ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു


‘നമ്മുടെ “പാതിവെന്ത” ചരിത്രകാരന്മാര്‍ പറയുന്നപോലെ ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല ഭരണിപ്പാട്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരായ ഹിന്ദുക്കളെ ശല്യം ചെയ്ത് അവിടെനിന്ന് ഓടിച്ച് പള്ളുരുത്തിയിലെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ കൊച്ചി രാജാവ് കൂലിക്കെടുത്ത ആളുകള്‍ നടത്തിയിരുന്ന തെറിവിളിയും, ഭക്തജനങ്ങള്‍ തിരിച്ച് അവരെ തെറിവിളിച്ചതും മറ്റുമാകാം ഈ ആചാരത്തിന്റെ തുടക്കം.’- ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു.
കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ടിന്റെ ചരിത്രം

കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണല്ലോ ഭരണിപ്പാട്ട് എന്ന തെറി വിളി. കാവുതീണ്ടല്‍ എന്ന പേരില്‍ അക്രമണോത്സുകരായി ക്ഷേത്രത്തിനു ചുറ്റും മണ്ടി നടക്കുക എന്നൊരു ആചാരവുമുണ്ട്. ക്ഷേത്രം ബുദ്ധ വിഹാരമായിരുന്നു എന്നും ഭിക്ഷുക്കളെ അവിടന്ന് ഓടിക്കാനുള്ള ശ്രമത്തിന്റെ അനുസ്മരണമാണ് ഈ ആചാരങ്ങള്‍ എന്നുമാണ് നമ്മുടെ ലോക്കല്‍ “ചരിത്രകാരന്മാര്‍” പാടി നടക്കുന്നത്. തെളിവൊന്നും ചോദിച്ചിട്ട് കാര്യമില്ല. ഇതാണ് സത്യം. അങ്ങ് വിശ്വസിച്ചാല്‍ മതി.

മുന്‍പ് ചില പോസ്റ്റുകളില്‍ 1584-1632 കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന ഫെനിസിയോ എന്നൊരു ഇറ്റാലിയന്‍ പാതിരിയെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. ഇവിടെയുള്ള ആളുകളുടെ ആചാര വിശ്വാസങ്ങളെക്കുറിച്ച് മറ്റു പാതിരമാര്‍ക്കുള്ള ഒരു ഗൈഡ്ബുക്ക് എന്ന നിലയില്‍ 1609 ല്‍ അദ്ദേഹം എഴുതിയ പുസ്തകമാണ് Livro Da Seita Dos Indios Orientais. (the first book of the sect of the oriental Indians) ഈ പുസ്തകം ഇംഗ്ലീഷ് അടക്കം ഒരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് മലബാറിലെ ഹിന്ദുക്കളുടെ ജീവിതരീതികളെക്കുറിച്ചുള്ള രസകരമായ ഈ പുസ്തകത്തെക്കുറിച്ച് നമ്മുടെ ചരിത്രകാരന്മാര്‍ക്കു പോലും കാര്യമായ അറിവില്ല.

ഇംഗ്ലീഷ് ഭാഷയില്‍ ഈ പുസ്തകം ലഭ്യമല്ലെങ്കിലും ഡച്ചുകാരനായ Baldaeus (1672 ) തന്റെ The true and exact description of the most celebrated east India coast of malabar and coromandel എന്ന പുസ്തകത്തില്‍ ഹിന്ദുമതത്തെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ഫെനിസിയോ പാതിരിയുടെ കയ്യെഴുത്തു പ്രതിയില്‍ നിന്ന് കോപ്പിയടിച്ചതാണ്. അതിന്റെ ഇംഗ്ലീഷ് ലഭ്യമാണ്. അതുപോലെ മാനുവല്‍ ഡി ഫാരിയ യെ സൂസ (Manuel De Faria y Sousa) യുടെ “പോര്‍ട്ടുഗീസ് ഏഷ്യ” എന്ന പുസ്തകത്തിലും ഫാദര്‍ ഫെനിസിയോയുടെ കയ്യെഴുത്തു പ്രതിയെ ആധാരമാക്കിയുള്ള വിവരങ്ങള്‍ കാണാം. അതിന്റെയും ഇംഗ്ലീഷ് ലഭ്യമാണ്.

പതിനേഴാം നൂറ്റാണ്ടിലെ കൊടുങ്ങല്ലൂര്‍ അമ്പലത്തെക്കുറിച്ച് ഫെനിസിയോ പാതിരി പറയുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഈ വലിയ അമ്പലമാണ് ഈശ്വരന്റെ (ശിവന്റെ) മകളായ ഭദ്രകാളിയുടെ പ്രധാന ആസ്ഥാനം എന്ന് ഫെനിസിയോ പറയുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ണകിയുടെ കഥയും വിശദശാംശങ്ങളില്‍ ചെറിയ വ്യത്യാസത്തോടെ ഫെനിസിയോ പറയുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കണ്ടമാനം ഭക്തി ഭ്രാന്തര്‍ തിങ്ങികൂടുന്നതു കൊണ്ട് തീര്‍ഥാടകരുടെ ക്ഷേത്രം എന്നാണ് അവിടം അറിയപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ രാജാവിന് ആയിരക്കണക്കിന് പണമാണ് ഓരോ വര്‍ഷവും ഇവിടെനിന്ന് വരുമാനമായി ലഭിക്കുന്നത് എന്നദ്ദേഹം പറയുന്നു.

കനത്ത ഈ വരുമാനത്തില്‍ കണ്ണുവച്ച് കൊച്ചിയിലെ ഒരു പഴയ രാജാവ് ആയിരം പടയാളികളുമായി വന്ന് ഒരിക്കല്‍ അമ്മ തിരുവടിയുടെ (Ammadiri) ഈ അമ്പലം കൊള്ളയടിച്ചിട്ടുണ്ട് എന്ന് ഫെനിസിയോ രേഖപ്പെടുത്തുന്നു. ദൈവത്തിന്റെ മകനും, അന്തരാവകാശിയും ശരിക്കും താനാണ് എന്നായിരുന്നു കൊച്ചി രാജാവിന്റെ അവകാശവാദം.

കൊച്ചിയിലെ രാജാവ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു ലഭിക്കുന്ന ഈ വലിയ വരുമാനത്തിന്റെ ഒരു വിഹിതം തനിക്ക് ലഭിക്കാന്‍ ക്ഷേത്രത്തിലേക്കു വരുന്ന തീര്‍ത്ഥാടകരെ കൊള്ളയടിക്കാനും, അവരെ പലവിധത്തില്‍ ഉപദ്രവിക്കാനും വഴിനീളെ ആളുകളെ നിര്‍ത്തിയിട്ടുണ്ട്. അങ്ങനെ കൊടുങ്ങല്ലൂര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഭക്തരെ തന്റെ അധീനതയിലുള്ള പള്ളുരുത്തിയില്‍ പണിതിട്ടുള്ള ഭദ്രകാളി ക്ഷേത്രത്തില്‍ എത്തിക്കാനാണ് കൊച്ചി രാജാവ് ഈ പണി ഒപ്പിക്കുന്നത് എന്ന് പാതിരി പറയുന്നു.

ഭരണിപ്പാട്ടും, തെറിവിളിയും ഒന്നും അക്കാലത്ത് അവിടത്തെ ആചാരമായി ഉണ്ടായിരുന്നതായി ഫെനിസിയോ പാതിരി പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനൊരു ആചാരം ഉണ്ടായിരുന്നെങ്കില്‍, ഹിന്ദു മതത്തെ ഇകഴ്ത്തുക എന്ന ലക്ഷ്യത്തോടെ ഇവിടത്തെ മതത്തെക്കുറിച്ചു പഠിച്ച അദ്ദേഹം ഒരു കാരണവശാലും അത് രേഖപ്പെടുത്താതെ വിടുമായിരുന്നില്ല. അപ്പോള്‍ കൊടുങ്ങല്ലൂരിലെ തെറിപ്പാട്ട് ഒരു ക്ഷേത്രാചാരമായി മാറിയത് ഫെനിസിയോ പാതിരിയുടെ കാലശേഷമാണ്. നമ്മുടെ “പാതിവെന്ത” ചരിത്രകാരന്മാര്‍ പറയുന്നപോലെ ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല അത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരായ ഹിന്ദുക്കളെ ശല്യം ചെയ്ത് അവിടെനിന്ന് ഓടിച്ച് പള്ളുരുത്തിയിലെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ കൊച്ചി രാജാവ് കൂലിക്കെടുത്ത ആളുകള്‍ നടത്തിയിരുന്ന തെറിവിളിയും, ഭക്തജനങ്ങള്‍ തിരിച്ച് അവരെ തെറിവിളിച്ചതും മറ്റുമാകാം ഈ ആചാരത്തിന്റെ തുടക്കം.

പോസ്റ്റ് സ്‌ക്രിപ്റ്റ്:കൊച്ചി രാജാവ് പണിതതതായി പറയപ്പെടുന്ന, കൊടുങ്ങല്ലൂര്‍ അമ്പലത്തിന്റെ എതിരാളിയായ പള്ളുരുത്തിയിലെ ഈ ഭദ്രകാളി അമ്പലത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ?


Leave a Reply

Your email address will not be published. Required fields are marked *