”ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ആയ സര്‍വ്വശക്തനെ, ആ ചിരഞ്ജീവിയെ എങ്ങനെയാണ് ന്യായീകരിക്കുക?!”-വിശ്വാസികളോടായി ഭഗത് സിംഗ് ചോദിച്ച ചോദ്യങ്ങളത്രയും ലളിതമായിരുന്നു. ദൈവത്തിന്റെയും മതങ്ങളുടെയും ആണി കല്ലിളക്കാന്‍ അവ തന്നെ ധാരാളവുമായിരുന്നു!”- സി എസ് സുരാജ് എഴുതുന്നു |
സര്‍വ്വശക്തനായ ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നു!
ലാലാ ലജ്പത് റായിടെ മരണവുമായി ബന്ധപ്പെട്ടു കൊണ്ട് നടന്ന, സോണ്ടേഴ്‌സ് (Saunders) കൊലപാതക കേസിലെ വിചാരണ തടവുകാരനായി 1930 ല്‍, ലാഹോര്‍ ജയിലില്‍ കഴിയുന്ന സമയത്താണ് ‘ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?’ എന്ന ലേഖനം ഭഗത് സിംഗ് എഴുതുന്നത്.
ഒക്ടോബര്‍ 4 ന് ജയില്‍ നടന്നൊരു സംഭവമായിരുന്നു ഈ ലേഖനമെഴുതാന്‍ ഭഗത് സിംഗിനെ പ്രേരിപ്പിച്ചത്. അതിങ്ങനെയാണ്. ഖദര്‍ പാര്‍ട്ടി അംഗമായിരുന്ന ബാബാ രണ്‍ധീര്‍ സിംഗ് 1930-31 കാലയളവില്‍ ലാഹോര്‍ ജയിലില്‍ തടവുകാരനായുണ്ടായിരുന്നു. അദ്ദേഹമൊരു അടിയുറച്ച ഈശ്വര വിശ്വാസിയായിരുന്നു. ഭഗത് സിംഗിന് ഈശ്വര വിശ്വാസമില്ലെന്നറിഞ്ഞ രണ്‍ധീര്‍ സിംഗ്, ഭഗത് സിംഗുമായി ഒരു കൂടിക്കാഴ്ച്ച സംഘടിപ്പിച്ച്, ദൈവമുണ്ടെന്ന് ഭഗത് സിംഗിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ഈ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് രോഷം കൊണ്ട രണ്‍ധീര്‍ സിംഗ്, ഭഗത് സിംഗിനെ ‘നിങ്ങള്‍ ഇപ്പോള്‍ പ്രശസ്തി നേടിയതു കാരണം ഉദ്ധതനായിരിക്കുകയാണ്. നിങ്ങള്‍ക്ക് അഹംഭാവം വര്‍ധിച്ചിരിക്കുകയാണ്. ആ അഹംഭാവം നിങ്ങള്‍ക്കും ദൈവത്തിനും ഇടയ്ക്ക് ഒരു കറുത്ത തിരശീലയായി കിടക്കുകയാണ്’ എന്ന് പറഞ്ഞ് ശകാരിക്കുകയുണ്ടായി.
ഇതിനു മറുപടിയായിട്ടാണ് ‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’ എന്ന ലേഖനം ഭഗത് സിംഗ് എഴുതുന്നത്. അഹങ്കാരമാണ് ഈശ്വര വിശ്വാസമില്ലായ്മ്മയുടെ അടിസ്ഥാനമെന്ന വാദത്തിലെ പൊള്ളത്തരങ്ങളെ തുറന്ന് കാണിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസികളോടായി ഒട്ടനവധി ചോദ്യങ്ങള്‍ കൂടി ചോദിക്കുന്നുണ്ട് ഭഗത് സിംഗ് ഈ ലേഖനത്തില്‍.
ലളിതചോദ്യങ്ങളിലൂടെ വിമര്‍ശനം
വിശ്വാസികളോടായി ഭഗത് സിംഗ് ചോദിച്ച ചോദ്യങ്ങളത്രയും ലളിതമായിരുന്നു. ദൈവത്തിന്റെയും മതങ്ങളുടെയും ആണി കല്ലിളക്കാന്‍ അവ തന്നെ ധാരാളവുമായിരുന്നു!
1. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും സപ്രഭാവനും സര്‍വ്വജ്ഞനും ആയ ഒരു ദൈവമാണ് ഭൂമിയെ അല്ലെങ്കില്‍ ലോകത്തെ സൃഷ്ടിച്ചത് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് അദ്ദേഹം അതിനെ സൃഷ്ടിച്ചത് എന്ന് ദയവായി എന്നെ മനസ്സിലാക്കി തരാമോ?
2. ദയവായി ഇതെല്ലാം അദ്ദേഹത്തിന്റെ നിയമമാണ് എന്ന് മാത്രം പറയാതിരിക്കുക. ഏതെങ്കിലും നിയമത്തിന് വിധേയനാണെങ്കില്‍ അദ്ദേഹം സപ്രഭാവനല്ലല്ലോ?! അദ്ദേഹവും നമ്മെ പോലെ ഒരടിമയായിരിക്കണമല്ലോ?!
3. ഇതെല്ലാം അദ്ദേഹത്തിന്റെ ആനന്ദാനുഭൂതിയാണെന്ന് പറയാതിരിക്കുക. നീറോ ചക്രവര്‍ത്തി ഒരു റോമാ നഗരത്തെ മാത്രമേ തീവെച്ച് നശിപ്പിച്ചുള്ളു. അദ്ദേഹം വധിച്ചവരുടെ എണ്ണം പരിമിതമാണ്. അദ്ദേഹം വളരെ കുറച്ച് ദുരന്തങ്ങളെ സൃഷ്ടിച്ചുള്ളൂ. ഇതെല്ലാം അദ്ദേഹത്തിന്റെ തികഞ്ഞ ആനന്ദത്തിനു വേണ്ടിയായിരുന്നു. എന്നിട്ട്, ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം എവിടെയാണ്?!
4. ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ആയ സര്‍വ്വശക്തനെ, ആ ചിരഞ്ജീവിയെ എങ്ങനെയാണ് ന്യായീകരിക്കുക?!
5. ദിവസംതോറും മണിക്കൂറുതോറും നിമിഷംതോറും എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും, ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളല്ലേ അദ്ദേഹം?! ഓരോ നിമിഷത്തിലേയും പ്രവര്‍ത്തിയില്‍ ചെങ്കിസ്ഖാനെ കടത്തിവെട്ടി കൊണ്ടിരിക്കുകയല്ലേ?! ഒരു യഥാര്‍ത്ഥ നരകമായ ഈ ലോകം സൃഷ്ടിച്ചതെന്തിനാണ്?! സൃഷ്ടിക്കാതിരിക്കാനും കഴിവുള്ള ആളായിരിക്കേ, അദ്ദേഹം എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത്?!
6. നിരപരാധികളായ പീഡിതര്‍ക്ക് പിന്നീട് വരദാനം നടത്താനും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുമായിരുന്നോ?! നിങ്ങളുടെ ദേഹത്ത് ബോധപൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ധൈര്യപ്പെടുകയും പിന്നീട് നിങ്ങളുടെ പരിക്കുകളിന്മേല്‍ വളരെ മൃദുലവും ആശ്വാസകരമായ മരുന്നു പുരട്ടിതരികയും ചെയ്യുന്ന ഒരു മനുഷ്യനെ നിങ്ങള്‍ എത്രത്തോളം ന്യായീകരിക്കും?! അതു കൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്, സുബോധമുള്ള പരമാത്മാവ് എന്തിനാണ് ഈ ലോകത്തെ സൃഷ്ടിക്കുകയും അതില്‍ മനുഷ്യനെ സൃഷ്ടിച്ചു വസിപ്പിക്കുകയും ചെയ്യുന്നതെന്ന്?! ഉല്ലാസം തേടിയാണോ ഇത് ചെയ്തത്? അപ്പോള്‍ അദ്ദേഹവും നീറോയും തമ്മില്‍ എന്താണ് വ്യത്യാസം?!
7. നിങ്ങള്‍ – മുഹമ്മദീയരും ക്രിസ്ത്യാനികളും ഉത്തരം പറയാന്‍ വേണ്ടി ഞാന്‍ ചോദിക്കുകയാണ്. മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്? നിങ്ങള്‍ മുന്‍ജന്മം എന്ന സങ്കല്‍പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ?! ഹിന്ദുക്കളാണെങ്കില്‍ മറ്റൊരു വാദവുമായി പിന്നെയും ശങ്കിച്ചു നില്‍ക്കും!
8. സര്‍വ്വശക്തന്‍ തന്റെ അരുള്‍പ്പാടിലൂടെ ഈ ലോകം സൃഷ്ടിക്കാന്‍ വേണ്ടി ആറു ദിവസം അധ്വാനിച്ചത് എന്തുകൊണ്ടാണ്?! സൃഷ്ടിക്കു ശേഷം ഓരോ ദിവസവും ‘സര്‍വ്വം മംഗളം’ എന്ന് അരുളി ചെയ്യാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നത് എന്തിനാണ്?! ഇന്ന് നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് വിളിച്ചു വരുത്തി മുന്‍കാല ചരിത്രം കാണിച്ചു കൊടുക്കുകയും നിലവിലുള്ള പരിതസ്ഥിതികളെ കുറിച്ച് പഠിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുമോ? അത് കഴിഞ്ഞാല്‍ പിന്നെയും ‘സര്‍വ്വം മംഗളം’ എന്ന് പറയാന്‍ പറ്റുമോ എന്ന് നമുക്ക് നോക്കാം.
9. ഹിന്ദുക്കള്‍ പറയുന്നത് ഇപ്പോള്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നവരെല്ലാം മുന്‍ജന്മത്തില്‍ പാപികളായിരുന്നുവെന്നല്ലേ?! നിങ്ങള്‍ പറയുന്നത് ഇപ്പോള്‍ മര്‍ദ്ദകരായിരിക്കുന്നവരെല്ലാം മുന്‍ജന്മത്തില്‍ ദിവ്യന്മാരായിരുന്നുവെന്നല്ലേ?! ഏറ്റവും പ്രശസ്തരായ നിയമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ തെറ്റു ചെയ്തവര്‍ക്കെതിരെ ശിക്ഷ ചുമത്തുന്നത് മൂന്നോ നാലോ ഉദ്ദേശങ്ങള്‍ക്കു വേണ്ടിയായാല്‍ മാത്രമേ നീതീകരിക്കാനാവുകയുള്ളൂ. ആ ഉദ്ദേശങ്ങള്‍ ഇവയാണ് ; പകരം വീട്ടല്‍, ദുര്‍ഗുണപരിഹാരം, ശിക്ഷ കിട്ടുമെന്ന ഭയം ഉളവാക്കി തടയുക. ‘പകരം വീട്ടല്‍’ എന്ന തത്വത്തെ പുരോഗമനവാദികളായ ചിന്തകരെല്ലാം ഇപ്പോള്‍ അപലപിക്കുന്നുണ്ട്. അത് പോലെ ‘ഭയപ്പെടുത്തി തടയുക’ എന്ന തത്വത്തിന്റെ കാര്യത്തിലും സ്ഥിതി അതു തന്നെയാണ്. ‘ദുര്‍ഗുണപരിഹാരം’ എന്ന തത്വം മാത്രമാണ് മനുഷ്യപുരോഗതിക്ക് അത്യന്താപേക്ഷിതവും ഒഴിച്ചുകൂടാനാവാത്തതുമായി അംഗീകരിക്കപ്പെടുന്നത്. അത് കുറ്റവാളിയെ ഏറ്റവും പ്രാപ്തനും സമാധാനപ്രേമിയും ആയ ഒരു പൗരനാക്കി സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്. മനുഷ്യര്‍ കുറ്റവാളികളാണെന്ന് കരുതിയാല്‍ പോലും അവരുടെ മേല്‍ ദൈവം ചുമത്തുന്ന ശിക്ഷയുടെ സ്വഭാവമെന്താണ്?
അവരെ അടുത്ത ജന്മത്തില്‍ ഒരു പശുവോ പൂച്ചയോ വൃക്ഷമോ ചെടിയോ ജന്തുവോ ആയി തിരിച്ചയക്കാനാണ് ദൈവം നിശ്ചയിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ഈ ശിക്ഷകള്‍ മനുഷ്യനില്‍ ദുര്‍ഗുണപരിഹാരമായ എന്തു ഫലമാണുളവാക്കുന്നത്?! മുന്‍ജന്മത്തില്‍ കഴുതയായി ജനിച്ചത് അതിനുമുന്‍പ് പാപം ചെയ്തതിന്റെ ഫലമായിട്ടാണെന്ന് പറഞ്ഞു കൊണ്ട് എത്ര പേര്‍ നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്?! ഈ ലോകത്ത് ഏറ്റവും വലിയ പാപം ദരിദ്രരായി കഴിയുക എന്നതാണെന്ന് നിങ്ങള്‍ക്കറിയാമോ?! ദാരിദ്രം പാപമാണ്, അതൊരു ശിക്ഷയാണ്. കുറ്റങ്ങളെ കുറിച്ചുള്ള ശാസ്ത്രത്തില്‍ പണ്ഡിതനായ ഒരാളോ നിയമശാസ്ത്ര പണ്ഡിതനോ നിയമ നിര്‍മ്മാതാവോ ഇനിയും കൂടുതല്‍ ശിക്ഷ കിട്ടാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ശിക്ഷാനടപടികള്‍ നിര്‍ദ്ദേശിച്ചാല്‍ നിങ്ങളത് എത്രത്തോളം മാനിക്കും? നിങ്ങളുടെ ദൈവം ഇതൊന്നും ചിന്തിച്ചിരുന്നില്ലേ?!
10. ഏതെങ്കിലുമൊരാള്‍ പാപമോ കുറ്റകൃത്യമോ ചെയ്യാന്‍ മുതിരുമ്പോള്‍ നിങ്ങളുടെ സര്‍വശക്തനായ ദൈവം അയാളെ അതില്‍ നിന്ന് തടയാത്തത് എന്തു കൊണ്ടാണ്? അദ്ദേഹത്തിന് വളരെ എളുപ്പമത് ചെയ്യാമല്ലോ?!
11. യുദ്ധകുതുകികളായ ഭരണാധികാരികളെ അദ്ദേഹം കൊല്ലാത്തതെന്തു കൊണ്ടാണ്? അല്ലെങ്കില്‍ അവരുടെ യുദ്ധഭ്രാന്തെങ്കിലും നശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയായിരുന്നെങ്കില്‍ മഹായുദ്ധത്തിന്റെ വിപത്ത് മനുഷ്യരാശിയുടെ തലയിലേക്കെറിയപ്പെട്ടത് ഒഴിവാക്കാമായിരുന്നില്ലേ?!
12. ബ്രിട്ടീഷ് ജനതയുടെ മനസ്സില്‍ ഇന്ത്യയുടെ മോചനത്തിന് അനുകൂലമായ വികാരം അദ്ദേഹത്തിന് ജനിപ്പിക്കാമായിരുന്നില്ലേ?! ഒരു രാഷ്ട്രത്തിനെ മറ്റൊരു രാഷ്ട്രം നിഷ്ഠൂരമായി ചൂഷണം ചെയ്യുന്ന പാപകൃത്യമാണ് ബ്രിട്ടീഷുകാര്‍ ചെയ്യുന്നത്. അപ്പോള്‍ ദൈവം എവിടെപ്പോയി?! അദ്ദേഹം എന്തു ചെയ്യുന്നു? മനുഷ്യരാശി അനുഭവിക്കുന്ന ദുരിതങ്ങളെല്ലാം കണ്ട് അദ്ദേഹം ആഹ്ലാദിച്ചു കഴിയുകയാണോ?!
ഇത്തരം നിരവധി ചോദ്യങ്ങളുടെയൊരു സമാഹാരമാണ് ഭഗത് സിംഗിന്റെ ‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’ എന്ന ലേഖനം. ചോദ്യങ്ങളെല്ലാം സരളമാണ്. ഉത്തരങ്ങളെല്ലാം ദൈവത്തിന്റെയും മതങ്ങളുടെയും അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതും!
ചോദ്യങ്ങള്‍ക്ക് മരണമില്ല
വിശ്വാസികളോടുള്ള ചോദ്യങ്ങള്‍ മാത്രമല്ല, ലോകത്തിന്റെയും മനുഷ്യന്റെയും ഉല്പത്തിയെ ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടു വെച്ച പരിണാമസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ചെറുതായി വിവരിക്കുകയും, ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അന്ധനും മുടന്തനുമൊക്കെയായി പോകുന്നത് മുജ്ജന്മത്തിലെ പാപകര്‍മ്മങ്ങള്‍ കൊണ്ടല്ലേ എന്ന ചോദ്യത്തിന് ശാസ്ത്രീയമായ ഉത്തരം നല്‍കുകയും, ‘ദൈവം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങുന്നത്?’ എന്ന വിശ്വാസികളുടെ എക്കാലത്തെയും ചോദ്യത്തിന് ‘അവര്‍ ഭൂതങ്ങളെ കുറിച്ചും പ്രേതങ്ങളെ കുറിച്ചും മറ്റും വിശ്വസിച്ചു തുടങ്ങിയത് എങ്ങനെയാണോ അതുപോലെ തന്നെ’ എന്ന് വ്യക്തവും ഹ്രസ്വവുമായ ഉത്തരമുള്‍പ്പെടെ നല്‍കുകയും ചെയ്യുന്നതാണ്, സാങ്കേതികവിദ്യ ഇത്രകണ്ട് വികസിച്ചിട്ടില്ലാത്ത, വിവരങ്ങള്‍ പരിമിതമായ അളവില്‍ മാത്രം ലഭ്യമായിരുന്ന ഒരു കാലഘട്ടത്തില്‍, കേവലം തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ ഇന്ത്യയിലെ ഒരു ചെറുപ്പക്കാരന്‍ എഴുതിയ ‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’ എന്ന ലേഖനം.
ഇതുതന്നെയാണ് ഭഗത് സിംഗിനെ ഭഗത് സിംഗ് ആക്കുന്നതും, ചരിത്രത്തിലെ തന്നെ ഏറ്റവും ശോഭയുള്ള യുവത്വമായി നിലനിര്‍ത്തുന്നതും! ഭഗത് സിംഗ് കൊല്ലപ്പെട്ടിട്ട് ഏതാണ്ടൊരു നൂറ്റാണ്ടിനോടടുത്തായി. എന്നിട്ടിന്ന് വരെയായിട്ടും അദ്ദേഹം ചോദിച്ചു പോയ ചോദ്യങ്ങള്‍ മൃത്യുവിലേക്കാണ്ട് പോവുകയോ, ഏതെങ്കിലുമൊരു വിശ്വാസിക്ക് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇവയ്‌ക്കെല്ലാം ഉത്തരങ്ങള്‍ നല്‍കാനാവുകയോ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരം ചോദ്യങ്ങള്‍ തന്നെ ആയിരക്കണക്കിന് നിരീശ്വരവാദികളെ ഇന്നും സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു!
അതങ്ങനെയാണ്, വസ്തുതകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മരണമുണ്ടാവുകയില്ല. വസ്തുതകള്‍ കൊണ്ടല്ലാതെ നിലനില്‍ക്കുന്നവയെ അവ നിരന്തരം നിലം പരിശാക്കി കൊണ്ടിരിക്കുകയും ചെയ്യും!