മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു


“മതേതരത്വത്തിനു വേണ്ടി എപ്പോഴെല്ലാം ഷാ സഭയിൽ വാദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഷാക്ക് നേരിടേണ്ടി വന്നത് സഭയിലെ ശക്തനിൽ ശക്തനായ സാക്ഷാൽ ഡോ. ബി ആർ അംബേദ്കറെയായിരുന്നു! അതെ! മതേതരത്വമെന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഏറ്റവും കൂടുതൽ രംഗത്ത് വന്നിട്ടുള്ളത് അംബേദ്കർ തന്നെയായിരുന്നു. എന്തിനാണ് അംബേദ്കറെ പോലൊരാൾ അങ്ങനെ ചെയ്തിരുന്നത്?” – സി എസ് സുരാജ് എഴുതുന്നു
മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടന!

നമ്മളിന്ന് കാണുന്ന ഈ ലോകത്തെ ഇത് പോലെ നിർമിച്ചെടുത്തതിൽ നിർണായക പങ്ക് വഹിച്ച ഒട്ടനവധിയാളുകളെ, ഒട്ടനവധി സംഭവങ്ങളെ നമുക്കറിയാം. ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ അത്രത്തോളം തന്നെ പങ്ക് വഹിച്ച ഒന്നാണ് ഭരണഘടനയെന്ന ആശയവും അതിനെ പിൻപറ്റി പിന്നീട് ഉയർന്ന് വന്ന വിവിധ രാജ്യങ്ങളുടെ വിവിധ ഭരണഘടനകളും. ഏതെങ്കിലുമൊരു രാജ്യത്തെ ചൂണ്ടി കാണിച്ച്, ആരെങ്കിലുമൊരാൾ അതൊരു ആധുനിക രാജ്യമാണെന്ന് പറയുകയാണെങ്കിൽ, തീർച്ചയായും ആ രാജ്യത്തിനൊരു ഭരണഘടനയുണ്ടായിരിക്കുമെന്നുറപ്പാണ്. ഭരണഘടനയില്ലാതെ ഒരാധുനിക രാജ്യത്തിന് നിലനിൽക്കാനോ എന്തിന്, ഉദയം കൊള്ളാനോ പോലുമാവില്ലെന്നതാണ് യാഥാർഥ്യം. ഈയൊരൊറ്റ വരി മാത്രം മതിയാവും, ആധുനിക രാജ്യങ്ങളുടെ നിർമ്മിതിയിലും, ആധുനിക രാജ്യങ്ങളാൽ രൂപീകൃതമാക്കപ്പെട്ട ഇന്നീ കാണുന്ന ഈ ലോകത്തിന്റെ നിലനിൽപ്പിലുമെല്ലാം എത്രത്തോളം വലിയ പങ്കാണ് ഭരണഘടനകൾ വഹിക്കുന്നതെന്ന് മനസ്സിലാക്കാൻ.

ഒരു ഗവണ്മെന്റിനാൽ നയിക്കപ്പെടുന്ന, ഒരു നിശ്ചിത അധികാര പരിധിയുള്ള ഒരു പ്രദേശത്തെയാണ്‌ രാജ്യം അഥവാ സ്റ്റേറ്റ് എന്ന് വിളിക്കുക. അടിസ്ഥാനപരമായി നിയമനിർമാണസഭ, ഭരണനിർവഹണ വിഭാഗം, നീതിനിർവഹണ വിഭാഗം (Legislation, Executive, Judiciary) എന്നിവയെയാണ്‌ നാമിവിടെ ഗവണ്മെന്റ് (Government) എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇത്‌ പൂർണ്ണമായും വ്യക്തികളുടെ ഒരു കൂട്ടമായിരിക്കും. എന്നാലിവർക്ക് ഇവരുടെ സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കി കൊണ്ട് തീർത്തും സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ കഴിയില്ല. അതായത് ഗവണ്മെന്റിനൊരിക്കലും സ്വതന്ത്ര്യമായി ചലിക്കാനാവില്ലെന്ന് സാരം! ഇതിന് നിയമങ്ങളടങ്ങുന്ന ഒരു ചട്ടക്കൂട് അല്ലെങ്കിലൊരു രേഖ ആവശ്യമുണ്ട്. ഈ രേഖ (Document) തന്നെയാവും ഒരു ഗവണ്മെന്റിന് പ്രവർത്തിക്കാനുള്ള അധികാരം ആധികാരികമായി നൽകുന്നതും. ഏറ്റവും ലളിതമായി, നിയമങ്ങളും ചട്ടങ്ങളുമടങ്ങുന്ന ഈ രേഖയെയാണ് ഭരണഘടന (Constitution) എന്ന് പറയുക. ഒരാധുനിക രാജ്യത്തിന്റേയും അവയിലെ ഗവണ്മെന്റിന്റേയും, നിലനിൽപ്പിലെ ഒരവിഭാജ്യ ഘടകമാണ് ഭരണഘടന. അമേരിക്കയുടെ സ്ഥാപക നേതാക്കളിലൊരാളായ തോമസ് പെയിൻ (Thomas paine) തന്നെ ഒരിക്കെ പറഞ്ഞത്, ഭരണഘടനയില്ലാത്ത ഒരു സർക്കാർ, അവകാശമില്ലാത്ത ഒരു അധികാരമാണെന്നാണ് (Government without a Constitution is a power without a right).

ഇന്ന് നമ്മൾ കാണുന്ന, അറിയുന്ന തരത്തിലുള്ള ഭരണഘടനയുടെ ആരംഭം അമേരിക്കയിൽ നിന്നുമാണ്. അതെ! ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, എഴുതപ്പെട്ടതും ക്രോഡീകരിക്കപ്പെട്ടതുമായ ഭരണഘടന അമേരിക്കയുടേതാണ്. 1787 ലാണ് അമേരിക്കൻ ഭരണഘടന എഴുതപ്പെടുന്നത്. നിലവിൽ വരുന്നത് 1789 ലും. അതായത് ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനും എത്രയോ ദശാബ്ദങ്ങൾ മുന്നെ! പിന്നീട് നിരവധിയായ ഭരണഘടനകൾ പുത്തൻ രാജ്യങ്ങളേയും പുത്തൻ ഭരണ സംവിധാനങ്ങളേയും സമ്മാനിച്ച്, ലോകത്ത് പിറവി കൊണ്ടു. അതിലേറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനയാണ്‌ മറ്റു പല ഭരണഘടനകൾക്കുമില്ലാത്ത സവിശേഷ സ്വഭാവങ്ങളുമായി 1950 ൽ നിലവിൽ വന്ന ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഭരണഘടന. ഇന്ത്യൻ ഭരണഘടന!

ഒട്ടനവധി സവിശേഷതകൾ ഇന്ത്യൻ ഭരണഘടനക്കുണ്ടെങ്കിലും മറ്റു പല ഭരണഘടനകളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യൻ ഭരണഘടനയ്ക്കുള്ള ഒരു അതി-പ്രധാന സവിശേഷതയെ കുറിച്ചും അതിനെ ചുറ്റി പറ്റി ഇന്ത്യൻ ചരിത്രത്തിൽ നടന്നിട്ടുള്ള ചില സംഭവ വികാസങ്ങളെ കുറിച്ചുമാണ് നമ്മളിനി ചർച്ച ചെയ്യാൻ പോവുന്നത്. ഇവിടം മുതൽക്കാണ് മതങ്ങളെ അടിച്ചൊതുക്കിയ ആ ഭരണഘടനയുടെ കഥ, നമ്മൾ പറഞ്ഞു തുടങ്ങുന്നത്!

വർഷം 1949! കൃത്യമായി പറയുകയാണെങ്കിൽ 1949, ഒക്ടോബർ പതിനേഴാം തീയതി. അന്ന് ഇന്ത്യൻ പാർലിമെന്റ് മന്ദിരം സാക്ഷ്യം വഹിച്ചത് അതി രൂക്ഷമായതും ഇന്ത്യൻ ഭരണഘടനയുടെ ഗതി തന്നെ നിർണയിക്കാൻ പോന്നതുമായിരുന്നൊരു അത്യുഗ്ര സംവാദത്തിനായിരുന്നു. പുതുതായി പിറന്നു വീണ ഇന്ത്യയെന്ന രാജ്യത്തിന് പുതിയൊരു ഭരണഘടന നിർമിക്കുക എന്ന ലക്ഷ്യവുമായി നിലവിൽ വന്ന ഭരണഘടനാ നിർമ്മാണസഭയുടെ (Constituent Assembly) പ്രവർത്തനം അന്നേക്ക് ഏതാണ്ട് രണ്ടുവർഷം പിന്നിട്ടിരുന്നു.

ഭരണഘടനയുടെ ആമുഖത്തിൽ ചില ഭേദഗതികൾ വരുത്തണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട്, പ്രശസ്ത ഉറുദു കവിയും “ഇൻക്വിലാബ് സിന്ദാബാദ് (Inquilab Zindabad)” എന്ന സമരോത്സുക മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവും കൂടിയായിട്ടുള്ള മൗലാനാ ഹസ്രത്ത്‌ മൊഹാനിയായിരുന്നു അന്നത്തെ ആ ഊർജ്ജസ്വല സംവാദത്തിന് തുടക്കം കുറിച്ചത്. മൂന്ന് ഭേദഗതികളായിരുന്നു മൊഹാനി മുന്നോട്ടു വെച്ചത്. ആമുഖത്തിലെ ചില വാക്കുകൾ മാറ്റി, അതിനു പകരം മറ്റു പലതുമവിടെ കൂട്ടി ചേർക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട മൊഹാനിയുടെ മൂന്ന് ഭേദഗതി നിർദേശങ്ങളും സഭ തള്ളി കളയുകയാണുണ്ടായത്. അതോടു കൂടി ആമുഖത്തെ ചൊല്ലിയുള്ള ചൂടൻ ചർച്ചകൾ അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെയൊന്നുണ്ടായില്ല! അടുത്തൊരു ഭേദഗതിയുമായി മുന്നോട്ടു വന്നത് എച്ച് വി കമ്മത്തായിരുന്നു (H V Kammath). യഥാർത്ഥത്തിൽ അപ്പോൾ മുതൽക്കായിരുന്നു ഭരണഘടനയുടെ ആമുഖത്തെ ചൊല്ലിയുള്ള സഭയിലെ ചർച്ചകൾക്ക് ചൂട് പിടിക്കാനാരംഭിച്ചത്. കാരണം, അത്ര നേരമവിടെയില്ലാതിരുന്ന ദൈവവും മതവുമെല്ലാം അപ്പോൾ മുതൽക്ക് മാത്രമായിരുന്നു ചർച്ചയുടെ ഭാഗമാവാൻ തുടങ്ങിയിരുന്നത്. അതും കമ്മത്തിലൂടെ!

ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ളൊരു ആമുഖമുള്ള ഭരണഘടനയാണ്‌ നമ്മുടേത്. ആ ഭംഗിക്ക് പുറകിലൊരു പ്രധാന കാരണമുണ്ട്. നമ്മുടെ ആമുഖത്തിന്റെ തുടക്കം! അതെ! ലോകത്തെ മറ്റു പല ഭരണഘടനയും, മനുഷ്യന്റെ മായിക പ്രപഞ്ചത്തിൽ ഉരുതിരിഞ്ഞു വന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ഏതൊക്കെയോ ആകാശമാമന്മാരെ ആകാശമാമികളേയും കൂട്ടുപിടിച്ചു കൊണ്ട് തുടങ്ങുമ്പോൾ, ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത് “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ.. (We the people of India..)” എന്ന് പറഞ്ഞു കൊണ്ടാണ്. ഭംഗി കൂടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?! യുക്തിയുടേതായ, ജനാധിപത്യത്തിന്റേതായ ഈ ഭംഗിയെ തകിടം മറിക്കാനുള്ള ഭേദഗതിയുമായായിരുന്നു എച്ച് വി കമ്മത്ത്‌ തന്റെ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റത്. ഭരണഘടനയുടെ ആമുഖം ദൈവനാമത്തിൽ (In the Name of God) തുടങ്ങണമെന്നതായിരുന്നു കമ്മത്തിന്റെ ആവശ്യം! അതായത്, “ദൈവനാമത്തിൽ, ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ.. (In the name of God, we, the people of India..)” എന്ന് തുടങ്ങണമെന്ന്! ഇതിനോടൊപ്പം തന്നെ മറ്റൊരു ആവശ്യം കൂടിയുണ്ടായിരുന്നു കമ്മത്തിന്. ആമുഖത്തിലെ “it’s citizens” എന്ന ഭാഗം “her citizens” എന്നാക്കി മാറ്റണം! “അവളുടെ പൗരന്മാർ” എന്ന വാചകം എവിടെ നിന്നുമാണ് വരുന്നതെന്ന് പരിശോധിച്ചാൽ, തീർച്ചയായും അതും ചെന്നവസാനിക്കുക ഏതെങ്കിലുമൊരു മത സാഹിത്യത്തിൽ തന്നെയാവും. കമ്മത്ത് മുന്നോട്ടു വെച്ച ഈ രണ്ട് ഭേദഗതികളും അടിമുടി മതത്തിൽ കുളിച്ചു കുറി തൊട്ടവയായിരുന്നു. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യൻ ഭരണഘടനയും അങ്ങനെ തന്നെയായി മാറും! അതിനാൽ തന്നെയാണ്‌ ഇന്ത്യൻ ഭരണഘടനയുടെ ഗതി തന്നെ നിർണയിക്കുന്നതിൽ നിർണായകമായൊരു സംവാദമായിരുന്നു ഇതെന്ന് വിശേഷിപ്പിക്കാൻ കാരണം.

അന്നേ ദിവസം തന്നെ, ഷിബൻ ലാൽ സക്സേനയും (shibban lal saxena), പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും (Pandit Govind Malaviya) കമ്മത്തിന്റേതിന് സമാനമായ ഭേദഗതികളുമായി മുന്നോട്ടു വരുകയുണ്ടായി. “ദൈവ നാമത്തിൽ, എന്നതിലൂടെ സങ്കുചിതമായതും വർഗീയത നിറഞ്ഞതുമായൊരു മനോഭാവമാണ് നമ്മൾ പ്രകടിപ്പിക്കുന്നത്” എന്നതായിരുന്നു ഇതിനെതിരെ പണ്ഡിറ്റ്‌ കുൻസ്രു (Pandit Kunzru) ഉയർത്തിയ വാദം. കുൻസ്രുവിന്റെ വാദം ശരിയുമായിരുന്നു. മതേതര ആശയങ്ങൾ പേറുന്ന, മതത്തിൽ വിശ്വസിക്കാനും അത് പോലെ വിശ്വസിക്കാതിരിക്കാനും അവകാശം നൽകുന്നൊരു ഭരണഘടനയുടെ ആമുഖം ദൈവ നാമത്തിൽ തന്നെ തുടങ്ങണമെന്ന് വാശി പിടിക്കുന്നത്, സങ്കുചിത മനോഭാവത്തിന്റേയും വർഗീയതയുടേയും അതിപ്രസരമല്ലാതെ മറ്റെന്താണ്?! “ദൈവ നാമത്തിൽ” എന്നത് പോലുള്ള വാചകങ്ങളിലൂടെ ഭരണഘടന ആരംഭിക്കുന്നത്, മതേതരത്വത്തിന് (Secularism) എതിരല്ലെന്നായിരുന്നു പണ്ഡിറ്റ് മാളവ്യ, ഇതിനെതിരെ പ്രസ്താവിച്ചത്. ദൈവനാമത്തിൽ എന്നു പറയുന്നുണ്ടെങ്കിലും അതിലേതെങ്കിലുമൊരു മത ദൈവത്തെ എടുത്തു പറയുന്നില്ല, എന്ന ന്യായം ഉന്നയിച്ചു കൊണ്ടായിരുന്നു പണ്ഡിറ്റ് മാളവ്യ ഇങ്ങനെ പ്രസ്താവിച്ചത്. അദ്ദേഹത്തിന്റെ വാദത്തിന് ശക്തി പകരുന്നതിനായി ഐറിഷ് ഭരണഘടനയേയും (Irish Constitution) അദ്ദേഹം കൂട്ടു പിടിച്ചിരുന്നു. ശരിയാണ്! മത ദൈവങ്ങളെ കുത്തി നിറച്ചു തുടങ്ങുന്ന ഒന്ന് തന്നെയാണ് ഐറിഷ് ഭരണഘടന. ഹോളി ട്രിനിറ്റി, ജീസസ് ക്രൈസ്റ്റ് ഉൾപ്പെടെയുള്ള പൊള്ളയായ വാക്കുകൾ ഐറിഷ് ഭരണഘടനയുടെ ആമുഖത്തിൽ നമുക്ക് കണാനാവും. എന്തൊക്കെയായാലും, സക്സേനയും മാളവ്യയും തങ്ങളുടെ ഭേദഗതി നിർദേശങ്ങൾ പിൻവലിച്ചു. എന്നാൽ, തന്റെ ഭേദഗതി നിർദേശം പിൻവലിക്കാൻ കമ്മത്ത് അപ്പോഴും തയ്യാറായിരുന്നില്ല!

ഈ നിർദ്ദേശത്തിനെതിരെ, താനൊരു ദൈവ വിശ്വാസിയാണെന്ന മുഖവുരയുമായി ട്രാവൻകൂറിൽ നിന്നുമുള്ള അംഗമായിരുന്ന എ. താണു പിള്ള (A.Thanu Pillai) നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു. ഭരണഘടനയിലെ വിശ്വാസവുമായി ബന്ധപ്പെട്ട മൗലിക അവകാശത്തെ ഇത് ബാധിക്കുമെന്നായിരുന്നു താണു പിള്ള വാദിച്ചത്. ദൈവത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശം നൽകുന്നൊരു ഭരണഘടനയാണ് നമ്മുടേത്, അതിനാൽ തന്നെ കമ്മത്തിന്റെ ഈ നിർദേശം തള്ളിക്കളയണമെന്ന ആവശ്യമായിരുന്നു താണു പിള്ള മുന്നോട്ടു വെച്ചത്. സഭയിലെ മറ്റൊരു അംഗമായിരുന്ന രോഹിണി കുമാർ ചൗധരി (Rohini Kumar Chaudhuri) വേറിട്ടൊരു വിചിത്ര നിർദ്ദേശവുമായായിരുന്നു ഈ ചർച്ചക്കിടയിൽ മുന്നോട്ടു വന്നത്. ഒരർത്ഥത്തിൽ അത്രത്ര വിചിത്രമൊന്നുമായിരുന്നില്ല! “ദൈവമെന്ന് ചേർക്കാമെങ്കിൽ, എന്തുകൊണ്ട് ദേവതയെന്ന് ചേർത്തു കൂടാ?” എന്നുള്ളതായിരുന്നു രോഹിണി കുമാറിന്റെ ചോദ്യം. തീർത്തും ന്യായമായ ഒന്ന്! പിന്നീട്, കമ്മത്തിന്റെ നിർദ്ദേശത്തിനെതിരെ രസകരമായൊരു എതിർപ്പ് പ്രകടിപ്പിച്ചത് സഭയിലെ മറ്റൊരു അംഗമായിരുന്ന പൂർണിമ ബാനർജിയായിരുന്നു. ദൈവത്തെ വോട്ടിനിട്ട് തിരഞ്ഞെടുക്കേണ്ട “ഗതികേട്” വരുത്തരുതെന്നായിരുന്നു പൂർണിമയുടെ ആവശ്യം! തന്നെ ഭയന്ന് ജീവിക്കേണ്ട, തന്നേക്കാളും കഴിവ് കുറഞ്ഞ, തന്റെ തന്നെ സൃഷ്ട്ടികളായ ഒരു കൂട്ടം മനുഷ്യർ അവരുടെയൊരു പുസ്തകത്തിൽ തന്റെ പേര് ചേർക്കണോ വേണ്ടയോ എന്ന് വോട്ടിനിട്ട് തീരുമാനിക്കുക! ദൈവത്തിനിതിൽപരം അപമാനം മറ്റെന്താണുള്ളത്?!

എന്നാൽ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള കമ്മത്തിന്റെ തീരുമാനത്തെ ഈ വക യാതൊരു എതിർപ്പുകൾക്കും തടയാനായില്ല. അവസാനം, സഭയുടെ അധ്യക്ഷനായിരുന്ന ഡോ.രാജേന്ദ്ര പ്രസാദിന്റേയും (Dr. Rajendra Prasad), ഭരണഘടനാ നിർമ്മാണ സഭയുടെ (Drafting Committee) ചെയർമാനായിരുന്നു ഡോ. ബി ആർ അംബേദ്കറിന്റേയും (Dr.B. R. Ambedkar) ഭേദഗതി പിൻവലിക്കാനുള്ള ആവശ്യത്തെ, കമ്മത്ത്‌ പരിഗണിക്കാതിരുന്നതിനാൽ വിഷയം വോട്ടിനിടേണ്ടി വന്നു. ഫലം അതി ഗംഭീരമായിരുന്നു, 41 നെതിരെ 68 എന്ന തോതിൽ കമ്മത്തിന്റെ ഭേദഗതി നിർദ്ദേശത്തെ സഭ തള്ളി കളഞ്ഞു!

ഒരുപക്ഷേ ലോകത്തെ തന്നെ, വോട്ടിനിട്ടു ദൈവത്തെ തള്ളി കളഞ്ഞ് ഉദയം കൊണ്ട ഏക ഭരണഘടന, അത് നമ്മുടേതാവാനാണ് സാധ്യത!

ഇങ്ങനെയായിരുന്നു യുക്തിരഹിതമായ ഏതോ ഒന്നിന്റെ പേരിൽ തുടങ്ങേണ്ടിയിരുന്ന നമ്മുടെ ഭരണഘടന, ഇന്ന് നമ്മൾ കാണുന്ന പോലെ നമ്മളോരോരുത്തരെയും പ്രതിനിധീകരിച്ചുകൊണ്ട് “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ..” എന്ന് തുടങ്ങാനാരംഭിച്ചത്.

ഇനി നമുക്ക്, അന്നുമിന്നുമെന്നും നിരവധി ചർച്ചകൾക്ക് വഴി വെക്കുന്ന, ഭരണഘടനയുടെ തന്നെ നെടും തൂണായ മതേതരത്വം (Secularism) എന്ന ആശയത്തിലേക്ക് വരാം..

ഭരണഘടനയിൽ പ്രത്യേകമായി തന്നെ ചേർക്കണമെന്ന ആവശ്യം ശക്തമായ് ഭരണഘടന നിർമ്മാണ സഭയിൽ ഉയർന്നു വന്നിട്ടും നിരാകരിക്കപ്പെട്ടു പോയ ഒന്നായിരുന്നു മതേതരത്വമെന്ന ആശയം. ഇത്‌ പിന്നീട്, 1979 ലെ നാൽപ്പത്തിരണ്ടാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിലേക്ക് ചേർക്കുകയാണുണ്ടായത്. മതേതരത്വത്തിന് വേണ്ടി സഭയിൽ ശബ്ദമുയർത്തിയിരുന്നവരിൽ പ്രമുഖനായിരുന്നു പ്രൊ.കെ ടി ഷാ (Prof.K. T. Shah). ഒന്നല്ല രണ്ട് തവണയാണ്‌, മതേതരത്വം ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തന്റെ ആവശ്യം സഭയ്ക്ക് മുന്നിൽ ഷാ അവതരിപ്പിച്ചത്. രണ്ടു തവണയും നിഷ്കരുണം, സഭ ഈ നിർദ്ദേശങ്ങളെ തള്ളി കളയുകയാണുണ്ടായത്. മതേതരത്വത്തിനു വേണ്ടി എപ്പോഴെല്ലാം ഷാ സഭയിൽ വാദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഷാക്ക് നേരിടേണ്ടി വന്നത് സഭയിലെ ശക്തനിൽ ശക്തനായ സാക്ഷാൽ ഡോ. ബി ആർ അംബേദ്കറെയായിരുന്നു! അതെ! മതേതരത്വമെന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഏറ്റവും കൂടുതൽ രംഗത്ത് വന്നിട്ടുള്ളത് അംബേദ്കർ തന്നെയായിരുന്നു. എന്തിനാണ് അംബേദ്കറെ പോലൊരാൾ അങ്ങനെ ചെയ്തിരുന്നത്?

മതേതരത്വം എന്നത് കൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്?

ഇവയ്ക്കുള്ള ഉത്തരം ലഭിക്കണമെങ്കിൽ 1948, നവംബർ 15-ാം തിയതി മതേതരത്വത്തിന്റെ മുകളിൽ ഷായും അംബേദ്കറും തമ്മിൽ സഭയിൽ വെച്ച് നന്നൊരു സംവാദത്തിലേക്ക് നമുക്ക് പോവേണ്ടതായിട്ടുണ്ട്.

രാജ്യത്തിന്റെ പേരും, അധികാര പരിധിയും പ്രസ്താവിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 1 നെ (Article 1) പറ്റിയുള്ള ചർച്ചയായിരുന്നു അപ്പോഴവിടെ നടന്നിരുന്നത്. അനുച്ഛേദം ഒന്നിലേക്കുള്ള ഭേദഗതി നിർദ്ദേശങ്ങൾ ക്ഷണിച്ചപ്പോൾ തന്റെ 98-ാം നമ്പർ ഭേദഗതിയുമായി ആദ്യമെഴുന്നേറ്റത് കെ ടി ഷായായിരുന്നു. മൂന്ന് വാക്കുകൾ അനുച്ഛേദം ഒന്നിലേക്ക് ചേർക്കണമെന്നതായിരുന്നു ഷായുടെ ആവശ്യം. “Secular, Federal, Socialist”!

അതായത്, നിലവിലുള്ള “India, that is Bharat, shall be a Union of States” എന്നുള്ളത്, “India, that is Bharat, shall be a Secular, Federal, Socialist Union of States” എന്നാക്കി മാറ്റണമെന്ന്! ഈ മൂന്ന് വാക്കുകൾ കൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്നും, ഇന്ത്യൻ ഭരണഘടനയിലേക്കിവ ചേർക്കപ്പെടേണ്ടതിന്റെ ആവശ്യകതയെന്താണെന്നും, വളരെ വ്യക്തമായി വിവരിച്ചു കൊണ്ടായിരുന്നു ഷായുടെ ഈ ഭേദഗതി നിർദ്ദേശം.

സെക്കുലറിസമെന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്താൻ സഭ വിസമ്മതിച്ചതു കൊണ്ട് സെക്കുലറിസമെന്നതൊരു മോശം ആശയമായിരുന്നുവെന്ന ധാരണ സഭയ്ക്കുണ്ടായിരുന്നുവെന്ന് ആരും തെറ്റിദ്ധരിക്കരുത്. സെക്കുലറിസമെന്നത് ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യമായ ഘടകമാണെന്നും, ഇന്ത്യൻ ഭരണഘടന സെക്കുലറാണെന്നും സഭ നേരത്തെ തന്നെ അംഗീകരിച്ചു കഴിഞ്ഞതായിരുന്നു. “സെക്കുലർ” എന്ന വാക്ക് പ്രത്യേകമായി ഭരണഘടനയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിലായിരുന്നു സഭയിൽ തർക്കം നിലനിന്നിരുന്നത്.

നമ്മുടേതൊരു സെക്കുലർ സ്റ്റേറ്റാണെന്നും, സെക്കുലർ ഭരണഘടനയാണെന്നും അംഗീകരിച്ച സ്ഥിതിക്ക് എന്തു കൊണ്ട് “സെക്കുലർ” എന്ന വാക്ക് നമുക്ക് നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തി കൂടാ എന്നതായിരുന്നു ഷാ സഭയിലുന്നയിച്ച ചോദ്യം. സ്വാതന്ത്ര്യം ലഭിച്ച ശേഷവും അതിന് മുന്നേയും മതത്തിന്റെ പേരിൽ രാജ്യത്ത് നടന്നിട്ടുള്ള കലാപങ്ങളുടെ മാത്രം പശ്ചാത്തലത്തിലല്ല സെക്കുലറിസത്തിന് കൂടുതൽ ഊന്നൽ നൽകുന്നത് മറിച്ച്, സ്റ്റേറ്റിന്റെ ഈ സവിശേഷത ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞാൽ അത് വ്യക്തിയും വ്യക്തിയും (Man & Man) തമ്മിലുള്ള, പൗരന്മാരും ഗവണ്മെന്റും (Citizens & Government) തമ്മിലുള്ള ബന്ധത്തിൽ മറ്റു ബാഹ്യ ശക്തികളുടെ ഇടപെടലുകൾ കുറയ്ക്കുമെന്നും, ഇതുവഴി അത്തരമിടപെടലുകളാൽ ഉണ്ടായേക്കാവുന്ന അനീതിയേയും അസമത്വത്തേയും തടുക്കാനാവുമെന്നുമായിരുന്നു ഷാ വാദിച്ചിരുന്നത്. എന്തൊക്കെയായിരുന്നാലും, “Secular, Federal, Socialist” എന്നീ മൂന്ന് വാക്കുകൾ അനുച്ഛേദം ഒന്നിലേക്ക് ഉൾപ്പെടുത്താനുള്ള ഷായുടെ ഭേദഗതി നിർദ്ദേശം സഭ തള്ളി കളഞ്ഞു. അംബേദ്കറാൽ തള്ളി കളയപ്പെട്ടുവെന്ന് പറഞ്ഞാൽ അതും ഒരർത്ഥത്തിൽ ശരിയായിരുന്നു താനും!

ഷായുടെ ഭേദഗതി അംഗീകരിക്കാൻ കഴിയാത്തതിൽ താൻ ഖേദിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു അംബേദ്കർ, തന്റെ പ്രസംഗമാരംഭിച്ചത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു അംബേദ്കർ ഉന്നയിച്ചത്. “ഒന്ന്, ഭരണഘടനയെന്നത് രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ്. അല്ലാതെ രാജ്യത്തെ ഓരോ അംഗങ്ങളേയും നിയന്ത്രിക്കാനുള്ള സംവിധാനമല്ല. രാജ്യത്തിന്റെ നയം എന്തായിരിക്കണം, സാമൂഹികമായും സാമ്പത്തികമായും എങ്ങനെയായിരിക്കണം സമൂഹം പ്രവർത്തിക്കേണ്ടത് മുതലായവ അതാത് സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് ജനങ്ങൾ തന്നെ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. മറിച്ച് ഭരണഘടനയിൽ തന്നെയിത് പ്രതിപാദിച്ചാൽ അത് ജനാധിപത്യമെന്ന ആശയത്തെ മൊത്തത്തിൽ നശിപ്പിക്കും. രണ്ട്, ഷായുടെ നിർദ്ദേശം വളരെ വലുതാണ്. മാത്രമല്ല ഷാ ഉൾപ്പെടുത്താനാവശ്യപ്പെട്ട വാക്കുകൾ വിവിധ രൂപത്തിൽ ഭരണഘടനയുടെ വിവിധ ഭാഗങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളതുമാണ്.” ഇത്രയുമാണ് അംബേദ്കർ പറഞ്ഞതിന്റെ രത്നച്ചുരുക്കം. ജനാധിപത്യ മൂല്യങ്ങൾക്കും വ്യക്തികൾക്കും പരമപ്രാധാന്യം നൽകുന്ന അംബേദ്കറെ പോലൊരു വ്യക്തി മറ്റെന്താണ് പറയുക?! അംബേദ്കർ ഉന്നയിച്ച പ്രശ്നങ്ങളും ശരിയുടെ പക്ഷത്തുള്ളവയായിരുന്നു. സെക്കുലറിസം എപ്പോഴൊക്കെ സഭയിൽ ചർച്ചക്ക് വന്നിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ചർച്ച ചെയ്ത മറ്റൊരു വിഷയമായിരുന്നു മതനിബിഡമായൊരു സമൂഹത്തിൽ എങ്ങനെയാണ് സെക്കുലറിസം നടപ്പിലാക്കുക എന്നുള്ളത്. അങ്ങനെ നടപ്പിലാക്കുകയാണെങ്കിൽ അത് രാജ്യത്തിനില്ലാത്ത, ജനങ്ങൾ ആഗ്രഹിക്കുന്നില്ലാത്ത ഒരു മൂല്യം അവർക്കു മുകളിൽ അടിച്ചേൽപ്പിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് തുല്യമാണ് താനും. അതിനാൽ തന്നെ സെക്കുലറിസം പോലൊരു മൂല്യം എടുത്തണിയാൻ പാകത്തിന് സമൂഹം പാകമായെന്ന് തോന്നുന്ന സമയത്ത് അവർക്കത് വേണമെന്നപ്പോൾ തോന്നുകയാണെങ്കിൽ അതവർ തന്നെ ചേർക്കുന്നതാവും നല്ലത്. ഇത്‌ തന്നെയാണ് അംബേദ്കർ പറഞ്ഞതിന്റേയും ഉള്ളടക്കം!

അംബേദ്കർ ഉന്നയിച്ച ജനാധിപത്യത്തിന്റേതായ പ്രശ്നം മാത്രമല്ല, മറ്റു ചില നിയമപ്രശ്നങ്ങൾ കൂടിയുണ്ടായിരുന്നു ഇതിൽ. രാജ്യത്തിന്റേയും ഭരണഘടനയുടേയും സ്വഭാവസവിശേഷതകൾ പരാമർശിക്കുക, എപ്പോഴും ആ ഭരണഘടനയുടെ ആമുഖത്തിലായിരിക്കും. എന്നാൽ ഷാ ഇത്‌ കൂട്ടിച്ചേർക്കാനാഗ്രഹിച്ചത് ഭരണഘടനയുടെ അനുച്ഛേദം ഒന്നിലേക്കായിരുന്നു. എന്നാൽ അനുച്ഛേദം ഒന്ന്, രാജ്യത്തിന്റെ പേരും അധികാര പരിധിയും (Name and territory of the Union) പരാമർശിക്കുന്ന ആർട്ടിക്കളാണ്. അവിടേക്കെങ്ങനെയാണ്‌ ഷാ നിർദ്ദേശിച്ച കാര്യങ്ങൾ കൂട്ടിച്ചേർക്കാനാവുക?! ഈ വിഷയം അന്ന് തന്നെ, സഭാംഗമായിരുന്ന എച്ച് വി കമ്മത്ത് വളരെ വിശദമായി സഭയിലുന്നയിക്കുകയും ചെയ്തിരുന്നു.

സെക്കുലറിസം മോശമായതിനാലാണ് സഭയത് തള്ളി കളഞ്ഞതെന്ന് വിശ്വസിക്കുന്ന അനേകമാളുകൾ നമുക്കിടയിലിന്നുമുണ്ട്, എന്നാൽ സത്യാവസ്ഥയിതല്ലെന്ന് ബോധ്യപ്പെടുത്താനായിട്ടാണ്, ഇത്രയും പറഞ്ഞത്!

ഇനി നമുക്ക് എന്താണീ സെക്കുലറിസമെന്ന് നോക്കാം.

മതങ്ങളിൽ നിന്നും സ്റ്റേറ്റിനെ മാറ്റി നിർത്തുന്ന തത്വമാണ് സെക്കുലറിസം അഥവാ മതേതരത്വം എന്നത്. എന്നാൽ, ഇന്ത്യയിലെ സെക്കുലറിസമെന്നത് ഇതല്ലെന്നും മറ്റെന്തോ ആണെന്നും വാദിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. പ്രധാനമായും മതജീവികളും, രാഷ്ട്രീയക്കാരും. ആദ്യമേ പറഞ്ഞു കൊള്ളട്ടെ.. ഇതൊരു കല്ലുവെച്ച നുണയാണ്!

ഇന്നും, ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റേയും ധാരണ പ്രകാരം സെക്കുലറിസമെന്നത്, എല്ലാ മതങ്ങളേയും ഒരുപോലെ താലോലിക്കണമെന്ന് പറയുന്ന എന്തോ ഒരാശയമാണെന്നാണ്. ഈയൊരു ധാരണയുള്ളത് കൊണ്ടാണ്, ഒരു കഥയുമില്ലാത്ത “സർവ്വ-മത പ്രാർത്ഥന” പോലുള്ളവയും, കുരിശും, പൂണൂലും, തൊപ്പിയും ധരിച്ച മൂന്ന് പേർ, കൈകോർത്തു പിടിച്ചു കൊണ്ട് നിൽക്കുന്ന നിശ്ചല ദൃശ്യങ്ങളും, ഫോട്ടോകളുമെല്ലാം “മതേതരത്വം” എന്ന ലേബലിൽ നമ്മുക്ക് കാണേണ്ടി വരുന്നത്! ഭരണഘടന വിഭാവനം ചെയ്യുന്ന സെക്കുലറിസമെന്ന ആശയവുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം.

ഷായുൾപ്പടെയുള്ളയാളുകൾ പരാമർശിച്ചിരുന്ന സെക്കുലറിസം, സ്റ്റേറ്റിന്റെ കാര്യങ്ങളിൽ നിന്നും മതത്തെ മാറ്റി നിർത്തുക എന്നർത്ഥമുള്ള അതേ സെക്കുലറിസം തന്നെയാണ്. മതങ്ങളെ സ്റ്റേറ്റുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സെക്കുലറിസം ഒരിക്കലും സാധ്യമല്ലതാനും! ഭരണഘടനയിൽ പ്രത്യേകമായി സെക്കുലറിസത്തെ നിർവചിച്ചിട്ടൊന്നുമില്ലെങ്കിലും, പല വിധിന്യായങ്ങളിലായി ഇന്ത്യയുടെ പരമോന്നത നീതിപീഠം എന്താണ് യഥാർത്ഥത്തിൽ “സെക്കുലറിസം” എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടൊരു കേസാണ് S. R. Bommai v. Union of India കേസ്. [1994 AIR 1918, 1994 SCC (3), 1, JT 1994 (2)215, 1994 SCALE(2)37]

“സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിലൊന്നും തന്നെ മതത്തിന് യാതൊരു സ്ഥാനവുമില്ല. മതവും സ്റ്റേറ്റും രണ്ടാണ്. സ്റ്റേറ്റിന്റെ അധികാരങ്ങളുമായോ പ്രവർത്തനങ്ങളുമായോ മതത്തെ കൂട്ടി കുഴക്കാൻ ഭരണഘടനയൊരിക്കലും അനുവദിക്കുന്നില്ല. രണ്ടും രണ്ടാണ്. രണ്ടിനേയും വേർതിരിച്ചു കാണണം. ഇതാണ് ഭരണഘടന നിർദ്ദേശിക്കുന്നത്. രാജ്യത്തെ നയിക്കുന്നത് ഈ ഭരണഘടനയായിരിക്കുന്ന കാലത്തോളം അതങ്ങനെയല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. സ്റ്റേറ്റിന് പൂർണ്ണമായൊരു സെക്കുലർ സ്റ്റേറ്റാവണമെങ്കിൽ, രാഷ്ട്രീയ പാർട്ടികൾക്കും ഇത് ബാധകമാണ്. രാഷ്ട്രീയത്തിനും ഒരിക്കലും മതങ്ങളുമായി ബന്ധമുണ്ടാവരുത്. രാജ്യത്തെ ഏതെങ്കിലുമൊരു സംസ്ഥാനം മതേതരമല്ലാതെ പെരുമാറുകയോ, മതേതരമല്ലാത്ത പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ ആർട്ടിക്കൾ 356 ന് (പ്രസിഡന്റിന് സംസ്ഥാന സർക്കാരിനെ മരവിപ്പിക്കാനുള്ള അധികാരം) കീഴിൽ സംസ്ഥാനം പ്രവർത്തിക്കേണ്ടി വരും.” ഇതാണ് കോടതി സെക്കുലറിസത്തെ കുറിച്ച് അന്ന് നിർവചിച്ചതിന്റെ രത്നചുരുക്കം.

അതായത്, മതത്തിന് സ്റ്റേറ്റുമായി യാതൊരു ബന്ധവുമില്ല. സ്റ്റേറ്റിന് മതത്തെ സംരക്ഷിക്കാനോ, പ്രോത്സാഹിപ്പിക്കാനോയുള്ള യാതൊരു ബാധ്യതയുമില്ല. മതത്തിന് രാജ്യത്തിന്റെ കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരവുമില്ല. ഭരണഘടനയുടെ മൂല്യങ്ങൾക്ക് പോറലേൽപ്പിക്കാൻ മതങ്ങളെ സ്റ്റേറ്റ് അനുവദിക്കില്ല. ഏതെങ്കിലുമൊരു പ്രത്യേക മതത്തോട് സ്റ്റേറ്റിന് യാതൊരു അനുകമ്പയുമുണ്ടാവില്ല. രാജ്യത്തെ പൗരന് ഏതു മതത്തിൽ വേണമെങ്കിലും വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ആവാം. ഇതിലൊന്നും സ്റ്റേറ്റിന് യാതൊരു പങ്കുമില്ല!

ചുരുക്കി പറയുകയാണെങ്കിൽ, സെക്കുലർ സ്റ്റേറ്റെന്നു വച്ചാൽ മതത്തിന്റെ കാര്യത്തിൽ സ്റ്റേറ്റ് അന്ധനാണെന്ന് (Blind) സാരം!

മതപരമായ ചടങ്ങുകൾ നടത്തുന്നതോ (അതിനിയിപ്പോ എല്ലാ മത ചടങ്ങുകളും ഒരുമിച്ച് ചെയ്താലും), മതത്തെ പ്രോത്സാഹിപ്പിക്കുന്നതോ, സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ മതങ്ങളെ ഉൾകൊള്ളിക്കുന്നതോ, തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ഭരണഘടന വിഭാവനം ചെയ്യുന്ന സെക്കുലറിസവുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല അതിന് നേരെ വിപരീതവുമാണ്!

ഒരു സെക്കുലർ സ്റ്റേറ്റ് എല്ലാ മതങ്ങളേയും ഒരു പോലെ പരിഗണിക്കണമെന്ന് പറയാറുണ്ട്. ഇത്‌ മാത്രമാണ് നമ്മൾ ഇന്ത്യക്കാർക്ക് ആകെ അറിയാവുന്നതും! എന്നാൽ, ഒരു സ്റ്റേറ്റ് സെക്കുലറാണെന്ന് പറയണമെങ്കിൽ അവിടെ മറ്റൊരു തത്വം കൂടി പ്രാബല്യത്തിൽ വരേണ്ടതുണ്ട്. സ്റ്റേറ്റിന്റെ കാര്യങ്ങളിൽ മതങ്ങൾക്ക് യാതൊരു പങ്കുമുണ്ടായിരിക്കരുതെന്ന തത്വം. ഇനിയൊന്നാലോചിച്ചു നോക്കൂ.. എന്താണപ്പോൾ യഥാർത്ഥ സെക്കുലറിസം?

എല്ലാ മതങ്ങളേയും ഒരു പോലെ പരിഗണിക്കുകയും വേണം, അതേ സമയം തന്നെ സ്റ്റേറ്റിന്റെ കാര്യങ്ങളിൽ മതങ്ങൾക്ക് യാതൊരു പങ്കുണ്ടാവാനും പാടില്ല. അങ്ങനെ വരുമ്പോൾ, സ്റ്റേറ്റിന്റെ കാര്യങ്ങളിൽ നിന്നും മതങ്ങളെ മാറ്റി നിർത്തുകയെന്നല്ലാതെ മറ്റെന്ത് തത്വമാവാനാണ് സെക്കുലറിസം?! ഈ സെക്കുലറിസം തന്നെയാണ്‌ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതും!

മതസ്വാതന്ത്ര്യം (Art. 25-28) അനുവദിക്കുന്ന ഭരണഘടന സെക്കുലറിസത്തിന് വിരുദ്ധമല്ലേയെന്ന സംശയം പ്രകടിപ്പിക്കുന്ന നിരവധിയാളുകളും നമ്മുക്കിടയിലുണ്ട്. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് “സെക്കുലറിസം” എന്നാൽ “എത്തിസം (Atheism)” എന്നതല്ല അതിന്റെ അർത്ഥമെന്നുള്ളതാണ്. എല്ലാവരോടും മതം ഉപേക്ഷിക്കാൻ പറയുകയല്ല മറിച്ച്, മതത്തെ മതത്തിന്റെ വഴിക്കും സ്റ്റേറ്റിനെ സ്റ്റേറ്റിന്റെ വഴിക്കും വിടാനാവശ്യപ്പെടുകയാണ് സെക്കുലറിസം ചെയ്യുന്നത്. അതിനാൽ തന്നെ, മതസ്വാതന്ത്ര്യമെന്നത് സെക്കുലറിസത്തെ ബാധിക്കുന്ന ഒന്നേയല്ല!

മതസ്വാതന്ത്ര്യത്തിലേക്ക് ഒന്ന് കൂടി വന്ന് കഴിഞ്ഞാൽ, ഇത്രത്തോളം ദുർബലമായൊരു അവകാശം മറ്റൊന്നുണ്ടോ ഭരണഘടനയിൽ എന്ന് തന്നെ സംശയമാണ്! മതസ്വാതന്ത്ര്യത്തെ കുറച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ തുടങ്ങുന്നത് തന്നെ “Subject to public order, morality and health and to the other provisions of this Part,..” എന്ന് പറഞ്ഞു കൊണ്ടാണ്. അതായത് മേൽപ്പറഞ്ഞവക്കെല്ലാം വിധേയമായിട്ടായിരിക്കണം നിങ്ങളുടെ മതസ്വാതന്ത്ര്യമെന്ന് സാരം! ഇതിൽ “other provisions of this Part” എന്നത് കൊണ്ടുദ്ദേശിക്കുന്നത്, പാർട്ട്‌ 3 ലെ മറ്റു പ്രൊവിഷനുകളെയാണ്‌. അതായത് മറ്റു മൗലിക അവകാശങ്ങളെ! ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ, മറ്റു മൗലിക അവകാശങ്ങളെ ലംഘിച്ചുകൊണ്ട് മതസ്വാതന്ത്ര്യം നടപ്പിലാക്കാൻ പാടില്ലെന്ന്! ഇത്രത്തോളം ദുർബലമായൊരവകാശം ഭരണഘടനയിൽ മറ്റേതാണുള്ളത്?!

ഇത്തരത്തിൽ ഏകീകൃത സിവിൽ കോഡിനുൾപ്പെടെ ശുപാർശ ചെയ്തു കൊണ്ട് നിലനിൽക്കുന്നൊരു ഭരണഘടനയെ, അത് രൂപീകൃതമാക്കപ്പെട്ട, പ്രതിനിധാനം ചെയ്യുന്ന ഒരു മത നിബിഢമായ സമൂഹത്തെ വെച്ച് തുലനം ചെയ്തു നോക്കുമ്പോൾ, “മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടന”യെന്ന വിശേഷണമല്ലാതെ മറ്റെന്തു വിശേഷണമാണ് നമുക്ക് നൽകാനാവുക?!

മതവും മതാത്മക ചിന്തകളും ദുർബലപ്പെടുന്ന സമൂഹങ്ങളാണ് രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പുരോഗതിയിലേക്ക് എത്തിപ്പെടുകയെന്ന് നമുക്കറിയാം. അങ്ങനെയൊരു പുരോഗതിയാണ് ഇന്ത്യൻ ജനതയുടെ ലക്ഷ്യമെങ്കിൽ, അതിലേക്ക് നമ്മളെ നയിക്കാൻ തീർത്തും കഴിവുള്ളൊരു ഭരണഘടനയാണ് നമ്മുടേത്. അത് ശരിയായ രീതിയിൽ ഉപയോഗിക്കാനറിയാത്തത്രയും കാലം, സാർവത്രികമായ പുരോഗമനമെന്ന ലക്ഷ്യമില്ലാത്തിടത്തോളം കാലം, ഇന്ത്യൻ ജനതയ്ക്കെന്നുമൊരു അധികപറ്റ് കൂടിയായിരിക്കും ഇന്ത്യൻ ഭരണഘടന!

എങ്കിലും, മതത്തിൽ മുങ്ങി കുളിച്ച് കിടക്കുന്ന, മത ശക്തികളാൽ കാർന്നു തിന്നപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ നിന്ന് കൊണ്ട് തന്നെ നമുക്ക് പറയാനാവും, മതങ്ങളെ നക്കി സുഖിപ്പിച്ച് അവയുടെ കാൽ ചുവട്ടിൽ കിടക്കുന്നതല്ല, മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടന തന്നെയാണ്‌ നമ്മുടേതെന്ന്!


Leave a Reply

Your email address will not be published. Required fields are marked *