താലിബാന്‍ ഫാന്‍സിന്റെ ആഹ്ലാദം നോക്കുക; കേരളവും അശാന്തിയുടെ വിളനിലമാവുമോ; സജീവ് ആല എഴുതുന്നു


‘പണ്ടൊക്കെ ഭീകരതയെ രഹസ്യമായി മാത്രം സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ പച്ചയ്ക്ക് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ താലിബാനെ വാഴ്ത്തുന്നു. വീണ്ടും മൗനത്തിന്റെ വാത്മീകത്തിലായ ഇടതുപക്ഷം താലിബാന്‍ ഫാന്‍സിന്റെ വികാരം വ്രണപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ചാവേര്‍ ബോംബായി മാറാനും കാഫിറുകളുടെ തല വെട്ടിമാറ്റാനും തയ്യാറായി നില്‍ക്കുന്ന മനോഘടനയിലുള്ള അത്ര ചെറുതല്ലാത്ത ഒരു സംഘം കേരളത്തിലും രൂപപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ഫേസ്ബുക്ക് മാത്രം നിരീക്ഷിച്ചാല്‍ മതി.’- സജീവ് ആല എഴുതുന്നു.

ഇടതുപക്ഷം ഇസ്ലാമോ ഇടതുപക്ഷമായി മാറുമ്പോള്‍!

1996ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തപ്പോള്‍ ആ ഭീകരസംഘടനയുടെ ഭരണകൂടത്തെ അംഗീകരിച്ചത് മൂന്നേ മൂന്ന് രാജ്യങ്ങളായിരുന്നു. പാകിസ്താന്‍ സൗദി അറേബ്യ,യുഎഇ. പിന്നെ വിസ്മയം പോലെ, അലമാലകള്‍ പോലെ, ഉദയസൂര്യന്റെ ചെങ്കതിര്‍ പോലെ കടന്നുവരുന്ന താലിബാനെ ഉള്‍പ്പുളകത്തോടെ രോമാഞ്ചകഞ്ചുകരായി സ്വാഗതം ചെയ്ത ലോകത്തെ ഏക ജനവിഭാഗം കേരളത്തിലെ ഇസ്ലാമിസ്റ്റുകളാണ്. പുരോഗമനവേഷം കെട്ടി നടനമാടുന്ന മതജീവികളുടെ ഓമനപ്പത്രമായ ‘മാധ്യമ’ത്തിന്റെ കപടമുഖംമൂടി താലിബാന്റെ ആരോഹണകാലത്ത് അവര്‍ പോലുമറിയാതെ അഴിഞ്ഞുവീണു.

സുനാമിത്തിരപോലെ താലിബാന്‍ ഇന്ത്യ കീഴടക്കുന്നതിനെ പറ്റി ഇക്കൂട്ടര്‍ അക്കാലത്ത് ഒത്തിരി മൊഞ്ചുള്ള കിനാക്കള്‍ കണ്ടിട്ടുണ്ടാവും. അഫ്ഗാനിസ്ഥാനെ ഒരു ആധുനിക രാഷ്ട്രമാക്കാന്‍ പരിശ്രമിച്ച ജനപ്രിയനായ കമ്മ്യൂണിസ്റ്റ് ഭരണാധികാരി ഡോ. നജീബുള്ളയെ, അദ്ദേഹം അഭയം തേടിയിരുന്ന യുന്‍ ഓഫീസില്‍ നിന്ന് താലിബാന്‍ പിടികൂടി. ഷണ്ഡീകരണം ഉള്‍പ്പടെയുള്ള കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കി, മുല്ലാ ഉമറിന്റെ ക്രിമിനല്‍ സംഘം നജീബുള്ളയെ കൊലപ്പെടുത്തി. മൃതദേഹം ഒരു ട്രക്കിലിട്ട് കാബൂള്‍ നഗരത്തിലൂടെ പ്രദര്‍ശിപ്പിച്ചു. അതിനുശേഷം ട്രാഫിക്ക് സിഗ്‌നല്‍ തൂണില്‍ കെട്ടിത്തൂക്കി. കമ്മ്യൂണിസ്റ്റ് സാര്‍വദേശീയതയെ പറ്റി സദാസമയവും വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷം ഡോ. നജീബുള്ളയെ കൊന്ന താലിബാനെതിരെ ഒരക്ഷരം ഉരിയാടിയില്ല. ആരും പോസ്റ്ററുകള്‍ പതിച്ചില്ല പന്തം കൊളുത്തി പ്രകടനവും നടത്തിയില്ല.

നൈസായി അവര്‍ നജീബുള്ളയെ മറുന്നു

താലിബാനെ തൊട്ടാല്‍ പലര്‍ക്കും നോവും അതുകൊണ്ട് കമ്മ്യൂണിസ്റ്റായ നജീബുള്ളയെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ നൈസായിട്ടങ്ങ് മറന്നു കളഞ്ഞു. (ഈ സെലക്റ്റിവ് അമ്‌ളേഷ്യത്തിന്റെ ഗുണം തീര്‍ച്ചയായും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്)പിന്നെ സദ്ദാം ഹുസൈന്‍ ഹര്‍ത്താല്‍, ഓമനക്കുട്ടന്‍ ഒസാമ ബിന്‍ ലാദന്‍ കീര്‍ത്തനം എല്ലാം കൊണ്ടാടി കേരളത്തിലെ താലിബാന്‍ പ്രേമികളെ ഇടതുപക്ഷം ഹര്‍ഷപുളകിതരാക്കി.

ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സാന്നിധ്യം ഇല്ലാതാക്കാന്‍ പാകിസ്താനെ കൂട്ടുപിടിച്ച് അമേരിക്ക കാണിച്ചുകൂട്ടിയ നെറികേടുകളുടെ സൃഷ്ടികൂടിയായിരുന്നു താലിബാന്‍. എന്നാല്‍ യുഎസിന്റെ അഭിമാനസ്തംഭമായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ലാദന്‍ ടീം തകര്‍ത്തതോടെ ബുഷിന്റെ ബോംബര്‍ വിമാനങ്ങള്‍ മുല്ലാ ഉമറിനെ തകര്‍ത്തപ്പോള്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ വിപ്ലവസിങ്കങ്ങള്‍ പൊട്ടിത്തെറിച്ചു.

സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ലോകമെമ്പാടുമുള്ള ഇസ്ലാമിക മതമൗലികവാദികളുടെ ഒന്നാം നമ്പര്‍ ശത്രു നിരീശ്വര കമ്മ്യൂണിസ്റ്റ് സാമ്രാജ്യമായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണതിന് ശേഷം ലോകം മുഴുവന്‍ ഇസ്ലാമിക ഭരണത്തില്‍ കൊണ്ടുവരാനുള്ള വിശുദ്ധദൗത്യത്തിന് ഏറ്റവും വലിയ തടസ്സം ആഗോളപൊലീസുകാരനാണെന്ന് പൊളിറ്റിക്കല്‍ ഇസ്ലാം തിരിച്ചറിഞ്ഞു. അങ്ങനെയാണ് ചക്കരയും തേനുമായിരുന്ന ഇസ്ലാമിക മതമൗലികവാദികളും അമേരിക്കയും തമ്മില്‍ തെറ്റിയത്.

പ്രശ്‌നം ബി.ജെ.പി. ഫാസിസം മാത്രം

നമുക്ക് വീണ്ടും കേരളത്തിലേക്ക് തിരിച്ചു വരാം.ഗള്‍ഫ് ബൂമിന്റെ ബലത്തില്‍ ശക്തിപ്രാപിച്ച ഇസ്ലാമിക മതമൗലികവാദികള്‍ മലബാറിലെ മുസ്ലീം സമൂഹത്തില്‍ അതിവേഗം സൗദിവത്ക്കരണം നടപ്പിലാക്കി. ബഹുസ്വരതയ്ക്കായി ശബ്ദമുയര്‍ത്തിയിരുന്ന ചെറുപറ്റം വിശാലവിശ്വാസികളെ ഖുറാനും ഹദീസുകളും ഉദ്ധരിച്ച് തീവ്രവാദികള്‍ നിശ്ശബ്ദരാക്കി. മാധ്യമം പത്രവും വാരികയും ഉപയോഗിച്ച് കേരളത്തിലെ സെക്കുലര്‍ എഴുത്തുകാരെ അവര്‍ തങ്ങളുടെ വരുതിയിലാക്കി. (മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതില്ലെന്ന് തീരുമാനമെടുത്ത ഒരേയൊരു ബുദ്ധിജീവി ആനന്ദ് മാത്രമാണ്).

മുസ്ലീം വോട്ട് ബാങ്കിലേക്ക് പ്രവേശനം കിട്ടാനായി കേരളപ്പിറവി തൊട്ട് സകലമാന അടവുകളും പയറ്റി പരാജയപ്പെട്ട കേരളത്തിലെ ഇടതുപക്ഷം ഇസ്ലാമിക തീവ്രവാദികളെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചു തുടങ്ങി. മദനി കമ്മ്യൂണിസ്റ്റുകാരുടെ ആശയും ആവേശവുമായി മാറി. അങ്ങനെ കേരളത്തിലെ ഇടതുപക്ഷം ഇസ്ലാമോ ഇടതുപക്ഷമായി മാറി.

പ്രബുദ്ധ കേരളത്തിലെ പൊളിറ്റിക്കല്‍ അജണ്ട ഇസ്ലാമിസ്റ്റുകള്‍ സെറ്റ് ചെയ്തു. എല്‍ഡിഎഫും യുഡിഎഫും അവരുടെ കളിപ്പാവകളായി മാറി. ചേകന്നൂര്‍ മൗലവിയെ അരിവാള്‍ ഇസ്ലാമിസ്റ്റുകള്‍ അപ്രത്യക്ഷമാക്കി. തെളിവുമില്ല തുമ്പുമില്ല ഡെഡ് ബോഡിയുമില്ല പ്രതികളുമില്ല. ജോസഫ് മാഷിനെ കൊടുംകുറ്റവാളിയാക്കി പോലീസിനെ കൊണ്ട് വേട്ടയാടിച്ച് ഇസ്ലാമിക ഭീകരര്‍ക്ക് അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുത്തു.

കേരളത്തില്‍ വംശഹത്യയ്ക്ക് നേതൃത്വം നല്കിയ ടിപ്പു, വാരിയം കുന്നന്‍ തുടങ്ങിയ മതഭീകരരെ മേക്ക് ഓവര്‍ നടത്തി മഹാത്മാക്കളാക്കി. അതിനായി മാത്രം ഒരു ഇളയിടം പ്രൊഫസര്‍ കേരളം മുഴുവന്‍ മൈക്ക് കെട്ടി പ്രഭാഷണകലയെ ഉപയോഗപ്പെടുത്തി. ബിജെപിയും മോഡിയും ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമേറ്റപ്പോള്‍ ഫാസിസം വരുന്നേ നിലവിളി മുഴക്കി ഇസ്ലാമികബന്ധു സ്ഥാനം ഉറപ്പിക്കാന്‍ ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചു.

ചോദ്യം ചെയ്യാപ്പെടാത്തവരായി മലയാളി ഇസ്ലാമിസ്റ്റുകള്‍

അങ്ങനെയങ്ങനെ ആരാലും ചോദ്യം ചെയ്യാപ്പെടാത്തവരായി മലയാളി ഇസ്ലാമിസ്റ്റുകള്‍ മാറി. ഇന്ത്യന്‍ ദേശീയതയെ പുച്ഛിച്ച് തള്ളിയ അവര്‍ ആഗോള ഇസ്ലാമിക സ്വത്വത്തിന്റെ വെളിച്ചപ്പാടുകളായി മാറി. ഇറാക്കിലെ മൊസൂളില്‍ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രൂപം കൊണ്ടപ്പോള്‍, അവര്‍ കാഫിറുകളുടെ കഴുത്ത് പരസ്യമായി അറുത്ത് മാറ്റുന്നത് കണ്ടപ്പോള്‍ കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ വീണ്ടും വിജ്രംഭിതരായി.

ഐഎസ് റിക്രൂട്ട്‌മെന്റ് അവര്‍ ആരംഭിച്ചു. അതിനായി സമൂഹത്തെ പീസാക്കാനുള്ള സ്‌ക്കൂളുകളും അസത്യസരണികളും സ്ഥാപിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി അയച്ച പെണ്‍കുട്ടികളെ സിസ്റ്റമാറ്റിക്കായി ബ്രെയിന്‍ വാഷ് ചെയ്ത് കാഫിറുകളുടെ കഴുത്ത് വെട്ടി മാറ്റുന്നതിനായി അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും അയച്ചു.അപ്പോഴും മുഖ്യധാരാ സെക്കുലറിസ്റ്റുകള്‍ ഹൈന്ദവ ഫാസിസത്തിനെതിരേ മാത്രം തൊണ്ട പൊട്ടിച്ചു കൊണ്ടേയിരുന്നു.

കേരളം ഐഎസിന്റെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്ന് പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ പോലും തുറന്നുപറഞ്ഞു കഴിഞ്ഞിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ പടയോട്ടം തുടങ്ങിയതു മുതല്‍ കേരളത്തിലെ ഐഎസ് ആരാധകര്‍ വീണ്ടും ആവേശത്തിലായിരിക്കുന്നു. പണ്ടൊക്കെ ഭീകരതയെ രഹസ്യമായി മാത്രം സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ പച്ചയ്ക്ക് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ താലിബാനെ വാഴ്ത്തുന്നു.

വീണ്ടും മൗനത്തിന്റെ വാത്മീകത്തിലായ ഇടതുപക്ഷം താലിബാന്‍ ഫാന്‍സിന്റെ വികാരം വ്രണപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
ചാവേര്‍ ബോംബായി മാറാനും കാഫിറുകളുടെ തല വെട്ടിമാറ്റാനും തയ്യാറായി നില്‍ക്കുന്ന മനോഘടനയിലുള്ള അത്ര ചെറുതല്ലാത്ത ഒരു സംഘം കേരളത്തിലും രൂപപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ഫേസ്ബുക്ക് മാത്രം നിരീക്ഷിച്ചാല്‍ മതി.

താലിബാന്‍ മാതൃകയിലുള്ള മതരാഷ്ട്രം. ഇസ്ലാമിക തീവ്രവാദികളുടെ ഒരേയൊരു ലക്ഷ്യം ഇതുമാത്രമാണ്. ഇന്ത്യയില്‍ ഇത് സാധ്യമാകുന്നില്ലെങ്കില്‍ കേരളത്തെ എങ്കിലും കൈപ്പിടിയില്‍ ഒതുക്കണം. ആഗോളവേരുകളുള്ള ഭീകരതയെ നിസ്സാരമായി കണ്ടാല്‍ ഇന്ത്യയിലെ ഏറ്റവും സ്വസ്ഥമായ സംസ്ഥാനം നാളെ അശാന്തിയുടെ വിളനിലമായി മാറിയേക്കാം.


Leave a Reply

Your email address will not be published. Required fields are marked *