“മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്, അവർ നിന്നെ സഹായിച്ചെന്നും വരാം… അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക…! ഒരു അദൃശ്യശക്തിയും നിന്നെ സഹായിക്കാൻ ഇവിടെ ഇല്ല എന്ന് തിരിച്ചറിയുക” – എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഡോ. ആരിഫ് ഹുസൈൻ നവജാത ശിശുവായ തന്റെ മകൾക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
ആരിഫ് ഹുസൈൻ എഴുതിയ കത്ത് ഇങ്ങനെ…
“ഇന്നലെ ജനിച്ച എന്റെ മകൾക്ക് എഴുതുന്ന കത്ത്
31 March 2021
പ്രിയപ്പെട്ട മകൾ അറിയുവാൻ,
ഞാൻ ഒരു മുസ്ലിം ആയിരുന്നു, ഒരു മതരഹിതൻ ആയിരുന്നില്ല. വെറും മുസ്ലിം എന്ന് പറഞ്ഞാൽ പോരാ, ഒരു പൊട്ടൻഷ്യൽ ജിഹാദി തന്നെ ആയിരുന്നു ഞാൻ.
പക്ഷേ ഇസ്‌ലാം ഞാൻ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുത്തത് അല്ല. പ്രസവസമയത്ത് എന്നെ പുറത്തെടുത്ത ഡോക്ടർമാരും, നഴ്സുമാരും ആളു മാറാതെ കൃത്യമായി എന്നെ എന്റെ മാതാപിതാക്കളുടെ കൈകളിൽ എൽപിച്ചപ്പോൾ… അവർ എന്നോട് ചോദിക്കാതെ എന്റെ ചെവിയിൽ ബാങ്ക് കൊടുത്തു, എന്നെ ഇസ്ലാം മതത്തിൽ ചേർത്തു, അങ്ങനെ ഞാൻ മുസ്ലിം ആയി. ആ ഇസ്‌ലാം പിന്നെ എന്നിൽ വളർന്നു പന്തലിച്ചു. മനുഷ്യരെ വിശ്വാസിയും അവിശ്വാസിയും മാത്രം ആയി കാണുന്ന ദുഷിച്ച ചിന്ത എന്നിൽ ആഴ്ന്നിറങ്ങിയിരുന്നു.
അവർ ഒരു ക്രിസ്ത്യാനിയുടെ, അല്ലെങ്കിൽ ഒരു ഹിന്ദുവിന്റെ കൈകളിൽ ആയിരുന്നു ആള് മാറി എന്നെ ഏല്പിച്ചിരുന്നത് എങ്കിൽ എന്താകുമായിരുന്നു സ്ഥിതി…? ഇത്രയേ ഉള്ളൂ മതം എന്നത്…
ഏതായാലും, എന്റെ ചുണ്ടിൽ അവർ പുരട്ടിയ തേനും, ഈത്തപ്പഴത്തിന്റെ മധുരവും മാത്രം ആണ്, അവർ എന്നോട് ചോദിക്കാതെ ചെയ്തവയിൽ, ഇന്നും ഞാൻ നുകരാറുള്ള ഒരു ഓർമ്മ…! എന്നെ സുന്നത്ത് ചെയ്യാൻ എന്നും പറഞ്ഞു കൊണ്ടുപോയത് ഓർക്കുമ്പോൾ പോലും ഇന്നും വേദനയാണ്, പേടിയാണ്…
പക്ഷെ, അതിനേക്കാൾ ഒക്കെ വേദനയാണ് മകളേ, ഇന്ന് ഞാൻ അനുഭവിക്കുന്നത്… അവർ അന്ന് എന്റെ ചെവിയിൽ ബാങ്ക്‌വിളിച്ച്കൊണ്ട്, ചുണ്ടിൽ മധുരം പുരട്ടിക്കൊണ്ട് എന്നെ അണിയിച്ച ആ മത കുപ്പായം, അതവർ എന്റെ ശരീരത്തിൽ തുന്നി ആണ് പിടിപ്പിച്ചിരുന്നത് എന്ന് ഞാൻ വൈകി ആണ് അറിഞ്ഞത് മകളേ…
അത് ഊരി ഉപേക്ഷിക്കാൻ ആണ് കൂടുതൽ വേദന അനുഭവിക്കേണ്ടി വരിക എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു… എന്നിട്ടും, വേദനകൾ സഹിച്ച് അതൂരി ഉപേക്ഷിച്ചു ഞാൻ, ഒരുവിധം…
പക്ഷേ, അതോടെ ഞാൻ എന്റെ ഉമ്മാക്ക് നജസായി, തൊട്ടുകൂടാത്തവൻ ആയി… പെങ്ങൾക്ക് അന്യപുരുഷൻ ആയി… നിൻറെ ഉമ്മാക്ക് ഞാൻ ഭർത്താവല്ലാതെ ആയി… മറ്റു കുടുംബക്കാർക്ക് പഠിപ്പ് കൂടിയതിന്റെ കുഴപ്പം ആണ് എന്ന് പറഞ്ഞു കളിയാക്കാൻ ഞാൻ ഒരു കാരണം ആയി…
എന്നാലും വേണ്ടില്ല… ഞാൻ നിന്റെ ചെവിയിൽ ബാങ്ക് വിളിച്ചിട്ടില്ല… നിന്നെ ഞാൻ അറിഞ്ഞുകൊണ്ട് ഈ പടുകുഴിയിൽ കൊണ്ടിട്ടിട്ടില്ല… പ്രത്യേകിച്ച് നീ ഒരു സ്ത്രീ ആണ്… നിനക്ക് ഒട്ടും യോചിച്ചതല്ല ഇസ്‌ലാം… നിന്നെ ഞാൻ മുസ്ലിം ആക്കിയിട്ടില്ല… നീ ഇപ്പോൾ മതരഹിതയാണ്…
നിനക്ക് പക്വത എത്തുമ്പോൾ, അന്ന് മതങ്ങൾ ഇവിടെ ഉണ്ടെങ്കിൽ, അതിലൊന്ന് നിനക്ക് വേണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ, നീ തിരഞ്ഞെടുത്തുകൊള്ളുക… ഒരു മതരഹിതനും നിന്നെ തടയില്ല, ഉപദ്രവിക്കില്ല.
പക്ഷേ, ആര് തലകൊയ്യാൻ വന്നാലും ശരി, നിന്നെ വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ചാലും ശരി, മതം ഉപേക്ഷിക്കണം എന്ന് തോന്നിയാൽ അത് ഉപേക്ഷിക്കുകയും ചെയ്‌തേക്കുക…! നിന്റെ ഇഷ്ടം ആണ് ഇനി മുതൽ നിനക്ക് വലുത് ആകേണ്ടത്, ബാക്കി ഉള്ളവർക്കും…!
സൗകര്യം ഇല്ല എന്ന് പറയേണ്ടിടത്ത് അത് പറഞ്ഞു ശീലിക്കുക… നീ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വം നീ തന്നെ ഏറ്റെടുക്കുവാൻ ശ്രമിക്കുക… ചുറ്റുമുള്ള മനുഷ്യരോട് നീ നല്ലരീതിയിൽ, വിവേചനങ്ങൾ കാണിക്കാതെ പെരുമാറുക…
മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്, അവർ നിന്നെ സഹായിച്ചെന്നും വരാം… അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക…!
ഒരു അദൃശ്യശക്തിയും നിന്നെ സഹായിക്കാൻ ഇവിടെ ഇല്ല എന്ന് തിരിച്ചറിയുക.
എന്നെങ്കിലും നീ ഈ കത്ത് വായിക്കാൻ ഇടയാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്… നിർത്തുന്നു.
ബാപ്പ.
Arif Hussain Theruvath
ExMuslim”