ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു


“ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് എതിരെയുള്ള മതനിന്ദ കേസിലൂടെ സ്ഥിരീകരിക്കപെടുന്നത്. ഇതുവരെ രണ്ടും വ്യത്യസ്ത ഐറ്റങ്ങളാണ് ഞങ്ങള്‍ ഹിന്ദുത്വ ബ്രാന്‍ഡിനെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ എന്നൊക്കെ ഓളം തള്ളി നിന്ന ടീമുകളൊക്കെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് സാരം.”- സി രവിചന്ദ്രന്‍ എഴുതുന്നു

ഹിന്ദുത്വ = 100% ഹിന്ദുയിസം

‘ഹിന്ദുത്വ’ വ്യാജമാണെന്ന് പറഞ്ഞതിന് അറസ്റ്റ് ചെയ്തു! ഈ വാര്‍ത്തയുടെ ഉള്ളടക്കം അങ്ങേയറ്റം അപകടകരമായ സൂചനകളാണ് കൊണ്ടുവരുന്നത്. ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി? ശരിയാണല്ലോ, ‘ഹിന്ദുത്വ’വ്യാജമാണെന്ന് പറഞ്ഞതിനാണ് കേസ്. അപ്പോള്‍ എന്താണ് ഈ ഹിന്ദുത്വ? ഉത്തരം വാര്‍ത്തയിലുണ്ട്. അത് ഹിന്ദുമതവിശ്വാസവുമായി ബന്ധപെട്ട രാഷ്ട്രീയമാണ്. അതായത് വിശ്വാസരാഷ്ട്രീയം.

ആദ്യമായി ഹിന്ദുത്വ എന്ന വാക്കിന്റെ പേരില്‍ കേസ് വന്നതിന്റെ കൗതുകം മനസ്സിലാക്കാം. പക്ഷെ കേസിനാധാരമായ പരാമര്‍ശം വിശ്വാസരാഷ്ട്രീയത്തെ സംബന്ധിച്ചുള്ളതാണ്. സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബ്രിട്ടീഷുകാരുടെ ഷൂ നക്കിയിട്ടുണ്ടെന്നും ട്വീറ്റ് ചെയ്തതിനല്ല കേസ്. കേസെടുത്തിരിക്കുന്നത് ഹിന്ദു വിശ്വാസം വ്രണപെടുത്തിയതിനാണ്. അതിന്റെ IPC വകുപ്പും പരാമര്‍ശിച്ചിട്ടുണ്ട്. A clear case of blasphemy allegation as per 295(A) &153A of the Indian Penal Code. എന്താണ് ഇവിടെ ഹിന്ദു വിശ്വാസം?

അതും ട്വീറ്റിലുണ്ട്- 1. രാമന്‍ രാവണനെ പരാജയപെടുത്തിയത് മുതലാണ് ഇന്ത്യയുണ്ടായത് എന്നത് വ്യാജ പ്രസ്താവനയാണ്. 2. ബാബ്റി മസ്ജിദ് ഹിന്ദുദൈവമായ രാമന്റെ ജന്മസ്ഥലമാണെന്ന പ്രസ്താവം വ്യാജമാണ്. ഇവ രണ്ടും വിശ്വാസത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ അവകാശവാദങ്ങളാണ്. പ്രസ്തുത വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചു എന്നാണ് പരാതി.

സവര്‍ക്കറെയും ടെണ്ടുല്‍ക്കറെയും ആക്ഷേപിച്ചക്കുന്നതിന് കേസെടുക്കാനുള്ള വകുപ്പ് നിലവില്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല. 24X7 അത്തരം ടീമുകളെ ഊതുന്നവരെ ആരും പരിഗണിക്കുന്നുമില്ല. ഭാരത് ജോഡോ യാത്രയ്ക്കിടെ സവര്‍ക്കറിന്റെ ജന്മസ്ഥലമായ മഹാരാഷ്ട്രയില്‍ ചെന്ന് രാഹുല്‍ ഗാന്ധി രൂക്ഷമായ സവര്‍ക്കര്‍ വിമര്‍ശനം നടത്തിയിരുന്നു.

രാമരാവണ യുദ്ധവും രാമജന്മഭൂമിയും ഹിന്ദുമതവിശ്വാസവുമായി ബന്ധപെട്ട് കിടക്കുന്ന കാര്യങ്ങളാണ്. അവയൊക്കെ ഊതികത്തിക്കുന്ന പച്ചയായ വിശ്വാസരാഷ്ട്രീയമാണ് ഇവിടെ വിജയകരമായി പയറ്റി വരുന്നത്. അതാണ് ‘ഹിന്ദുത്വ’ എന്ന ലേബലില്‍ വിളമ്പി കൊണ്ടിരിക്കുന്നത്. പ്രതിപക്ഷകക്ഷികള്‍ക്ക് പോലും പിടിച്ച് നില്‍ക്കാനാവാത്തതിന്റെ കാരണവും മറ്റൊന്നല്ല. ‘രാഷ്ട്രീയ’മാണെങ്കില്‍ ഒരു കൈ നോക്കാനാവും, വിശ്വാസത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ നിസ്സഹായരാണ്. ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് എതിരെയുള്ള മതനിന്ദ കേസിലൂടെ സ്ഥിരീകരിക്കപെടുന്നത്.

ഇതുവരെ രണ്ടും വ്യത്യസ്ത ഐറ്റങ്ങളാണ് ഞങ്ങള്‍ ഹിന്ദുത്വ ബ്രാന്‍ഡിനെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ എന്നൊക്കെ ഓളം തള്ളി നിന്ന ടീമുകളൊക്കെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് സാരം. അത്തരമൊരു ആനുകൂല്യംപോലും ഇനി ലഭിക്കില്ല. ഹിന്ദുത്വ എന്നാല്‍ ഹിന്ദുമതവിശ്വാസം തന്നെ. സവര്‍ക്കര്‍-ടെണ്ടുല്‍ക്കര്‍-അഗാര്‍ക്കാര്‍ മോഡല്‍ പ്രസ്താവങ്ങളൊക്കെ വെച്ച് അലക്കുന്ന ടീമുകളൊക്കെ അറിയാതെപോലും വിശ്വാസസാഹിത്യത്തില്‍ കയറി പിടിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണം എന്ന മുന്നറിയിപ്പ് ഇവിടെയുണ്ട്.

പാലെടുക്കാന്‍ കയറ്റി വെട്ടരുത്. Things stand too transparent. ഹിന്ദുത്വ എന്നാല്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുമതവിശ്വാസ രാഷ്ട്രീയമാണ്. ഹിന്ദുത്വ ഹിന്ദുയിസമാണ്. Nothing less, nothing more.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *