ജനാധിപത്യം വിജയിച്ചു എന്നവകാശപ്പെടുമ്പോൾ ഇക്കോണമി പരാജയപ്പെടുന്നു എന്ന് മനസിലാക്കുക; ഹരിദാസൻ പി ബി എഴുതുന്നു


“ഇതൊക്കെ പറയാമോ, വൻകിടകളും കുത്തകകളും വിരാജിക്കുന്ന മേഖലയല്ലേയിത്, ഞാനിതു പറഞ്ഞാൽ എൻ്റെ Liberal hat ൽ അഴുക്കുപുരളും, ബുദ്ധിജീവി കുപ്പായത്തിന് മങ്ങലേൽക്കും, കോർപറേറ്റുകൾക്ക് അനുകൂലമായി സംസാരിക്കുന്നതെങ്ങനെ എന്നൊക്കെ ഭയന്ന് പമ്മി ഇരിക്കുമ്പോൾ നിങ്ങളൊരു Rationalist അല്ല. നിങ്ങളൊരു pseudo Rationalist മാത്രമാകുന്നു. ഈ ബില്ലിനെ അനുകൂലിച്ചു പറയണം എന്നല്ല. എതിർക്കുന്നുണ്ടെങ്കിൽ എന്തൊക്കെ കാരണങ്ങൾ കൊണ്ട് അനുകൂലിക്കുന്നില്ല എന്ന് വാചാടോപങ്ങളിൽ ഒളിക്കാതെ പറയാൻ ബാധ്യസ്ഥരാണ്.” – ഹരിദാസൻ പി ബി എഴുതുന്നു
കാർഷിക ബിൽ പിൻവലിക്കൽ – ചില നിരീക്ഷണങ്ങൾ

പ്രധാനമന്ത്രി കാർഷിക ബിൽ 2020 പിൻവലിച്ച വാർത്ത വന്നതോടുകൂടി എപ്പോഴത്തെയും പോലെ Platitude കളുടെ, ചര്‍വിതചര്‍വണങ്ങളുടെ, ഒരു മലവെള്ള പാച്ചിലാണ് നടക്കുന്നത്. കർഷകരുടെ വിജയം, കർഷകരുടെ ശത്രുക്കൾ, ഭരണകൂടത്തെ മുട്ടുകുത്തിച്ചു, കർഷക പ്രക്ഷോഭത്തിൻ്റെ ഉജ്വല വിജയം, പിന്നെ ഒഴിച്ചുകൂടാനാവാത്തതുപോലെ കോർപറേറ്റുകൾ, കാർഷിക മേഖലയിലെ കോർപറേറ്റുകളുടെ നിയന്ത്രണത്തിനേറ്റ പ്രഹരം, കുത്തകകളുടെ വില നിയന്ത്രണം, കുത്തകകളുടെ കരാർ കൃഷി, എന്നിങ്ങനെ ഗ്രൗണ്ട് ലെവലിൽ കാര്യങ്ങൾ കാണാത്തവരുടെ വിജയാഘോഴമാണ്‌ നടക്കുന്നത്. മഹാനുഭാവന്മാരെ… കാര്യങ്ങളെ ഗ്രൗണ്ട് ലെവലിൽ നിന്ന്, കർഷകരുടെ യഥാർത്ഥ ദൈനംദിന അവസ്ഥയെ, രാജ്യത്തിൻറെ ആകപ്പാടെയുള്ള ഗുണ ദൂഷ്യ വശങ്ങളിൽ കണ്ട് വിലയിരുത്തുക. ആശയലോകത്തിൽ അഭിരമിച്ചുകൊണ്ട് എന്റെ ആശയം വിജയിച്ചു എന്നൊക്കെയുള്ള ചെസ്റ്റ് തമ്പിങ്ങിൽ വലിയ കാര്യമില്ല.

ഓരോ മണ്ടികളെയും ചുറ്റി, അതിലൂടെ കർഷകരെ വരിഞ്ഞുമുറുക്കി, ഒരു ചൂഷക വ്യവസ്ഥ ആണ് കാർഷിക മേഖലയിൽ നിലനിൽക്കുന്നതെന്നും ഇതിൽ നിന്നൊക്കെ കർഷകരെ മോചിപ്പിക്കേണ്ടതുണ്ടെന്നും നമ്മുടെ പല നല്ലവരായ രാഷ്ട്രീയ നേതൃത്വം, എല്ലാ പാർട്ടികളിലെയും രാഷ്ട്രീയ നേതൃത്വം, പല കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന, കാർഷിക പരിഷ്കരണമായിരുന്നു കാർഷിക ബിൽ 2020. An idea whose time has come, ഇനി ഇത് നീട്ടിവെക്കപ്പെടരുത് എന്ന നിലക്കാണ് കാർഷിക നിയമം പാസ്സാക്കപ്പെട്ടത്. അത് കൊണ്ടുവന്നത് ഒരു നരേന്ദ്ര മോഡിയായിരിക്കാം. പക്ഷെ ഇങ്ങനെയൊന്ന് ആവശ്യമുണ്ടെന്നത് എല്ലാ പ്രധാന രാഷ്ട്രീയ നേതൃത്വവും , കർഷകരുടെ ഇടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകനും, വർഷങ്ങളായി ആഗ്രഹിക്കുന്നതാണ്. പല രീതിയിൽ അവരവരുടേതായ വിലയിരുത്തലുകളിൽ അവർ സംസാരിച്ചതാണ്. നടപ്പാക്കേണ്ട nitty-gritty കളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കാം. പക്ഷെ മിക്കവരും ആഗ്രഹിച്ചതാണ് ഇത്തരം ഒരു ബിൽ. ബിൽ പാസ്സായതിനുശേഷം പൊളിറ്റിക്കൽ എക്സിജെൻസി കാരണം അതിനെതിരെ സംസാരിച്ചിരിക്കാം. പക്ഷെ മണ്ഡി വ്യവസ്ഥിയിൽ കാര്യങ്ങൾ മുരടിച്ചു മന്ദീഭവിച്ചു് ചൂഷണ മാഫിയ നിയന്ത്രണങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് മണ്ഡികളിൽ ഒരു കാലെങ്കിലും വെച്ചിട്ടുള്ള എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ആ ചൂഷണ വ്യവസ്ഥയുടെ വ്യാപ്‌തി കണ്ടറിയാത്ത മീഡിയകളിലെ എയർ കണ്ടീഷൻ അഭിപ്രായങ്ങളാണ് പത്രമാധ്യമങ്ങളിലൂടെ പ്രാമുഖ്യം നേടിയിരിക്കുന്നത്. അതൊക്കെയാണ് മുകളിൽ പറഞ്ഞ ഡയറിയ (Diarrhoea) കളിൽ കാണുന്നത്.

ആവർത്തിക്കട്ടെ ഈ ബിൽ പാസ്സാക്കപ്പെട്ടത് “an idea whose time has come” ഇനി ഇത്തരം അവസ്ഥ നീട്ടിവെച്ചുകൂടാ, നിലനിന്നുകൂടാ എന്ന തലത്തിലാണ്. അതുകൊണ്ട് എന്താണ് പ്രായോഗികമായി ഇനി നടക്കാൻ പോകുന്നത് എന്ന് നോക്കാം. ഒളിഞ്ഞും തെളിഞ്ഞും ഇതിൻറെ പല വകഭേദങ്ങളും പല പേരുകളിൽ കോൺഗ്രസ് അല്ലെങ്കിൽ ശിവസേന ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വരെ നടപ്പാക്കപ്പെടും. ഇപ്പോൾ തന്നെ ആമസോൺകാരനും FlipKart കാരനും Jio Mart കാരനും പിന്നെ പല പുതിയ Start Up കളും B2B, B2C എന്ന നിലക്ക് കർഷകരുമായി പല നിലക്കും കുഴമറിച്ചിൽ (Entrenchment), നടന്നു കഴിഞ്ഞു. ഇപ്പോൾ തന്നെ കർഷകർ ഇത്തരം മാര്യേജ്കളുടെ ഗുണഭോക്താക്കളാണ്. ഈ ബിൽ വന്നതിനിശേഷമോ അതുകൊണ്ടോ അല്ല. ടെക്‌നോളജിയുടെയും കർഷകരുടെയും കൂടിച്ചേരലുകൾ നടന്നത് കാരണം. അതൊരു scale, ഒരു വൻവളർച്ച ഉണ്ടാകാത്തത് വലിയ മുതൽമുടക്ക് വരാത്തതുകൊണ്ട് മാത്രമാണ്. മുതൽ മുടക്ക് വരാത്തത് നിയമപരമായ അടിത്തറ വരാത്തതുകൊണ്ടാണ്. അതാണ് ഈ ബിൽ. ഇക്കാര്യം കൂടുതലായി അറിയാൻ ഈ മേഖലയിൽ പുതിയതായി വന്ന Start up കൾ ഏതൊക്കെ അവരെന്തൊക്കെ ചെയ്യുന്നു, ശ്രമിക്കുന്നു എന്ന് അറിയുക. (സ്റ്റാർട്ട് അപ്പ് എന്ന് കേട്ടാൽ ഉടനെ കമ്പ്യൂട്ടർ സ്റ്റാർട്ട് അപ്പ് മാത്രം മനസ്സിൽ കാണരുത്). കർഷകരെയും ചെറുകിട കച്ചവടക്കാരെയും ഇണക്കുന്ന സ്റ്റാർട്ട് അപ്പ്കളും പ്രവർത്തിക്കുന്നുണ്ട്. ഹോം ഡെലിവറി നടത്തുന്ന സ്റ്റാർട്ട് അപ്പ്കളും വൻ കിടകളുമായി മത്സരിച്ചു് വിജയം നേടുന്നുണ്ട്. ഇവരുടെയൊക്കെ ഇപ്പോഴത്തെ കടമ്പ ഒരു നിയമ അടിത്തറ താങ്ങായി ഇല്ലാത്തതും കൂടിയാണ്. ഈ ബിൽ അതിന് ഉതകുമായിരുന്നു. ചില Dr. പട്ടം പേറുന്നവർ പറയുന്ന അദാനി, ആപ്പിൾ വില ആറു രൂപയാക്കി മുതലായ ഗിബ്ബറിഷുകളിൽ നിന്ന് വെളിയിൽ വന്ന് കാര്യങ്ങളെ കാണുക.

ഒരു പൊളിറ്റിക്കൽ നേതൃത്വത്തിനും ഇനി മേല്പറഞ്ഞ കർഷകരും സ്റ്റാർട്ട് അപ്പ് കളും കമ്പനികളുമൊക്കെയായി നടന്ന ഉറച്ചുകഴിഞ്ഞ ഇടപെടലുകളിൽ കർഷകരുമായി പിണങ്ങാൻ ആവില്ല. ഇത് ദിവസം തോറും കൂടുകയേ ഉള്ളു. അവസാനം ഈ ബില്ലിൽ ഉദ്ദേശിച്ചിരുന്ന പലകാര്യങ്ങളും പതിയെ പതിയെ പ്രാവർത്തികമാകും. മണ്ടികളുടെ അപ്രമാദിത്വവും പതിയെ പതിയെ കുറയും. നിങ്ങളുടെ ചെസ്റ്റ് തംബിങ്ങിൽ വലിയ കാര്യമില്ല. വാചാടോപങ്ങളിൽ ആത്മരതി നടത്തി ചിന്തിക്കരുത്. കർഷകന്റെ ജീവിതനിലയിൽ ഡേ ടു ഡേ അവസ്ഥ മനസ്സിൽ കണ്ട് ചിന്തിക്കുക.

ഇവിടെ ഈ ബില്ലിന് അനുകൂലമായി ഡിസംബർ 2020-ലെ എൻ്റെ ഒരു യൂട്യൂബ് പ്രെസെന്റേഷനിൽ, കർഷക സമരത്തെ കുറിച്ച് ഞാൻ പറഞ്ഞത് ഏകദേശം ഇങ്ങനെയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹരമായ ഒരു ഡാൻസ് ആയി ഞാൻ ഈ സമരത്തെ കാണുന്നു. ഈ സമരം വിജയിച്ചാൽ ഇന്ത്യൻ ജനാധിപത്യമാണ് വിജയിക്കുന്നത്. പക്ഷെ ഇന്ത്യൻ എക്കണോമി ആണ് പരാജയപ്പെടുന്നത്. ഇന്ത്യയുടെ റൂറൽ മേഖലയിൽ ഉണ്ടാകാൻ പോകുന്ന ധാരാളം തൊഴിൽ അവസരങ്ങളാണ് യുവാക്കൾക്ക് ഇല്ലാതാക്കപ്പെടുക. വൻകിട കമ്പനികൾ കോൾഡ് സ്റ്റോറേജുകളായും അഗ്രോ ഇൻഡസ്ട്രികളിലും ധാരാളം നിക്ഷേപങ്ങൾ നടത്തും കോൾഡ് സ്റ്റോറേജുകൾ ഘടിപ്പിച്ച ട്രക്ക്കൾ രാജ്യത്തിൻറെ തലങ്ങും വിലങ്ങും ഓടിത്തുടങ്ങും. ഇന്ത്യ ഒരു വലിയ അഗ്രോ എക്സ്പോർട്ട് രാജ്യമായി വളരാൻ ഇത് സഹായിക്കും. ഇപ്പോൾ യഥാസമയം സംസ്കരിക്കപ്പെടാതെ ഏകദേശം 30 ശതമാനത്തോളം അഗ്രോ ഉത്പന്നങ്ങളാണ് പാഴായി പോയിക്കൊണ്ടിരിക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു. ഇതൊക്കെയാണ് ഈ ബില്ലിലൂടെ പരിഹരിക്കപ്പെടാൻ പോകുന്നത് എന്നിങ്ങനെ ഞാൻ ആ അവതരണത്തിൽ പറയുകയുണ്ടായി. അതെ. സമരം വിജയിച്ചു. ഇന്ത്യൻ ജനാധിപത്യം വിജയിച്ചു. പ്രത്യേകിച്ച് ഇത്രയും വലിയൊരു സമരം ഇത്രയും കാലം നീണ്ടുനിന്നൊരു സാമാന്യേന സമാധാനപരമായി നടക്കപെട്ട ഒരു സമരം ലോകത്ത് വേറെ എവിടെയെങ്കിലും നടക്കുമോ എന്നത് സംശയമാണ്. അതെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റേതാണ്. പക്ഷെ എന്തുചെയ്യാം പലപ്പോഴും good politics, Good economic മായി ചേർന്നുപോകില്ല. അഥവാ political exigencies edge out Good Economics.

പക്ഷെ ഇതൊരു പാൻ ഇന്ത്യ കർഷക സമരമാണെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. പഞ്ചാബിലെയും വെസ്റ്റേൺ ഉത്തർപ്രാദേശിലെയും കുറെ കർഷകർ ഇന്ത്യയിലെ വലിയൊരു കർഷക സമൂഹത്തിന് മേൽ നടപ്പാക്കിയെടുത്ത ഒരു വിജയമായി മാത്രമെ ഇതിനെ കാണുന്നുള്ളൂ. മണ്ഡി ദാദാക്കളോട് പൊറുതിമുട്ടിയിരിക്കുന്ന കർണാടകയിലെയും മഹാരാഷ്ട്രയിലെയും ഗുജ്‌റാത്തിലേയുമൊക്കെ കർഷകർ ഈ നിയമം പിൻവലിച്ചതിനോട് അനുകൂലമാണോ എന്നത് വേറെതന്നെ വിലയിരുത്തപ്പെടേണ്ടതാണ്. ആ അർത്ഥത്തിൽ ഇത് ജനാധിപത്യ പ്രക്രിയയിലെ ഒരു എലിഫന്റൈൻ കുറവുകൂടിയാണ്. സംഘടനാശക്തിയുള്ള കുറെ സംഘങ്ങൾ ചേർന്ന് പാർലിമെന്റ് പാസ്സാക്കിയെടുത്ത ഒരു നിയമത്തെ പരാജയപ്പെടുത്തുക എന്നനിലയിൽ കൂടി ഇതിനെ കാണേണ്ടിയിരിക്കുന്നു. ഫലം നേരത്തെ പറഞ്ഞതുപോലെ പല സംസ്ഥാനങ്ങളിലും പല വകഭേദഗങ്ങളോടെ ഈ ബില്ലിൽ വിവക്ഷിക്കുന്ന ലക്ഷ്യങ്ങൾ കുറേശ്ശെയായി നിലവിൽ വരും. എന്നിരുന്നാലും ഈ മേഖലയിലേക്ക് വരേണ്ട വൻ മുതൽമുടക്കുകളും ലോക മാർക്കറ്റിലെ ഒരു അഗ്രി എക്സ്പോർട്ട് വളരാനുമുള്ള ഇന്ത്യയുടെ ഒരു സന്ദർഭം നഷ്ടപ്പെടുന്നു.

ഈ ബില്ലിൻറെ പിൻവലിക്കലിന് ഇടവരുത്തിയത് കർഷക പ്രക്ഷോഭത്തിന്റെ വലിപ്പമല്ല. അതിൻ്റെ നാൾവഴികൾ തീരുമാനിക്കപ്പെട്ടത് മാസം മുൻപ് അമരീന്ദർ സിംഗിന്റെ അമിത്ഷായുമായുള്ള മണിക്കൂറുകൾ നീണ്ടുനിന്ന വൺ ടു വൺ മീറ്റിംഗിൽ വെച്ചായിരിക്കണം. പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, എ എ പി മുന്നേറ്റത്തിന് മുൻപിൽ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബി ജെ പി ക്ക് ഇതോടുകൂടി ഒരു അവസരം കൈവരുകയാണ്. വെസ്റ്റേൺ ഉത്തർപ്രദേശിലെ കുറെ സീറ്റുകളും അത്യാവശ്യമായി ഭവിക്കുന്നു. ഇതായിരിക്കണം ബിൽ പിൻവലിക്കാനുള്ള പ്രധാന കാരണം. അതും കർഷകരുടെ സമരത്തിന്റെ വിജയമല്ലേ എന്നു ചോദിച്ചാൽ അങ്ങനെയും പറയാം എന്നുത്തരം. ഇതിനെയാണ് മുകളിൽ political exigency എന്ന് പ്രയോഗിച്ചത്. യുദ്ധം ജയിക്കലാണ് ആശയങ്ങളിൽ തൂങ്ങി കിടക്കുന്നതിനേക്കാൾ അഭികാമ്യം എന്ന് ബി ജെ പി ചിന്തിച്ചുകാണും. ഈ തീരുമാനത്തോടുകൂടി പഞ്ചാബിലെ തിരഞ്ഞെടുപ്പുരംഗം എ എ പി യും കോൺഗ്രസും തമ്മിൽ എന്ന നിലയിൽ നിന്ന് അമരീന്ദർ സിംഗിനെ വീണ്ടും മുഖ്യമന്ത്രിയായി ഉയർത്തികാണിച്ചുകൊണ്ട് അമരീന്ദർ ബി ജെ പി vs എ എ പി എന്ന ഇക്യുവേഷനിലേക്ക് കാര്യങ്ങൾ മാറും. നഷ്ടം ചഞ്ചലചിത്തനായ നവജ്യോത് സിംഗ് സിദ്ധു നയിക്കുന്ന കോൺഗ്രസിന്.

ഇവിടെ ശ്രീ രവിചന്ദ്രൻ സി ക്ക് അദ്ദേഹം അർഹിക്കുന്ന ഒരു ബഹുമാനം കൊടുക്കാതെ പോകുന്നത് ശരിയല്ല. പ്രധാനമന്ത്രി ഈ നിയമം പിൻവലിച്ചതിന്റെ പ്രഖ്യാപനം വന്നതിന്റെ രണ്ടാം മണിക്കൂറിൽ അദ്ദേഹം അദ്ദേഹത്തിൻ്റെ മനോഹരമായ വിശ്ലേഷണം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അയ്യോ ഞാനിത് എങ്ങനെ എഴുതും എൻ്റെ ഇമേജ്‌ എന്താവും മുൻ പറഞ്ഞതിന് വിപരീതമായി പോകുമോ മുതലായ ബുദ്ധിജീവി വെപ്രാളങ്ങളൊന്നും ഇല്ല. മണിക്കൂറുകൾക്കുള്ളിൽ പറയാനുള്ളത് വ്യക്തമായി ക്ലിയർ ആയി പറഞ്ഞുകഴിഞ്ഞു. He writes and talks profusely, unreservedly. No inhibitions. എന്താണ് ആ കഴിവിന് പുറകിൽ, അൺ ബയസ്സായി, തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കാതെ, പറയാനുള്ളത് പറയുക. ഒരു pretended ഇമേജിന് പുറകിൽ ഒളിക്കാതിരിക്കുമ്പോൾ മാത്രമേ അതിന് കഴിയുകയുള്ളു. He deserves his due.

മഹാനുഭാവന്മാരെ, ദൈവമില്ല എന്ന് ഉറക്കെ പുരപ്പുറത്തുനിന്ന് പറഞ്ഞതുകൊണ്ടോ ഞാൻ ഒരു Atheist ആണെന്ന് എഴുതിയും കൊട്ടി അറിയിച്ചും നടന്നതുകൊണ്ടോ, മതങ്ങളെ വിമർശിച്ചതുകൊണ്ടോ നിങ്ങളൊരു Rationalist, യുക്തിവാദി, ആകുന്നില്ല. ഇതൊക്കെ പറയാമോ വൻകിടകളും കുത്തകകളും വിരാജിക്കുന്ന മേഖലയല്ലേയിത്, ഞാനിതു പറഞ്ഞാൽ എൻ്റെ Liberal hat ൽ അഴുക്കുപുരളും, ബുദ്ധിജീവി കുപ്പായത്തിന് മങ്ങലേൽക്കും, കോർപറേറ്റുകൾക്ക് അനുകൂലമായി സംസാരിക്കുന്നതെങ്ങനെ എന്നൊക്കെ ഭയന്ന് പമ്മി ഇരിക്കുമ്പോൾ നിങ്ങളൊരു Rationalist അല്ല. നിങ്ങളൊരു pseudo Rationalist മാത്രമാകുന്നു. ഈ ബില്ലിനെ അനുകൂലിച്ചു പറയണം എന്നല്ല. എതിർക്കുന്നുണ്ടെങ്കിൽ എന്തൊക്കെ കാരണങ്ങൾ കൊണ്ട് അനുകൂലിക്കുന്നില്ല എന്ന് വാചാടോപങ്ങളിൽ ഒളിക്കാതെ പറയാൻ ബാധ്യസ്ഥരാണ്. എന്നുവെച്ചാൽ, പലരും ചെയ്യുന്നതെന്തെന്നു വെച്ചാൽ, ചില ഫോർമുല വാചകങ്ങൾ, പെപ്സിക്കോയുടെ ഉരുളക്കിഴങ്ങു, ആപ്പിൾ വില ആറു രൂപ, വെളുത്തുള്ളി വില, കോർപറേറ്റുകൾക്കുള്ള കീഴടങ്ങൽ, ഫാഷിസ്റ്റു പ്രവണത എന്നൊക്കെയുള്ള സ്റ്റാൻഡേർഡ് വെയർ എടുത്ത് കാച്ചി പ്രയോഗിച്ചു് ഞാനും ഈ ബില്ലിനോടുള്ള എതിർപ്പ് രേഖപ്പെടുത്തി ഞാനും കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു എന്നൊക്കെ പ്രഖ്യാപിച്ചു് തൻ്റെ കുപ്പായവും കാണിച്ചു് ഉറപ്പിക്കുന്നു. അതുപോര സാറന്മാരെ, വാചോടോപങ്ങൾ എല്ലാവർക്കും മനസ്സിലാകും. നിങ്ങളൊരു കൈവിറക്കുന്ന റാഷണലിസ്റ്റ് മാത്രമാകുന്നു. കേരളത്തിലെ റാഷണലിസ്റ്റ് കളുടെ വലിയൊരു പട ഇത്തരം കൈവിറ റാഷണലിസ്റ്റുകളാകുന്നു. അവരെ കുറ്റപ്പെടുത്തുന്നില്ല. സോവിയറ്റ്, സോഷ്യലിസ്റ്റ്, ‘ഞാൻ പാവപ്പെട്ടവരുടെ കൂടെയാണ്’ അങ്ങനെയുള്ളവർ ‘കോർപറേറ്റുകൾക്കനുകൂലമായിക്കൂടാ’ മുതലായ കളക്റ്റീവ് മാനസികാവസ്ഥയിൽ നിന്ന്, കുക്കൂണിൽ നിന്ന് വെളിയിൽ വരാനുള്ള ഒരു ചെറിയ ഭീതിയാണത്. Allow it, tease it, laugh at it, and bye-pass it.

Loading


Leave a Reply

Your email address will not be published. Required fields are marked *