യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി


“ഈ ‘ഇടതു പക്ഷം’ നമുക്ക് ഒന്ന് വിശകലനം ചെയ്യാം. അതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം. കേരളത്തിലെ പൊതു ഇടങ്ങളിൽ  മിക്കവർക്കും ഒരു ‘ഇടതു പക്ഷ’ പ്രേമം കാണുന്നു. ഇക്കാര്യം നമുക്ക്  ഒന്ന് നിരൂപിക്കാം. എല്ലാ ഇടതു പക്ഷ, ലിബറൽ ഹാറ്റുകൾക്കും ചില പൊതു സ്വഭാവങ്ങളുണ്ട്.  ഒന്ന് smear, അപര ആശയങ്ങളെ വലതുപക്ഷം എന്നൊക്കെ വിളിച്ചു് ആൽമ രതി കൊള്ളലാണത്.  രണ്ട് ആശയങ്ങളുടെ ഡ്രസിങ് അപ്പ് ആണ് . ഭാഷയിലെ പുരോഗമനo ധ്വനിക്കുന്ന വാക്കുകളൊക്കെ അവരങ്ങെടുത്തുകളയും. തൃശ്ശൂരിനെ അങ്ങെടുത്തതുപോലെ. ഉദാഹരണം  ഇടതു പക്ഷമെന്നാൽ പുരോഗമന പക്ഷമാണ്. അവകാശവാദം വെച്ചോളൂ. പക്ഷെ   ഈ  ആധുനിക  ലോകത്ത് പുരോഗമനം കാംക്ഷിക്കാത്ത ആരെങ്കിലും ഉണ്ടോ…?” -ഹരിദാസൻ പി ബി എഴുതുന്നു

യുക്തിവാദികൾ ഇടത് അല്ലെങ്കിൽ വലത് എന്നൊക്കെ അവകാശപ്പെട്ട്, ആരോപിച്ചു് പക്ഷം പിടിക്കുമ്പോൾ അതൊക്കെ ഒന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഒരു ഫ്രീ തിങ്കർ ഇടത് വലത് പക്ഷങ്ങൾ പിടിക്കാതെ   വസ്തുതകളെ അതാതിൻറെ മെറിറ്റിൽ കാണുന്ന ഒരു റാഷണലിസ്റ്റ് ആയിരിക്കും എന്നതാണ്  നമ്മുടെ മനസ്സിലാക്കൽ. എന്നാൽ കേരളത്തിൽ യുക്തിവാദികളിൽ പലർക്കും ഇടതു പക്ഷo എന്ന ഹാറ്റിനോടുള്ള  ഭ്രമം കലശലാണ്.   അതെന്തുകൊണ്ടായിരിക്കും എന്ന അന്വേഷണം  നമ്മെ ചില രസകരമായ എളുപ്പം വായിച്ചെടുക്കാവുന്ന നിരീക്ഷണങ്ങളിലെത്തിക്കും. അത് കേരളത്തിലെ ഫ്രീ തിങ്കേഴ്‌സ്, യുക്തിവാദി,  നാസ്തികർ  എന്നീ ധാരകളിൽ  അന്തര്ലീനമായി നടക്കുന്ന,  ഒളിഞ്ഞിരിക്കുന്ന പടലപ്പിണക്കങ്ങളാണ്.   ലെവൻ വലതു പക്ഷമാണ് എന്ന് വിളിക്കാനുള്ള വഴിവെട്ടലാണ് ഞാൻ  ഇടതു പക്ഷമാണെന്ന് പറയാതെ പറയേണ്ടിവരുന്നത്.  ലെവൻ വലതു പക്ഷമാകണമെങ്കിൽ ഞാൻ കറകളഞ്ഞ ഇടതു പക്ഷമാകണമല്ലോ.  ഇവിടെ യുക്തിവാദികൾക്ക് ഒരു കടമ്പയുണ്ട് . അത് ഇടതു പക്ഷം, Left Wing, എന്നതിൽ സോഷ്യലിസം കമ്മ്യൂണിസം എന്നീ ആശയങ്ങൾ  ഇഴപിരിഞ്ഞു കിടക്കുന്നു എന്നതാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെമ്പാടും നടന്ന വൻ പരാജയങ്ങളും ഫാഷിസ്റ്റ് ഭരണങ്ങളും ഒരു യുക്തിവാദിക്ക് അരു നിൽക്കാനാവില്ലല്ലോ.  അതുകൊണ്ട് മുൻ കരുതൽ എടുക്കേണ്ടിവരുന്നു. അങ്ങനെയാണ്  അവമാനം സംഭവിച്ച കമ്മ്യൂണിസം സോഷ്യലിസം എന്നീ ആശയങ്ങളെ എഡിറ്റ് ചെയ്ത് മാറ്റികൊണ്ടുള്ള ഒരു ഇടതു പക്ഷം ആവശ്യമായി വരുന്നത്. അമേരിക്കയിലെ എഴുത്തുകാരും ന്യൂയോർക്കിലെ ജർണലിസ്റ്റുകളും കൊണ്ടുനടന്ന മാർക്സിസം സോഷ്യലിസം നിറഞ്ഞുനിന്നിരുന്ന ലെഫ്റ്റ് പൊളിറ്റിക്കൽ ആശയത്തെ എത്ര ലാഘവത്തോടെയാണ്  വിശ്വനാഥൻ ഡോക്ടർ അദ്ദേഹത്തിൻ്റെ ഇടതു പക്ഷത്തിൽ നിന്നും ഒരു ദാക്ഷീണ്യവുമില്ലാതെ മാർക്സിനെയും സോഷ്യലിസത്തെയും  എഡിറ്റ് ചെയ്തു ഒഴിവാക്കിയത് എന്ന് നോക്കുക.   ഇടതു പക്ഷമെന്നാൽ  1) പുരോഗമനം, 2) ശ്രേണീബദ്ധമല്ലാത്ത, 3) ഈഗാലിട്ടേറിയനിസം ഇല്ലാത്ത,  4) റേഷനലിസം ചിന്ത, (പച്ചക്കുതിര),  എന്ന സ്വീകാര്യമായ അർത്ഥതലങ്ങൾ  മതി,  സാമൂഹിക  സമത്വo പറയുന്ന  സോഷ്യലിസം അതിൽ വേണ്ട.

യുക്തിവാദം യുക്തിവാദമായിരുന്നാൽ പോരെ,  വസ്തുതകൾ അതാതിൻറെ മെറിറ്റിൽ വിലയിരുത്തുന്ന ബയസുകളും മുന്‍വിധികളുമില്ലാത്ത ഒരു കാഴ്ചപ്പാട് . എന്തിനാണീ ഇടതു പക്ഷ കുപ്പായം?  മാത്രമല്ല, യുക്തിവാദികളിൽ ഒരു ‘യുക്തിവാദി തറവാടിത്തം’ കൂടി പ്രതീക്ഷിക്കുന്നതായി കാണുന്നു, പ്രതിഫലിക്കുന്നു. നിങ്ങൾ പുതിയതായി 2001 ന് ശേഷം internet വ്യാപകമായി തുടങ്ങിയതിനുശേഷം സ്വതന്ത്ര ചിന്തയിൽ ‘ആകൃഷ്ടരായവരാണെങ്കിൽ’ അത്തരക്കാർ  യുക്തിവാദി പ്രസ്ഥാനത്തിന് ചില ‘പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്’. “സാമൂഹിക പരിഷ്‌കരണോന്മുഖത” ഈ പുതു മോടിക്കാരിൽ കുറവാണ്,  എന്നീ നിരീക്ഷണങ്ങളിൽ എത്തുന്നത് അതുകൊണ്ടാണ്.   ഫ്രീ തിങ്കർ എന്ന ആശയം ഒരു സാമൂഹിക പരിഷ്‌കരണോന്മുഖത പ്രതീക്ഷിക്കുന്നുണ്ടോ ? Ayn Rand,  Bertrand Russell, James Randi,  Richard Carrier, Lawrence M. Krauss, Christopher Hitchens, Richard Dawkins എന്നീ ഇക്കാലത്തെ, ‘internet’ കാലത്തെ, ‘സാമൂഹിക പരിഷ്‌കരണോന്മുഖത പ്രവർത്തിക്കാത്ത’,  ‘ഇടതു പക്ഷ ഉള്ളടക്കം’ ഇല്ലാത്ത, ‘ബ്രാഹ്മണിക ലോക ബോധത്തെ തകർക്കാൻ ശ്രമിക്കാത്ത’,  ഇവരെ  ഫ്രീ തിങ്കർ ആയി ഗണിക്കാൻ പറ്റില്ലെന്നാണോ.   ഈ കെട്ടുകൊപ്പ്കളെല്ലാം വരുന്നത് മുകളിൽ പറഞ്ഞ പടല പിണക്കങ്ങളിൽ നിന്നാണ്.

പടല പിണക്ക കാര്യങ്ങൾ അവിടെ ഇരിക്കട്ടെ.  വിഷയം ചർച്ചയിൽ വന്നതുകൊണ്ട്   ഈ ‘ഇടതു പക്ഷം’ നമുക്ക് ഒന്ന് വിശകലനം ചെയ്യാം. അതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം. കേരളത്തിലെ പൊതു ഇടങ്ങളിൽ  മിക്കവർക്കും ഒരു ‘ഇടതു പക്ഷ’ പ്രേമം കാണുന്നു. ഇക്കാര്യം നമുക്ക്  ഒന്ന് നിരൂപിക്കാം. എല്ലാ ഇടതു പക്ഷ, ലിബറൽ ഹാറ്റുകൾക്കും ചില പൊതു സ്വഭാവങ്ങളുണ്ട്.  ഒന്ന് smear, അപര ആശയങ്ങളെ വലതുപക്ഷം എന്നൊക്കെ വിളിച്ചു് ആൽമ രതി കൊള്ളലാണത്.  രണ്ട് ആശയങ്ങളുടെ ഡ്രസിങ് അപ്പ് ആണ് . ഭാഷയിലെ പുരോഗമനo ധ്വനിക്കുന്ന വാക്കുകളൊക്കെ അവരങ്ങെടുത്തുകളയും. തൃശ്ശൂരിനെ അങ്ങെടുത്തതുപോലെ. ഉദാഹരണം  ഇടതു പക്ഷമെന്നാൽ പുരോഗമന പക്ഷമാണ്. അവകാശവാദം വെച്ചോളൂ. പക്ഷെ   ഈ  ആധുനിക  ലോകത്ത് പുരോഗമനം കാംക്ഷിക്കാത്ത ആരെങ്കിലും ഉണ്ടോ ..?   ആരുടെ പുരോഗമനം ?.  നിങ്ങളുടെ പുരോഗമനമല്ല എൻ്റെ പുരോഗമന ആശയം. നിങ്ങൾ ആഗ്രഹിക്കുന്ന  മാറ്റമല്ല അപരൻ ആഗ്രഹിക്കുന്ന, വിഷ്വലൈസ് ചെയ്യുന്ന, മാറ്റം. ഈ കാര്യം കേരളത്തിലെ പശ്ചാത്തലത്തിൽ കുറച്ചു കൂടി ഗ്രൗണ്ട് ലെവലിൽ നിന്നുകൊണ്ട് നമ്മുടെയൊക്കെ ജീവിതത്തെ തൊടുന്ന തലത്തിൽ നിന്നുകൊണ്ട് നമുക്ക് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.  ആശയലോകത്തു അഭിരമിച്ചത് കൊണ്ട് അടുക്കളയിൽ കഞ്ഞി വേകില്ല.

ആദ്യം തന്നെ മനസ്സിലാക്കി ഉറപ്പിക്കേണ്ട വേറൊരു പ്രധാന കാര്യം എന്തെന്നാൽ നിങ്ങൾ പരസ്പരം ആരോപിക്കുന്ന പക്ഷങ്ങളിലൊന്നിലും പൊതുജനം, ‘ചാലക ശക്തിയായ’  മദ്ധ്യ വർഗ്ഗം,  ഇല്ല എന്നുള്ളതാണ്.  ഉദാഹരണമായി  പെട്രോൾ വിലയിൽ തീരുമാനിക്കപ്പെടുന്ന ‘പക്ഷമേ’ ഇവിടെ നിലനിൽക്കുന്നുള്ളു. നാളെ ഇന്ത്യയിലെ പെട്രോൾ വില നൂറ്റമ്പതോ ഇരുന്നൂറോ കടന്നാൽ ഇല്ലാതാകുന്ന രാമജന്മ ഭൂമിയും ഹിന്ദുത്വവുമെ ഇവിടെയുള്ളു. പെട്രോൾ വില നിലവാരം  പൊതുജന സഹ്യത വരെ ഇരുന്നാൽ മാത്രമേ 2024 ൽ മോദിയെ ഹിന്ദുത്വം സഹായിക്കാൻ പോകുന്നുള്ളൂ. അല്ലാതെ രവിചന്ദ്രൻ സി ആവർത്തിച്ചു് ഉറപ്പിക്കുന്ന  ഹിന്ദുത്വവും, മന്ദിറും മതവുമൊന്നുമായിരിക്കില്ല ഡിസൈഡിങ് ഫാക്ടർ. ദിവ്യ ഭവ്യ നവ്യ കാശിയൊന്നും തിരഞ്ഞെടുപ്പിൽ  അന്ന് ശ്രീ നരേന്ദ്ര മോദിയെ സഹായിക്കാൻ പോകുന്നില്ല. ശ്രീ നരേന്ദ്രമോദി എത്രയൊക്കെ  പൂജകൾ കാമറക്ക്  മുന്നിൽ നടത്തിയാലും അമ്പലങ്ങൾ കെട്ടിയാലും പൊതുജനത്തിൻ്റെ ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ   കൊണ്ടുവന്നാൽ മാത്രമേ, അങ്കലാപ്പുകൾ ഇല്ലെങ്കിൽ മാത്രമേ,  രാഷ്ട്രീയ നിലനിൽപ്പുള്ളു. ഉദാഹരണമായാണ് പെട്രോൾ വില പറഞ്ഞത്. അതാണ് നിങ്ങൾ ശ്രീലങ്കയിൽ കണ്ടത്. ബുദ്ധിസ്റ്റ് വലതുപക്ഷ ബലമൊന്നും രാജപക്ഷയെ സഹായിച്ചില്ല. അതുതന്നെയാണ് ഫ്രാൻസിൽ ഈ ഒക്ടോബർ മാസത്തിലെ  നീണ്ട പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും കണ്ടത്.  കണ്ടുകൊണ്ടിരിക്കുന്നത് .  ഊർജ പ്രതിസന്ധിക്ക് മുകളിൽ അതുമൂലമുണ്ടാകുന്ന ജീവിത പ്രതിസന്ധിക്ക് മുകളിൽ അവർക്ക് NATO യും വേണ്ട ഉക്രൈൻ ജനതയോടുള്ള പ്രതിപത്തിയും വേണ്ട. സ്വന്തം ജീവിതനിലവാരം നിലനിന്നാൽ മതി. ഇടതുപക്ഷ വലതുപക്ഷ  പ്രതിപത്തികളൊക്കെ  ഇവിടെ ആവിയാകുന്നു  അതുതന്നെയാണ് അർജന്റീനയിൽ കണ്ടത്.

അത് തന്നെയാണ് ബ്രസീലിലെ ലുലു ഡാ  സിൽവയുടെ വിജയത്തിൽ കണ്ടത്. ലുലു ഡാ സിൽവയുടെ വിജയം ഇടതു പക്ഷത്തിൻ്റെ വിജയമാണെന്നൊക്കെ ആഘോഷിക്കുന്നത്  താല്കാലിക ആശ്വാസം കൊള്ളലാണ്. ഇവിടെ അടിസ്ഥാനമായി മനസ്സിലാക്കാനുള്ളതെന്തെന്നാൽ ലോകമെമ്പാടും ജനങ്ങളുടെ aspirations ഉം ഭരണകൂടങ്ങളിൽ നിന്നുള്ള പ്രതീക്ഷകളും വളരെ വളരെ കൂടുതലാണെന്നുള്ളതാണ്. അതിനൊക്കെ ഭംഗം വരുന്ന സമയത്ത് ജനം ഭരണകൂടത്തെ വലിച്ചു താഴെ ഇടും. അവിടെ ഇടതു പക്ഷ പ്രേമങ്ങളൊന്നുമില്ല. പക്ഷെ തെക്കേ അമേരിക്കക്കാരന്റെ ഈ ശ്രമം ദുരന്തത്തിൽ കലാശിക്കാം. അടുത്ത വർഷങ്ങളിൽ ഉൽപാദന വ്യവസായ വളർച്ച ഉണ്ടായില്ലെങ്കിൽ,  സാംസങ് ഉം KIA Motors ഉം Xiaomi കളും   ഉയർന്നുവന്നില്ലെങ്കിൽ. ആലിബാബ ഉയർന്നുവന്നില്ലെങ്കിൽ, അംബാനിമാരും അദാനിമാരും വളർന്നു വന്നില്ലെങ്കിൽ,  ഈ ജനം വീണ്ടും ഭരണകൂടത്തെനെതിരെ തിരിയും. ആമസോൺ കാടുകളോടുള്ള സ്നേഹമൊന്നും അന്ന് കാണില്ല. ഒരു പക്ഷെ അന്നേക്ക് വളരെ വൈകിയിരിക്കും അവർക്ക് ഇതിന് വില ഒരുപാട് കൊടുക്കേണ്ടി വന്നേക്കാം. ഇപ്പോൾ തെക്കേ അമേരിക്കയിൽ അധികാരത്തിൽ വന്നിട്ടുള്ള  പല ചുവപ്പൻ ഭരണകൂടങ്ങളിൽ നിന്നും ഒന്നോ രണ്ടോ പുതിയ ഹൂഗോ ഷാവേസ് (ഊഗോ ഷാവേസ്) മാരും   മറുഡോകളുo  ഉയർന്നുവരാനാണ് സാധ്യത. ഹൂഗോ ഷാവേസ്  മാരുടെയും  മറുഡോകളുടെയും  രീതിയെന്തെന്നാൽ അവർ അധികാരത്തിൽ എത്തിയാൽ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകിടം മറിച്ചുതുടങ്ങും.  എന്നിട്ടു “റവല്യൂഷണറി ആർമി” വളർത്തിയെടുക്കും. അതോടെ ആ ജനത ദശാബ്ദങ്ങളോളം ദുരിതങ്ങളിലും ഡിസ്റ്റോപിയ കളിലും ജീവിക്കേണ്ടിവരും.  കേരളത്തിലെ ‘ഇടതു പക്ഷ’ ബുദ്ധിജീവികൾ ഇവരെ കുറേനാൾ കൊണ്ടുനടക്കും.   പിന്നീട് ഷാവേസ് നോട് ചെയ്തത് പോലെ സൗകര്യപൂർവം മറക്കും.

ഇനിയും ഉദാഹരണം വേണോ. 1979 ലെ മതബോധങ്ങളാൽ നയിക്കപെട്ട ഇറാനിയൻ ഭരണമാറ്റത്തെ തിരിഞ്ഞു നോക്കുക. കേരളത്തിലെ  ‘ഇടതു പക്ഷ’  ക്കാർ എല്ലാവരും അതിനെ അമേരിക്കൻ സാമ്രാജ്യത്തിത്തിനെതിരായ ‘വിപ്ലവമായി’ പാടി പുകഴ്ത്തി. അതൊരു മതാഷ്ഠിത പിന്തിരിപ്പൻ ആശയമായിട്ടുകൂടി കേരളത്തിലാർക്കും അതൊരു വലതു പക്ഷ വിപ്ലവമായി തോന്നിയിട്ടില്ല. ഇവിടെ പലരും  അതിനെ അമേരിക്കൻ സാമ്രാജ്യത്തിനെതിരെയുള്ള വിജയമായി കൊണ്ടാടി. (ഇറാനിലെ ‘വിസ്മയം’ എന്നാരെങ്കിലും അന്ന് എഴുതിയിരുന്നോ എന്ന് അറിഞ്ഞുകൂട).  ഇന്നോ, ഇന്ന് ഇറാനിലെ യുവത അവരുടെ ചരിത്രത്തിൽ നടന്ന ഒരു  അബദ്ധമായി 1979 ലെ മാറ്റത്തെയും ഖൊമൈനിയേയും കാണുന്നു.   ഇറാനിയൻ യുവതയുടെ ശബ്ദം കേൾക്കുക.  അവർ സ്വാതന്ത്ര്യത്തിനായി നിലവിളിക്കുന്നു. പഴയതായിരുന്നു നല്ലത് എന്നവർ ആണയിടുന്നു. ഭരണകൂടം ഉണ്ടാക്കിയെടുത്ത ‘Red Army’ ക്കു മുന്നിൽ (ഇറാനിൽ  അതിനെ The Islamic Revolutionary Guard Corps  എന്നാണ് പേര്)   അവർക്ക്  ഒരുപാട് ജീവനുകളുടെ വില നൽകേണ്ടി വരുന്നു.   കേരളത്തിലെ ‘ഇടതു പക്ഷം’ കൊണ്ടുനടന്ന മാറ്റത്തെയാണ് അവരിന്നു മാറ്റിക്കിട്ടാൻ തെരുവിലിറങ്ങിയിരിക്കുന്നതെന്ന് പ്രത്യേകം ഓർക്കുക.

നിങ്ങളുടെ പുരോഗമനമല്ല എൻ്റെ പുരോഗമനം. നിങ്ങളുടെ ഇടതു പക്ഷമല്ല എൻ്റെ ഇടതു പക്ഷം. ഉദാഹരണമായി കേരളത്തിലെ പലർക്കും BSNL എന്ന സ്ഥാപനത്തെ വളർത്തിയെടുത്ത് ഉണ്ടാക്കേണ്ട പുരോഗമനത്തിലാണ്   താല്പര്യം. എന്നാൽ എനിക്ക് കോര്പറേറ്റ് ‘കുത്തക’, മുതലാളി അംബാനി കൊണ്ടുവന്ന, ജിയോ കൊണ്ടു വന്ന, പുരോഗമനമാണ് അഭികാമ്യം.  കാരണം നിങ്ങൾ ഉൾകൊണ്ട BSNL പുരോഗമനം  നെല്ലിക്കാപരുവത്തിലുള്ളതാണ്. ഞാൻ അരുനിൽക്കുന്നത് ഇന്ത്യമഹാരാജ്യത്തിലെ സാധാരണയിൽ സാധാരണക്കാരനിൽ  വരെ  ഉപകരിച്ച അവരുടെയൊക്കെ ജീവിതത്തെ എംപവർ ചെയ്ത ലോകത്തെ ഏറ്റവും വിലകുറഞ്ഞ ടെലിഫോണിയെയാണ്. കോടാനുകോടി സാധാരണക്കാരെ എംപവർ ചെയ്ത ആ മാറ്റം ഒരു വിപ്ലവം കൊണ്ടും നേടാൻ കഴിയാത്തതായിരുന്നു. സ്വന്തം കുടുംബ സ്വത്തിനെ പണയപ്പെടുത്തി 200000 കോടി മുടക്കി ഇന്ത്യയുടെ മുക്കിലും മൂലക്കും ഫൈബർ ഓപ്ടിക് കേബിളുകൾ ഇട്ട്, ഈ പരന്ന രാജ്യത്തിലെ ഓണം കേറാമൂലകളിൽ വരെ എത്തുന്ന 136000 ടെലിഫോൺ ടവറുകൾ സ്ഥാപിച്ചു് വിജയിപ്പിച്ചെടുത്ത ആ ദീർഘ വീക്ഷണമുണ്ടല്ലോ അതാണ് എൻ്റെ പക്ഷം. ആ പ്രോജെക്ടിൽ എവിടെയെങ്കിലും ഒരു പ്ലാനിംഗ് പിഴവ് വന്നാൽ അദ്ദേഹത്തിൻ്റെ ബിസിനസ്സ് സാമ്രാജ്യം തന്നെ അവതാളത്തിൽ ആകുമായിരുന്നു. അത്രയും വലിയൊരു റിസ്ക് എടുത്ത് ഇന്ത്യയിലെ സാധാരണയിൽ സാധാരണക്കാരുടെ ജീവിതം വരെ  മാറ്റമുണ്ടാക്കിയെടുത്ത  അവരെ   എംപവർ ചെയ്തതാണ്  യഥാർത്ഥ  വിപ്ലവം. തൊട്ടെണ്ണാവുന്ന വിപ്ലവമാറ്റം. അതാണ് ഞാൻ കാംക്ഷിക്കുന്ന മാറ്റം. നിങ്ങളുടെ നെല്ലിക്കാപരുവത്തിലുള്ള മാറ്റത്തിനല്ല ഞാൻ ആഗ്രഹിക്കുന്നത്. ഇവിടെ യഥാർത്ഥ ഇടതു പക്ഷം ഞാനാണ്. അംബാനിയാണ്. പക്ഷെ നെല്ലിക്കാപരുവത്തിലുള്ള കാഴ്ചപാടുള്ളവർ ഇടതു പക്ഷ കുപ്പായവുമിട്ട് നടക്കുന്നു.

മത മനസ്സുകൾ, മത കാര്യങ്ങളിലൊഴികെ, അവർ പോലും  പുരോഗമനം വേണ്ട എന്ന് ആഗ്രഹിക്കുന്നവരല്ല. നിങ്ങളുടെ പുരോഗമനമല്ല എൻ്റെ പുരോഗമനം. ലെവൻ   പുരോഗമനത്തിന് എതിരാണ് പുരോഗമന വിരോധിയാണ് എന്നതൊക്കെ വെറും വൈക്കോൽ പറച്ചിലുകളാണ്.  നിങ്ങളുടെ പുരോഗമനം peanut പുരോഗമന വാദമാണ്. ലോകത്തിൻറെ സാധ്യതകൾ വിചിന്തനം ചെയ്ത് മനസ്സിലാക്കിയ പുരോഗമനമല്ല നിങ്ങൾ പ്രസംഗിക്കുന്ന  പുരോഗമനം.

കേരളത്തിലെ അവസ്ഥ വെച്ച് പറയുകയാണെങ്കിൽ ഈ ഇടതു പക്ഷ ഹാറ്റ്, ലിബറൽ ഹാറ്റ്, മിക്കവരും പേറാനിഷ്ട  പെടുന്ന ഒരു ഹാറ്റ് ആകുന്നു. ആ ഹാറ്റ് ധരിക്കുന്നതോടെ പലരും ചിന്താശക്തി പണയം വെക്കുന്നില്ലേ എന്ന് തോന്നിപ്പിക്കുന്ന ഇനിയൊരു ഉദാഹരണം പറയാം. ആധാർ കാർഡ് മായി ബന്ധപ്പെട്ട അക്കാലത്തെ ചർച്ചകൾ കണ്ടാൽ മതി. പാർട്ടിയുടെ ഭാരം പേറുന്ന ചില ബിജെപി ക്കാരൊഴികെ വേറെ ആരെങ്കിലും കേരളത്തിലെ ചർച്ചകളിൽ അതിനനുകൂലമായി നിലപാടെടുത്തതായി കണ്ടിട്ടില്ല. ആധാർ ആശയം കൊണ്ടുവന്നത് ഒരു കോൺഗ്രസ് സർക്കാർ ആയിരുന്നു. എന്നിട്ടും പൊതു ഇടങ്ങളിൽ കാണപ്പെടുന്ന മിക്കവരും അന്ന് അതിനെതിരെ സംസാരിച്ചു.   കാരണം അവരൊക്കെ ഇടതു പക്ഷ ഹാറ്റ് ഇഷ്ടപെടുന്നു. ലിബറൽ ഹാറ്റ് ഇഷ്ടപെടുന്നു. എന്നാൽ ഇന്നോ. ഇന്ന് ആധാർ നമ്പർ ഇന്ത്യയിൽ ഒരു ഡിജിറ്റൽ വിപ്ളവത്തിന്റെ അടിത്തറയായി മാറിയിരിക്കുന്നു. ലോകത്ത് അമേരിക്കയിൽ പോലും നേടാനാകാത്ത ഡിജിറ്റൽ റീച്ച് ഇന്ത്യ ഇക്കാര്യത്തിൽ നേടി. വളരെ സാധാരണക്കാരനിൽ വരെ എത്തുന്ന  ബാങ്ക് അക്കൗണ്ടുകളിലൂടെയും,  തൊഴിലുറപ്പു പദ്ധതികളിലെ,  റേഷൻ കാർഡ്,  കാർഷിക സബ്‌സിഡി മുതലായവയിലെ പിൽഫെറേജ് തടഞ്ഞും, ആധാർ, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് കാരണമായിരിക്കുന്നു. പച്ചക്കറി കടയിൽ വരെ QR scan ചെയ്ത് സാധാരണക്കാരും  ഡിജിറ്റൽ യുഗത്തിലേക്ക് വളരുന്നു. ആധാറിനെ പ്രകീർത്തിച്ചു സംസാരിക്കുന്ന  ലോക പ്രമുഖരുടെ നിര നീണ്ടതാണ്.

IMF Director Kristalina Georgieva praised the “digital access” that the digital ID, Aadhaar, brings to services. “India deserves to be called a bright spot on this otherwise darkening horizon because it has been a fast-growing economy even during these difficult times,” responded Georgieva, “But most importantly this growth is underpinned by structural reforms, among them the remarkable success in digitalization in India from digital ID to providing all services and support on the basis of digital access.”

Bill and Melinda want other countries to adopt the Aadhaar scheme. To undertake this level of project in other countries, the World Bank and the Gates Foundation have reportedly roped in multi-billionaire Nandan Nilekani.Appreciating India for successfully implementing the scheme, Gates said India’s Aadhaar technology could be implemented across the world. Bill Gates thinks the Aadhaar-like scheme could help improve governance, which is directly linked to economic growth and the overall improvement in society.

After the successful implantation of the Aadhaar scheme in India, other countries have also approached New Delhi for assistance in creating similar data base.

എന്നാൽ നമ്മുടെ ‘ഇടതു പക്ഷത്തിലെ’ ആർക്കും ഈ ദീർഘ വീക്ഷണം ഇല്ലാതെ പോയതെന്തേ. നമ്മുടെ മീഡിയകൾ ഇപ്പോഴും ഒരു കുറ്റബോധം കൊണ്ടെന്നപോലെ  അതിലെ  ഗുണനിരൂപണം റിപ്പോർട്ട് ചെയ്യാറില്ല. നിങ്ങളുടെ പുരോഗമനമല്ല സാറേ എൻ്റെ പുരോഗമനം.  നിങ്ങൾ കാണുന്ന മാറ്റമല്ല സാറേ ഞാൻ വിഷ്വലൈസ് ചെയുന്ന മാറ്റം. നിങ്ങൾ ഇടതു പക്ഷ കുപ്പായം ഇട്ടുകൊള്ളുക. പക്ഷെ ഞങ്ങളത് കാണുന്നുണ്ട്.

“ഇന്ത്യൻ ഇടതു പക്ഷത്തിൻ്റെ സമീപകാല ഇട” ത്തിൽ ഇടം പിടിക്കാതെ പോയ ഒരു ഉദാഹരണം കൂടി പറയാം. മേധാപട്കർ നയിച്ച സർദാർ സരോവർ ‘ആന്തോളൻ’.  നമ്മുടെ പ്രശസ്ത  അരുന്ധതീ റോയ് കൂടെ ചേർന്ന് നടത്തിയ ‘ഇടതു പക്ഷ’ പ്രക്ഷോഭം. ‘നർമദാ ബച്ചാവോ ആന്ദോളൻ’.  അന്ന് കേരളത്തിലെ anybody who is somebody ആ പ്രക്ഷോഭത്തിന്‌ ആളും അർത്ഥവും വാക്കും ധീഷണയും (നെല്ലിക്കാപരുവത്തിലുള്ള), കൊടുത്ത് ആ പ്രക്ഷോഭത്തിന്‌ കൂട്ടുനിന്നു. കാരണം അവരൊക്കെ ഇടത് പക്ഷമായിരുന്നു. പുരോഗമന പക്ഷമായിരുന്നു. (ലിബറൽ ഹാറ്റിനോടായിരുന്നു പ്രതിപത്തി).  അവർ ആദിവാസിയെ പ്രതി വേവലാതി കൊണ്ടു. പഠനങ്ങൾ കൊണ്ടുവന്നു. കോടതികളിൽ പോയി, Baba Amte യുടെ  നിരാഹാര സമരം ഉണ്ടായിരുന്നു. ശ്രീമതി മേധാ പട്കർ ഉം സ്വന്തം ജീവൻ അപകടപ്പെടുത്തുന്ന ഉപവാസ സമരം നടത്തി. ബോളിവുഡ് ലെ പല നായികാ നായകന്മാരും നർമദാ ബച്ചാവോ ആന്തോളനിൽ പങ്കുചേർന്നു. നർമദാ ബച്ചാവോ ആന്തോളൻ വിലപിച്ചു, വാട്ടർ ലോഗിംഗ് ഉണ്ടാകും, വൻ കർഷകർ വെള്ളം ഊറ്റിക്കൊണ്ടുപോകും, ആദിവാസികൾ പട്ടണങ്ങളിലെ തെരുവുകളിലും വേശ്യാലയങ്ങളിലും എത്തപെടും.   വലിയ ദുരന്തം പതിയിരിക്കുന്നു. അവർ  ഉറക്കെ ആണയിട്ടു. ഫലം  വേൾഡ് ബാങ്ക് ലോൺ തടസ്സപെട്ടു. പ്രോജക്ട് പതിറ്റാണ്ടുകളോളം നീണ്ടുപോയി. അവസാനം ഗുജറാത്ത് സർക്കാരിന്  ബോണ്ടുകൾ ഇറക്കികൊണ്ടും മാർകെറ്റിൽനിന്നു വലിയ പലിശക്ക്   കടമെടുത്തുകൊണ്ടുമെല്ലാം പദ്ധതി പൂർത്തിയാക്കേണ്ടി വന്നു.

പതിനഞ്ചു വർഷത്തിനിപ്പുറം എന്തുണ്ടായി. ഇടതു പക്ഷക്കാർ ഒരു ആത്‌മ  പരിശോധന നടത്തുക . ശ്രീ സ്വാമിനാഥൻ അങ്കലേശ്വർ അയ്യരുടെ ഇക്കാര്യത്തിലുള്ള പഠനം,  വിലയിരുത്തൽ ഇപ്പോൾ വന്നിട്ടുണ്ട്.   ഇന്ന് നർമദാ ഡാം  2.2 മില്യൺ ഹെക്ടർ ഭൂമിയിൽ ജലസേചന സൗകര്യം എത്തിച്ചിരിക്കുന്നു. 75000  കിലോ മീറ്റർ നീളമുള്ള കനാലുകൾ ഇട്ടിരിക്കുന്നു. സൗരാഷ്ട്രയിലെയും കച്ഛ് മേഖലയിലെയും  4 കോടി മനുഷ്യർക്ക്‌, 9490 ഗ്രാമങ്ങളിലേക്കും  173 ചെറുപട്ടങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നു. ആഴ്ചയിൽ രണ്ടു തവണ ഒന്നോ രണ്ടോ മണിക്കൂർ മാത്രം കുടിവെള്ള മെത്തിയിരുന്ന ഗ്രാമങ്ങളായിരുന്നു പലതും. (ഈ ലേഖകൻ അത്തരം ഗ്രാമത്തിൽ/ചെറു പട്ടണത്തിൽ നർമദ വെള്ളം എത്തുന്നതിന്  കുറച്ചു വർഷങ്ങൾ മുൻപ് താമസിച്ചിട്ടുണ്ട്).  പുനരധിവസിക്ക പെട്ട ആദിവാസികളിൽ മിക്കവരുടെയും ജീവിത നിലവാരം അവരുടെ വനമേഖലയിലെ അയൽക്കാരേക്കാൾ പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നു.  ആ  ആദിവാസികളിൽ പലർക്കും ഇന്ന്  സ്വന്തമായി ഭൂമിയുണ്ട്, ട്രാക്ടർ ഉണ്ട്. അവരുടെ കുട്ടികൾ സ്കൂളിൽ പോകുന്നു. ചില ആദിവാസികളെങ്കിലും കോടിപതികളായതായി റിപ്പോർട്ടുകൾ വരുന്നു. ലിബറൽ ഹാറ്റിനു പുറകെ പോയവരൊക്കെ ഇതൊക്കെ ഒന്ന് വായിക്കുക. പ്രത്യേകിച്ച് ‘ഇടതു പക്ഷം’. ഇന്ത്യൻ എക്സ്പ്രസ്സ് ശേഖർ ഗുപ്ത പറഞ്ഞത് ഉദ്ധരിച്ചാലേ   ആശയം മുഴുവനാകുകയുള്ളു. അദ്ദേഹത്തിൻ്റെ ട്വിറ്റെറിൽ പറഞ്ഞു  “Trust Swaminathan Aiyar for honesty so rare in our public debate. Anti-Narmada campaign wasn’t just a giant con, it was another far-Left “block everything” hobbyhorse at the cost of the poor, farmers, & tribals. India should thank people of Gujarat & MP for defeating it. ( നർമദ ബച്ചാവോ ‘ആന്തോളൻ’ വെറുമൊരു  കബളിപ്പിക്കൽ ആയിരുന്നു. അത് തീവ്ര ഇടതു പക്ഷത്തിൻ്റെ എല്ലാം തടസ്സപ്പെടുത്തുക എന്ന വെറും മരക്കുതിര സ്വഭാവം മാത്രമായിരുന്നു. പാവപെട്ട കർഷകരെയും ആദിവാസികളുടെയും ചിലവിൽ നടത്തിയ ഒരു തടസ്സപ്പെടുത്തൽ മാത്രമായിരുന്നു അത്. അവരെ പരാജയപെടുത്തിയതിന് നമുക്ക് ഗുജറാത്ത് സർക്കാരിനോടും മധ്യപ്രദേശ് സർക്കാരിനോടും നന്ദിപറയണം).  പൊതു ഇടങ്ങളിൽ   ഇതിൽ കൂടുതൽ പരുഷമായ ഭാഷ  ഉപയോഗിക്കാൻ കഴിയില്ല. അന്ന്  ഇക്കാര്യത്തിൽ പ്രതികരിച്ച കേരളത്തിലെ എല്ലാ ‘ഇടതു പക്ഷ’  പ്രേമികൾക്കും ഈ ഭാഷ സമർപ്പിക്കുന്നു.

വാൽക്കഷ്ണം: ഈ നാട്ടിലെ ചിന്താശക്തിയുള്ള സോഷ്യലി കോൺഷ്യസ് ആയ എല്ലാ വ്യക്തികളും പുരോഗമനം, മാറ്റം ആഗ്രഹിക്കുന്നവരാണ്. പക്ഷെ നിങ്ങൾ പറയുന്ന പുരോഗമനമല്ല എൻ്റെ പുരോഗമനം. അതുകൊണ്ട്  പുരോഗമനത്തിന് കൂട്ടുനിൽക്കുന്നവരാണ് ഇടതു പക്ഷമെങ്കിൽ അത് വൻ പ്രൊജെക്ടുകളും വൻ സ്വപ്നങ്ങളും ഏറ്റെടുത്ത് നിറവേറ്റുന്ന ലക്ഷകണക്കിന് സാധാരണക്കാരായ മനുഷ്യരുടെ  ജീവിത നിലവാരം ഉയർത്തുന്ന അംബാനിയും അദാനിയുമാണതിന്   അവകാശികൾ. “Block everything” hobbyhorse കൾ,  മൂരാച്ചി   വലതു പക്ഷ മാണ് .   പുരോഗമനവും മാറ്റവും വിശാലവീക്ഷണത്തോടെ ഉള്ള യുക്തിവാദവും   ‘പഴയ യുക്തിവാദ സാഹിത്യ’ ത്തിൽ നിന്നും മുന്നോട്ടുപോയവരിലാണ്.  നിങ്ങളുടെ ഇടതു പക്ഷം  അതൊരു അവകാശവാദം മാത്രമാണ്.  അതിൽ ഫ്രീ ആയുള്ള ഫ്രീ തിങ്കിങ് ഇല്ല.

ഇനി കുറച്ചു യുക്തിവാദി ‘തറവാടിത്തം’ ഇല്ലായ്മയെ കുറിച്ച് സംസാരിക്കാം.  ‘നവ നാസ്തികത’, ‘അഞ്ചാം മതം’ വലതു പക്ഷ നാസ്തികത എന്നിവ ചർച്ചചെയ്യാം. ഇവിടെയും ഒരു ഫ്രീ തിങ്കറിനു  നിരക്കാത്ത  തൻപോരിമകളും കുടിപ്പകകളും പടലപ്പിണക്കങ്ങളിലെ അരിശങ്ങളും ഈ വാക്കുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നതായാണ്  കാണാൻ കഴിയുന്നത്.  എന്താണീ നവ നാസ്തികത. Neo Atheism. അതൊരു പൂർവ്വാധികം അഭികാമ്യമായ നാസ്തികതയുടെ വളർച്ചയല്ലേ..? നിന്ദയോടെ ആ വാക്ക് ഉപയോഗിക്കപ്പെടേണ്ടതാണോ. കേരളത്തിൽ ‘ഇപ്പോൾ’ നാസ്തികതയിലേക്ക് ‘ആകൃഷ്ടരായി’ വന്നിരിക്കുന്ന യുവാക്കൾ അതി വികസിതമായ ലോക റേഷനലിസ്റ്റ് ചിന്താധാരകൾ ഉൾകൊണ്ടവരാണ്. ഇവരൊന്നും കേരളത്തിലെ ‘യുക്തിവാദ സാഹിത്യവുമായി പരിചയമില്ലാത്ത’ സ്വതന്ത്ര ചിന്തയിൽ ‘അകൃഷ്ടരായി’  വന്ന  പുതു മോടിക്കാരല്ല.   അതി  വിപുലമായ ആധുനിക റേഷനലിസ്റ്റ് ചിന്താ ധാര ഉൾകൊണ്ടാണ് അവർ വരുന്നത്.  ആധുനിക റേഷനലിസ്റ്റ് ചിന്താധാരകൾ Ayn Rand,  Lawrence M. Krauss, Christopher Hitchens, Richard Dawkins, Vilayanur  Ramachandran എന്നിവരിലൂടെയും മറ്റു പലരിലൂടെയും  വളരെ വികാസം പ്രാപിച്ചു എത്തിനിൽക്കുന്ന ചിന്താസരണിയാണത്. അവിടെ കഴിഞ്ഞകാല യുക്തിവാദികളെ ഉദ്ധരിച്ചു് കാര്യങ്ങളിലേക്ക് പോകേണ്ടതില്ല.  ആധുനിക റേഷനലിസ്റ്റ്  ചിന്താ  പദ്ധതി ദൈവ നിഷേധം  മത നിഷേധം എന്നീ വിഷയങ്ങളിൽ തങ്ങി നിൽക്കുന്നതല്ല. അത് ആധുനിക സയൻസിൻറെ ക്ലാരിറ്റി വളരെയേറെ   പ്രയോഗിക്കപെട്ട ചിന്താപദ്ധതിയാണ്. അത് ബ്രെയിൻ കെമിസ്ട്രിയും ന്യൂറോണ് കളെയും അവയുടെ പ്രവർത്തനങ്ങളും കൂടുതൽ മനസ്സിലാക്കിയ, ചിന്ത എന്നത് എന്താണ് എന്ന് കൂടുതൽ മനസ്സിലാക്കിയ; എന്താണ് അവബോധം, എന്താണ് ഓർമ്മ, എന്താണ് ഓർമ്മ ശക്തി എന്നിവയെ കൂടുതലായി മനസ്സിലാക്കിയ, അതിനനുസരിച്ചു് റേഷനലിസ്റ്റിക്കായി കാര്യങ്ങളെ വിലയിരുത്തുന്ന ഫ്രീ തിങ്കിങ് ധാരയാണ് ഇന്നത്തെ ‘നവ നാസ്തികർ’. പഴയകാല യുക്തിവാദികളിൽ അത് തങ്ങിനിൽക്കേണ്ട കാര്യമില്ല. കേരള ധൈഷണിക മണ്ഡലം കുറെ വാരിക എഴുത്തുകാരിലും പ്രാസംഗികരിലും സോഷ്യൽ മീഡിയകളിലും മാത്രം ഒതുങ്ങുന്നതല്ല. വളരെ  ഗഹനമായ അറിവ് നേടിയ മിലിയു ആണ് ഇന്നത്തെ കേരളത്തിലെ ധീഷണയുടെ മണ്ഡലം. ഗഹനമായി ക്ലാരിറ്റിയോടെ സംസാരിക്കുന്ന പലരെയും നിങ്ങൾക്കവിടെ കാണാം. ക്ലബ് ഹൗസ് എന്ന സോഷ്യൽ മീഡിയ  കളിലെ  ചർച്ചകൾ  ഒക്കെ  ഒന്ന് കേറി നോക്കിയാൽ നമുക്കത് അറിയാം.  യുക്തിവാദി തറവാടികൾ മാത്രം എത്തിപ്പെട്ട ഇടമൊന്നുമല്ല അത്.  കേരളത്തിലെ റേഷനലിസ്റ്റ് ധീഷണയുടെ മണ്ഡലം, നവ നാസ്തികർ,  സ്വന്തമായ കാഴ്ചപാടുകളുള്ളവരുടെ വലിയൊരു സമൂഹമാണത്.   പൊതുഇടങ്ങളിൽ ഇല്ലാത്തവർ കൂടി അകപെട്ട  വിപുലമായൊരു  സമൂഹമാണത്. ഇത് മനസ്സിലാക്കി എഴുതുകയും ഇടപടുകയുമൊക്കെ ചെയ്‌താൽ നല്ലത്. ഇല്ലെങ്കിൽ നേടിവെച്ച പ്രതിച്ഛായ തകർന്നുകൊണ്ടിരിക്കും. പല കഴിഞ്ഞകാല സിനിമ, കഥ,  കവിത ബുദ്ധിജീവികളെ പോലെ  പൊതുഇടങ്ങളിൽ അപ്രസക്തരാകും.

സാമൂഹിക പ്രതിബദ്ധതയോ റെബെല്ലിങ്ങോ വിപ്ലവമോ കലാപശേഷിയോടെ പ്രതികരിക്കലോ ഒന്നും സ്വതന്ത്ര ചിന്തയുടെ ഭാഗങ്ങളാകേണ്ടതില്ല. ഈ കാര്യങ്ങളുമായി യുക്തിവാദത്തെ കൂട്ടിക്കലര്‍ത്തി സംസാരിക്കുമ്പോള്‍ you are clumsy. റേഷനലിസം വേറെ. സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ വേറെ. കഴിഞ്ഞ കാലത്തെ സംപൂജ്യരായ വ്യക്തിത്വങ്ങൾ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തിപ്പോരുകയാണ് അവരുടെ പ്രധാന പ്രവർത്തനം. അവരിൽ പലരും  റേഷനലിസത്തിലെ നിരീശ്വരവാദത്തിലെ ചന്തം, ഫ്രീഡം കണ്ടറിഞ്ഞു മനസ്സിലാക്കി അതും അവരുടെ പ്രവർത്തന മേഖലയിൽ ഉൾപെടുത്തുകയാണ് ചെയ്തതത്. ഇന്നത് അങ്ങനെ തന്നെ ആകണമെന്നില്ല. സാമൂഹിക പ്രവർത്തനങ്ങൾ വേറെ റേഷനലിസ്റ്റ് ധൈഷണിക ചിന്താപ്രവർത്തനങ്ങൾ, ഇടപെടലുകൾ വേറെ. മുകളിൽ പറഞ്ഞ ലോക റേഷനലിസ്റ്റുകളാരും, ഒരു ബെർട്രൻഡ് റസ്സൽ അല്ലെങ്കിൽ ഒരു ഹിച്ചെൻസ് ഇവരൊന്നും സഹോദരൻ അയ്യപ്പൻ്റെ  പോലുള്ള സാമൂഹിക പ്രവർത്തനവും യുക്തിവാദവും കൊണ്ടുനടക്കുന്ന നിരീശ്വരവാദികളല്ല, റേഷനലിസ്റ്റുകളല്ല. അതുകൊണ്ട് മാത്രം അവരിൽ ഒരു കുറവും ഇല്ല. സാമൂഹിക പ്രവർത്തനം ഒരു ഫ്രീ തിങ്കർ ൻ്റെ പ്രൈമറി അർഹത ആകേണ്ട കാര്യമില്ല. നവ നാസ്തികത അഞ്ചാം മതം’ ‘യാന്ത്രികയുക്തിവാദത്തോടു യോജിപ്പില്ല’…. എന്നൊക്കെ ഒരു പുച്ഛത്തോടെ പ്രയോഗിക്കുമ്പോൾ നല്ല വശങ്ങളൊക്കെ ഞങ്ങളുടേത് തരത്തിലുള്ള അപ്പ്രോപ്രിയേഷൻ ആണ് നടത്തുന്നത്.

“സാമൂഹ്യ പുരോഗതിയുടെ ഒക്കെ പക്ഷത്തേക്ക് ചാഞ്ഞു തന്നെയേ’ ഒരു യുക്തിവാദിക്ക് നിൽക്കാനും നടക്കാനുമാവൂ”… ആരുടെ വീക്ഷണത്തിലുള്ള സാമൂഹിക പുരോഗതി..? വിഴിഞ്ഞം തുറമുഖ പ്രവർത്തന പക്ഷത്തേക്കാണോ അതോ അതിനെതിരായാണോ?  ഇതിലേതാണ് വലതു പക്ഷ മുൻവിധി. ‘കലാപശേഷിയോടെ പ്രതികരിക്കല്‍’. ഈ കാര്യങ്ങളുമായി റേഷനലിസത്തെ കൂട്ടിക്കലര്‍ത്തി സംസാരിക്കുമ്പോള്‍ you are clumsy. റേഷനലിസം വേറെ. സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ വേറെ. റേഷനലിസം റേഷനലിസമായി മാത്രം വീക്ഷിച്ചു അറിഞ്ഞു  റേഷനലിസ്റ്റ് ആയി മാത്രം ജീവിക്കാനും ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത് സുന്ദരമാണ്.  പക്ഷം ചേരുമ്പോൾ പലപ്പോഴും നിങ്ങൾക്കൊരു കോമ്പറൊമൈസ് ഡ്‌ ഫ്രീ തിങ്കർ ആകേണ്ടിവരുന്നു.

റിസെർവഷന് അനുകൂലമായി സംസാരിക്കണം അല്ലെങ്കിൽ സംസാരിച്ചില്ല എന്നത് ഒരു റേഷനലിസ്റ്റിന് പരിമിതി ആകേണ്ട കാര്യമില്ല. അതൊരു ദൂഷണം കണ്ടു പിടിക്കൽ മാത്രമാണ്. ഒരു വ്യക്തി സംവരണത്തിന് അനുകൂലമല്ല എന്ന് തന്നെ കരുതുക.  അതെങ്ങനെയാണ്  ഒരു റേഷനലിസ്റ്റിക് അല്ലാത്ത ചിന്ത ആകുന്നത്.  ജനാധിപത്യ അഭിപ്രായം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഒരു എതിരഭിപ്രായം പറഞ്ഞു  എന്ന് തന്നെ കരുതുക. അത് വർഷങ്ങളോളം വ്യക്തി ക്കെതിരായി  ഉദ്ധരിച്ചു നടക്കുന്നതിൽ  എവിടെയാണ്  യുക്തിവാദം .  യുക്തിവാദം പോയിട്ട് അതൊരു ദൂഷണ വാദം മാത്രമാണ്. സംഘർഷ ഭരിതമായ നമ്മുടെ ഭൂമികയിൽ,  മതങ്ങൾ പരസ്പരം മേന്മ പ്രകടിപ്പിച്ചു് മേൽക്കോയ്മ പറഞ്ഞു നടക്കുന്ന ഈ രാജ്യത്ത്   ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനെ,   എക്സ്ടെമ്പോറിയായി പറഞ്ഞു പോകുന്നതിനെ, ഭൂത ക്കണ്ണാടി വെച്ചെടുത്ത്,  ഭാഷാപ്രയോഗങ്ങൾ  അനലൈസ് ചെയ്ത്, വലതു പക്ഷ ചായ്‌വ് ആരോപിക്കുന്നതൊക്കെ യുക്തിവാദം പോയിട്ട് ധീഷണയിലെ കുള്ളത്തം എന്നെ പറയാനൊക്കൂ.

ഒരു ഫ്രീ തിങ്കർ വിലയിരുത്തപ്പെടേണ്ടത് ആ വ്യക്തിയുടെ  ഇന്റലെക്ച്വൽ ഹോണസ്റ്റി യെ വായിച്ചുകൊണ്ടായിരിക്കണം.  ‘ചായാതെ ചരിയാതെ’  സ്വന്തം ധീഷണയോട് സത്യസന്ധത പുലര്‍ത്തി സംസാരിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കണം. എന്ത് നിലപാടെടുത്തു എന്നതിനെ ആശ്രയിച്ചിട്ടായിരിക്കരുത്. അതാണ് അപരന്റെ  അഭിപ്രായം മാനിക്കൽ.  ഇന്റലെക്ച്വൽ സത്യസന്ധത  വിലയിരുത്താൻ കഴിവുള്ള വലിയൊരു നിര നവ നാസ്തികർ, ധീഷണകൾ,  കേരളത്തിൽ വളർന്നു വന്നിട്ടുണ്ട്.  അവരാവശ്യപ്പെടുന്ന, പ്രതീക്ഷിക്കുന്ന, ധീഷണയിലെ സത്യസന്ധത  പ്രത്യേകിച്ച് സൊ കാൾഡ് ഇടതു ബുദ്ധിജീവികളിൽ, കേരളത്തിൽ, കാണുന്നില്ല.   ആ സത്യസന്ധത വിലയിരുത്താൻ കഴിവുള്ള വലിയൊരു നിര വ്യക്തിത്വങ്ങൾ കേരളത്തിലുണ്ടെന്ന കാര്യം ഈ ഇടതു പക്ഷ ബുദ്ധിജീവികൾ മനസ്സിലാക്കിയില്ല. അതുകൊണ്ടു തന്നെ അവർ അപ്രസക്തരായി കൊണ്ടിരിക്കുന്നുണ്ട്. മീഡിയകളിൽ  അവർ  പരിഹാസ്യരാകുന്നു.  പഴയ പോലെ കഥ കവി ബുദ്ധിജീവികളെയും സിനിമ ബുദ്ധിജീവികളെയും കേരളം മാനിക്കുന്നില്ല.  അവരുടെ   സെലെക്ടിവ് മാനവികതയും  സെലക്ടീവ് അംനേഷ്യയും   വെളിവാക്കപ്പെട്ടു. അവർ പലരും കുക്കൂണിലാണ്. ഈ ബുദ്ധിജീവികൾക്ക് പുറത്തുവരാൻ ഭയമായി തുടങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു. ആ അവസ്ഥയിലേക്ക് ഒരു പറ്റം യുക്തിവാദി തറവാടികളും പതിയെ വീണുകൊണ്ടിരിക്കുന്നു.  ആ സ്‌പേസ് ‘നവ നാസ്തികർ’ കയ്യടക്കികൊണ്ടിരിക്കുകയാണ്. അതിലെ അസ്വസ്ഥത കൂടിയാണ് അവർ ‘വലതു പക്ഷമാണ് ഹിന്ദുത്വം ഒളിച്ചുകടത്തുകയാണ് മുതലായ അപരനെ ചൂണ്ടിയുള്ള എഴുത്തുകളും പ്രസംഗങ്ങളും.

ധീഷണയിലെ സത്യസന്ധതക്ക്, പൊതു ഇടങ്ങളിലെ ഹോണസ്റ്റിക്ക്, ‘ചായാതെ ചരിയാതെയുള്ള’ അഭിപ്രായങ്ങൾക്ക് വലിയ മൂല്യം ഉണ്ട്. സെലെക്ടിവ് മാനവികതയും സെലെക്ടിവ് പ്രതികരണങ്ങളുമല്ല നവ നാസ്തികരുടേത് എന്നതാണ് അവരുടെ ശക്തി. അക്കാര്യത്തിൽ യുക്തിവാദി തറവാടികളും, ‘ഇടതു പക്ഷ’  കവി, സിനിമ ബുദ്ധിജീവികളും വൻ പരാജയമാണ്.


Leave a Reply

Your email address will not be published. Required fields are marked *