വില നിർണ്ണയിക്കേണ്ടത് മാർക്കറ്റാണ്, സർക്കാരല്ല; വേണ്ടത് സ്വതന്ത്ര കമ്പോളം – ആദർശ് പേയാട് എഴുതുന്നു


“വിലയെ നമ്മൾ എങ്ങനെയാണ് കാണുന്നത്? നമ്മളെ സംബന്ധിച്ച് നമുക്ക് ആവശ്യമായ സാധന-സേവനങ്ങൾ കിട്ടുന്നതിന് തടസ്സമായി നിൽക്കുന്നതാണ് വില. ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും i-phone കിട്ടണമെന്നില്ല, കാരണമതിന്റെ വില തന്നെ. അത് പോലെ തന്നെ മറ്റുള്ള സാധന-സേവനങ്ങൾ. എന്നാൽ വിലയുടെ പ്രധാന റോൾ എന്ന് പറയുന്നത് സപ്ലൈ ആൻഡ് ഡിമാൻഡിനെ നിയന്ത്രിക്കുക, supply and demand സംബന്ധിച്ചുള്ള ഇൻഫർമേഷൻ കൈമാറ്റം ചെയ്യുക എന്നതാണ്.” – ആദർശ് പേയാട് എഴുതുന്നു
വിലയും കൃത്രിമവും

എന്തിനാണ് മനുഷ്യൻ ജോലി ചെയ്യുന്നത്? അവനാവശ്യമായ സാധന-സേവനങ്ങൾ കിട്ടുന്നതിന്. ആവശ്യമായ സാധന-സേവനങ്ങൾ കിട്ടിയാൽ മാത്രമേ മനുഷ്യൻ സന്തോഷവാനാകു. കൂലി പണിക്കാരനോ സോഫ്റ്റ്വെയർ എഞ്ചിനീയറോ ആയികൊള്ളട്ടെ കയ്യിൽ പണം ഉണ്ടെങ്കിൽ ആവശ്യമായ സാധന-സേവനങ്ങൾ കിട്ടും. എന്നാൽ കൊട്ട കണക്കിന് പണം ഉണ്ടായിട്ടും പ്രത്യേകിച്ചു കാര്യമില്ല, മാർക്കറ്റിൽ സാധന-സേവനങ്ങളും ഉണ്ടാകണം. മറ്റു രാജ്യങ്ങളിലെ ഉൽപനങ്ങൾ ഇവിടെ വരുന്നു, ഇവിടെ നിന്നും പലതും പുറത്തേക്ക് പോകുന്നു. എങ്ങനെയാണ് കൃത്യമായി നമുക്ക് ആവശ്യമുള്ളതൊക്കെ മാർക്കറ്റിൽ എത്തുന്നത്? ചുമ്മാ മാർക്കറ്റ് തുറന്നു കൊടുത്തത് കൊണ്ട് മാത്രം കാര്യമുണ്ടോ?? സാധനമായാലും സേവനമായാലും വാങ്ങിക്കുന്നവനും വിൽക്കുന്നവനും പരസ്പരം സഹകരിക്കാൻ സഹായിക്കുന്ന വ്യവസ്ഥകളിൽ എത്തണം എന്നതാണ് പ്രധാനം. ഒരു ദിവസം തന്നെ അസംഖ്യം കൊടുക്കൽ വാങ്ങലുകളാണ് ഇക്കോണമിയിൽ നടക്കുന്നത്. ഈ അസംഖ്യം കൊടുക്കൽ വാങ്ങലുകൾ ഒറ്റയാളുടെയോ ഒരു കൂട്ടം ആളുകളുടെയോ മേൽനോട്ടത്തിൽ നടത്താൻ സാധിക്കില്ല എന്നത് വസ്തുതയാണ്. എന്നിരുന്നിട്ടും മനുഷ്യർക്ക് പരസ്പരം സഹകരിക്കാൻ കഴിയുന്നുണ്ട്, അതിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ് ‘വില’.

ഏഥൻ തോട്ടങ്ങൾ ഇല്ലാത്തത് കൊണ്ടും അക്ഷയ പത്രങ്ങൾ ഇത് വരെ നിർമ്മിക്കാത്തത് കൊണ്ടും വളരെ വിരളമായ നമ്മുടെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ചില സാധനങ്ങൾ ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുകയോ ചിലവ അത്യാവശ്യത്തിന് പോലും ഇല്ലാതിരിക്കുകയോ ചെയ്യും. പ്രകൃതി വിഭവങ്ങളാൽ സമ്പുഷ്ടമായ രാജ്യങ്ങൾ ദാരിദ്ര്യത്തിലേക്ക് പോകുന്നതും പ്രകൃതി വിഭവങ്ങൾ ലഭ്യമല്ലാതിരുന്നിട്ട് കൂടി ചില രാജ്യങ്ങൾ സമ്പന്നമാകുന്നതും നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങളാണ്. എങ്ങനെയാണ് ചില രാജ്യങ്ങൾ ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നത്?? മാർക്കറ്റിനെ സപ്ലൈ ആൻഡ് ഡിമാൻഡ് അനുസരിച്ചു പ്രവർത്തിക്കാൻ അനുവദിക്കുന്നു എന്നതാണ് ഉത്തരം. ഒരു വസ്തുവിന് കൂടുതൽ ഡിമാൻഡ് ഉണ്ടായാൽ കൂടുതൽ സപ്ലൈ ചെയ്യാൻ കഴിയണം, അത് പോലെ ആവശ്യം കുറയുന്നതനുസരിച്ച് സപ്ലൈ കുറയ്ക്കാനും കഴിയണം. അതനുസരിച്ചു വില നിശ്ചയിക്കപ്പെടണം.

വിലയെ നമ്മൾ എങ്ങനെയാണ് കാണുന്നത്? നമ്മളെ സംബന്ധിച്ച് നമുക്ക് ആവശ്യമായ സാധന-സേവനങ്ങൾ കിട്ടുന്നതിന് തടസ്സമായി നിൽക്കുന്നതാണ് വില. ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും i-phone കിട്ടണമെന്നില്ല, കാരണമതിന്റെ വില തന്നെ. അത് പോലെ തന്നെ മറ്റുള്ള സാധന-സേവനങ്ങൾ. എന്നാൽ വിലയുടെ പ്രധാന റോൾ എന്ന് പറയുന്നത് സപ്ലൈ ആൻഡ് ഡിമാൻഡിനെ നിയന്ത്രിക്കുക, supply and demand സംബന്ധിച്ചുള്ള ഇൻഫർമേഷൻ കൈമാറ്റം ചെയ്യുക എന്നതാണ്. എന്ത് കൊണ്ടാണ് സ്വർണ്ണത്തിന് ഇത്രയും വില? അതിന്റെ ലഭ്യത കുറവും ആളുകളുടെ ഡിമാൻഡും. എന്നാൽ പുതിയൊരു സ്വർണ്ണ ഖനി കണ്ടെത്തിയാൽ സ്വർണത്തിന്റെ വിലയിടിയും. അതായത് മുമ്പത്തെ പോലെയല്ല, സ്വർണത്തിന്റെ ലഭ്യത കൂടിയിട്ടുണ്ട് എന്ന് നമ്മളെ അറിയിക്കുകയാണ് വില ഇടിവ്. ഒരു യുദ്ധം ഉണ്ടായാൽ ആദ്യമത് ബാധിക്കുന്നത് ക്രൂഡ് ഓയിലിനെയാണ്, വില കൂടും. ക്രൂഡ് ഓയിൽ ഉൽപാദനം കുറയുന്നു എന്ന് നമ്മളെ അറിയിക്കുകയാണ് ആ കൂടൽ. സപ്ലൈ ആൻഡ് ഡിമാൻഡ് മാത്രമല്ല, ലാഭ-നഷ്ടങ്ങളെ കൂടി ഉൾപ്പെടുന്നതാണ് ‘വില’. ഏതെങ്കിലും ഒരു സേവനം ലാഭം ഉണ്ടാകുമ്പോൾ അത് കൂടുതൽ നൽകുവാനും, നഷ്ടം ഉണ്ടാകുമ്പോൾ സേവനം കുറയ്ക്കുവാനും കഴിയുന്നത് വില അവിടെ പ്രവർത്തിക്കുന്നത് കൊണ്ടാണ്. തുണി ആവശ്യത്തിന് നിർമ്മിക്കണമെങ്കിൽ തുണി നിർമ്മിക്കുന്നവർക്ക് കൂടുതൽ നിർമ്മിക്കാൻ തോന്നണം, അതിന് ലാഭം ഉണ്ടാകണം. തുണി നിർമ്മാണം ആവശ്യമില്ലെങ്കിൽ നിർമ്മാണം കുറയ്ക്കണം അല്ലെങ്കിൽ നിർത്തണം, അതിന് നഷ്ടം ഉണ്ടാകണം. നഷ്ടത്തിലേക്കാണോ ലാഭത്തിലേക്കാണോ പോകുന്നത് എന്ന് സൂചന നൽകുന്നതും ‘വില’യാണ്.

ഒരു സമ്പത് വ്യവസ്ഥയെ സംബന്ധിച്ചും അത്രയ്ക്ക് പ്രാധാന്യമുണ്ട് ‘വില’യ്ക്ക്’. ആ വിലയിൽ കൃത്രിമം നടത്തിയാൽ എന്താണ് സംഭവിക്കുക. Supply and demand വ്യത്യാസം വരുന്നുണ്ടോ എന്ന് അറിയാൻ കഴിയില്ല, കൂടുതൽ ഉൽപാധിപ്പിക്കണോ അതോ ഉൽപാദനം കുറയ്ക്കണോ എന്ന് അറിയാൻ കഴിയില്ല, ലാഭമാണോ നഷ്ടമാണോ എന്നും അറിയാൻ കഴിയില്ല. Populist സർക്കാരുകൾ സാധാരണ വില നിയന്ത്രണം നടത്താറുണ്ട്. അതായത് മാർക്കറ്റിൽ ഇടപെടാറുണ്ട്. സ്വാഭാവികമായും ആകേണ്ട വിലയിൽ വെള്ളം ചേർത്ത് വില താഴ്ത്തി വയ്ക്കുകയോ വില കൂട്ടി വയ്ക്കുകയോ ആണ് ചെയ്യുന്നത്. അത് മൂലം ജനങ്ങൾക്കും ഇക്കണോമിക്കും ഉണ്ടാകുന്ന പ്രശ്നങ്ങളെ ചില ഉദാഹരണങ്ങളിലൂടെ നോക്കാം.

മീൻ നമ്മുടെ ഭക്ഷണ രീതിയുടെ ഭാഗമാണ്. എന്നാൽ മീനിന് വില നിയന്ത്രണം ഇല്ല, സർക്കാർ ഇടപെടുന്നില്ല. മീൻ കിട്ടുന്നതനുസരിച്ച്, supply and demand അനുസരിച്ചു വില നിശ്ചയിക്കപ്പെടുന്നു. സാധാരണ സമയത്ത് പോലും നത്തോലിയുടെ വിലയല്ല നെയ്മീനിന്. നത്തോലി, ചാള പോലെ എണ്ണത്തിൽ കൂടുതൽ ഉള്ള, താരതമ്യേനെ എളുപ്പം കിട്ടുന്ന മീനുകൾക്ക് ഒരു വിലയും എന്നാൽ പിടിക്കാൻ ബുദ്ധിമുട്ടുള്ള, കിട്ടാൻ ബുദ്ധിമുട്ടുള്ള, കുറഞ്ഞ എണ്ണം മീനുകൾക്ക് കൂടിയ വിലയുമായിരിക്കും. എന്നിരുന്നാലും മീനിന്റെ ലഭ്യത നമുക്ക് ഉറപ്പിക്കാൻ കഴിയും. മീനിന് ആവശ്യമായ വില കിട്ടുന്നത് കൊണ്ടാണ് ലഭ്യത ഉറപ്പ് വരുത്താൻ കഴിയുന്നത്. മീൻ പിടിക്കാൻ ബുദ്ധിമുട്ടുള്ള സമയത്ത്, ട്രോളിങ് ഉള്ളപ്പോൾ അല്ലെങ്കിൽ കാലവർഷ സമയത്ത്, മീനിന്റെ വില പിന്നെയും കൂടും. 100 രൂപയ്ക്ക് കിട്ടുന്ന ചാള ചിലപ്പോൾ 300 രൂപ വരെയാകും. എന്നാലും ആ സമയത്തും മീൻ ലഭിക്കും. ട്രോളിങ് സമയത്തും കഴിയുന്നത് പോലെ മീൻ പിടിക്കാൻ പോകാൻ ആളുകൾ തയ്യാറാകുന്നുണ്ട്. വില നിയന്ത്രണം ഇല്ലാത്തത് കൊണ്ട് തന്നെ മീൻ പിടിക്കുന്നതിന്റെ ചിലവവും ലാഭവും കസ്റ്റമറിൽ നിന്നും ഈടാക്കാൻ കഴിയും എന്നതാണ് ഇവിടത്തെ മോട്ടീവ്. ലാഭം ഉണ്ടായാൽ മത്സ്യ ബന്ധനത്തിന് കൂടുതൽ invest ചെയ്യാൻ ആളുകൾ തയ്യാറാകും, കൂടുതൽ തൊഴിൽ ഉണ്ടാകും, ലഭ്യമായിരിക്കും, കയറ്റുമതിയുണ്ടാകും, വിദേശ നാണ്യം നേടാം അങ്ങനെ ഗുണങ്ങൾ ഏറെയുണ്ട്.

എന്നാൽ പൊതുജനത്തിന് ഉപയോഗം ഉണ്ടാകാൻ വേണ്ടി മീനുകൾക്ക് വില പരിധി നിശ്ചയിച്ചാലോ? ചെറിയ മീൻ ആയാലും വലിയ മീൻ ആയാലും ഒരു പരിധിയിൽ കൂടുതൽ വിലയ്ക്ക് വിൽക്കാൻ കഴിയാത്ത അവസ്ഥ, ഉയർന്ന പരിധി. ആളുകൾ മീൻ പിടിക്കുന്നതിനോട് വിമുഖത കാണിക്കും, കച്ചവടം നഷ്ടത്തിലാകും, മീനിന്റെ ലഭ്യത കുറയും. ഡിമാൻഡോ സപ്ലൈയോ അനുസരിച്ചു വില ഈടാക്കാൻ സാധിക്കാത്തതിനാൽ മീൻ പിടിക്കാൻ പോകാനുള്ള മോട്ടീവ് നഷ്ടപ്പെടും എന്നതാണ് കാരണം. Invest ചെയ്യാൻ ആള് കുറയും, തൊഴിലെടുക്കാൻ ആളെ കിട്ടില്ല തുടങ്ങിയ നഷ്ടങ്ങൾ വേറെ. മത്സ്യബന്ധനം ബുദ്ധിമുട്ടായ ട്രോളിങ് സമയത്തും മറ്റും ലഭ്യത പിന്നെയും വല്ലാതെ കുറയും.

കാർഷിക മേഖലയിലും ഇതൊക്കെ ബാധകമാണ്. പക്ഷെ അവിടെ വില നിയന്ത്രണം ഉണ്ട്. നിലവിൽ 25 കാർഷിക വിളകൾക്ക് നിയന്ത്രിത വിലയാണ്. ബാക്കിയുള്ള പഴം പച്ചക്കറി വിഭവങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ല താനും. നെല്ല്, ഗോതമ്പ്, ബാർലി, ചോളം തുടങ്ങിയ 25 ഇനങ്ങൾക്കാണ് Minimum Support price (MSP) ഉള്ളത്. അതായത് ഒരു നിശ്ചിത വിലയിൽ താഴേക്ക് പോകാതെ തടഞ്ഞു നിർത്തുന്നു. അതായത് സപ്ലൈ ആൻഡ് ഡിമാൻഡ് അനുസരിച്ചു കുറയേണ്ട വിലയെ കൃത്രിമമായി ഉയർത്തി വയ്ക്കുന്നു. ഒരു ഉല്പാദകനെ സംബന്ധിച്ച് വില കൂടുതൽ കിട്ടിയാൽ കൂടുതൽ ഉൽപാധിപ്പിക്കും, വില കുറയുമ്പോൾ ഉല്പാദനവും കുറയും. കൃത്രിമമായ ഉയർന്ന വില കാരണം കൂടുതൽ ഉത്പാദനം നടക്കും, എന്നാൽ ഉത്പാദനത്തിന് അനുസരിച്ചുള്ള ഡിമാൻഡ് ഇല്ലതാനും. അപ്പോൾ surplus ആകും. അതായത് സപ്ലൈ കൂടുതൽ ഉള്ളത് കൊണ്ട് വില കുറയുന്നതുമില്ല, കൂടിയ വിലയ്ക്ക് വാങ്ങിക്കേണ്ടിയും വരുന്നു. അവസാനം വെയർഹൗസുകളിൽ കെട്ടികിടക്കുകയോ ഉപയോഗിക്കാൻ കഴിയാത്തതിനാൽ നശിപ്പിച്ചു കളയേണ്ടിയോ വരും. അധിക ഉത്പാദനത്തിന് വേണ്ടി ഉപയോഗിച്ച റിസോഴ്സസ്സ്, സ്ഥലമോ പണമോ സമയമോ അദ്ധ്വാനമോ ഒക്കെ മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുമായിരുന്നു. അതായത് കൃത്രിമവില കാര്യക്ഷമമായി പ്രവർത്തിക്കാൻ കർഷകനെ അനുവദിക്കുന്നില്ല. എന്നാൽ വില നിയന്ത്രണം മാറ്റിയാൽ, മാർക്കറ്റ് ആവശ്യപ്പെടാത്ത വിളകളുടെ ഉൽപ്പാദനം ഇല്ലാതാവുകയും ആവശ്യപ്പെടുന്ന വിളകളുടെ അളവ് ആവശ്യമുള്ള അളവിലേക്ക് മാത്രം കുറയ്ക്കുവാനും സാധിക്കും. Surplus ഉണ്ടാകില്ല. കർഷകന്റെ resources കാര്യക്ഷമമായി ഉപയോഗിക്കുവാനുള്ള അവസരം ഉണ്ടാകും. സപ്ലൈ ആൻഡ് ഡിമാൻഡ് അനുസരിച്ചു വില നിശ്ചയിക്കപ്പെടും, അധിക വിലയുണ്ടാകില്ല.

MSP ഇല്ലാത്ത പഴം-പച്ചക്കറികൾക്ക് മാർക്കറ്റ് ആണ് വില നിശ്ചയിക്കുന്നത്. അത് കൊണ്ട് തന്നെയാണ് കേരളം പോലെയുള്ള സംസ്ഥാനത്തിന് ആവശ്യമായ പഴം-പച്ചക്കറികൾ അന്യസംസ്ഥാനത്തു നിന്നും വരുന്നത്. ഈ മാർക്കറ്റിൽ സപ്ലൈ കുറവാണ്, അതിനാൽ സാധനങ്ങൾക്ക് കൂടിയ വിലയാണ്. കൂടിയ വില ഉള്ളത് കൊണ്ട് തന്നെ കേരള ബോർഡറുകളിൽ അഞ്ചു രൂപയ്ക്കും 10 രൂപയ്ക്കും കിട്ടുന്ന സാധനങ്ങൾ കേരളത്തിനകത്തേക്ക് എത്തുന്നത്. അഞ്ചോ പത്തോ ഇരട്ടി വില കൊടുക്കേണ്ടി വരും എന്നുള്ളത് വാസ്തവമാണ്, എന്നാൽ അത് കൊടുക്കാൻ തയ്യാറായാൽ മാത്രമേ നമുക്ക് ഉത്പാദനം ഇല്ലാത്ത ആ സാധനങ്ങൾ നമുക്ക് കിട്ടു എന്നുള്ളതാണ് മുഖ്യം. ഉല്പാദന ചിലവും ട്രാൻസ്പോർട്ടേഷൻ ചിലവും ഇടനിലക്കാരുടെ ചിലവുമെല്ലാം കൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. കാശ്മീരിലോ ഷിംലയിലോ കൃഷി ചെയ്യുന്ന ആപ്പിൾ എങ്ങനെയാണ് കേരളത്തിൽ എത്തുന്നത്. 3000 കിലോമീറ്റർ അപ്പുറമുള്ള ഒരു ആപ്പിൾ കർഷകൻ കേരളത്തിലുള്ള ജനങ്ങൾക്ക് വേണ്ടി എന്തിനാണ് അയാളുടെ അദ്ധ്വാനം, പണം, സമയം, സ്ഥലം മാറ്റി വെയ്ക്കുന്നത്. കശ്മീരിൽ നിന്നും ആപ്പിൾ ഇവിടെയെത്താൻ ഒരുപാട് ഇടനിൽക്കാർ, ജോലിക്കാർ ആവശ്യമുണ്ട്. ഇവരെല്ലാവർക്കും ഇതൊക്കെ ചെയ്യാൻ ഒരു മോട്ടീവ് മാത്രമേ ഉള്ളു. ആപ്പിൾ എത്തിക്കുമ്പോ കിട്ടുന്ന ഇൻസെന്റീവ്, ലാഭം. ഈ ഇൻസെന്റീവ് ഉള്ളത് കൊണ്ട് അതിലേക്ക് invest ചെയ്യാൻ ആളുകൾ തയ്യാറാകും, കൂടുതൽ ട്രക്കുകൾ വരും, സ്റ്റോർ ഹൗസുകൾ ഉണ്ടാകും, തൊഴിൽ ഉണ്ടാകും, സർവോപരി നമുക്ക് ആവശ്യമായ ആപ്പിൾ കിട്ടും. ആപ്പിളിനോ മറ്റു പഴം-പച്ചക്കറികൾക്കോ വില നിയന്ത്രണം കൊണ്ട് വന്നാൽ ഈ ഇൻസെന്റീവ് ആണ് നഷ്ട്ടപെടുന്നത്. ആരും invest ചെയ്യാൻ തയ്യാറാകില്ല, ലോറികൾ കേരളത്തിലേക്ക് വരില്ല, തൊഴിൽ ഉണ്ടാകില്ല, സർവോപരി നമുക്ക് ആവശ്യമായ സാധനങ്ങൾ ലഭിക്കുകയുമില്ല.

ക്ഷീര മേഖലയിൽ അവസ്ഥ മറ്റൊന്നാണ്. കേരള ജനതയ്ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. ആവശ്യത്തിന് ക്ഷീര കർഷകർ ഇവിടെയുണ്ട്, ആവശ്യത്തിന് പാലും കിട്ടുന്നുണ്ട്. എന്നാൽ ക്ഷീര മേഖല സർക്കാരിന്റെ വില നിയന്ത്രണത്തിലാണ്. ഇവിടെ കൃത്രിമമായി വില കുറച്ചു വെച്ചിരിക്കുകയാണ്. ഉല്പാദന ചിലവ് പാൽ വില്പനയിലൂടെ കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് കർഷകരുടെ പരാതി. മിനിമം 10 രൂപയെങ്കിലും കൂട്ടണം എന്ന് കർഷകർ ആവശ്യപ്പെടുമ്പോൾ മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടത് 8.5 രൂപയും, എന്നാൽ സർക്കാർ കൂട്ടാൻ തയ്യാറായത് 6 രൂപയുമാണ്. പാലിനും പാൽ ഉത്പനങ്ങൾക്കും ഡിമാൻഡ് ഉള്ള മാർക്കറ്റാണ് നമുക്കുള്ളത്. എന്നാൽ കൃത്രിമമായി വില താഴ്ത്തി വെയ്ക്കുന്നത് കൊണ്ട് കർഷകർക്ക് നഷ്ടം മാത്രമാണ് ഉണ്ടാകുന്നത്. സ്വന്തം അദ്ധ്വാനം, പണം, സമയം എല്ലാമുപയോഗിച്ചു പാൽ ഉണ്ടാക്കിയിട്ടും അതിന് വിലയിടാനുള്ള അവകാശം ഇല്ലാത്തത് എന്തൊരു ഗതികേടാണ്. എത്ര നാൾ നഷ്ടം സഹിക്കാൻ അവർ തയ്യാറാക്കുമെന്ന് ചിന്തിച്ചു നോക്കുക. നഷ്ടം നികത്തിയില്ലെങ്കിൽ നിലവിലെ പശുക്കളുടെ എണ്ണം കുറയ്ക്കാനോ അല്ലെങ്കിൽ പശു വളർത്തൽ തന്നെ അവസാനിപ്പിക്കാനോ അവർ തയ്യാറാകും. അത് മൂലം പാൽ ഉല്പാദനം തന്നെ കുറയും. ഇൻവെസ്റ്റ്മെന്റ്സ് ഉണ്ടാകില്ല, മറ്റ് സംരംഭങ്ങൾ ഉണ്ടാകില്ല, തൊഴിൽ ഉണ്ടാകില്ല, പാലിന്റെ ലഭ്യതയും കുറയും. വില നിയന്ത്രണം ഒഴിവാക്കിയാൽ പാലിന്റെ വില ആദ്യം കൂടും, കാരണം കൃത്രിമമായി കുറച്ചു വെച്ചിരിക്കുകയാണല്ലോ. അതിനൊപ്പം ആളുകൾ കൂടുതൽ ഇൻവെസ്റ്റ് ചെയ്യാനും തയ്യാറാകും. കൂടുതൽ പശുക്കളെ വാങ്ങും, പുതിയ ഫാമുകൾ ഉണ്ടാകും, തൊഴിൽ ഉണ്ടാകും, നിലവിലെ ഡിമാൻഡ് അനുസരിച്ചുള്ള സപ്ലൈയും ഉണ്ടാകും. പാലും പാൽ ഉല്പന്നങ്ങളും ദുർലഭമാകില്ല.

മീനിനുള്ള, പഴം-പച്ചക്കറികൾക്കുള്ള സപ്ലൈ ആൻഡ് ഡിമാൻഡ് structure തന്നെ ക്ഷീര വ്യവസായത്തിലും കാർഷിക വിളകൾക്കും ആവശ്യം. മാർക്കറ്റ് ഡിമാൻഡ് ചെയ്യുന്ന, അതായത് ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സാധനങ്ങൾ, ആവശ്യപ്പെടുന്ന അളവിൽ, വാങ്ങിക്കാൻ തയ്യാറാകുന്ന വിലയിൽ ഉപഭോക്താക്കൾക്ക് കിട്ടണം. അത് പോലെ മാർക്കറ്റ് ഡിമാൻഡ് ചെയ്യുന്ന സാധനങ്ങൾ, ആവശ്യപ്പെടുന്ന അളവിലും ഗുണത്തിലും ഉത്പാദകർക്ക് നൽകാനും സാധിക്കണം. ഒരു സ്വതന്ത്ര കമ്പോളം ആവശ്യമാണ്. അതിന് സർക്കാർ മാർക്കറ്റിൽ നിന്നും മാറി നിൽക്കണം. വില കുറച്ചു കൊണ്ടോ, കൂട്ടി കൊണ്ടോ കൃത്രിമം കാണിക്കാൻ സർക്കാരിന് അവസരം ഉണ്ടാകാൻ പാടില്ല. വിരളമായ നമ്മുടെ റിസോഴ്സസ്സ് കാര്യക്ഷമായി ഉപയോഗിക്കാൻ ലാഭ-നഷ്ടങ്ങൾ പ്രേരണയാകണം. അങ്ങനെ മാത്രമേ മികച്ച സമ്പത് വ്യവസ്ഥ കെട്ടിപടുക്കാൻ നമുക്ക് സാധിക്കു.


Leave a Reply

Your email address will not be published. Required fields are marked *