പുടിന്‍ പറയുന്നത് കള്ളക്കണക്കോ?

Ravichandran C

എന്താണ് റഷ്യയില്‍ സംഭവിക്കുന്നത്? 1.99 ലക്ഷംപേര്‍ക്ക് രോഗം ബാധിച്ചിട്ടും മരിച്ചത് കേവലം 1827 പേര്‍! മരണനിരക്ക് കഷ്ടിച്ച് 0.9%. പല യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് 12 ശതമാനത്തിലധികം! 2.18 ലക്ഷം രോഗികളുള്ള ഇറ്റലിയില്‍ 30395 പേരാണ് മരിച്ചത്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് അവകാശപെടുന്ന തുര്‍ക്കിയില്‍ (രോഗബാധിതര്‍ 1.37ലക്ഷം) 3739 പേരും ജര്‍മ്മനിയില്‍(രോഗബാധിതര്‍ 1.71 ലക്ഷം) 7532 പേരും മരിച്ചു. ഇതില്‍ തുര്‍ക്കിയുടെ മരണനിരക്ക് സംശയം ഉണര്‍ത്തുന്നതാണ്. പക്ഷെ ഇതിനെയെല്ലാം മറികടക്കുന്നത്ര ചെറിയ നിരക്കാണ് റഷ്യ മുന്നോട്ടുവെക്കുന്നത്. ആദ്യം ലോകം സംശയിച്ചത് റഷ്യ രോഗബാധ സംബന്ധിച്ച കണക്കുകള്‍ മറച്ചുവെക്കുന്നു എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ദിനംപ്രതി പതിനായിരത്തിലേറെപേര്‍ റഷ്യയില്‍ രോഗബാധിതരാകുന്നു. കോവിഡ് ബാധയുടെ കാര്യത്തില്‍ ഇപ്പോള്‍ നേരിട്ടുള്ള മത്സരം അമേരിക്കയും റഷ്യയും തമ്മിലാണ്. ഇരുകൂട്ടരും വിജയിക്കാന്‍ ആഗ്രഹിക്കാത്ത പോരാട്ടം!

എന്തുകൊണ്ടാണ് റഷ്യയില്‍ ഇത്ര കുറഞ്ഞ മരണനിരക്ക്? മരണം സംബന്ധിച്ച വര്‍ഗ്ഗീകരണരീതിയിലെ(classification criterion) വ്യത്യാസമാണ് ഇവിടെ പ്രസക്തമാകുന്നത്. കോവിഡ് മരണം സംബന്ധിച്ച പൊതു മാനദണ്ഡങ്ങള്‍ക്ക് WHO അന്തിമരൂപം നല്‍കുന്നത് 2020 ഏപ്രില്‍ 16 നാണ്. ആ സമയത്ത് ലോകത്താകെ 21.61 ലക്ഷം കേസുകളും 1.47 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമൊക്കെ അതിന് മുമ്പ് തന്നെ സ്വന്തംനിലയില്‍ വര്‍ഗ്ഗീകരണ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് പോസിറ്റാവ് ആയ ആള്‍ മരിച്ചാല്‍ അത് കോവിഡ് മരണം എന്നതായിരുന്നു ആ മാനദണ്ഡം. ബല്‍ജിയത്തിലൊക്കെ അങ്ങേയറ്റം ഉദാരമായ സമീപനമാണ് സ്വീകരിക്കപെട്ടത്. കോവിഡ് ബാധ കൃത്യമായി സ്ഥിരീകരിക്കാത്തിവരുടെ മരണംപോലും സംശയത്തിന്റെ പേരില്‍ അവര്‍ പട്ടികയില്‍ പെടുത്തി. ബല്‍ജിയത്തിന്റെ 8581 മരണങ്ങളില്‍ 3500 എണ്ണം കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കാത്ത കെയര്‍ഹോം മരണങ്ങളാണ്. ഇങ്ങനെ മരണസംഖ്യ പെരുപ്പിച്ച് കാട്ടി രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് എതിരെ ബല്‍ജിയത്തിനുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ഇറ്റലിയിലാകട്ടെ 14 ശതമാനം കോവിഡ് മരണങ്ങളില്‍ 14 ശതമാനത്തിന് മാത്രമേ മരണകാരണം കോവിഡ് ആണെന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുള്ളൂ. എങ്കിലും 30395 പേര്‍ മരിച്ചു എന്നതാണ് അവരുടെ ഔദ്യോഗിക നിലപാട്.

മരണസംഖ്യ ഉയര്‍ന്നാല്‍ ഭരണകൂടങ്ങളുടെ പ്രതിച്ഛായ മങ്ങും. എങ്കിലും അമേരിക്കയില്‍ കാര്യങ്ങള്‍ സുതാര്യമാണ്. കോവിഡ് പോസിറ്റീവായ ആര് മരിച്ചാലും അത് കോവിഡ് മരണം ആണ്. ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കിയാല്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരും. ‘യൂറോപ്പ് കൊലക്കളമായി’, ‘അമേരിക്കയില്‍ നരകം മണക്കുന്നു’ എന്നൊക്കെയുള്ള തലക്കെട്ടോടുകൂടി ഈ രാജ്യങ്ങളുടെ വീഴ്ചയും പ്രയാസങ്ങളും തങ്ങളുടെ രാഷ്ട്രീയവിജയമായി ആഘോഷിക്കാന്‍ വെമ്പുന്നവരില്‍ ഈ കണക്കുകള്‍ ആവേശം ജനിപ്പിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ രാഷ്ട്രീയ എതിരാളികളുടെ കയ്യില്‍ വടി വെച്ചുകൊടുക്കാന്‍ വ്‌ളാഡിമര്‍ പുടിനെ കിട്ടില്ല. കോവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം നടന്ന ചില സര്‍വെകളില്‍ പുടിന്റെ ജനപ്രീതി മുമ്പെങ്ങും ഇല്ലാത്തവണ്ണം 59% ലേക്ക് ഇടിഞ്ഞിറങ്ങിയ സാഹചര്യത്തില്‍ വിശേഷിച്ചും.

കോവിഡ് മരണം വര്‍ഗ്ഗീകരിക്കുന്നതില്‍ റഷ്യ കര്‍ക്കശ സമീപനമാണ് കൈകൊള്ളുന്നത്. മരണകാരണം കോവിഡ് വൈറസ് ആണെന്ന് കൃത്യമായി സ്ഥിരീകരിക്കുന്നവരുടെ എണ്ണം മാത്രമേ അവര്‍ കോവിഡ് മരണപട്ടികയില്‍ ഉള്‍പെടുത്തുന്നുള്ളൂ. അതായത് വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍, ന്യുമോണിയ അല്ലെങ്കില്‍ അതുമായി ബന്ധപെട്ട പ്രശ്നങ്ങള്‍ സംഭവിച്ച മരണങ്ങള്‍ മാത്രം കോവിഡ് പട്ടികയില്‍ ചേര്‍ക്കുന്നു(https://www.themoscowtimes.com/…/russia-is-boasting-about-l…). കോവിഡ് പോസിറ്റീവായ ഒരാള്‍ തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചാല്‍ മരണകാരണം മസ്തിഷ്‌ക രക്തസ്രാവം എന്നുതന്നെ രേഖപെടുത്തും. അതുപോലെ തന്നെയാണ് മറ്റ് രോഗങ്ങളുടെ കാര്യവും. വൃക്ക തകരാറിലായി കഷ്ടപെട്ടുകൊണ്ടിരുന്ന ഒരാള്‍ കോവിഡ് പോസിറ്റീവായി മരിച്ചാല്‍ അതിനെ കോവിഡ് മരണം എന്നു വിളിക്കില്ല.

അമേരിക്ക (90 ലക്ഷം @ 27k/one million) കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ടെസ്റ്റുകള്‍ നടത്തിയ രാജ്യം തങ്ങളാണെന്ന് (52 ലക്ഷം@ 36k/one million) റഷ്യ അവകാശപെടുന്നു, അതും അമേരിക്കയെക്കാള്‍ മികച്ച നിരക്കില്‍. കോവിഡ് മരണങ്ങളുമായി ബന്ധപെട്ട് യൂറോപ്പില്‍ പൊതുവെ 10% മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നിടത്ത് റഷ്യയില്‍ പ്രസ്തുത നിരക്ക് 70% ആണ്. കണിശ പരിശോധനകള്‍ക്ക് ശേഷം മരണകാരണം സ്ഥിരീകരിക്കുന്നതിനാല്‍ റഷ്യയിലെ കോവിഡ്മരണം സംബന്ധിച്ച കണക്കുകള്‍ പുറംലോകത്തിന് ലഭിക്കുന്നത് ആഴ്ചകള്‍ കഴിഞ്ഞാണ്.

റഷ്യയിലെ ചെല്യബിന്‍സ്‌ക് പ്രവിശ്യയില്‍ ഒരിടത്ത് കോവിഡ് മരണം സംബന്ധിച്ച വര്‍ഗ്ഗീകരണം ഇനംതിരിച്ച് തന്നെ കൊടുത്തിട്ടുണ്ട്. ചെല്യബിന്‍സ്‌കിലെ യൂറാല്‍ മേഖല (Urals region of Chelyabinsk oblats) അവരുടെ ഔദ്യോഗിക പേജില്‍ രണ്ടുതരം കണക്കുകള്‍ കാണിച്ചിട്ടുണ്ട്. അവിടെ ഇതുവരെ മൊത്തം 4 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എന്നാല്‍ കോവിഡ് പോസിറ്റീവായ 7 പേര്‍ മറ്റ് രോഗാവസ്ഥകള്‍ മൂലം മരിച്ചതായും രേഖപെടുത്തിയിട്ടുണ്ട്. രണ്ടും രണ്ടായി കാണിച്ചിരിക്കുന്നു. മൊത്തം 11 കോവിഡ് മരണങ്ങള്‍ വരേണ്ടിടത്താണ് 4 എണ്ണം മാത്രം കാണിച്ചിരിക്കുന്നത്. റഷ്യ മുഴുവന്‍ ഇങ്ങനെയാവും സംഭവിച്ചിട്ടുണ്ടാവുക. വേറെയെങ്ങും ഇങ്ങനെ കൃത്യമായി ഇനംതിരിച്ച് കൊടുത്തിട്ടില്ലെന്ന് മാത്രം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ഉദാരമായി കണക്കെടുത്തിരുന്നുവെങ്കില്‍ സ്വര്‍ഡെലോവസ്‌ക്കില്‍(Sverdlovsk) മരണസംഖ്യ 233% സാരടോവില്‍(Saratov) 200% വും ഉയരുമായിരുന്നു എന്ന് റഷ്യന്‍ ആരോഗ്യ അധികൃതര്‍ സമ്മതിക്കുന്നു. രാജ്യ തലസ്ഥാനമായ മോസ്‌കോയില്‍ കോവിഡ് പോസിറ്റീവായി മരിച്ചവരില്‍ 35% മരണങ്ങള്‍ മാത്രമേ കോവിഡ് പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ളൂ.

റഷ്യ കള്ളംപറയുന്നില്ലായിരിക്കാം. പക്ഷെ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ മരണനിരക്ക് മന:പൂര്‍വം കുറച്ച കാണിക്കുകയല്ലേ? റഷ്യന്‍ മാതൃകയില്‍ കണക്കെടുത്താല്‍ അമേരിക്കയിലെ മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നുപോലും ഉണ്ടാവില്ല. റഷ്യന്‍ വിദഗ്ധരും പറയുന്നത് മറ്റൊന്നല്ല-അമേരിക്കയും ഇറ്റലിയും ബെല്‍ജിയവുമൊക്കെ മരണക്കണക്ക് പെരുപ്പിച്ച് കാണിക്കുകയാണ്, അതിന്റെ ആവശ്യമില്ല! റഷ്യയിലെ മിക്ക ആരോഗ്യവിദഗ്ധര്‍ക്കും പേരില്ല. സ്വകാര്യമായി വിവരം നല്‍കാന്‍ അനുവാദവുമില്ല. പുടിന്റെ ഉരുക്ക് മുഷ്ടിയില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യത്ത് ഇപ്പോള്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ 30 വര്‍ഷം കഴിഞ്ഞ് HBO ചാനല്‍ കാണേണ്ടി വരും എന്നാണ് റഷ്യക്കാര്‍ക്കിടയില്‍ തന്നെയുള്ള തമാശ.

റഷ്യ ഉന്നയിക്കുന്ന വാദം അത്ര യുക്തിരഹിതമാണോ? കോവിഡ് പോസിറ്റീവായ ആള്‍ മരിച്ചാല്‍ അത് കോവിഡ് മരണം എന്ന ഉദാര തീരുമാനമാണ് ഇന്ന് ലോകത്താകെ 2.80 ലക്ഷം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം എന്നതില്‍ തര്‍ക്കമില്ല. മരണനിരക്ക് വളരെ കുറവാണെന്ന് പറയപ്പെടുന്ന ഒരു രോഗത്തിന്റെ ലോകശരാശരി ഇപ്പോള്‍ 6.84% ആണ്(41 ലക്ഷം രോഗികള്‍, 2.80 ലക്ഷം മരണം). സത്യത്തില്‍ ഇത്രയും മരണങ്ങള്‍ കോവിഡ് ഉണ്ടാക്കിയിട്ടുണ്ടോ? തീര്‍ച്ചയായും ഇല്ല. എന്തു നിര്‍വചനമാണ് കോവിഡ്മരണത്തിന് കൊടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് കണക്കുകള്‍ വരുന്നത്.

പുതിയ കൊറോണ വൈറസിനെക്കാള്‍ മാരകമായ HIV വൈറസ് പോസിറ്റീവായ ആള്‍ക്കാര്‍ ദശകങ്ങളോളം ചികിത്സയും മരുന്നുമായി ജീവിച്ചിരിക്കുന്നത് നാം കാണുന്നു. കൊറോണവൈറസ് ബാധ ഒരു പ്രകോപനം(trigger) ആയിട്ടാണ് മിക്ക കേസുകളിലും പ്രവര്‍ത്തിക്കുന്നത്. എല്ലായ്‌പ്പോഴും അങ്ങനെയാകണമെന്നുമില്ല. കൊറോണ ബാധിച്ചിരുന്നില്ലെങ്കില്‍ ഇവരാരും കൊല്ലപെടില്ലായിരുന്നു എന്നാണ് ഇവിടെ ഉന്നയിക്കപെടുന്ന മറുയുക്തി. ഇത് എത്രമാത്രം ശരിയാണ്? കൊറോണ പോസിറ്റീവ് അല്ലെങ്കിലും മരിക്കാനിടയുള്ളവര്‍ തന്നെയല്ലേ അവരില്‍ മിക്കവരും? ബഹുവിധ രോഗാവസ്ഥകളുള്ള പലരും മരിക്കുന്നത് ഇത്തരം പ്രകോപനങ്ങളോ അനുബന്ധരോഗങ്ങളോ മൂലമായിരിക്കും. ചെറിയ പ്രകോപനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന രോഗങ്ങളെ സജീവമാക്കുകയോ വഷളാക്കുകയോ ചെയ്യും. അങ്ങനെയുള്ള കേസുകളില്‍ മരണത്തിലേക്ക് നയിച്ച പ്രധാന രോഗാവസ്ഥയെ ആണ് മരണകാരണമായി കാണുന്നത്. ഒരുപക്ഷെ കോവിഡിന്റെ കാര്യത്തില്‍ കുറെക്കഴിയുമ്പോള്‍ ഇനംതിരിച്ച് ഒരു മരണപട്ടിക വരുമായിരിക്കും. അങ്ങനെയെങ്കില്‍ കോവിഡ് വിതച്ച മനുഷ്യനാശത്തിന്റെ തോത് അറിയാന്‍ കുറെക്കൂടി കാത്തിരിക്കേണ്ടി വരും.

ശരിക്കും കണക്കുകൂട്ടലുകള്‍ തെറ്റിയത് ആര്‍ക്കാണ്?