ചങ്ങല വെറുക്കുന്ന ജീവി


ആഫ്രിക്കന്‍ ഭൂഖണ്ഡം ആകെ പരിഗണിച്ചാല്‍ ഒരു ദശലക്ഷം പേര്‍ക്ക് ശരാശരി 5 ആശുപത്രി കിടക്കകള്‍ എന്നതാണ് നിരക്ക്. 1.2 കോടി ജനങ്ങള്‍ ഉള്ള ദക്ഷിണസുഡാനില്‍ 5 വൈസ് പ്രസിഡന്റുമാരുണ്ട്, പക്ഷെ ആകെയുള്ളത് 4 വെന്റിലേറ്ററുകള്‍. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ 3 വെന്റിലേറ്ററുകള്‍, ലൈബീരിയയില്‍ ആറെണ്ണം. 41 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എല്ലാംകൂടി ആകെ 2000 വെന്റിലേറ്ററുകള്‍ മാത്രം. അമേരിക്ക 1.70 ലക്ഷത്തിലധികം വെന്റിലേറ്ററുകളുമായി കഷ്ടപെടുന്നതോര്‍ക്കുക. ഒരൊറ്റ വെന്റിലേറ്ററുകള്‍ പോലുമില്ലാത്ത 10 രാജ്യങ്ങള്‍ ആഫ്രിക്കയിലുണ്ട്. ശ്വാസകോശ വിഷമതകള്‍ വിതയ്ക്കുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം 25000 കടന്ന ആഫ്രിക്കന്‍ വന്‍കരയെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുളവാക്കുന്ന കണക്കുകളാണിത്. പ്രതികരണമായി മിക്കയിടത്തും ശക്തമായ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കപെടുന്നുണ്ട്.

നീണ്ട ലോക്ക്ഡൗണുകള്‍ താങ്ങാന്‍ പല സമൂഹങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ തെരുവുകളില്‍ പ്രതിഷേധം പുകയുകയാണ്. പട്ടിണി വേണ്ട, രോഗത്തെ നേരിട്ടുകൊള്ളാം എന്നാണ് ദരിദ്രരുടെ നിലപാട്. ഏഷ്യയിലാകട്ടെ, ലബനോണ്‍ പോലുള്ള രാജ്യങ്ങളില്‍ ഭരണനേതൃത്വം ലോക്ക്ഡൗണ്‍ വിരുദ്ധ സമരങ്ങളില്‍ ആടിയുലയുന്നു. അമേരിക്കയിലും ബ്രസീലിലും പ്രസിഡന്റുമാര്‍ ലോക്ക്ഡൗണ്‍ വിരുദ്ധനിലപാട് സ്വീകരിക്കുന്നു. ലോക്ക്ഡൗണിന് മുമ്പ് തന്നെ കഷ്ടപെടുന്ന അവശ വിഭാഗങ്ങളും രാജ്യങ്ങളുമാണ്‌ ലോക്ക്ഡൗണിലും ഏറെ ബുദ്ധിമുട്ടുന്നത്. ജനാധിപത്യസമൂഹങ്ങളിലാകട്ടെ, സ്വാതന്ത്ര്യനിഷേധം ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മധ്യ-സമ്പന്ന വര്‍ഗ്ഗങ്ങളുടെയും സമ്പന്ന രാജ്യങ്ങളുടെയും ആര്‍ഭാടമായി ലോക്ക്ഡൗണ്‍ മാറുകയാണ്.

രോഗബാധിതരുടെ കണക്കും മരണവുമാണ് ലോക്ക്ഡൗണിന്റെ സാധൂകരണമായി വരുന്നത്. ലോകത്താകമാനം എത്രപേര്‍ കോവിഡ് രോഗ ബാധിതരായി? എത്രപേര്‍ സൗഖ്യപെട്ടു? ഉത്തരം എളുപ്പമല്ല. വേള്‍ഡോമീറ്റര്‍ പോലുള്ള വെബ്‌സൈറ്റുകളിലെ (https://www.worldometers.info/coronavirus/) കണക്കോ സര്‍ക്കാര്‍ അറിയിപ്പുകളോ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കില്ല. അത്തരം രേഖകളൊക്കെ സൂചനകളും പ്രവണതകളും (trend) ലഭ്യമാക്കുന്നുണ്ടെന്ന് മാത്രം. ‘ഇന്ന ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി രോഗം’എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വല്ലാതെ വ്യസനിക്കാറുണ്ട്. ആരാണ് ഈ അഞ്ചുപേര്‍? ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളില്‍ രോഗലക്ഷണങ്ങളുടെ പേരിലോ സംശയം തോന്നിയതുകൊണ്ടോ ടെസ്റ്റ് നടത്തിയ ഏതാനുംപേരില്‍ നിന്നാണ് ഈ അഞ്ച് രോഗികളെ കണ്ടെത്തുന്നത്. അതായത്, അതൊരു് സാമ്പിള്‍ സര്‍വെ ഫലമാണ്. അതനുസരിച്ചാണ്‌ നാം ആശങ്കപെടുകയും ആഹ്‌ളാദിക്കുകയും ചെയ്യുന്നത്. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നു, അയവുകള്‍ പ്രഖ്യാപിക്കുന്നു. തല്‍ക്കാലം അങ്ങനെ ചെയ്യാനോ സാധിക്കൂ എന്നതാണ് വസ്തുത.

മാസങ്ങളും വര്‍ഷങ്ങളോ നീളാനിടയുള്ള ഒരു പ്രതിരോധ പോരാട്ടം ക്രിക്കറ്റ് കമന്ററിപോലെ വിലയിരുത്തി സന്തോഷിച്ചും പരിതപിച്ചും മുന്നോട്ടുപോകുന്നതില്‍ കാര്യമില്ല. ആദ്യം ചൈനയെ നോക്കി മറ്റുള്ളവര്‍ പരിതപിച്ചു, പിന്നെയത് ഇറ്റലിയെ കുറിച്ചായി, പിന്നെ സ്‌പെയിന്‍, ഇപ്പോള്‍ അമേരിക്ക.. ആദ്യമാദ്യം രോഗം കീഴ്‌പെടുത്തുന്ന രാജ്യങ്ങളെ നോക്കി പരിഹസിക്കാനും അവരുടെ വീഴ്ചകള്‍ ആഘോഷിക്കാനും രോഗം കാര്യമായി ബാധിക്കാത്ത സമൂഹങ്ങള്‍ നടത്തുന്ന വെപ്രാളം കേവലമായ അല്‍പ്പത്തരമോ മനുഷ്യത്വരാഹിത്യമോ ആണ്. സത്യത്തില്‍ രോഗം കീഴ്‌പെടുത്തുകയും പോരാട്ടത്തിലൂടെ അതിജീവിക്കുകയും ചെയ്ത സമൂഹങ്ങള്‍ക്ക് മാത്രമേ ആശ്വസിക്കാന്‍ വകുപ്പുള്ളൂ. രോഗബാധ അടുത്തടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോള്‍ അത്തരം സമൂഹങ്ങളുടെ നില താരതമ്യേന മെച്ചമായിരിക്കും.

രോഗികളുടെ കൃത്യമായ കണക്ക് അറിയണമെങ്കില്‍ മുഴുവന്‍പേരെയും ആവര്‍ത്തിച്ച് പരിശോധിക്കണം. അത് ഏറെക്കുറെ അസാധ്യമാണ്. സാമ്പിള്‍പരിശോധന മാത്രമാണ് ഏക പോംവഴി. ഒരു ദശലക്ഷത്തില്‍ 27000 പേരെവരെ ഇറ്റലിയില്‍ ടെസ്റ്റു ചെയ്യുന്നു. ജര്‍മ്മനി 24000, അമേരിക്ക 15000 ന് മുകളില്‍. ഇന്ത്യന്‍ ശരാശരിയാകട്ടെ 600 ല്‍ താഴെയാണ്. ടെസ്റ്റിംഗിന്റെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ഏറെ മുന്നില്‍ നിന്ന കേരളം ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിറകിലാണ്. സാമ്പിളിന്റെ വലുപ്പംകൂടുന്നത് അനുസരിച്ച് ഫലത്തിന്റെ ആധികാരികത വര്‍ദ്ധിക്കുമെങ്കിലും അപ്പോഴും മൊത്തം എത്രപേര്‍ രോഗബാധിതരായി എന്നറിയാന്‍ മാര്‍ഗ്ഗമില്ല. സാമ്പിള്‍ഫലം മൊത്തം ജനസംഖ്യയിലേക്ക് ആരോപിച്ച് (interpolate) അനുമാനം നടത്തുകയാണ് ഏക പോംവഴി. 65-70 ശതമാനത്തിലധികം രോഗികള്‍ക്കും പ്രകടമായ രോഗലക്ഷണമില്ലാത്ത സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനാ ഫലത്തിന്റെ പത്തിരട്ടി മുതല്‍ നൂറിരട്ടി വരെ രോഗികള്‍ ഉണ്ടാകുമെന്ന നിരീക്ഷണങ്ങളുണ്ട്..

അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ജനസംഖ്യ ഏകദേശം 2 കോടി. അവിടെ 7 ലക്ഷംപേര്‍ക്ക് കോവിഡ് പരിശോധന നടത്തി 2.94 ലക്ഷത്തിന് രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യ-22275. പത്തുലക്ഷംപേരില്‍ 35000 പേര്‍ എന്നതാണ് പരിശോധനാ നിരക്ക്. രോഗംബാധ രോഗിപോലും അറിയണമെന്നില്ല, പക്ഷെ മരണം രാജ്യം മുഴുവന്‍ അറിയും. മൂന്ന് ദിവസത്തിന് മുമ്പ് ഗവര്‍ണ്ണര്‍ ആന്‍ഡ്രു കുമോ(Andrew Cuomo) ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നടത്തിയ 3000 പേരില്‍ നടത്തിയ പിയര്‍ റിവ്യുവിന് വിധേയമാകാത്ത ഒരു സാമ്പിള്‍ പരിശോധന സര്‍വെഫലം പരാമര്‍ശിക്കുകയുണ്ടായി (https://www.reuters.com/…/new-york-survey-suggests-nearly-1…). പരിശോധനയ്ക്ക് വിധേയമായവരില്‍ 13.89 ശതമാനംപേരുടെ രക്തത്തില്‍ കോവിഡ് വൈറസിന്റെ ആന്റിബോഡികള്‍ കണ്ടെത്തി. ഷോപ്പിംഗ് നടത്താന്‍ പുറത്തിറങ്ങിയവരിലാണ് കൂടുതലും ടെസ്റ്റ് നടത്തിയത്. വീട്ടിലിരിക്കുന്നവര്‍, അടിയന്തര സര്‍വീസ് ജീവനക്കാര്‍, നിരീക്ഷണത്തിലുള്ളവര്‍, കറുത്തവര്‍ഗ്ഗക്കാര്‍, ഹിസ്പാനിക് എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയാണ് പരിശോധന സര്‍വെ നടത്തിയത്. ഇവരെക്കൂടി ഉള്‍പെടുത്തിയാല്‍ രോഗനിരക്ക് 13.89 ശതമാനത്തിലും കൂടാനാണ് സാധ്യത.

ഈ കണക്ക് ന്യൂയോര്‍ക്കിലെ മൊത്തം ജനസംഖ്യയിലേക്ക് (2 കോടി) ആരോപിച്ചാല്‍ അവിടെ കുറഞ്ഞത് 27-28 ലക്ഷംപേര്‍ക്ക് രോഗംവന്നിട്ടുണ്ട്-അല്ലെങ്കില്‍ വന്ന് ഭേദമായിട്ടുണ്ട്. മരണനിരക്ക്-0.5%. കഴിഞ്ഞയാഴ്ച് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി 863 പേരില്‍ നടത്തിയ സര്‍വെയും വളരെ കുറഞ്ഞ മരണനിരക്കാണ് കാണിക്കുന്നത്. ന്യുയോര്‍ക്ക് സംസ്ഥാനം ലോകത്തുതന്നെ ഏറ്റവുമധികം കോവിഡ് ആക്രണമത്തിന് വിധേയമായ ജനതയാണ്. അവിടുത്തെ കണക്ക് ലോകമാകെ ആരോപിക്കുന്നതില്‍ കഥയില്ല. പക്ഷെ ഈ 14 ശതമാനത്തിന്റെ സ്ഥാനത്ത് ഒന്നോ രണ്ടോ ശതമാനം എടുത്താല്‍ തന്നെ ലോകമെമ്പാടും 8-16 കോടി രോഗികളായി. ലോകത്ത് ആകെ 30 ലക്ഷം രോഗികളുണ്ടെന്നാണ് ഇപ്പോള്‍ വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റ് പറയുന്നത്.

മനുഷ്യനാഗരികത ശരാശരികളുടെയും മധ്യനിലപാടുകളുടെയും ആഘോഷമാണ്. നമ്മുടെ മഹാഭൂരിപക്ഷം നിലപാടുകളും മധ്യമ സ്വഭാവമുള്ളവയാണ്. അതിതീവ്രവും അതിമൃദുവും ആയവ അവഗണിക്കപെടും. പ്രായോഗകമാണെങ്കിലും മധ്യമനിലപാടുകള്‍ എല്ലായ്‌പ്പോഴും സാധുവാകില്ല. ഭിന്ന നിലപാടുകളില്‍ ഒന്നു ശരിയും മറ്റേത് തെറ്റുമാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ നിരവധിയുണ്ട്. അവിടെയൊക്കെ, ‘രണ്ടുഭാഗങ്ങളും ശരിയല്ല’ (neither side can be right) എന്ന നിലപാട് പരിഹാസ്യമായിരിക്കും. ഭൂമി ഉരുണ്ടതെന്നും പരന്നതെന്നും വാദം വരുമ്പോള്‍ രണ്ടും ശരിയല്ല ഭൂമി ഒരു ഇഡ്ഡലി പോലെയാണ് എന്ന് പറയുന്നതിലെ അപഹാസ്യതയാണത്. നിസംഗതയും കര്‍മ്മണ്യതയും തമ്മില്‍ മത്സരിക്കുമ്പോള്‍, ശാസ്ത്രവും കപടശാസ്ത്രവും തമ്മിലിടയുമ്പോള്‍, ഇരയും റേപ്പിസ്റ്റും രണ്ട് വശങ്ങളില്‍ നില്‍ക്കുമ്പോള്‍ മധ്യനിലപാടുകള്‍ അസാധുവാണ്. കാരണം അവിടെയൊക്കെ ഒന്ന് ശരിയും മറ്റേത് തെറ്റുമാണ്.

അതേസമയം രണ്ട് ഏകദേശ ശരികള്‍ക്കിടയിലുള്ള മധ്യമനിലപാടുകള്‍ സാഹചര്യവും പ്രായോഗിക സമവാക്യങ്ങളും വിലയിരുത്തി സ്വീകരിക്കേണ്ടവയാണ്. ലോക്ക്ഡൗണ്‍ ചെയ്താല്‍ രോഗപകര്‍ച്ച നിയന്ത്രിക്കാം. പക്ഷെ നഷ്ടം അസഹനീയമാണ്. കൂട്ടപ്രതിരോധം (herd immunity) നേടാന്‍ തീരുമാനിച്ചാല്‍ രോഗം വല്ലാതെ പടരാന്‍ സാധ്യതയുണ്ട്, പക്ഷെ ലോക്ക്ഡൗണ്‍ മൂലമുള്ള കെടുതികള്‍ ഒഴിവാക്കാം. റോഡുനിറയെ ബമ്പുകള്‍ നിറച്ച്‌ 10 km/hr‍ വേഗതയില്‍ വാഹനങ്ങള്‍ ഓടികൊണ്ടിരുന്നാല്‍ അപകടങ്ങള്‍ ഗണ്യമായി കുറയും. പക്ഷെ വണ്ടികളെല്ലാം റോഡില്‍ കിടക്കും, ആരും എങ്ങും സമയത്തിന് എത്തില്ല. ആദ്യ ഗിയറുകളില്‍ എത്രനേരം ഓടിക്കാനാവും? ബമ്പുകളെല്ലാം നീക്കി വേഗത 80 km/hr ആക്കിയാല്‍ പെട്ടെന്ന് ലക്ഷ്യസ്ഥലത്ത് എത്താം, പക്ഷെ അപകട സാധ്യത വര്‍ദ്ധിക്കും. 40 km/hr‍ വേഗതപരിധി വന്നാല്‍ രണ്ടിനത്തിലും മെച്ചപെട്ട ഫലം ലഭിക്കും. പകര്‍ച്ചവ്യാധിക്കെതിരെ ശുചിത്വവും ജാഗ്രതയുംഅകലവും പാലിച്ച് വീണ്ടും ജീവിച്ചു തുടങ്ങണം. മനുഷ്യന്‍ ചങ്ങലകള്‍ വെറുക്കുന്ന ജീവിയാണ്.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →