നമ്മളും അവരും എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്; സി രവിചന്ദ്രൻ എഴുതുന്നു


‘പല്ല് പറിച്ചു കഴിഞ്ഞാലും കുഴി ബാക്കിയുണ്ടാകും. ഉപേക്ഷിച്ച ഗോത്രത്തെ (tribe) കുറിച്ച് ഇത്തരമൊരു വൈകാരികഭാവം (emotional stance) പലരിലും കാണപെടാറുണ്ട്. എങ്ങനെയാണ് മതംവിട്ടത്? മതം നിങ്ങളെ ശല്യപെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടാണോ? പ്രാര്‍ത്ഥന നിഷ്ഫലമാണെന്ന അനുഭവം ഉണ്ടായിട്ടാണോ? ആണെങ്കില്‍ മതംവിട്ടാലും നിങ്ങള്‍ സ്വത്വവാദിയായി തുടരാനുള്ള സാധ്യതയുണ്ട്. പൗരോഹിത്യത്തെ വെറുത്ത് മതം നിരാകരിക്കുന്നവരില്‍ ഇത് കൂടുതല്‍ പ്രകടമായിരിക്കും. അതേസമയം, മതത്തിന് പ്രസക്തി ഇല്ല, അത് നുണയാണ്, എല്ലാ മതങ്ങളും സമാനമാണ്, അവ മാനവരാശിക്ക് തന്നെ ഭീഷണിയും വെല്ലുവിളിയുമാണ് എന്ന് തിരിച്ചറിഞ്ഞാണ് മതം വിട്ടതെങ്കില്‍ സ്വത്വവാദം കുറവായിരിക്കും.’ – സി രവിചന്ദ്രൻ
നിശ്ശബ്ദ വാഹകർ – THE SILENT CARRIERS

ഏതൊരു കൂട്ടവുമായി ബന്ധപെട്ടാലും ക്രമേണ അതിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വേരുകള്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ആഴ്ന്നിറങ്ങും. എല്ലാം പറിച്ചുമാറ്റിയാലും സ്വത്വാധിഷ്ഠിതമായ പലതും നിങ്ങളില്‍ അവശേഷിക്കും. ചിലരെ അത് ‘ഫാന്റം ലിമ്പ് ‘(phantom limb) പോലെ അലട്ടും. മുറിച്ചുമാറ്റിയ കൈ അവിടെയുണ്ടെന്ന തോന്നലാണത്. ചിലപ്പോള്‍ ഇല്ലാത്ത കയ്യില്‍ അഗാധമായ വേദന അനുഭവപെടും. പൂര്‍ണ്ണമോചനം ഏറെക്കുറെ അസാധ്യമായിരിക്കും. സമ്പൂര്‍ണ്ണമായ എന്തെങ്കിലും (the absolute pure) ഉണ്ടാവണം എന്ന വാശി കഥയില്ലാത്തതാണ്. ഇറങ്ങി നടന്ന കൂട്ടത്തിന്റെ വൈകാരികസ്മൃതികളും ശീലങ്ങളും അവശേഷിക്കുന്നു എന്നത് കൊണ്ട് നമുക്കൊരാളെ സ്വത്വവാദി എന്നു വിളിക്കാനാവുമോ? ഇല്ല. താന്‍ ഭാഗമായിരുന്ന കൂട്ടത്തിന്റെ ജീവിതശൈലി, സാംസ്‌കാരിക സമവാക്യങ്ങള്‍, ഭക്ഷണം, വസ്ത്രം… തുടങ്ങിയവയെല്ലാം നിങ്ങളുടെ വ്യക്തിത്തില്‍ പല നിരക്കില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ടാവും. ഒരു പരിധിവരെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ണ്ണയിക്കുന്നവര്‍ നമ്മുടെ ഭൗതികസാഹചര്യങ്ങളും ചുറ്റുമുള്ളവരുമാണ്. ആ നിലയ്ക്ക് കൂട്ടത്തിനുള്ളില്‍ ഉള്ളില്‍ നില്‍ക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും നിങ്ങളില്‍ സ്വത്വബോധം (a sense of identity) ഉണ്ടാവും. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും സ്വത്വവാദികള്‍ അല്ലേ? ഒരര്‍ത്ഥത്തില്‍ എല്ലാവരും രോഗികള്‍ അല്ലേ? എല്ലാവരിലും കുറച്ചൊക്ക് ഭ്രാന്ത് ഇല്ലേ? എന്നൊക്കെ ചോദിക്കുന്നത് പോലെയാണിത്. ഇവിടെയും അളവും നിരക്കും ആവര്‍ത്തനവും തന്നെയാണ് മാനദണ്ഡങ്ങള്‍. Dose, frequency, scale ഇവ തന്നെയാണ് സ്വത്വബോധവും തീരുമാനിക്കുന്നത്. നിസ്സാര അളവിലുള്ളത് നിരാകരിക്കപെടണം. റിക്ടര്‍ സ്‌കെയിലില്‍ 3 ന് മുകളിലുള്ളവ മാത്രം പരിഗണിച്ചാല്‍ മതിയാകും.

നമ്മളും-അവരും (we-they) എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്. മതസ്വത്വവാദികളുടെ കാര്യത്തില്‍ ഇത് വളരെ പ്രകടമാണ്. വൈകാരികമായാണോ വൈചാരികമായാണോ മതത്തില്‍നിന്ന് പിരിയുന്നത് എന്നത് പ്രധാനമാണ്. വൈകാരികനിലപാടാണെങ്കില്‍ സ്വത്വബോധം അവശേഷിക്കും. നിരാകരിച്ച സ്നേഹഭാജനത്തോട്  (object of love) ഇപ്പോഴും താല്പര്യമുണ്ടെങ്കില്‍ സവിശേഷ ശ്രദ്ധ തുടരും. പക്ഷെ കണ്ടറിഞ്ഞ് മനസ്സിലാക്കി ഉപേക്ഷിച്ചേ മതിയാകൂ എന്ന രീതിയില്‍ തിരസ്‌കരിച്ചതാണെങ്കില്‍ വിഷയമില്ല. ചിലപ്പോള്‍ മതത്തിന്റെ ചില ഭാഗങ്ങളോടോ നേതൃത്വത്തോടോ മാത്രമായിരിക്കും എതിര്‍പ്പ്. ബാക്കിയൊക്കെ പാല്‍പ്പായസമായിരിക്കും. ഉദാഹരണമായി, നിഷ്പക്ഷ മാധ്യമവിമര്‍ശകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി എതിര്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ മണ്ഡപത്തില്‍ കയറിയ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍ അയാളുടെ കരണക്കുറ്റി അടിച്ചുപൊട്ടിക്കണം എന്നു പറഞ്ഞ് പൊട്ടിത്തെറിക്കുന്നു! അറിയാതെ കൂവിപ്പോകുന്നതാണ്.

പല്ല് പറിച്ചു കഴിഞ്ഞാലും കുഴി ബാക്കിയുണ്ടാകും. ഉപേക്ഷിച്ച ഗോത്രത്തെ (tribe) കുറിച്ച് ഇത്തരമൊരു വൈകാരികഭാവം (emotional stance) പലരിലും കാണപെടാറുണ്ട്. എങ്ങനെയാണ് മതംവിട്ടത്? മതം നിങ്ങളെ ശല്യപെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടാണോ? പ്രാര്‍ത്ഥന നിഷ്ഫലമാണെന്ന അനുഭവം ഉണ്ടായിട്ടാണോ? ആണെങ്കില്‍ മതംവിട്ടാലും നിങ്ങള്‍ സ്വത്വവാദിയായി തുടരാനുള്ള സാധ്യതയുണ്ട്. പൗരോഹിത്യത്തെ വെറുത്ത് മതം നിരാകരിക്കുന്നവരില്‍ ഇത് കൂടുതല്‍ പ്രകടമായിരിക്കും. അതേസമയം, മതത്തിന് പ്രസക്തി ഇല്ല, അത് നുണയാണ്, എല്ലാ മതങ്ങളും സമാനമാണ്, അവ മാനവരാശിക്ക് തന്നെ ഭീഷണിയുംവെല്ലുവിളിയുമാണ് എന്ന് തിരിച്ചറിഞ്ഞാണ് മതം വിട്ടതെങ്കില്‍ സ്വത്വവാദം കുറവായിരിക്കും. അതായത് മതം കയറി കടിച്ചത് കൊണ്ട് മതംവിടുന്നവരെക്കാള്‍ സ്വത്വബോധബാധ കുറഞ്ഞവരായിരിക്കും മതത്തെ കടിച്ചു കുടഞ്ഞവര്‍.

സ്വത്വബോധം കലശലായുള്ളവര്‍ സാധാരണ മതവിശ്വാസിയില്‍ നിന്നും ഒട്ടും വിഭിന്നരല്ല. സ്വത്വവാദികള്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ചെയ്ത മത സോഫ്റ്റ് വെയറിന്റെ എല്ലാ ഫയലുകളും ഡിലീറ്റ് ചെയ്തിട്ടുണ്ടാവില്ല. പ്രോഗ്രാം വര്‍ക്ക് ചെയ്യാനുള്ള ഫയലുകള്‍ സിസ്റ്റത്തില്‍ ഉണ്ടാവില്ല, ഡെസ്‌ക് ടോപ്പില്‍ ഐക്കണോ ലിങ്കോ ഉണ്ടാവില്ല. പക്ഷെ ഹാര്‍ഡ് ഡിസ്‌കില്‍ ചില ഫയലുകള്‍ മായാതെ കിടപ്പുണ്ടാകും. പ്രകോപനം ഉണ്ടായാല്‍ ഇത് പുറത്തുചാടും. ചെറിയ ചാറ്റല്‍ പ്രശ്നമില്ല; പക്ഷെ നല്ല മഴ പെയ്താല്‍ എല്ലാം നിലംപൊത്തും. സോഫ്റ്റ് വെയര്‍ ഇറങ്ങി കളിക്കും.

സ്വത്വവാദി രോഗലക്ഷണം പ്രകടിപ്പിക്കാത്ത നിശബ്ദ വാഹകനാണ്. He/she is a silent carriers of the religious viral load. സ്വയം അടിപ്പെടാതെ രോഗം പടര്‍ത്താന്‍ അയാള്‍ക്ക് സാധിക്കും. സാധാരണ മതവിശ്വാസിയെക്കാള്‍ മതപ്രതിരോധ താല്പര്യം അയാളില്‍ പീളകെട്ടി കിടക്കുന്നുണ്ടാവും. That way, he/she is more misleading than the believers. തന്റെ പഴയമതത്തിന് വേണ്ടി ഇരവാദം നടത്തുന്നവരെല്ലാം മത-പോസിറ്റീവായി (religion positive) തന്നെ പരിഗണിക്കപെടണം. സ്വന്തം വൈകാരിക മാപ് ഉപയോഗിച്ചാണ് പൊതുവെ നാം അന്യരെ സ്‌കെച്ച് ചെയ്യുന്നത്. നമുക്ക് ചൂട് ആണെങ്കില്‍ മറ്റുള്ളവര്‍ക്കും അതങ്ങനെയാവും എന്ന് നാം കരുതും. ഒരര്‍ത്ഥത്തില്‍ നമ്മുടെ മോറാലിറ്റിയും സോഷ്യല്‍ ബിഹേവിയറും ഉരുത്തിരിയുന്നത് ഇത്തരത്തിലുള്ള vicarious assessment ല്‍ നിന്നാണ്.

മതവിശ്വാസി തന്റെ മതത്തിനെതിരെയുള്ള എല്ലാവാദവും തെറ്റാണെന്നും തന്റെ മതം മാത്രമാണ് ആക്രമിക്കപെടുന്നതെന്നും സദാ വിലപിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ മതത്തിന് വേണ്ടി ആക്രമിക്കാനും പ്രതിരോധിക്കാനും അയാള്‍ മുന്‍പന്തിയിലുണ്ടാവും. തന്റെ മതം തെറ്റല്ല, മറ്റുള്ളവര്‍ക്ക് തെറ്റായ വിവരം ലഭിച്ചിരിക്കുന്നു, അല്ലെങ്കില്‍ അയാള്‍ തെറ്റായ മതം-രാഷ്ട്രീയം പിന്തുടരുന്നു, അല്ലെങ്കില്‍ അയാള്‍ക്ക് സ്വന്തം മതത്തോട് യുക്തിരഹിതമായ വിധേയത്വമുണ്ട്… ഇങ്ങനെയൊക്കെയാവും ഓരോ മതവാദിയും ചിന്തിക്കുന്നത്. സ്വത്വവാദിക്കും ഏറെക്കുറെ ഇതേ വൈകാരിക നിലപാട് തന്നെയാണുള്ളത്. പക്ഷെ സ്വയം മിനുക്കി നിറുത്തുന്നതിന്റെ ഭാഗമായി കുറെക്കൂടി പുഴുങ്ങിയ ഭാഷയിലാവും അയാളത് അവതരിപ്പിക്കുക എന്നു മാത്രം. തങ്ങളെ എതിര്‍ക്കുന്നവരെ മതംപറഞ്ഞും ജാതിപറഞ്ഞും രാഷ്ട്രീയംപറഞ്ഞും അധിക്ഷേപിക്കാനും ചാപ്പയടിക്കാനും സ്വത്വവാദികള്‍ ശ്രമിക്കുന്നത് ശ്രദ്ധിക്കുക. അക്കാര്യത്തില്‍ മതവാദികളാണ് അവരുടെ മാതൃക.

സ്വത്വബോധം ഏറെക്കുറെ എല്ലാവരിലും ഉണ്ടാവും എന്നിരിക്കെ ലക്ഷണമൊത്ത സ്വത്വവാദികളെ എങ്ങനെ തിരിച്ചറിയാനാവും? സ്വത്വവാദികള്‍ക്ക് പൊതുവെ കൈവശംവെച്ചിരിക്കുന്ന വൈറല്‍ ലോഡിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരിക്കും. സ്വകാര്യനിമിഷങ്ങളില്‍ അവരത് സ്വയം വിലയിരുത്താറുണ്ട്. മതംവിടുക എന്നത് അത്ര എളുപ്പമല്ല എന്ന പൊതുബോധം നിലവിലുണ്ടെന്നും എന്തുപറഞ്ഞാലും തന്നെ പഴയ മതത്തിന്റെ കോളത്തില്‍ പെടുത്തി വര്‍ഗ്ഗീകരിക്കുമെന്നും സ്വത്വവാദികള്‍ ന്യായമായും ആശങ്കപെടാറുണ്ട്. ഈ ആശങ്ക അടിസ്ഥാനരഹിതമല്ല. ഇതുമൂലം സ്വത്വം തന്റെ അഭിപ്രായത്തിന്റെ സാധുതയെ റദ്ദാക്കരുത് എന്ന മുന്നുപാധി വെക്കാന്‍ സ്വത്വവാദി ബാധ്യസ്ഥനായിത്തീരുന്നു. സ്വതവാദിയായ ഒരാള്‍ക്ക് മറ്റൊരാളെ തന്റെ പഴയ മതത്തിലേക്കോ ജീവിതരീതിയിലേക്കോ ലോകവീക്ഷണത്തിലേക്കോ നയിക്കാനാവും. പഴയമതത്തോട് വൈകാരികമായി ഐക്യപെടാനുള്ള പ്രേരണ ചെലുത്താനും അയാള്‍ ശ്രമിക്കും. പഴയമതത്തിന് വേണ്ടി ശ്രദ്ധാപൂര്‍വം ഇരവാദ ബാറ്റിംഗ് നടത്താതിരിക്കാനും അയാള്‍ക്കാവില്ല. മതരഹിതനോ മതേതരനോ ആയ ഒരാള്‍ക്ക് ഇവയൊന്നും സാധിക്കില്ല. ചുരുക്കത്തില്‍ സ്‌ക്രീനില്‍ തെളിയുന്ന സമവാക്യമിതാണ്: സ്വത്വവാദി=മതവാദി.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *