മൊബൈല്‍ ഫോണുകള്‍ എങ്ങനെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമായപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഏതു തീരത്തു വള്ളം അടുപ്പിക്കണം എന്ന് തീരുമാനിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ മുന്‍കൂട്ടി ഫോണ്‍ വിളിക്കാന്‍ തുടങ്ങി. 2001 ആയപ്പോഴേക്കും 60 ശതമാനം മത്സ്യബന്ധന ബോട്ടുകളും മിക്ക മൊത്ത-ചില്ലറ വ്യാപാരികളും വില്‍പ്പന ഏകോപിപ്പിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചു തുടങ്ങി. തല്‍ഫലമായി, മാലിന്യങ്ങള്‍ അപ്രത്യക്ഷമാവുകയും വില സ്ഥിരത കൈവരിക്കുകയും ചെയ്തു.” – രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

മത്സ്യത്തൊഴിലാളികളും മൊബൈല്‍ ഫോണും ക്യാപിറ്റലിസവും
മൊബൈല്‍ ഫോണുകള്‍ കേരളത്തില്‍ വരുന്നതിന് മുമ്പ്, വളരെ കുറച്ചു സ്ഥാപനങ്ങളിലും വീടുകളിലും മാത്രമാണ് ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ ഉണ്ടായിരുന്നത്. ലാന്‍ഡ് ഫോണുകള്‍ ചിലവേറിയതായിരുന്നു എന്നതിന് പുറമെ അപേക്ഷ കൊടുത്താല്‍ വര്‍ഷങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ ഒരു ലാന്‍ഡ്‌ലൈന്‍ അനുവദിക്കുമായിരുന്നുള്ളു. മാത്രമല്ല, ഫോണ്‍ പ്രവര്‍ത്തിക്കാതായാല്‍ ഒരു കംപ്ലൈന്റ്‌റ് കൊടുത്താല്‍ ദിവസങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ ഒരു ടെക്‌നീഷ്യന്‍ പരാതി വന്നു പരിശോധിക്കുമായിരുന്നുള്ളു.

ഇന്ത്യയില്‍ ആദ്യത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസ് 1995 ജൂലൈ 31-ന് തുടങ്ങി. അന്നത്തെ ടെലികോം കേന്ദ്ര മന്ത്രി സുഖ് റാമും ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവും ചേര്‍ന്ന് ഇത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കാള്‍ 1996 സെപ്റ്റംബര്‍ 17-ന് സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയും നേവിയുടെ അന്നത്തെ വൈസ് അഡ്മിറല്‍ എ ആര്‍ ഠണ്ടനും തമ്മില്‍ ഒരു
നോക്കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടത്തി.എസ്‌കോട്ടല്‍ സെല്ലുലാര്‍ സര്‍വീസ് എന്ന കമ്പനി ആയിരുന്നു സര്‍വീസ് പ്രൊവൈഡര്‍. അന്ന് ഔട്ട്‌ഗോയിംഗ് കോളിന്റെ ചാര്‍ജ് മിനുട്ടിന് 16.80 രൂപയും ഇന്‍കമിങ് കോളിന്റെ ചാര്‍ജ് മിനുട്ടിന് 8.40 രൂപയും ആയിരുന്നു. ഒരു മൊബൈല്‍ ഫോണിന്റെ ആരംഭ വില 20,000 രൂപയും ആയിരുന്നു.

കേരളം മൊബൈലിലേക്ക് നീങ്ങുമ്പോള്‍

2001-ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു മൊബൈല്‍ ഫോണ്‍ സ്വന്തമാക്കിയെങ്കിലും ഉയര്‍ന്ന നിരക്കുകള്‍ താങ്ങാനാവാതെ ആറു മാസത്തിനുള്ളില്‍ ഞാന്‍ മൊബൈല്‍ ഉപേക്ഷിച്ചു. 2002-ല്‍ ആണ് Reliance Infocomm, CDMA (code division multiple access) technology ഉപയോഗപ്പെടുത്തികൊണ്ടു അവരുടേതായ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇറക്കുന്നത്. മറ്റുള്ള സേവനദാതാക്കള്‍ GSM (Global system for mobile communications) technology ആണ് ഉപയോഗിച്ചിരുന്നത്. 3,000 രൂപ അടച്ചു ഫോണ്‍ സ്വന്തമാക്കിയാല്‍ മാസം 600 രൂപ വാടകയില്‍ ഫ്രീ ഇന്‍കമിങ് കോളുകളും, ഔട്ട്‌ഗോയിംഗ് ചാര്‍ജ് ആയി മിനുട്ടില്‍ 40 പൈസയും നിജപ്പെടുത്തി ആണ് റിലയന്‍സ് ഫോണ്‍ ഇറക്കിയത്. ഇതോടു കൂടി മറ്റു മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ കടുത്ത മത്സരമായി. റിലയന്‍സിന്റെ വിപ്ലവകരമായ ഈ നീക്കത്തെ അതിജീവിക്കാന്‍ മറ്റുള്ള കമ്പനികള്‍ക്ക് മത്സരത്തില്‍ പിടിച്ചു നില്ക്കാന്‍ വേണ്ടി ഫോണ്‍ ചാര്‍ജ് നിരക്ക് കുത്തനെ കുറയ്ക്കാതെ നിവര്‍ത്തിയില്ല എന്ന അവസ്ഥയായി.

അങ്ങനെ 2003-ല്‍ എല്ലാ കമ്പനിക്കാരും ഇന്‍കമിങ് കോളുകള്‍ ഫ്രീ ആക്കി. അതോട് കൂടി പണമുള്ളവന്‍ എന്നോ പണമില്ലാത്തവന്‍ എന്നോ വ്യത്യാസമില്ലാതെ, സമൂഹത്തിന്റെ സോഷ്യല്‍ ലാഡറിന്റെ എല്ലാ തട്ടിലും നില്‍ക്കുന്ന പൊതു മലയാളികളുടെ കയ്യില്‍ എല്ലാം മൊബൈല്‍ ഫോണുകള്‍ ലഭ്യമായി. ഞാന്‍ കോളേജില്‍ അവസാന വര്‍ഷം ആയപ്പോഴേക്കും കൂടെ പഠിച്ചിരുന്ന 80 ശതമാനം കുട്ടികളുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു, അതില്‍ നോക്കിയ 3310 എന്ന മോഡല്‍ ആയിരുന്നു ഏറ്റവും പോപ്പുലര്‍. ഓരോ സേവനദാതാക്കളും കാലം മുന്നോട്ട് പോകും തോറും ഉപഭോക്താക്കളെ നിലനിര്‍ത്താനും കൂടുതല്‍ ഉപഭോകതാക്കളെ തങ്ങളിലേക്ക് അടുപ്പിക്കാനും ഓഫാറുകള്‍ കൊടുത്തു കൊണ്ടേയിരുന്നു. കമ്പനികള്‍ തമ്മില്‍ ഉള്ള മത്സരം സാധാരണ ഉപഭോക്താവിന് ആണ് ഗുണപ്രദം ആവുന്നത്.

എന്തായാലും മത്സരത്തിന് തുടക്കമിട്ട റിലയന്‍സ് CDMA ഫോണുകള്‍ ഒടുവില്‍ GSM ഫോണുകള്‍ക്ക് മുന്നില്‍ മത്സരത്തില്‍ കീഴടങ്ങി അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ 1.12 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ വര്‍ധനവുണ്ടായി. വികസ്വര രാജ്യങ്ങളിലെ പ്രശ്‌നം ലാഭകരമായ സാങ്കേതികവിദ്യകള്‍ ലഭ്യമല്ലാത്തതല്ല, അത് വേണ്ട വിധത്തില്‍ ഉപഭോക്താവിലേക്ക് എത്താത്തതോ അത് കൃത്യമായി ഉപയോഗപ്പെടുത്താത്തതോ ആവാം. ഇത് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മാത്രം അല്ല, ഭൂമിയുടെയും മൂലധനത്തിന്റെയും മനുഷ്യന്റെ കഴിവ് ഉപയോഗപ്പെടുത്തേണ്ടുന്ന ഇടങ്ങളില്‍ കാണാം. ജോലി ഭാരം തീരെ കുറഞ്ഞ ചില ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടാവും. എന്നാല്‍ തൊഴിലാളികളുടെ ലഭ്യത കുറവ് കാരണം ഫയലുകള്‍ കെട്ടിക്കിടക്കുന്ന ഗവണ്മെന്റ് സ്ഥാപനങ്ങളും ഉണ്ട്. ഈ അവസ്ഥയ്ക്ക് ആണ് ‘Misallocation’ (തെറ്റായ വിന്യാസം) എന്ന് പറയുന്നത്.

മൊബൈല്‍ ഫോണ്‍ ഒരു ചെറിയ മീനല്ല!

കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ (കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്) തീര പ്രദേശങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ രണ്ട് പഠനത്തെ കുറിച്ച് പറയാം. കേരളത്തിന്റെ GDPയുടെ 3 ശതമാനം നല്‍കുന്ന വ്യവസായമായ മത്സ്യബന്ധനത്തില്‍, ഒരു ദശലക്ഷത്തിലധികം ആളുകള്‍ തൊഴിലെടുക്കുന്നു. 2001-ന് മുമ്പ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ അതിരാവിലെ മീന്‍ പിടിക്കാന്‍ പോകുകയും ഏതാണ്ട് 8 മണിയോടെ പിടിച്ച മത്സ്യവുമായി ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു. ഈ സമയം മൊത്തക്കച്ചവടക്കാരും ചില്ലറവില്‍പ്പനക്കാരും ഈ വള്ളങ്ങള്‍ കാത്തു തീരത്തു നില്‍ക്കും. മത്സ്യം തീരുന്നതു വരെയോ കച്ചവടക്കാര്‍ നിര്‍ത്തിയിട്ട് പോകുന്നത് വരെയോ ഈ തീരത്തെ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും. ഓരോ ദിവസവും പിടിച്ച മീനിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍, ചില തീരങ്ങളില്‍ ധാരാളം മല്‍സ്യം വാങ്ങാന്‍ ആളില്ലാതെ പാഴായി പോകുമായിരുന്നു. അധികം വന്ന മീനെല്ലാം കടലില്‍ തള്ളപ്പെടുമായിരുന്നു. അതേ സമയം മറ്റ് തീരങ്ങളില്‍ മീന്‍ വാങ്ങാന്‍ കൂടുതല്‍ കച്ചവടക്കാര്‍ കാത്തു നില്‍ക്കുകയും അവര്‍ക്ക് വില്‍ക്കാന്‍ ആവശ്യത്തിന് മല്‍സ്യം വള്ളങ്ങളില്‍ ഇല്ലാത്ത അവസ്ഥയും ഉണ്ടാവുമായിരുന്നു.

ഇത് (Misallocation) തെറ്റായ വിന്യാസത്തിന്റെ ഒരു ഉദാഹരണം ആണ്. കേരളത്തിലെ ഭൂരിഭാഗം നഗരങ്ങളും തീരദേശത്തോട് അടുത്താണ് നില്‍ക്കുന്നത് എന്നത് കൊണ്ട് മൊബൈല്‍ ഫോണ്‍ സേവനം നല്‍കുന്ന നിരവധി മൊബൈല്‍ ടവറുകള്‍ തീരത്തോട് അടുത്ത് സ്ഥാപിക്കപ്പെട്ടു. കടലിന് ഉള്ളിലോട്ട് 20 – 25 കിലോമീറ്റര്‍ വരെ മൊബൈലിനു റേഞ്ച് ലഭ്യമായിരുന്നു. ഈ ദൂരത്തിനുള്ളില്‍ ആണ് ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത്. മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമായപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഏതു തീരത്തു വള്ളം അടുപ്പിക്കണം എന്ന് തീരുമാനിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ മുന്‍കൂട്ടി ഫോണ്‍ വിളിക്കാന്‍ തുടങ്ങി. 2001 ആയപ്പോഴേക്കും 60 ശതമാനം മത്സ്യബന്ധന ബോട്ടുകളും മിക്ക മൊത്ത-ചില്ലറ വ്യാപാരികളും വില്‍പ്പന ഏകോപിപ്പിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചു തുടങ്ങി. തല്‍ഫലമായി, മാലിന്യങ്ങള്‍ അപ്രത്യക്ഷമാവുകയും വില സ്ഥിരത കൈവരിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ലാഭം ശരാശരി 8 ശതമാനം വര്‍ദ്ധിക്കുകയും ഉപഭോക്താവിന് ലഭിക്കുന്ന വിലയില്‍ 4 ശതമാനം കുറവും ഉണ്ടായി.

ബോട്ടുകളുടെ വിലയും കുറയുന്നു

മൊബൈല്‍ ഫോണ്‍ കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായി ബാധിച്ച മറ്റൊരു ഉദാഹരണവും പറയാം. ഒരു മത്സ്യബന്ധന ബോട്ട് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യക്ക് മാറ്റമൊന്നും ഇല്ലെങ്കിലും അത് നിര്‍മ്മിക്കുന്ന തൊഴിലാളികളുടെ കരകൗശല വൈദഗ്ധ്യം വ്യത്യസ്ഥമാണ്. നല്ല വൈദഗ്ധ്യം ഉള്ള ആള്‍ നിര്‍മ്മിച്ച ബോട്ട് കൂടുതല്‍ ഈടുനില്‍ക്കും. സമാനമായ വില ഈടാക്കുകയും സമാനമായ ബോട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടും, ഏറ്റവും മികച്ച ബോട്ട് നിര്‍മ്മാതാവ്, മോശം ബോട്ട് നിര്‍മാതാവുമായി താരതമ്യം ചെയ്താല്‍ ശരാശരി ഇരട്ടിയിലധികം ദൈര്‍ഘ്യം ഈടുനില്‍ക്കുന്ന ബോട്ടുകള്‍ നിര്‍മ്മിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ ജനകീയം ആകുന്നതിന് മുമ്പ് മല്‍സ്യത്തൊഴിലാളികള്‍ അവരുടെ ഏറ്റവും അടുത്തുള്ള ബോട്ട് നിര്‍മ്മാതാവില്‍ നിന്നാണ് ബോട്ട് വാങ്ങിയിരുന്നത്. എന്നാല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റു തീരങ്ങളില്‍ മല്‍സ്യം വില്‍ക്കാന്‍ പോയപ്പോള്‍ ആണ് തങ്ങളുടേതിനേക്കാള്‍ മികച്ച ബോട്ടുകള്‍ ഉണ്ടെന്നും അത് നിര്‍മ്മിക്കുന്ന ആളുകള്‍ ആരെല്ലാം എന്നും മനസ്സിലായത്. തല്‍ഫലമായി, മികച്ച ബോട്ട് നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ ബിസിനസ്സ് ലഭിച്ചു, ബോട്ടുകളുടെ ഗുണനിലവാരം വര്‍ദ്ധിക്കുകയും ബോട്ടുകളുടെ വില കുറയുകയും ചെയ്തു.

Misallocation കുറഞ്ഞു. ബോട്ടുകള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍, ഉപകരണങ്ങള്‍, മരം, ആണികള്‍, കയര്‍ എന്നിവയെല്ലാം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടു. മൊബൈല്‍ ഫോണുകള്‍ ജനകീയമായ ശേഷം, ബോട്ട് നിര്‍മ്മാണ വ്യവസായം, മുമ്പ് നിര്‍മ്മിച്ച അതേ എണ്ണം ബോട്ടുകള്‍ മെറ്റീരിയല്‍ ഇന്‍പുട്ടില്‍ മാറ്റമില്ലാതെ ഏകദേശം 25 ശതമാനം തൊഴില്‍ സമയം കുറച്ചും 37 ശതമാനം കുറവ് മൂലധനം ഉപയോഗിച്ചും ആണ് നിര്‍മ്മിച്ചത്.

പണമില്ലാത്ത ഒരാള്‍ക്ക് ഒരു കുപ്പി എണ്ണയോ ഷാംപുവോ ഒരു പാക്കറ്റ് അലക്കുപൊടിയോ വാങ്ങാന്‍ നിവര്‍ത്തി ഇല്ലായിരിക്കും. എന്നാല്‍ ക്യാപിറ്റലിസ്‌റ് വിപണി അവര്‍ക്ക് വേണ്ടി ഇതേ ഉല്‍പ്പന്നങ്ങള്‍ ചെറിയ സാഷേകളില്‍ ഇറക്കി. ഒരു സ്‌കൂട്ടര്‍ മുഴുവന്‍ പണം കൊടുത്തു വാങ്ങാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് ഇന്‍സ്റ്റാള്‍മെന്റ് രീതിയില്‍ സ്‌കൂട്ടര്‍ നല്‍കുക. ഒരു ക്യാപിറ്റലിസ്‌റ് വിപണി പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന്റെ ശ്രേണിയില്‍ ഉള്ള എല്ലാ മനുഷ്യര്‍ക്കും എങ്ങനെ ഉല്‍പ്പന്നം എത്തിക്കാം എന്ന രീതിയില്‍ ആണ്. ലാഭേച്ഛയോട് കൂടി സ്വന്തം താത്പര്യത്തിന് വേണ്ടി കമ്പനികള്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒപ്പം സമൂഹത്തിന്റെ താല്‍പ്പര്യങ്ങളും നിറവേറ്റപ്പെടുകയും സാമൂഹിക ശ്രേണിയില്‍ ഉള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്തു.

Reference:
1. The digital provide: Information (technology), market performance and welfare in the South Indian fisheries sector- Robert Jensen, 2007
2. Market integration, demand and the growth of firms: Evidence from a natural experiment in India- Robert Jensen, Nolan H. Miller, 2018


Leave a Reply

Your email address will not be published. Required fields are marked *