കോര്‍പ്പറേറ്റുകളുടെ കടം ബാങ്കുകള്‍ വെറുതെ എഴുതിത്തള്ളുന്നില്ല എന്ന് സമ്മതിച്ച തോമസ് ഐസക്കിന് അഭിവാദ്യങ്ങള്‍; പ്രവീണ്‍ രവി എഴുതുന്നു


“കിട്ടാക്കടത്തിന്റെ സിംഹഭാഗവും പൊതുമേഖല ബാങ്കുകളില്‍ നിന്നാണ് എന്നത് താങ്കള്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് പൊതുമേഖല ബാങ്കുകളില്‍ ഇത്രമാത്രം കിട്ടാകടം പെരുകിയത് എന്ന് ചോദിച്ചാല്‍ അവിടെ രാഷ്ട്രീയപക്ഷപാതത്വവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും  കാണുവാന്‍ സാധിക്കും. അതുകൊണ്ടാണ് ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലതെന്ന് പറയുന്നത്.” – മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ തോമസ് ഐസക്ക് എസെന്‍സ് ഗ്ലോബല്‍ സാമ്പത്തിക അന്ധവിശ്വാസങ്ങളെ വിമര്‍ശിച്ചതിനെതിര  ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രവീണ്‍ രവി മറുപടി പറയുന്നു.  
എഴുതിത്തള്ളലില്‍ ഐസക്കിന് മറുപടി

കോര്‍പ്പറേറ്റുകളുടെ കടം ബാങ്കുകള്‍ വെറുതെ എഴുതിത്തള്ളുന്നു  എന്ന ഉടായിപ്പ് ആരോപണം  അങ്ങനെ അല്ല എന്ന് തുറന്നു സമ്മതിച്ച തോമസ് ഐസക്കിനു അഭിനന്ദങ്ങള്‍. ഇത്ര കാലവും ആളുകളെ തെറ്റിദ്ധരിപ്പിച്ച ഒരു വാക്ക് വച്ച് ഉണ്ടാക്കിയ പോസ്റ്റുകളും പോസ്റ്ററുകളും, അങ്ങനെ അല്ല എന്ന് നാലാം മത സാമ്പത്തിക അന്ധവിശ്വാസം ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ച മുന്‍ ധനകാര്യ മന്ത്രിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നതില്‍ എസെന്‍സിന് അഭിമാനിക്കാം.

തോമസ് ഐസക്കിന്റെ പോസ്റ്റില്‍ നിന്നും..’സി. രവിചന്ദ്രന്‍ സെറ്റിന്റെ neuronz-ന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എന്നെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു വീഡിയോ ക്ലിപ്പിംഗ് ഉണ്ട്. അതില്‍ ഉന്നയിച്ച ചോദ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പാനലില്‍ ഒരു വിദഗ്ദന്‍ ഞാന്‍ പറഞ്ഞത് പൊള്ളത്തരമാണെന്നു സമര്‍ത്ഥിക്കുന്നു: ബാങ്കുകള്‍ കടം എഴുതിത്തള്ളുന്നില്ല. സാങ്കേതികമായി നാലുവര്‍ഷത്തിലേറെ കുടിശികയായ തുകകള്‍ കണക്കില്‍ നിന്നും മാറ്റുന്നതേയുള്ളൂ. അങ്ങനെ ചെയ്യുന്നതിന്റെ ഫലമായി ബാങ്കുകളുടെ എന്‍പിഎ ബാലന്‍സ്ഷീറ്റില്‍ കുറഞ്ഞു നില്‍ക്കും. അതേസമയം, ഇത്തരം മാറ്റിവച്ച കുടിശികകള്‍ ഈടാക്കാനുള്ള സര്‍ഫാസി നടപടികളും മറ്റും ബാങ്കുകള്‍ തുടരും. ബാധ്യതകളില്‍ നിന്ന് വായ്പയെടുത്തവര്‍ മുക്തരാകുന്നില്ല. ഇതു മറച്ചുപിടിച്ച് ഭീമമായ തുകകള്‍ എഴുതിത്തള്ളുന്നുവെന്നു ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.

കമന്റില്‍ മറ്റൊരു വക്താവ് ഇതു സംബന്ധിച്ച ശേഖര്‍ ഗുപ്തയുടെ വീഡിയോ പരാമര്‍ശിക്കുന്നുണ്ട്: ”ശേഖര്‍ ഗുപ്തയുടെ ഈ വിഷയത്തില്‍ ഒരു വീഡിയോ അടുത്തയിടെ വന്നിട്ടുണ്ട് കടം എഴുതി തള്ളിയവരുടെയും will full defaulters ന്റെയും ഒരു ലിസ്റ്റ് കാണിക്കുന്നുണ്ട്. അതിലെവിടെയെങ്കിലും അദാനി അംബാനി ടാറ്റ ബിര്‍ള ….. എന്നിങ്ങനെ കേരളത്തിലെ ബുദ്ധിജീവികളും മീഡിയകളും പറയുന്ന പേരുകള്‍ വല്ലതും കണ്ടാല്‍ ഒന്നറിയിക്കണേ … ഇനി ശേഖര്‍ ഗുപ്തയെയും നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ കഷ്ടം എന്നെ പറയാനുള്ളു. ആദ്യം തന്നെ പറയട്ടെ എഴുതിത്തള്ളല്‍ ഞങ്ങളാരും സൃഷ്ടിച്ച പദപ്രയോഗമല്ല. റിസര്‍വ്വ് ബാങ്ക് മേല്‍പ്പറഞ്ഞ നടപടിക്ക് നല്‍കിയിട്ടുള്ള ഔപചാരിക പേര് ‘write off’ എന്നാണ്. ഇതിനെയാണ് എഴുതിത്തള്ളല്‍ എന്നു മലയാളത്തില്‍ തര്‍ജ്ജിമ ചെയ്യുന്നത്. write off ചെയ്തതുകൊണ്ട് രണ്ട് വീഡിയോയിലും പറയുന്നതുപോലെ കുടിശികക്കാരന്റെ ബാധ്യത ഇല്ലാതാകുന്നില്ല. ഇതൊക്കെ എന്റെ പോസ്റ്റിലും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ, രവിചന്ദ്രനാദികള്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.”.

ഇതാണ് പോസ്റ്റിലെ തുറന്നു പറച്ചില്‍.. അതിന് ശേഷം അദ്ദേഹം നമ്മളോട് ഉന്നയിച്ച ചില ചോദ്യങ്ങള്‍ ഉണ്ടു.. അതിന് ഉത്തരം പറയാന്‍ ശ്രമിക്കാം..

1) ഇത്തരത്തില്‍ സാങ്കേതികമായിട്ട് ബാലന്‍സ്ഷീറ്റില്‍ നിന്നും കുടിശികയെ മാറ്റുമ്പോള്‍ ബാങ്ക് അവരുടെ ലാഭത്തില്‍ നിന്നോ മൂലധനത്തില്‍ നിന്നോ തതുല്യമായ തുക ആസ്തിയിലേക്ക് വകകൊള്ളിക്കേണ്ടതില്ലേ? ഇതിന്റെ ഫലമായി ബാങ്കുകള്‍ക്കു മൂലധനശോഷണം ഉണ്ടാവില്ലേ? അത് ബാങ്കുകളെ പ്രതിസന്ധിയിലാക്കില്ലേ?

ഉത്തരം: പ്രതിസന്ധിയില്‍ ആക്കും.. വലിയ രീതിയില്‍ ഒരുപാട് ബാഡ് ലോണുകള്‍ ഉണ്ടാകുന്നത് ബാങ്കിന്റെ മൂലധന വ്യാപ്തിയെ ബാധിക്കും.  അതിനെ നേരിടാന്‍ ബാങ്കുകള്‍ മൂലധനം റെയ്‌സ് ചെയ്യാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കും.
ഓഹരി വിപണിയില്‍ നിന്ന് ആണ് പ്രധാനമായും ഇത്തരത്തില്‍ മൂലധനം കണ്ടെത്തുക.

1) Follow Up Equity Offering
2) Corporate debt
3) Trust proffered securities
4) Rights Offering

ഇങ്ങനെ ഒക്കെയാണ് സ്വകാര്യ ബാങ്കുകള്‍ മൂലധനം ഉണ്ടാക്കുക. അതെ സമയം പൊതുമേഖല ബാങ്കുകള്‍ക്ക് പലപ്പോഴും സര്ക്കാര് പണം കൊടുക്കും. പൊതുമേഖല ബാങ്ക് ഉണ്ടാക്കുന്ന ലാഭവിഹിതം ഡിവിഡന്റ് ആയി സര്‍ക്കാരിന് കിട്ടുമ്പോള്‍ ഇത്തരത്തില്‍ കൊടുത്ത പണം റിക്കവര്‍ ആകും. അതിന് ബാങ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ലാഭമുണ്ടാക്കുകയും വേണം എന്നതാണ് റിസ്‌ക് എലമെന്റ്.

2) ഇത്തരത്തില്‍ സാങ്കേതികമായി മാറ്റിവച്ച കുടിശികകളില്‍ നിന്ന് എത്ര ശതമാനം തിരിച്ചുപിടിക്കാന്‍ കഴിയും? ന്യൂറോണ്‍സുകാരുടെ നിലപാട് അവയൊക്കെ തിരിച്ചുപിടിക്കാനാകുമെന്നാണല്ലോ. 10 വര്‍ഷത്തിനിടയില്‍ തിരിച്ചുപിടിച്ചതിന്റെ കണക്കുണ്ട്. 1.3 ലക്ഷം കോടി രൂപ. ഇതു കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ എഴുതിത്തള്ളിയതിന്റെ ഏതാണ്ട് 10 ശതമാനമേ വരൂ. അപ്പോള്‍ എഴുിത്തള്ളിയെന്നു പറഞ്ഞതിന്റെ 90 ശതമാനവും ഒരുംപോക്കല്ലേ? ബാധ്യത ഇല്ലാതാകുന്നില്ലായെന്നു പറഞ്ഞിരിക്കാം. പക്ഷേ, ബാങ്കിനു പോയതു പോയതുതന്നെയല്ലേ?

ഉത്തരം: ബാഡ് ലോണ്‍ ആയി മാറുന്ന തുക മുഴുവന്‍ തിരിച്ചുപിടിക്കാന്‍ സാധിക്കും എന്ന് ന്യൂറോണ്‍സുകാരും ഒരിടത്തും പറഞ്ഞിട്ടില്ല. പകരം എഴുതിത്തള്ളിയാലും ബാങ്കുകള്‍ റിക്കവറി പ്രോസസുമായി മുന്നോട്ടു പോകും എന്നതാണ് പറഞ്ഞത്. അതായത് ബാങ്കുകള്‍ എഴുതിത്തള്ളി എന്നതുകൊണ്ട് ലോണ്‍ എടുത്ത ആള്‍ക്ക് കയ്യും വീശി നടക്കാന്‍ സാധിക്കില്ല. ലോണ്‍ തിരിച്ചടയ്ക്കുന്നത് വരെ ലയബിലിറ്റി ഉണ്ടാകും. ബാങ്ക് ലോണ്‍ കൊടുക്കുക എന്ന് പറയുന്നതും റിസ്‌കുള്ള ബിസിനസാണ്. എല്ലാ ബിസിനസിലും ഉള്ളതുപോലെ തന്നെ ഇവിടെയും റിസ്‌ക് എലമെന്റ്‌സ് ഉണ്ട്. എല്ലാ ലോണുകളും പ്രോഫിറ്റബിള്‍ ആകില്ല എന്നും മനസ്സിലാക്കണം.

അതേപോലെ ബാങ്കിന്റെ നഷ്ടമായി ഈ പറയുന്ന 8 ലക്ഷം കോടി എന്നത് ലോണ്‍ കൊടുത്ത തുകയുടെ മുകളില്‍ വന്ന പലിശയും കൂട്ടുപലിശയും അതിന്റെ മുകളിലുള്ള പലിശയും കൂടി ചേര്‍ന്നതാണ്.  അതായത് ശരിക്കും ഉള്ള ക്യാപിറ്റല്‍ ലോസ് അല്ല, പകരം ആ ലോണ്‍ പെര്‍ഫോം ചെയ്തിരുന്നു എങ്കില്‍ കിട്ടേണ്ട ലാഭം കൂടി ചേര്‍ന്നതാണ് ബാങ്കിന്റെ നഷ്ടം എന്ന് പറയുന്നത്. അല്ലാതെ ക്യാപിറ്റലില്‍ നിന്നും 8 ലക്ഷം കോടി നഷ്ടപ്പെട്ടാല്‍ ഇന്ത്യയില്‍ ഒരു ബാങ്കും പിന്നെ കാണില്ല എന്നോര്‍ത്താല്‍ കൊള്ളാം..

3) നഷ്ടപരിഹാരത്തുക വകയിരുത്തി എഴുതിത്തള്ളുമ്പോള്‍ അത്രയും തുകയ്ക്കു ലാഭമില്ലെങ്കില്‍ ബാങ്കിന്റെ മൂലധനം ശോഷിക്കും. ആസ്തികളുടെ എത്ര ശതമാനം ഓഹരി മൂലധനമായി വേണമെന്നും അന്തര്‍ദേശീയ ബേസില്‍ കരാറില്‍ വ്യവസ്ഥയുണ്ട്. ഈ തോതിനേക്കാള്‍ കുറയാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ ധനസഹായം കൊടുത്തേതീരൂ. അങ്ങനെ ബിജെപി സര്‍ക്കാര്‍ 3.4 ലക്ഷം കോടി രൂപ ഖജനാവില്‍ നിന്നും ബാങ്കുകള്‍ക്കു ധനസഹായമായി നല്‍കിയിട്ടില്ലേ? ഈ നഷ്ടം നികത്താന്‍ കൂടിയല്ലേ ബാങ്കുകള്‍ ഓഹരികള്‍ പുറത്തുവിറ്റ് മൂലധനം സമാഹരിക്കുവാന്‍ ശ്രമിക്കുന്നത്? കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുക. എന്നിട്ട് ആ നഷ്ടം നികത്താന്‍ ബാങ്കുകളുടെ ഓഹരി അവര്‍ക്കു തന്നെ വില്‍ക്കുക!

ഉത്തരം: ഇതിന് ഒരു പരിഹാരമേയുള്ളൂ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ ഊര്‍ജിതമാക്കുക. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കൃത്യമായ റിട്ടേണ്‍ കാലാവധി നിശ്ചയിക്കുക. ബാങ്കുകള്‍ അവരുടെ ലാഭത്തില്‍ നിന്ന് ലോണ്‍ കൊടുക്കുകയോ എഴുതിത്തള്ളുകയോ വേണ്ടെന്നു വയ്ക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ, മറ്റേതൊരു ബിസിനസും പോലെ ബാങ്ക് ബിസിനസിനെയും കാണുക. പറ്റുമോ? അന്നേരം കൊടിയും പിടിച്ച് ഇറങ്ങാതിരുന്നാല്‍ മതി.

4) ഇനി ശേഖര്‍ ഗുപ്തയുടെ വീഡിയോയില്‍ കൊടുത്തൂവെന്ന് പറഞ്ഞിരിക്കുന്ന ”മനപൂര്‍വ്വം കുടിശികവരുത്തിയവരുടെ ലിസ്റ്റ്” ലോക്‌സഭയില്‍ ചോദ്യത്തിന് ഉത്തരമായി നല്‍കിയിരുന്നു. പക്ഷേ, അതില്‍ ഭീമന്‍ കോര്‍പ്പറേറ്റുകളൊന്നും ഇല്ലായെന്നു പറയുന്നതിനു അപാര തൊലിക്കട്ടി വേണം! ചോദ്യം ”മനപൂര്‍വ്വമല്ലാതെ” കുടിശിക വരുത്തിയ ലിസ്റ്റില്‍ അദാനി-അംബാനിമാര്‍ ഉണ്ടോയെന്നുള്ളതാണ്.

ഉത്തരം: ഉണ്ടെങ്കില്‍ നിങ്ങള്‍ അത് പുറത്തു കൊണ്ടുവരണം. അതിനാണ് ഇവിടെ പ്രതിപക്ഷവും പത്രങ്ങളും ഒക്കെ ഉള്ളത് ചുമ്മാ കോണ്‍സ്പിരിസി തിയറികള്‍ അടിച്ചു വിടുകയല്ല നിങ്ങളുടെ ജോലി.

5) എന്തുകൊണ്ട് കുടിശിക വരുത്തിയ മുഴുവന്‍ പേരുടെയും പേരുവിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്നില്ല? മര്യാദയ്ക്കു പ്രവര്‍ത്തിക്കുന്ന ആരുടെയും കണക്കുകള്‍ പ്രസിദ്ധപ്പെടുത്തണ്ട. പക്ഷേ, ബാങ്കില്‍ നിന്നും വായ്പയെടുത്തിട്ട് തിരിച്ച് അടയ്ക്കാത്തവരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്താന്‍ നിയമപരമായ തടസ്സമുണ്ടെങ്കില്‍ ആ നിയമം അല്ലേ മാറ്റേണ്ടത്? തമിഴ്‌നാട് സര്‍ക്കാര്‍ ഫ്രീബി വിവാദത്തില്‍ സുപ്രിംകോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ അദാനിയുടെ കമ്പനികളുടെ 70000 കോടി രൂപ എഴുതിത്തള്ളിയെന്നു പ്രസ്താവിച്ചു. ആരും ഇതുവരെ അതിനെ ചോദ്യം ചെയ്തിട്ടുമില്ല.

ഉത്തരം: അദാനിയുടെ ( അദാനി പവര്‍) എഴുപതിനായിരം കോടി രൂപ NPA ആയതായി 2015ഇല്‍ ഒരു വാര്‍ത്ത കണ്ടിരുന്നു പക്ഷേ അതിനുശേഷം ആ ലോണ്‍ റീസ്ട്രകചര്‍ ചെയ്തു എന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്തായാലും നിരന്തരമുള്ള ഈ ആരോപണം നിമിത്തമാണെന്ന് തോന്നുന്നു ഇപ്പോള്‍ അദാനിയുടെ ഭൂരിഭാഗം ലോണുകളും വിദേശ ബാങ്കുകളില്‍ നിന്നാണ്. ഇന്ത്യന്‍ ബാങ്കുകളില്‍ അവര്‍ക്കുള്ള എക്‌സ്‌പോഷര്‍ വളരെയധികം കുറഞ്ഞിരിക്കുന്നു. മാത്രമല്ല Equity വഴി അടുത്ത 40,000 കോടി രൂപ കൂടി സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദാനി..

6) 2016 ലോക്‌സഭയിലെ ഒരു ചോദ്യത്തിനു നല്‍കിയ ഉത്തരം പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും 5 കോടിയേക്കാള്‍ വലിയ വായ്പകളുള്ള വന്‍കിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. കൃഷിക്കാര്‍ കോടികള്‍ വായ്പയെടുക്കുന്നവരല്ലല്ലോ. കിട്ടാക്കടത്തിന്റെ സിംഹഭാഗവും വന്‍കിട കമ്പനിക്കാരുടേതാണ്. ലോക്‌സഭാ ചോദ്യത്തില്‍ നിന്നുള്ള മറ്റൊരു കണക്ക് ഇതാ: ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്പക്കാരുടെ ബാധ്യതയില്‍ മാര്‍ച്ച് 2016-ല്‍ കിട്ടാക്കടം 22.33 ശതമാനമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്പക്കാര്‍ ആരായിരിക്കാം?

ഉത്തരം: വായ്പ കൊടുക്കുക എന്നത് ബാങ്കിന്റെ ബിസിനസ് ആണ്. വലിയ റിസ്‌ക്കുള്ള വായ്പകള്‍ക്ക് കൂടുതല്‍ ഇന്‍ട്രസ്റ്റ് ബാങ്കുകള്‍ ചാര്‍ജ് ചെയ്യും അങ്ങനെയാണ് അവര്‍ പ്രോഫിറ്റ് കണ്ടെത്തുന്നത്. അല്ലാതെ കാളവണ്ടി മേടിക്കാനും കാര്‍ മേടിക്കാനും തട്ടുകട നടത്താനും മാത്രം ലോണ്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഒരു ബാങ്കും വളരില്ല.

കിട്ടാക്കടത്തിന്റെ സിംഹഭാഗവും പൊതുമേഖല ബാങ്കുകളില്‍ നിന്നാണ് എന്നത് താങ്കള്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് പൊതുമേഖല ബാങ്കുകളില്‍ ഇത്രമാത്രം കിട്ടാകടം പെരുകിയത് എന്ന് ചോദിച്ചാല്‍ അവിടെ രാഷ്ട്രീയപക്ഷപാതത്വവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും  കാണുവാന്‍ സാധിക്കും. അതുകൊണ്ടാണ് ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലതെന്ന് പറയുന്നത്.

7) രവിചന്ദ്രന്‍ ടൈപ്പ് സ്വതന്ത്രചിന്തകരുടെ കോര്‍പ്പറേറ്റു പക്ഷപാതിത്വവും ബിജെപി ദാസ്യവൃത്തിയും  ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

മറുപടി: ഇതൊക്കെ ഔട്ട് ഓഫ് ഡേറ്റെഡ് ആണ്. ഇപ്പോള്‍ സിപിഎം ആണ് കേന്ദ്രം ഭരിക്കുന്നത് എന്ന് വിചാരിക്കുക, താങ്കള്‍ ധനമന്ത്രിയും എന്ന് വെറുതെ സ്വപ്നം കാണുക. ഞങ്ങളുടെ പ്രവര്‍ത്തനം ഇതേ രീതിയില്‍ തന്നെയായിരിക്കും, അപ്പോള്‍ അത് സിപിഎമ്മിന് വേണ്ടി എടുക്കുന്ന ദാസ്യ പണിയായി ബിജെപിക്കാര്‍ ചിത്രീകരിക്കും, അത്രേയുള്ളൂ.  കക്ഷിരാഷ്ട്രീയക്കാരുടെ ഇത്തരത്തിലുള്ള ജല്പനങ്ങള്‍ ഞങ്ങള്‍  കാര്യമാക്കുന്നില്ല. കാരണം താങ്കള്‍ മാന്യമായി പ്രതികരിച്ചു, മാന്യമായി മറുപടി നല്‍കി അത് തന്നെ വലിയൊരു കാര്യമായി കാണുന്നു.


Leave a Reply

Your email address will not be published. Required fields are marked *