താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു


‘താറാവ് വെള്ളത്തില്‍ കിടക്കുന്നതാണ്, അതുകൊണ്ട് താറാവിന്റെ ശരീരം ഭയങ്കര തണുപ്പുള്ളതായിരിക്കും. അതുകൊണ്ട് പൈല്‍സിന് ബെസ്റ്റാണ്. കോഴിമുട്ടയോ? ആ കോഴി കഴിച്ചാല്‍ ഭയങ്കര ചൂടാണ് അതുകൊണ്ട് പൈല്‍സ് ഉണ്ടാകും. ഈ അഭിപ്രായം പറയുന്ന മനുഷ്യരെ ഗ്രാമത്തിലെന്നോ നഗരത്തിലെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതു ശരിയാണോ?’; ഡോ അഗസ്റ്റസ് മോറിസിന്റെ വൈറലായ വീഡിയോയുടെ പ്രസക്തഭാഗങ്ങള്‍ കാണാം.

മൂലക്കുരുവും താറാമുട്ടയും

‘സാധാരണഗതിയില്‍ തട്ടുകടകളില്‍ ഓംലറ്റ് ചോദിച്ചു വരുന്ന ആളുകളോട് കടക്കാരന്‍ ചോദിക്കും കോഴിമുട്ട വേണോ താറാമുട്ട വേണോ? ബഹുഭൂരിപക്ഷം പേരുടെയും മറുപടി താറാമുട്ട മതി. ഇതിന്റെ പിന്നാമ്പുറത്തേക്ക് ചെല്ലുമ്പോള്‍ എന്താണ് കാരണമായിട്ട് കാണുന്നത്? അത്… താറാവ് വെള്ളത്തില്‍ കിടക്കുന്നതാണ് അതുകൊണ്ട് താറാവിന്റെ ശരീരം ഭയങ്കര തണുപ്പുള്ളതായിരിക്കും. അതുകൊണ്ട് പൈല്‍സിന് ബെസ്റ്റാണ്. കോഴിമുട്ടയോ? ആ കോഴി കഴിച്ചാല്‍ ഭയങ്കര ചൂടാണ് അതുകൊണ്ട് പൈല്‍സ് ഉണ്ടാകും – ഈ അഭിപ്രായം പറയുന്ന മനുഷ്യരെ ഗ്രാമത്തിലെന്നോ നഗരത്തിലെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

എന്നാല്‍ ഈ പറയുന്നവരാരും തന്നെ എന്താണ് മൂലക്കുരു അഥവാ Hemorrhoids അഥവാ പൈല്‍സ് എന്ന് ചോദിക്കാറില്ല. മനുഷ്യന്‍ രണ്ടു കാലില്‍ നടക്കുന്ന ഒരു മൃഗമാണ്. മലദ്വാരത്തിന് ചുറ്റും കാണുന്ന സിരകള്‍, മലദ്വാരത്തിലുള്ള മാംസപേശി anal sphincter അതിനിടയിലൂടെ പോകുമ്പോള്‍ പല സ്ഥലങ്ങളിലും ഞെരുങ്ങുന്നു. അതിനകത്തുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. അപ്പോള്‍ അതിന്റെ ഫലമായിട്ട് ഈ രക്തക്കുഴല്‍ വീങ്ങിവരുന്നു. ഇതിനെയാണ് നമ്മള്‍ പൈല്‍സ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. നാല്‍ക്കാലികളില്‍ ഇങ്ങനെ ഒരവസ്ഥ കാണാറുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. മലദ്വാരത്തിന് ചുറ്റും കാണുന്ന രക്തക്കുഴലുകള്‍ കരളിനകത്തുകൂടി പോകുന്ന portal വെയിനുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് കരളിനകത്തുകൂടി പോകുന്ന രക്തകുഴലില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥ portal hypertension, അതിനകത്തും ഇതുപോലെ മൂലക്കുരു പോലെ സിരകള്‍ വീങ്ങി വരാറുണ്ട്. മാലദ്വാരത്തിന് ചുറ്റും വരുന്ന ക്യാന്‍സറിലും അതിന്റെ appearance ഏതാണ്ട് ഇതുപോലെയൊക്കെ ആയിരിക്കും. പക്ഷെ അതില്‍നിന്നും വ്യത്യസ്തമായിട്ടാണ് മൂലക്കുരു…

നമ്മള്‍ രണ്ടുകാലില്‍ നടക്കുന്നതുകൊണ്ടുള്ള അവസ്ഥാവിശേഷം ആണിതെന്ന് അറിഞ്ഞിരിക്കുക. പിന്നെ ഇതിനെ കൂട്ടുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ശോധന ഇല്ലായ്മ. മലം പോകുവാന്‍ വേണ്ടി പലരും വളരെയധികം സ്ട്രയിന്‍, മുക്കിയൊക്കെയാണ് മലം പോകുന്നതെങ്കില്‍, വയറ്റിലെ മര്‍ദ്ദം കൂടുകയും തത്ഫലമായി ഈ സിരകളുടെ ഞെരുങ്ങല്‍ കൂടുതലാവുകയും, സ്വാഭാവികമായിട്ടും കൂടുതല്‍ കൂടുതല്‍ ഇത് തള്ളി വരികയും ചെയ്യാറുണ്ട്. അപ്പോള്‍ ശോധന സുഖമമാക്കുവാന്‍ വേണ്ടിയാണ് കുറച്ച് ഭക്ഷണ രീതികള്‍, അല്ലെങ്കില്‍ മരുന്നുകളൊക്കെ കൊടുക്കുന്നത്. മുട്ട, അത് കോഴിയോ, താറാവോ ഏത് മുട്ടയുമായിക്കോട്ടെ മുട്ടക്കകത്ത് നാര് എന്ന് പറയുന്ന സാധനമില്ല. അത് നമ്മള്‍ അറിഞ്ഞിരിക്കുക. മുട്ടയും ഈ അസുഖവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അതുപോലെ ഗര്‍ഭവസ്ഥ, വയറ്റില്‍ മര്‍ദ്ദം കൂടുന്ന ഗര്‍ഭവസ്ഥ അത് മൂലക്കുരുവിന്റെ ആധിക്യം കൂട്ടാറുണ്ട്. ദീര്‍ഘ നാളായിട്ടുള്ള ചുമ, ദീര്‍ഘ നാളായിട്ടുള്ള തുമ്മല്‍, ചുരുക്കി പറഞ്ഞാല്‍ വയറ്റില്‍ മര്‍ദ്ദം കൂടാവുന്ന കുടവയറുള്‍പ്പെടെ കൂടാനുള്ള ഘടകങ്ങള്‍ എന്തൊക്കെയുണ്ടോ, ഇതൊക്കെ മൂലക്കുരുവിനെ കൂട്ടും എന്നല്ലാതെ ഈ രണ്ടു കാലില്‍ നടക്കുന്ന മൃഗമായതുകൊണ്ട് മാത്രം മനുഷ്യന് വരുന്ന ഈയൊരവസ്ഥ മുട്ടയുമായി യാതൊരു ബന്ധവുമില്ല എന്ന കാര്യം അറിഞ്ഞിരിക്കുക.

ഇത് ഉള്ളിലും വരാം പുറമേയും വരാം. അങ്ങനെ വരുമ്പോള്‍ ശസ്ത്രക്രിയ അല്ല ആദ്യത്തെ ചികിത്സ എന്ന് പറയുന്നത്, അതിന് അതിന്റെതായിട്ടുള്ള ശോധന സുഗമമാക്കാനുള്ള കുറച്ച് രീതികളുണ്ട്. ഇതൊന്നും പറ്റാതെ വരുമ്പോള്‍, അതല്ല രക്തം നിലക്കാതെ പോകുമ്പോള്‍ ഉള്ളിലും പുറത്തും ഒക്കെ വരുമ്പോളാണ് ശസ്ത്രക്രിയ എന്ന് പറയുന്നത് ഒരു ഓപ്ഷന്‍ ആയിട്ട് വരുന്നത്. അതുതന്നെ ഒരുപാട് മാറിമറിഞ്ഞിട്ടുണ്ട്. പലരീതിയിലുള്ള ടെക്നിക്കുകളുണ്ട്. പണ്ടൊക്കെയാണെങ്കില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ദിവസം ആശുപത്രിയില്‍ കിടക്കണമായിരുന്നു. ഇപ്പോള്‍ OP procedure പോലെ ചെന്നിട്ട് നേരെയാക്കിയിട്ട് പോരാവുന്ന തലത്തിലേക്ക് ചികിത്സ മാറിയിരിക്കുന്നു.

അതുകൊണ്ട് ദയവുചെയ്ത് രണ്ടുകാലില്‍ നടക്കുന്നതുകൊണ്ടുമാത്രം മനുഷ്യനുണ്ടാകുന്ന ഈ അവസ്ഥ മുട്ടകഴിച്ചാല്‍ മാറും, പ്രത്യേകിച്ച് വെള്ളത്തില്‍ കിടക്കുന്ന താറാവ് പോലുള്ള ജീവികളുടെ മുട്ടകഴിച്ചാല്‍ എന്ന അബദ്ധ ധാരണയുമായി നമ്മള്‍ ജീവിക്കാതിരിക്കുക, മറ്റുള്ളവരെയും ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് മണ്ടന്മാരാക്കാതിരിക്കുക.’- ഡോ അഗസ്റ്റസ് മോറിസ് ചൂണ്ടിക്കാട്ടി.

Loading