ചാപ്പയടിയുടെ മനഃശാസ്ത്രം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“ഒരു വ്യക്തിയുടെ മുന്നിലേക്ക് വസ്തുതകള്‍ നിരത്തുമ്പോള്‍ അത് അവരുടെ മൂല്യങ്ങളുമായോ വിശ്വാസങ്ങളുമായോ പൊരുത്തപ്പെടാത്തപ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് cognitive dissonance. വല്ലാതെ ദാഹിച്ചിരിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ കിട്ടാത്ത അസ്വസ്ഥതയോട് ഇതിനെ ഉപമിക്കാം. സിഗരറ്റ് വലി ഇഷ്ട്ടപ്പെടുന്ന ഒരാള്‍ക്ക് സ്വാഭാവികമായും അറിയാവുന്ന ഒരു കാര്യം ആണ് പുകവലി ആരോഗ്യത്തിന് ഹാനികരം ആണ് എന്നത്. എന്നിട്ടും പുകവലി തുടരണം എങ്കില്‍ തന്റെ തീരുമാനത്തെ അയാള്‍ സ്വയം ന്യായീകരിക്കേണ്ടതുണ്ട്.”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

ചാപ്പയടിക്കും മുമ്പ് ഇതൊന്ന് വായിക്കുക!

‘Man does not see reality as it is, but only as he perceives it, and his perception may be mistaken or biased.’ – Rudolf Dreikurs`- മറ്റൊരു വ്യക്തിയുമായി ഒരു വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടണമെങ്കില്‍ അയാള്‍ ചിന്തിക്കുന്നത് എങ്ങനെ എന്ന് നമ്മള്‍ പ്രവചിക്കേണ്ടതുണ്ട്. പലപ്പോഴും മറ്റുള്ളവര്‍ക്ക് തന്നില്‍ നിന്ന് വ്യത്യസ്തമായ ധാരണകള്‍ ഉണ്ടെന്നും, അവര്‍ ഒരു സംഭവത്തെ വിശകലനം ചെയ്യുന്നത് വ്യത്യസ്തമായിട്ടായിരിക്കും എന്ന വസ്തുത നാം മറന്നു പോകും. നമ്മള്‍ക്കുള്ള അതേ ഇന്‍ഫൊര്‍മേഷന്‍ ആണ് അവര്‍ക്കുള്ളത് എന്നും അവര്‍ നമ്മളെ പോലെ എന്തേ ചിന്തിക്കുന്നില്ല, എന്ന് നമ്മള്‍ കുണ്ഠിതപ്പെടും. അതായത് എതിര്‍ കക്ഷിയുടെ വീക്ഷണകോണിലൂടെ കാണാന്‍ സാധിക്കാത്ത അവസ്ഥ.

തര്‍ക്കങ്ങള്‍ക്ക് ഒരു പര്യവസാനം ഇല്ലാതെ ഇരിക്കാന്‍ ധാരാളം ധാരണാ പക്ഷപാതിത്വങ്ങള്‍ (cognitive biases) ഉണ്ട്. അവയില്‍ ചിലതാണ് ചുവടെ കൊടുത്തിരിക്കുന്നത്.

എന്താണ് cognitive dissonance ?

ഒരു വ്യക്തിയുടെ മുന്നിലേക്ക് വസ്തുതകള്‍ നിരത്തുമ്പോള്‍ അത് അവരുടെ മൂല്യങ്ങളുമായോ വിശ്വാസങ്ങളുമായോ പൊരുത്തപ്പെടാത്തപ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് cognitive dissonance. വല്ലാതെ ദാഹിച്ചിരിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ കിട്ടാത്ത അസ്വസ്ഥതയോട് ഇതിനെ ഉപമിക്കാം. സിഗരറ്റ് വലി ഇഷ്ട്ടപ്പെടുന്ന ഒരാള്‍ക്ക് സ്വാഭാവികമായും അറിയാവുന്ന ഒരു കാര്യം ആണ് പുകവലി ആരോഗ്യത്തിന് ഹാനീകരം ആണ് എന്നത്. എന്നിട്ടും പുകവലി തുടരണം എങ്കില്‍ തന്റെ തീരുമാനത്തെ അയാള്‍ സ്വയം ന്യായീകരിക്കേണ്ടതുണ്ട്. Cognitive dissonance ഉണ്ടായാല്‍ പിന്നെ അതിനെ മറികടക്കാന്‍ രണ്ട് മാര്‍ഗങ്ങളെ ഉള്ളു. ഒരു പക്ഷെ വര്‍ഷങ്ങളോളം എടുത്തു പഠിച്ച നറേറ്റീവുകള്‍ തെറ്റാണെന്നു തിരിച്ചറിഞ്ഞു പുതിയ വസ്തുതകള്‍ തേടി പോകുക. അല്ലെങ്കില്‍ തന്റെ വിശ്വാസങ്ങള്‍ ശരിയാണെന്ന് തന്നെയും പിന്നെയും ബോധ്യപ്പെടുത്തുക.

വിവിധതരം ബയാസുകളെ അറിയാം

തന്റെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ വസ്തുത പറഞ്ഞ ആളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുക, അയാള്‍ ഒരു മോശം വ്യക്തിയാണ് എന്ന് വിശ്വസിപ്പിച്ചു താന്‍ സ്വയം intellectually & morally superior ആണ് എന്ന് സ്വയം ബോധ്യപ്പെടുത്തുക. ഭൂരിപക്ഷം ആളുകളും ഈ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുക.

Confirmation bias എന്നത് ഒരാളുടെ മുന്‍ വിശ്വാസങ്ങളെയോ മൂല്യങ്ങളെയോ സ്ഥിരീകരിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ രീതിയില്‍ വിവരങ്ങള്‍ തിരയാനും വ്യാഖ്യാനിക്കാനും അനുകൂലിക്കാനും ഉള്ള പ്രവണതയാണ്.

Sunk cost bias എന്നാല്‍ ഒരു കാര്യത്തിന് ആനുകൂല്യങ്ങളേക്കാള്‍ ചിലവ് കൂടുതലാണെങ്കിലും, ഒരുപാട് സമയമോ പരിശ്രമമോ പണമോ അതില്‍ നിക്ഷേപിച്ചു പോയി എന്ന കാരണം കൊണ്ട് ആ കാര്യം പിന്തുടരാനുള്ള ഒരാളുടെ പ്രവണതയാണ്.
Backfire effect എന്നാല്‍ അവരുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന വസ്തുതകള്‍ നേരിടുമ്പോള്‍ ആ തെളിവുകള്‍ നിരസിക്കാനും തന്റെ തെറ്റായ വിശ്വാസത്തെ ഒന്ന് കൂടി മുറുക്കിപ്പിടിക്കാനുള്ള ഉള്ള പ്രവണത.

Curse of knowledge ഒരു ആശയം നിങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നെ ആ അറിവ് ഉണ്ടാകുന്നതിനു മുന്‍പുള്ള നിങ്ങളുടെ അവസ്ഥ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. തനിക്ക് ഇപ്പോള്‍ നിസ്സാരമായി തോന്നുന്ന ആ അറിവ് മറ്റേയാള്‍ക്കും വെറുതെ ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ എന്നു തെറ്റിദ്ധരിക്കുന്നു.

ഇതിനെ കുറിച്ച് മനോജ് ബ്രൈറ്റ് എഴുതിയ മനോഹരമായ ലേഖനം: https://essenseglobal.com/opinion/popular-science/

Hindsight bias- ഒരു പ്രവര്‍ത്തിയുടെ പരിണിതഫലം എന്താണ് എന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിചാരിക്കുക. എന്നാല്‍ ആ പരിണിതഫലം എന്താണ് എന്ന് നിങ്ങളുടെ എതിരാളിയും നിങ്ങളെ പോലെ തന്നെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് തെറ്റിദ്ധരിക്കുക. False consensus- വളരെ സമയം ചിലവാക്കി ആലോചിച്ചു നിങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി എന്ന് വിചാരിക്കുക. അപ്പോള്‍ മറ്റുള്ളവരും നിങ്ങളെപ്പോലെ അത്രയും തന്നെ പരിശ്രമം ഇട്ട് ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കുമെന്ന് തെറ്റിദ്ധരിക്കുക.

Lens problem- മറ്റുള്ളവര്‍ നിങ്ങള്‍ ചിന്തിക്കുന്നത് പോലെ ആണ് ചിന്തിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുക. എന്നിട്ട് എന്തേ അവര്‍ നിങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നില്ല എന്ന് വണ്ടറടിക്കുക.

മണിപ്പൂരിലെ ഉദാഹരണങ്ങള്‍

ഉദാഹരണത്തിന് മണിപ്പൂര്‍ വിഷയമെടുക്കുക. ഞാന്‍ 2000ത്തില്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍ quota വഴി എല്ലാ ബാച്ചിലും മണിപ്പൂരില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും കുട്ടികള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. എന്റെ ക്ലാസ്സില്‍ തന്നെ രണ്ടു പേര്‍ ഉണ്ടായിരുന്നു. അന്നേ അവര്‍ പറഞ്ഞിട്ടുണ്ട് മണിപ്പൂര്‍ വളരെ അധികം വയലന്‍സ് ഉള്ള സ്ഥലമാണെന്ന്. ഗോത്രങ്ങള്‍ തമ്മില്‍ ആക്രമണങ്ങളും അനവധി തീവ്രവാദ ഗ്രൂപ്പുകളും ഉണ്ട്. രണ്ട് ഗോത്രത്തിലെ ചെറുക്കനും പെണ്ണും കഫെയില്‍ പ്രണയിച്ചിരിക്കുമ്പോള്‍ അവിടേക്ക് ഈ ഗ്രൂപ്പില്‍ പെട്ട തീവ്രവാദികള്‍ വന്നു കേറിയാല്‍ ഇവരെ ചോദ്യം ചെയ്തു അവരുടെ ഐഡന്റിറ്റി മനസ്സിലാക്കി, തങ്ങളുടെ ഗോത്രത്തില്‍ പെടുന്ന ആള്‍ അല്ലെങ്കില്‍ വെടി വച്ച് കൊല്ലുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട് എന്ന് ഈ കൂട്ടുകാര്‍ ഞങ്ങളോട് പറഞ്ഞപ്പോ അന്ന് അത് ഞങ്ങള്‍ വിശ്വസിച്ചില്ല. ഞങ്ങളുടെ ഭാവനക്ക് വെളിയില്‍ ആയിരുന്നു ഈ പറഞ്ഞ കാര്യങ്ങള്‍. എന്നാല്‍ അവര്‍ പറഞ്ഞത് നൂറു ശതമാനവും സത്യമായിരുന്നു. ഇത് 23 വര്‍ഷം മുമ്പ് ഞങ്ങളോട് പറഞ്ഞ കാര്യമാണ് എന്നോര്‍ക്കണം.

അതായത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍. എന്നാല്‍ ഈ കലാപങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അമ്പേ പരാജയപ്പെട്ടു എന്നത് നിസ്തര്‍ക്കമാണ്. ആ ഉത്തരവാദിത്വത്തില്‍ നിന്ന് ബിജെപി’ക്ക് പിന്മാറാന്‍ കഴിയില്ല. ചരിത്രം കുഴിക്കുന്നവര്‍ അവര്‍ക്ക് ആവശ്യം ഉള്ള വിവരം കിട്ടിയാല്‍ കുഴിക്കല്‍ നിര്‍ത്തുകയാണ് പതിവ്. ക്രിസ്ത്യന്‍ പള്ളികള്‍ കത്തിക്കുന്നു എന്ന ഇര്‍ഫര്‍മേഷന്‍ കിട്ടിയവര്‍ അവിടെ കുഴി നിര്‍ത്തുന്നു. അവര്‍ക്ക് അത്രയും മതി. അവര്‍ പഠിച്ച ആഖ്യാനങ്ങളെ തൃപ്തിപ്പെടുത്തുന്ന വിവരം ആണ് അത്.

ഒരു വിഷയത്തെ കുറിച്ചുള്ള ലേഖനങ്ങളും വീഡിയോകളും കണ്ടിട്ട് നിങ്ങള്‍ക്ക് ആ ആശയങ്ങള്‍ ബോധ്യപ്പെടാതെ ഇരിക്കുകയും, അവര്‍ വെളുപ്പിക്കുന്നു എന്ന് തോന്നി ചാപ്പ അടിക്കുന്നതിനു മുമ്പ് ഒന്ന് കൂടി താഴെ പറഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങള്‍ ചെയ്യൂ.

1. അവര്‍ പറഞ്ഞതില്‍ വസ്തുതാവിരുദ്ധമായ അസത്യം എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ചിന്തിക്കുക.

2. നിങ്ങള്‍ ഒരു സിവില്‍ സര്‍വീസ് പരീക്ഷയുടെ ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ഒരു വിദേശ മാധ്യമത്തിന്റെ ജേര്‍ണലിസ്‌റ് ആണ് എന്ന് സങ്കല്‍പ്പിക്കുക. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം വന്നാല്‍/അതൊരു റിപ്പോര്‍ട്ട് ആക്കി എഴുതാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വസ്തുതാപരമായി എന്താണ് എഴുതാന്‍ പോകുന്നത്? അത് സമയമെടുത്ത് അന്വേഷിച്ചു വായിച്ചു എഴുതുക.

അങ്ങനെ ചെയ്യാന്‍ ആരെങ്കിലും ഒരുമ്പെട്ടിരുന്നെങ്കില്‍ പലപ്പോഴും ചാപ്പ വെളിയില്‍ എടുക്കേണ്ട കാര്യം ഉണ്ടാവുമായിരുന്നില്ല. എന്നിട്ടും ചാപ്പ അടിക്കേണ്ടി വരുന്നതിന് കാരണം മേല്‍ പറഞ്ഞ ധാരണാ പക്ഷപാതിത്വങ്ങള്‍ ആണ്.