എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പി എന്‍ ദാസിന്റെ അനുസ്മരണം ഈ വരുന്ന മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൂത്ര ചികിസാകൂട്ടായ്മ നടത്തുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ആകട്ടെ കോഴിക്കോട് മേയറും. ഇതിന്റെ വാര്‍ത്ത പുറത്തുവന്നതോടെയാണ് ശാസ്ത്ര പ്രചാരകര്‍ ഫേസ്ബുക്കിലടക്കം വന്‍ കാമ്പയിനുമായി രംഗത്തെത്തിയത്. ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ ഡോ മനോജ് കോമത്ത് ഈ വിഷയത്തില്‍ മേയര്‍ക്ക് തുറന്ന കത്ത് എഴുതിയത്. ലോകം മുഴുവന്‍ അവജ്ഞയോടെ കാണുന്ന മൂത്രപാനം എന്ന വികൃതശീലത്തെ മഹത്വവല്‍ക്കരിക്കാനും അതൊരു ചികിത്സാരീതിയായി എടുത്തുകാട്ടാനും ഒരു കൂട്ടം ആള്‍ക്കാര്‍ ഇവിടെ ഉണ്ടെന്നത് സാക്ഷര കേരളത്തിന് ലജ്ജാകരമാണെന്ന് ഡോ മനോജ് കോമത്ത് ചൂണ്ടിക്കാട്ടി. |
മൂത്രപാന ചികിത്സ തിരിച്ചുവരുമ്പോൾ!
മൂത്രം കുടിച്ചാല്‍ ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയുമോ. അറപ്പിക്കുന്ന ഈ പ്രാകൃത ചികിത്സകള്‍ ഇപ്പോള്‍ കേരളത്തില്‍ തിരിച്ചുവരികയാണോ?ലോക വ്യാപകമായി പ്രചരിച്ച ഒരു കപട ശാസ്ത്രമാണ് യൂറിന്‍ തെറാപ്പി അഥവാ മൂത്രപാനം. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അറിയപ്പെട്ടതുതന്നെ ഈ കപട വൈദ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടാണ്. 70 കളിലും 80 കളിലും വിദേശരാജ്യങ്ങളില്‍ മുമ്പ് വന്‍ സ്വാധീനമുള്ള ഈ രീതി ഇപ്പോള്‍ ഏതാണ്ട് അസ്തമിച്ചമട്ടാണ്. പക്ഷേ ഇപ്പോള്‍ കേരളത്തില്‍ ഈ പ്രാകൃത രീതി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്ന് ജനകീയ ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രപ്രചാരകരും ആരോപിക്കുന്നു.
എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു പി എന്‍ ദാസിന്റെ അനുസ്മരണം ഈ വരുന്ന മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കന്നുണ്ട്. ഇതിന്റെ ഭാഗമായി മൂത്രചികിസാ കൂട്ടായ്മ നടത്തുന്നതാണ് വിവാദത്തിലായത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ആകട്ടെ കോഴിക്കോട് മേയറും. ഇതിന്റെ വാര്‍ത്ത പുറത്തുവന്നതോടെയാണ് ശാസ്ത്ര പ്രചാരകര്‍ ഫേസ്ബുക്കിലടക്കം വന്‍ കാമ്പയിനുമായി രംഗത്തെത്തിയത്, ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ ഡോ മനോജ് കോമത്ത് ഈ വിഷയത്തില്‍ മേയര്‍ക്ക് തുറന്ന കത്ത് എഴുതിയത്. ലോകം മുഴുവന്‍ അവജ്ഞയോടെ കാണുന്ന മൂത്രപാനം എന്ന വികൃതശീലത്തെ മഹത്വവല്‍ക്കരിക്കാനും അതൊരു ചികിത്സാരീതിയായി എടുത്തുകാട്ടാനും ഒരു കൂട്ടം ആള്‍ക്കാര്‍ ഇവിടെ ഉണ്ടെന്നത് സാക്ഷര കേരളത്തിന് ലജ്ജാകരമാണെന്ന് ഡോ മനോജ് കോമത്ത് ചൂണ്ടിക്കാട്ടി.
ഡോ മനോജ് കോമത്ത് എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ അറിയാന്‍. എഴുത്തുകാരനും കോഴിക്കോടിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ ശ്രദ്ധേയനും ആയിരുന്ന ശ്രീ. പി എന്‍ ദാസിന്റെ അനുസ്മരണം ഈ വരുന്ന മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ച കാര്യം പത്രവാര്‍ത്തയിലൂടെ അറിയുകയുണ്ടായി. ഇങ്ങനെ ഒരനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ആരാധ്യ മേയര്‍ തന്നെ ആണ് അനുയോജ്യ വ്യക്തി. എന്നാല്‍ വാര്‍ത്തയില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത് കേരളത്തിലെ മൂത്രചികിത്സാ കൂട്ടായ്മയാണ് എന്ന് കാണുന്നു.
ലോകം മുഴുവന്‍ അവജ്ഞയോടെ കാണുന്ന മൂത്രപാനം എന്ന വികൃതശീലത്തെ മഹത്വവല്‍ക്കരിക്കാനും അതൊരു ചികിത്സാരീതിയായി എടുത്തുകാട്ടാനും ഒരു കൂട്ടം ആള്‍ക്കാര്‍ ഇവിടെ ഉണ്ടെന്നത് സാക്ഷര കേരളത്തിന് ലജ്ജാകരമാണ്. ഈ കൂട്ടായ്മ പി എന്‍ ദാസിനെ തങ്ങളുടെ സ്ഥാപകനേതാവായി കരുതുന്നതും അദ്ദേഹത്തിന്റെ അനുസ്മരണം മൂത്രചികിത്സയുടെ പ്രചാരണവേദി ആയി മാറ്റാന്‍ ശ്രമിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ.സമൂഹത്തിന്റെ സ്വാസ്ഥ്യത്തെപ്പറ്റി ഒട്ടേറെ ചിന്തകള്‍ മുന്നോട്ടുവച്ച ശ്രീ.പി എന്‍ ദാസ് വാര്‍ദ്ധക്യത്തില്‍ മൂത്രചികിത്സ എന്ന പ്രാകൃത സമ്പ്രദായത്തില്‍ അഭിരമിച്ചുപോയി എന്നത് വാസ്തവമാണ്. തന്റെ സ്വന്തം ആരോഗ്യപ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിനത് പ്രയോജനപ്പെട്ടില്ല എന്ന് മാത്രമല്ല അവസാനകാലത്ത് ആരോഗ്യ പരിപാലനത്തിന് നിലവിലുള്ള സര്‍ക്കാര്‍ ആരോഗ്യസംവിധാനത്തെ ആശ്രയിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആ നിലയ്ക്ക് അദ്ദേഹത്തെ കേരളത്തിലെ മൂത്രചികിത്സയുടെ ആചാര്യനായി അവരോധിക്കാനും മൂത്രപാനം എന്ന അടിസ്ഥാനരഹിതവും അരോചകവും ആയ ശീലത്തെ ഒരു രോഗനിവാരണമാര്‍ഗം എന്ന നിലയില്‍ പ്രചരിപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ ദുരുപദിഷ്ടമാണ്. സംഘാടകരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന ഈയവസ്ഥയില്‍ ആരാധ്യ മേയര്‍ ഈ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പരിപാടി സംഘടിപ്പിക്കുന്ന കേരളത്തിലെ മൂത്രചികിത്സാ കൂട്ടായ്മയുടെ തലപ്പത്തിരിക്കുന്ന ആളെ ‘യൂറിന്‍ തെറാപ്പി’ എന്ന പുസ്തകം രചിച്ചതിന്റെ പേരില്‍ ആ ചടങ്ങില്‍ വച്ച് ആദരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാധാരമായ ‘വാട്ടര്‍ ഓഫ് ലൈഫ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ രചയിതാവ് ആരെന്നോ അതില്‍ പറഞ്ഞിരിക്കുന്ന മൂത്രചികിത്സാഫലങ്ങളുടെ ആധികാരികത എന്തെന്നോ ആര്‍ക്കും ഒരുറപ്പുമില്ല. അത് ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ജെ ഡബ്ല്യൂ ആംസ്‌ട്രോങ് എന്നൊരാള്‍ 1944 ല്‍ എഴുതിയതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.ശരീരമാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഉദ്ദേശിച്ചിട്ടുള്ള മൂത്രത്തെ സകലരോഗസംഹാരിയായ ഔഷധമായി വേഷംകെട്ടിക്കുന്നതിലെ പരിഹാസ്യത ഇരിക്കെതന്നെ കേരളത്തിലെ ഒരു പ്രമുഖ പ്രസാധകര്‍ ‘യൂറിന്‍ തെറാപ്പി’ പുസ്തകം അച്ചടിച്ചു വിവിധ എഡിഷനുകളായി വിറ്റഴിച്ചു എന്നത് കൗതുകകരമാണ്. ഈ പുസ്തകത്തില്‍ മൂത്രപാനവും ലേപനവും വഴി വരട്ടുചൊറിയും വയറുകടിയും മുതല്‍ വന്ധ്യതയും കാന്‍സറും വരെ ചികില്‍സിച്ചു മാറ്റാനാകും എന്നവകാശപ്പെടുന്നുണ്ട്. ഗുരുതര രോഗങ്ങള്‍ക്ക് ശാസ്ത്രീയാടിസ്ഥാനം ഇല്ലാതെ ചികിത്സാ ഉപദേശം നല്‍കുന്നത് വൈദ്യശാസ്ത്രത്തിലെ നൈതികതക്കും അതുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ക്കും എതിരാണ്.
മനുഷ്യമൂത്രത്തിനു രോഗം മാറ്റാന്‍ കഴിവുണ്ടെന്ന വാദത്തിന് ഉപോല്‍ബലകമായി അവര്‍ നിരത്തുന്ന ‘ശാസ്ത്രീയ തെളിവുകള്‍’ ശാസ്ത്രജ്ഞര്‍ വിശകലനവിധേയമാക്കുകയും അതിലെ പൊള്ളത്തരങ്ങള്‍ വെളിവാക്കുകയും ചെയ്തതാണ്. അതിന്റെ സമാഹൃത രൂപം കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത് ‘യൂറിന്‍ തെറാപ്പി ചരിത്രവും ശാസ്ത്രവും’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടു പോലും സമൂഹത്തെ നഗ്‌നമായി വെല്ലുവിളിക്കുന്ന രീതിയില്‍ യൂറിന്‍ തെറാപ്പി കൂട്ടായ്മ ഒരു പൊതുപരിപാടി സംഘടിപ്പിച്ചു സ്വയം വെള്ളപൂശുവാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടണം.
കുറ്റകരമായ രീതിയില്‍ ചികിത്സയില്‍ കപടപ്രചാരണങ്ങള്‍ നടത്തി സാമൂഹ്യദ്രോഹം ചെയ്യുന്ന മൂത്രചികിത്സകരുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് പകരം മേയറുടെ അധികാരം ഉപയോഗിച്ച് ആ പരിപാടി തന്നെ നിരോധിക്കാന്‍ ഏര്‍പ്പാടാക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ചുരുങ്ങിയ പക്ഷം ജനങ്ങളോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി ആ പരിപാടിയില്‍ നിന്ന് ആരാധ്യ മേയര്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനം എങ്കിലും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോ.മനോജ് കോമത്ത്.