വാക്‌സിനില്ലാതെ അതിജീവിക്കാനാവുമോ?


”I tell you, it’s funny because the only time I think about HIV is when I have to take my medicine twice a day.” – Magic Johnson*

കോവിഡ് 19 നെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം അവസാനിക്കുന്നത് വാക്‌സിനിലാണ്. മറ്റെന്തെങ്കിലും മാര്‍ഗ്ഗം? വൈദ്യശാസ്ത്ര നിയന്ത്രണം(medical management) സാധ്യമെങ്കില്‍ വാക്‌സിനില്ലാതെയും ഏറെക്കാലം പിടിച്ചു നില്‍ക്കാം. അതിന് ഒരുദാഹരണമാണ് HIV (Human immunodeficiency virus)ക്കെതിരെ കഴിഞ്ഞ 40 വര്‍ഷമായി ലോകമെമ്പാടും മനുഷ്യന്‍ നടത്തുന്ന പോരാട്ടം. നിലവില്‍ ലോകത്ത് കുറഞ്ഞത് 4 കോടി എയ്ഡ്സ് രോഗികളുണ്ട്. അതില്‍ 18 ലക്ഷം 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്. വര്‍ഷംതോറും ശരാശരി പത്തുലക്ഷം HIV രോഗികള്‍ മരണമടയുന്നു. രോഗികളില്‍ 70 ശതമാനവും തെക്കന്‍ ആഫ്രിക്കയിലാണെങ്കിലും അമേരിക്കയിലും മറ്റും വര്‍ഷംതോറും പതിനായിരങ്ങള്‍ ഈ ‘ആഫ്രിക്കന്‍രോഗം’ മൂലം കൊല്ലപെടുന്നുണ്ട്.

നൂറ് വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും 1981 ലാണ് HIV കണ്ടത്തപ്പെടുന്നത്. 1996 ല്‍ വ്യാപനം മൂര്‍ദ്ധന്യത്തിലെത്തി. ഇപ്പോള്‍ രോഗബാധനിരക്ക് 47% ലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും 2017 ല്‍ മാത്രം പുതിയതായി 18 ലക്ഷം പേര്‍ രോഗത്തിന് അടിപെട്ടു. ചിമ്പാന്‍സികളെ വേട്ടയാടി കൊന്നുതിന്നവര്‍ അവയുടെ രക്തവുമായി ഇടപഴകിയപ്പോള്‍ അവയിലുണ്ടായിരുന്നു SIV (simian immunodeficiency virus) മനുഷ്യരിലെത്തി HIV ആയി മ്യൂട്ടേറ്റ് ചെയ്തു എന്നു കരുതപ്പെടുന്നു. വാക്സിന്‍ കണ്ടെത്താനായില്ലെങ്കിലും വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്യാനാകും എന്ന നില കൈവരിച്ചതാണ് കഴിഞ്ഞ 34 വര്‍ഷത്തിനിടെ HIV ചികിത്സയില്‍ ഉണ്ടായ നിര്‍ണ്ണായക നേട്ടം. ആന്റൈ റിട്രോവൈറല്‍ തെറാപ്പി (antiretroviral therapy (ART) എന്നറിയപ്പെടുന്ന വൈറസ് വിരുദ്ധ ചികിത്സയിലൂടെയാണ് HIV പോസീറ്റീവായ മനുഷ്യര്‍ ഇപ്പോള്‍ അതിജീവിക്കുന്നത്. 1991 ല്‍ HIV പോസിറ്റീവായ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍(NBA) സൂപ്പര്‍സ്റ്റാര്‍ മാജിക് ജോണ്‍സണെപോലുള്ള* ലക്ഷങ്ങള്‍ ഇപ്പോഴും മരുന്നു കഴിച്ച് ജീവിക്കുന്നു, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ. ദിവസം രണ്ട് നേരം മരുന്ന് കഴിക്കുമ്പോള്‍ മാത്രമാണ് താന്‍ എയിഡ്സിനെ കുറിച്ച് ഓര്‍ക്കുന്നതെന്ന മാജിക് ജോണ്‍സന്റെ പ്രസ്താവന HIV ബാധിതരുടെ പ്രചോദനവാക്യമാണ്.

എന്തുകൊണ്ടാണ് HIV വാക്സിന്‍ കണ്ടുപിടിക്കാത്തത്? സ്ഥിരം ഉന്നയിക്കപെടുന്ന ചോദ്യം. ഒരു താരതമ്യത്തിലൂടെ വിശദീകരിക്കാം. ഹെപ്പറ്റിറ്റിസ് C എന്ന രോഗമെടുക്കുക. 12 ദിവസം ആന്റെവൈറല്‍ തെറാപ്പിയിലൂടെ 95-100% വരെ രോഗസൗഖ്യം സാധ്യമാക്കാം. HIV ബാധയുടെ കാര്യത്തില്‍ അത് സാധ്യമല്ല. എന്തെന്നാല്‍ HIV വൈറസിന് അത് പ്രവേശിക്കുന്ന ശരീരത്തിന്റെ ജിനോമിന്റെ (DNA) ഭാഗമായി തീരാനുള്ള കഴിവുണ്ട്. ഹെപ്പറ്റിറ്റിസ് C യുടെ RNA കോശത്തിലെ സൈറ്റോപ്ലാസത്തില്‍ നിലനില്‍ക്കുന്നതല്ലാതെ ജിനോമിലേക്ക് പ്രവേശിക്കുന്നില്ല. HIV സ്വയം സംരക്ഷിക്കാനായി പുറന്തോട് ഉണ്ടാക്കുകയും പ്രസ്തുത പുറന്തോട് (shield) കാലാകാലം മാറ്റികൊണ്ടിരിക്കുകയും ചെയ്യുന്നതാണ് വാക്സിന്‍ നിര്‍മ്മാണം ദുഷ്‌കരമാക്കുന്ന മറ്റൊരു കാര്യം. വൈറസിന്റെ മുഴുവന്‍ ഭാഗവും പൊതിയപെടുന്നില്ല എന്നൊരു ആശ്വസമുണ്ട്. അത്തരം ഭാഗങ്ങളെ ലക്ഷ്യമിട്ടാണ് വാക്സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്.

മിക്ക മനുഷ്യരുടെയും പ്രതിരോധവ്യവസ്ഥ HIV വൈറസിനോട് അന്ധമോ(blind) നിസ്സംഗമോ(dormant) ആണ്. പ്രതികരിക്കാനോ നശിപ്പിക്കാനോ ശരീരം കാര്യമായി ശ്രമിക്കാറില്ല. HIV ക്ക് എതിരെ ആന്റിബോഡികള്‍ നിര്‍മ്മിക്കാറുണ്ടെങ്കിലും അത് രോഗാവസ്ഥ നേര്‍പ്പിക്കും എന്നല്ലാതെ രോഗിയെ പൂര്‍ണ്ണമായും സൗഖ്യപെടുത്തുന്നില്ല. വൈറസ് ബാധകള്‍ വരുമ്പോള്‍ പ്രതിരോധവ്യവസ്ഥ സ്വയമേ അവയെ നശിപ്പിച്ച് ശരീരത്തെ രോഗവിമുക്തമാക്കും. അതാണ് പ്രകൃതിദത്തമായ സുഖംപ്രാപിക്കല്‍(natural cure).നമ്മുടെ പ്രതിരോധവ്യവസ്ഥ വൈറസ് ബാധയോട് പ്രതികരിക്കുന്ന രീതി പരിശീലിപ്പിക്കുകയാണ്‌ പൊതുവെ വാക്സിനുകള്‍ ചെയ്യുന്നത്. HIV ബാധിച്ചവരുടെ പ്രതിരോധവ്യവസ്ഥയ്ക്ക് ചെയ്യാനാവാത്ത കാര്യം വാക്സിന്‍ ചെയ്യുന്നതെങ്ങനെ?

മൂന്നാംഘട്ടമായ AIDS(acquired immunodeficiency syndrome) ല്‍ എത്തുന്നത് വരെ HIV ബാധ സഹനീയമായ വിഷമതകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. വൈറസ് ബാധിതര്‍ക്ക് നീണ്ടകാലം ജീവിച്ചിരിക്കാനാവും. ആദ്യഘട്ടത്തില്‍ ചെറിയ പനിയോ സന്ധിവേദനയോ മാത്രം. വൈകാതെ വൈറസിന്റെ വ്യാപനം ചെറുക്കുന്ന ആന്റിബോഡികള്‍ ശരീരം നിര്‍മ്മിക്കും. ഇതുമൂലം രോഗബാധിതന്‍ ആരോഗ്യം തിരിച്ചുപിടിക്കുന്നു. ഈ അവസ്ഥ മാസങ്ങള്‍ മുതല്‍ ദശകങ്ങള്‍വരെ നീളാം. അവസാനം പ്രതിരോധവ്യവസ്ഥയിലെ T കോശങ്ങളെ വൈറസ് ഗണ്യമായി നശിപ്പിക്കുന്നതോടെ പ്രതിരോധശേഷി ദുര്‍ബലപ്പെടുകയും അന്യരോഗങ്ങള്‍ ശരീരത്തെ കീഴ്‌പെടുത്തുകയും ചെയ്യും(opportunistic infection). ഈ ഘട്ടത്തെയാണ് നാം AIDS എന്നു വിളിക്കുന്നത്. രോഗി ശരീരത്തിലെ T കോശങ്ങളുടെ എണ്ണം 200 cells/micro litre ലും താഴെവരുമ്പോഴാണ് AIDS അവസ്ഥ സംജാതമാകുന്നത്. രോഗിയല്ലാത്തവരില്‍ ഈ അളവ് സാധാരണ 500-1500 cells/micro litre വരെയാണ്. ശരീരത്തില്‍നിന്ന് മുഴുവന്‍ HIV വൈറസിനെയും തുരത്തുക എളുപ്പമല്ല. അഥവാ സാധ്യമായാല്‍പ്പോലും T സെല്ലുകളില്‍ അവയുടെ ജനിതകനിര്‍ദ്ദേശം ബാക്കിയുണ്ടാവും. ഇതുപയോഗിച്ച് HIV വൈറസിന് ശരീരത്തിനുള്ളില്‍ പുനര്‍ജനിക്കാനാവും. 2008 ല്‍ ഒരു HIV രോഗി സമ്പൂര്‍ണ്ണ രോഗവിമുക്തി നേടിയെന്ന വാര്‍ത്ത വന്നിരുന്നു. പക്ഷെ എങ്ങനെയാണിത് സാധ്യമായതെന്ന് ഇപ്പോഴുമറിയില്ല!

AIDS ആകുന്നതിന് മുമ്പുള്ള നീണ്ട ഉദാസീനകാലത്ത് HIV വെറസ് രോഗിശരീരത്തിലെ DNA യില്‍ കലര്‍ന്ന് ഒളിച്ചിരിക്കും. പ്രതിരോധവ്യവസ്ഥയ്ക്ക് അവയെ കണ്ടെത്താനോ പ്രതികരിച്ച് നശിപ്പിക്കാനോ സാധിക്കില്ല. മറ്റ് വാക്സിനുകളുടെ കാര്യത്തില്‍ ചെയ്യുന്നപോലെ, നിര്‍വീര്യമാക്കപെട്ടതോ മരിച്ചതോ ആയ HIV വൈറസിനെ വാക്സിനായി ഉപയോഗിക്കാനാവില്ല. ജീവനുള്ള വൈറസ് കുത്തിവെക്കുന്നത് അപകടകരമായിരിക്കും. അതേസമയം മരിച്ച വൈറസാകട്ടെ ശരീരത്തില്‍ കാര്യമായ പ്രതികരണമൊന്നും(response) ഉണ്ടാക്കുകയുമില്ല. അപൂര്‍വമായി അഭിമുഖീകരിക്കേണ്ടി വരുന്ന രോഗങ്ങള്‍ക്കെതിരെയാണ് വാക്സിന്‍ ഫലപ്രദമാകുക. ഉദാഹരണമായി, ഡിഫ്തീരിയ, ഹെപ്പറ്റിറ്റിസ് ബി. എന്നാല്‍ HIV ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് ദിവസവും അതിനെ അഭിമുഖീകരിക്കേണ്ടിവരാം.

HIV സാധാരണ വൈറസുകളെക്കാള്‍ വളരെ വേഗം മ്യൂട്ടേറ്റ് ചെയ്യും. നാം കണ്ടെത്തിയ മിക്ക വാക്സിനുകളും ശ്വാസപഥത്തിലൂടെയോ ആമാശയ-കുടല്‍ വ്യവസ്ഥയിലൂടെ(gastrointestinal systems) പടരുന്ന രോഗങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ലൈംഗിക അവയവങ്ങളുടെ പ്രതലം വഴിയാണ് HIV രക്തത്തിലെത്തുന്നത്. അതല്ലെങ്കില്‍ രക്തം, അമ്മയുടെ പാല്‍ തുടങ്ങിയ ശരീരസ്രവങ്ങള്‍. അത്തരം മാര്‍ഗ്ഗങ്ങളിലൂടെ ഉള്ളിലെത്തുന്ന വൈറസുകളെ പ്രതിരോധിച്ച പരിചയം മനുഷ്യശരീരത്തിന് കുറവാണ്. അതേസമയം, HIV ഉമിനീരിലൂടെ പടരില്ല. മിക്ക വാക്സിനുകളും ആദ്യം മൃഗങ്ങളില്‍ കുത്തിവെച്ചാണ് കാര്യക്ഷമതയും സുരക്ഷയും പരിശോധിക്കുന്നത്. പക്ഷെ HIV വാക്സിന്‍ പരീക്ഷിക്കാവുന്ന മൃഗശരീരങ്ങള്‍ ലഭ്യമല്ലെന്ന് തന്നെ പറയാം. ഏതെങ്കിലും മൃഗങ്ങളില്‍ കുത്തിവെച്ചാല്‍ മനുഷ്യരുടെ പ്രതിരോധവ്യവസ്ഥ അതിനോട് എങ്ങനെ പ്രതികരിക്കും എന്നതു സംബന്ധിച്ച കൃത്യമായ ചിത്രം ലഭിക്കുകയുമില്ല. അതാത് ശരീരങ്ങളുടെ DNAയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവമാണ് HIV വൈറസിനുള്ളത്. i.e, horses for courses principle.

HIV ക്ക് എതിരെ വാക്‌സിന്‍ ഒരിക്കലും നിര്‍മ്മിക്കാനാവില്ലേ? അങ്ങനെ പറയാന്‍ സയന്‍സ് അനുവദിക്കില്ല. ഇത്രയും വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടും HIV വാക്‌സിന്‍ എന്ന ദൗത്യത്തില്‍ നിന്ന് മനുഷ്യന്‍ പിന്‍മാറിയിട്ടില്ല. രണ്ടുതരം വാക്സിനുകളാണ് നാം നിര്‍മ്മിക്കുന്നത്. ആദ്യയിനം രോഗംവരുന്നതിനെ തടയുന്നവ(Prophylactic) ആണെങ്കില്‍ മറ്റ് ചിലവ രോഗംവന്നശേഷം (therapeutic vaccines) ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നവയാണ്. HIV യുടെ കാര്യത്തില്‍ രണ്ടിനത്തിനും പ്രസക്തിയുണ്ട്. തെറാപ്യൂട്ടിക് വാക്സിന്‍ രോഗാണുവിന്റെ തോത് കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. Ad5 എന്ന വൈറസ് കുത്തിവെച്ച് പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി 2500 പേരില്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നില്ല. പരീക്ഷണത്തിന് തയ്യാറായ സന്നദ്ധപ്രവര്‍ത്തകരില്‍ നാല്‍പ്പതിലധികംപേര്‍ക്ക് രോഗബാധ ഉണ്ടായതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പല വാക്സിനുകളും ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുണ്ടെങ്കിലും പൂര്‍ണ്ണവിജയം ആയിട്ടില്ല.

ചുരുക്കത്തില്‍, HIV യെ സമ്പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ മനുഷ്യന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ മൂന്നുനാല് ദശകങ്ങളിലായി അതിനോടൊപ്പം ജീവിക്കാന്‍ മനുഷ്യന്‍ പഠിച്ചു കഴിഞ്ഞു. പ്ലാസ്മ തെറാപ്പി മുതല്‍ പല ചികിത്സകള്‍ നിര്‍ദ്ദേശിക്കപെടുന്നുണ്ടെങ്കിലും കോവിഡിന് നിലവില്‍ മരുന്നില്ല. HIV ചികിത്സയിലിരിക്കുന്ന ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. HIV യുമായി താരതമ്യംചെയ്താല്‍ നിരുദ്രവകരമായ കോവിഡ് വൈറസിന് വാക്‌സിന്‍ സാധ്യമാണ്. അതുകൊണ്ട് തന്നെ വൈദ്യശാസ്ത്രപരമായ നിയന്ത്രണം താല്‍ക്കാലിക പരിഹാരത്തിന് പകരം വാക്‌സിന്‍ എന്ന മാജിക് ബുള്ളറ്റ്‌ തന്നെയാണ് നാം ലക്ഷ്യമിടുന്നത്. നശിപ്പിക്കാമെങ്കില്‍ എന്തിന് നിയന്ത്രിച്ച് സമയംകളയണം?

Ref-
(1) https://leapsmag.com/why-havent-researchers-developed-an-h…/
(2) https://www.healthline.com/…/hiv-…/vaccine-how-close-are-we…
(3) https://www.hiv.gov/…/ove…/data-and-trends/global-statistics
(4) https://www.youtube.com/watch?v=pi2Aa5rUIdg
(5) https://www.youtube.com/watch?v=0TipTogQT3E


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *