അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു


ബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ?

ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങൾ നമുക്കിന്നും അശ്ലീലങ്ങളുടെ കൂട്ടത്തിൽ മാത്രം വരുന്നവയാണ്. അതായത് തുറന്നു സംസാരിക്കാൻ പാടില്ലാത്തവ. സംസാരിച്ചാൽ തന്നെ ശബ്ദം താഴ്ത്തി, ഇരുളിന്റെ മറവിൽ മാത്രം സംസാരിക്കേണ്ടവ! അതുകൊണ്ട് തന്നെ ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങളിലെ, കൃത്യമായ അറിവ് നമുക്കിന്നും അന്യമാണ്.

എന്താണ് ഗർഭച്ഛിദ്രം (Abortion)?

ഗര്‍ഭാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് ഗർഭച്ഛിദ്രം. മരുന്നുകൾ വഴിയോ, ശസ്ത്രക്രിയകൾ വഴിയോ ഗർഭപാത്രത്തിൽ നിന്നും ഭ്രൂണമോ, ഗര്‍ഭസ്ഥ ശിശുവിനെയോ, നീക്കം ചെയ്തുകൊണ്ടാണ് ഇത് ചെയ്യുന്നത്.

Guttmacher Institute, International Institute for Population Sciences (IIPS), Population Council എന്നിവർ ചേർന്ന് 2015 ൽ ഇന്ത്യയിലെ അബോർഷനെ പറ്റി പഠിക്കുകയും ഇത് പിന്നീട്  “The incidence of abortion and unintended pregnancy in India – 2015” എന്ന പേരിൽ ലാൻസെറ്റ് ജേർണലിൽ (The Lancet) പ്രസിദ്ധീകരിക്കുകയുമുണ്ടായി.

ഇതിൻ പ്രകാരം, ഏതാണ്ട് 15.6 മില്യൺ അബോർഷൻസാണ് 2015 ൽ ഇന്ത്യയിൽ നടന്നത്. ഇതിൽ തന്നെ 3.4 മില്യൺ അബോർഷനുകൾ മാത്രമാണ് സുരക്ഷിതമായി ചെയ്തവ. ബാക്കി വരുന്ന 11.5 മില്യൺ അബോർഷനുകൾ മരുന്നുകളോ മറ്റോ സ്വയം കഴിച്ചു കൊണ്ട്, ആശുപത്രികൾ പോലുള്ള സൗകര്യങ്ങളൊന്നുമുപയോഗിക്കാതെ നടത്തിയവയും, ബാക്കിയുള്ള 0.8 മില്യൺ അബോർഷനുകൾ മറ്റേതോ രീതിയിൽ നടത്തിയവയുമാണ്. ഭൂരിഭാഗം വരുന്നയാളുകളും സുരക്ഷിതമല്ലാത്ത വഴിയിലൂടെയാണ്‌ അബോർഷൻ നടത്തിയതെന്ന് സാരം!

2018 ലെ കണക്കുകൾ പ്രകാരം, ഓരോ ദിവസവും 13 സ്ത്രീകൾ വെച്ച് ഇന്ത്യയിൽ സുരക്ഷിതമല്ലാത്ത അബോർഷനുകളാൽ മരണപ്പെടുന്നുണ്ട്. അബോർഷൻ നിയമപരമായ ഒന്നാണെന്ന്, 80 ശതമാത്തോളം വരുന്ന ഇന്ത്യൻ സ്ത്രീകൾക്കിന്നുമറിയില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം!

സുരക്ഷിതമായ രീതിയിൽ അബോർഷൻ ചെയ്യുന്നതിൽ നിന്നും അതിനെ കുറിച്ചുള്ള അറിവില്ലായ്മ മാത്രമല്ല, മതങ്ങളുൾപ്പടെയുള്ളവ അബോർഷനെ കുറിച്ചും, സ്ത്രീകളെ കുറിച്ചും ഇവിടെയുണ്ടാക്കി വെച്ചിട്ടുള്ള ചില വികൃത ഡോഗ്മകളും കൂടി അവരെയിതിൽ നിന്നും വിലക്കുന്നുണ്ട്.

കോവിഡിനെ പ്രതിരോധിക്കാൻ കുറച്ചു കർപ്പൂരമെടുത്തു വിഴുങ്ങിയാൽ മതിയെന്ന് പോലും വിശ്വസിക്കുന്ന ആളുകളുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെ നിന്നു കൊണ്ട്, ഗർഭച്ഛിദ്രം നടത്തുവാനായി ഉപയോഗിക്കുന്ന സുരക്ഷിതമല്ലാത്ത മാർഗങ്ങൾ ഏതൊക്കെയാണെന്നൊന്ന് തേടി പോയാൽ ഒരുപക്ഷേ നമ്മൾ ബോധം കെട്ടു വീണു പോവാനിടയുണ്ട്!

1971 ൽ Medical Termination of Pregnancy Act (MTP Act) നിലവിൽ വരുന്നത് വരെ, സ്ത്രീയുടെ ജീവൻ രക്ഷിക്കാനല്ലാതെ അബോർഷൻ ചെയ്യുന്നത് IPC സെക്ഷൻ 312 പ്രകാരം, ഇന്ത്യയിൽ കുറ്റകൃത്യമായിരുന്നു. 1964 ൽ ഇതിനെ കുറിച്ച് പഠിക്കാൻ നിലവിൽ വന്ന ഷാ കമ്മിറ്റിയുടെ (Shantilal Shah) നിർദേശത്തെ തുടർന്നു കൊണ്ടാണ് അബോർഷൻ നിയമാനുസൃതമാക്കി കൊണ്ടുള്ള ഇത്തരമൊരു നിയമം ഇന്ത്യയിൽ നിലവിൽ വന്നത്.

MTP ആക്റ്റിലെ സെക്ഷൻ 3(4)(b) പ്രകാരം അബോർഷൻ ചെയ്യുന്നതിനായി ഗർഭിണിയായിട്ടുള്ള സ്ത്രീയുടെ മാത്രം സമ്മതം മതിയാവും. അതായത് പുരുഷനുൾപ്പെടെയുള്ള മാറ്റാരുടെയും സമ്മതമോ, അനുവാദമോ വേണമെന്നില്ലെന്നർത്ഥം!

ഇത് ശരി വെച്ചു കൊണ്ട് 2011 ൽ ഡൽഹി – ഹരിയാന ഹൈക്കോടതി ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. തന്റെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം നടത്തിയതിനാൽ ഭാര്യയുൾപ്പടെ, അതിന് കൂട്ടു നിന്ന മുഴുവനാളുകളും നഷ്ട്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് അവരുടെ ഭർത്താവ് കൊടുത്ത കേസിലായിരുന്നു ഹൈകോടതിയുടെ ഈ വിധി. (Anil Kumar Malhotra v. Ajay Pasricha)

ശാരീരികമായി മാത്രമല്ല, മാനസികമായി കൂടി തയ്യാറാവേണ്ട ഒന്നാണ് ഗർഭധാരണവും തുടർന്നുള്ള പ്രസവവും. അതുകൊണ്ട് തന്നെ, അബോർഷൻ ചെയ്യരുതെന്ന് പറയാനോ, തന്റെ സമ്മതിമില്ലാതെ അബോർഷൻ ചെയ്തുവെന്നതിന്റെ പേരിൽ ഭാര്യക്കെതിരെ കേസ് ഫയൽ ചെയ്യാനോ ആർക്കുമിവിടെയവകാശമില്ലെന്ന് കോടതി ഈ വിധിയിലൂടെ പ്രഖ്യാപിച്ചു.

വിവാഹാനന്തരം ഭർത്താവുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നതിനർത്ഥം, താനൊരു കുട്ടിയെ പ്രസവിച്ചു കൊള്ളാമെന്നല്ല. ഗർഭം ധരിക്കണോ വേണ്ടയോ, കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളൊക്കെ തന്നെ സ്ത്രീയുടെ അഭിപ്രായത്തിൻ മേൽ മാത്രം നിലനിൽക്കുന്ന ഒന്നാണ്. ഗർഭം ധരിക്കാനായോ, കുഞ്ഞിനെ പ്രസവിക്കാനായോ ഒരു ഭർത്താവിനും തന്റെ ഭാര്യയെ നിർബന്ധിക്കാനാവില്ല, തുടങ്ങിയ കാര്യങ്ങൾ കൂടി കോടതി ഈ വിധിന്യായത്തിലൂടെ വ്യക്തമാക്കുകയുണ്ടായി.

ചുരുക്കി പറഞ്ഞാൽ, അബോർഷൻ ചെയ്യാനായി ഗർഭിണിയായ സ്ത്രീയുടെയല്ലാതെ മാറ്റാരുടേയും സമ്മതമോ അനുവാദമോ ആവശ്യമില്ല. മൈനർ (Below 18) ആയിട്ടുള്ള സ്ത്രീകൾക്കോ, മാനസിക അസുഖങ്ങളുള്ള സ്ത്രീകൾക്കോ അവരുടെ ലീഗൽ ഗാർഡിയന്റെ സമ്മതമാവശ്യമാണ്. എന്നാൽ, ഇന്നും ഭർത്താവിന്റെയോ വീട്ടുകാരുടെയോയൊക്കെ സമ്മതമുണ്ടെങ്കിലേ അബോർഷൻ ചെയ്യാനാവൂ എന്ന് കരുതന്നവരാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളും.

അതിന്റെയാവശ്യമില്ലെന്ന് നന്നായി അറിയാവുന്ന ഡോക്ടർമാർ പോലും ഇതിന് കൂട്ടു നിൽക്കുകയാണ് പതിവ്. ഭർത്താവില്ലെങ്കിൽ വീട്ടിലെ മറ്റേതെങ്കിലും പുരുഷനെ കണ്ട് അനുവാദം വാങ്ങിയാലെ അവർക്ക് അബോർഷൻ ചെയ്യാൻ പറ്റൂ എന്ന് വരെ വാശി പിടിക്കുന്നവരുണ്ട്!

അവനവന്റെ ശരീരം, അത് അവനവന്റേത് മാത്രമാണ്. അതുകൊണ്ട് തന്നെ, അതിന് മുകളിലുള്ള എന്ത്‌ കാര്യവും തീരുമാനിക്കാനുള്ള അധികാരവും അവകാശവും നമുക്ക് മാത്രമുള്ളതാണ്. ഏതെങ്കിലുമൊരു പ്രത്യേക ലിംഗത്തിൽപ്പെടുന്നത് കൊണ്ടു മാത്രമത് ഇല്ലാതെയാവുന്നില്ല!


Leave a Reply

Your email address will not be published. Required fields are marked *