ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“ഹംഗര്‍ ഇന്‍ഡക്‌സ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത് പട്ടിണി എന്നതിനേക്കാള്‍ ഉപരി malnutrition അഥവാ പോഷകാഹാരക്കുറവ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ്. റേഷന്‍കട വഴി വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും മാത്രം പട്ടിണിയില്ലാതെ മൂന്ന് നേരം വച്ചു കഴിച്ചാലും ശരാശരി മനുഷ്യര്‍ പോഷകാഹാരക്കുറവുള്ളവര്‍ ആയിരിക്കും. ഇത് ഒരൊറ്റ പ്രശ്‌നത്തിന്റെ ഫലമല്ല. സാക്ഷരതാ നിലവാരം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം തുടങ്ങി ഒരുപാട് കാരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് malnutrition ഉണ്ടാവുന്നത്. ഈ ഓരോ കാരണങ്ങളും പരിഹരിക്കാത്തയിടത്തോളം, ഒരു ഇന്ത്യക്കാരന്‍ പോലും പട്ടിണി കിടക്കുന്നില്ലെങ്കിലും നാം ഹങ്കര്‍ ഇന്‍ഡക്‌സില്‍ പിന്നിലായിരിക്കും.” – രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
ആഗോള പട്ടിണി സൂചികയും ഇന്ത്യയും

ആഗോള പട്ടിണി സൂചികയില്‍ (Global hunger index) 116 രാജ്യങ്ങളില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം എന്നത് 2021-ല്‍ വന്ന ഒരു വാര്‍ത്തയായിരുന്നു. 2022 ആയപ്പോഴേക്കും 107 ആയി ഇന്ത്യയുടെ സ്ഥാനം. ഈ വാര്‍ത്തയുടെ തലക്കെട്ട് വായിച്ചു ധാരാളം പേര്‍ ഇന്ത്യയില്‍ മനുഷ്യര്‍ ഭയങ്കരമായ പട്ടിണി അനുഭവിക്കുകയാണ് എന്ന് ധരിച്ചു വച്ചിട്ടുണ്ട്. 2020-ല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, അരി, ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന 38,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (FCI) ഗോഡൗണുകളില്‍ കിടന്നു നശിച്ചതായി ഇന്ത്യയുടെ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം വെളിപ്പെടുത്തി.പൊതുജനത്തിന് വിതരണം ചെയ്യേണ്ട അളവിനേക്കാള്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ഉള്ള സ്റ്റോക്ക് ഇന്ത്യയുടെ പക്കല്‍ ഉണ്ട് എന്ന് മാത്രമല്ല അത് പല സ്‌കീമുകളിലൂടെ (Antyodaya anna yojana, Priority households) വിതരണം ചെയ്യപ്പെടുന്നുണ്ട്. പിന്നെ ആധാര്‍ കാര്‍ഡ് ഇല്ല തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത ചില അവസ്ഥകള്‍ ഉണ്ട് എന്നത് പരിഹരിക്കേണ്ടുന്ന ഒരു അഡ്മിസ്നിസ്‌ട്രേഷന്‍ പ്രശ്നം ആണ്. യഥാര്‍ത്ഥത്തില്‍ ‘hunger index’ എന്നതിനേക്കാള്‍ ‘malnutrition index’ എന്ന വാക്കാണ് ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇണങ്ങുക. ആഗോള പട്ടിണി സൂചിക കണക്കാക്കുന്നത് ജനസംഖ്യയുടെ മൊത്തത്തിലുള്ള പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ച മുരടിപ്പ്, പാഴാക്കല്‍, ശിശുമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ്.

പ്രശ്‌നം പോഷകാഹാരക്കുറവാണ്

ഹംഗര്‍ ഇന്‍ഡക്‌സ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത് പട്ടിണി എന്നതിനേക്കാള്‍ ഉപരി malnutrition അഥവാ പോഷകാഹാരക്കുറവ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ്. റേഷന്‍കട വഴി വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും മാത്രം പട്ടിണിയില്ലാതെ മൂന്ന് നേരം വച്ചു കഴിച്ചാലും ശരാശരി മനുഷ്യര്‍ പോഷകാഹാരക്കുറവുള്ളവര്‍ ആയിരിക്കും. ഇത്് ഒരൊറ്റ പ്രശ്‌നത്തിന്റെ ഫലമല്ല. സാക്ഷരതാ നിലവാരം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം തുടങ്ങി ഒരുപാട് കാരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് malnutrition ഉണ്ടാവുന്നത്. ഈ ഓരോ കാരണങ്ങളും പരിഹരിക്കാത്തയിടത്തോളം ഒരു ഇന്ത്യക്കാരന്‍ പോലും പട്ടിണി കിടക്കുന്നില്ലെങ്കിലും നാം ഹങ്കര്‍ ഇന്‍ഡക്‌സില്‍ പിന്നിലായിരിക്കും.

ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം വളര്‍ച്ച മുരടിച്ചവരും 32.1 ശതമാനം പേര്‍ ഭാരക്കുറവുള്ളവരുമാണ് എന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ 5-ല്‍ (NFHS-5, 2019-2021) പറയുന്നു. ഒരു വ്യക്തിയുടെ ആദ്യ 1000 ദിവസങ്ങള്‍, അതായത് ഗര്‍ഭം ധരിച്ച ദിവസം മുതല്‍ കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതുവരെയുള്ള സമയമാണ് ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിന് നിര്‍ണായകമായത്. പോഷകാഹാരക്കുറവുള്ള അമ്മമാര്‍ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. പൊതുവെ ദാരിദ്ര്യം, അസമത്വം, ഭക്ഷ്യക്ഷാമം തുടങ്ങിയ കാര്യങ്ങള്‍ ആണ് പോഷകാഹാരക്കുറവിന്റെ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നതെങ്കിലും ഇന്ത്യയോട് സമാനമായ ചരിത്രപരവും സാമൂഹികപരമായ അവസ്ഥയും പ്രതിശീര്‍ഷ വരുമാനവുമുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, നമ്മുടെ അയല്‍ക്കാര്‍ ആഗോള പട്ടിണി സൂചിക റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്.

പാലിന് പകരം മത്തി

ഇന്ത്യക്കാര്‍ കൂടുതല്‍ സമ്പന്നരാകുമ്പോഴും ആളോഹരി കലോറി ഉപഭോഗം കുറയുന്നു. വ്യായാമത്തിന്റെ അളവ് കുറയുന്നത് ഈ ഇടിവിന് ഒരു കാരണമാകാം എന്ന് വിശദീകരിക്കുന്ന ഒരു പഠനം 2009-ല്‍ പുറത്തു വന്നത് ഇടതുപക്ഷ ചായ്‌വുള്ള നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് അലോസരമുണ്ടാക്കി. എന്തെന്നാല്‍ കൂടുതല്‍ പണമുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ കലോറി ഉപഭോഗം ചെയ്യുമെന്ന ഇടതുപക്ഷ ആഖ്യാനത്തിന് തിരിച്ചടിയായിരുന്നു ഈ പഠനം. അരിക്കും ഗോതമ്പിനും സബ്സിഡി ഉണ്ട് എന്നത് കൊണ്ട് supply vs demand എന്ന പൊതു സാമ്പത്തിക തത്വം അട്ടിമറിച്ചു കൊണ്ട് ഇവ ആവശ്യം ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും പച്ചക്കറികളും പഴങ്ങളും കുറഞ്ഞ തോതില്‍ കൃഷി ചെയ്യുകയും ചെയ്യുന്നു. അത് അരിയും ഗോതമ്പിനെയും അപേക്ഷിച്ച് പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ചെലവേറിയതാക്കുന്നു.

ഇന്ത്യക്കാര്‍ കൂടുതല്‍ സമ്പന്നരാകുമ്പോള്‍, അവര്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നു. പക്ഷേ അവര്‍ ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഡെയറിയും കൊഴുപ്പും പഞ്ചസാരയും കഴിക്കാന്‍ തുടങ്ങുന്നു. അതേ സമയം, സമ്പന്നരായ അഞ്ച് ശതമാനം ആളുകള്‍ക്കിടയില്‍ പയറുവര്‍ഗങ്ങളുടെ ഉപഭോഗം ഗണ്യമായി ഉയരുന്നില്ല, മാംസത്തിന്റെ ഉപഭോഗം ഇപ്പോഴും ശുപാര്‍ശ ചെയ്യുന്ന ശരാശരിയേക്കാള്‍ പിന്നിലാണ്. ധനികരായ ഇന്ത്യക്കാര്‍ പോലും ശുപാര്‍ശ ചെയ്യുന്നതിലും കുറവ് പ്രോട്ടീന്‍ കഴിക്കുന്നു. പകരം, വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ജങ്ക് ഫുഡിന്റെ ഉപഭോഗം കുതിച്ചുയരുന്നു. ചുവന്ന രക്താണുക്കളുടെയും ഡിഎന്‍എയുടെയും രൂപീകരണത്തിന് Vitamin B12 ആവശ്യമാണ്. തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും പ്രവര്‍ത്തനത്തിലും വികാസത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 200 മില്ലി ലിറ്റര്‍ പാലില്‍ 0.62-0.96mcg (micrograms per litre) Vitamin B12 ആണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ 100 ഗ്രാം മത്തി മത്സ്യത്തില്‍ 8.94mcg Vitamin B12 അടങ്ങിയിട്ടുണ്ട്. അതായത് കയ്യില്‍ പണം ഉണ്ടെങ്കിലും പോഷകാഹാരം വാങ്ങിച്ചു കഴിക്കണമെന്നോ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കണം എന്നോ ഉള്ള അറിവ് രക്ഷകര്‍ത്താക്കള്‍ക്ക് ഇല്ലാത്തത് ഒരു പ്രധാന പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് നിരന്തരം ആയിട്ടുള്ള ബോധവല്‍ക്കരണത്തിലൂടെയാണ്.

ശുചിത്വവും കുടിവെള്ളവും

ശുചിത്വത്തിന്റെയും ശുദ്ധമായ കുടിവെള്ളത്തിന്റെയും അഭാവമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന പോഷകാഹാരക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇത് ഭക്ഷണത്തിലെ പോഷകങ്ങള്‍ നന്നായി ഉപയോഗിക്കുന്നതില്‍ നിന്ന് ശരീരത്തെ തടയുന്ന തരത്തിലുള്ള വിട്ടുമാറാത്ത കുടല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലെ ചേരികളിലെയും മിക്ക കുട്ടികള്‍ക്കും ശുചിത്വത്തോടെ നടക്കാന്‍ ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ പലപ്പോഴും ലഭ്യമല്ല. 2019 ഒക്ടോബറില്‍ ഇന്ത്യ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജന വിമുക്തമായതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറക്കിയ National family health survey, NFHS5 റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ അഞ്ചിലൊന്ന് വീടുകളില്‍ ഉള്ളവര്‍ പുറത്തു തുറസ്സായ പ്രദേശങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നു.

ഇന്ത്യയിലെ ഏറ്റവും പോഷകാഹാരക്കുറവുള്ള ജില്ലകളില്‍ ഒന്നാണ് രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ല. ഇവിടെ 80 ശതമാനത്തോളം ആളുകളും തുറസ്സായ സ്ഥലത്താണ് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്. ധോല്‍പൂരിലെ സഖ്വാര ഗ്രാമത്തില്‍, മനുഷ്യവിസര്‍ജ്ജനം വഹിക്കുന്ന ഒരു തുറന്ന അഴുക്കുചാല് ഗ്രാമത്തിലൂടെ കടന്നുപോകുന്നു. കുട്ടികളും ഗര്‍ഭിണികളായ അമ്മമാരും അങ്കണവാടിയിലെത്താന്‍ കാല്‍നടയായി ഓട മുറിച്ചു കടക്കേണ്ടി വരുന്നു.

കേരളത്തില്‍ ജലം സുലഭമായി ലഭിക്കുന്നു എന്നതാണ് മലയാളിയുടെ ശുചിത്വത്തിന്റെ കാരണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ജലദൗര്‍ലഭ്യം നേരിടുന്നവയാണ്. നിര്‍ഭാഗ്യവശാല്‍ ജലശേഖരണം എന്നത് പൊതുവെ സ്ത്രീകള്‍ക്ക് അവളുടെ ശാരീരിക ക്ഷമത പോലും പരിഗണിക്കാതെ സമൂഹം കല്‍പ്പിച്ചു കൊടുത്തിട്ടുള്ള ഒരു ജോലിയാണ്. അതിപ്പോ അവള്‍ക്ക് ആര്‍ത്തവമോ അസുഖമോ ഉണ്ടെങ്കില്‍ പോലും വിശ്രമമില്ലാതെ ചെയ്യേണ്ടി വരുന്നു. നഗരപ്രദേശങ്ങളില്‍ പ്ലാസ്റ്റിക് പാത്രങ്ങളുമായി സ്ത്രീകളുടെ നീണ്ട ക്യൂ ഒരു പതിവ് കാഴ്ച്ചയാണ്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ വെള്ളമെടുക്കാന്‍ ചിലപ്പോള്‍ കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയുമുണ്ട്. സ്‌കൂളില്‍ പോകുന്നതിനുപകരം വെള്ളം ശേഖരിക്കേണ്ടതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ ഉണ്ട്. വെള്ളത്തിന്റെയും ശുചിത്വ സൗകര്യങ്ങളുടെയും അഭാവം മൂലം ഇന്ത്യയിലെ ഏകദേശം 23 ശതമാനം പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്‌കൂള്‍ ഉപേക്ഷിക്കുന്നതായി ദസ്റ എന്ന സംഘടനയുടെ ‘Dignity for her’ എന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളം ശേഖരിക്കാനും മറ്റ് വീട്ടുജോലികള്‍ ചെയ്യാനും അമ്മമാരെ സഹായിക്കാന്‍ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിടേണ്ടിവരുമ്പോള്‍, അവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. സാമൂഹ്യ അസമത്വം കാരണം പൊതുവെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ പോഷകാഹാരക്കുറവുള്ളവരും താഴ്ന്ന ജാതിക്കാരായ കുട്ടികള്‍ ഉയര്‍ന്ന ജാതിക്കാരായ കുട്ടികളേക്കാള്‍ പോഷകാഹാരക്കുറവുള്ളവരുമാണ്.

വാക്സിനേഷന് ഒപ്പം വിറ്റാമിന്‍-എയും

ആരാണ് ഇതിന് ഉത്തരവാദി എന്ന് ചോദിച്ചാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും ഇതില്‍ തുല്യ പങ്കാണുള്ളത്. കാരണം ആരോഗ്യം ഇപ്പോഴും സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലുള്ള കാര്യമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി Poshan abhiyan nutrition ദൗത്യത്തിന് കീഴില്‍ അനുവദിച്ച മൊത്തം ഫണ്ടിന്റെ 56% മാത്രമാണ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിനിയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ 2021-ല്‍ പാര്‍ലമെന്റിനെ അറിയിച്ചു.

അതില്‍ അരുണാചല്‍ പ്രദേശ്, പുതുച്ചേരി, ലഡാക്ക്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിന്റെ 30% മാത്രമാണ് അവര്‍ ഉപയോഗിച്ചത്. അത് കൊണ്ടാണ് ഈ കാര്യത്തില്‍ കേരളമാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക എന്ന് പറയുന്നത്. കേരളത്തിലെ പോഷകാഹാര സൂചിക മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ കേരളവും കൂടുതല്‍ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്ക് വാക്സിനേഷന് ഒപ്പം വിറ്റാമിന്‍-എയും കേരളം നല്‍കിയിരുന്നു എന്നത് മറന്നു പോകരുത്.

References
1. Food and nutrition in India: Facts and interpretations- Angus Deaton, Jean Dreze, 2009
2. Nutrition, poverty and calorie fundamentalism: Response to Utsa Patnaik- Angus Deaton, Jean Dreze, 2010
3. National sample survey office (2011-2012)- Household consumption expenditure
4. National family health survey NFHS-5 (2019-2021)


Leave a Reply

Your email address will not be published. Required fields are marked *