ഒക്കത്തിരിക്കുന്ന കുഞ്ഞ്


 പന്ത്രണ്ടു വയസ്സ് പ്രായമുണ്ടെങ്കിലും, മൂന്നു വയസ്സുകാരിയുടെ ശരീരവളർച്ചയുള്ള ശാരികയെ ഒക്കത്തേന്തി, അവളുടെ അമ്മ തന്റെ ഊഴവും കാത്തു നിന്നു. അടുത്തയാൾ വരൂ എന്ന അറിയിപ്പ് കിട്ടിയിട്ടും അവർ വാതിൽക്കൽ തന്നെ നിന്നു. എന്തേ അകത്തേക്ക് വരാത്തെ? എന്ന ചോദ്യത്തിന്, ഫാനിന്റെ കാറ്റ് മകൾക്ക് അസൗകര്യമാണെന്ന് ആ അമ്മ മറുപടി പറഞ്ഞു. മുകളിൽ കറങ്ങിക്കൊണ്ടിരുന്ന പങ്ക നിശ്ചലമാക്കി, അവരെ ഓപി റൂമിലേക്ക് ക്ഷണിച്ചു.

അർബുദത്തിന്റെ നീരാളിക്കൈകൾ ശരീരമാകെ കീഴടക്കി, അസഹ്യമായ വേദന സമ്മാനിക്കുന്ന അവസ്ഥയിലാണ് ശാരികയെ, അവളുടെ അമ്മ ഒക്കത്തേന്തി കൊണ്ടുവന്നത്. ഓപി ടിക്കറ്റിൽ അവളുടെ രോഗത്തിന്റെ പേരെഴുതി – GIST (Gastro Intestinal Stromal Tumor). ചികിത്സകന് ഒരിക്കലും അറിയാൻ കഴിയാത്ത ഒന്നാണ് അർബുദം സമ്മാനിക്കുന്ന വേദന. അതറിയണമെങ്കിൽ, നമുക്ക് ആ അവസ്ഥ വരണം. എന്തായാലും തലച്ചോറിലേക്ക് പോകുന്ന വേദന സിഗ്നലുകളെ തടഞ്ഞു നിറുത്താനുള്ള മരുന്ന് കൊടുക്കേണ്ടിയിരിക്കുന്നു. അത് പോരാതെ വന്നു. അനുപൂരകമായി കൊടുക്കുന്ന ഒരു മരുന്ന് കൂടി നൽകി. പോരാ, വേദന ശമിക്കുന്നില്ല. മൂന്നാമതൊരു മരുന്ന് കൂടി നൽകി. അവളുടെ മുഖത്ത് ആശ്വാസത്തിന്റെ തിരയിളക്കം.

ഒരിക്കലും അമ്മയുടെ ഒക്കത്ത് നിന്നും ഇറങ്ങാത്ത ഒരു കുട്ടിയായിരുന്നു ശാരിക. ദുർവാശി, ശാഠ്യം – അതായിരുന്നു അവളുടെ മുഖമുദ്ര. നട്ടപ്പാതിരായ്ക്ക് എന്തെങ്കിലും ഇഷ്ടവിഭവം ഉണ്ടാക്കിക്കുക, എന്നിട്ടത് കഴിക്കാതിരിക്കുക. അമ്മയുടെ കൈകൾ കുഴഞ്ഞാലും, ഒക്കത്ത് നിന്നും ഇറങ്ങാതിരിക്കുക. ഏതുനേരവും അവളോടൊപ്പം അമ്മയുണ്ടാകണം… വല്ലാത്ത നിർബന്ധ ബുദ്ധി.

ഒരിക്കൽ ശാരികയുടെ അച്ഛൻ, അവളോടൊപ്പം ആശുപത്രിയിൽ വന്നു. മകളുടെ രോഗം, ഭാര്യയുടെ കരുതൽ, ബിരുദധാരിണിയെങ്കിലും ജോലിക്ക് പോകാൻ കഴിയാത്ത ഭാര്യയുടെ നിസ്സഹായാവസ്ഥ, ഒക്കെ കണ്ണീരോടെ ആ മനുഷ്യൻ വിവരിച്ചു. ഞെട്ടിയത് വേറൊരു കാര്യം കേട്ടിട്ടാണ് – ശാരികയ്ക്ക് വീട്ടിൽ ഒരു മുറിയുണ്ട്, കാറ്റും, വെളിച്ചവും കടക്കാൻ അവൾ സമ്മതിയ്ക്കില്ല. പ്രകാശത്തോടും കാറ്റിനോടുമൊക്കെ അവൾക്ക് എന്തെന്നില്ലാത്ത വെറുപ്പ്. വാതിലിന്റെ വശങ്ങളും കീഴ്ഭാഗവും കാട്ബോഡ് ആണിയടിച്ചു വച്ചിട്ടുണ്ട്. ശരിക്കും ഒരു ‘ചൂള’.  അമ്മ അവളോടൊപ്പം ആ മുറിയിൽ കിടക്കണം. കാറ്റില്ലാത്ത ആ മുറിയിൽ വിയർത്തുകുളിച്ച്, ഉറങ്ങാൻ പറ്റാതെ അവർ എങ്ങനെയോ കഴിച്ചുകൂട്ടി. ആ മകൾക്ക് വേണ്ടി അവർ ആ മുറിയിൽ ജീവിതം തള്ളി നീക്കി.

കാലം കുറേശെ കടന്നുപോയി. ശാരികയുടെ അവസ്ഥ കൂടുതൽ വഷളായി. ഒരു ദിവസം അവളുടെ അമ്മയുടെ കോൾ വന്നു, മകൾക്ക് അസ്വാസ്ഥ്യം കൂടുതലാണ്, കൊണ്ടുവരട്ടെ എന്ന് ചോദിച്ചു. ഒപി സമയം കഴിഞ്ഞ് ഇറങ്ങാൻ പോവുകയായിരുന്നെങ്കിലും, അവൾക്കു വേണ്ടി തീരുമാനം മാറ്റി. ഉച്ചയ്ക്കുള്ള പാസഞ്ചർ തീവണ്ടി പോകട്ടെ, ബസ്സിൽ പോകാം – മനസ്സ് പറഞ്ഞു. ഉച്ചകഴിഞ്ഞു. മൂന്നേമുക്കാലിനുള്ള മധുര പാസ്സഞ്ചറിനുപോകാം എന്ന് കരുതി കാത്തിരുന്നു, വന്നില്ല. അഞ്ചുമണിക്കുള്ള പാസ്സഞ്ചറിന് പോകാം എന്ന് തീരുമാനിച്ച് അത്രയും നേരം കാത്തിരുന്നു, വന്നില്ല.

രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ശാരികയുടെ അമ്മയുടെ കോൾ. വൈകിട്ട് അഞ്ചുമണി വരെ ആശുപത്രിയിൽ കാത്തിരുന്ന കാര്യം പറഞ്ഞു. പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു – ”അവളുടെ വാശിയും കാര്യങ്ങളും അറിയാമല്ലോ. മുടി ചീകാനോ, വസ്ത്രം മാറാനോ അവൾ സമ്മതിക്കാതെ വാശി പിടിച്ചു. അതുകൊണ്ട് വരാൻ പറ്റിയില്ല. പക്ഷെ രാത്രി വീണ്ടും വേദന കൊണ്ട് അവൾ കരഞ്ഞു. ഡോക്റ്റർ അങ്കിളിനെ കാണണം എന്ന് പറഞ്ഞ് അവൾ കരഞ്ഞു. പക്ഷെ വെളുപ്പിനെ അവൾ പോയി. ഇനിയൊരിക്കലും അവളെയുംകൊണ്ട് അങ്ങോട്ട് വന്ന് ബുദ്ധിമുട്ടിയ്ക്കില്ല. അവളെ ഇത്രയും കാലം പരിചരിച്ച ഡോക്റ്റർക്കും സോജാ സിസ്റ്റർക്കും നന്ദി പറയാൻ വാക്കുകളില്ല. അവർ ഫോൺ വച്ചു.

പിന്നീട് ഒരു വർഷം കഴിഞ്ഞ്, ശാരികയുടെ അമ്മായി ഒപിയിൽ വന്നു. സ്വയം പരിചയപ്പെടുത്തി. ഇന്ന്, അവളുടെ ഒന്നാം ചരമ വാർഷികമാണ്. മരണാന്തര ചടങ്ങുകളൊന്നുമില്ല. അവർ ഒരു തുക കൊണ്ടുവന്നു. നിർധനരായ ഏതാനും രോഗികൾക്ക് കൊടുക്കാൻ. വാർഡിലെ അങ്ങേയറ്റം ദരിദ്രരായ മൂന്നു രോഗികളെ കാണിച്ചുകൊടുത്തു. അവർ, അവളുടെ ഓർമ്മയ്ക്കായി ആ തുക ഏറ്റുവാങ്ങി.

ശാരികയുടെ വീട്ടുവിശേഷങ്ങൾ തിരക്കി. പുനലൂർ നിന്നും, എറണാകുളത്തേക്ക് അവർ സ്ഥലം മാറി പോയി. ആ ‘അമ്മ, ഇപ്പഴും ജോലിക്ക് പോകുന്നില്ല എന്ന് പറഞ്ഞു. അവിടെയിരുന്ന്, അമ്മായി ഫോണിൽ ശാരികയുടെ അമ്മയെ വിളിച്ച് കണക്റ്റ് ചെയ്തു. എറണാകുളം പോലൊരു സ്ഥലത്ത് എന്തെങ്കിലും ജോലി കിട്ടുമല്ലോ, അതിന് പോകരുതോ എന്ന് ചോദിച്ചു. ആ അമ്മയുടെ മറുപടി – ”അവൾ പോയെങ്കിലും ഇപ്പോഴും എന്റെ ഒക്കത്ത് അവളുണ്ട്…” പന്ത്രണ്ടു വർഷം ഒക്കത്തിരുന്ന ആ കുഞ്ഞിന്റെ സാമീപ്യം ഒരു മായികചരണം (PHANTOM LIMB) പോലെ ഇപ്പോഴും അവർ അനുഭവിക്കുന്നു.

അവർ പോയതിനുശേഷം ഞാൻ ആലോചിച്ചു, ഒരു പുരുഷനെക്കൊണ്ട് ഇങ്ങനെ ഒരു കുഞ്ഞിനെ പരിപാലിക്കാൻ പറ്റുമോ ? സാധ്യത കുറവാണ്. സാധാരണയായി പുരുഷ ഹോർമോണുകൾ, എടുത്തുചാട്ടം, സാഹസികത തുടങ്ങിയവ പ്രദാനം ചെയ്യുമ്പോൾ, സ്ത്രൈണ ഹോർമോണുകൾ വാത്സല്യവും കരുതലും നൽകുന്നു. അപവാദങ്ങൾ ഉണ്ടാകാം. എങ്കിലും, ഒരു കുഞ്ഞിനെ പ്രസവിച്ച്, പാലൂട്ടി, വളർത്തി അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനുള്ള പരിശ്രമത്തിൽ പലതും ഹോമിക്കേണ്ടി വരുന്ന നിരവധി അമ്മമാരുണ്ട്, നമ്മുടെ സമൂഹത്തിൽ പ്രത്യേകിച്ചും.

എല്ലാ അമ്മമാരെയും സ്മരിച്ചുകൊണ്ട്,
അമ്മമാർക്ക് മാതൃദിനാശംസകൾ…


Leave a Reply

Your email address will not be published. Required fields are marked *