അറബ് വസന്തവും സിറിയൻ ആഭ്യന്തര യുദ്ധവും – ആനന്ദ് എം സജിത്ത് എഴുതുന്നു


“2008 മുതൽ 2015 വരെയുള്ള 11,452 സിറിയൻ പങ്കാളികളുടെ മുഖാമുഖ അഭിമുഖ ഡാറ്റ കാണിക്കുന്നത് സിറിയക്കാരുടെ ശാരീരിക (ഉദാ. പാർപ്പിടത്തിലേക്കുള്ള പ്രവേശനം), മാനസിക (ഉദാ. ജീവിത സംതൃപ്തി), സാമൂഹിക (ഉദാ. സാമൂഹിക പിന്തുണ) ക്ഷേമം ഗണ്യമായി കുറയുന്നു എന്നാണ്. സമാനമായ രീതിയിൽ യുദ്ധവും പ്രതിഷേധങ്ങളും ദുരന്തങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും, ക്ഷേമത്തിൽ സിറിയയുടെ കുത്തനെയുള്ള ഇടിവ് ലോകത്ത് സമാനതകളില്ലാത്തതാണ്” -ആനന്ദ് എം സജിത്ത് എഴുതുന്നു
സിറിയൻ ആഭ്യന്തര യുദ്ധം

ഇസ്‌ലാമിക രാജ്യങ്ങളെ വലയം ചെയ്ത ജനകീയ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളുടെ ഒരു പരമ്പരയായിരുന്നു അറബ് വസന്തം. 2011 ലെ വസന്തകാലത്താണ് സംഭവങ്ങളുടെ തുടക്കം. “അറബ് വസന്തം” എന്ന പദം 1848 ലെ “ജനങ്ങളുടെ വസന്തം” എന്ന പേരിൽ അറിയപ്പെട്ട യൂറോപ്യൻ വിപ്ലവങ്ങളെ സൂചിപ്പിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങൾ “അറബ് വസന്തം” എന്ന പദത്തെ ജനപ്രിയമാക്കാൻ തുടങ്ങി. ടുണീഷ്യയിലെയും ഈജിപ്തിലെയും ഏകാധിപത്യങ്ങളെ അട്ടിമറിച്ച പ്രക്ഷോഭങ്ങൾ, സിറിയയിലെ ജനാധിപത്യ അനുകൂല പ്രവർത്തകർക്കും പ്രതീക്ഷ നൽകി.

സംഘർഷം ആരംഭിക്കുന്നതിന് മുമ്പ്, 2000-ൽ അന്തരിച്ച സിറിയൻ പ്രസിഡന്റ് ഹഫേസ് അൽ ആസദിന്റെ പിൻഗാമിയായി മകൻ ആസാദ് അധികാരമേറ്റു. ആ സമയം ഉയർന്ന തൊഴിലില്ലായ്മ, അഴിമതി, രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മ എന്നീ കാരണങ്ങളാൽ ജനങ്ങൾ അസന്തുഷ്ട്ടർ ആയിരുന്നു. അയൽ രാജ്യങ്ങളിലെ നേതാക്കൾക്കെതിരായ പ്രക്ഷോഭങ്ങളിൽ പ്രചോദിതരായി 2011 മാർച്ചിൽ തെക്കൻ നഗരമായ ദേരയിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

2006 മുതൽ 2010 വരെ സിറിയ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ച അനുഭവിച്ചു. വരൾച്ചയുടെയും അസദ് ഭരണത്തിൻ കീഴിലുള്ള സാമ്പത്തിക അസമത്വത്തിന്റെയും സംയോജിത ഫലങ്ങൾ അറബ് വസന്തത്തിന്റെ പ്രക്ഷോഭങ്ങളുടെ തരംഗത്തെ ഉയർത്തി അഹിംസാത്മകമായ പരിഷ്കരണ അനുകൂല പ്രതിഷേധങ്ങൾക്ക് കാരണമായി. രാജ്യത്തെ സുന്നി ഭൂരിപക്ഷവും ഭരണകക്ഷിയായ അലവൈറ്റ് (ഷിയ ഇസ്‌ലാമിന്റെ മറ്റൊരു രൂപം) പക്ഷവും തമ്മിലുള്ള ഭിന്നതയും പ്രക്ഷോഭത്തിലേക്ക് നയിച്ച ഒരു ഘടകമായിരുന്നു. ഭരണകൂടത്തിന്റെ കഠിനമായ സൈനിക അടിച്ചമർത്തൽ വിവിധ ഗ്രൂപ്പുകൾ തമ്മിൽ ഉള്ള പിരിമുറുക്കം വർദ്ധിപ്പിക്കുകയും 2011 സെപ്റ്റംബറോടെ സമാധാനപരമായ പ്രതിഷേധം ഒരു സായുധ കലാപമായി മാറുകയും ചെയ്തു.

2011 മാർച്ചിൽ തെക്കൻ നഗരമായ ദേരയിൽ സ്കൂൾ ചുവരിൽ വിപ്ലവ മുദ്രാവാക്യങ്ങൾ വരച്ച പതിനഞ്ച് കൗമാരക്കാരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സുരക്ഷാ സേന പ്രകടനക്കാർക്ക് നേരെ വെടിയുതിർക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതോടെ കൂടുതൽ പേർ തെരുവിലിറങ്ങി. പ്രസിഡൻറ് അസദിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ ബലപ്രയോഗം നടത്തിയത് പ്രതിഷേധക്കാരുടെ ദൃഢനിശ്ചയത്തെ കഠിനമാക്കി. 2011 ജൂലൈ ആയപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകൾ രാജ്യത്തുടനീളം തെരുവിലിറങ്ങി. പ്രതിപക്ഷത്തെ പിന്തുണക്കുന്നവർ ഒടുവിൽ ആദ്യം സ്വയം പ്രതിരോധിക്കാനും പിന്നീട് സുരക്ഷാ സേനയെ അവരുടെ പ്രദേശങ്ങളിൽ നിന്ന് പുറത്താക്കാനും ആയുധമെടുക്കാൻ തുടങ്ങി. നഗരങ്ങൾ, പട്ടണങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവയുടെ നിയന്ത്രണത്തിനായി സർക്കാർ സേനയെ നേരിടാൻ വിമതർ ബ്രിഗേഡുകൾ രൂപീകരിക്കുകയും അക്രമം അഴിച്ചുവിടുകയും രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു.

2012ൽ തലസ്ഥാനമായ ഡമാസ്കസിലും രണ്ടാമത്തെ നഗരമായ അലപ്പോയിലും പോരാട്ടം തുടങ്ങി. 2013 ജൂണിൽ 90,000 പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി യുഎൻ പറയുന്നു. 2015 ആഗസ്ത് ആയപ്പോഴേക്കും ആക്ടിവിസ്റ്റുകളുടെയും യുഎന്നിന്റെയും അഭിപ്രായത്തിൽ അത് 250,000 ആയി ഉയർന്നു. അസദിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള പോരാട്ടം എന്നതിലുപരിയായി സംഘർഷം നിയന്ത്രിക്കാൻ കഴിയാത്ത വിധം മാറിയിരിക്കുന്നു. ഈ പ്രദേശത്തേക്ക് മറ്റു വിദേശ ശക്തികൾ ആകർഷിക്കപ്പെടുകയും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഉയർച്ചക്കും കാരണമായി ഈ ആഭ്യന്തര യുദ്ധം.

ആരെല്ലാം ഇതില് ഉൾപ്പെട്ടിരിക്കുന്നു?

ആസദ് സർക്കാരിന്റെ പ്രധാന പിന്തുണക്കുന്നത് റഷ്യയും ഇറാനുമാണ്. വിമത ഗ്രൂപ്പുകളെ തുർക്കി, പാശ്ചാത്യ ശക്തികൾ നിരവധി ഗൾഫ് അറബ് രാജ്യങ്ങൾ എന്നിവർ പല ഘട്ടങ്ങളിൽ സഹായിച്ചിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് സിറിയയിൽ സൈനിക താവളങ്ങളുണ്ടായിരുന്ന റഷ്യ 2015 ല് അസദിനെ പിന്തുണച്ച് വ്യോമാക്രമണം നടത്തിയിരുന്നു. അസദിനെ സഹായിക്കാൻ ഇറാൻ നൂറുകണക്കിന് സൈനികരെ വിന്യസിക്കുകയും ശതകോടിക്കണക്കിന് ഡോളർ ചെലവഴിക്കുകയും ചെയ്തതായി കരുതപ്പെടുന്നു. ലബനാനിലെ ഹിബുള്ള തീവ്രവാദ പ്രസ്ഥാനത്തിൽ നിന്ന് മാത്രമല്ല ഇറാൻ പരിശീലനം നൽകിയ ഇറാഖ്, അഫ്ഗാനിസ്ഥാൻ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഷിയാ മുസ്ലിം മിലിഷ്യക്കാരും സിറിയൻ സൈന്യത്തോടൊപ്പം പോരാടിയിട്ടുണ്ട്.

അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ തുടക്കത്തിൽ വിമത ഗ്രൂപ്പുകളെ ആയുധം നൽകി പിന്തുണച്ചെങ്കിലുംജിഹാദികൾ സായുധ പ്രതിപക്ഷത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം, ആയുധ ഇതര സഹായമാണ് ചെയ്‌തു വരുന്നത്.

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് എന്നറിയപ്പെടുന്ന കുർദിഷ്, അറബ് മിലിഷ്യകളുടെ സഖ്യത്തെ സഹായിക്കുന്നതിന് 2014 മുതൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള സഖ്യം വ്യോമാക്രമണം നടത്തുകയും സിറിയയിൽ പ്രത്യേക സേനയെ വിന്യസിക്കുകയും ചെയ്യ്തിട്ടുണ്ട്.

ഇറാന്റെ സ്വാധീനത്തെ ചെറുക്കാൻ താൽപ്പര്യമുള്ള സൗദി അറേബ്യ, യുദ്ധത്തിന്റെ തുടക്കത്തിൽ വിമതർക്ക് സായുധവും സാമ്പത്തിക സഹായവും നൽകി.

അതേസമയം, സിറിയയില് ഇറാന്റെ സൈനിക ഇടപെടൽ , ഹിസ്ബുള്ളക്കും മറ്റ് ഷിയ മിലിഷ്യകള്ക്കും ഇറാന് ആയുധങ്ങൾ കയറ്റി അയയ്ക്കുന്നത് ഇസ്രായിലിനെ ആശങ്കയിലാഴ്ത്തിയിട്ടുമുണ്ട്.

തുർക്കി, സിറിയൻ വിമതർക്ക് പിന്തുണ കൊടുക്കുന്നുണ്ടെങ്കിലും എസ്ഡിഎഫിൽ ആധിപത്യം പുലർത്തുന്ന കുർദിഷ് വൈപിജി മിലിഷ്യയെ നിയന്ത്രിക്കാൻ വിമത വിഭാഗങ്ങളെ ഉപയോഗിക്കുന്നതിലാണ് തുർക്കി കൂടുതൽ ഊന്നൽ കൊടുക്കുന്നത് എന്തെന്നാൽ വൈപിജി തുർക്കിയിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നടത്തുന്ന കുർദിഷ് വിമത ഗ്രൂപ്പിന്റെ ഭാഗം ആണ് എന്നത് കൊണ്ട്.

തുർക്കി സൈന്യവും വിമതരും സിറിയയുടെ വടക്കന് അതിർത്തിയിലെ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും അവസാന പ്രതിപക്ഷ ശക്തികേന്ദ്രമായ ഇദ്ലിബിൽ സർക്കാർ സൈന്യം നടത്തിയ ആക്രമണം തടയാൻ ഇടപെടുകയും ചെയ്തു.

10 വർഷത്തെ സംഘർഷത്തിൽ 350,000 പേരെങ്കിലും മരിച്ചിട്ടുണ്ടാവും എന്നാണ് കണക്ക്. മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ മിഷേൽ ബാഷെലെറ്റ് 2014 ന് ശേഷമുള്ള മരണസംഖ്യയെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക അപ്ഡേറ്റ് കൗൺസിലിന് നൽകിയത് പ്രകാരം യുദ്ധത്തിന്റെ ഫലമായി 13 വയസ്സിന് താഴെയുള്ള 27,126 കുട്ടികളും 26,727 സ്ത്രീകളും മരിച്ചുവെന്ന് വെളിപ്പെടുത്തി. തിരിച്ചറിയപെട്ട മരണങ്ങളിൽ ഭൂരിഭാഗവും, 51,731 അലപ്പോ ഗവർണറേറ്റിലാണ് സംഭവിച്ചത്. റൂറൽ ഡമാസ്കസ് (47,483), ഹോംസ് (40,986), ഇദ്ലിബ് (33,271), ഹമ (31,993), ടാർടസ് (31,369) എന്നിവ ഉയർന്ന മരണസംഖ്യയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.

കടുത്ത അഭയാർത്ഥി പ്രതിസന്ധി

10 വർഷത്തെ സിറിയൻ സംഘർഷത്തെത്തുടർന്ന്, ലോകമെമ്പാടുമുള്ള അഭയാർത്ഥികളിൽ 25% ശതമാനത്തിലധികം ഇപ്പോൾ സിറിയക്കാർ ആണ്. 2021-ലെ കണക്കനുസരിച്ച് 6.7 ദശലക്ഷം സിറിയക്കാർ തങ്ങളുടെ രാജ്യം വിട്ട് ലെബനൻ, ജോർദാൻ, ഇറാഖ്, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ലെബനനിൽ ഔദ്യോഗിക ക്യാമ്പുകളൊന്നുമില്ലാത്തതിനാൽ, 2000 വ്യത്യസ്ത പട്ടണങ്ങളിൽ തിങ്ങി നിറഞ്ഞ താൽക്കാലിക ഷെൽട്ടറുകൾ ഒരു ദശലക്ഷത്തോളം സിറിയക്കാർ താമസിക്കുന്നു. സംഘട്ടനങ്ങൾ 6.6 ദശലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ ഇടയാക്കി. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട സിറിയക്കാരുടെ എണ്ണം അഭയാർഥികളുടെ എണ്ണത്തിന് ഏതാണ്ട് തുല്യമാക്കി. 2.98 ദശലക്ഷം ആളുകൾ ഇപ്പോഴും ഉപരോധിക്കപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

2015-ലെ വേനൽക്കാലത്ത്, അലൻ കുർദി എന്ന് പേരായ കുർദിഷ് വംശജനായ മൂന്ന് വയസ്സുള്ള കുട്ടിയും കുടുംബവും യുദ്ധത്തിൽ നിന്ന് പലായനം ചെയ്‌തു കാനഡയിലേക്ക് ചേക്കേറാമെന്ന മോഹവുമായി
സെപ്റ്റംബർ 2 ന് പുലർച്ചെ തുർക്കിയിലെ ബോഡ്രം കടൽത്തീരത്ത് ഒരു കാറ്റ് നിറയ്ക്കുന്ന ചെറിയ ബോട്ടിൽ യാത്ര തിരിച്ചു. ഗ്രീസിലേക്കുള്ള യാത്രയിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ബോട്ട് മറിഞ്ഞു. അലൻ, മൂത്ത സഹോദരൻ ഗാലിബ്, അമ്മ റിഹാന എന്നിവരെല്ലാം കിഴക്കൻ മെഡിറ്ററേനിയനിൽ മുങ്ങി മരിച്ചു 3,600 ലധികം അഭയാർത്ഥികൾ ഇത്തരത്തിൽ ഉള്ള സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ പലായനം ചെയ്യാൻ ശ്രമിച്ചു മുങ്ങി മരിച്ചിട്ടുണ്ട്.

അലന്റെ ജീവനില്ലാത്ത ശരീരം തീരത്തടിയുകയും, ഒരു തുർക്കിഷ് ഫോട്ടോഗ്രാഫർ അതിന്റെ ചിത്രം പകർത്തുകയും ആ ചിത്രം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുകയും ചെയ്‌തു. യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും സുരക്ഷിതത്വത്തിലേക്ക് എത്താൻ ശ്രമിച്ച് ജീവൻ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും പ്രതീകമായി അലൻ മാറി.

ആരാണ് രാജ്യം ഇപ്പോൾ ഭരിക്കുന്നത്

സിറിയയിലെ ഏറ്റവും വലിയ നഗരങ്ങളുടെ നിയന്ത്രണം സർക്കാർ തിരിച്ചുപിടിച്ചെങ്കിലും രാജ്യത്തിന്റെ നല്ലൊരു ഭാഗം ഇപ്പോഴും വിമതരും ജിഹാദികളും കുർദിഷ് നേതൃത്വത്തിലുള്ള എസ്.ഡി.എഫും കൈവശം വച്ചിരിക്കുകയാണ്.

അവശേഷിക്കുന്ന അവസാന പ്രതിപക്ഷ ശക്തികേന്ദ്രം വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിലും സമീപ പ്രദേശങ്ങളായ വടക്കൻ ഹമ, പടിഞ്ഞാറൻ അലെപ്പോ പ്രവിശ്യകളിലുമാണ്.

ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) എന്ന ജിഹാദി സഖ്യമാണ് ഈ മേഖലയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും മുഖ്യധാരാ വിമത വിഭാഗങ്ങളുടെ താവളം കൂടിയാണ് ഈ പ്രദേശങ്ങൾ. ഏകദേശം 2.8 ദശലക്ഷം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ, അതിൽ ഒരു ദശലക്ഷം കുട്ടികൾ അവിടെ ശോചനീയമായ അവസ്ഥയിലുള്ള ക്യാംപുകളിൽ താമസിക്കുന്നു.

കോവിഡ് കാലത്ത് സിറിയ

മഹാമാരി ലോകത്തെ നടുക്കിയതുപോലെ, സിറിയയിലുടനീളം അത് മാരകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. വടക്കുപടിഞ്ഞാറൻ മേഖലയിൽ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള (ഐഡിപികൾ) വെള്ളപ്പൊക്ക ബാധിത ക്യാമ്പുകളിൽ നവംബർ മുതൽ ഡിസംബർ വരെ കേസുകൾ നാലിരട്ടിയായി വർദ്ധിച്ചു. വടക്കുകിഴക്കൻ മേഖലയിൽ, ഓഗസ്റ്റിൽ കേസുകൾ 1,000 ശതമാനം ഉയർന്നു ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാവുന്ന വ്യാപകമായ ആക്രമണങ്ങൾ സിറിയയുടെ ആരോഗ്യമേഖലയെ നാമാവശേഷമാക്കിയിരിക്കുന്നു. 2011 ലെ സംഘർഷത്തിന്റെ തുടക്കം മുതൽ, സിറിയയിലെ ആരോഗ്യ സൗകര്യങ്ങൾക്ക് നേരെ കുറഞ്ഞത് 595 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ അഭിപ്രായത്തിൽ, 90 ശതമാനത്തിലധികം ആക്രമണങ്ങളും നടത്തിയത് സിറിയൻ സർക്കാരും സഖ്യകക്ഷികളുമാണ്. 70 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകരും രാജ്യം വിട്ട് പലായനം ചെയ്തു, അവശേഷിക്കുന്നവരുടെ ജോലി ഭാരം ഗണ്യമായി വർധിച്ചിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങളുടെ പകുതിയും മലിനജല സംവിധാനങ്ങളുടെ പകുതിയും യുദ്ധത്തിൽ തകർന്ന് പ്രവർത്തനരഹിതമാണ്.

2008 മുതൽ 2015 വരെയുള്ള 11,452 സിറിയൻ പങ്കാളികളുടെ മുഖാമുഖ അഭിമുഖ ഡാറ്റ കാണിക്കുന്നത് സിറിയക്കാരുടെ ശാരീരിക (ഉദാ. പാർപ്പിടത്തിലേക്കുള്ള പ്രവേശനം), മാനസിക (ഉദാ. ജീവിത സംതൃപ്തി), സാമൂഹിക (ഉദാ. സാമൂഹിക പിന്തുണ) ക്ഷേമം ഗണ്യമായി കുറയുന്നു എന്നാണ്. സമാനമായ രീതിയിൽ യുദ്ധവും പ്രതിഷേധങ്ങളും ദുരന്തങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും, ക്ഷേമത്തിൽ സിറിയയുടെ കുത്തനെയുള്ള ഇടിവ് ലോകത്ത് സമാനതകളില്ലാത്തതാണ്.

സാമ്പത്തിക മാന്ദ്യം

യുദ്ധത്തെ കൂടാതെ, COVID-19 പകർച്ചവ്യാധി, കടുത്ത വരൾച്ച, അയൽരാജ്യങ്ങളായ ലെബനനിലും തുർക്കിയിലും ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഉക്രെയ്നിലെ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഒക്കെ സിറിയയെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. പതിനൊന്ന് വർഷത്തെ സംഘർഷത്തിന് ശേഷം, 60% സിറിയക്കാരും, ഏതാണ്ട് 12 ദശലക്ഷം ആളുകൾ പട്ടിണി നേരിടുന്നു, അവർ എങ്ങനെ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് അടുത്ത നേരത്തെ ഭക്ഷണം നൽകുമെന്ന് ആശങ്കപ്പെടുന്നു. 2019 – 2021 ഡിസംബറിൽ സിറിയയിൽ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ ശരാശരി വില 236% വർദ്ധിച്ചു, അതേസമയം സിറിയൻ പൗണ്ടിന് ഡോളറിനെതിരെ അതിന്റെ മൂല്യത്തിന്റെ 82% നഷ്ടപ്പെട്ടു. 2010-2020 നും ഇടയിൽ സിറിയയുടെ ജിഡിപി പകുതിയിലേറെയായി ചുരുങ്ങി. പ്രതിശീർഷ ദേശീയ വരുമാനത്തിൽ ഉണ്ടായ ഇടിവ്, 2018 മുതൽ സിറിയയെ താഴ്ന്ന വരുമാനമുള്ള രാജ്യമായി തരംതിരിക്കാൻ ലോകബാങ്കിനെ പ്രേരിപ്പിച്ചു.

ഭാവി സിറിയ

സിറിയൻ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ഇതിൽ ഉൾപ്പെട്ടിട്ടുള്ള യുഎൻ, യുഎസ്, റഷ്യ, തുർക്കി, ഇറാൻ, അറബ് രാജ്യങ്ങൾ തുടങ്ങി എല്ലാ കക്ഷികളായിട്ടും ഉള്ള നയതന്ത്രബന്ധം തുടരുന്നു.

സിറിയയുടെ ഭാവി ഏതെങ്കിലും ഒരൊറ്റ വിഭാഗത്തിനോ ബാഹ്യശക്തികൾക്കോ അവകാശപ്പെട്ടതല്ല. ചർച്ച ചെയ്‌തു തീർപ്പാക്കാൻ തൽപ്പര കക്ഷികൾ വൈകുന്ന ഓരോ നിമിഷവും സിറിയൻ ജനങ്ങൾ തങ്ങളുടെ ജീവൻ ബലി നൽകുകയും ജീവൻ രക്ഷിക്കാൻ പലായനം ചെയ്യുകയും ചെയ്യേണ്ട അവസ്ഥയാണുള്ളത്. പ്രവർത്തിക്കുന്ന ജനാധിപത്യം ഇല്ലാത്തതിന്റെ കുറവ് സിറിയൻ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭരണാധികാരി മോശം ആണെങ്കിൽ അയാളെ അഹിംസാത്മകമായി വോട്ട് എടുപ്പിലൂടെ സ്ഥാനഭ്രഷ്ടനാക്കാൻ കഴിയുന്ന പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തി വിളിച്ചോതുന്ന സംഭവം ആണ് സിറിയൻ ആഭ്യന്തര യുദ്ധം.


Leave a Reply

Your email address will not be published. Required fields are marked *