ശബ്ബാത്ത് – (സൃഷ്ടിക്കൽ കഴിഞ്ഞു ദൈവം വിശ്രമിച്ച ദിവസം) ശബ്ബാത്ത് മലയാളിക്ക് എളുപ്പം മനസിലാകുന്നവിധത്തിൽ പറഞ്ഞാൽ എല്ലാ ആഴ്ചയും നടക്കുന്ന ഹർത്താൽ. വെള്ളിയാഴ്ച്ച ഉച്ചമുതൽ കടകൾ അടക്കും. നിരത്തിൽ വണ്ടികൾ വളരെ വിരളമായി ഒന്നോ രണ്ടോ ഓടും. ഈ അവസ്ഥ തന്നെയാണ് എല്ലാ ആഘോഷങ്ങൾക്കും. വെള്ളിയാഴ്ച വൈകുന്നേരം (അസ്തമയത്തിനുശേഷം) മുതൽ ശനിയാഴ്ച രാത്രിവരെ (അസ്തമയം കഴിഞ്ഞു ഒരു മണിക്കൂർ) ആണ് ശബ്ബാത്ത് ആചരിക്കുന്നത്. ശബ്ബാത്ത് തുടങ്ങുന്നതിനു മുൻപ് എല്ലാപണികളും തീർത്തിരിക്കണം. ഭക്ഷണം പാകം ചെയ്യൽ, (2 ദിവസത്തേക്ക് ഒന്നിച്ചു ഉണ്ടാക്കിവെക്കും) ലൈറ്റ്, എ. സി., ഇലക്ട്രിക്ക് ബോയ്‌ലറിൽ തിളപ്പിച്ചവെള്ളം, ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള ഹീറ്റർ പ്ലേറ്റ് (പ്ലാത്ത ) എല്ലാം ഓൺ ചെയ്തുവെക്കും. പിന്നെ സമയം നോക്കി മെഴുകുതിരി കൊളുത്തും. ഇപ്പൊ ശബ്ബാത്ത് തുടങ്ങി. ഇനി ഒരു പണിയും ചെയ്യാൻ പാടില്ല… ചെയ്താൽ ………. കോപിക്കും. സിനഗോഗിൽ പോകാം, പ്രാർത്ഥിക്കാം, ഭക്ഷണം കഴിക്കാം, ഉറങ്ങാം, ചുമ്മാ സംസാരിച്ചിരിക്കാം, എങ്ങോട്ടെങ്കിലും ഇറങ്ങി നടക്കാം, വായിക്കാം… ഇതൊഴികെ വേറെ എല്ലാം പണിയാണ്. ഒരു സ്വിച്ച് ഓൺ ചെയ്യുന്നത് പോലും തെറ്റാണ്. ടീവി കാണരുത്, ഫോൺ ഉപയോഗിക്കരുത്, ഡ്രൈവ് ചെയ്യരുത്, എന്തിനേറെ മരിച്ചാൽ മറവ് ചെയ്യരുത്… ചിലർ കുളിക്കുകപോലും ചെയ്യില്ല… എല്ലാം കുറ്റമാണ് (ദൈവത്തിനുമുൻപിൽ മാത്രം). രാജ്യത്തിന് ഈ നിയമങ്ങൾ ഇല്ല. ജൂതന്മാർ അല്ലാത്തവർക്കും മതം ആചരിക്കാത്തവർക്കും ഇതൊന്നും ബാധകമല്ല. പക്ഷേ ചില സാഹചര്യങ്ങളിൽ പൊതുജനത്തിനു നിർബന്ധിത ശബ്ബാത്ത് ആചരിക്കേണ്ടിവരും. അത് യാത്രയുടെ കാര്യത്തിലാണ്, കാരണം ബസ് സർവീസോ ട്രെയിൻ സർവീസോ ഉണ്ടാകില്ല. സ്വന്തം വണ്ടി ഇല്ലാത്തവന് വീട്ടിലിക്കുകയേ നിവർത്തിയുള്ളൂ. എമെർജിൻസിക്ക് ടാക്സി വിളിക്കാം പക്ഷെ മൂന്നിരട്ടി വാടക കൊടുക്കണം. ഇവരുടെ മിക്കവാറും എല്ലാ ആഘോഷങ്ങളും ശബ്ബാത്ത് പോലെ തന്നെയാണ്. ഞാൻ കണ്ടിടത്തോളം ഇതിൻറെ ഏക ഗുണം വീട്ടിൽ ഉള്ളവർ എല്ലാം ആഴ്ചയിൽ ഒരുദിവസം ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുകയും സംസാരിച്ചിരിക്കുകയും ചെയ്യും എന്നത് മാത്രമാണ്. കഷർ (kosher) നമ്മുടെ നാട്ടിൽ മീനും തൈരും വിരുദ്ധാഹാരം എന്ന ഒരു തെറ്റിധാരണ ഉണ്ടല്ലോ അതിന് സമാനമായ കുറേ ധാരണകൾ കൂടിച്ചേരുന്നതാണ് ഈ പറഞ്ഞ സാധനം. കുറച്ചെണ്ണം പറയാം. 1) പാലും പാലുത്പന്നങ്ങളും മാംസവും ഒന്നിച്ചു കഴിക്കരുത്. 2) പാൽ ഉപയോഗിച്ച് പാചകം ചെയ്യുന്ന പാത്രത്തിൽ മാംസം പാചകം ചെയ്യരുത്. തിരിച്ചും… 3) മാംസം പാചകം ചെയ്യുന്ന പാത്രം കഴുകുന്ന സിങ്കിൽ പാൽ പാചകം ചെയ്യുന്ന പാത്രം കഴുകരുത്. 4) പാലോ പാലുത്പന്നങ്ങളോ കഴിച്ചാൽ ഉടനെത്തന്നെ മാംസം കഴിക്കാം. എന്നാൽ ഇറച്ചി കഴിച്ചു ആറുമണിക്കൂർ (6 hours)കഴിയാതെ പാലോ പാലുത്പന്നങ്ങളോ കഴിക്കരുത്… 😀😊😀 5) മീൻ മാംസത്തോടും പാലിനോടും ചേരും… 6) പെസഹ ആണ് ഏറ്റവും വലിയ ആഘോഷം. 8 ദിവസം. ആദ്യത്തെ 2 ദിവസവും അവസാനത്തെ 2 ദിവസവും ആണ് പ്രധാനം. ശബ്ബാത്ത് പോലെ തന്നെയാണ് ആചരിക്കുന്നത്. പെസഹക്ക് വീടെല്ലാം വൃത്തിയാക്കി പഴയ സാധനങ്ങൾ എല്ലാം കളയും. പിന്നീട് പുളിച്ച ആഹാര സാധനങ്ങൾ (യീസ്റ്റ് ചേർത്തത്) വീട്ടിൽ കയറ്റരുത്. വീട് kosher ആക്കികഴിഞ്ഞാൽ പിന്നെ ബ്രെഡ് പോലുള്ള ആഹാരം വീട്ടിലിരുന്ന് കഴിക്കരുത്, വീട്ടിൽ എവിടെയും ബ്രെഡിൻറെ തരിപോലും കാണരുത്. പഴയ സാധനങ്ങളും പത്രങ്ങളും എല്ലാം പൂട്ടി സീൽ ചെയ്തു വെക്കും. പാചകത്തിനെല്ലാം പുതിയ പത്രങ്ങൾ വേണം. (നമ്മൾ കാണുന്ന പെസഹ ജൂത പെസഹയുമായി അജഗജാന്തരം ഉണ്ട്) ഇനിയും ഉണ്ട് കുറേ… പ്രാർത്ഥന – 1) രാവിലെ എഴുന്നേറ്റാൽ പ്രാർത്ഥിക്കണം . 2) ഓരോ പ്രാർത്ഥനക്ക് മുൻപും രണ്ട് പിടിയുള്ള ഒരു കപ്പുണ്ട് അതുകൊണ്ട് ഓരോകയ്യിലും മൂന്നുപ്രാവശ്യം വെള്ളമൊഴിക്കണം. 3) ബ്രെഡ് കഴിക്കാൻ തുടങ്ങുകയാണെങ്കിൽ രണ്ടാമത് പറഞ്ഞ കാര്യം ചെയ്തിട്ട് സംസാരിക്കാതെ വന്ന് ഒരു കഷ്ണം ബ്രഡ് കഴിക്കണം. പിന്നെ സംസാരിക്കാം. 4) ബ്രഡ് കഴിച്ചുകഴിഞ്ഞാൽ നിർബന്ധമായും പുസ്തകം വായിച്ചു പ്രാർത്ഥിക്കണം. മറ്റുള്ള ആഹാരങ്ങൾക്കു ഇത് ബാധകമല്ല. പിന്നെ ഓരോപ്രാവശ്യവും എന്തെങ്കിലും കുടിക്കുന്നതിനു മുൻപും കഴിക്കുന്നതിനുമുൻപും പ്രാർത്ഥിക്കണം. മൂത്രമൊഴിച്ചാലും ടോയ്‌ലെറ്റിൽ പോയാലും ഓരോതവണയും രണ്ടാമത് പറഞ്ഞകാര്യങ്ങൾ അതുപോലെ ചെയ്ത് പ്രാർത്ഥിക്കണം. ഇപ്പൊ ഇത്രയും മതി…