“ബിസിനസ് ചെയ്യാൻ റിസ്ക് എടുക്കുന്നവർക്ക് കുറച്ചു ബഹുമാനം സമൂഹം എന്ന നിലക്ക് കൊടുക്കാം… അവരെ ദൈവം ആയി കാണണ്ട, അവതാരം ആയി കാണണ്ട. പക്ഷേ ഏത് തൊഴിലും എടുക്കുന്നവർക്ക് കിട്ടുന്ന ബഹുമാനം എങ്കിലും കൊടുക്കാം. പകരം പുച്ഛവും അവഹേളനവും മുതലാളി നശിക്കണം എന്ന ആഗ്രഹത്തോടും കൂടിയാണ് നിങ്ങൾ പെരുമാറുന്നത് എങ്കിൽ നിങ്ങളെ പിടികൂടിയിരിക്കുന്ന സോഷ്യലിസ്റ്റ് പ്രേതമാണ് അത് നിങ്ങളെ കൊണ്ട് ചെയ്യിക്കുന്നത്.” – പ്രവീൺ രവി എഴുതുന്നു |
ചായക്കട വാദങ്ങൾ
ഒരു മുറുക്കാൻ കട പോലും നടത്താൻ ഉള്ള ധൈര്യം ഇല്ലാതെ, ചെറിയ ഒരു പ്രസ്ഥാനം തുടങ്ങുന്നതിനേ കുറിച്ച് ആലോചിച്ചാൽ പോലും നെഞ്ച് ഇടീക്കുന്ന ആളുകൾ ആണ് ഭൂരിപക്ഷം ആളുകളും. നമ്മക്ക് ആരെങ്കിലും ഒരു സ്ഥിര ജോലി തന്നാൽ അത് പോയി ചെയ്തു് മാസാവസാനം ശമ്പളം മേടിക്കാൻ ആണ് ഇഷ്ടം. അപ്പൊൾ ആളുകൾക്ക് ജോലി ലഭിക്കാൻ കാരണം ആകുന്ന ഒരു പ്രസ്ഥാനം, സ്വന്തം നേട്ടത്തിന് വേണ്ടി ആണെങ്കിലും ഒരാള് തുടങ്ങുമ്പോൾ അയാള് ഒരു റിസ്ക് എടുക്കുന്നുണ്ട്.
പ്രസ്ഥാനം വിജയിച്ചാൽ അയാൾ മിടുക്കനാകും, പരാജയപ്പെട്ടാൽ അയാളുടെ അതുവരെയുള്ള സമ്പാദ്യം മുഴുവനും നഷ്ടപ്പെടാം. അതേ സമയം ആരോഗ്യവും സ്കില്ലും ഉള്ള തൊഴിലാളിക്ക് വേറൊരു തൊഴിൽ കണ്ടെത്താൻ കുറച്ചു മിനക്കെട്ടാലും കഴിയും. അപ്പൊൾ ബിസിനസ് ചെയ്യാൻ റിസ്ക് എടുക്കുന്നവർക്ക് കുറച്ചു ബഹുമാനം സമൂഹം എന്ന നിലക്ക് കൊടുക്കാം… അവരെ ദൈവം ആയി കാണണ്ട, അവതാരം ആയി കാണണ്ട. പക്ഷേ ഏത് തൊഴിലും എടുക്കുന്നവർക്ക് കിട്ടുന്ന ബഹുമാനം എങ്കിലും കൊടുക്കാം. പകരം പുച്ഛവും അവഹേളനവും മുതലാളി നശിക്കണം എന്ന ആഗ്രഹത്തോടും കൂടിയാണ് നിങ്ങൾ പെരുമാറുന്നത് എങ്കിൽ നിങ്ങളെ പിടികൂടിയിരിക്കുന്ന സോഷ്യലിസ്റ്റ് പ്രേതമാണ് അത് നിങ്ങളെ കൊണ്ട് ചെയ്യിക്കുന്നത്.
പണ്ടൊരു സഖാവ് പറഞ്ഞത് കായികാധ്വാനം ചെയ്യുന്നവരെ ബഹുമാനിക്കാത്തതാണ് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം എന്നാണ്. കമ്മ്യൂണിസ്റ്റുകാരുടെ ക്ലാസ് എന്ന dichotomy അന്ധവിശ്വാസമാണ് ഇത്തരം ചിന്തകളുടെ അടിസ്ഥാന കാരണം. കായികാധ്വാനം ചെയ്യുന്നവനും, ബൗദ്ധിക വ്യായാമത്തിലൂടെ സമൂഹത്തിന് കോൺട്രിബ്യൂട്ട് ചെയ്യുന്നവരും അതിനെ മാർക്കറ്റ് ചെയ്തു ഒരു പ്രൊഡക്ട് ആക്കി സേവനം ആക്കി നമ്മുടെ മുന്നിലേക്ക് തരുന്നവരും എല്ലാം ഒരു പോലെ ബഹുമാനം അർഹിക്കുന്നുണ്ട് എന്നത് ഇവർ ഇനി എന്ന് മനസ്സിലാക്കാനാണ്?
ആരെങ്കിലും എന്തെങ്കിലും സ്വന്തം ബൗദ്ധിക അധ്വാനം കൊണ്ട് കണ്ടുപിടിച്ചാൽ മാത്രം അത് ജനങ്ങൾക്ക് ഉപകാരപ്രദമാകില്ല. അതിനെ എങ്ങനെ കുറഞ്ഞ വിലയിൽ ഭൂരിഭാഗം വരുന്ന ജനങ്ങളിലേക്കും എത്തിക്കാമെന്ന വിപണനതന്ത്രം ഉൾപ്പെടെ എത്രയോ ഘടകങ്ങൾ ചേരുമ്പോഴാണ് ഓരോ കണ്ടുപിടിത്തവും മനുഷ്യരാശിക്ക് ഉപയോഗപ്രദമായി മാറുന്നത്. എഡിസൺ ബൾബ് കണ്ടു പിടിച്ചത് കൊണ്ട് മാത്രം ആരുടെയും വീട്ടിൽ ബൾബ് എത്തില്ല. അതിന് പിന്നിൽ വലിയൊരു സപ്ലൈ ചെയിൻ ഒരുപാട് മുതൽ മുടക്കൊടെ പ്രവർത്തിക്കണം, അതിനെ മാർക്കറ്റ് ചെയ്യണം, അതിൻറെ റോ മെറ്റീരിയൽസ് കിട്ടുന്ന വിപണിയെ വലുതാക്കണം, വൈദ്യുതിയുടെ പ്രസരണം, ട്രാൻസ്മിഷൻ ലൈനുകൾ, സബ് സ്റ്റേഷനുകൾ, ട്രാൻസ്ഫോർമർ, സ്വിച്ചുകൾ, കേബിളുകൾ അങ്ങനെ അങ്ങനെ എന്തെല്ലാം ചേരുമ്പോൾ ആണ് ഈ ഒരു കുഞ്ഞൻ ബൾബ് പോലും നിങ്ങളുടെ വീട്ടിൽ പ്രകാശിക്കുന്നത്?!
ഇൻറർനെറ്റ് ക്യാപിറ്റലിസത്തിന്റെ സംഭാവന അല്ല എന്ന് പറയുമ്പോൾ ഇൻറർനെറ്റ് എന്ന് പറഞ്ഞു ഒരു സാധനം ഇല്ല എന്നും പകരം അനേകം ചെറിയ RJ45 connectors തൊട്ട് സ്വിച്ചുകളും ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കുകളും ഐ എസ് പികളും സർവ്വറുകളും എല്ലാം കൂടെ ചേരുന്ന ഒന്നാണ് ഇൻറർനെറ്റ് എന്നും മനസിലാക്കാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾ കാര്യങ്ങളെ ഗ്രഹിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നു. ചെറുകിട വ്യാപാരികൾ മുതൽ വമ്പൻ കോർപ്പറേറ്റുകൾ വരെ ഇതിലെ ഓരോ ഘടകവും വലിയ ക്യാപിറ്റൽ മുടക്കി നിർമിച്ചു മാർക്കറ്റ് ചെയ്തു നിങ്ങളത് വാങ്ങി അതിനോട് കണക്ട് ചെയ്യുമ്പോൾ മാത്രമാണ് നിങ്ങൾക്ക് ഇൻറർനെറ്റ് എന്ന ആ ടെക്‌നോളജി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കുന്നത്. അല്ലെങ്കിൽ വെറുതെ ആകാശത്തേക്ക് നോക്കി ഇൻറർനെറ്റ് എന്ന് പറയാം എന്ന് മാത്രം.
പക്ഷേ തൊഴിലാളി മുതലാളി എന്ന വൈരുദ്ധ്യത്തിലൂടെ മാത്രം ലോകത്തെ കാണാൻ ശീലിച്ച കമ്യൂണിസ്റ്റുകാർക്കും സ്വന്തം വ്യക്തി താൽപര്യങ്ങൾ ഹനിച്ചു കൊണ്ട് എല്ലാ മനുഷ്യരും സമൂഹത്തിനുവേണ്ടി കളക്ടീവ് ആയി ജോലി ചെയ്തു ജീവിക്കണം എന്ന് കരുതുന്ന സോഷ്യലിസ്റ്റുകളും ഉണ്ടാക്കി വിടുന്ന ഈ സാമ്പത്തിക അന്ധവിശ്വാസ ഫാക്ടറിയിൽ നിന്നും ഇനി എത്ര നാൾ കഴിഞ്ഞാൽ ആണ് ഒരു വ്യക്തി എന്ന നിലയിൽ ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടിലെ യുവാക്കൾക്കു കാര്യത്തെ അതിൻറെ സമഗ്രതയിൽ മനസ്സിലാക്കി മുന്നോട്ടു പോകാൻ സാധിക്കുക?
ആർക്കെങ്കിലും തൊഴിൽ കൊടുക്കുന്നത് ഒന്നും വലിയ കാര്യമല്ല എന്നാണ് സോഷ്യലിസ്റ്റ് വാദികളുടെ പുതിയ കണ്ടെത്തൽ. അതായത് ചുമ്മാ ഇരിക്കുന്ന നിങ്ങളുടെ കയ്യിൽ കുറച്ച് മൂലധനം വരുന്നു, വെറുതേ നല്ല രീതിയിൽ ജീവിക്കുന്ന കുറേ ആളുകളെ പിടിച്ച് കെട്ടി നിങ്ങൾ അവർക്ക് വളരെ കുറഞ്ഞ കൂലി കൊടുത്ത് അവരുടെ വെറുതേ ഇരുന്ന് നഷ്ടപ്പെടുമായിരുന്ന അധ്വാനം എടുത്ത് അവരെ ചൂഷണം ചെയ്യുന്നു. ഇതാണ് ആധുനിക സോഷ്യലിസ്റ്റു നരേഷൻ.
കുറഞ്ഞ കൂലി കൊടുക്കുമ്പോൾ അത്രയും ആളുകൾ ഓടി വരുന്നത് അവർക്ക് അത്രയും പോലും കൂലി കിട്ടുന്ന ജോലി നാട്ടിൽ ഇല്ലാത്തതു കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുക ഒന്നും വേണ്ട, സാമാന്യ ബോധം മതി.
തൊഴിൽരഹിതരായ ആളുകളെ അഗ്രിഗേട്ട് ചെയ്തുകൊണ്ട് അവർക്ക് തൊഴിൽ ഉണ്ടാക്കി കൊടുക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഇന്ന് ആമസോൺ, ഫ്ലിപ്കാർട്ട് ഡെലിവറി ബോയ്സ് ആയി മാത്രം ജോലി ചെയ്ത എത്രയോ ചെറുപ്പക്കാർ തങ്ങളുടെ പഠനം എന്ന സ്വപ്നത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. അച്ഛനും അമ്മയ്ക്കും നല്ല വരുമാനം ഇല്ല എങ്കിൽ പഠനം നിർത്തേണ്ടി വന്ന ഒരുപാട് തലമുറകൾ ഉള്ള ഈ നാട്ടിൽ ആണ് അന്തസ്സോടെ ഡെലിവറി ബോയ് എന്ന ജോലി പാർട് ടൈം ആയി ചെയ്തു നിരവധി യുവതീയുവാക്കൾ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം കീഴടക്കുന്നത്.
അഗ്രഗേറ്റർസ് കുറഞ്ഞ കൂലിക്ക് ആളെ വക്കുന്നു എന്ന് പറയുന്നവൻ വീട്ടിൽ ആരെയെങ്കിലും പണിക്ക് വിളിച്ചാൽ ആ നാട്ടിൽ പതിവുള്ള കൂലി കൊടുക്കുക ആണോ അതോ അയ്യോ! ഇവന് നന്നായി ജീവിക്കണമല്ലോ അതുകൊണ്ട് ഇവന് അമേരിക്കൻ പ്രതിഫലമായ 8 ഡോളർ വച്ച് മണിക്കൂറിന് കൊടുക്കാം എന്ന് വിചാരിക്കുമോ? ഒരു പ്രദേശത്തെ കൂലി എന്നത് അവിടുത്തെ ജീവിത സാമൂഹ്യ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കും. എഞ്ചിനീയറിംഗ് പാസ്സാകുന്ന 5 ലക്ഷം പേർക്കും തൊഴിൽ കൊടുക്കാൻ എൻജിനീയറിങ് വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽമേഖലകൾ ആ നാട്ടിൽ ഇല്ലങ്കിൽ അവരും പതിനായിരം രൂപ ശമ്പളത്തിന് തുണിക്കടയിൽ സെയിൽസ്മാനായി പോയി നിൽക്കും. അത് തുണികടക്കാരൻ്റെ കുഴപ്പമല്ല. നമ്മുടെ സമൂഹത്തിൽ അവസരങ്ങൾ ഇല്ലാത്തതിന്റെ ആണ് എന്ന് മനസിലാക്കണം.
ബിസിനസ് ചെയ്യാൻ പണം മാത്രം മതിയോ?
വെറുതെയിരിക്കുന്ന ഒരുത്തന് കുറെ മൂലധനം കിട്ടിയാൽ അത് ബാങ്കിലിട്ടു അതിൻറെ പലിശ മേടിക്കുന്നതാണ് ഏറ്റവും സുഖം.
മൂലധനം കിട്ടുന്ന എല്ലാവർക്കും ഒരു പ്രസ്ഥാനം നടത്തി വിജയിപ്പിക്കാൻ സാധിക്കില്ല. മണി മാനേജ്മെൻറ് അറിയാത്ത ഒരാൾക്ക് 100 കോടി രൂപ ലോട്ടറി അടിച്ചാലും രണ്ടുമാസം കൊണ്ട് തീർക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ കിട്ടുന്ന മൂലധനം ഒരു പ്രൊഡക്ടീവ് ഇൻവെസ്റ്റ്മെൻറ് ആക്കി മാറ്റുക എന്നത് എൻട്രപ്രണർ/നിക്ഷേപകൻ എന്ന നിലയ്ക്ക് ഒരു വ്യക്തി എടുക്കുന്ന കഠിനാധ്വാനവും അർപ്പണബോധവും ആണ്. ഇതിനെ ആണ് നമ്മൾ അംഗീകരിക്കേണ്ടത്. അംഗീകരിക്കുക എന്നാൽ അയാളുടെ കാൽ കഴുകി വെള്ളം കുടിച്ച് പാലഭിഷേകം നടത്തണമെന്നല്ല പറയുന്നത് എന്നെങ്കിലും മനസ്സിലാക്കാനുള്ള സാമാന്യ ബോധം ആളുകൾ കാണിക്കണം.
ഇങ്ങനെ അംഗീകരിക്കുന്നത് കൊണ്ട് അയാൾ തൊഴിലാളികളോട് ചെയ്യുന്ന പീഡനമോ തട്ടിപ്പുകളോ അഴിമതിയോ ഒന്നും പരിഗണിക്കേണ്ടതില്ല എന്നും അർത്ഥമില്ല. അതിനാണ് ഇവിടെ ഗവൺമെൻ്റും നിയമങ്ങളും കോടതികളും പോലീസും ഒക്കെ ഉള്ളത് അതിനെ കൂടുതൽ ശക്തിപ്പെടുത്തുക ആണ് വേണ്ടത്.
എക്കണോമിക്സ് പത്രം വായിച്ചു പഠിക്കുന്നതും പ്രായോഗികതലത്തിൽ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നവനും തമ്മിൽ ആനയും കുഴിയാനയും പോലെ ഉള്ള വ്യത്യാസം ഉണ്ട്. ജീവിതത്തിൽ ഒരു ബിസിനസ് ചെയ്തു വിജയിച്ചവർ എല്ലാം പ്രായോഗിക സാമ്പത്തിക ശാസ്ത്രം അറിയുന്നവർ ആണ്. ചാരുകസേര വാദങ്ങൾ ഒക്കെ വെറും പുകയായി പോകുന്നത് ഈ പ്രായോഗിക ജ്ഞാനം ഇല്ലാത്തത് കൊണ്ടാണ്. അത് കൊണ്ടാണ് കുറച്ചു കാശു കയ്യിൽ ഉണ്ടെങ്കിൽ ആർക്കും ബിസിനസ് തുടങ്ങാം എന്നും, ആളുകൾക്ക് ജോലി കൊടുക്കുന്നത് ഒരു വലിയ കാര്യം അല്ല എന്നും ഒക്കെ ഇരുന്ന് പലർക്കും പറയാൻ കഴിയുന്നത്. അതായത് കട്ടൻ ചായയും പരിപ്പ് വടയും കഴിച്ചു ഉദാസീനമായി ഇരുന്ന് പറയാൻ മാത്രം കൊള്ളാവുന്ന മറ്റാർക്കും കേൾക്കാൻ കൊള്ളാത്ത വെറും ചായക്കട വാദങ്ങൾ മാത്രമാണിത്