2020 സെപ്തമ്പറില്‍ വാക്സിന്‍ വരുമെന്ന് കരുതാമോ? അസാധാരണ സാഹചര്യമായതുകൊണ്ട് 12-18 മാസത്തിനുള്ളില്‍ എത്തുമെന്ന് പ്രവചിക്കുന്ന കോവിഡ് വാക്‌സിന്‍ ഇത്ര പെട്ടെന്ന് എത്തുമോ? സാധ്യമാണ് എന്നാണ് വാര്‍ത്ത. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ നിര്‍മ്മിതാക്കളുമാണ് ഈ ദൗത്യത്തിന് പിന്നില്‍. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ടീമാണ് ChAdOX1 vaccine എന്ന പേരിട്ട വാക്‌സിന്‍ കണ്ടെത്തിയത്. 2020 സെപ്തമ്പര്‍ ആകുമ്പോഴേക്കും അതിന്റെ കോടിക്കണക്കിന് യൂണിറ്റുകള്‍ ഇന്ത്യയിലെ പൂനൈ സീറം ഇന്‍സ്റ്റിട്യൂട്ട് നിര്‍മ്മിക്കും. വാക്സിന്റെ 4 കോടി യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും അത് വിജയിക്കും എന്നുമുള്ള പ്രതീക്ഷയില്‍ ഒരു മുഴം മുന്‍കൂട്ടി എറിയുകയാണ്. പരാജയപെട്ടാല്‍ സാമ്പത്തിക നഷ്ടം സഹിക്കാന്‍ സീറം ഇന്‍സ്റ്റിട്യൂട്ട് തയ്യാറാണ്. It is a risk worth taking!
ശരിക്കും ഇതൊരു ചൂതാട്ടമാണ്. ഓക്‌സ്‌ഫോഡ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാകാന്‍ കാത്തിരുന്നാല്‍, അഥവാ വാക്സിന് അംഗീകാരം ലഭിക്കുകയാണെങ്കില്‍, സെപ്തമ്പറില്‍ വാക്സിന്‍ പുറത്തിറക്കാനാവില്ല. പേറ്റന്റ് സ്വന്തമാക്കാന്‍ ശ്രമിക്കാതെ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് സീറം ഇന്‍സ്റ്റിട്യൂട്ടിന്റെ തീരുമാനം. വികസനഘട്ടത്തിലുള്ള എണ്‍പതിലധികം കാന്‍ഡിഡേറ്റ് വാക്സിനുകള്‍ WHO സൈറ്റിലുണ്ട്. ഇതിലാരാണ് ആദ്യം വിജയിക്കുക എന്നറിയില്ല. ആര് വിജയിച്ചാലും കോടിക്കണക്കിന് ആളുകള്‍ക്ക് ലഭ്യമാകത്തക്ക രീതിയില്‍ വാക്സിന്‍ ഉണ്ടാക്കാന്‍ പിന്നെയും സമയം വേണം. അവിടെയാണ് സീറം ഇന്‍സ്റ്റിട്യൂട്ട് രംഗത്തുവരുന്നത്. വന്‍തോതില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള കഴിവില്‍ ഇന്ത്യ നേടിയ മുന്‍തൂക്കം ലോകത്തിനാകെ ഗുണകരമായേക്കും.
ChAdOX1 ഒരു സംയോജിത വാക്‌സിനാണ്. സാധാരണ ജലദോഷം പരത്തുന്ന അഡനോ വൈറസിന്റെ (adenovirus) നീര്‍വീര്യമാക്കപെട്ട രൂപമാണ് ഉപയോഗിക്കുന്നത്. ചിമ്പാന്‍സികളില്‍ രോഗബാധ ഉണ്ടാക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും മനുഷ്യരില്‍ വൈറസ് ബാധ അസാധ്യമാക്കുന്ന രീതിയില്‍ ജനിതകമായി പുന:ക്രമീകരിക്കപെട്ട അഡനോ വൈറസാണ് ChAdOX1ല്‍ ഉപയോഗിക്കുന്നത്. അഡനോ വൈറസിന്റെ നിര്‍വീര്യ രൂപത്തോടൊപ്പം പുതിയ കൊറോണ വൈറസിന്റെ പ്രോട്ടീന്‍ മുള്ളുകള് (protein spikes) ഉണ്ടാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ജീനുകള്‍ സംയോജിപ്പിക്കുകയാണ് ഓക്‌സ്‌ഫോഡ് ടീം ചെയ്തിരിക്കുന്നത്. വാക്‌സിന്‍ തത്വം അനുസരിച്ച് കോവിഡ് വൈറസിന്റെ പ്രോട്ടീന്‍ മുള്ളുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധം ഒരുക്കാനും കോശങ്ങള്‍ക്കുള്ളില്‍ കടന്ന് രോഗമുണ്ടാക്കുന്നത് തടയാനുമുള്ള പരിശീലനം ശരീരത്തിന് സിദ്ധിക്കും.
ഇതിനകം 310 പേരില്‍ ChAdOX1പരീക്ഷിച്ചതില്‍ സുരക്ഷിതവും സഹനീയവുമെന്ന് കണ്ടിട്ടുണ്ട്. കയ്യില്‍ നീരുവെക്കല്‍, തലവേദന, ചെറിയ പനി തുടങ്ങിയ സാധാരണ പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ കണ്ടു എന്നല്ലാതെ മറ്റ് അപകടങ്ങളൊന്നുമില്ല. 2020 ഏപ്രില്‍ 23 ന് തുടങ്ങിയ മനുഷ്യരിലുള്ള ട്രയലില്‍ തങ്ങള്‍ക്ക് കുത്തിവെക്കുന്നത് യഥാര്‍ത്ഥ വാക്‌സിനാണോ എന്ന ഉറപ്പ് വോളണ്ടിയര്‍മാര്‍ക്ക് നല്‍കാതെയാണ് പരീക്ഷണകുത്തിവെപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. മേയ് അവസാനത്തോടെ 5000-6000 മനുഷ്യരില്‍ പരീക്ഷണം പൂര്‍ത്തിയാകും.
സുരക്ഷ(safety)-പ്രവര്‍ത്തനക്ഷമത(efficacy)- വര്‍ദ്ധിച്ച പ്രയോഗക്ഷമത (expansion) എന്നിങ്ങനെ മൂന്ന് തത്വങ്ങളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന് പിന്നിലുള്ളത്. രോഗാണുവിനെ കണ്ടെത്തി ആദ്യം എലികളിലും പിന്നീട് പ്രൈമേറ്റുകളിലും പരീക്ഷിച്ച ശേഷമാണ് മനുഷ്യരിലെത്തേണ്ടത്. കോവിഡ് വാക്‌സിന്‍ നിര്‍മ്മാണമത്സരത്തില്‍ മനുഷ്യരിലുള്ള പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്ന നാലാമത്തെ വാക്‌സിനാണ് ഓക്‌സ്‌ഫോഡ് ടീമിന്റേത്. രണ്ട് അമേരിക്കന്‍ കമ്പനികളും ഒരു ചൈനീസ് കമ്പനിയുമാണ് മുന്നിലെത്തിയ മറ്റ് രണ്ട് മത്സരാര്‍ത്ഥികള്‍. സുരക്ഷിതമെങ്കില്‍ കാര്യക്ഷമത, കൃത്യത എന്നിവയുടെ കാര്യത്തിലാവും മത്സരം. നിര്‍വീര്യമാക്കപെട്ട പുതിയ കൊറോണ വൈറസ് തന്നെയാണ് ഒരു ചൈനീസ് ടീം ഉപയോഗിക്കുന്നത്. അവരത് കുരങ്ങുകളില്‍ പരീക്ഷിച്ച് വരികയാണ്. മറ്റ് നിര്‍മ്മിതാക്കള്‍ സുരക്ഷിതത്വം(safety) തെളിയിക്കാനായി മനുഷ്യരില്‍ പരീക്ഷണം നടത്തുമ്പോള്‍ ഒക്‌സ്‌ഫോര്‍ഡ് ടീം ഈ ഘട്ടം വിജയകരമായി പിന്നിടുമെന്ന പ്രതീക്ഷ ശക്തമാണ്. പലതരം രോഗങ്ങളുമായി ബന്ധപെട്ട 12 ക്ലിനിക്കല്‍ ട്രയലുകള്‍ ChAdOX1 vaccine ഇതിനകം വിജയകരമായി പിന്നിട്ടുകഴിഞ്ഞു. സുരക്ഷിതത്വം സംബന്ധിച്ച കടമ്പ കഴിഞ്ഞാല്‍ പിന്നെ തെളിയേണ്ടത് കാര്യക്ഷമത(efficacy)യാണ്.
അമേരിക്കയിലെ മൊണ്ടാനയിലെ റോക്കി മൗണ്ടൈന്‍ ലബോറട്ടിയില്‍(NIH) കഴിഞ്ഞ മാസം ആറ് റീസസ് മക്വാകു കുരങ്ങുകളില്‍ (rhesus macaque monkeys) ഓക്‌സ്‌ഫോഡ് വാക്‌സിന്‍ കുത്തിവെച്ചു. ശേഷം അവിടെയുണ്ടായിരുന്ന മറ്റ് റീസസ് കുരങ്ങുകളോടൊപ്പം ഈ ആറെണ്ണത്തിനെയും കനത്ത തോതിലുള്ള കോവിഡ് 19 വൈറസ് ബാധയ്ക്ക് വിധേയമാക്കി. വാക്‌സിന്‍ ലഭിക്കാത്ത കുരങ്ങുകളൊക്കെ രോഗബാധിതരായി. എന്നാല്‍ കുത്തിവെപ്പ് ലഭിച്ചവ 28 ദിവസത്തിന് ശേഷവും നല്ല ആരോഗ്യം നിലനിര്‍ത്തുന്നതായി കണ്ടെത്തി. റീസസ് കുരങ്ങിലെ ഈ പരീക്ഷണവിജയം മനുഷ്യരില്‍ ആവര്‍ത്തിക്കാം എന്നാണ് ഓക്‌സ്‌ഫോര്‍ഡ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. വിജയകരമായ വാക്‌സിന്‍ കണ്ടെത്തുന്നതില്‍ 80 ശതമാനം വിജയിച്ചു എന്നാണ് ഒക്‌സഫോഡ് യൂണിവേഴ്‌സിറ്റിയിലെ വാക്‌സിനോളജി പ്രൊഫസറായി സാറ ഗില്‍ബര്‍ട്ട് (Sarah Gilbert ) പലകുറി വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാഴ്ചയ്ക്ക് ശേഷം പ്രതിമാസം 5 ദശലക്ഷം യൂണിറ്റുകള്‍ എന്ന നിരക്കിലും ആറ് മാസത്തിന് ശേഷം 10 ദശലക്ഷം യൂണിറ്റുകള്‍ എന്ന നിരക്കിലും വാക്‌സിന്‍ ഉദ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സീറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുടെ CEO അഡാര്‍ പൂനവാല(Adar Poonawalla) ഉറപ്പു തരുന്നു. ക്ലിനിക്കല്‍ ട്രയലുകള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മുന്നൊരുക്കം. അവര്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ടീമിന് സാമ്പത്തികസഹായം ചെയ്യുന്നുണ്ട്. വാക്‌സിന്‍ മാത്രമല്ല വൈറസ് വിരുദ്ധ ഔഷധങ്ങളും കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയിലെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍(FDA) ഇന്നലെ അംഗീകാരം നല്‍കിയ remdesivir ഹൈഡ്രോക്‌സി ക്ലോറോകിനെപോലെ ഒരു ആന്റി വൈറല്‍ മരുന്നാണ്. ഇത് കോവിഡ് വൈറസിനെ തടസ്സപെടുത്തുന്നു എന്നാണ് വൈറ്റ് ഹൗസ് ഇമ്മ്യൂണളോജിസ്ര്‌റായ ഡോ ആന്‍ഥോണി ഫൗച്ചി പ്രഖ്യാപിച്ചത്. remdesivir ഉപയോഗിച്ച രോഗികളില്‍ രോഗശമനകാലഘട്ടം 15 ദിവസത്തില്‍നിന്ന് 11 ആയി കുറഞ്ഞു. മരണനിരക്ക് 11 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കാന്‍ ഈ ഔഷധത്തിന് കഴിയുന്നതായും കണ്ടത്തി. ഹൈഡ്രോക്‌സി ക്ലോറോകിനിനെപോലെ തന്നെ ട്രമ്പ് പുകഴ്ത്തിയിരുന്ന മരുന്നാണ് remdesivir.
…പ്രതീക്ഷകള്‍ ഉണ്ടായിരിക്കണം.