മരുപൂര്‍ണ്ണിമ


സമീപകാലത്ത് കേരളം കണ്ട ഏറ്റവും അശ്ലീലമായ കാഴ്ചകളില്‍ ഒന്നാണിത്. തൃശൂര്‍ ജില്ലയിലെ ഒരു സ്‌ക്കൂളിലാണ് സംഭവം അരങ്ങേറിയത്. ‘ഗുരുപൂര്‍ണ്ണിമ’ എന്ന ‘കൊപേ'(കൊതിപ്പിക്കല്‍+ പേടിപ്പിക്കല്‍) ആചാരത്തിന്റെ പേരില്‍ അദ്ധ്യാപകരുടെ കാലില്‍ വീഴുന്നു, പൂവെറിയുന്നു, പൊട്ടിക്കരയുന്നു, പ്രാര്‍ത്ഥിക്കുന്നു…. കുട്ടികള്‍ക്ക് വേണ്ടത് അനുഗ്രഹം. പ്രീണിപ്പിക്കപ്പെടുന്ന അദ്ധ്യാപകരാകട്ടെ മുന്‍പിന്‍നോക്കാതെ ആയത് വാരിവിതറുന്നു. പത്തുപൈസയുടെ കാര്യത്തില്‍ കുത്തിമരിക്കുന്നവര്‍പോലും അനുഗ്രഹം ചൊരിയുന്ന കാര്യത്തില്‍ മാരകമായ ഉദാരതയുളളവരാണ്. ”ഗുരു കനിഞ്ഞാല്‍ ആനമുട്ട, ഗുരുമനംനൊന്താല്‍ കട്ടപ്പൊക” ഇതാണ് ഈ കൊപേ ഇനത്തിന്റെ പ്രവര്‍ത്തന സമവാക്യം. ഭൂതകാലത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇതൊക്കെ ഒരു വലിയ സംഭവമായി തോന്നിയേക്കാം. കുട്ടികളെ മുട്ടിലിഴയ്ക്കാതെ ഈ സവിശേഷ ഉല്‍പ്പന്നം ചൊരിയാന്‍ കസേരഗുരുക്കന്‍മാര്‍ക്ക് കഴിയില്ലേ? ഹോ, എന്നാലും എങ്ങനെ സാധിക്കുന്നു ഇതൊക്കെ!? അനുഗ്രഹം താഴേയ്ക്ക് മാത്രമേ ഒഴുകൂ എന്നാവും ഇവിടെ ഉന്നയിക്കപ്പെടുന്ന മറുവാദം. ഗുരുത്വബലം സര്‍വതിനും ബാധകമാണല്ലോ. ഇന്ന് വിദ്യാര്‍ത്ഥി സമൂഹത്തില്‍ അച്ചടക്കവും മര്യദയും തീരെ കുറവാണ് എന്ന പരാതി പലരും ഉന്നയിക്കാറുണ്ട്. അന്ധവിശ്വാസങ്ങളുടെ അനുഷ്ഠാനം(മതജീവനം) കുറഞ്ഞതുകൊണ്ടാണ് ഈ പ്രശ്‌നം എന്നാണ് പ്രചരണം. അദ്ധ്യാപകരുടെ കസേര കത്തിക്കുകയും അവരെ പ്രതീകാത്മകമായി കുഴിച്ചുമൂടുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയ ബദലാണ് ഗൂരുപൂജ എന്നൊക്കെ എഴുതിവിടുന്നവരുണ്ട്. ഒന്നുകില്‍ കസേര കത്തിക്കുക അല്ലെങ്കില്‍ കാലില്‍വീഴുക! ഇവയ്ക്കിടയില്‍ ആരോഗ്യപരമായ സാധ്യതകള്‍ വിദ്യാര്‍ത്ഥി-അദ്ധ്യാപക ബന്ധത്തില്‍ അസാധ്യമാണ് എന്നാണ് ഇക്കൂട്ടര്‍ പറയാതെ പറയുന്നത്. Dover Beach എന്ന കവിതയിലൂടെ മാത്യു അര്‍നോള്‍ഡ് (Mathew Arnold/1822-1888) സമാനമായ ആശങ്കള്‍ പങ്കുവെക്കുന്നുണ്ട്. മതജീവിതം നേര്‍പ്പിക്കപ്പെടുമ്പോള്‍, അന്ധവിശ്വാസങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ സമൂഹം ഇരുട്ടിലാകുന്നു എന്നാണ് അര്‍നോള്‍ഡിന്റെ പരാതി. മതവിശ്വാസം സൂര്യപ്രകാശമാണ്. മതം തളരുമ്പോള്‍ ഇരുട്ട് പരക്കുന്നു. ശത്രുവേത് മിത്രമേത് എന്നറിയാതെ വ്യാജ മുന്നറിയിപ്പുകള്‍ കേട്ട് ചാടിയെഴുന്നേററ് പരസ്പരം വെട്ടി മരിക്കുന്ന സൈനികരെപ്പോലെയാണ് വിക്ടോറിയന്‍ സമൂഹം എന്ന് അര്‍നോള്‍ഡ് വിലപിക്കുന്നു. വിശ്വാസം (faith) ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല: And we are here as on a darkling plain Swept with confused alarms of struggle and flight, Where ignorant armies clash by night (Lines 36-39, Dover Beach by Mathew Arnold) നഷ്ടമായ ഭൂതകാലത്തെ ഉള്‍ക്കുളിരോടെ അനുസ്മരിക്കുക എന്നത് ഒരു യാഥാസ്ഥിതിക മനോഗതിയുടെ അനിവാര്യ പരിണതിയാണ്. ഉണ്ടായിരുന്നവയെക്കാള്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇക്കൂട്ടര്‍ ഭൂതകാലത്തില്‍ കുത്തിനിറയ്ക്കുക. അത്തരം മോഹചിന്തകളിലൊന്നാണ് ഗുരുകുല സമ്പ്രാദായം മുന്നോട്ടുവെക്കുന്ന അടിമബോധം. ‘അടക്കവുംഒതുക്കവും’ എന്ന ഓമനപ്പേരാണ് അവിടെ ഉപയോഗിക്കപ്പെടുന്നത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം വേറിട്ട ചിന്തകളെ താലോലിക്കില്ല. നിഷേധികള്‍ക്ക് അവിടെ സ്ഥാനമില്ല. ഗുരു ചെയ്തതും പറഞ്ഞതും സ്വന്തം ശിഷ്യര്‍ക്ക് കൈമാറാനാണ് ഓരോ അദ്ധ്യാപകനും ശ്രമിക്കുന്നത്. ചിന്താവ്യതിയാനങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിച്ച് തല്‍സ്ഥിതി(status quo) നിലനിര്‍ത്തുക എന്നതാണ് പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മാറ്റം എന്ന ആശയംപോലും നമ്മുടെ അദ്ധ്യാപകര്‍ക്ക് വിഷസമാനമായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല. സമൂഹത്തില്‍ അദ്ധ്യാപകരുടെ സ്വാധീനം ശക്തമാകുന്നതനുസരിച്ച് തല്‍സ്ഥിതി, അതെത്ര മോശമായാലും സംരക്ഷിക്കപ്പെടും. വില്യം ബെന്റിക്ക് 1829 ല്‍ ബംഗാളില്‍ സതി നിറുത്താലാക്കിയതിനെ തത്വവുംരാഷ്ട്രീയവും പറഞ്ഞ് ഏതിര്‍ത്തവരുടെ മുമ്പന്തിയാല്‍ അക്കാലത്തെ അദ്ധ്യാപകരും പണ്ഡിതരുമാണ് എന്നോര്‍ക്കുക. എന്തിനാണ് ഈ കുട്ടികള്‍ കസേരയിലിരിക്കുന്ന മനുഷ്യരുടെ കാലില്‍ വീണ് പൂജിക്കുന്നത്? കേസരയിലിരിക്കുന്നവര്‍ തികച്ചും സാധാരണക്കാരായ മനുഷ്യരാണെന്ന് കുട്ടികള്‍ക്കും അറിയാഞ്ഞിട്ടല്ല. അവരില്‍ പലരോടും കുട്ടികള്‍ക്ക് സ്‌നേഹമോ ബഹുമാനമോ ഉണ്ടാകണമെന്നുമില്ല. പക്ഷെ കാലില്‍ വീഴല്‍ ഒഴിവാക്കില്ല. വിദ്യാഭ്യാസനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പഠനവും കഠിനാദ്ധ്വാനവും മാത്രം പോര, പഠിപ്പിക്കുന്ന അദ്ധ്യപാകരുടെ ‘അനുഗ്രഹം’ കൂടി വേണം എന്ന സോഫ് റ്റ് വെയറാണ് കുട്ടികളുടെ മസ്തിഷ്‌ക്കത്തില്‍ ആരംഭത്തിലേ കുത്തിനിറച്ചിട്ടുള്ളത്. തങ്ങള്‍ ഇത്ര കേമരായത് ഗുരുകടാക്ഷം മൂലമാണെന്ന് ഒളിഞ്ഞുംതെളിഞ്ഞും ഈ അദ്ധ്യാപകര്‍ കുട്ടികളെ ധരിപ്പിച്ചിട്ടുണ്ടാവും. നന്നായി പഠിച്ചാല്‍ മാത്രം പോര ധൂപക്കൂടും പ്രാര്‍ത്ഥപ്പേമാരിയും വെഞ്ചരിച്ചപേനയും ഗുരുകടാക്ഷവുംകൂടി ഉണ്ടായാലേ ശരി ഉത്തരത്തിന് പോലും മാര്‍ക്ക് ലഭിക്കൂ എന്ന് ചിന്തിക്കുന്ന കുട്ടികള്‍ക്കിടയില്‍ ഇത്തരം ‘കൊപേ’കള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രയാസമില്ല. മുട്ടിലിഴയുന്ന കുട്ടിക്ക് അദ്ധ്യാപകന്‍ ഒന്നുംകൊടുക്കുന്നില്ല. അതിന് അയാള്‍ അശക്തനാണ്. സമത്വബോധമുള്ള പൗരനാകാനും ആത്മവിശ്വാസത്തോടെ ജീവിത സമസ്യങ്ങള്‍ നിര്‍ധാരണം ചെയ്യാനുമുള്ള കുട്ടിയുടെ സഹജശേഷിയാണ് അയാള്‍ തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നത്. നിങ്ങളുടെ കുട്ടി മുട്ടിലിഴയുമ്പോള്‍ നിങ്ങള്‍ അദ്ധ്യപകനല്ലാതായി മാറുന്നു. കുട്ടികള്‍ ‘നന്നാകുന്നതു’കൊണ്ടോ അവരുടെ ധാര്‍മ്മികബോധം കനക്കുന്നതുകൊണ്ടോ അല്ല ഇത്തരം ആചാരങ്ങളില്‍ അവര്‍ പങ്കാളികളാകുന്നത്. കയ്യില്‍ ചുംബിക്കാനും കാലു കഴുകാനുമൊക്കെ മത-രാഷ്ട്രീയ നേതാക്കള്‍ സവിശേഷ അഭിനിവേശം കാണിക്കുന്നത് കൃത്യമായ നേട്ടങ്ങള്‍ മുന്നില്‍കണ്ടാണല്ലോ. സമാനമായി, ഭൗതകനേട്ടങ്ങള്‍ സ്വപ്‌നം കണ്ടാണ് കുട്ടികളും മുട്ടുകുത്തുന്നത്. മുട്ടുകുത്തുമ്പോള്‍ എന്തൊക്കെയോ കിട്ടുന്നു എന്നാണവര്‍ ആത്മാര്‍ത്ഥമായും സങ്കല്‍പ്പിക്കുന്നത്. It is a condition stance. ചെയ്തില്ലെങ്കില്‍ അല്പരായ അദ്ധ്യാപകര്‍ക്ക് അതിഷ്ടമാകില്ലെന്നും അവര്‍ വിചാരിക്കുന്നു. ഗുരുമനം നൊന്താല്‍ അതിന്റെ ദോഷം ജീവിതത്തില്‍ ആകമാനം നിലനില്‍ക്കുമെന്ന കൊപേ കളാണ് കുട്ടിക്കാലംമുതലേ മുട്ടുകുത്തികള്‍ കേട്ട് പരിചയിക്കുന്നത്. കൊടുക്കുമ്പോള്‍ ഏറുന്ന ഒന്നാണ് അറിവ് എന്നൊക്കെ നാം പറഞ്ഞുവെക്കാറുണ്ട്. അദ്ധ്യാപകന്‍ അറിവ് നിര്‍മ്മിക്കുന്ന വ്യക്തിയല്ല. നിലവില്‍ സമൂഹം ആര്‍ജ്ജിച്ച ജ്ഞാനതലങ്ങളിലേക്കുള്ള വഴികള്‍ കുട്ടികളെ ബോധ്യപ്പെടുത്താനാണ് അയാള്‍ ശ്രമിക്കുന്നത്. അതവന്റെ അറിവല്ല, അയാള്‍ ജിവിച്ചിരിക്കുന്ന സമൂഹത്തിന്റെ പൊതുസ്വത്താണത്. അയാള്‍ അത് കൊടുക്കുന്നില്ല, മറിച്ച് പങ്കിടുകയാണ്. കുട്ടിയും അദ്ധ്യാപകനും കൂടി വാതില്‍ തുറക്കുമ്പോള്‍ പ്രകാശം ഉള്ളിലേക്ക് അരിച്ചിറങ്ങുകയാണ്… മുട്ടിലിഴയുന്ന കുട്ടികളും അതാസ്വദിച്ച് അനുഗ്രഹം പൊഴിക്കുന്ന അദ്ധ്യാപകരും പിന്നോട്ടോടുന്ന സമൂഹത്തിന്റെ അടയാളങ്ങളാണ്. ഏഴാംക്ലാസില്‍ എഴുപ്രാവശ്യം തോറ്റവന്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിക്ക് പരീക്ഷ ജയിക്കാനാവശ്യമായ ഉറുക്കുംനൂലും ചരടും നിര്‍മ്മിക്കുന്നതില്‍ അഭംഗി കാണാന്‍ കഴിയാത്ത സമൂഹമാണത്. അടിമ-ഉടമ/യജമാന-ഭൃത്യ ബന്ധങ്ങളല്ല അല്ല പരസ്പരബഹുമാനവും സ്‌നേഹവും ആധാരമാക്കിയ സമത്വാധിഷ്ഠിത ബന്ധങ്ങളാണ് വിദ്യാഭ്യാസപ്രക്രിയയെ ഭരിക്കേണ്ടത്. സമത്വവും സൗഹാര്‍ദ്ദവും കുട്ടികള്‍ പഠിക്കണമെങ്കില്‍ വിദ്യാഭ്യാസത്തിലെ ആഭ്യന്തര സമവാക്യങ്ങള്‍ അത്തരം മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. മേല്‍കീഴ് ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ശ്രേണീബദ്ധ വിദ്യാഭ്യസം സമത്വബോധമുള്ള പൗരന്‍മാരെ സൃഷ്ടിക്കാന്‍ പര്യാപ്തമല്ല. ‘മനുഷ്യന്‍’ എന്ന പദത്തിനുപോലും ആദരവിന് അര്‍ഹതയുണ്ടെന്ന് ഷേക്‌സ്പിയര്‍ എഴുതുമ്പോള്‍ അത് എല്ലാത്തരം മനുഷ്യര്‍ക്കും ബാധകമായ ഒന്നാണെന്ന് തിരിച്ചറിയുകയാണ് ആധുനിക ജനാധിപത്യ സമൂഹങ്ങള്‍ ചെയ്യേണ്ടത്. അവിടെ അദ്ധ്യാപകന് സവിശേഷ സംവരണം ആവശ്യമില്ല.

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *