യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു


“വെറും മുപ്പത് വർഷങ്ങൾക്ക് ശേഷം, ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ അമേരിക്കയ്ക്ക് പിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 1950 മുതൽ 1973 വരെ, ഇത് പടിഞ്ഞാറൻ യൂറോപ്പിന്റെ ഇരട്ടി നിരക്കിലും അമേരിക്കയെക്കാൾ രണ്ടര മടങ്ങ് വേഗത്തിലും വളർന്നു. വെറും ഒരു തലമുറകൾക്കുള്ളിൽ, ജപ്പാൻ ഒരു ദരിദ്രരാജ്യത്തിൽ നിന്ന് സമ്പന്ന രാജ്യമായി സ്വയം രൂപാന്തരപ്പെട്ടു. ചരിത്രപരമായി അപൂർവമായ അത്തരമൊരു വികസനം എങ്ങനെയാണ് ജപ്പാന് സാധിച്ചത്?” -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

ഞാൻ ജനിച്ചതിന്റെ പിറ്റേ വർഷം, അതായത് 1983ൽ ഇറങ്ങിയ സിനിമയാണ് ‘ഇനിയെങ്കിലും’. ടി. ദാമോദരൻ തിരക്കഥ എഴുതി ഐ. വി. ശശി സംവിധാനം ചെയ്ത ഈ സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ, സീമ, രതീഷ്, ടി. ജി. രവി, ലാലു അലക്സ്, ബാലൻ കെ. നായർ, അടൂർ ഭാസി, രവീന്ദ്രൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായിരുന്ന തൊഴിൽ സമരങ്ങളും പണിമുടക്കുകളും ഫാക്ടറി പൂട്ടലുകളും അക്രമങ്ങളും നിത്യ സംഭവമായി അരങ്ങേറുന്നതിനിടയിൽ ഒരു നാടക സംഘം ജപ്പാൻ സന്ദർശിക്കുകയും അവിടുത്തെ സംസ്കാരവും തൊഴിൽ സാഹചര്യവും മനസ്സിലാക്കി നാട്ടിൽ തിരിച്ചെത്തി അവർ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. അതിലെ ഒരു ജാപ്പനീസ് കഥാപാത്രം രതീഷിനോട് ചോദിക്കുന്നുണ്ട്, പണിമുടക്ക് സമരം ചെയ്താൽ നിങ്ങളുടെ രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയെ അത് ബാധിക്കില്ലേ എന്ന്. നന്നേ ചെറുപ്പത്തിൽ കണ്ട ഈ സിനിമയിലെ രംഗങ്ങൾ എന്റെ മനസ്സിൽ മായാതെ കിടന്നു, എന്തെന്നാൽ ജപ്പാൻ എന്നൊരു രാജ്യം ഉണ്ടെന്നും അവിടുത്തെ സംസ്കാരം ഇങ്ങനെ ആണെന്നും എനിക്ക് മനസ്സിലായത് ഈ സിനിമ കണ്ടപ്പോൾ ആണ്. ഈ അടുത്ത് ഈ സിനിമ യാദൃശ്ചികമായി വീണ്ടും കാണാൻ ഇടയായപ്പോൾ അതിലെ പല കാര്യങ്ങളും ഇന്നും പ്രസക്തമാണല്ലോ എന്നോർത്തതാണ് ഈ ലേഖനം എഴുതാൻ കാരണം.

രണ്ടാം ലോക മഹായുദ്ധം

ഹിരോഹിതോ ചക്രവർത്തിയാണ് ജപ്പാനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചതിൽ പ്രധാനി. രണ്ടാം സിനോ-ജപ്പാൻ യുദ്ധത്തിൽ (1937-1945) 10 തൊട്ട് 25 ദശലക്ഷം ചൈനീസ് വംശജർ ആണ് കൊല്ലപ്പെട്ടത്. ജൈവ യുദ്ധങ്ങൾ ഉൾപ്പടെ അനവധി ക്രൂരകൃത്യങ്ങൾ ആണ് ജപ്പാൻ സൈന്യം ചൈനക്കാർക്ക് മേൽ നടത്തിയത്. ചൈനയിലെ നാങ്കിങ് എന്ന സ്ഥലത്തു മാത്രം 20,000 ചൈനീസ് സ്ത്രീകൾ ആണ് ബലാത്സംഗത്തിനും തുടർന്ന് ക്രൂരമായ കൊലപാതകത്തിനും ഇരയായത്. ഇത് ‘The Asian holocaust’ എന്നറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ഒടുക്കം ജപ്പാൻ പരാജയത്തിലേക്ക് അടുത്തെങ്കിലും അവരുടെ ദുരഭിമാനത്തിലൂന്നിയ ദേശീയതാ ബോധം കീഴടങ്ങാൻ വിസമ്മതിച്ചിരുന്നു. അപ്പോൾ ആണ് അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചത്. അതോട് കൂടി ജപ്പാൻ യുദ്ധം അവസാനിപ്പിച്ച് കീഴടങ്ങി.

നാല് വർഷത്തെ സഖ്യകക്ഷികളുടെ ബോംബിങ് ജപ്പാന്റെ വ്യവസായത്തെ തകർത്തു തരിപ്പണമാക്കി. സ്റ്റീൽ ഉൽപ്പാദനം 93% ഇല്ലാതായി. യുദ്ധശേഷം രാജ്യത്തിന്റെ Gross national product (GNP) യുദ്ധത്തിന്റെ മുമ്പുള്ള അവസ്ഥയെക്കാൾ പകുതിയായി. അമിതമായ വിലക്കയറ്റം (Hyperinflation) കറൻസിയെ തകർത്തു. മനുഷ്യരുടെ ജീവിതനിലവാരം കൂപ്പുകുത്തി. ഒരു മനുഷ്യന്റെ ശരാശരി കലോറി ഉപഭോഗം മൂന്നിൽ രണ്ട് മാത്രമായി. ടോക്യോയും ഹിരോഷിമയും നാഗസാക്കിയും ഉൾപ്പെടുന്ന പ്രമുഖ നഗരങ്ങൾ ബോംബിങ്ങിൽ നാമാവശേഷമായി. 1952 വരെ ജപ്പാൻ ഏതാണ്ട് പത്തു ലക്ഷം അമേരിക്കൻ പട്ടാളക്കാരുടെ നിയന്ത്രണത്തിൽ ആയിരുന്നു. യുദ്ധത്തിന് ഒടുക്കം പരാജയപ്പെട്ട, നിരാശരായ ഒരു ജനത ആയി ജപ്പാൻ.

എന്നാൽ വെറും മുപ്പത് വർഷങ്ങൾക്ക് ശേഷം, ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ അമേരിക്കയ്ക്ക് പിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 1950 മുതൽ 1973 വരെ, ഇത് പടിഞ്ഞാറൻ യൂറോപ്പിന്റെ ഇരട്ടി നിരക്കിലും അമേരിക്കയെക്കാൾ രണ്ടര മടങ്ങ് വേഗത്തിലും വളർന്നു. വെറും ഒരു തലമുറകൾക്കുള്ളിൽ, ജപ്പാൻ ഒരു ദരിദ്രരാജ്യത്തിൽ നിന്ന് സമ്പന്ന രാജ്യമായി സ്വയം രൂപാന്തരപ്പെട്ടു. ചരിത്രപരമായി അപൂർവമായ അത്തരമൊരു വികസനം എങ്ങനെയാണ് ജപ്പാന് സാധിച്ചത്?

ജപ്പാന്റെ തിരിച്ചുവരവ്

നിനോമിയ കിഞ്ചിരോ, പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കർഷക നേതാവും, തത്വചിന്തകനും സാമ്പത്തിക വിദഗ്ദ്ധനും ആയിരുന്നു. കൂട്ടുപലിശ എന്ന ആശയം കർഷകർക്ക് പരിചയപ്പെടുത്തിയ ആൾ ആയിരുന്നു കിഞ്ചിരോ. “നിങ്ങളുടെ ജീവന്റെ നിലനിൽപ്പ് തന്നെ വായിക്കുക, പഠിക്കുക, കഠിനാധ്വാനം ചെയ്യുക എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സംരക്ഷിക്കുക, പാഴാക്കരുത്; അല്ലെങ്കിൽ, സ്വർഗ്ഗം നിങ്ങളെ ശിക്ഷിക്കും” എന്ന ഇദ്ദേഹത്തിന്റെ വാചകങ്ങൾ ജപ്പാൻകാർ അക്ഷരാർത്ഥത്തിൽ എടുത്തു എന്നാണ് മനസ്സിലാവുന്നത്. മുതുകത്തു ഒരു കെട്ടു വിറകുമായി പുസ്തകം വായിക്കുന്ന ബാലനായ കിഞ്ചിരോയുടെ പ്രതിമകൾ ജപ്പാനിലെമ്പാടും പൊതുസ്ഥലങ്ങളിലും, പ്രത്യേകിച്ച് സ്കൂളുകളിലും അലങ്കരിച്ചിരിക്കുന്നു.

ജപ്പാൻ അധിനിവേശത്തിന്റെ ആദ്യ മാസങ്ങളിൽ അമേരിക്കൻ നയം ജപ്പാനെ വളരാൻ സമ്മതിക്കാതെ ഒതുക്കി നിർത്തുന്ന തരത്തിൽ ആയിരുന്നു. ജപ്പാന്മേൽ ചുമത്തിയ കടുത്ത നടപടികളിൽ, ചില ഇടതുപക്ഷ അക്കാദമിക് വിദഗ്ധരുടെ ഉപദേശത്തെ അടിസ്ഥാനമാക്കി, 86% വരെ ഉയർന്ന വ്യക്തിഗത ആദായനികുതി നിരക്കുകൾ ചുമത്തിയിരുന്നു. താരതമ്യേന കുറഞ്ഞ വരുമാനമുള്ളവരിൽ തന്നെ ഉയർന്ന നികുതികൾ ചുമത്തപ്പെട്ടു. എന്തിന് ഭാവിയിൽ സമ്പത്തിന്റെ ശേഖരണം തടയാൻ അന്തരാവകാശികൾക്ക് സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് ഉയർന്ന inheritance tax ഏർപ്പെടുത്തി. കോർപ്പറേറ്റ് വരുമാനവും “അധിക ലാഭവും” ഉയർന്ന നിരക്കിൽ കണ്ടു കെട്ടി. സമ്പത്ത് ഉണ്ടാക്കാൻ അവസരം നിഷേധിക്കപ്പെട്ടാൽ സ്വാഭാവികമായും സാമ്പത്തിക വളർച്ചയും മുരടിക്കും.

1947ന് ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയുമായും ഉള്ള ശീതയുദ്ധം വഷളായപ്പോൾ, അമേരിക്കൻ ഭരണകൂടം, സ്വതന്ത്രമായ ജപ്പാൻ ഏഷ്യയിലെയും പസഫിക്കിലെയും കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ തടയാൻ സഹായിക്കുമെന്ന് വിലയിരുത്തി. ജപ്പാന്റെ പുനഃരുദ്ധാരണത്തിനായി നിയോഗിക്കപ്പെട്ട ജനറൽ ഡഗ്ലസ് മാക്അർതർ സമ്പത്ത് സൃഷ്ടിക്കുന്ന സംരംഭകരെ പിഴിയുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. യുദ്ധത്തിന് ഒടുക്കം അതിന്റെ യാതനകൾ അനുഭവിച്ചവർക്കായി ജപ്പാൻ, war reparations ആയി കൊടുക്കേണ്ടിയിരുന്ന വലിയ തുക ഒരുപാട് കുറച്ചു. പരിമിതവും പ്രാതിനിധ്യവുമുള്ള ഗവൺമെന്റ്, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്, സ്വകാര്യ സ്വത്ത്, വ്യക്തിസ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന ഒരു പുതിയ ഭരണഘടനയുടെ രചനയ്ക്ക് അദ്ദേഹം വ്യക്തിപരമായി മേൽനോട്ടം വഹിച്ചു. 1947 മെയ് മാസത്തിൽ ഇത് പ്രാബല്യത്തിൽ വന്നു. 1960-ൽ ജനറൽ മാക്ആർതറിനെ ജപ്പാൻ അവരുടെ പരമോന്നത ബഹുമതിയായ ‘The Grand Cordon of the Order of the Rising Sun’ നൽകി ആദരിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ, ജനറൽ ഡഗ്ലസ് മക്ആർതറിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ജോസഫ് ഡോഡ്ജിനെ ജപ്പാനിലേക്ക് അയച്ചു. സന്തുലിതമായ ദേശീയ ബജറ്റ് നടപ്പിലാക്കുകയും അച്ചടിശാലകൾ അടച്ചുപൂട്ടുകയും ചെയ്തു കൊണ്ട് ജോസഫ് ഡോഡ്ജ് അമിതമായ പണപ്പെരുപ്പം അവസാനിപ്പിച്ചു. ഇത് യെനും ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് സ്ഥിരപ്പെടുത്തി. ഇത് സർക്കാരിന്റെ സാമ്പത്തിക ഇടപെടൽ ഗണ്യമായി കുറച്ചു. ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുക എന്നതല്ല അതിനെ വെറുതെ വിടുക എന്നതായിരുന്നു ഡോഡ്ജിന്റെ ഉദ്ദേശ്യം. കയ്യിൽ കിട്ടുന്ന എല്ലാ സബ്സിഡിയും വില നിയന്ത്രണവും അയാൾ അവസാനിപ്പിച്ചു.

17 തൊട്ട് 19 നൂറ്റാണ്ട് വരെയുള്ള കാലം ദുരഭിമാനത്തിലൂന്നിയ ദേശീയതയുടെ ഭാഗമായി ജപ്പാൻ സ്വയം ലോകത്തിന് മുന്നിൽ തങ്ങളെ ഒറ്റപ്പെടുത്തി (The Sakoku Years). ജപ്പാനിൽ നിന്ന് ആരെങ്കിലും പുറത്തു പോയാൽ മരണശിക്ഷ നൽകിയിരുന്നു. വളരെ കുറച്ചു വിദേശികൾക്ക് മാത്രമേ ജപ്പാനിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു. സ്വാഭാവികമായും വളരെ മോശം ഗുണമേന്മ ഉള്ള ഉൽപ്പന്നങ്ങൾ ആണ് ജപ്പാൻ ആ കാലയളവിൽ ഉൽപ്പാദിപ്പിച്ചിരുന്നത്. ജാപ്പനീസ് നിർമ്മാണത്തിന് ഗുണനിലവാര നിയന്ത്രണ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച മറ്റൊരു സ്വകാര്യ മേഖലയിലെ പ്രതിഭയാണ് എഡ്വേർഡ് ഡെമിംഗ്. ജാപ്പനീസ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ഡെമിംഗ് പ്രധാന പങ്ക് വഹിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സ്ഥാപിതമായ ഒരു സമ്മാനം ഗുണനിലവാര നിയന്ത്രണത്തിൽ പ്രധാന സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും കമ്പനികൾക്കും നൽകുന്നു. ഇന്ന് ജാപ്പനീസ് വീട്ടുപകരണങ്ങളും വാഹനങ്ങളും ലോകത്തിലെ ഏറ്റവും മികച്ചവയായി വിലയിരുത്തപ്പെടുന്നു.

ജപ്പാനിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ആദായനികുതി നിരക്ക് 86% നിന്ന് 55% ആയി കുറച്ചു. 1950 മുതൽ 1974 വരെ, ജപ്പാൻ എല്ലാ വർഷവും (1960 ഒഴികെ) നികുതി വെട്ടിക്കുറച്ചു. പലപ്പോഴും ഉയർന്ന നികുതി നിരക്കുകൾ ബാധകമായ വരുമാന പരിധികൾ വളരെയധികം വർദ്ധിപ്പിച്ചു. 60% ടാക്സ് ബ്രാക്കറ്റിൽ വീഴാൻ ആവശ്യമായ നികുതി വരുമാനം 1953 ആയപ്പോഴേക്കും 3 ലക്ഷം യെന്നിൽ നിന്ന് 3 ദശലക്ഷം യെൻ ആയി ഉയർത്തി. വരുമാനത്തിന് ഒറ്റ നികുതി എന്ന രീതി അവലംബിക്കപ്പെട്ടു. അതായത്, വരുമാനം ലാഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഉടനടി ഉപഭോഗത്തിനായി നീക്കിവച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഒരു തവണ മാത്രം വരുമാനത്തിന് നികുതി ചുമത്തുന്ന രീതി. അമേരിക്കൻ അധിനിവേശത്തിന് ശേഷവും ഈ രീതി പിന്തുടരപ്പെട്ടു. താരിഫുകൾ (വിദേശ സാധനങ്ങൾ വാങ്ങുന്നതിനുള്ള നികുതി) ക്രമാനുഗതമായി കുറച്ചു. ഉദാഹരണത്തിന് 1975 ആയപ്പോഴേക്കും വണ്ടികളുടെ താരിഫ് 40% നിന്ന് 10% ആയി കുറഞ്ഞു, ടെലിവിഷനുകളുടെ താരിഫ് 30% നിന്ന് 5% ആയി കുറഞ്ഞു. പഴയ സാമ്രാജ്യത്വ ഗവൺമെന്റോ അമേരിക്കൻ അധിനിവേശക്കാരോ ശക്തമായി നിയന്ത്രിച്ചിരുന്ന വ്യവസായങ്ങൾ സ്വതന്ത്രമായി. ജപ്പാനിൽ തലമുറകളായി നിലനിന്നിരുന്ന പല കുത്തകകളും (Zaibatsu) കൂടുതൽ സമനിലയിൽ (Level playing field) മത്സരിക്കുന്നതിനായി വിൽക്കുകയോ നിയന്ത്രണം നീക്കുകയോ (De-regulation) ചെയ്തു.

പുതിയ സാമ്പത്തിക നയങ്ങൾ

സാമ്പത്തിക വിദഗ്ദ്ധൻ ആയ ടോഷിയോ മുറാറ്റയുടെ അഭിപ്രായപ്രകാരം ജപ്പാന്റെ വിജയകരമായ യുദ്ധാനന്തര സാമ്പത്തിക വികസനത്തിന്റെ കാരണങ്ങൾ സമ്പാദ്യശീലം, കഠിനാധ്വാനം, സർക്കാർ ചെലവ് ചുരുക്കൽ, നൂതന സംരംഭകത്വം, നൂതനമായ മാർക്കറ്റിംഗ് രീതികളും താരതമ്യേന സ്വതന്ത്രമായ ലോക വ്യാപാരവും കൂടിച്ചേർന്നതാണ്. 1971-1991 കണക്കുകളുടെ അടിസ്ഥാനത്തിൽ ജപ്പാനിലെ ശരാശരി മൊത്ത സമ്പാദ്യ നിരക്ക് അമേരിക്കയെക്കാൾ ഇരട്ടിയായിരുന്നു. ജപ്പാനിലെ ഓരോ കുടുംബത്തിന്റെയും സമ്പാദ്യ നിരക്ക് അമേരിക്കയെക്കാൾ 2.7 മടങ്ങാണ്.

“The true explanation of Japan’s successful post-war economic development rests… on good old-fashioned virtues-saving, hard work, reduced government spending, and innovative entrepreneurship—combined with ingenious marketing techniques and relatively free world trade.” – Toshio Murata

ജപ്പാനിലെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മുന്നേറ്റത്തിന്റെ ഗണ്യമായ ക്രെഡിറ്റ് 1946 മുതൽ 1954 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഷിഗെരു യോഷിദയ്ക്കാണ്. സാമ്പത്തിക ഉദാരവൽക്കരണത്തിന് അദ്ദേഹം നേതൃത്വം നൽകി. അതേ സമയം, വൻതോതിൽ സൈന്യത്തിനും ആയുധങ്ങൾക്കും ചെലവഴിക്കാനുള്ള അമേരിക്കൻ സമ്മർദ്ദത്തെ അദ്ദേഹം വിജയകരമായി ചെറുത്തു. ഉദാരവൽക്കരണത്തിന്റെ ആവേശം 1980-കളിലും തുടർന്നു. പ്രധാനമന്ത്രി യാസുഹിറോ നകാസോണിന്റെ കീഴിൽ, ജപ്പാനിലെ ദേശീയ സർക്കാർ ടെലികമ്മ്യൂണിക്കേഷനും റെയിൽവേയും സ്വകാര്യവൽക്കരിച്ചു.

ഭാഗ്യവശാൽ, ജർമ്മനിയെ സംബന്ധിച്ചിടത്തോളം, ജപ്പാന്റെ സമാനമായ സാമ്പത്തിക മുന്നേറ്റം അവിടെയും ഉണ്ടായി. സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ലുഡ്വിഗ് എർഹാർഡിന്റെ സമാനമായ സ്വതന്ത്ര വിപണി നയങ്ങൾ മൂലമാണ് ഇത് പ്രധാനമായും സംഭവിച്ചത്. വിരോധാഭാസമെന്തെന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ഉത്തരവാദികളായ രണ്ട് രാജ്യങ്ങൾ സ്വാതന്ത്ര്യവും സ്വതന്ത്ര വിപണിയും കാരണം അതിൽ നിന്ന് സാമ്പത്തിക അത്ഭുതങ്ങളായി ഉയർന്നു വന്നു. എന്തായാലും ജപ്പാന്റെ യുദ്ധാനന്തര പുരോഗതി ആദം സ്മിത്തിന്റെയും മിൽട്ടൺ ഫ്രീഡ്മാന്റെയും ആശയങ്ങളോട് കൂടുതൽ കടപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാവുന്നത്.

സ്വാതന്ത്ര്യവും സ്വതന്ത്ര വിപണിയും പ്രവർത്തിക്കുന്നു എന്നത് നമ്മൾ വീണ്ടും വീണ്ടും എടുത്തു പറയേണ്ട ഒരു പാഠമാണ്.

കടപ്പാട്- Lawrence W. Reed


Leave a Reply

Your email address will not be published. Required fields are marked *