മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ അയഥാര്‍ത്ഥ്യം, ഉപയോഗശൂന്യം; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു


“പൊതു/ഗവണ്മെന്റ് ഉടമയില്‍ സഹാറ മരുഭൂമി കിട്ടിയാല്‍ (ആവശ്യമുള്ളവനും ഇല്ലാത്തവര്‍ക്കുമായി വീതം വെച്ച്) അഞ്ചു വര്‍ഷത്തിനുള്ളില്‍ സഹാറയില്‍ മണ്ണിന്റെ ദൗര്‍ലഭ്യത അനുഭവപ്പെടും.” ഫ്രിഡ്മാന്‍ ഒരിക്കല്‍ പറഞ്ഞ തമാശയാണിത്. പക്ഷേ ഇപ്പോഴും കേരളത്തിലടക്കം പൊതുമേഖലക്കും, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും നല്ല വളക്കൂറുണ്ട്. ഒരു മെറ്റാഫിസിക്കല്‍ സ്റ്റേറ്റ്മെന്റിന് അപ്പുറം മിച്ചമൂല്യസിദ്ധാന്തം അടക്കമുള്ള മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ അയഥാർഥ്യവും, ഉപയോഗശൂന്യവുമാണ്; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു.

സോഷ്യലിസ്റ്റ് ചൂഷണ അന്ധവിശ്വാസങ്ങളും ഉത്പാദനക്ഷമതയും

തൊഴിലാളി ചൂഷണത്തിന്റെ മാര്‍ക്‌സിയന്‍ മാനദണ്ഡം മിച്ചമൂല്യം/ലാഭം എന്നതാണ്. മാര്‍ക്സിന്റെ അഭിപ്രായത്തില്‍, തൊഴിലാളികള്‍ തങ്ങളുടെ അധ്വാനത്താല്‍ സൃഷ്ടിക്കപ്പെട്ട എല്ലാ മൂല്യങ്ങളും നിലനിര്‍ത്തുകയോ നിയന്ത്രിക്കുകയോ ചെയ്യാത്തപ്പോള്‍, അവര്‍ ചൂഷണം ചെയ്യപ്പെടുന്നു. എന്നാല്‍ സമകാലികമായ തിരിച്ചറിവില്‍ നമുക്കറിയാം, ബിസിനസ് സംരംഭത്തിന് എടുക്കേണ്ടിവരുന്ന കടത്തിന്റെ വാര്‍ഷിക പലിശ, കെട്ടിടങ്ങള്‍ യന്ത്രസാമഗ്രികള്‍ മുതലായ സ്ഥിര മൂലധനത്തിനുണ്ടാകുന്ന തേയ്മാനം പരിഹരിക്കാന്‍ നീക്കിവെക്കുന്ന തുക, ഉത്പാദനത്തിന് പണം കൊടുത്തു മൂലധനം വാങ്ങിയ നിക്ഷേപകനും സംരംഭകനും കിട്ടേണ്ട ലാഭ വിഹിതം മുതല്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പിനും ഭാവിവളര്‍ച്ചക്കും ഉത്പാദനത്തിനും മാര്‍ക്കറ്റിങ്ങിനും എല്ലാം വേണ്ടി മാറ്റിവെക്കുന്ന തുക (retained earning)വരെ തൊഴിലാളികള്‍ക്കുള്ള കൂലി കഴിഞ്ഞുള്ള വരുമാനത്തില്‍ നിന്നാണ് വരുന്നത് എന്ന്.

ആയതിനാല്‍ ഒരു മെറ്റാഫിസിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഇന് അപ്പുറം മിച്ചമൂല്യസിദ്ധാന്തം ആധുനികലോകത്തെ ചൂഷണത്തെ നിര്‍വചിക്കാന്‍ അപര്യാപ്തവും ഉപയോഗശൂന്യവുമാണ്.ഒരു സമ്പദ് വ്യവസ്ഥയില്‍ തൊഴിലാളികളും ഉപയോക്താക്കളും ഉള്‍പ്പെടെയുള്ള സാമാന്യ മനുഷ്യര്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെയും ചൂഷണസാധ്യതകളെയും മറ്റേതെല്ലാം തരത്തിലാണ് വിലയിരുത്താനാകുക എന്ന് പരിശോധിക്കാനാണ് ഈ ലേഖനം.

മത്സരമാണോ സഹകരണമാണോ നല്ലത്?

ഉത്പാദന, തൊഴില്‍മേഖലകളില്‍ മത്സരമാണോ സഹകരണമാണോ ജനങ്ങളുടെ നിലനില്‍പ്പിനും പുരോഗതിക്കു നല്ലതെന്നു ഒരു സോഷ്യലിസ്റ്റ് അനുഭാവിയോട് ചോദിച്ചാല്‍, ഒറ്റയടിക്ക് കേള്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറുപടി സഹകരണം ആണെന്നായിരിക്കും. സോഷ്യലിസ്റ്റകള്‍ പൊതുവെ ബഹുരാഷ്ട്ര കുത്തകകളെ കുറിച്ച് വാചാലര്‍ ആകെമെങ്കിലും മത്സരങ്ങളെ ഒഴിവാക്കിയുള്ള സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രീകരണം (centralization) ഒരു സോഷ്യലിസ്റ്റ് ആശയമാണ്. ഒരു ഉത്പന്ന സേവനമേഖലയില്‍ ഒന്നോ രണ്ടോ ഉത്പാദകര്‍ മാത്രമാണ് ഉള്ളതെങ്കില്‍ അവിടെ ചോയ്‌സുകളുടെ അഭാവത്തില്‍ ഉപയോക്താക്കള്‍ക്കും, ഇപ്പറഞ്ഞ ഉത്പാദകര്‍ക്കു വേണ്ട അസംസ്‌കൃതവസ്തുക്കള്‍ എത്തിക്കുന്ന ഉത്പാദകനും ചൂഷണം നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉദാഹരണത്തിന് മില്‍മയുടെ കാര്യം തന്നെ എടുക്കാം. മത്സരം ഒഴിവാക്കുന്ന പക്ഷം കേരളത്തില്‍ പാല്, പാല് ഉത്പന്നങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും കൂടുതല്‍ വിലവാങ്ങാനോ ഗുണനിലവാരത്തില്‍ കുറവ് വരുത്തി മാര്‍ജിന്‍ നിലനിര്‍ത്താനോ ഉയര്‍ത്താനോ മില്‍മക്ക് അവസരമുണ്ട്. ചോയ്‌സ്‌കള്‍ കുറവായതിനാല്‍ ഉത്പാദകരുടെ കടുംപിടിത്തതിന് ഇരയാകുന്ന വിപണിയെ ക്യാപ്റ്റീവ് മാര്‍ക്കറ്റ് എന്ന് വിളിക്കുന്നു. ക്യാപ്റ്റീവ് മാര്‍ക്കറ്റ് ഇന് മറ്റു ഉദാഹരണങ്ങളാണ് കപ്പലുകളിലും സിനിമാ തിയറ്ററിലുമുള്ള ഷോപ്പുകളിലെ ഉപയോക്താക്കള്‍.

ഇനി സപ്ലൈ സൈഡ് പരിശോധിക്കുവാണെങ്കില്‍ ഇടത്തരം ക്ഷീരകര്‍ഷര്‍ മില്‍മ വഴിയുള്ള വിപണനം മാത്രമാണ് ചോയ്‌സ് എങ്കില്‍ കാലിത്തീറ്റയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ആണെങ്കില്‍ പോലും, മില്‍മ പറയുന്ന വിലയില്‍ മാത്രം നഷ്ടം സഹിച്ചു പാല്‍ വില്‍ക്കുവാനെ ക്ഷീരകര്‍ഷകന് കഴിയു. ഇവിടെ മില്‍മക്കു കര്‍ഷകന്റെ പശുക്കളുടെ ഉടമസ്ഥാവകാശമില്ലെങ്കിലും, പാലിന്റെ സപ്ലൈ നേരിട്ടല്ലാതെ തന്നെ മില്‍മയുടെ നിയന്ത്രണത്തിലാണ്. ഇത്തരം ചോയ്‌സ്‌കളുടെ അഭാവത്തില്‍ വിധേയപ്പെട്ട സപ്ലൈ, ക്യാപ്റ്റീവ് സപ്ലൈ എന്നറിയപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മൂലധനവും തൊഴില്‍ശക്തിയും ഉള്ളവരെ പ്രോത്സാഹിപ്പിച്ചു വിപണി മത്സരങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത് ഒരേ സമയം ഉപയോക്താക്കള്‍ക്കും തൊട്ടു മേളിലുള്ള (upstream) ഉത്പാദകര്‍ക്കും ചൂഷണസാദ്ധ്യതകള്‍ കുറക്കുന്നു.

മത്സരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സമ്പദ് വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിനെയും സമ്പദ് വ്യവസ്ഥയുടെ ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനെയുമൊക്ക സോഷ്യലിസ്റ്റ് വാദികള്‍ നഖശിഖാന്തം എതിര്‍ക്കാനുള്ള സൈദ്ധാന്തിക അടിത്തറ മറ്റു മാര്‍ക്‌സിയന്‍ നിര്‍വചനങ്ങളിലും കാണാനാകും. തൊഴിലാളികളുടെ സാങ്കേതികവൈദഗ്ദ്യം ഉയര്‍ത്താനും സ്‌പെഷ്യലൈസേഷന്‍ പ്രോത്സാഹിപ്പിക്കാനും അതുവഴി യന്ത്രവല്‍ക്കരണത്തിലൂടെയും വ്യവസായിക സ്ഥാപനങ്ങളുടെ മത്സരങ്ങളിലൂടെയും മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ഉത്പാദനക്ഷമത ഉയര്‍ത്താനായി സാമ്പത്തിക ശാസ്ത്രത്തിന്റ പിതാവായ ആഡം സ്മിത്ത് ഊന്നിപ്പറഞ്ഞ അധ്വാന വിഭജനം- (Division of labour ) എന്നതിനെ മാര്‍ക്‌സ് ആശയപരമായി വളരെയധികം എതിര്‍ത്തിരുന്നു.

ക്യാപറ്റിലിസത്തിലെ തൊഴില്‍ വിഭജനം

ക്യാപിറ്റലിസത്തിന്റെയും വ്യവസായിക ഉത്പാദനത്തിന്റെയും മുമ്പ് കൊല്ലന്‍, തുന്നല്‍ക്കാര്‍ മുതലായ ചെറുകിട ഉത്പാദകര്‍ സ്വന്തം ഉത്പാദനത്തില്‍ വൈദഗ്ദ്യം നേടിയിരുന്നു. ഈ ചെറുകിട ഉത്പാദകര്‍ മറ്റുള്ളവര്‍ സമാനമായ രീതിയില്‍ ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ക്കായി സ്വന്തം ഉത്പന്നങ്ങള്‍ കൈമാറ്റവും നടത്തിയിരുന്നു.ഇതിനെ മാര്‍ക്‌സ് സാമൂഹ്യപരമായുള്ള തൊഴില്‍ വിഭജനം (social division of labour ) എന്ന് വിളിച്ചു. ഇനി ക്യാപിറ്റലിസം കൊണ്ടുവന്ന യന്ത്രവല്‍ക്കരണം കൊണ്ട് വസ്ത്രങ്ങളുടെയും മറ്റും വ്യവസായിക നിര്‍മാണത്തിനു വേണ്ട മുഴുവന്‍ അധ്വാനം വ്യക്തി /തൊഴിലാളി എടുക്കേണ്ടതില്ല, പകരം യന്ത്രങ്ങള്‍ കൂടി ഉള്‍പ്പെട്ട ഉത്പാദനത്തിലെ ഉത്തരവാദിത്തങ്ങളെ വിഭജിച് പല തൊഴിലാളികള്‍ക്കായി നല്‍ക്കപ്പെട്ടു.അതില്‍ അവര്‍ക്കു യന്ത്രങ്ങളുടെ സഹായത്തോടെ സാങ്കേതിക മികവിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ കുറഞ്ഞ തൊഴില്‍ തീവ്രതയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനായി .

ഇതാണ് ക്യാപിറ്റലിസത്തിലെ /വ്യവസായിക നിര്‍മാണത്തിലെ തൊഴില്‍ വിഭജനം (division of labour). മാര്‍ക്‌സിന്റെ തൊഴില്‍ വിഭജന വിമര്‍ശനങ്ങളിലെ പ്രധാനമായ രണ്ടു കാര്യങ്ങള്‍ അതു മുതലാളികളുടെ സര്‍പ്ലസ് വാല്യൂ കൂട്ടുന്നു എന്നതും മൊത്തം ഉത്പാദനരീതിയും ഉത്പന്നവും സാമൂഹ്യമായ തൊഴില്‍ വിഭാജനരീതിയിലെ പോലെ (social division of labour) തൊഴിലാളിയുടെ നിയന്ത്രണത്തില്ലാത്തതിനാല്‍ തൊഴിലാളിയുടെ സംതൃപ്തികുറക്കുകയും, ഒരേ തൊഴില്‍ നിരന്തരം ചെയ്യുന്നതിലൂടെ വിരസത ഉണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളതൊക്കെയാണ്. ഒരു പടി കൂടി കടന്നു തൊഴിലാളിയെ (സൃഷ്ടാവിനെ )സ്വകാര്യ മൂലധനവും തൊഴില്‍ വിഭജനവും അവന്റെ സൃഷ്ടിയില്‍ (ഉത്പന്നതില്‍) നിന്നും അപരവല്‍ക്കരിക്കുന്നു എന്നും മാര്‍ക്‌സ് പറയുന്നു. ഇതില്‍ തൊഴിലാളിയുടെ വിരസതയും വിഷാദവും അകറ്റാന്‍ ആഡം സ്മിത്ത് പറയുംപോലെ തൊഴിലാളിക്കു പൊതുചിലവില്‍ കൂടുതല്‍ വിദ്യാഭ്യാസം നല്‍കണമെന്നുള്ളത് ദീര്‍ഘകാല പരിഹാരമായൊന്നും അംഗീകരിക്കാത്ത മാര്‍ക്‌സ് തൊഴില്‍തീവ്രതയും കുറഞ്ഞ ഉത്പാദനക്ഷമതയുമുള്ള തൊഴില്‍ സാമൂഹ്യ വിഭജനത്തെ (social division of labour )നിലനിന്ന വലിയ പ്രശ്‌നമായി കണ്ടില്ല . അങ്ങനെ സോഷ്യലിസ്റ്റ് സാഹിത്യത്തില്‍ സമ്പദ് വ്യവസ്ഥയുടെ ആധുനികവല്‍ക്കരണത്തിനെയും ഉയര്‍ന്ന ഉത്പാദനക്ഷമതയെയും പ്രോത്സാഹിപ്പിച്ച ആദം സ്മിത്ത് തൊഴിലാളി വിരുദ്ധനും പാരമ്പര്യവാദിയും തൊഴിലാളികളുടെ തൊഴില്‍തീവ്രത കുറയുന്നതിന് വേണ്ടിയുള്ള സ്വകാര്യനിക്ഷേപവും യന്ത്രവല്‍ക്കരണവും എതിര്‍ത്ത കാള്‍ മാര്‍ക്‌സ് തൊഴിലാളി സ്‌നേഹിയുമായി.

മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ അയഥാര്‍ത്ഥ്യം

അധ്വാനവിഭജനത്തെപറ്റിയുള്ള മാര്‍ക്‌സിന്റെ മറ്റൊരു നിരീക്ഷണവും മാര്‍ക്‌സിനു ശേഷമുള്ള നൂറ്റാണ്ടുകളിലെ യാഥാര്‍ത്യവുമായി ഒത്തുപോകാത്തതാണ്. അത് ഇപ്രകാരമാണ്.”എത്രത്തോളം ഉല്‍പ്പാദനക്ഷമമായ മൂലധനം വളരുന്നുവോ , അത്രയും അത് തൊഴില്‍ വിഭജനവും യന്ത്രങ്ങളുടെ പ്രയോഗവും വര്‍ദ്ധിപ്പിക്കുന്നു; തൊഴില്‍ വിഭജനവും യന്ത്രസാമഗ്രികളുടെ പ്രയോഗവും എത്രത്തോളം വ്യാപിക്കുന്നുവോ അത്രയധികം തൊഴിലാളികള്‍ക്കിടയില്‍ മത്സരം വ്യാപിക്കുന്നു, അവരുടെ വേതനം ഒരുമിച്ച് ചുരുങ്ങുന്നു.” എന്നാല്‍ മാര്‍ക്കറ്റില്‍ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്പാദനക്ഷമത വളര്‍ത്തുന്ന സംരംഭകര്‍ക്കും വ്യവസായമേഖലകള്‍ക്കും തൊഴിലിന്റെ ഡിമാന്‍ഡ് അനുസരിച്ചു മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കാനായി. മൊത്തം ഉത്പാദനക്ഷമത ഉയര്‍ന്നതിന്റെ ഫലമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെട്ട ഉത്പന്നങ്ങളുടെ വില കുറഞ്ഞതിനാല്‍, അതു തൊഴിലാളികളും അവരുടെ തലമുറകളും ആസ്വദിച്ചു . സമൂഹത്തിന്റെ ഭൗതിക പുരോഗതിക്കാവശ്യമായ കഴിവുകള്‍ വളര്‍ത്തുന്നത് അവഗണിച്ചു തുല്യതയില്‍ ഊന്നിയ ആത്മീയനിര്‍വൃതി കണ്ടുപിടിക്കാനുള്ള മാര്‍ക്‌സിന്റെ വ്യഗ്രത ഇതിലെല്ലാം കാണാന്‍ കഴിയും.(തുടര്‍ന്ന് വായിക്കാന്‍ റഫറന്‍സസ് കാണുക ).

മുട്ടത്തോടില്‍ മുടിവളര്‍ത്തുന്ന സാങ്കേതികവിദ്യ ഉപയോഗശൂന്യമാകുന്നതും, ഫിലിംക്യാമറ ബിസിനസ്സുകള്‍ കാലഹരണപ്പെട്ടു ഇല്ലാതാകുന്നതും ഉപയോക്താവിന്റെ താല്‍പ്പര്യം (ഡിമാന്‍ഡ് ) ഇല്ലായ്മ കൊണ്ടാണെന്നു സോഷ്യലിസ്റ്റുകള്‍ക്ക് മനസ്സിലായാലും, കാലഹരണപ്പെടുന്ന തൊഴിലുകള്‍ പീഡിതവര്‍ഗ സ്‌നേഹമെന്ന പേരില്‍ പൊതിഞ്ഞു പിടിക്കാന്‍ സോഷ്യലിസ്റ്റുകള്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. ഇതിനുള്ള സൈദ്ധാന്തിക അടിത്തറയും മാര്‍ക്‌സിനു നല്‍കാനായി.

മാര്‍ക്‌സ് ഘടനാപരമായ തൊഴിലില്ലായ്മ (structural unemployment) അഥവാ സാങ്കേതികവിദ്യ പുരോഗമിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥകളില്‍ കാലഹരണപ്പെടുന്ന തൊഴിലുകളുടെ വലിയ വിമര്‍ശകന്‍ ആയിരുന്നു. ഏംഗല്‍സ് ആദ്യവ്യവസായവിപ്ലവത്തില്‍ ഇംഗ്ലണ്ടില്‍ തൊഴിലാളികള്‍ നേരിടേണ്ടിവന്ന structured unemployment വിശദീകരിക്കാന്‍ ഉപയോഗിച്ച റിസേര്‍വ് ആര്‍മി ഓഫ് ലേബര്‍,(in his 1845 book The Condition of the Working Class in England.) കാള്‍ മാര്‍ക്‌സ് എന്നെന്നേക്കും ക്യാപിറ്റലിസത്തിനെ എതിര്‍ക്കേണ്ട ഒരു കാരണമായി അവതരിപ്പിച്ചു.

എന്നാല്‍ അനുകൂലമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ പുതിയതിനെ പഠിക്കാന്‍ മുതിര്‍ന്നു പഠിച്ചും കൂടുതല്‍ വരുമാനംനേടിയും വളര്‍ന്നുവെന്ന് മാത്രമല്ല സാങ്കേതികവിദ്യാഭ്യാസമികവിനു ആവശ്യമായ നിരവധി സ്ഥാപനങ്ങള്‍ തൊഴിലിടങ്ങള്‍ക്ക് അകത്തും പുറത്തുമായി സ്ഥാപിക്കപ്പെട്ടു. മാര്‍ക്‌സിന്റെ കാലം കഴിഞ്ഞുള്ള നൂറ്റാണ്ടുകളിലും നിരവധി തൊഴിലുകള്‍ കാലഹാരണപ്പെട്ടു.പകരം പുതിയ തൊഴില്‍ മേഖലകള്‍ ഉദയം ചെയ്തു. ഉത്പാദനക്ഷമത പടവലങ്ങപോലെ താഴേക്കു വളരുമ്പോള്‍ ഒരു സ്ഥാപനത്തില്‍ ഉണ്ടാകുന്ന ചൂഷണങ്ങളെപറ്റി പരിശോധിക്കാം.പ്രവര്‍ത്തനനഷ്ടം ചുരുക്കാന്‍ പോലുമുള്ള ഉത്പാദനക്ഷമത (പ്രോഡക്റ്റിവിറ്റി )ഇല്ലാത്ത കെഎസ്ആര്‍ടിസി തന്നെ ഉദാഹരണമായെടുക്കാം.

1200 ഇല്‍ അധികം തൊഴിലാളികള്‍ ജോലിക്ക് പോലും ഹാജര്‍ ആകുന്നില്ലെന്നും ഏകദേശം അത്രെയും തന്നെ ബസ്സുകള്‍ കട്ടപ്പുറത്താണെന്നും നിലവിലെ എംഡി പറയുന്നു. ഇവിടെ മൂലധനത്തിന്റെ ഉപയോഗം (capital allocation & utilization ) മുതല്‍, ചിലതൊഴിലാളികളുടെ തന്നെ വര്‍ക്ക് എത്തിക്‌സിന്റെ ആഭാവവും, മാനേജ്‌മെന്റ് പാളിച്ചകളും കെഎസ്ആര്‍ടിസി യില്‍ സമയത്തിന് ജോലി ചെയ്തു ഇന്‍സെന്റീവ്കള്‍/ശമ്പളം ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളം വൈകിപ്പിച്ചു ചൂഷണത്തിലേക്ക് തള്ളിവിടുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സ്‌പെഷ്യല്‍ പ്രിവിലേജ് നല്‍കാന്‍ പ്രൈവറ്റ്ബസ്സുകളുടെമേലുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചു മത്സരം ഇല്ലാതാക്കിയാലും കെഎസ്ആര്‍ടിസി യുടെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ശമിക്കുന്നില്ല എന്ന് മാത്രമല്ല, നഷ്ടത്തിലോടുന്ന പൊതുമേഖലയെ നിലനിര്‍ത്താന്‍ പൊതുജനങ്ങളെ നികുതിബാധ്യത കൊണ്ട് സര്‍ക്കാരിന് വീണ്ടും ചൂഷണം ചെയ്യേണ്ടി വരുന്നു.

ശമ്പളം കിട്ടാന്‍ വേണ്ടിയുള്ള തൊഴിലാളി സമരം കൊണ്ട് സര്‍വീസ് നിലക്കപ്പെടുന്നു. ശമ്പളം കൊടുക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ശ്രമിച്ചിട്ടും, ഉടമ എന്ന നിലയിലുള്ള നിയമബാധ്യതകളില്‍ നിന്നും ഊരിമാറാന്‍ സര്‍ക്കാരിനും ആവുന്നില്ല. ഇത്തരം കയ്ക്കുന്ന അനുഭവങ്ങള്‍ നിരവധി ഉണ്ടായിട്ടും വീണ്ടും ഇടതുബദല്‍ എന്ന പേരില്‍ ഓമനിച്ചു ഉത്പാദനക്ഷമത കുറഞ്ഞ തൊഴില്‍ ഉറപ്പു പ്രസ്ഥാനങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നത് ഭാവി നികുതിനായകരെയും ചൂഷണംചെയ്യും എന്നതില്‍ സംശയമില്ല.

ഉത്പാദനക്ഷമതയുടെ അഭാവം പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിനും വഴിവെക്കും. പൊതുവെ പറയാറുണ്ട് ക്യാപിറ്റലിസത്തിന്റെയും സാമ്പത്തികവളര്‍ച്ചയുടെ നെഗറ്റീവ് ആയിട്ടുള്ള പരിണിതഫലങ്ങളില്‍ ഒന്നാണ് മലിനീകരണം എന്നത്. എന്നാല്‍ പ്രോഡക്റ്റിവിറ്റി കൂടിയ സമ്പദ് വ്യവസ്ഥകള്‍ക്ക് കുറഞ്ഞ വിഭവ ഉപയോഗം കൊണ്ട് കൂടുതല്‍ വളര്‍ന്നു ഭൗതിക ജീവിതനിലവാരം വര്‍ധിപ്പിക്കാനുള്ള ഉത്പന്നങ്ങളും വരുമാനങ്ങളും സേവനങ്ങളും നിര്‍മ്മിക്കാനാകും. നേരെമറിച്ചു കുറഞ്ഞ ഉത്പാദനക്ഷമതയില്‍ ഡിമാന്‍ഡിനനുസരിച്ചല്ല, ഉത്പാദനം നടക്കുന്നതെങ്കില്‍ ഉണ്ടാകുന്ന വിഭവങ്ങളുടെ പാഴാക്കല്‍ കൂടുതലായിരിക്കും. ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന മിക്കവാറും എല്ലാ ഉത്പാന്നങ്ങളുടെയും പിറകില്‍ ഡിമാന്‍ഡിന് അനുസരിച്ചു ഉത്പാദനം നടത്തിയ കുറെ സംരംഭകരുണ്ട്.

കളക്റ്റീവ് ഫാര്‍മിങിന്റെ ഉദാഹരണം

സാങ്കല്‍പ്പികമായി നമ്മള്‍ ഇന്ന് ആസ്വദിക്കുന്ന ഉത്പന്നങ്ങള്‍ പൊതു ഉടമസ്ഥതയില്‍ ആണ് ഉത്പാദിക്കപ്പെട്ടതെന്നു വിചാരിച്ചാല്‍, സൃഷ്ടിക്കപ്പെടുന്ന മലിനീകരണം ഭീമമായിരിക്കും. ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞ നൂറ്റാണ്ടോടെ ഏകദേശം കാലഹാരണപ്പെട്ട കളക്റ്റീവ് ഫാര്‍മിങിന്റെ ഒരു ഉദാഹരണം എടുക്കാം. ചെക്കോസ്ലോവാകിയയില്‍ 1960 കളില്‍ നിലനിന്നിരുന്ന സ്റ്റേറ്റിന്റെ നിര്‍ദേശം അനുസരിച്ചുള്ള കളക്റ്റീവ് ഫാര്‍മിങ്ങില്‍, കോര്‍പറേറ്റീവ്കള്‍ക്ക് കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ഇന്‍സെന്റീവ്കള്‍ ഇല്ലാത്തതുകാരണം ചിലവുകള്‍ കണക്കിലെടുക്കാതെ ലഭ്യമായ മിക്കവാറും എല്ലാ ഭൂമിയും കൃഷി ചെയ്യപ്പെട്ടു.

തല്‍ഫലമായി മണ്ണും ജലവും കൂടുതല്‍ മലിനികരിക്കപ്പെട്ടു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വേണ്ടതിലും അധികം പേര്‍ കാര്‍ഷിക ഉത്പാദനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഉണ്ടായ പ്രകൃതി വിഭവങ്ങളുടെ ദുര്‍വിനിയോഗവും മലിനീകരണവും വര്‍ധിച്ചു. പുതിയൊരു സാങ്കേതികവിദ്യയോ, യന്ത്രസാമഗ്രികളുടെ ഉപയോഗമോ വിഭവങ്ങളുടെ ഉപയോഗം മിതപ്പെടുത്തുമെങ്കില്‍ അതു ചില തൊഴില്‍നഷ്ടം ഉണ്ടാക്കുമെങ്കിലും, ഉള്‍ക്കൊള്ളുന്നത് സമൂഹ്യ പുരോഗതിക്കു അതു ഗുണമേ ചെയ്യൂ.

അടിസ്ഥാനപരമായി സോഷ്യലിസ്റ്റുകള്‍ എതിര്‍ക്കുന്ന money വ്യവസ്ഥ ഉയരുന്ന/താഴുന്ന ഡിമാന്‍ഡിന്റെ സിഗ്‌നലും കൂടിയാണ്. ഡിമാന്‍ഡ് ഉയര്‍ന്നു വില ഉയരുമ്പോള്‍ അതു ഇന്‍സെന്റീവ് ആയി കണ്ടു കൂടുതല്‍ ഉത്പന്നങ്ങള്‍ വിഭവങ്ങളും തൊഴില്‍ശക്തിയും ഉപയോഗിച്ച് ഉത്പാദിപ്പിക്കാന്‍ ഉത്പാദകര്‍ തയ്യാറാകും. വില ഇടിയുമ്പോള്‍ നേരെ മറിച്ചു വിഭവങ്ങളുടെ ഉപയോഗം മിതപ്പെടുത്തി ഉത്പാദനം കുറയ്ക്കാന്‍ ഉത്പാദകര്‍ പ്രേരിതരാകുന്നു. ഇത്തരത്തില്‍ വിലനിലവാരം ഉത്പാദനത്തിന് വേണ്ടിവരുന്ന വിഭവങ്ങളുടെ പാഴാക്കല്‍ മിതപെടുത്തുന്നു. ഇതിന് ബദല്‍ ആയുള്ള സോഷ്യലിസ്റ്റ് രീതി പരാജയമായിരിക്കും എന്നത് ലളിതമായി മനസ്സിലാക്കാന്‍ ഫ്രിഡ്മാന്റെ ഒരു തമാശ പറയാം. ”പൊതു/ഗവണ്മെന്റ് ഉടമയില്‍ സഹാറ മരുഭൂമി കിട്ടിയാല്‍ (ആവശ്യമുള്ളവനും ഇല്ലാത്തവര്‍ക്കുമായി വീതം വെച്ച്) ,അഞ്ചു വര്‍ഷത്തിനുള്ളില്‍ സഹാറയില്‍ മണ്ണിന്റെ ദൗര്‍ലഭ്യത അനുഭവപ്പെടും .”

ചുരുക്കത്തില്‍, ഇന്നത്തെ നിലയില്‍ ചൂഷണം, അനീതി എന്നിവ സമ്പത് വ്യവസ്ഥയില്‍ പല റോളുകള്‍ക്കു തമ്മില്‍ തന്നെയും നടത്താവുന്ന ഒന്നാണ്. ഉത്പാദന ക്ഷമത കുറഞ്ഞ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഉടകമള്‍ക്കും തൊഴിലാളികള്‍ക്ക് മോശം തൊഴിലിടങ്ങള്‍ നല്‍കിയും കോണ്‍ട്രാക്ട് പ്രകാരമല്ലാത്ത വേതനം നല്‍കാതെയും ചൂഷണം ചെയ്യാം. ഉത്തരവാദിത്തം, എത്തിക്‌സ് കുറവുള്ള തൊഴിലാളികള്‍ക്ക് കൂടെയുള്ള തൊഴിലാളികളെയും സ്ഥാപന ഉടമയെയും നിക്ഷേപകരെയും ചൂഷണം ചെയ്യാം. ഉപയോക്താവിന് ഇഷ്ടമില്ലാത്ത സേവനങ്ങള്‍ അടിച്ചേല്‍പ്പിച്ചു നോക്കുകൂലി പോലുള്ള സമ്പ്രദായങ്ങള്‍ വഴി തൊഴിലാളികള്‍ക്ക് ഉപയോക്താക്കളെ/പൊതുജനങ്ങളെ ചൂഷണം ചെയ്യാം.

ഉത്പാദനക്ഷമമല്ലാത്ത ഉത്പാദനത്തിന് വേണ്ടി പ്രകൃതി വിഭവങ്ങളും വലിയതോതില്‍ ചൂഷണം ചെയ്യപ്പെടാം.സാധാരണ ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഭരണത്തിലേറി അതു നിറവേറ്റാന്‍ ഇതേ സാധാരണ ജനങ്ങളുടെ മേല്‍ നികുതി ഭാരം ചുമത്തിയും പ്രോഡക്റ്റീവ് സ്പെന്‍ഡിംഗ് കുറച്ചും സര്‍ക്കാരിന് ചൂഷണം ചെയ്യാം.ഉത്പാദനക്ഷമത തളരുമ്പോളും കടം പെരുകുമ്പോളും ചിലവിനു അനുസരിച്ചു നികുതിവരുമാനം വളരാത്തത് ഉത്തരവാദിത്വമില്ലാതെ money പ്രിന്റ് ചെയ്യുന്നതിലൂടെ(deficit Financing )നികത്തി വിലക്കയറ്റം സൃഷ്ടിച്ചും സര്‍ക്കാരുകള്‍ക്ക് ജനങ്ങളെ കബിളിപ്പിക്കാം. ഇതുമെല്ലാം പോരാഞ്ഞു പ്രോഡക്റ്റീവ് കപ്പാസിറ്റിയുള്ള രാജ്യങ്ങളില്‍ ഇരുന്നു, അല്ലെങ്കില്‍ കൂടുതല്‍ പ്രൊഡക്റ്റീവ് ആയുള്ള മേഖലകളില്‍ ജോലി ചെയ്തു ഉയര്‍ന്ന വരുമാനം നേടി സ്വദേശിയരായ പാവങ്ങളുടെ ജീവിതനിലവാരം നിക്ഷേപവും സംരംഭകത്വവും കൊണ്ട് നന്നാകരുതെന്നു ശഠിച്ചുള്ള കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് സാഹിത്യം പടര്‍ത്തി ബൗദ്ധികമായി വരെ ചൂഷണം നടത്താം.

References for more reading:
1. https://unctad.org/topic/least-developed-countries/productive-capacities-index
2. Nokkukooli verses: https://www.marxists.org/archive/marx/works/1867-c1/ch15.htm#S6
3. https://essenseglobal.com/economy/productivity-life-standard/
4. Division of labour chapter from das capital: https://www.marxists.org/archive/marx/works/1867-c1/ch14.htm#S4