“സംഭവത്തിൽ യഥാർത്ഥ വില്ലൻ ആരാണ് എന്ന കാര്യത്തിൽ പല തർക്കങ്ങളും ഉണ്ടെങ്കിലും ഒരു കാര്യം ഉറപ്പാണ് – മതഭ്രാന്ത് മൂത്ത് സ്വയം മിശിഹ ആണെന്ന് പ്രഖ്യാപിച്ച്, ഒപ്പമുള്ളവരെ അവസാനം വരെ പുറത്തുപോകാൻ അനുവദിക്കാതെ കാര്യങ്ങൾ വഷളാക്കിയത് David ന്റെ വിഭ്രാന്തികളായിരുന്നു. അതേസമയം സ്വന്തം പൗരന്മാരുടെ നേരെ മിലിട്ടറി ആക്രമണം നടത്തിയ FBI യുടെ മനുഷ്യാവകാശലംഘനവും എടുത്തുപറയേണ്ടതാണ്.” – ഗൗതം വർമ്മ എഴുതുന്നു
David Koresh എന്ന അന്ത്യ പ്രവാചകൻ
“The kings of the earth who committed fornication and lived luxuriously with her will weep and lament for her, when they see the smoke of her burning, standing at a distance for fear of her torment, saying, ‘Alas, alas, that great city Babylon, that mighty city! For in one hour your judgment has come..” – Revelation – 18 (9-10) (New King James Version)
1993 ഏപ്രിൽ 19 വെളുപ്പിന് ഒരു പള്ളിയോട് വിദൂര സദൃശ്യം മാത്രമുള്ള ആ കെട്ടിടത്തിനുനേരെ FBI Hostage Rescue Team ന്റെ, വലിയ പാറ്റൻ ടാങ്ക്പോലെയുള്ള CEV (Combat Engineering Vehicle) കൾ പാഞ്ഞടുത്തു. CEV കളുടെ മുൻവശത്തുള്ള വലിയ കുഴലുകൾ കെട്ടിടത്തിന്റെ ചുവരുകൾ തുളച്ച് അകത്തേക്ക് കയറി. ആ കെട്ടിടം മൊത്തത്തിൽ ആടിയുലയാൻ തുടങ്ങി. അകത്തുനിന്നും സ്ത്രീകളുടെയും കുട്ടികളുടേയുമെല്ലാം അവ്യക്തമായ കരച്ചിൽ കേൾക്കാമായിരുന്നു. CEV യിൽനിന്നും CS Gas (കണ്ണീർ വാതകം) കെട്ടിടത്തിനുള്ളിലേക്ക് ശക്തിയായി പ്രവഹിക്കാൻ തുടങ്ങി. ഇതിനെല്ലാം കാരണക്കാരനായ David Koresh എന്ന വ്യക്തി അന്നേരം കെട്ടിടത്തിനകത്തെവിടെയോ നിർവികാരനായി നിൽപ്പുണ്ടായിരുന്നു…
Texas ൽ 1959 ഓഗസ്റ്റ് 17 നാണ് David Koresh ജനിച്ചത്. Vernon Wayne Howell എന്നായിരുന്നു അയാളുടെ യഥാർത്ഥ പേര്. Bonnie Sue Clark എന്ന അവിവാഹിതയായ യുവതിക്ക് 14 ആം വയസ്സിൽ ജനിച്ച മകനായിരുന്നു അവൻ. Vernon എന്ന David ജനിക്കുന്നതിന് മുൻപേതന്നെ അവന്റെ പിതാവ് അമ്മയെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയോടൊപ്പം പോയി. ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്ന Bonnie മകനെ തന്റെ അമ്മയുടെ അടുക്കൽ നോക്കാനേൽപ്പിച്ച് ഒരു ജോലിയന്വേഷിച്ച് വീടുവിടുകയാണ് ഉണ്ടായത്. ഒടുവിൽ തന്റെ ഏഴാം വയസ്സിൽ മറ്റൊരു വിവാഹം കഴിച്ച് തന്റെ അമ്മ മടങ്ങിവരുംവരെ David തന്റെ മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞത്.
പഠിക്കാൻ പണ്ടേ പിന്നോക്കമായിരുന്നു David. ആരോടും കൂട്ടുകൂടാതെ സ്കൂളിലും വീട്ടിലുമെല്ലാം ഒറ്റക്ക് സമയം ചിലവഴിച്ച അവൻ പിന്നീട് പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അതേസമയം അവനെ ആകർഷിച്ച രണ്ട് കാര്യങ്ങളായിരുന്നു സംഗീതവും, ബൈബിളും. ഗിറ്റാർ വായനയും ബൈബിൾ വായനയുമായിരുന്നു അവന്റെ ഇഷ്ടവിനോദങ്ങൾ. ശരിയായ വിദ്യാഭ്യാസം നേടുന്നതിന് പകരം ബൈബിൾ പോലെയൊരു പുസ്തകത്തിൽനിന്നും തന്റെ എല്ലാ ലോകവീക്ഷകണങ്ങളും രൂപപ്പെടുത്തുക എന്ന അപകടകരമായ നീക്കമായിരുന്നു പിന്നീട് വർഷങ്ങൾക്കിപ്പുറം നിരപരാധികളായ പലരുടെയും ജീവനെടുത്ത വലിയ സംഭവങ്ങളിലേക്ക് നയിച്ച ഒരു പ്രധാന ഘടകം.
തന്റെ 19 ആം വയസ്സിൽ Linda എന്ന ഒരു പതിനഞ്ചുകാരിയുമായുള്ള ബന്ധത്തിൽ ഒരു കുട്ടി ജനിച്ചെങ്കിലും Linda യുടെ അച്ഛന്റെ സമ്മർദ്ദത്താൽ David ന് അവളെ പിരിയേണ്ടി വന്നു. വലിയ നിരാശയനുഭവപ്പെട്ട അവൻ ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെ അലയവെയാണ് Seventh-day Adventist Church എന്ന ക്രിസ്ത്യൻ വിഭാഗത്തിൽ ചേരുന്നത്. Sabbath ദിനാചാരണത്തിലും, യേശു ക്രിസ്തുവിന്റെ രണ്ടാം വരവിലുമെല്ലാം കഠിനമായി വിശ്വസിക്കുന്ന ഒരു കൂട്ടരായിരുന്നു Seventh-day Adventist Church വിഭാഗക്കാർ. അവിടെവച്ച് David അവിടുത്തെ Pastor ടെ മകളുമായി പ്രണയത്തിലായി. അവളെ തന്റെ ഭാര്യയാക്കാൻ അനുവാദം ആവശ്യപ്പെട്ട David നെ Pastor ആ സഭയിൽ നിന്നും ചവിട്ടിപുറത്താക്കി.
1981 ൽ David Texas ലെ Waco എന്ന സ്ഥലത്തെ Mount Carmel Center ൽ വന്നെത്തി. അവിടെയുള്ള, Seventh-day Adventist Church ൽ നിന്ന് വേർപെട്ട് സ്വതന്ത്ര സഭയായി മാറിയ, Branch Davidians എന്ന സംഘത്തിൽ അയാൾ അംഗമായി. അതിനോടകം Vernon എന്ന David ബൈബിൾ മുഴുവൻ മനഃപാഠമാക്കിക്കഴിഞ്ഞിരുന്നു. അതിൽത്തന്നെ വെളിപാടിന്റെ പുസ്തകമായിരുന്നു അയാൾക്ക് പ്രിയം. താരതമ്യേന വളരെ അടുക്കും ചിട്ടയും കുറഞ്ഞ അതിലെ വരികൾ എങ്ങനെവേണെങ്കിലും വ്യാഖ്യാനിച്ച് വളച്ചൊടിക്കാമെന്നതും മറ്റൊരു സൗകര്യം ആയിരുന്നു. അതോടെ അയാൾ Branch Davidians സഭയിൽ താൻ സ്വയം ഒരു പ്രവാചകൻ ആണെന്ന് പ്രഖ്യാപിക്കാൻ തുടങ്ങി. ലോകാവസാനത്തേക്കുറിച്ചുള്ള പ്രവചനങ്ങൾ വെളിപാടിന്റെ പുസ്തകത്തിൽ നിന്നും വ്യാഖ്യാനിച്ച് കൂടയുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ ആരംഭിച്ചു. ഒപ്പം, കാലാകാലങ്ങളിൽ പ്രവാചകർ എന്നവകാശപ്പെട്ട് മതങ്ങൾ സ്ഥാപിച്ചവരെയും സ്ഥാപിക്കാൻ ശ്രമിച്ചവരെയും പോലെ, ദൈവം തന്നോട് സംസാരിക്കാറുണ്ടെന്നും അവകാശപ്പെട്ടുകൊണ്ടിരുന്നു.
അവിടത്തെ Cult Leader ന്റെ മകനുമായുണ്ടായ അവകാശത്തർക്കത്തിനോടുവിൽ David നും കുറച്ച് അനുയായികൾക്കും താൽക്കാലികമായി അവിടെനിന്നും മാറിനിൽക്കേണ്ടി വന്നു (Cult Leader ന്റെ ഭാര്യയായ Lois Roden നുമായി David ന് ലൈംഗികബന്ധം ഉണ്ടായിരുന്നു. അത് ദൈവത്തിൽനിന്നും തനിക്ക് നേരിട്ട് ലഭിച്ച നിർദേശപ്രകാരം ആണെന്നായിരുന്നു David അവകാശപ്പെട്ടിരുന്നത്). Texas ലെ തന്നെ പലസ്തീൻ എന്ന സ്ഥലത്ത് വളരെ പരിമിതമായ രീതിയിൽ ടെന്റുകളടിച്ച് കാരവാൻ പോലുള്ള വണ്ടികളിലും മറ്റും അവർ കഴിച്ചുകൂട്ടി. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത വളരെ കുറഞ്ഞ ആ ദിനങ്ങൾ അവർ David എന്ന സ്വയംപ്രഖ്യാപിത ‘പ്രവാചക’ന്റെ പ്രസംഗങ്ങളിലും വ്യാഖ്യാനങ്ങളിലും മുഴുകി തള്ളിനീക്കി.
ഒടുവിൽ തങ്ങളുടെ കയ്യിലുള്ള കാശ് ഉപയോഗിച്ച് തോക്കുകളും മറ്റും സംഘടിപ്പിച്ച് David ഉം കൂട്ടരും Cult Leader ടെ മകനായ George Roden നും കൂട്ടരുമായി ഏറ്റുമുട്ടി. പോലീസ് അവരെയെല്ലാവരെയും അറസ്റ്റ് ചെയ്‌തെങ്കിലും David നെയും കൂട്ടരെയും ഒടുവിൽ വെറുതെവിടുകയാണ് ഉണ്ടായത്. അതോടെ Mount Carmel Center ന്റെ അധികാരം David ന്റെ കൈപ്പിടിയിലായി. അയാൾ Branch Davidians ന്റെ ഒരേയൊരു നേതാവും പ്രവാചകനുമായിമാറി. ഒപ്പം തന്റെ Vernon Howell എന്ന പേര് മാറ്റി David Koresh എന്ന പേര് സ്വീകരിച്ചു.
David ന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങിയ ആ സഭയിൽ അയാൾ തന്റെതായ പല പരിഷ്കാരങ്ങളും നടപ്പാക്കി. സ്വയം മിശിഹയെന്ന് പ്രഖ്യാപിച്ച അയാൾ അവിടെയുള്ള എല്ലാ യുവതികളും, അവിടെയുള്ളവരുടെ ഭാര്യമാരും അല്ലാത്തവരുമായ എല്ലാവരും തനിക്ക് വിധിക്കപ്പെട്ടവരാണെന്ന് പ്രസ്താവിച്ചു. അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ദൈവം തന്നോട് പറഞ്ഞു എന്ന് അയാൾ അറിയിച്ചു. പലരുമായുള്ള ബന്ധത്തിലും David ന് കുട്ടികളും ജനിച്ചു. David നെ പ്രവാചകൻ എന്ന് കരുതി ആരാധിച്ചുരുന്ന അന്തേവാസികൾ എല്ലാവരും ഒന്നുകിൽ എല്ലാം ദൈവഹിതം എന്ന് വിചാരിക്കുകയോ, അല്ലെങ്കിൽ ഇത് കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു. പലതും ലൈംഗിക അതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ പരിധിയിൽ വരുന്നതായിരുന്നിട്ടുകൂടി അവർ ചോദ്യം ചെയ്യാതെ മൗനംപാലിക്കും വിധം അനുസരണയുള്ള വിശ്വാസികാളായി തുടർന്നു. അവിടെ അതിനോടകം David ന് പല യുവതികളിലായി 24 ലോളം കുട്ടികൾ ജനിച്ചിരുന്നു. പല കുട്ടികളെയും അനുസരണ പഠിപ്പിക്കാനായി അയാൾ ഒരൽപ്പം ക്രൂരമായിത്തന്നെ അടിക്കുകയും മറ്റും ചെയ്യുമായിരുന്നു (6 മാസം പ്രായഉള്ള തന്റെ കുട്ടിയെ അടിച്ചശേഷം വടിയിൽ പറ്റിപ്പിടിച്ച രക്തം തന്നെ ആസ്വസ്ഥയാക്കിയെന്ന് അന്ന് അവിടെയുണ്ടായിരുന്ന Dana Okimoto എന്ന യുവതി പിന്നീട് ഓർത്തെടുക്കുന്നുണ്ട്).
വരുമാനം കണ്ടെത്താൻ ആയുധവ്യാപാരം
അങ്ങനെ മുന്നോട്ട്പോയിരുന്ന ആ പ്രസ്ഥാനത്തിന് പണത്തിന്റെ ആവശ്യം കൂടിവന്നപ്പോളാണ് David ഉം കൂട്ടരും പുതിയ കച്ചവടം കണ്ടെത്തിയത് – കുറഞ്ഞ വിലക്ക് Semi-automatic തോക്കുകൾ വാങ്ങി അത് Modify ചെയ്ത് Automatic ആക്കി വിൽക്കുക. ഈ ആയുധകച്ചവടം അവർക്ക് വലിയൊരു സാമ്പത്തിക ശ്രോതസ്സായിമാറി. അതോടെയാണ് ATF (Bureau of Alcohol, Tobacco and Firearms) Branch Davidians ന്റെ കെട്ടിടം റെയ്ഡ് ചെയ്യാൻ തീരുമാനിക്കുന്നത്. അതിന്റെ ആദ്യപടിയായി AFT Agents രഹസ്യമായി Branch Davidians നെ നിരീക്ഷിക്കാനാരംഭിച്ചു. വിവരങ്ങൾ ചോർത്തിയെടുക്കാനായി അവർ Robert Rodriguez എന്ന ഒരു Undercover Agent നെ ബൈബിൾ പഠന തൽപ്പരൻ എന്ന വ്യാജേന Mount Carmel Church ലേക്ക് Infiltrate ചെയ്യിച്ചു.
അങ്ങനെയിരിക്കെ, ATF ഉദ്യോഗസ്ഥർ 1993 ഫെബ്രുവരി 28 ന് Mount Carmel Church കെട്ടിടം വളയുന്നു. പിന്നീട് കേൾക്കുന്നത് കാതടപ്പിക്കുന്ന വെടിയൊച്ചകളാണ്. Automatic Rifles ൽ നിന്നുള്ള വെടിയുണ്ടകൾ ATF ന്റെ ഭാഗത്തുനിന്നും അകത്തേക്കും അതേസമയം Branch Davidians ന്റെ ഭാഗത്തുനിന്നും പുറത്തേക്കും ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ആരാണ് ആദ്യം വെടിയുതിർത്തത് എന്നത് ഇന്നും ഒരു പ്രഹേളികയാണെകിലും ആദ്യ റൗണ്ട് വെടിവെപ്പിൽ നാല് ATF ഉദ്യോഗസ്ഥരും ആറ് Davidians ഉം മരിച്ചുവീണു. ഈ ബഹളം കേട്ട് പുറത്തേക്കൊടിവന്ന David Koresh ‘അകത്ത് സ്ത്രീകളും കുട്ടികളുമുണ്ട്, വെടിവയ്ക്കരുതേ..’ എന്ന് ഒച്ചവച്ച് അവരെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരുവശത്തും ആൾനാശം സംഭവിച്ചുകഴിഞ്ഞിരുന്നു. ATF ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കവേ David നും വയറ്റിൽ വെടിയേറ്റു. അതോടെ പോരാട്ടം താൽക്കാലത്തേക്ക് ഒന്ന് അടങ്ങി. അപ്രതീക്ഷിതമായ ഈ തിരിച്ചടിയിൽ പകച്ചുപോയ ATF കാർ കെട്ടിടത്തിന്റെ അല്പം അകലെയായി തമ്പടിച്ചു. David നെയും കൂട്ടരെയും കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.
തങ്ങൾ നിരപരാധികളാണെന്ന് വിശ്വസിച്ചിരുന്ന David ഉം കൂട്ടരും കീഴടങ്ങാൻ തയ്യാറല്ലായിരുന്നു. ഇതിനിടെ ATF ന്റെ ആക്രമണവും Davidians ന്റെ പ്രത്യാക്രമണവുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചുകൊണ്ടിരുന്നു. ഇരുകൂട്ടരേയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ മുന്നോട്ടുവന്നുകൊണ്ടിരുന്നു. David മറ്റുള്ളവരെയെല്ലാം തടവുകാരാക്കിയിരിക്കുകായാണ് എന്നായിരുന്നു AFT ന്റെ ഭാഷ്യം. വാർത്തകൾക്ക് ചൂടുപ്പിടിച്ചതോടെ അത് FBI ഏറ്റെടുത്തു. FBI Negotiator മാർ David മായി ഫോണിൽ ബന്ധപെടാൻ ശ്രമിച്ചു. തങ്ങൾ നിരപരാധികൾ ആണെന്നും ഒരുതരത്തിലും കീഴടങ്ങില്ലെന്നുമായിരുന്നു David ന്റെ നിലപാട്. David വെടിയേറ്റ് തളർന്നു കിടന്നപ്പോൾ അയാളുടെ വലംകൈയ്യായ Steven Schneider റുമായിട്ടായിരുന്നു FBI Negotiations നടത്തിയത്. David ന്റെയത്ര മതഭ്രാന്തൻ അല്ലാതിരുന്ന Steven ന് എല്ലാവരും കീഴടങ്ങുന്നതിലായിരുന്നു താല്പര്യം. കണ്മുന്നിൽ കണ്ട മരണങ്ങൾ അയാളെ വല്ലാതെ ഉലച്ചിരുന്നു. പക്ഷെ David നോടുള്ള വിശ്വാസവും ആരാധനയും ഒരു ഭാഗത്തും, നിരപരാധികളായ സ്ത്രീകളുടെയും കുട്ടികയുടെയും ജീവൻ ഒരുഭാഗത്തും എന്ന അവസ്ഥ അയാളെ തളർത്തികളഞ്ഞു. ഇപ്പോൾ സംഭവിക്കുന്നത് വെളിപാട് പുസ്തകത്തിൽ പറഞ്ഞപോലെ ലോകാവസാനത്തിന്റെ ആരംഭമാണെന്നും (Opening the Seven Seals), മിശിഹായുടെ രണ്ടാം വരവിനുള്ള സൂചനയാണെന്നും ഉറച്ചുവിശ്വസിച്ച David പക്ഷെ ആരെയും പുറത്തേക്ക് വിടാനോ മെഡിക്കൽ എയ്ഡ് സ്വീകരിക്കാനോ തയ്യാറായില്ല. ഇതെല്ലാം ദൈവഹിതമാണെന്നും ദൈവം തന്നോട് സംസാരിക്കും വരെ കാത്തിരിക്കണമെന്നും അയാൾ FBI യോട് പറഞ്ഞു. David നോടുള്ള അമിതവിധേയത്വം മൂലം Steven അടക്കം ആരും അയാളെ എതിർക്കാൻ മുതിർന്നില്ല. ഭക്ഷണവും വെള്ളവും ആവശ്യത്തിനില്ലാതെ സ്ത്രീകളും കുട്ടികളും വലഞ്ഞു. കീഴടങ്ങാൻ തയ്യാറായാൽ ഭക്ഷണം നൽകാം എന്നതായിരുന്നു FBI യുടെ നിലപാട്. ഇടക്ക് സഹികെട്ട്, FBI വാക്ദാനം ചെയ്‌ത ഭക്ഷണം ലഭിക്കാനായി ചിലരെ അവർ പുറത്ത് വിട്ടുവെങ്കിലും ഭൂരിഭാഗം പേരും Mount Carmel Church ന്റെ അകത്തുതന്നെ കഴിച്ചുകൂട്ടി, ലോകാവസാനം എന്ന മിഥ്യാധാരണയും താലോലിച്ചുകൊണ്ട്.
FBI ആക്രമണം
ദിവസങ്ങൾ കഴിയുന്തോറും FBI യുടെ ക്ഷമ നശിച്ചുകൊണ്ടിരുന്നു. നാലാം ദിവസം FBI Mount Carmel ന്റെ മുന്നിൽ CEV (Combat Engineering Vehicle) കൾ വിന്യസിച്ചു. അതേസമയം Negotiations ന്റെ ഫലമായി ഏകദേശം 15 ഓളം കുട്ടികളെ Davidians പുറത്തേക്ക് വിടാൻ തയ്യാറായി. അത് FBI യെ സംബന്ധിച്ചിടത്തോളം ഒരു വിജയമായിരുന്നു. ഒൻപതാം ദിവസം Davidians ന്റെ ആവശ്യപ്രകാരം FBI അവർക്ക് ലോകത്തോട് പറയാനുള്ളത് പറയാനായി Videotape കൾ അകത്തേക്ക് കൊടുത്തുവിട്ടു. തങ്ങൾ ക്രിമിനലുകളല്ല മറിച്ച് നിരപരാധികളാണെന്ന് എന്ന് പറയുന്ന Videotape അവർ പുറത്തേക്കയച്ചു. അത് Media കൾ ഏറ്റെടുത്തതോടെ FBI വല്ലാത്ത സമ്മർദ്ദം അനുഭവിച്ചുതുടങ്ങി. കാഴ്ച്ചക്കാർ രണ്ട് ചേരികളായിത്തിരിഞ്ഞ് ഇരുകൂട്ടരേയും വിമർശിക്കാൻ ആരംഭിച്ചു. അതോടെ FBI ക്ക് ഉള്ളിൽത്തന്നെ രണ്ട് വിഭാഗങ്ങൾ രൂപപ്പെട്ടു. എത്രയും പെട്ടെന്ന് അവരെ ആക്രമിച്ച് David നെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യുകയും, അവർ Hostage ആക്കിവച്ചു എന്ന് പറയപെടുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുകയും ചെയ്യണമെന്ന് ഒരു വിഭാഗം. Negotiations ലൂടെ David നെയും കൂട്ടരെയും സമാധാനപരമായി കീഴടങ്ങാൻ പ്രേരിപ്പിക്കണമെന്ന് മറ്റൊരു വിഭാഗവും.
ആക്രമണത്തെ പിന്തുണച്ച FBI ക്കാർ അന്ന് രാത്രി Mount Carmel Church ലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. രാത്രിയിലെ അസഹ്യമായ തണുപ്പിൽ അന്തേവാസികൾ നന്നേ ബുദ്ധിമുട്ടി. തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്ന David ഉം കൂട്ടരും FBI യുമായുള്ള ആശയവിനിമയത്തിനുള്ള എല്ലാ ഉപാധികളും തകർത്തു. കാത്തിരിപ്പിന്റെ ഇരുപത്തിരണ്ടാം ദിവസമായപ്പോഴേക്കും FBI അവരുടെ കടന്നാക്രമണത്തിന്റെ അടുത്തഘട്ടം ആരംഭിച്ചു – Psychological Torture. രാത്രി David നെയും കൂട്ടരെയും ഉറങ്ങാൻ സമ്മതിക്കാത്തവിധം വലിയ സ്പീക്കർ ഉപയോഗിച്ച് ഉച്ചത്തിൽ ഭീകരമായ ശബ്ദങ്ങളും വലിയ Search Light കളുമെല്ലാം Church ച്ചിനകത്തേക്ക് അടിച്ചുകയറ്റി. അമ്മമാരും കുട്ടികളുമെല്ലാം വല്ലാതെ ഭയപ്പെട്ടുപോയി. ചിലരെങ്കിലും എല്ലാം മതിയാക്കി പുറത്തുവരാൻ ആഗ്രഹിച്ചെങ്കിലും David എന്ന സ്വയം പ്രഖ്യാപിത മിശിഹയിലുള്ള വിശ്വാസം അവരെ അകത്തുതന്നെ തുടരാൻ പ്രേരിപ്പിച്ചു.
ഇരുപത്തിയേഴാം ദിവസമായപ്പോൾ CEV കൾ ഉപയോഗിച്ച് FBI Church ന് പുറത്ത് കിടന്നിരുന്ന കാറുകൾ തകർത്തുകളഞ്ഞു. അന്നേരം ഏകദേശം 83 ഓളം ആളുകൾ Mount Carmel ന് അകത്ത് വെള്ളവും വെളിച്ചവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു. മഴപെയ്യുമ്പോൾ ശേഖരിച്ചിരുന്ന വെള്ളമായിരുന്നു ഏക ആശ്രയം. അതേസമയം FBI യുടെ ഭയം മറ്റൊന്നായിരുന്നു – David ന്റെ ഭ്രാന്തുകളെല്ലാം അതുപോലെ പിന്തുടരുന്ന അയാളുടെ അനുയായികൾ അയാളുടെ നിർദേശപ്രകാരം കൂട്ടാത്മഹത്യ നടത്തുമോ എന്ന ഭയം. മുൻപ് 1978 ൽ നടന്ന Jonestown Massacre ന്റെ ഓർമ്മകൾ അവരെ ആശങ്കയിലാഴ്ത്തി. ഏകദേശം 50 ദിവസത്തോളം ആ കാത്തിരിപ്പ് നീണ്ടു. ഒരു കൂട്ടാത്മഹത്യ ഇവിടെയും സംഭവിച്ചേക്കും എന്ന് ഭയന്ന FBI ആക്രമിക്കാൻ തന്നെ തീരുമാനിച്ചു. അതോടെ FBI യുടെ അധികാരികളും Attorney General ഉം കൂടിയാലോചിച്ച് കണ്ണീർവാതക പ്രയോഗം നടത്താം എന്ന തീരുമാനത്തിലെത്തി.
51 ആം ദിവസം CEV (Combat Engineering Vehicle) കൾ Mount Carmel Church കെട്ടിടം ലക്ഷ്യമാക്കി നീങ്ങി. കെട്ടിടത്തിനരികിലെത്തിയ ടാങ്കുകൾ ചുവര് തുളച്ച് അകത്തേക്ക് കണ്ണീർവാതകം അടിച്ചുകയറ്റി. ആയുധങ്ങൾക്കൊപ്പം ഗ്യാസ് മാസ്ക്കുകളും കരുതിയിരുന്ന Davidians ലെ പലരും അത് ധരിച്ച് തോക്കുകൾ കയ്യിലെടുത്തു. മറ്റുള്ളവർ, കൂടുതലും സ്ത്രീകളും കുട്ടികളും, അണ്ടർഗ്രൗണ്ട് ഷെൽട്ടറിലേക്ക് നീങ്ങി. പിന്നീട് എല്ലാവരും കണ്ടത് മിന്നൽപിണർ പോലെയുള്ള വെടിവയ്പ്പാണ്. ആരാണ് ആദ്യം വെടിയുതിർത്തത് എന്നത് വ്യകതമല്ല (അതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച പല വിദഗ്ധരും FBI ആണ് ആദ്യ വെടി പൊട്ടിച്ചത് എന്ന് അഭിപ്രായപ്പെടുന്നുണ്ട്). തുടർച്ചയായ കണ്ണീർവാതക പ്രയോഗം നടത്തിയിട്ടും ഒരാൾപോലും പുറത്തേക്ക് വന്നില്ല. ടാങ്കുകൾ കെട്ടിടത്തിനേൽപ്പിച്ച പ്രഹരം മൂലം കെട്ടിടം തകർന്നുവീഴാൻ ആരംഭിച്ചു. ഏകദേശം ആറ് മണിക്കൂറോളം ഈ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടർന്നു. അപ്പോഴേക്കും കെട്ടിടത്തിൽനിന്നും വലിയതോതിൽ പുക പുറത്തേക്കുവരാൻ തുടങ്ങി. പിന്നാലെ കെട്ടിടത്തിനുള്ളിലാകമാനം വലിയതോതിൽ തീ പടർന്നുപിടിച്ചു. (പിന്നീട്, കെട്ടിടത്തിന്റെയുള്ളിൽ സ്ഥാപിച്ച രഹസ്യ Bugging Device ൽ നിന്നുള്ള ശബ്ദരേഘ ലഭിച്ചതിൽനിന്നും, പെട്രോളോഴിച്ച് തീവെക്കാൻ Davidians ന്റെ കൂട്ടത്തിലുള്ള ആരൊക്കെയോ ആഹ്വാനം ചെയ്തതിനുള്ള തെളിവുകൾ FBI ക്ക് ലഭിക്കുകയുണ്ടായി).
ഒടുവിൽ എല്ലാവരും ഭായപ്പെട്ടത് തന്നെ സംഭവിച്ചു – കെട്ടിടത്തിലുണ്ടായിരുന്ന 21 കുട്ടികളടക്കം 74 പേരും വെന്ത് മരിച്ചു. ആകെ 9 പേരെ മാത്രമേ രക്ഷപ്പെടുത്താനായുള്ളു. അഗ്നി ശമിച്ച ശേഷമുള്ള തിരച്ചിലിൽ David Koresh ന്റെ മൃതദേഹം കണ്ടെടുക്കപ്പെട്ടു. ആ ശരീരത്തിന്റെ തലയിൽ വലിയൊരു Bullet Hole ഉണ്ടായിരുന്നു. പരിശോധനയിൽ മനസ്സിലായത്, തന്റെ അനുയായികളെ വെന്തുമരിക്കാൻവിട്ട David പക്ഷെ തനിക്ക് ആ നരകയാതന അനുഭവിക്കാൻ കഴിയാത്തതിനാൽ സ്വയമോ അല്ലെങ്കിൽ തന്റെ അനുയായിയായ Steven നെക്കൊണ്ടോ തന്റെനേരെ നിരയൊഴിപ്പിച്ചതാകാം എന്നാണ്. രക്ഷപെട്ട David ന്റെ അനുയായികളിൽ ചിലർ വിശ്വസിക്കുന്നത് എല്ലാം David ന്റെ പ്രവചനപ്രകാരം നടന്നതാണ് എന്നാണ്.
ആ സംഭവം FBI യുടെയും Waco എന്ന പ്രദേശത്തിന്റെയും ചരിത്രത്തിലെ കറുത്ത ഏടായി ഇന്നും അവശേഷിക്കുന്നു. സംഭവത്തിൽ യഥാർത്ഥ വില്ലൻ ആരാണ് എന്ന കാര്യത്തിൽ പല തർക്കങ്ങളും ഉണ്ടെങ്കിലും ഒരു കാര്യം ഉറപ്പാണ് – മതഭ്രാന്ത് മൂത്ത് സ്വയം മിശിഹ ആണെന്ന് പ്രഖ്യാപിച്ച്, ഒപ്പമുള്ളവരെ അവസാനം വരെ പുറത്തുപോകാൻ അനുവദിക്കാതെ കാര്യങ്ങൾ വഷളാക്കിയത് David ന്റെ വിഭ്രാന്തികളായിരുന്നു. അതേസമയം സ്വന്തം പൗരന്മാരുടെ നേരെ മിലിട്ടറി ആക്രമണം നടത്തിയ FBI യുടെ മനുഷ്യാവകാശലംഘനവും എടുത്തുപറയേണ്ടതാണ്. David ചെയ്ത ആയുധകച്ചവടവും ലൈംഗികഅതിക്രമ കുറ്റങ്ങൾക്കും പലപ്പോഴും അയാളെ വിശ്വസിച്ചതിന്റെ പേരിൽ മാത്രം ഇരകളായിമാറിയവരായിരുന്നു അവിടെ കൊല്ലപ്പെട്ട സ്ത്രീകൾ. അതേസമയം, ജീവൻ നഷ്ടപ്പെട്ട 21 കുട്ടികൾ വേദനിപ്പിക്കുന്ന ഒരു ഓർമ്മയായി ഇന്നും Texas ന്റെ ചരിത്രത്തിൽ അവശേഷിക്കുന്നു…
References:
David Koresh: https://en.wikipedia.org/wiki/David_Koresh
Siege of Waco: https://en.wikipedia.org/wiki/Waco_siege
https://abcnews.go.com/US/survivors-1993-waco-siege-describe-happened-fire-ended/story?id=52034435
David Koresh – the Final 24 (Documentary)
Waco – a New Revelation (Documentary)
Witness to Waco (Documentary)
Inside Waco – 1993 Waco Siege (Documentary)