയ്ക്ക് മടങ്ങേണ്ടിവന്നു. സാമ്പത്തിക സഹായത്തിനായി സോവിയറ്റ് യൂണിയനെ പൂർണ്ണമായി ആശ്രയിക്കാൻ കാസ്ട്രോ തീരുമാനിച്ചപ്പോൾ, ചെ അതിനെ പരസ്യമായി എതിർത്തു. റഷ്യൻ സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശങ്ങളെ ചെ പുച്ഛിച്ചുതള്ളിയത് കാസ്ട്രോയ്ക്ക് വലിയ തലവേദനയായി മാറി. ചെ ഗുവേര ഒരു കാൽപനിക വിപ്ലവകാരിയും (Romantic Idealist) മികച്ച ഗറില്ലാ പോരാളിയുമായിരുന്നുവെങ്കിലും, പ്രായോഗിക ഭരണാധികാരിയോ സാമ്പത്തിക വിദഗ്ദ്ധനോ ആയിരുന്നില്ല എന്ന ദുഃഖസത്യം സുഹൃത്തുക്കളെയും ശത്രുക്കളെയും ഒരുപോലെ ബോധ്യപ്പെട്ടു.

കാൽപനിക വിപ്ലവകാരിയുടെ അന്ത്യം

ഓഫീസ് ഭരണവും ബ്യൂറോക്രസിയും ചെ ഗുവേരയെ മടുപ്പിച്ചിരുന്നു. അതേസമയം ചെയുടെ അപ്രായോഗിക സാമ്പത്തിക പരീക്ഷണങ്ങൾ രാജ്യത്തെ തകർക്കുകയാണെന്ന് കാസ്ട്രോയ്ക്കും വ്യക്തമായി. എങ്കിലും 1965-ൽ മന്ത്രിസ്ഥാനങ്ങൾ ഉപേക്ഷിച്ച് കാടുകയറാൻ ചെ തീരുമാനിച്ചപ്പോൾ അതിനെ പരമാവധി തടയാനാണ് കാസ്ട്രോ ശ്രമിച്ചത്. ക്യൂബയിലെ സാമ്പത്തിക-ഭരണ കാര്യങ്ങളിൽ ചെയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും ആ സമയത്ത് പുറത്തുപോയി സായുധ പോരാട്ടം നടത്തുന്നത് ജീവന് തന്നെ ഭീഷണിയാണെന്നും കാസ്ട്രോ വാദിച്ചു. വിപ്ലവത്തിന് അനുയോജ്യമായ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളതെന്നും, അത്തരം നീക്കങ്ങൾ ക്യൂബയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ചെയെ ബോധ്യപ്പെടുത്താനും കാസ്ട്രോ ശ്രമിച്ചു. എന്നാൽ ചെ ഒന്നിനും വഴങ്ങിയില്ല.

പഴയ ‘മെക്സിക്കോ കരാർ’ ഓർമ്മിപ്പിച്ചുകൊണ്ട് ക്യൂബൻ പൗരത്വം വരെ ഉപേക്ഷിക്കാൻ ചെ തയ്യാറായതോടെ, അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ ഒടുവിൽ കാസ്ട്രോയ്ക്ക് വഴങ്ങേണ്ടിവരികയും യാത്രയ്ക്കുള്ള രഹസ്യ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുകയായിരുന്നു. ബൊളീവിയൻ ഗറില്ലാ നീക്കത്തിന് ക്യൂബൻ ഭരണകൂടം തുടക്കത്തിൽ നിർണ്ണായക പിന്തുണ നൽകിയിരുന്നു എന്നതും വസ്തുതയാണ്. എന്നാൽ ബൊളീവിയയിൽ ചെ ഗുവേരയുടെ സംഘം ഒറ്റപ്പെട്ട്, ബൊളീവിയൻ സൈന്യത്തിന്റെയും അമേരിക്കൻ സഹായത്തിന്റെയും വളയത്തിൽപ്പെട്ടപ്പോൾ, അദ്ദേഹത്തെ രക്ഷിക്കാൻ ക്യൂബൻ ഭരണകൂടത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല. അനിവാര്യമായ ദുരന്തങ്ങളിൽ വില്ലന്മാരില്ലല്ലോ.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →